ദേശീയ ആയുർവേദ ദിനത്തിൽ പൊതുജനങ്ങൾക്കായി ഒരു മത്സരം

ഇരിങ്ങാലക്കുട : ദേശീയ കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 23 (ചൊവ്വാഴ്ച്ച) ദേശീയ ആയുർവേദ ദിനമായി ആചരിക്കുകയാണ്.

ഇതിൻ്റെ ഭാഗമായി പൊതുജനങ്ങൾക്കു വേണ്ടി ഔഷധസസ്യങ്ങളെ അടിസ്ഥാനമാക്കി ഒരു മത്സരം സംഘടിപ്പിക്കുന്നു.

“ആയുർവേദം പ്രകൃതിക്കും മനുഷ്യനും എന്നതാണ്” ഈ വർഷത്തെ മുദ്രാവാക്യം.

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ മത്സരത്തിലേക്ക് സ്വന്തം വീട്ടുമുറ്റത്തും തൊടിയിലും ഉള്ള 10 ഔഷധസസ്യങ്ങളുടെ ഫോട്ടോ എടുത്ത് കൊളാഷ് ചെയ്ത് സസ്യങ്ങളുടെ പേര്, സസ്യം പ്രയോജനപ്പെടുത്തുന്ന രോഗാവസ്ഥകൾ എന്നിവ എഴുതി 9961796326 (ഡോ. ദൃശ്യ അനൂപ്) എന്ന വാട്സ്ആപ്പ് നമ്പറിൽ സെപ്തംബർ 23നുള്ളിൽ അയക്കണം.

ഏറ്റവും നല്ല കൊളാഷിന് 1000 രൂപയുടെ മെഡിസിൻ ഗിഫ്റ്റ് വൗച്ചർ സമ്മാനമായി ലഭിക്കും.

മുരിയാടിന്റെ സ്വപ്ന പദ്ധതി യാഥാർത്ഥ്യത്തിലേക്ക് ; പൊതുമ്പു ചിറയോരം ടൂറിസം 22ന് നാടിന് സമർപ്പിക്കും

ഇരിങ്ങാലക്കുട : മുരിയാടിന്റെ സ്വപ്ന പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. പൊതുമ്പുചിറയോരം ഡെസ്റ്റിനേഷൻ ടൂറിസം 22ന് നാടിന് സമർപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി പത്രസമ്മേളനത്തിൽ അറിയിച്ചു.

കേരള സംസ്ഥാന ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷൻ ടൂറിസം പദ്ധതിയുടെ ഭാഗമായി തൃശൂർ ജില്ലയിൽ പ്രഥമ ഘട്ടത്തിൽ അനുമതി ലഭിച്ച രണ്ടു പഞ്ചായത്തുകളിൽ ഒന്ന് മുരിയാട് പഞ്ചായത്താണ്.

ഇരിങ്ങാലക്കുട മണ്ഡലത്തിലെ പ്രഥമ ടൂറിസം പദ്ധതി കൂടിയാണ് മുരിയാട് പഞ്ചായത്തിൻ്റെ പുല്ലൂർ പൊതുമ്പുചിറയോരം ടൂറിസം പദ്ധതി.

2022 -2023ൽ സാങ്കേതിക അനുമതി ലഭിച്ച പദ്ധതിക്ക് 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.

മുരിയാട് പഞ്ചായത്തിൻ്റെ മൂന്നാം നൂറ് ദിന കർമ്മ പദ്ധതിയുടെ ഭാഗമായി 2024 ഡിസംബർ 2ന് പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിക്കപ്പെട്ടു.

ലൈറ്റിങ്, ക്യാമറ, സിറ്റിംഗ് പ്ലെയിസസ്, വ്യൂ പോയിന്റ്, കോഫി ഷോപ്പ്, ഹാപ്പിനസ് പാർക്ക്, കനോപ്പി, ടോയ്‌ലറ്റ് സൗകര്യം, ബ്യൂട്ടിഫിക്കേഷൻ എന്നിവ ഉൾക്കൊള്ളുന്ന ഒന്നാംഘട്ടം സെപ്തംബറിലും ഫൗണ്ടൈൻ ഓപ്പൺ ജിം എന്നിവ ഉൾക്കൊള്ളുന്ന രണ്ടാംഘട്ടം നവംബറിലും ബോട്ടിങ്ങും പാർക്കും മൂന്നാംഘട്ടം എന്ന നിലയ്ക്ക് 2026 മാർച്ചിലും പൂർത്തീകരിക്കുക എന്നതായിരുന്നു ലക്ഷ്യം.

