വിട പറഞ്ഞ മാർ ജേക്കബ് തൂങ്കുഴി ലാളിത്യവുംവിനയവും കരുത്താക്കിയ ഇടയ ശ്രേഷ്ഠൻ :അഡ്വ കെ ജി അനിൽകുമാർ

ഇരിങ്ങാലക്കുട : വിട പറഞ്ഞ മാർ ജേക്കബ് തൂങ്കുഴി ലാളിത്യവും വിനയവും കരുത്താക്കിയ ഇടയ ശ്രേഷ്ഠനായിരുന്നുവെന്ന് ഐ.സി.എൽ ഫിൻകോർപ്പ് സി.എം.ഡിയും ലാറ്റിൻ അമേരിക്കൻ കരീബിയൻ ട്രേഡ് കൗൺസിൽ ഗുഡ് വിൽ അംബാസിഡറുമായ അഡ്വ. കെ. ജി അനിൽ കുമാർ പറഞ്ഞു.

സൗമ്യതയും ശാന്തതയും അടിയുറച്ച വിശ്വാസം കൊണ്ടും ഏവരുടെയും ഹൃദയത്തിൽ ഇടം നേടിയ മനുഷ്യ സ്നേഹിയായിരുന്നു മാർ ജേക്കബ് തൂങ്കുഴി പിതാവ്. ആത്മീയ അജപാലന ദൗത്യത്തിൽ ആഴത്തിലുള്ള വിശ്വാസം കൊണ്ടും ത്യാഗ നിർഭരമായ പ്രവർത്തന ശൈലി കൊണ്ടും മനുഷ്യ ഹൃദയത്തിൽ അണയാത്ത ദീപമായി പിതാവ് എന്നെന്നും നിലനിൽക്കുമെന്നും, വ്യക്തിപരമായി വളരെ അടുത്തറിഞ്ഞ സ്നേഹപിതാവിനെയാണ് നഷ്ടപ്പെട്ടത് എന്നും അനിൽകുമാർ വ്യക്തമാക്കി.

തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തണം : എ ഐ ടി യു സി

ഇരിങ്ങാലക്കുട : തൊഴിൽ ദിനങ്ങളും ബഡ്ജറ്റ് വിഹിതവും വെട്ടിക്കുറച്ച് തൊഴിലുറപ്പ് പദ്ധതിയെ തുരങ്കം വെയ്ക്കുന്ന കേന്ദ്ര സർക്കാർ രാജ്യത്തെ ഗ്രാമീണ മേഖലയിലെ ദാരിദ്ര്യത്തെ ലഘുകരിക്കുന്ന ബൃഹദ്പദ്ധതിയെ അട്ടിമറിക്കുന്നതിൽ നിന്ന് പിൻവാങ്ങണമെന്ന് എൻ ആർ ഇ ജി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) ഇരിങ്ങാലക്കുട കൺവെൻഷൻ സർക്കാരിനോടാവശ്യപ്പെട്ടു.

ഫെഡറേഷൻ ജില്ലാ സെക്രട്ടറി ഉല്ലാസ് കണ്ണോളി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് മോഹനൻ വലിയാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.

എ ഐ ടി യു സി ജില്ലാ പ്രസിഡന്റ് ടി. കെ. സുധീഷ്, സി.പി.ഐ. മണ്ഡലം സെക്രട്ടറി എൻ. കെ. ഉദയ പ്രകാശ്, എ. ഐ. ടി. യു. സി. മണ്ഡലം സെക്രട്ടറി കെ. കെ. ശിവൻ, കെ എസ്. പ്രസാദ്, റഷീദ് കാറളം, ബാബു ചിങ്ങാരത്ത് എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി മോഹനൻ വലിയാട്ടിൽ (പ്രസിഡന്റ്),വി. ആർ. രമേഷ് (സെക്രട്ടറി), വർദ്ധനൻ പുളിക്കൽ (ട്രഷറർ) എന്നിവരടങ്ങുന്ന പതിനഞ്ചംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

കാരുകുളങ്ങരയിൽ ശ്രീനാരായണ ഗുരുവിൻ്റെസമാധി ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : കാരുകുളങ്ങര എസ് എൻ ഡി പി യോഗത്തിന്റെ ആഭിമുഖ്യത്തിൽ 98-ാമത് ശ്രീനാരായണ ഗുരുദേവ സമാധിദിനം ആചരിച്ചു.

ഗുരുപൂജ, പ്രാർത്ഥന എന്നിവയ്ക്ക് ശേഷം അന്നദാനവും ഉണ്ടായിരുന്നു.

