മുരിയാട് എ യു പി സ്കൂളിൽ പുതുവർഷ സമ്മാനമായി കിഡ്സ് പാർക്ക്

ഇരിങ്ങാലക്കുട : എംപറർ ഇമ്മാനുവൽ സഭ ഹീൽ 2024 പദ്ധതിയിൽ ഉൾപ്പെടുത്തി മുരിയാട് എ യു പി സ്‌കൂളില്‍ നിര്‍മ്മിച്ച കുട്ടികളുടെ പാര്‍ക്ക് പുതുവർഷ സമ്മാനമായി പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് മെമ്പര്‍ ശ്രീജിത്ത് പട്ടത്ത് അധ്യക്ഷത വഹിച്ചു.

സ്‌കൂളിനോട് ചേര്‍ന്ന് ഒരുക്കിയിരിക്കുന്ന പാര്‍ക്കില്‍ വിവിധ റൈഡുകള്‍, ഇരിപ്പിടങ്ങള്‍ തുടങ്ങിയവ കുട്ടികള്‍ക്കായി ക്രമീകരിച്ചിട്ടുണ്ട്.

ചടങ്ങില്‍ അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഹെഡ്മിസ്ട്രസ് എം പി സുബി സ്വാഗതവും പി ടി എ പ്രസിഡന്റ് രജനി ഷിബു നന്ദിയും പറഞ്ഞു.

മൻമോഹൻ സിംഗിൻ്റെ വിയോഗം : അനുശോചനയോഗം നടത്തി

ഇരിങ്ങാലക്കുട : ഡോ മൻമോഹൻ സിംഗിൻ്റെ വിയോഗത്തിൽ മാപ്രാണം സെൻ്ററിൽ പുഷ്പാർച്ചനയും അനുശോചന യോഗവും നടത്തി.

മണ്ഡലം പ്രസിഡന്റ് പി കെ ഭാസി അധ്യക്ഷത വഹിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി ആൻ്റോ പെരുമ്പിള്ളി യോഗം ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർമാനും, ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റുമായ ബൈജു കുറ്റിക്കാടൻ മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് ജോബി തെക്കൂടൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.

ബ്ലോക്ക് ഭാരവാഹികളായ കെ കെ അബ്ദുള്ളക്കുട്ടി, പി എൻ സുരേഷ്, പി ബി സത്യൻ, നിഷ അജയൻ, പി എ അബ്ദുൾ ബഷീർ, കൗൺസിലർ അജിത്ത് കുമാർ, മണ്ഡലം ഭാരവാഹികളായ രഘുനാഥ് കണ്ണാട്ട്, ടി ആർ പ്രദീപ്, സി ജി റെജു, എ കെ വർഗ്ഗീസ്, എൻ കെ ഗണേഷ്, മഹിള കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ലീല അശോകൻ എന്നിവർ പ്രസംഗിച്ചു.

കൂടിയാട്ട മഹോത്സവത്തിൽ ദമയന്തി അരങ്ങേറി

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യ ഭൂമിയിൽ നടന്നു വരുന്ന കൂടിയാട്ട മഹോത്സവത്തിൽ ദമയന്തിയുടെ കഥ അരങ്ങേറി.

ക്ഷേമീശ്വരന്റെ നൈഷധാനന്ദം നാടകത്തിനെ ആസ്പദമാക്കി ദമയന്തിയുടെ നിർവ്വഹണം ചിട്ടപ്പെടുത്തി അവതരിപ്പിച്ചത് പ്രസിദ്ധ കൂടിയാട്ട കലാകാരി ഉഷാനങ്ങ്യാരാണ്.

മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം വിജയ്, ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ, താളം ആതിര ഹരിഹരൻ എന്നിവരും പങ്കെടുത്തു.

മൂന്നാം ദിവസമായ ജനുവരി ഒന്നിന് ഗുരുകുലം ശ്രുതി മധൂക ശാപം നങ്ങ്യാർ കൂത്ത് അവതരിപ്പിക്കും.

കംസൻ നായാട്ട് ചെയ്ത മധൂക മഹർഷിയുടെ ആശ്രമത്തിലെത്തുന്നതും മഹർഷിയുടെ ആഹാരമായ പുഷ്പം അപഹരിക്കുകയും അതറിഞ്ഞ മഹർഷി കംസനെ ശപിക്കുന്നതുമാണ് കഥാഭാഗം.

ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മഹോത്സവത്തിൽ പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളും നടക്കുന്നുണ്ട്.

ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അത് ലറ്റിക്സ് സ്പോർട്ട്സ് മീറ്റ് നടത്തി

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് സ്പോർട്സ് മീറ്റ് “കോമ്പാക്ട് 2k24” സെൻ്റ് ജോസഫ് കോളെജ് കായിക വിഭാഗം മേധാവിയും ഇൻ്റർനാഷണൽ സ്പോർട്സ് സൈക്കോളജിസ്റ്റുമായ ഡോ സ്റ്റാലിൻ റാഫേൽ ഉദ്ഘാടനം ചെയ്തു.

എസ് എൻ ഇ എസ് സെക്രട്ടറി ടി വി പ്രദീപ്, പ്രിൻസിപ്പാൾ പി എൻ ഗോപകുമാർ, എസ് എം സി ചെയർമാൻ പി എസ് സുരേന്ദ്രൻ, മാനേജർ എം എസ് വിശ്വനാഥൻ, പി ടി എ പ്രസിഡണ്ട് കെ കെ കൃഷ്ണകുമാർ, ഹെഡ്മിസ്ട്രസ് സജിത അനിൽ കുമാർ, കായിക വിഭാഗം മേധാവി പി ശോഭ എന്നിവർ സംസാരിച്ചു.

സ്പോർട്സ് മിനിസ്റ്റർ വി ആർ അഭിനവ് കൃഷ്ണ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

പ്രിൻസിപ്പാൾ പി എൻ ഗോപകുമാർ കഴിഞ്ഞ വർഷത്തെ ചാമ്പ്യൻ ധനഞ്ജയിന് ദീപശിഖ കൈമാറി.

പുത്തൻചിറയിൽ അൻപതോളം കുടുംബങ്ങൾ ബി ജെ പിയിൽ ചേർന്നു

ഇരിങ്ങാലക്കുട : പുത്തൻചിറ പഞ്ചായത്തിലെ സിപിഎം, കോൺഗ്രസ് പാർട്ടികൾ വിട്ട് അൻപതോളം കുടുംബങ്ങൾ ബി ജെ പിയിൽ ചേർന്നു.

ഇവർക്കുള്ള അംഗത്വ വിതരണം ബി ജെ പി സംസ്ഥാന സെക്രട്ടറി അഡ്വ എസ് സുരേഷ് നിർവ്വഹിച്ചു.

ബിജെപി പുത്തൻചിറ പഞ്ചായത്ത് പ്രസിഡന്റ് സി ആർ സുമേഷ് അധ്യക്ഷത വഹിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ഹരി, എ ആർ ശ്രീകുമാർ, ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി ജോസഫ് പടമാടൻ, ബിജെപി കൊടുങ്ങല്ലൂർ മണ്ഡലം ജനറൽ സെക്രട്ടറി എ കെ മനോജ്, കൊടുങ്ങല്ലൂർ മണ്ഡലം വൈസ് പ്രസിഡന്റ് ഐ എസ് മനോജ്, ടി സി ബിജു, രശ്മി, പി എസ് ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.

കുപ്രസിദ്ധ ഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്തി

ഇരിങ്ങാലക്കുട : ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടകളായ കൈപ്പമംഗലം കൂരിക്കുഴി സ്വദേശി തിണ്ടിക്കല്‍ വീട്ടില്‍ ഹസീബ് (26), അഴിക്കോട് ലൈറ്റ് ഹൗസ് സ്വദേശി വലിയാറ വീട്ടില്‍ സുല്‍ഫിക്കര്‍ (40) എന്നിവര്‍ക്കെതിരെ കാപ്പ ചുമത്തി.

ഹസീബിനെ 6 മാസത്തേക്ക് തടങ്കലിൽ ആക്കുകയും, സുല്‍ഫിക്കറിനെ ഒരു വര്‍ഷത്തേക്ക് തൃശൂര്‍ ജില്ലയില്‍ നിന്നും നാടു കടത്തുകയും ചെയ്തു.