എന്നാൽ പ്രതീക്ഷിത സമയത്തിന് മുൻപേ തന്നെ ഒന്നും രണ്ടും ഘട്ടങ്ങൾ പൂർത്തീകരിച്ച് നാടിന് സമർപ്പിക്കുകയാണ്.

ടൂറിസം വകുപ്പിന്റെ 50 ലക്ഷം രൂപയും ഇരിങ്ങാലക്കുട എംഎൽഎയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ ഡോ. ആർ. ബിന്ദുവിന്റെ പ്രാദേശിക വികസന നിധിയിൽ നിന്നും 25 ലക്ഷം രൂപയും മുരിയാട് പഞ്ചായത്തിൻ്റെ 21 ലക്ഷം രൂപയും സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഒന്നും രണ്ടും ഘട്ടത്തിൻ്റെ ഉദ്ഘാടന കർമ്മം 22ന് വൈകീട്ട് 5 മണിക്ക് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും.

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യാതിഥിയായിരിക്കും.

പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐഎഎസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലത ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലളിത ബാലൻ, വേളൂക്കര പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. ധനീഷ് തുടങ്ങിയവർ വിശിഷ്ടാതിഥികൾ ആയിരിക്കും.

ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ടൂറിസം, എൽ എസ് ജി ഡി ഉദ്യോഗസ്ഥർ, സാംസ്‌കാരിക നായകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രതി ഗോപി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.യു. വിജയൻ, സെക്രട്ടറി എം. ശാലിനി, പഞ്ചായത്ത് മെമ്പർമാരായ തോമസ് തൊകലത്ത്, സേവ്യർ ആളൂക്കാരൻ, റോസ്മി ജയേഷ്, മണി സജയൻ, സിമി സെബാസ്റ്റ്യൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ആൽമരത്തിന് നാളെ വൃക്ഷ ചികിത്സ

ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ആൽമരത്തിന് നാളെ വൃക്ഷ ചികിത്സ

ഇരിങ്ങാലക്കുട : ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ആൽമരത്തിന് നാളെ വൃക്ഷായുർവേദ വിധിപ്രകാരം വൃക്ഷചികിത്സ നടത്താനൊരുങ്ങി ക്ഷേത്ര ഭരണസമിതി.

കാലത്തിൻ്റെ പ്രയാണത്തിൽ മൃതപ്രായമായി മാറിയ ഈ ആൽമരം നീണ്ടകാലം നൂറു കണക്കിനു ജീവജാലങ്ങൾക്കു വീടും കൂടുമായിരുന്നു.

ആൽമരത്തിന്റെ കേടുപാടുകൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങിയ ആനന്ദപുരത്തെ നിരവധി സുമനസ്സുകളുടെയും ക്ഷേത്രം കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ വൃക്ഷ വൈദ്യൻ ബിനു മാഷാണ് വൃക്ഷചികിത്സ നടത്തുന്നത്.

വൃക്ഷചികിത്സ ഇന്ന് അത്ര പരിചിതമല്ല പലർക്കും. പുരാതന ഗ്രന്ഥങ്ങളിൽ നമ്മുടെ പൂർവ്വികരായ മനീഷികൾ എഴുതിച്ചേർത്ത മഹത്തായ അറിവുകളുടെ സമന്വയമാണ് വൃക്ഷായുർവേദം. ഇത് നടത്തുവാൻ വലിയ സാമ്പത്തിക ചെലവുള്ളതിനാലും പഴയതിനെ എന്തിനു സംരക്ഷിക്കണം, പുതിയ തൈ വച്ചു കൂടേ എന്ന മനോഭാവം മൂലവും ഇതു പലപ്പോഴും നടക്കാറില്ല. അതിനാൽ തന്നെ അത്യപൂർവമായ ഒരു സംഭവത്തിനു സാക്ഷ്യം വഹിക്കാനാണ് ആനന്ദപുരം ഒരുങ്ങുന്നത്.

“ട്രീ ഡോക്ടർ” എന്ന് വിളിപ്പേരുണ്ട് അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധേയനായ വൃക്ഷവൈദ്യൻ ബിനു മാഷിന്. കോട്ടയം സ്വദേശിയായ ബിനു മാഷിൻ്റെ ചികിത്സാ ജീവിതത്തിലെ 219-ാമത് മരമാണ് ഇത്. ചെയ്തതിൽ ഇരുന്നൂറോളം എണ്ണം പലയിടത്തായി ജീവസ്സോടെ ഇപ്പോഴും നിലകൊള്ളുന്നുമുണ്ട്.