കെ.ബി. സുരേഷ്, ശാഖാ സെക്രട്ടറി ശ്രീധരൻ തൈവളപ്പിൽ, പ്രസിഡൻ്റ് രഞ്ജിത്ത് രാധാകൃഷ്ണൻ, വൈസ് പ്രസിഡൻ്റ് മുകേഷ് പൂവ്വത്തുംകടവിൽ എന്നിവർ നേതൃത്വം നൽകി.

ഡോ. ഷാഹിന മുംതാസ് അന്തരിച്ചു

ഇരിങ്ങാലക്കുട : നെതർലാൻഡ്സിൽ ഭൗതികശാസ്ത്രജ്ഞയും പേറ്റന്റ് അറ്റോണിയുമായ കരൂപ്പടന്ന സ്വദേശി ഡോ. ഷാഹിന മുംതാസ് (ലാലി- 44) അന്തരിച്ചു.

സാമൂഹിക മാധ്യമ ഇടപെടലുകളിലൂടെ ശ്രദ്ധേയയായ ഡോ. ഷാഹിന സംസ്ഥാന സർക്കാർ നടത്തിയ ലോക കേരള സഭയിൽ നെതർലാൻഡ്സിൽ നിന്നുള്ള അംഗമായിരുന്നു.

കരളിലെ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. കരൂപ്പടന്ന പള്ളി സ്റ്റോപ്പിലെ പടിഞ്ഞാറുവശം അധ്യാപക ദമ്പതിമാരായ പരേതനായ ചക്കാലക്കൽ അബ്ദുല്ലയുടെയും നഫീസയുടെയും മകളാണ്.

ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയ ഷാഹിന ബൗദ്ധിക സ്വത്തവകാശ മേഖലയിലെ അറിയപ്പെടുന്ന പ്രൊഫഷണൽ ആയിരുന്നു.

രണ്ടുമാസം മുമ്പ് നാട്ടിലെത്തിയ ഷാഹിന പല പൊതുപരിപാടികളിലും പങ്കെടുത്തിരുന്നു. കരൂപ്പടന്ന ഗ്രാമീണ വായനശാല ഭരണസമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

ഖബറടക്കം നടത്തി.

ഭർത്താവ് : മുസ്തഫ (ബിസിനസ്സ്, ലെതർലാൻഡ്)

മക്കൾ : അമേയ, ആദി

സഹോദരി : ഷമ്മി സിറാജ് (സിവിൽ സപ്ലൈസ്)

കെഎസ്ടിഎ ധർണ്ണ നടത്തി

ഇരിങ്ങാലക്കുട : കേന്ദ്ര അവഗണന അവസാനിപ്പിക്കുക,
ടെറ്റ് നിലവിലുള്ള അധ്യാപകരെ ഒഴിവാക്കുക, അധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി കെഎസ്ടിഎ ഉപജില്ല കമ്മിറ്റി ധർണ്ണ നടത്തി.

ഡിഇഒ ഓഫീസിന്റെ മുൻപിൽ നടന്ന ധർണ്ണ ജില്ലാ ജോയിൻ്റ് സെക്രട്ടറി സജി സി. പോൾസൺ ഉദ്ഘാടനം ചെയ്തു.

ഉപജില്ല പ്രസിഡന്റ് വർഷ രാജേഷ് അധ്യക്ഷത വഹിച്ചു.

ജില്ല എക്സിക്യൂട്ടീവ് അംഗം കെ.വി. വിദ്യ അഭിവാദ്യങ്ങൾ നേർന്നു.

ഉപജില്ലാ സെക്രട്ടറി കെ.ആർ. സത്യപാലൻ സ്വാഗതവും വൈസ് പ്രസിഡന്റ് പി.എ. ഷീല നന്ദിയും പറഞ്ഞു.

ഉപജില്ലാ അധ്യാപകർ ധർണ്ണയിൽ പങ്കെടുത്തു.

ജോലിക്ക് നിൽക്കുന്ന വീട്ടിൽ നിന്നും 10 പവനോളം സ്വർണ്ണം മോഷ്ടിച്ച ജോലിക്കാരി പിടിയിൽ

ഇരിങ്ങാലക്കുട : ആളൂർ കടുപ്പശ്ശേരി കച്ചേരിപ്പടി സ്വദേശി തവളക്കുളങ്ങര വീട്ടിൽ നിധിൽ എന്നയാളുടെ വീട്ടിലെ അലമാരയിലെ ലോക്കറിൽ നിന്നും 10 പവനോളം സ്വർണ്ണം മോഷ്ടിച്ച കടുപ്പശ്ശേരി  സ്വദേശി കിഴുവാട്ടിൽ വീട്ടിൽ അജിതയെ (54) തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.

പരാതിക്കാരന്റെ അമ്മയെ അസുഖം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് വീട്ടുജോലികൾ ചെയ്യാനായി അജിതയെ നിയോഗിച്ചിരുന്നു. അജിത വീട്ടിൽ ജോലി ചെയ്തിരുന്ന സമയത്താണ് താക്കോൽ എടുത്ത് ലോക്കർ തുറന്ന് സ്വർണ്ണം മോഷ്ടിച്ചത്.

വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ആളൂർ സ്റ്റേഷൻ എസ്എച്ച്ഒ ബി. ഷാജിമോൻ, എസ്ഐ കെ.പി. ജോർജ്ജ്, ഗ്രേഡ് എസ്ഐ ടി. ജെയ്സൺ, ഗ്രേഡ് എഎസ്ഐ മിനിമോൾ, സിപിഓമാരായ കെ.എസ്. സിനേഷ്, കെ.എസ്. സനില എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത കൈവരിച്ച് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ; അഭിനന്ദനാർഹമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : ഭരണഘടനയുടെ ഉള്ളടക്കത്തെ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുക എന്നത് അഭിനന്ദനാർഹമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ സമ്പൂർണ്ണ ഭരണഘടന സാക്ഷരത പ്രഖ്യാപനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആസൂത്രിതമായ പരിപാടികളോടെ ഇന്ത്യൻ ഭരണഘടനയുടെ അന്ത:സത്തയും മാനവിക മൂല്യങ്ങളും ബ്ലോക്ക് പരിധിയിലെ എല്ലായിടങ്ങളിലും എത്തിക്കുന്നതിന് വെള്ളാങ്ങല്ലൂർ ബ്ലോക്കിന് സാധിച്ചിട്ടുണ്ട്. എല്ലാ ജനങ്ങൾക്കും ഒരുപോലെയുള്ള പരിഗണന ലഭിക്കുന്നതിന് ഭരണഘടനാ മൂല്യങ്ങൾ ശോഷണം കൂടാതെ സംരക്ഷിച്ചു പോകേണ്ടത് അത്യാവശ്യമാണ്. ആ കടമയാണ് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയിട്ടുള്ളത് എന്നും മന്ത്രി ആർ. ബിന്ദു കൂട്ടിച്ചേർത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ കല്ലംകുന്ന് പട്ടികവർഗ്ഗ ഉന്നതിയിലെ നിവാസികൾക്ക് ഭൂമിയുടെ കൈവശാവകാശ രേഖ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ കൈമാറി.

വജ്ര ജൂബിലി കലാകാരന്മാരുടെ ചെണ്ട അരങ്ങേറ്റത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ നിർവഹിച്ചു.

പതിമൂന്നോളം കലാകാരന്മാർ വേദിയിൽ അരങ്ങേറ്റം കുറിച്ചു. അമ്പതോളം കലാകാരന്മാർ മേളത്തിൽ അണിനിരന്നു.

കവി പി.എൻ. ഗോപീകൃഷ്ണൻ പ്രഭാഷണം നടത്തി.

കില സി.എച്ച്.ആർ.ഡി. കൊട്ടാരക്കര ഡയറക്ടർ വി. സുധീശൻ ക്യാമ്പയിൻ വിശദീകരിച്ചു.

ഭരണഘടനാ വിജ്ഞാനോത്സവത്തിന്റെ വിവിധ ഘട്ടങ്ങളിൽ പങ്കാളികളായ വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗ്രന്ഥശാലകൾ, ഗ്രാമപഞ്ചായത്തുകൾ, കുടുംബശ്രീ, ഹരിതകർമ്മ സേന, ആശ വർക്കർ, അങ്കണവാടി പ്രവർത്തകർ എന്നിവരെ ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് സ്വാഗതവും ബ്ലോക്ക്‌ മെമ്പർ വിജയ ലക്ഷ്മി വിനയചന്ദ്രൻ നന്ദിയും പറഞ്ഞു.

പ്രഖ്യാപന ചടങ്ങിന് ശേഷം സമയ കലാഭവൻ കൊറ്റനെല്ലൂരിന്റെ നേതൃത്വത്തിൽ നാടൻപാട്ട് അവതരണം ഉണ്ടായി.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ പി.കെ. ഡേവിസ് മാസ്റ്റർ, ഷീല അജയഘോഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഖാദർ പട്ടേപ്പാടം, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് അമ്മനത്ത്, വികസനകാര്യ സമിതി സ്ഥിരം അധ്യക്ഷ പ്രസന്ന അനിൽകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷ അസ്മാബി ലത്തീഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ നിഷ ഷാജി, കെ.എസ്. ധനീഷ്, കെ.എസ്. തമ്പി, ലിജി രതീഷ്, റോമി ബേബി, ജൂബിലി ഫെലോഷിപ്പ് പദ്ധതി ജില്ലാ കോർഡിനേറ്റർ സുബീഷ്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം. രാജേഷ്, എൽ.എസ്.ജി.ഡി. തൃശൂർ ഡെപ്യൂട്ടി ഡയറക്ടർ കെ. സിദ്ദിഖ്, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.എം. ഹസീബ് അലി, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, സഹകരണ ബാങ്ക് പ്രസിഡൻ്റുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