ഹസീബ് വധശ്രമം, തട്ടികൊണ്ട് പോകല്‍, കവര്‍ച്ച തുടങ്ങി 12ഓളം കേസ്സുകളില്‍ പ്രതിയാണ്. കഴിഞ്ഞ ജൂലായ് മാസത്തില്‍ കാപ്പ ചുമത്തി ഹസീബിനെ ഒരു വര്‍ഷത്തേക്ക് നാടു കടത്തിയിരുന്നു. കാപ്പ ഉത്തരവ് ലംഘിച്ച് ഒക്ടോബര്‍ മാസത്തില്‍ പൂങ്കുന്നം സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ട് പോയി കവര്‍ച്ച ചെയ്ത കേസ്സില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് തൃശ്ശൂര്‍ റൂറല്‍ ജില്ല പൊലീസ് മേധാവി നവനീത് ശര്‍മ്മ ഐപിഎസ് നൽകിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഐഎഎസ് ആണ് 6 മാസത്തേക്ക് തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

കൈപ്പമംഗലം പൊലീസ് ഇന്‍സ്പെക്ടര്‍ ഷാജഹാന്‍, സബ്ബ് ഇന്‍സ്പെക്ടര്‍ സൂരജ്, എ എസ് ഐ മുഹമ്മദ് റാഫി ചേനകപറമ്പില്‍, സിവില്‍ പൊലീസ് ഓഫീസര്‍ ശ്യാംകുമാര്‍ എന്നിവര്‍ ഹസീബിന് കാപ്പ ചുമത്തിലും അറസ്റ്റ് ചെയ്യുന്നതിലും പ്രധാന പങ്ക് വഹിച്ചു.

സുല്‍ഫിക്കര്‍ വധശ്രമം, തട്ടിക്കൊണ്ട് പോകല്‍, കളവ്, ചതി തുടങ്ങിയ 18 ഓളം കേസ്സുകളില്‍ പ്രതിയാണ്. കഴിഞ്ഞ സെപ്തംബർ മാസത്തില്‍ കെ എസ് ആർ ടി സി ബസ്സിലെ യാത്രക്കാരനെ ഡോറിലൂടെ തളളി താഴെയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി നവനീത് ശര്‍മ്മ ഐപിഎസ് നൽകിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തൃശ്ശൂർ റേഞ്ച് ഡി ഐ ജി തോംസണ്‍ ജോസ് ഐപിഎസ് ആണ് 1 വര്‍ഷത്തേക്ക് നാടുകടത്തി ഉത്തരവ് പുറപ്പെടുവിച്ചത്.

കൊടുങ്ങല്ലൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ബി കെ അരുണ്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജിജോ എന്നിവര്‍ സുല്‍ഫിക്കറിന് കാപ്പ ചുമത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു.

കരുവന്നൂർ ബാങ്ക് : നിക്ഷേപകർക്ക് പണം തിരിച്ചു നൽകണം ; ഇനിയൊരു ആത്മഹത്യ ഇവിടെ സമ്മതിക്കില്ല : പ്രക്ഷോഭവുമായി ബി ജെ പി രംഗത്ത്

ഇരിങ്ങാലക്കുട : കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ 32 ലക്ഷം രൂപ നിക്ഷേപമുണ്ടായിട്ടും ഭർത്താവിൻ്റെ ചികിത്സയ്ക്ക് പണം ആവശ്യപ്പെട്ടത് നൽകാത്തതിൽ പ്രതിഷേധിച്ച് ബി ജെ പി പൊറത്തിശ്ശേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കരുവന്നൂർ ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ പ്രക്ഷോഭം സംഘടിപ്പിച്ചു.

ചികിത്സയ്ക്ക് പണം ലഭിക്കാതെ പോയ പ്രഭ ടീച്ചർ ബാങ്കിന് മുമ്പിൽ സമരമുഖത്തെത്തി കാര്യങ്ങൾ വിശദീകരിച്ചു.

ബാങ്കിലെ നിക്ഷേപകർക്ക് എത്രയും വേഗം അവരുടെ നിക്ഷേപങ്ങൾ തിരികെ നൽകണമെന്നും, ഇനിയൊരു ആത്മഹത്യ കരുവന്നൂരിൽ അനുവദിക്കില്ലെന്നും ബി ജെ പി മുന്നറിയിപ്പു നൽകി.

ബി ജെ പി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡന്റ് ടി ഡി സത്യദേവ് അധ്യക്ഷത വഹിച്ചു.