മരത്തിനോടും അതിൽ വസിക്കുന്ന ജീവജാലങ്ങളോടും അനുമതി വാങ്ങിയാണ് ഈ ചടങ്ങിന്റെ തുടക്കം. തുടർന്ന് പന്ത്രണ്ടോളം ഘട്ടങ്ങളിലായി, വിവിധ മരുന്നു കൂട്ടുകൾ തയ്യാറാക്കി ചികിത്സ നടത്തും. മൂന്നുതരം മണ്ണ് (ആൽമരച്ചോട്ടിലെ മണ്ണ്, വയൽ മണ്ണ്, ചിതൽപ്പുറ്റു മണ്ണ്), പാൽ, തേൻ, നെയ്യ്, പഴം തുടങ്ങി നിരവധി പ്രകൃതിദത്ത വസ്‌തുക്കളാണ് അതിൽ ഉപയോഗിക്കുക.

രാവിലെ 9.30ന് ആരംഭിച്ചാൽ വൈകീട്ട് 4 മണിയോടെ ഇതുമായി ബന്ധപ്പെട്ട ചടങ്ങുകൾ എല്ലാം അവസാനിക്കും. അതുവരെ ഈ കർമ്മത്തിൽ പങ്കാളികളാകുന്നവർ അന്നം തൊടാൻ പാടില്ല. അത്യന്തം ശുദ്ധിയും ശ്രദ്ധയും പരിചരണവും ആവശ്യമുള്ള പ്രവൃത്തിയാണിത്.

ഇരിങ്ങാലക്കുട : ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ആൽമരത്തിന് നാളെ വൃക്ഷായുർവേദ വിധിപ്രകാരം വൃക്ഷചികിത്സ നടത്താനൊരുങ്ങി ക്ഷേത്ര ഭരണസമിതി.

കാലത്തിൻ്റെ പ്രയാണത്തിൽ മൃതപ്രായമായിരിക്കുന്ന ഈ ആൽമരം നീണ്ടകാലം നൂറുകണക്കിനു ജീവജാലങ്ങൾക്കു വീടും കൂടുമായിരുന്നു.

ആൽമരത്തിന്റെ കേടുപാടുകൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങിയ ആനന്ദപുരത്തെ നിരവധി സുമനസ്സുകളുടെയും ക്ഷേത്രം കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തിൽ വൃക്ഷവൈദ്യൻ ബിനുമാഷാണ് വൃക്ഷചികിത്സ നടത്തുന്നത്.

വൃക്ഷചികിത്സ ഇന്ന് അത്ര പരിചിതമല്ല പലർക്കും. പുരാതന ഗ്രന്ഥങ്ങളിൽ നമ്മുടെ പൂർവ്വികരായ മനീഷികൾ എഴുതിച്ചേർത്ത മഹത്തായ അറിവുകളുടെ സമന്വയമാണ് വൃക്ഷായുർവേദം. ഇത് നടത്തുവാൻ വലിയ സാമ്പത്തിക ചെലവുള്ളതിനാലും പഴയതിനെ എന്തിനു സംരക്ഷിക്കണം പുതിയ തൈ വച്ചു കൂടേ എന്ന മനോഭാവം മൂലവും ഇതു പലപ്പോഴും നടക്കാറില്ല. അതിനാൽത്തന്നെ അത്യപൂർവമായ ഒരു സംഭവത്തിനു സാക്ഷ്യം വഹിക്കാനാണ് ആനന്ദപുരം ഒരുങ്ങുന്നത്.

“ട്രീ ഡോക്ടർ” എന്ന് വിളിപ്പേരുണ്ട് അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധേയനായ വൃക്ഷവൈദ്യൻ ബിന്ദുമാഷിന്. കോട്ടയം സ്വദേശിയായ ബിനു മാഷിൻ്റെ ചികിത്സാജീവിതത്തിലെ 219-ാമത് മരമാണ് ഇത്. ചെയ്തതിൽ ഇരുന്നൂറോളം എണ്ണം പലയിടത്തായി ജീവസ്സോടെ ഇപ്പോഴും നിലകൊള്ളുന്നുമുണ്ട്.

