ശബരിമലയിലെ നിയുക്ത മേൽശാന്തിയെ ആദരിച്ച് എൻഎസ്എസ് നേതാക്കൾ

ഇരിങ്ങാലക്കുട : ശബരിമലയിലെ നിയുക്ത മേൽശാന്തി ഏറന്നൂർ മനയിൽ ഇ.ഡി. പ്രസാദ് തിരുമേനിയെ മുകുന്ദപുരം താലൂക്ക് എൻഎസ്എസ് ഭാരവാഹികൾ അദ്ദേഹത്തിൻ്റ വസതിയിൽ ചെന്ന് ആദരിച്ചു.

യൂണിയൻ ചെയർമാൻ അഡ്വ. ഡി. ശങ്കരൻകുട്ടി പൊന്നാട അണിയിച്ച് ആദരിക്കുകയും ഉപഹാരം സമർപ്പിക്കുകയും ചെയ്തു.

യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ, കമ്മറ്റി അംഗങ്ങളായ സുനിൽ കെ. മേനോൻ, സി. വിജയൻ, നന്ദൻ പറമ്പത്ത്, രവീന്ദ്രൻ കണ്ണൂർ, എൻ. ഗോവിന്ദൻകുട്ടി, വനിതാ യൂണിയൻ വൈസ് പ്രസിഡൻ്റ് ചന്ദ്രിക സുരേഷ്, സ്മിത ജയകുമാർ, എൻഎസ്എസ് ഇൻസ്പെക്ടർ ബി. രതീഷ് എന്നിവർ സംബന്ധിച്ചു.

ചാലക്കുടി തവളക്കുഴിപ്പാറയിലെ ആദിവാസി ഊരുകളിലെ ഭൗതികസാഹചര്യം മെച്ചപ്പെടുത്താനൊരുങ്ങി ഐസിഎൽ

ഇരിങ്ങാലക്കുട : ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ അധീനതയിലുള്ള ചാലക്കുടി ഉൾവനാന്തരങ്ങളിലെ തവളക്കുഴിപ്പാറയിലെ ആദിവാസി ഊരുകളിൽ താമസിക്കുന്ന നിർദ്ധനരായ 44 കുടുംബങ്ങളുടെ വീടുകളുടെ അറ്റകുറ്റപ്പണികൾ നടത്താനും, അവർക്ക് വേണ്ടിയുള്ള വെള്ളം, വെളിച്ചം, വഴി പോരായ്‌മകൾ പരിഹരിക്കാനും, കുട്ടികളുടെ പ്ലസ്ടു വരെയുള്ള വിദ്യാഭ്യാസം സൗജന്യമായി നൽകി ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുമുള്ള പദ്ധതി ഐസിഎൽ ഫിൻകോർപ്പ് ഏറ്റെടുക്കുന്നതായി ചെയർമാൻ അഡ്വ. കെ.ജി. അനിൽകുമാർ അറിയിച്ചു.

കാടിനുള്ളിൽ മാത്രം ജീവിച്ചു ശീലിച്ച മലയ വിഭാഗത്തിൽപ്പെട്ടവരുടെ വീടുകളുടെ ശോചനീയാവസ്ഥ നേരിൽ കണ്ടശേഷം സ്ഥലം എംഎൽഎ സനീഷ്കുമാർ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തുകയും സഹായം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

തൻ്റെ മകൻ അമൽജിത്തിൻ്റെ വിവാഹത്തോടനുബന്ധിച്ച് പാവപ്പെട്ട ഈ ആദിവാസി സമൂഹത്തിൻ്റെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള തീവ്രശ്രമം തുടരുമെന്നും അഡ്വ. കെ.ജി. അനിൽകുമാർ അറിയിച്ചു.