ബി ജെ പി മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, സെക്രട്ടറി വി സി രമേഷ്, ഏരിയ ജനറൽ സെക്രട്ടറി സന്തോഷ് കാര്യാടൻ, വൈസ് പ്രസിഡന്റ് സൂരജ് കടുങ്ങാടൻ,
സെക്രട്ടറി ആർട്ടിസ്റ്റ് പ്രഭ എന്നിവർ പ്രസംഗിച്ചു.

മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ ആർച്ച അനീഷ്, രാമചന്ദ്രൻ കോവിൽപറമ്പിൽ, ട്രഷറർ രമേഷ് അയ്യർ, ശ്യാംജി മാടത്തിങ്കൽ, റീജ സന്തോഷ്, സിന്ധു സതീഷ്, രാധാകൃഷ്ണൻ, ലാമ്പി റാഫേൽ, ഷാജുട്ടൻ, സരിത സുഭാഷ്, രാജു ഇത്തിക്കുളം, ചന്ദ്രൻ അമ്പാട്ട്, രമേഷ് എന്നിവർ നേതൃത്വം നൽകി.

ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാൾ : വലിയങ്ങാടി അമ്പ് ഫെസ്റ്റിവലിന്റെ ദീപാലങ്കൃത പന്തലിന്റെ കാല്‍ നാട്ടി

ഇരിങ്ങാലക്കുട : പിണ്ടിപ്പെരുന്നാളിന്റെ ഭാഗമായുള്ള വലിയങ്ങാടി അമ്പ് ഫെസ്റ്റിവലിന്റെ ദീപാലങ്കൃത പന്തലിന് കാല്‍ നാട്ടി.

ക്രൈസ്റ്റ് കോളെജ് മാനേജര്‍ ഫാ ജോയ് പീണിക്കപ്പറമ്പിലാണ് കാൽനാട്ടു കർമ്മം നിർവ്വഹിച്ചത്.

വർണ്ണക്കുട മഹോത്സവത്തിന് കൊടിയിറങ്ങി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ നാട്ടുത്സവമായ വർണ്ണക്കുട മഹോത്സവത്തിന് കൊടിയിറങ്ങി.

സമാപനദിനത്തിൽ സാംസ്കാരിക സമ്മേളനം ജയരാജ് വാരിയർ ഉദ്ഘാടനം ചെയ്തു.

വർണ്ണക്കുട സ്വാഗതസംഘം ചെയർപേഴ്സനും മന്ത്രിയുമായ ഡോ ആർ ബിന്ദു അധ്യക്ഷത വഹിച്ചു.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് മുഖ്യാതിഥിയായിരുന്നു.

സമ്മേളനത്തിൽ അയ്യപ്പക്കുട്ടി ഉദിമാനം, പല്ലൊട്ടി ടീം ജിതിൻ രാജ്, നീരജ് കൃഷ്ണ, ദീപക് വാസൻ, ഷാരോൺ ശ്രീനിവാസ്, കരിങ്കാളി ടീം കണ്ണൻ മംഗലത്ത്, ഷൈജു അവറാൻ, സജു ചന്ദ്രൻ, സാവിത്രി അന്തർജനം, വൈഗ കെ സജീവ്, സാന്ദ്ര പിഷാരടി എന്നിവരെയും വർണ്ണക്കുടയുമായി സഹകരിച്ച നൃത്താധ്യാപകരെയും സമ്മേളനത്തിൽ ആദരിച്ചു.

ജില്ലാ പഞ്ചായത്തംഗങ്ങൾ, മണ്ഡലത്തിലെ വിവിധ ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ, പഞ്ചായത്ത് പ്രസിഡൻ്റുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, വിവിധ സഹകരണ ബാങ്ക് പ്രസിഡൻ്റുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് സ്വാഗതവും സ്റ്റേജ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ കെ ആർ വിജയ നന്ദിയും പറഞ്ഞു.