മരത്തിനോടും അതിൽ വസിക്കുന്ന ജീവജാലങ്ങളോടും അനുമതി വാങ്ങിയാണ് ഈ ചടങ്ങിന്റെ തുടക്കം. തുടർന്ന് പന്ത്രണ്ടോളം ഘട്ടങ്ങളിലായി, വിവിധ മരുന്നു കൂട്ടുകൾ തയ്യാറാക്കി ചികിത്സ നടത്തും. മൂന്നുതരം മണ്ണ് (ആൽമരച്ചോട്ടിലെ മണ്ണ്, വയൽ മണ്ണ്, ചിതൽപ്പുറ്റു മണ്ണ്), പാൽ, തേൻ, നെയ്യ്, പഴം തുടങ്ങി നിരവധി പ്രകൃതിദത്ത വസ്‌തുക്കളാണതിൽ ഉപയോഗിക്കുക.

രാവിലെ 9.30ന് ആരംഭിച്ചാൽ വൈകീട്ട് 4 മണിയോടെ എല്ലാം തീരും. അതുവരെ, ഈ കർമ്മത്തിൽ പങ്കാളികളാകുന്നവർ അന്നം തൊടില്ല. അത്യന്തം ശുദ്ധിയും ശ്രദ്ധയും പരിചരണവും ആവശ്യമുള്ള പ്രവൃത്തിയാണിത്.

തകർന്ന റോഡിലെ കുഴിയിൽ സ്കൂട്ടർവീണ് അമ്മയ്ക്കും മകനും പരിക്ക്

ഇരിങ്ങാലക്കുട : നഗരസഭ പരിധിയിലുള്ള റോഡിലെ കുഴിയിൽ പെട്ട് സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും മകനും പരിക്കേറ്റു.

താണിശ്ശേരി തറയിൽ പരേതനായ സിബിന്റെ
ഭാര്യ നീനു (33), മകൻ നയൻകൃഷ്ണ (9) എന്നിവർക്കാണ് പരിക്കേറ്റത്.

കഴിഞ്ഞ ദിവസം ഉച്ചയോടെ മകനെ ഡോക്ടറെ കാണിച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ ഇരിങ്ങാലക്കുട നഗരസഭയിലെ 29, 30 വാർഡുകളുടെ അതിർത്തി പങ്കിടുന്ന റോഡിൽ വിന്നേഴ്സ‌് ക്ലബ്ബിന് മുന്നിലുള്ള കുഴിയിൽ പെട്ടായിരുന്നു അപകടം. തകർന്നു കിടക്കുന്ന റോഡിലെ കുഴികളിൽ മഴവെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു. കുഴിയുടെ ആഴം മനസ്സിലായില്ലെന്നും സ്കൂട്ടറിന്റെ ചക്രം കുഴിയിൽ പെട്ട് സ്കൂട്ടർ മറിയുകയായിരുന്നു എന്നും നീനു പറഞ്ഞു.

അപകടത്തിൽ നീനുവിൻ്റെ ഇടതുകൈ ഒടിഞ്ഞു. പല്ല് ഒരെണ്ണം ഭാഗികമായി പൊട്ടിപ്പോയി. ചുണ്ടിനടിയിൽ രണ്ട് തുന്നൽ ഇട്ടിട്ടുണ്ട്. മകൻ നയൻ കൃഷ്ണയുടെ ഇടതു കാൽമുട്ടിന് ചതവുപറ്റി. ഇരുവരും ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.

നഗരസഭ പരിധിയിൽ പെട്ട റോഡുകൾ പലതും ഇപ്പോഴും അറ്റകുറ്റപ്പണികൾ നടത്താതെ കുണ്ടും കുഴിയുമായി കിടപ്പാണ്.

നിര്യാതയായി

അംബിക

ഇരിങ്ങാലക്കുട : പുല്ലൂർ മുല്ലക്കാട് പുത്തുക്കാട്ടിൽ വീട്ടിൽ മാധവൻ ഭാര്യ അംബിക (59) നിര്യാതയായി.

സിപിഐഎം പുല്ലൂർ മുല്ല ബ്രാഞ്ച് അംഗവും എഡിഎസ് അംഗവും മുൻ കുടുംബശ്രീ സിഡിഎസ് അംഗവും ആയിരുന്നു.

സംസ്കാരം നടത്തി.

