സ്‌കൂള്‍ വാര്‍ഷികവും ഡോക്യുമെന്ററി പ്രകാശനവും

ഇരിങ്ങാലക്കുട : കിഴുത്താണി രാജര്‍ഷി മെമ്മോറിയല്‍ ലോവര്‍ പ്രൈമറി സ്‌കൂളിന്റെ 121-ാം വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃ ദിനവും മാതൃസംഗമവും കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തംഗം പി.വി. സുരേന്ദ്രലാല്‍ അധ്യക്ഷത വഹിച്ചു.

ഗായകന്‍ സജീവ് വെള്ളാനി മുഖ്യാതിഥിയായി.

കെ.എസ്. രമേഷ്, ബീന സുബ്രഹ്മണ്യന്‍, നിഷ പ്രവീണ്‍ എന്നിവര്‍ സമ്മാനദാനം നടത്തി.

മുന്‍ മാനേജര്‍ ഇ. അപ്പുമേനോന്റെ ശതാഭിഷേകത്തോടനുബന്ധിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രകാശനം ഫാ. ഡോ. തറമ്മേല്‍ നിര്‍വഹിച്ചു.

“ജീവിതമാണ് ലഹരി – ലഹരിയല്ല ജീവിതം” : 8ന് വിദ്യാർത്ഥി യുവജന മഹിളാ സംഗമം

ഇരിങ്ങാലക്കുട : വർത്തമാന കേരളം നേരിടുന്ന മഹാവിപത്തിനെതിരെ മാർച്ച് 8-ാം തിയ്യതി ശനിയാഴ്ച്ച വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട ടൗൺ ഹാളിന് സമീപമുള്ള അയ്യൻകാളി സ്ക്വയറിൽ എ. ഐ. എസ്. എഫ് – എ. ഐ. വൈ. എഫ് – കേരള മഹിളാ സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥി യുവജന മഹിളാ സംഗമം സംഘടിപ്പിക്കും.

പ്രശസ്ത ചലച്ചിത്ര സംവിധായകൻ കമൽ ഉദ്ഘാടനം ചെയ്യും.

സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

സി പി ഐ മണ്ഡലം സെക്രട്ടറി പി.മണി ക്യാമ്പയിൻ്റെ കാര്യങ്ങൾ വിശദീകരിച്ചു.

മഹിളാ സംഘം മണ്ഡലം
പ്രസിഡന്റ് സുമതി തിലകൻ അദ്ധ്യക്ഷത വഹിച്ചു.

കേരള ഫീഡ്സ് ചെയർമാൻ കെ. ശ്രീകുമാർ, എ. ഐ. വൈ. എഫ് ജില്ലാ പ്രസിഡന്റ് എ എസ് ബിനോയ്, മഹിളാ സംഘം സംസ്ഥാന കമ്മിറ്റി അംഗം അനിത രാധാകൃഷ്ണൻ, സി പി ഐ മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം കെ. സി. ബിജു, എ. ഐ. വൈ. എഫ് മണ്ഡലം സെക്രട്ടറി ടി. വി. വിബിൻ, എഐഡി ആർഎം സംസ്ഥാന ട്രഷറർ ബാബു ചിങ്ങാരത്ത്, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുധ ദിലീപ്, എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം മിഥുൻ പോട്ടക്കാരൻ എന്നിവർ സംസാരിച്ചു.

യുവ നൃത്ത പ്രതിഭകൾ നടനകൈരളിയിൽ

ഇരിങ്ങാലക്കുട : ഒഡിസ്സി നൃത്തരംഗത്തെ യുവതാരവും പ്രസിദ്ധ നർത്തകി ബിജായിനി സത്‌പതിയുടെ ശിഷ്യയുമായ പ്രിഥി നായക് നടനകൈരളിയുടെ 122-ാമത് നവരസ സാധന ശില്പശാലയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന നവരസോത്സവത്തിൽ മാർച്ച് 9-ന് വൈകുന്നേരം 6 മണിക്ക് അരങ്ങിലെത്തും.