അതിഥി അധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്‌സ് കോളെജിൽ ഹിസ്റ്ററി വിഭാഗത്തിൽ ഗവ. അതിഥി അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ സഹിതം നവംബർ 4 (ചൊവ്വാഴ്ച്ച) രാവിലെ 9.30ന് നേരിട്ട് കോളെജ് ഓഫീസിൽ ഹാജരാകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് കോളെജ് വെബ്സൈറ്റ് സന്ദർശിക്കുക : www.stjosephs.edu.in ഫോൺ : 8301000125

ഭാരതീയ വിദ്യാഭവനിൽ സൗജന്യ ഡെന്റൽ ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : സേവാഭാരതിയും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കൊടുങ്ങല്ലൂർ മേഖലയുമായി സഹകരിച്ച് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ കെ.ജി. കുട്ടികൾക്ക് വേണ്ടി സൗജന്യ ഡെന്റൽ ക്യാമ്പ് നടത്തി.

ക്യാമ്പിൽ 200 ഓളം കുട്ടികൾ പങ്കെടുത്തു.

ഇരിങ്ങാലക്കുട സേവാഭാരതി പ്രസിഡൻ്റ് നളിൻ ബാബു അധ്യക്ഷത വഹിച്ചു.

സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് മാർഗരറ്റ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ഡെന്റൽ അസോസിയേഷൻ ഡോ. രഞ്ജു അടിയന്തിര പ്രാഥമിക ഡെന്റൽ ചികിത്സയെപ്പറ്റി ബോധവൽക്കരണ ക്ലാസ് നൽകി.

ക്യാമ്പ് കോർഡിനേറ്റർ രാജലക്ഷ്മി സുരേഷ് ബാബു സ്വാഗതവും, വിദ്യാഭ്യാസ സമിതി പ്രസിഡൻ്റ് ഷൈലജ ഗോപിനാഥ് നന്ദിയും പറഞ്ഞു.

ഡോ. ശാലിനി, ഡോ. നേശ്വ, മെഡിക്കൽ പ്രസിഡൻ്റ് മിനി സുരേഷ്, വിദ്യ സജിത്ത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

നിര്യാതനായി

കൊച്ചുദേവസ്സി

ഇരിങ്ങാലക്കുട : കല്ലേറ്റുംകര പ്ലാശ്ശേരി പനങ്കുടൻ ഔസേപ്പ് കൊച്ചുദേവസ്സി (80) നിര്യാതനായി.

സംസ്‌കാരകർമ്മം വെള്ളിയാഴ്ച്ച (ഒക്ടോബർ 24) രാവിലെ 9 മണിക്ക് കല്ലേറ്റുംകര പള്ളിക്ക് സമീപമുള്ള മകൻ ജോജോയുടെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ആളൂർ പ്രസാദവര നാഥാപള്ളി സെമിത്തേരിയിൽ.

മക്കൾ : ജിജോ, ജോജോ, പരേതനായ ബൈജു

മരുമക്കൾ : സന്ധ്യ, ജിൻസി

സ്നേഹസ്പർശം പദ്ധതി : അഭയ ഭവനിലേക്ക് പലചരക്കും തുണിത്തരങ്ങളും നൽകി സെൻ്റ് മേരീസ് സ്കൂൾ വിദ്യാർഥികൾ

ഇരിങ്ങാലക്കുട : സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എൻ.എസ്.എസ്. യൂണിറ്റും, റോവർ ആൻഡ് റെയ്ഞ്ചർ യൂണിറ്റും സംയുക്തമായി അവരവരുടെ വീടുകളിൽ നിന്നും പലരിൽ നിന്നുമായി ശേഖരിച്ച അരിയും പലചരക്ക് സാമഗ്രികളും തുണിത്തരങ്ങളും അഭയ ഭവനിലേക്ക് നൽകി.

സ്കൂൾ മാനേജർ റവ. ഡോ. പ്രൊഫ. ലാസർ കുറ്റിക്കാടൻ, അഭയ ഭവൻ മദർ സുപ്പീരിയർ സിസ്റ്റർ എൽസിക്ക് സാധനങ്ങൾ കൈമാറി.

ചടങ്ങിൽ സ്നേഹസ്പർശം പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനവും നിർവ്വഹിച്ചു.

സ്കൂൾ പ്രിൻസിപ്പൽ പി. ആൻസൻ ഡൊമനിക് അധ്യക്ഷത വഹിച്ചു.