മക്കൾ : അമൽ, നവീൻ

വെള്ളാങ്ങല്ലൂർ ബ്ലോക്ക് സമ്പൂർണ്ണ ഭരണഘടന സാക്ഷരതയിലേക്ക് : പ്രഖ്യാപനം നാളെ

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിനെ സമ്പൂർണ്ണ ഭരണഘടന സാക്ഷരത നേടിയ ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിക്കുന്ന ചടങ്ങ് നാളെ നടവരമ്പ് അംബേദ്കർ നഗറിൽ നടക്കും.

ഈ നേട്ടം കൈവരിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ബ്ലോക്ക് പഞ്ചായത്താണ് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തെന്ന് പ്രസിഡൻ്റ് സുധ ദിലീപ് പറഞ്ഞു.

2022- 23 വർഷം മുതൽ മൂന്നുവർഷം നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് വെള്ളാങ്ങല്ലൂർ ഈ നേട്ടത്തിലേക്ക് കടക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള വിദ്യാർഥികൾ, വയോജനങ്ങൾ, തൊഴിലാളികൾ എന്നിവരുൾപ്പെടെ എല്ലാവരെയും ഭരണഘടനാ സാക്ഷരതയിലേക്ക് എത്തിക്കാനുള്ള തീവ്ര പ്രവർത്തനങ്ങളാണ് ബ്ലോക്കിന്റെ നേതൃത്വത്തിൽ നടന്നത്.

ഇതിൻ്റെ ഭാഗമായി തുടർച്ചയായി ഭരണഘടനാ സംബന്ധമായ ചർച്ചകൾ, സെമിനാറുകൾ, വിജ്ഞാന സദസ്സുകൾ, ക്വിസ് മത്സരങ്ങൾ, കലാപരിപാടികൾ, പദയാത്രകൾ, ഗൃഹ സന്ദർശനങ്ങൾ തുടങ്ങിയവയും നടത്തിയിരുന്നു.

ഭരണഘടനയുടെ ആമുഖം ആകർഷകമായ രീതിയിൽ ഡിസൈൻ ചെയ്തു പതിനൊന്നായിരത്തോളം വിദ്യാർഥികൾക്ക് വിതരണം ചെയ്തു.

എൻ.എസ്.എസ്. വൊളൻ്റിയർമാർ, വായനശാല പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മ സേനാംഗങ്ങൾ തുടങ്ങിയവരുടെ സഹായത്തോടെ ബ്ലോക്ക് അതിർത്തിയിൽ വരുന്ന അഞ്ച് പഞ്ചായത്തിലെ നാലായിരത്തിലധികം വീടുകളിൽ ലഘുലേഖകൾ എത്തിച്ചു. തുടങ്ങി നിരവധി പ്രവർത്തനങ്ങളുടെ ഭാഗമായാണ് വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഈ അസുലഭ നേട്ടത്തിലേക്ക് കടക്കുന്നത്.

സംസ്ഥാന സർക്കാരിൻ്റെ നിർദ്ദേശപ്രകാരം കൊട്ടാരക്കര കിലയിലെ ഉദ്യോഗസ്ഥർ പ്രവർത്തനങ്ങൾ വിലയിരുത്തി സാക്ഷ്യപത്രം നൽകി. ഇതേതുടർന്നാണ് ശനിയാഴ്ച പ്രഖ്യാപനം നടക്കുന്നത്.

പ്രഖ്യാപന ചടങ്ങ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.

വി.ആർ. സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിക്കും.

ഇന്ത്യൻ ഭരണഘടനയെ കുറിച്ച് സുനിൽ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തും.

ചടങ്ങിൽ കലക്ടർ അർജുൻ കല്ലംകുന്ന് പട്ടികവർഗ്ഗ ഉന്നതിയിലെ ആളുകൾക്ക് ഭൂമിയുടെ ആധാരം കൈമാറും.

വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതി പ്രകാരം ചെണ്ട പഠനം പൂർത്തിയാക്കിയ കലാകാരന്മാരുടെ അരങ്ങേറ്റവും ചടങ്ങിൽ നടക്കും.

”സെഫൈറസ് 7.0” ടെക് ഫെസ്റ്റിൽ ഓവറോൾ കിരീടം നേടി ഭാരതീയ വിദ്യാഭവൻ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ”സെഫൈറസ് 7.0” ടെക് ഫെസ്റ്റിൽ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ ഓവറോൾ കീരീടം നേടി.

ഫൈനലിൽ മത്സരിച്ച ഏക സ്കൂൾതല ടീം ഭാരതീയ വിദ്യാഭവന്റേതായിരുന്നു.

