നിര്യാതനായി

സെബാസ്റ്റ്യൻ

ഇരിങ്ങാലക്കുട : ജ്യോതി നഗർ കൊടിയിൽ പേങ്ങിപറമ്പിൽ ലോനപ്പൻ മകൻ സെബാസ്റ്റ്യൻ (82) നിര്യാതനായി.

സംസ്കാരകർമ്മം നാളെ (ഒക്ടോബർ 28) രാവിലെ 9.30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.

ഭാര്യ : ബേബി സെബാസ്റ്റ്യൻ

മക്കൾ : സിബക്സ്, സ്വീറ്റി,
സിബിൻ

മരുമക്കൾ : ജിൽമി, ഷോണി, റൂബി

ക്ലസ്റ്റർ റിസോഴ്സ് സെൻ്റർ കോർഡിനേറ്റർ ഒഴിവ്

ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷ കേരള
വെള്ളാങ്ങല്ലൂർ ബി.ആർ.സി.യിലെ നിലവിലുള്ള ക്ലസ്റ്റർ റിസോഴ്സ് സെൻ്റർ കോർഡിനേറ്റർ (സി.ആർ.സി.സി.) ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

ഡിഎൽഡ് / ടിടിസി/ബിഎഡ്, കെടെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ വെള്ളാങ്ങല്ലൂർ ബി.ആർ.സി.യിൽ ഒക്ടോബർ 28 ചൊവാഴ്ച രാവിലെ 11.30ന് നടക്കുന്ന അഭിമുഖത്തിൽ അപേക്ഷയും അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം ഹാജരാകേണ്ടതാണ്.

പി എം ശ്രീ പദ്ധതി കരാറിന്റെ കോപ്പി കത്തിച്ച് ഇരിങ്ങാലക്കുടയിൽ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

ഇരിങ്ങാലക്കുട : വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ നടപ്പിലാക്കുന്ന പി എം ശ്രീ പദ്ധതിയിൽ ഒപ്പു വച്ച പിണറായി സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കരാറിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു.  

നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ അധ്യക്ഷത വഹിച്ചു. 

സമരം ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ് അസറുദ്ദീൻ കളക്കാട്ട് ഉദ്ഘാടനം ചെയ്തു.  

സാംസ്കാരിക സാഹിതി നിയോജകമണ്ഡലം പ്രസിഡൻ്റ് അരുൺ ഗാന്ധിഗ്രാം മുഖ്യപ്രഭാഷണം നടത്തി. 

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുമാരായ ജോമോൻ മണാത്ത്, എ.എസ്. സനൽ, ശരത്ത് ദാസ്, നിയോജകമണ്ഡലം ഭാരവാഹികളായ വിനു ആന്റണി, എബിൻ ജോൺ, എൻ.ഒ. ഷാർവി, ഡേവിസ് ഷാജു, അഖിൽ മുകൾക്കുടം, ആൽബർട്ട് ജോയ്, എൽവിൻ പോൾ, മണ്ഡലം ഭാരവാഹികളായ എം.ജെ. ജെറോം, ശ്രീജിത്ത് എസ്. പിള്ള, ജോസഫ് ജെ. പള്ളിപ്പാട്ട്, ജിഫിൻ, കോൺഗ്രസ് മണ്ഡലം സെക്രട്ടറി സന്തോഷ് ആലുക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

മനുഷ്യമതിൽ തീർത്ത് പൊതുമ്പുചിറയോരത്ത് ലഹരി പ്രതിരോധം 

ഇരിങ്ങാലക്കുട : “മനസ്സാണ് ശക്തി, ജീവിതമാണ് ലഹരി” എന്ന ആശയമുയർത്തി 

“മധുരം ജീവിതം – ജീവധാര” പദ്ധതികളുടെ ഭാഗമായി മുരിയാട് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ടൂറിസം ഡെസ്റ്റിനേഷനായ പുല്ലൂർ പൊതുമ്പുചിറയോരത്ത് സംഘടിപ്പിച്ച ലഹരി പ്രതിരോധ മനുഷ്യമതിലിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.

ഒന്നര കിലോമീറ്റർ ദൂരത്തിൽ മനുഷ്യമതിൽ തീർത്തു കൊണ്ടാണ് പ്രസ്തുത പരിപാടിയിൽ ജനങ്ങൾ അണിചേർന്നത്.

മന്ത്രി ഡോ. ആർ. ബിന്ദു മനുഷ്യച്ചങ്ങല ഉദ്ഘാടനം ചെയ്തു. 

പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. 