പി.ടി.എ. പ്രസിഡന്റ് ഷാജു ജോസ് ചിറയത്ത്, രജത ജൂബിലി പ്രോഗ്രാം കൺവീനർ ടെൽസൺ കോട്ടോളി, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ജൂബി, അധ്യാപകരായ ജിൻസൻ, മേരി ആന്റണി, പാർവ്വതി എന്നിവർ പ്രസംഗിച്ചു.

കുട്ടികൾ അഭയ ഭവനിലെ രോഗികളെ സന്ദർശിക്കുകയും അവർക്കു വേണ്ട ശുശ്രൂഷകളിൽ സഹായിക്കുകയും ചെയ്തു.

28ന് ഇരിങ്ങാലക്കുടയിൽ ജോബ് ഡ്രൈവ്

ഇരിങ്ങാലക്കുട : മോഡൽ കരിയർ സെന്റർ – ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ഇരിങ്ങാലക്കുട ഒക്ടോബർ 28ന് ജോബ് ഡ്രൈവ് സംഘടിപ്പിക്കും.

സ്വകാര്യമേഖലയിലുള്ള സ്ഥാപനങ്ങളിലേക്കാണ് അഭിമുഖങ്ങൾ സംഘടിപ്പിക്കുന്നത്.

ബിടെക് സിവിൽ എൻജിനീയറിങ്, ഡിഗ്രി, പിജി, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് തൊഴിൽമേളയിൽ പങ്കെടുക്കാം.

തൊഴിൽമേളയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യുന്നതിനും ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകുന്നതിനുമായി 9544068001എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് ‘job drive’ എന്ന് മെസ്സേജ് അയക്കുക.

ഇരിങ്ങാലക്കുട മിനി സിവിൽസ്റ്റേഷനിലെ മൂന്നാം നിലയിലെ ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ വെച്ചാണ് അഭിമുഖം.

കൂടുതൽ വിവരങ്ങൾക്ക് :
0480-2821652, 9544068001

ഇരിങ്ങാലക്കുടയിലെ നവോത്ഥാന മൂല്യങ്ങളെ തകർക്കാൻ ആരെയും അനുവദിക്കില്ല : സിപിഐ

ഇരിങ്ങാലക്കുട : അയിത്തത്തിനും അനാചാരത്തിനും ജാതി വിവേചനത്തിനും എതിരെയും ക്ഷേത്ര പ്രവേശനത്തിനു വേണ്ടിയും നടത്തിയ കുട്ടംകുളം സമരനായകൻ കെ.വി. ഉണ്ണിയുടെ 7-ാം ചരമവാർഷിക ദിനത്തിൽ നടന്ന അനുസ്മരണ സമ്മേളനം സിപിഐ ജില്ലാ അസി. സെക്രട്ടറി അഡ്വ. ടി.ആർ. രമേഷ്കുമാർ ഉദ്ഘാടനം ചെയ്തു.  

ഈ കാലഘട്ടത്തിലും ജാതി വ്യവസ്ഥയെ തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങളെ ചെറുക്കാൻ കെ.വി. ഉണ്ണി ഉൾപ്പെടെയുള്ള സമരനായകർ തെളിച്ച പാതയിലൂടെ മുന്നോട്ടുതന്നെ പോകുമെന്നും ഇരിങ്ങാലക്കുടയിലെ നവോത്ഥാന മൂല്യങ്ങളെ തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എഐടിയുസി ഇരിങ്ങാലക്കുട റേഞ്ച് ചെത്ത് തൊഴിലാളി യൂണിയൻ സെക്രട്ടറി  കെ.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. 

മുതിർന്ന നേതാവ് കെ. ശ്രീകുമാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മണി, ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, എഐടിയുസി ഇരിങ്ങാലക്കുട റേഞ്ച് ചെത്ത് തൊഴിലാളി യൂണിയൻ പ്രസിഡൻ്റ് കെ.വി. രാമദേവൻ, സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ അനിത രാധാകൃഷ്ണൻ, കെ.എസ്. പ്രസാദ്, കെ.എസ്. ബൈജു എന്നിവർ പ്രസംഗിച്ചു. 