ബി.ടെക്, ഡിഗ്രി, പിജി വിദ്യാർഥികളോട് മത്സരിച്ചാണ് ഭാരതീയ വിദ്യാഭവന്റെ വിദ്യാർഥികൾ ഈ നേട്ടം സ്വന്തമാക്കിയത്.

പേപ്പർ & ഐഡിയ പ്രസന്റേഷൻ മത്സരത്തിൽ റിയ ജയ്സൺ, ജനി ജോസഫ് എന്നിവർ ഒന്നാം സ്ഥാനവും പ്രണവ് ബി. മേനോൻ, കെ. അഭിനവ് എന്നിവർ രണ്ടാം സ്ഥാനവും, ‘ഐഡിയാത്തോൺ’ മത്സരത്തിൽ പ്രണവ് ബി. മേനോൻ ഒന്നാം സ്ഥാനവും, ഏഥറിയോൺ – പ്രോംപ്റ്റ് എഞ്ചിനീയറിംഗ് മത്സരത്തിൽ വൈഭവ് ഗിരീഷ്, കെ. അഭിനവ് എന്നിവർ രണ്ടാം സ്ഥാനവും, ഹാർഡ് വെയർ അസംബ്ലിങ് മത്സരത്തിൽ കെ. അഭിനവ്, ധനഞ്ജയ് എന്നിവർ ഒന്നാം സ്ഥാനവും അഭിമന്യു സജിത്, കെ.ആർ. അനൂജ് എന്നിവർ രണ്ടാം സ്ഥാനവും നേടിയാണ് ഭാരതീയ വിദ്യാഭവൻ ഓവറോൾ കിരീടം സ്വന്തമാക്കിയത്.

“വേഗ” സ്കൂൾ കലോത്സവം നടത്തി

ഇരിങ്ങാലക്കുട : അവിട്ടത്തൂർ എൽ.ബി.എസ്.എം. ഹയർ സെക്കൻ്ററി സ്കൂൾ കലോത്സവം “വേഗ” സംഗീത സംവിധായകനും ഗായകനുമായ പി.ടി.എ. പ്രസിഡൻ്റ് ജോസഫ് അക്കരക്കാരൻ ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ ഡോ. എ.വി. രാജേഷ് അധ്യക്ഷത വഹിച്ചു.

മാനേജ്മെൻ്റ് കമ്മറ്റി അംഗം എ.സി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി.

ഹെഡ്മാസ്റ്റർ മെജോ പോൾ, എം.പി.ടി.എ. പ്രസിഡൻ്റ് ദീപ സുകുമാരൻ, സ്റ്റാഫ് സെക്രട്ടറി പി.ജി. ഉല്ലാസ്, സ്കൂൾ ചെയർപേഴ്സൺ ജിയ ജിൻസൺ എന്നിവർ പ്രസംഗിച്ചു.

സംസ്ഥാനതല മോഡൽ പാർലമെൻ്റ് മത്സരം : മികച്ച പാർലമെൻ്റേറിയൻ അവാർഡ് നേടി എം.യു. കൃഷ്ണ തീർത്ഥ

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാറിൻ്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻ്ററി അഫയേഴ്സിൻ്റെ നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ നടത്തിയ മോഡൽ പാർലമെൻ്റ് മത്സരത്തിൽ ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർഥിനി എം.യു.
കൃഷ്ണ തീർത്ഥ മികച്ച പാർലമെൻ്റേറിയൻ അവാർഡിന് അർഹത നേടി.

മോഡൽ പാർലമെൻ്റ് മത്സരത്തിലെ പ്രതിരോധമന്ത്രിയായിരുന്നു കൃഷ്ണ തീർത്ഥ.

പള്ളിപ്പുറം ഗോപാലൻ നായരാശാൻ പുരസ്കാരം കലാനിലയം പരമേശ്വരന്

ഇരിങ്ങാലക്കുട : ഈ വർഷത്തെ പള്ളിപ്പുറം ഗോപാലൻ നായരാശാൻ അനുസ്മരണ സമിതിയുടെ പുരസ്കാരം കഥകളി ചുട്ടി ആചാര്യനായ കലാനിലയം പരമേശ്വരന് നൽകുവാൻ സമിതി തീരുമാനിച്ചു.

15000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

ഒക്ടോബർ 4ന് വൈകീട്ട് 4 മണിക്ക് കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ വെച്ച് അവാർഡ് സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.