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലത ചന്ദ്രൻ, ക്രൈസ്റ്റ് കോളെജ് പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ്, അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് ടി.എസ്. സിനോജ്, പുല്ലൂർ സെൻ്റ് സേവിയേഴ്സ് ഐ.ടി.സി. പ്രിൻസിപ്പൽ ഫാ. യേശുദാസ് കൊടകരക്കാരൻ, തുറവൻകാട് ഊക്കൻ മെമ്മോറിയൽ സ്കൂൾ ഹെഡ്മിസ്ട്രസ് സി. ജെർമിയ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രതി ഗോപി, ക്ഷേമകാര്യസമിതി ചെയർപേഴ്സൺ സരിത സുരേഷ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.യു. വിജയൻ, പഞ്ചായത്തംഗം തോമസ് തൊകലത്ത്, സെക്രട്ടറി എം. ശാലിനി, ഫോർത്ത് വേവ് ഫൗണ്ടേഷൻ ഡയറക്ടർ ഡയാന, കോർഡിനേറ്റർ മഞ്ജു, സെൻ്റ് സേവിയേഴ്സ് സ്കൂൾ മാനേജർ ഫാ. ജോയ് വട്ടോളി, ക്രൈസ്റ്റ് കോളെജ് മുൻ പ്രിൻസിപ്പൽ ഫാ. ജോസ് ചുങ്കൻ, ചമയം നാടകവേദി ചെയർമാൻ എ.എൻ. രാജൻ, കുടുംബശ്രീ ചെയർ പേഴ്സൺ സുനിത രവി, ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ലിയോ, മുരിയാട് യു.പി.എസ്. ഹെഡ്മിസ്ട്രസ് സുബി, ആനന്ദപുരം ജി.യു.പി.എസ്. ഹെഡ്മിസ്ട്രസ് ബീന സന്തോഷ്, ജനപ്രതിനിധികൾ, എൻ.എസ്.എസ്. വൊളൻ്റിയർമാർ തുടങ്ങിയവർ ചങ്ങലയിൽ കണ്ണിചേർന്നു.

തുടർന്ന് സംഗമ സാഹിതിയുടെ നേതൃത്വത്തിൽ 25ഓളം കവികൾ അണിനിരന്ന കാവ്യസന്ധ്യയും അരങ്ങേറി.

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി 

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ കെ.ഐ. നജീബ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 

ചടങ്ങിൽ കെ.ഐ. നജാഹ് അധ്യക്ഷത വഹിച്ചു. ബെന്നി ബെഹ് നാൻ എം പി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

വെള്ളാങ്ങല്ലൂർ സെൻ്റ് ജോസഫ് ചർച്ച് ഹാളിൽ നടത്തിയ ക്യാമ്പിൽ എറണാകുളം ലേക് ഷോർ ആശുപത്രിയിലെ കരൾ രോഗ വിദഗ്ധൻ ഡോ. ഫസൽ ബീരാൻകുട്ടി അടക്കം നിരവധി പ്രമുഖ ഡോക്ടർമാർ പങ്കെടുത്തു.

ട്രസ്റ്റ് ജനറൽ കൺവീനർ സാബു കണ്ടത്തിൽ, എ.ആർ. രാമദാസ്, എ. ചന്ദ്രൻ, ജലീൽ മുഹമ്മദ്, മഞ്ജു ജോർജ്ജ്, ജോർജ്ജ് തൊമ്മാന, കെ. കൃഷ്ണകുമാർ, ബിജു പോൾ, എം.എൻ. സുരേഷ്, ജോസഫ് തീതായി, വർഗ്ഗീസ് ചക്കാലക്കൽ, ഷംസു വെളുത്തേരി, ബഷീർ, അലിയാർ, രഘു എന്നിവർ നേതൃത്വം നൽകി.

നിര്യാതയായി

എൽസി

ഇരിങ്ങാലക്കുട : കല്ലേറ്റുംകര ഇടശ്ശേരി പന്തല്ലൂക്കാരൻ ദേവസ്സി ഭാര്യ എൽസി (80) നിര്യാതയായി.

സംസ്കാരം തിങ്കളാഴ്ച (ഒക്ടോബർ 27) രാവിലെ 10 മണിക്ക് കല്ലേറ്റുംകര ഉണ്ണിമിശിഹ ദേവാലയ സെമിത്തേരിയിൽ.

മക്കൾ : ബെറ്റി, ഷിബു, ഷീന, ബിജു

മരുമക്കൾ : സിജി, ഡേവിസ്, ജാസ്മിൻ

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജിൽ ഫുട്ബോൾ അക്കാദമി

ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ്‌സ് കോളെജും കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഫുട്ബോൾ ക്ലബ്ബായ ലോർഡ്സ് ഫുട്ബോൾ അക്കാദമിയും സംയുക്തമായി സെന്‍റ് ജോസഫ്‌സ് കോളെജ് ഗ്രൗണ്ടിൽ ഗ്രാസ്‌ റൂട്ട് ഫുട്ബോൾ അക്കാദമി ആരംഭിച്ചു.