കുച്ചിപ്പുടി നർത്തകി രഞ്ജിനി നായർ, ഭരതനാട്യം നർത്തകിമാരായ കൃഷ്ണ. പി. ഉണ്ണി, പ്രതിഭാ കിനി, സുജാത രാമനാഥൻ, വിനിതാ രാധാകൃഷ്ണൻ എന്നിവരും, പൂർവിപാലൻ, തെജോയ് ഭട്ടാരു, ശാലിനി രഘുനാഥൻ, കൃഷ് ജെയിൻ എന്നിവരും തങ്ങളുടെ അഭിനയ പ്രകടനങ്ങൾ അവതരിപ്പിക്കും.

ഗുരു വേണുജി നേതൃത്വം നൽകുന്ന നവരസ സാധന ശില്പശാലയിൽ പങ്കെടുക്കുവാനാണ് ഇവർ നടന കൈരളിയിൽ എത്തിച്ചേർന്നിട്ടുള്ളത്.

നിര്യാതയായി

ലളിത

ഇരിങ്ങാലക്കുട : എടതിരിഞ്ഞി പൂവേലി ഗോവിന്ദൻ മാസ്റ്റർ ഭാര്യ ലളിത (85)നിര്യാതയായി.

കൊടുങ്ങല്ലൂർ കൊള്ളിക്കത്തറ കുടുംബാംഗമാണ്.

സംസ്കാരം ഇന്ന് (വ്യാഴാഴ്ച) വൈകിട്ട് 3.30 ന് വീട്ടുവളപ്പിൽ.

ഭർത്താവ് : പി. വി.ഗോവിന്ദന്‍ മാസ്റ്റര്‍ (മുന്‍ മാനേജർ, എച്ച് ഡി പി എസ്,എടതിരിഞ്ഞി, റിട്ട ഹെഡ് മാസ്റ്റർ, ടി ടി ഐ, പനങ്ങാട്)

മക്കള്‍ : പി. ജി.സജൻ (മുന്‍ പ്രധാനാധ്യാപകൻ, എച്ച് ഡി പി എസ്,എടതിരിഞ്ഞി), മായ, മഞ്ജു

മരുമക്കൾ : രാധിക സാജന്‍ (ഗവ. ഐടിഐ,ചാലക്കുടി), രഘു, ദേവന്‍

യുവതിയുടെ അസ്വഭാവിക മരണം : ഭർത്താവ് അറസ്റ്റിൽ

ഇരിങ്ങാലക്കുട : മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴുവിലങ്ങിൽ ഭർത്താവിൻ്റെ പീഡനത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു.

ചേനോത്തുപറമ്പിൽ വീട്ടിൽ പ്രശാന്തി(40)നെയാണ് മതിലകം പൊലീസ് ഇൻസ്പെക്ടർ എം.കെ. ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്.

ഫേസ്ബുക്ക്‌ വഴി പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിയായ 34 വയസ്സുള്ള യുവതിയെ പ്രശാന്ത് വിവാഹം കഴിക്കുകയായിരുന്നു. പ്രശാന്തിൽ നിന്നുള്ള പീഡനം സഹിക്കാനാവാതെയാണ് യുവതി തൂങ്ങി മരിച്ചതെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി.

നാട്ടുകാരുടെ ശ്രമങ്ങൾ വിഫലമായി; ഉണ്ണികൃഷ്ണൻ യാത്രയായി

ഇരിങ്ങാലക്കുട : നാട്ടുകാരുടെ ശ്രമങ്ങളെല്ലാം വിഫലമാക്കി കുഴിക്കാട്ടുശ്ശേരി മാട്ടപ്പറമ്പിൽ ചാത്തൻ മകൻ ഉണ്ണികൃഷ്ണൻ(60) യാത്രയായി.

കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ അണുബാധ മൂലം വലതുകാൽ മുട്ടിനുമുകളിൽ വച്ച് മുറിച്ചുമാറ്റേണ്ടി വന്നിരുന്നു. ഒരുമാസത്തിനുശേഷം തൊണ്ടയിൽ കാൻസർ ബാധയുമുണ്ടായി. കഴിഞ്ഞ ഏപ്രിലിൽ ഗൾഫിൽ ജോലിക്കുപോയ മൂത്തമകൻ സർജിൽകൃഷ്ണ രണ്ട് മാസം തികയുംമുമ്പ് അവിടെവച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു.