2022- 23 വർഷം മുതൽ തുടർച്ചയായി മൂന്ന് വർഷക്കാലം ഭരണഘടനയെക്കുറിച്ച് ബ്ലോക്ക് അതിർത്തിയിലെ വിദ്യാർഥികൾ, തൊഴിലാളികൾ, വയോജനങ്ങൾ തുടങ്ങിയ എല്ലാ വിഭാഗം ജനങ്ങൾക്കും വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിലെ നേതൃത്വത്തിൽ തുടർച്ചയായ ചർച്ചകൾ, സെമിനാറുകൾ, ഭരണഘടന വിജ്ഞാന സദസ്സുകൾ, ക്വിസ് മത്സരങ്ങൾ, കലാപരിപാടികൾ, പദയാത്രകൾ, ഗൃഹസന്ദർശനങ്ങൾ തുടങ്ങി വിവിധങ്ങളായ പരിപാടികളിലൂടെ അറിവ് പകർന്നു നൽകിയിട്ടുണ്ട്.

ബ്ലോക്ക് അതിർത്തിയിലെ 5 പഞ്ചായത്തുകളിലെ വീടുകളിൽ വിവിധ കോളെജുകളിലെയും സ്കൂളുകളിലെയും എൻ.എസ്.എസ്. വൊളൻ്റിയർമാർ, വായനശാല പ്രവർത്തകർ, കുടുംബശ്രീ, ഹരിതകർമ്മ സേന പ്രവർത്തകർ തുടങ്ങിയവരുടെ സഹകരണത്തോടെ ലഘുലേഖകൾ എത്തിച്ചു.

നൂറിൽപരം പൊതു ഇടങ്ങളിൽ ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്തുകൊണ്ടുള്ള ഭരണഘടന ചുവരുകൾ സ്ഥാപിച്ചു.

ഭരണഘടനാ സാക്ഷരത കൈവരിക്കാൻ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് നടത്തിയ പ്രവർത്തനങ്ങൾ വിവിധ തലങ്ങളിൽ പരിശോധിച്ച് കൊട്ടാരക്കര കിലയിലെ ഉദ്യോഗസ്ഥർ സാക്ഷ്യപത്രം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിനെ സമ്പൂർണ്ണ ഭരണഘടന സാക്ഷരത ബ്ലോക്ക് ആയി പ്രഖ്യാപിച്ചത്.

വിദ്യാർഥികളുടെ കായിക ഭാവി അവതാളത്തിലാക്കരുത് : എച്ച്.എസ്.എസ്.ടി.എ.

ഇരിങ്ങാലക്കുട : വിദ്യാർഥികളുടെ കായിക ഭാവി അവതാളത്തിലാക്കാതെ കായികാധ്യാപകരുടെ സമരത്തിന് എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്തണമെന്നും ഹയർ സെക്കൻഡറി വിഭാഗത്തില്‍ കായികാധ്യാപക നിയമനം നടത്തണമെന്നും എച്ച്.എസ്.എസ്.ടി.എ. ഇരിങ്ങാലക്കുട മേഖലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു.

എ.എ. തോമസ് അധ്യക്ഷത വഹിച്ചു.

കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അബ്ദുൽ ഹഖ് മുഖ്യപ്രഭാഷണം നടത്തി.

ബൈജു ആൻ്റണി, സി.എം. അനന്തകൃഷ്ണൻ, വിമൽ ജോസഫ്, സി. അമ്പിളി കുമാരി, ആഞ്ചിൽ ജോയ് പൈനേടത്ത്, ഇ. പ്രീതി, സുനേഷ് എബ്രഹാം, വിജിൽ, കെ.ജി. അനീഷ്, കെ. പ്രദീപ്, ലത യു. മേനോൻ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് നടന്ന സെമിനാറിൽ ഡോ. എസ്.എൻ. മഹേഷ് ബാബു വിഷയാവതരണം നടത്തി.

ജൂനിയര്‍ അധ്യാപക പ്രശ്നം, എൻ.പി.എസിലെ അപാകതകള്‍ തുടങ്ങി അധ്യാപക മേഖലയിലെ വിവിധ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.

അധ്യാപകർക്ക് ക്ലറിക്കൽ വർക്കുകൾ ധാരാളം ചെയ്യേണ്ടി വരുന്നതിനാൽ വിദ്യാർഥികളുടെ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുവാൻ പലപ്പോഴും സാധിക്കുന്നില്ല എന്ന് യോഗം ചൂണ്ടിക്കാണിച്ചു.