കേരളത്തിൽ അന്തർദേശീയ നിലവാരത്തിലുള്ള ഫുട്ബോൾ കളിക്കാരെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ചിരിക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ മേരിക്കുട്ടി ജോയ് നിർവ്വഹിച്ചു.

കോളെജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സി അധ്യക്ഷത വഹിച്ചു.

ലോർഡ്സ് എഫ്.എ. ക്ലബ്ബിന്റെ മാനേജിംഗ് ഡയറക്ടർ ഡെറിക് ഡി. കോത്ത പദ്ധതിയുടെ ദീർഘകാല ദൗത്യം, പരിശീലന രീതികൾ, സാങ്കേതിക പിന്തുണ തുടങ്ങിയവ വിശദീകരിച്ചു.

കായിക വിഭാഗം മേധാവി തുഷാര ഫിലിപ്പ്, ഡോ. സ്റ്റാലിൻ റാഫേൽ, മുൻ അന്തർദേശീയ ഫുട്ബോൾ താരങ്ങളായ ഇട്ടിമാത്യു, പ്രഹ്ലാദൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

എൻ.എസ്. വിഷ്ണു, ഹാരിസ് ഇഗ്നേഷ്യസ് എന്നിവര്‍ അക്കാദമി കാര്യങ്ങള്‍ വിശദീകരിച്ചു.

15 വയസ്സിന് താഴെ പ്രായത്തിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ ലഭ്യമാകുന്ന ലഭ്യമാകുന്ന ഫുട്ബോൾ അക്കാദമിയുടെ പരിശീലന പരിപാടി ഫുട്ബോളിന്റെ അടിസ്ഥാന സാങ്കേതികതകളും മാനസിക- ശാരീരിക വളർച്ചയും സമന്വയിപ്പിക്കുന്ന രീതിയിലാണ് സംഘടിപ്പിക്കുന്നത്.

ഇരിങ്ങാലക്കുടയില്‍ നിന്നുള്ള കഴിവുള്ള യുവതലമുറയെ ദേശീയവും അന്തർദേശീയവുമായ ഫുട്ബോൾ താരങ്ങളാക്കി മാറ്റുകയാണ് അക്കാദമിയുടെ ലക്ഷ്യം.

കൂടുതൽ വിവരങ്ങൾക്ക് : 9538383524

സംസ്കാര സാഹിതി മുരിയാട് മണ്ഡലം കമ്മിറ്റി ചാർജ് ഏറ്റെടുത്തു

ഇരിങ്ങാലക്കുട : കലാസാംസ്കാരിക സംഘടനയായ സംസ്കാര സാഹിതിയുടെ മുരിയാട് മണ്ഡലം കമ്മിറ്റി ചാർജ് ഏറ്റെടുത്തു.

നിയോജകമണ്ഡലം ചെയർമാൻ അരുൺ ഗാന്ധിഗ്രാം യോഗം ഉദ്ഘാടനം ചെയ്തു.

നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കെ.കെ. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു.

കൺവീനർ എം.ജെ. ടോം, ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ ശ്രീജിത്ത് പട്ടത്ത്, വിബിൻ വെള്ളയത്ത്, സെക്രട്ടറി എം.എൻ. രമേഷ്, വാർഡ് മെമ്പർ നിത അർജ്ജുനൻ എന്നിവർ ആശംസകൾ നേർന്നു.

ശാലിനി ഉണ്ണികൃഷ്ണൻ (മണ്ഡലം ചെയർമാൻ), ടി.ആർ. ദിനേശ് (കൺവീനർ), ഷാരി വീനസ് (ട്രഷറർ), മറ്റു കമ്മിറ്റി അംഗങ്ങൾ എന്നിവരാണ് ചാർജ് ഏറ്റെടുത്തത്.

സംസ്കാര സാഹിതി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് പി.വി. പ്രധീഷ് സ്വാഗതവും മണ്ഡലം ട്രഷറർ ഷാരി വീനസ് നന്ദിയും പറഞ്ഞു.

മരണത്തിന്റെ കലാപരമായ ആവിഷ്ക്കാരം : നടനകൈരളിയിൽ കപില വേണുവിൻ്റെ നടനവിസ്മയം

ഇരിങ്ങാലക്കുട : നങ്ങ്യാർകൂത്തിൻ്റെ പുനരുജ്ജീവന കാലഘട്ടത്തിൽ അമ്മന്നൂർ മാധവചാക്യാർ ചിട്ടപ്പെടുത്തിയ “പൂതനയുടെ മരണം” ഇരിങ്ങാലക്കുട നടനകൈരളിയിലെ നവരസ സാധന ശില്പശാലയിൽ കപില വേണു അവതരിപ്പിച്ചത് ഇന്ത്യയുടെ നാനഭാഗത്തു നിന്നും വന്നുചേർന്ന യുവനടീനടന്മാർക്ക് അവിസ്മരണീയമായ അനുഭവമായി.