ഉണ്ണികൃഷ്ണൻ്റെ രോഗബാധയെ തുടർന്ന് രോഗികളായ ഭാര്യയും ഇളയ മകനുമടങ്ങിയ കുടുംബത്തിന്റെ ജീവിതം തന്നെ വഴിമുട്ടിയ സാഹചര്യത്തിലാണ് നാട്ടുകാർ സഹായനിധി രൂപീകരിച്ച് ധനസമാഹരണം നടത്തി ചികിത്സ നടത്തിയത്.

അടച്ചുറപ്പില്ലാത്ത കൊച്ചു വീട്ടിൽ നിന്നും വാടക വീട്ടിലേക്ക് മാറ്റി പാർപ്പിക്കുകയും ചെയ്തിരുന്നു. 6 മാസമായി കോട്ടയം, തൃശൂർ മെഡിക്കൽ കോളെജുകളിൽ ചികിത്സ നൽകിയിരുന്നു.

വത്സലയാണ് ഭാര്യ. മകൻ സിറിൽകൃഷ്ണ.

സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് ചാലക്കുടി പൊതുശ്മശാനത്തിൽ.

കല്‍പ്പറമ്പില്‍ ട്രാന്‍സ്‌ഫോര്‍മറിനു തീപിടിച്ചു

ഇരിങ്ങാലക്കുട : കല്‍പ്പറമ്പില്‍ ട്രാന്‍സ്‌ഫോര്‍മറിനു തീപിടിച്ചു. കല്‍പ്പറമ്പ് സെന്ററിലെ ട്രാന്‍സ്‌ഫോര്‍മറിനാണ് തീപിടിച്ചത്.

ഇന്നലെ രാത്രി 8.30ഓടെയാണ് സംഭവം. തീ ഉയരുന്നതു കണ്ട സമീപവാസികള്‍ കെ.എസ്.ഇ.ബി. അധികൃതരെ വിവരമറിയിച്ചു. സംഭവമറിഞ്ഞ് ഇരിങ്ങാലക്കുടയില്‍ നിന്നും അഗ്നിശമനസേനാംഗങ്ങൾ എത്തി തീ അണച്ചു.

നാട്ടുകാരും സമീപത്തെ വീടുകളില്‍ നിന്നും മറ്റും വെള്ളം കൊണ്ടുവന്ന് തീ അണക്കാന്‍ സഹായിച്ചു.

തീ പടര്‍ന്നയുടനെ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടിരുന്നു.

വീട്ടുമുറ്റത്തെ മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതി : കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : നഗരസഭ നടപ്പിലാക്കുന്ന വീട്ടുമുറ്റത്തെ മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായി കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.

വിതരണോദ്ഘാടനം ചെയര്‍പേഴ്‌സണ്‍ മേരിക്കുട്ടി ജോയ് നിര്‍വഹിച്ചു.

വൈസ് ചെയര്‍മാന്‍ ബൈജു കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു.

വാര്‍ഡ് കൗണ്‍സിലര്‍ പി.ടി. ജോര്‍ജ്, സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. എന്‍.കെ. സന്തോഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഫെനി എബിന്‍ വെള്ളാനിക്കാരന്‍, അംബിക പള്ളിപ്പുറത്ത്, ജെയ്സണ്‍ പാറേക്കാടൻ, മുന്‍ വൈസ് ചെയര്‍മാന്‍ ടി.വി. ചാര്‍ലി, വെറ്റിറനറി സര്‍ജന്‍ ഡോ. എം.ജി. സജേഷ് എന്നിവര്‍ പ്രസംഗിച്ചു.

237 ഗുണഭോക്താക്കള്‍ക്ക് 45 മുതല്‍ 60 ദിവസം പ്രായമുള്ള അഞ്ചു കോഴിക്കുഞ്ഞുങ്ങളെ വീതമാണ് ഇരിങ്ങാലക്കുട പോളി ക്ലിനിക്കില്‍ വെച്ച് വിതരണം ചെയ്തത്.

നാഷണല്‍ ഇന്‍റഗ്രേഷന്‍ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം നേടി ക്രൈസ്റ്റ് കോളെജിലെ വിദ്യാർഥികൾ

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളെജില്‍ നിന്ന് എന്‍.എസ്.എസ്. വൊളൻ്റിയര്‍മാരായ പി.എ. ഹരിനന്ദനും ലക്ഷ്മി എസ്. കുമാറിനും ഒഡീഷ്യയിലെ ബെര്‍ഹാംപുര്‍ യൂണിവേഴ്‌സിറ്റിയില്‍ മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് നടത്തുന്ന നാഷണല്‍ ഇന്‍റഗ്രേഷന്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം.