പൊറത്തൂച്ചിറ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് പ്രതിരോധ കലാസന്ധ്യ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : നഗരസഭയിലെ 32, 33, 35, 36 എന്നീ വാർഡുകളിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനും, കല്ലടത്താഴം, തളിയക്കോണം പടവുകളിലെ നെൽകൃഷിക്ക് ജലലഭ്യത ഉറപ്പാക്കുന്നതിനുമായി മുണ്ടകൻ കൊയ്ത്തിന് ശേഷം സംയുക്ത കർഷക സമിതി പാടശേഖരത്തിൽ പതോലി പാലത്തിന് സമീപം നിർമ്മിച്ചിട്ടുള്ള സ്ലൂയിസ് ഷട്ടർ അടച്ച് വെള്ളം സംഭരിച്ചു നിർത്തുന്ന പൊറത്തൂച്ചിറ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള കർഷകസംഘം പൊറത്തിശ്ശേരി മേഖലാ കമ്മിറ്റി പ്രതിരോധ കലാസന്ധ്യ സംഘടിപ്പിച്ചു.

തുലാവർഷക്കാലത്ത് ലഭിക്കുന്ന മഴവെള്ളം സംഭരിച്ചാണ് പൊറത്തൂച്ചിറ ജലസമൃദ്ധമാക്കുന്നത്. എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി ഇരിങ്ങാലക്കുട പട്ടണത്തിലെ തരിശിട്ടിരിക്കുന്ന ചെളിയംപാടം, കാട്ടൂർ റോഡിനു സമീപം പ്രവർത്തിക്കുന്ന വർക്ക് ഷോപ്പുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മലിനജലമാണ് ചിറയിൽ ഒഴുകിയെത്തുന്നതെന്ന് കർഷകസംഘം ആരോപിച്ചു.

ചില സാമൂഹ്യദ്രോഹികൾ സെപ്റ്റിക് ടാങ്ക് മാലിന്യവും ചിറയിലേക്കെത്തുന്ന കല്ലേരിത്തോടിൽ ഒഴുക്കിവിടുന്നുണ്ടെന്നും തന്മൂലം ചിറയിലെ വെള്ളം കറുത്തിരുണ്ട് ദുർഗ്ഗന്ധം വമിക്കുന്നതായുമുള്ള പ്രദേശവാസികളുടെ പരാതികൾക്ക് അവസാനമില്ലാതായിരിക്കുകയാണ്.

മാലിന്യപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ അധികൃതർക്ക് പല തവണ നിവേദനങ്ങൾ നൽകിയിട്ടും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് കർഷകസംഘം കുറ്റപ്പെടുത്തി.

ഇതിൽ പ്രതിഷേധിച്ചാണ് കർഷകസംഘം പൊറത്തൂച്ചിറയോരത്ത് പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി പ്രതിരോധ കലാസന്ധ്യ സംഘടിപ്പിച്ചത്.

കർഷകസംഘം ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി ടി ജി ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു.

മേഖലാ പ്രസിഡന്റ് ഐ ആർ ബൈജു അധ്യക്ഷത വഹിച്ചു.

സി പി എം പൊറത്തിശ്ശേരി ലോക്കൽ സെക്രട്ടറി ആർ എൽ ജീവൻലാൽ, കെ ജെ ജോൺസൺ, വി എസ് പ്രതാപൻ, കൗൺസിലർമാരായ സി സി ഷിബിൻ, സതി സുബ്രഹ്മണ്യൻ, ലേഖ ഷാജൻ, സി എം സാനി,
കേരള ശസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ ഭാരവാഹികളായ അഡ്വ പി പി മോഹൻദാസ്, റഷീദ് കാറളം എന്നിവർ പ്രസംഗിച്ചു.

കർഷകസംഘം പൊറത്തിശ്ശേരി മേഖലാ സെക്രട്ടറി എം നിഷാദ് സ്വാഗതവും സി ആർ മനോജ് നന്ദിയും പറഞ്ഞു.

തുടർന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർ അവതരിപ്പിച്ച ലഘുനാടകം, കഥാപ്രസംഗം, നാടൻപാട്ട്, പുല്ലാങ്കുഴൽ കച്ചേരി, കവിതാലാപനം തുടങ്ങിയവ അരങ്ങേറി.

പ്രതിരോധ കലാസന്ധ്യയുടെ ഭാഗമായി ചിറയിലെ വെള്ളവും, മണ്ണും സംരക്ഷിച്ച് പ്രദേശവാസികളുടെയും പക്ഷിമൃഗാദികളുടെയും ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികൾക്ക് ബഹുജനങ്ങൾ ഒപ്പിട്ട നിവേദനവും നൽകിയിട്ടുണ്ട്.