കൊടുങ്ങല്ലൂർ കളരിയിൽ നൂറ്റാണ്ടുകളായി നിലനിന്ന ‘സ്വരവായു’ എന്ന അഭിനയശൈലി അതിൻ്റെ പൂർണതയിൽ എത്തുന്നത് മരണം എന്ന യാഥാർത്ഥ്യത്തെ കലാപരമായി ആവിഷ്ക്കരിക്കുവാൻ നടത്തിയ ശ്രമങ്ങളിലൂടെയാണ്.

ഭാഗവതർ കുഞ്ഞുണ്ണി തമ്പുരാൻ “കീചകൻ്റെ മരണം” പട്ടിക്കാംതൊടി രാവുണ്ണി മേനോനെയും, “ബാലിയുടെ മരണം” അമ്മന്നൂർ മാധവ ചാക്യാരെയും അഭ്യസിപ്പിച്ചത് അവർ അരങ്ങുകളിൽ അനശ്വരമാക്കി.

കൊടുങ്ങല്ലൂർ കളരിയുടെ അഭിനയ സങ്കേതങ്ങളെ കുറിച്ച് വേണുജി ആമുഖ പ്രഭാഷണത്തിലൂടെ വിശദീകരിച്ചു.

ഡോ. സ്നേഹ ശശികുമാർ പൂതനാമോക്ഷത്തിൻ്റെ ഇതിവൃത്തം സദസ്സിന് വിശദീകരിച്ചു.

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിന് 1.77 കോടി രൂപയുടെ ഭരണാനുമതിയായി : മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാർ പ്രളയ ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ 19 റോഡുകളുടെ നവീകരണ പ്രവർത്തികൾക്കായി 1 കോടി 77 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി ഡോ.ആർ. ബിന്ദു അറിയിച്ചു.

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന മുഴുവൻ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റി പ്രദേശത്തെയും റോഡുകളാണ് നവീകരിക്കുന്നത്.

കാട്ടൂര്‍ പ‍ഞ്ചായത്തിലെ പുള്ളിപ്പറമ്പന്‍ – പണിക്കർമൂല റോഡ് (10 ലക്ഷം), പുതുക്കുളം റോഡ് (10 ലക്ഷം), കുന്നത്ത് പീടിക -വെണ്ടര്‍മൂല റോഡ് (10 ലക്ഷം), കാറളം പഞ്ചായത്തിലെ ചെമ്മണ്ട കോളനി റോഡ് (10 ലക്ഷം), ജാറം- പുളിക്കക്കടവ് റോഡ് (10 ലക്ഷം), മുരിയാട് പ‍ഞ്ചായത്തിലെ മിഷന്‍ ഹോസ്പിറ്റല്‍- കണ്ടായിനഗര്‍ റോഡ് (10 ലക്ഷം), വെറ്റിമൂല ലിങ്ക് റോഡ് (5 ലക്ഷം), ശാസ്താംകുളം റോഡ് (6 ലക്ഷം), വേളൂക്കര പഞ്ചായത്തിലെ സേന റോഡ് (10 ലക്ഷം), പൂന്തോപ്പ്- കുതിരത്തടം റോഡ് (10 ലക്ഷം), പൂമംഗലം പഞ്ചായത്തിലെ നെടുമ്പുള്ളിമന റോഡ് (10 ലക്ഷം), ആളൂര്‍ പഞ്ചായത്തിലെ കാരക്കാട്ടുചിറ ബണ്ട് റോഡ് (10 ലക്ഷം), താണിപ്പാറ കനാല്‍ ബണ്ട് റോഡ് (10 ലക്ഷം), പടിയൂര്‍ പഞ്ചായത്തിലെ വില്ലേജ് വെസ്റ്റ് റോഡ് (10 ലക്ഷം), മണ്ണുങ്ങല്‍ കടവ് റോഡ് (6 ലക്ഷം), മഴുവഞ്ചേരി തുരുത്ത്- ചക്കരപ്പാടം പാലം റോഡ് (10 ലക്ഷം), ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി വാര്‍ഡ് 3ലെ കെ.എല്‍.ഡി.സി. ബണ്ട് റോഡ് (10 ലക്ഷം), സ്ട്രീറ്റ് 4 റോഡ് (10 ലക്ഷം), കോലുകുളം റോഡ് (10 ലക്ഷം) എന്നിങ്ങനെയാണ് തുക അനുവദിക്കപ്പെട്ടിരിക്കുന്നത് എന്നും സാങ്കേതിക അനുമതി ലഭ്യമാക്കി ഉടൻതന്നെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.