എടക്കുളം സ്വദേശികളായ പട്ടശ്ശേരി വീട്ടില്‍ അനീഷ് – ജാസ്മി ദമ്പതികളുടെ മകന്‍ പി.എ. ഹരിനന്ദന്‍, കൊടുങ്ങല്ലൂര്‍ ശൃംഗപുരം സ്വദേശികളായ പുത്തന്‍കോവിലകം ശ്രീകുമാര്‍ – ലേഖ എന്നിവരുടെ മകള്‍ ലക്ഷ്മി എസ്. കുമാര്‍ എന്നിവര്‍ക്കാണ് ഈ സുവര്‍ണാവസരം കൈവന്നിരിക്കുന്നത്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്‍.എസ്.എസ്. സെല്ലിന്‍റെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ മത്സരപരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷന്‍, യൂണിവേഴ്‌സിറ്റിതലത്തിലുള്ള അഭിമുഖം എന്നിവ നടത്തിയാണ് ഇരുവരെയും തെരഞ്ഞെടുത്തത്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോഴിക്കോട് ജില്ലാ കോര്‍ഡിനേറ്ററായ ഫൈസല്‍ അഹമ്മദിന്‍റെ നേതൃത്വത്തില്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള വിവിധ കോളെജുകളില്‍ നിന്നായി ആറ് എന്‍.എസ്.എസ്. വൊളൻ്റിയര്‍മാരാണ് കേരളത്തെ പ്രതിനിധീകരിച്ച് ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ജനുവരിയില്‍ നാഷണല്‍ യൂത്ത് ഫെസ്റ്റിവലിന്‍റെ ഭാഗമായി ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ വച്ച് നടന്ന ”വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ്” എന്ന പരിപാടിയില്‍ പ്രധാനമന്ത്രിയുമായി സംവദിക്കാനുള്ള അവസരവും എടക്കുളം സ്വദേശി ഹരിനന്ദന് ലഭിച്ചിരുന്നു.

ഐ.എസ്.എസ്.എ.യുടെ എക്സിക്യൂട്ടിവ് ബോർഡിലെ ആദ്യ ഇന്ത്യൻ പ്രതിനിധി ഇരിങ്ങാലക്കുട സ്വദേശി അജയ് ജോസഫ്

ഇരിങ്ങാലക്കുട : ഇന്റർനാഷണൽ ഷിപ്പ് സപ്ലയേഴ്സ് അസോസിയേഷൻ്റെ (ഐ.എസ്.എസ്.എ.) ഇന്ത്യൻ പ്രതിനിധിയായി ഇരിങ്ങാലക്കുട ചെമ്മണ്ട സ്വദേശി അജയ് ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു.

1955ൽ രൂപീകൃതമായ ഐ.എസ്.എസ്.എ. ഇന്റർനാഷണൽ എക്സിക്യൂട്ടിവ് ബോർഡിലേക്ക് ആദ്യമായാണ് ഒരു ഇന്ത്യൻ പ്രതിനിധി തെരഞ്ഞെടുക്കപ്പെടുന്നത്.

ലോകത്തിലെ 90 രാജ്യങ്ങളിൽ നിന്നായി രണ്ടായിരത്തിലേറെ കമ്പനികൾക്ക് അംഗത്വമുള്ള അസോസിയേറ്റ്സ് അംഗങ്ങളുടെ പ്രതിനിധിയായാണ് അജയ് ജോസഫ് തെരഞ്ഞെടുക്കപ്പെട്ടത്.

കണ്ടെയ്നർ കപ്പലുകൾ, ആഡംബര കപ്പലുകൾ എന്നിവയ്ക്ക് സ്പെയർ പാർട്ട്സുകളും, സർവീസുകളും ലഭ്യമാക്കുന്നവരുടെ അസോസിയേഷനാണിത്.

മുംബൈയിൽ ഗ്ലോബൽ മറൈൻ സപ്ലൈ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ് അജയ് ജോസഫ്.

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് എത്തുന്ന ഷിപ്പുകൾക്ക് സർവ്വീസ് നൽകി കൊണ്ടിരിക്കുന്ന കമ്പനി കൂടിയാണ് ഗ്ലോബൽ മറൈൻ സപ്ലൈ കമ്പനി.