സിപിഐ വേളൂക്കര ലോക്കൽ സെക്രട്ടറി

വി.എസ്. ഉണ്ണികൃഷ്ണൻ സ്വാഗതവും അസി. സെക്രട്ടറി അനിൽകുമാർ നന്ദിയും പറഞ്ഞു.

എൻ എസ് എസ് ചികിത്സാ ധനസഹായ പദ്ധതി താലൂക്ക്തല ഉദ്ഘാടനം

ഇരിങ്ങാലക്കുട : താലൂക്ക് യൂണിയൻ പുതുതായി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ചികിത്സാ ധനസഹായ പദ്ധതിയുടെ താലൂക്ക്തല ഉദ്ഘാടനം
പ്രമുഖ വ്യവസായിയും ചെറുവാളൂർ കരയോഗം പ്രസിഡൻ്റുമായ ശശി ചങ്ക്രമത്ത് യൂണിയൻ ചെയർമാൻ അഡ്വ. ഡി. ശങ്കരൻകുട്ടിക്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു.

ഒന്നര ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചാൽ കിട്ടാവുന്ന പലിശയ്ക്ക് തുല്യമായ തുകയാണ് ഇദ്ദേഹം ഓരോ വർഷവും എൻ്റോവ്മെൻ്റായി നൽകുന്നത്.
പലവിധ അസുഖങ്ങൾ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ധനസഹായം എത്തിക്കുക എന്നതാണ് ഉദ്ദേശം.

ചികിത്സ/ വിവാഹ/വിദ്യാഭ്യസ ധനസഹായങ്ങളിലേക്കായി ഈ സാമ്പത്തിക വർഷം 20 ലക്ഷം രൂപ സമാഹരിക്കുക എന്നതാണ് യൂണിയൻ്റെ ലക്ഷ്യം.

യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ പി.ആർ. അജിത്ത് കുമാർ, സി. വിജയൻ, സുനിൽ കെ. മേനോൻ, നന്ദൻ പറമ്പത്ത്, എൻ. ഗോവിന്ദൻകുട്ടി, ആർ. ബാലകൃഷ്ണൻ, എ.ജി. മണികണ്ഠൻ, രവി കണ്ണൂർ, കെ. രാജഗോപാൽ, പ്രതിനിധി സഭാംഗങ്ങളായ സി.ബി. രാജൻ, എസ്. ഹരീഷ്കുമാർ, കെ.ആർ. മോഹനൻ, കെ.ബി. ശ്രീധരൻ, വനിതാ യൂണിയൻ പ്രസിഡൻ്റ് ജയശ്രീ അജയ്, യൂണിയൻ ഇലക്ടറൽ റോൾ മെമ്പർ എസ്. ശ്രീകുമാർ, എൻ.എസ്.എസ്. ഇൻസ്പെക്ടർ ബി. രതീഷ് എന്നിവർ സന്നിഹിതരായിരുന്നു.

പീച്ചി ഡാം 23ന് തുറക്കും; മണലി, കരുവന്നൂര്‍ പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക

ഇരിങ്ങാലക്കുട : പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന ഐ.എം.ഡി. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി വ്യാഴാഴ്ച (ഒക്ടോബര്‍ 23) രാവിലെ 9 മണി മുതല്‍ വെള്ളം തുറന്നുവിടുന്നതാണെന്ന് പീച്ചി ഹെഡ് വര്‍ക്ക്സ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കെ.എസ്.ഇ.ബി. ചെറുകിട വൈദ്യുതി ഉത്പാദനനിലയം വഴിയും റിവര്‍ സ്ലൂയിസ് വഴിയുമാണ് വെള്ളം തുറന്നു വിടുന്നത്.

ഇതിനാല്‍ മണലി, കരുവന്നൂര്‍ പുഴകളില്‍ നിലവിലെ ജലനിരപ്പില്‍ നിന്നും പരമാവധി 20 സെന്റീമീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴകളുടെ തീരത്ത് താമസിക്കുന്നവരും പുഴയോരത്ത് ജോലിയെടുക്കുന്നവരും കര്‍ശ്ശനമായ ജാഗ്രത പുലര്‍ത്തണം എന്ന് മുന്നറിയിപ്പുണ്ട്.