ഇങ്ങനെയും ഒരു കോളെജ് മാഗസിൻ : മാഗസിൻ പുറത്തിറക്കിയത് പഠിച്ചിറങ്ങി 45 വർഷങ്ങൾക്ക് ശേഷം

ഇരിങ്ങാലക്കുട : കലാലയത്തിൽ നിന്നും പഠിച്ചിറങ്ങി ഏറെക്കാലത്തിനുശേഷം ഒരു മാഗസിൻ പ്രസിദ്ധീകരിക്കുക, അതും 45 വർഷങ്ങൾക്ക് ശേഷം.

ക്രൈസ്റ്റ് കോളേജ് 1977- 80 ബികോം ബാച്ചിലെ പൂർവ്വ വിദ്യാർഥികളാണ് അസാധാരണമായ ഈ സംരംഭം വിജയകരമായി പൂർത്തിയാക്കിയത്.

ബാച്ച് അംഗങ്ങളുടെ തന്നെ രചനകളാണ് 60 പേജ് വരുന്ന ഈ മാഗസിനിൻ്റെ ഉള്ളടക്കം.

നാലര പതിറ്റാണ്ടു മുൻപത്തെ കലാലയസ്മരണകളും സമകാലീന സംഭവവികാസങ്ങളുമുണ്ട് ഈ കൃതിയിൽ.

പിൽക്കാലത്ത് ഇഹലോക വാസം വെടിഞ്ഞ അധ്യാപകരെയും സഹപാഠികളെയും ഓർക്കുന്നതിനുപുറമേ ഒരു മെമ്പർ ഡയറക്ടറിയും ഈ മാഗസിനിൽ ചേത്തിരിക്കുന്നു.

കോളെജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് മാഗസിൻ പ്രകാശനം ചെയ്തു.

5 വർഷങ്ങൾക്ക് മുമ്പാണ് ഇവർ ഈ കൂട്ടായ്മ രൂപീകരിക്കുന്നത്. പിന്നീട് തുടർച്ചയായി സംഗമങ്ങളും നടത്തിവരുന്നുണ്ട്.

1977-80ലെ ബികോം ക്ലാസ്സ് ആയിരുന്നു ക്രൈസ്റ്റ് കോളെജിലെ ഏറ്റവും വലിയ കൊമേഴ്സ് ബിരുദപഠന ബാച്ച്. ഈ ബാച്ചിലെ 80 പേരിൽ ഇന്ന് ജീവിച്ചിരിക്കുന്ന 65 പേരും കൂട്ടായ്മയിൽ അംഗങ്ങളാണ്.

കന്യാസ്ത്രീകളെ അപമാനിച്ചവർക്കെതിരെ ശക്തമായ നടപടി വേണം : അഡ്വ. തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട : ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അപമാനിക്കുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്ത ബജ്രംഗ്ദൾ തീവ്രവാദികൾക്കെതിരെ
ശക്തമായ ശിക്ഷാ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ്‌ ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു.

ഇതിന് കൂട്ടുനിൽക്കുന്ന ഛത്തീസ്ഗഢ് സർക്കാരും പൊലീസും കടുത്ത ക്രൂരതയാണ് ചെയ്തിട്ടുള്ളത്. ജയിലിലടക്കപ്പെട്ട കന്യാസ്ത്രീകളെ ഉടൻ വിട്ടയക്കണമെന്നും ഉണ്ണിയാടൻ ആവശ്യപ്പെട്ടു.

കേരള കോൺഗ്രസ്സിന്റെ സംസ്ഥാന തല പ്രതിഷേധ ധർണ്ണയുടെ ഭാഗമായി ഇരിങ്ങാലക്കുടയിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി.

ഭാരവാഹികളായ സേതുമാധവൻ പറയംവളപ്പിൽ, പി.ടി. ജോർജ്ജ്, സതീഷ് കാട്ടൂർ, ലിംസി ഡാർവിൻ, എം.എസ്. ശ്രീധരൻ മുതിരപ്പറമ്പിൽ, ഫിലിപ്പ് ഓളാട്ടുപുറം, അഷ്റഫ് പാലിയത്താഴത്ത്, എ.ഡി. ഫ്രാൻസിസ്, നൈജു ജോസഫ് ഊക്കൻ, വിനോദ് ചേലൂക്കാരൻ, യോഹന്നാൻ കോമ്പാറക്കാരൻ, ലാസർ കോച്ചേരി, ജോസ് തട്ടിൽ, മോഹനൻ ചാക്കേരി, ആർതർ വിൻസെന്റ് ചക്കാലയ്ക്കൽ, ലാലു വിൻസെന്റ് പള്ളായി, ബീന വാവച്ചൻ, ലില്ലി തോമസ്, ആന്റോൺ പറോക്കാരൻ, റാണി കൃഷ്ണൻ, സി.ആർ. മണികണ്ഠൻ, വാവച്ചൻ അക്കരക്കാരൻ എന്നിവർ പ്രസംഗിച്ചു.

ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾക്കെതിരെ വ്യാജ നിയമ നടപടി : ഇരിങ്ങാലക്കുടയിൽ കോൺഗ്രസ് പ്രതിഷേധം

ഇരിങ്ങാലക്കുട : ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾക്കെതിരെ വ്യാജ പരാതിയിന്മേൽ കേസെടുത്ത് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് സോമൻ ചിറ്റേത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം ഡിസിസി ജനറൽ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു.

മുൻ ബ്ലോക്ക്‌ പ്രസിഡന്റ് ടി.വി. ചാർളി, ബ്ലോക്ക്‌ സെക്രട്ടറിമാരായ വി.സി. വർഗ്ഗീസ്, സതീഷ് പുളിയത്ത്, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് അബ്‌ദുൾ ഹഖ്, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

ബ്ലോക്ക്‌ ഭാരവാഹികളായ ജോസഫ് ചാക്കോ, വിജയൻ ഇളയേടത്ത്, ബൈജു കുറ്റിക്കാടൻ, പി.എം. അബ്‌ദുൾ സത്താർ, ടി.ഐ. ബാബു, അഡ്വ. ഷിജു പാറേക്കാടൻ, ജോൺസൻ കൈനാടത്തുപറമ്പിൽ, പി.ബി. സത്യൻ, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റുമാരായ പി.കെ. ഭാസി, ബാബു തോമസ്, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ജോമോൻ മണാത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

സംഗമേശന്റെ ഇല്ലം നിറയ്ക്കായി ദേവസ്വം ഭൂമിയിൽ നൂറുമേനി വിളവെടുപ്പ്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ ഇന്ന് നടക്കുന്ന ഇല്ലംനിറയ്ക്കായി ചൊവ്വാഴ്ച രാവിലെ ദേവസ്വം വക കൊട്ടിലാക്കൽ പറമ്പിൽ നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് നടത്തി.

കൊയ്ത്തുത്സവം ക്ഷേത്രം തന്ത്രി തരണനെല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി അധ്യക്ഷത വഹിച്ചു.

ഭരണസമിതി അംഗങ്ങളായ ഡോ. മുരളി ഹരിതം, അഡ്വ. കെ.ജി. അജയ്കുമാർ, കെ. ബിന്ദു, അഡ്മിനിസ്ട്രേറ്റർ രാധേഷ്, ദേവസ്വം ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.

കൊയ്ത്തുത്സവത്തോടനുബന്ധിച്ച് ഉദിമാനം അയ്യപ്പൻകുട്ടിയും സംഘവും അവതരിപ്പിച്ച നാടൻപാട്ടും അരങ്ങേറി.

മന്ത്രി വാക്ക് പാലിച്ചു : ഠാണാ – ചന്തക്കുന്ന് റോഡ് വികസന പ്രവൃത്തികൾ ആരംഭിച്ചു

ഇരിങ്ങാലക്കുട : മന്ത്രി ഡോ. ആർ. ബിന്ദു വാക്കു പാലിച്ചു. ചൊവ്വാഴ്ച രാവിലെ തന്നെ ഠാണാ – ചന്തക്കുന്ന് ജംഗ്ഷൻ വികസന പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

കാന നിർമ്മാണത്തിനായുള്ള ഭാഗം വൃത്തിയാക്കുന്ന നടപടികൾക്കാണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്.

ഠാണാ – ചന്തക്കുന്ന് റീച്ചിലെയും അനുബന്ധ റോഡുകളിലെയും യൂട്ടിലിറ്റി ഷിഫ്റ്റിംഗ് പ്രവൃത്തികളായിരിക്കും ആദ്യം ആരംഭിക്കുക.

45 കോടി രൂപ വകയിരുത്തിയ പദ്ധതി പ്രകാരം ചന്തക്കുന്ന് – മൂന്നുപീടിക റോഡിൽ 50 മീറ്ററും, കൊടുങ്ങല്ലൂർ റോഡിൽ സെൻ്റ് ജോസഫ്സ് കോളെജ് വരെയും, ഠാണാവിൽ തൃശൂർ റോഡിൽ പൂതംകുളം റോഡ് വരെയും, ചാലക്കുടി റോഡിൽ താലൂക്ക് ആശുപത്രി വരെയും ആണ് വികസനം നടപ്പാക്കുന്നത്.

ഠാണാ – ചന്തക്കുന്ന് റോഡിൽ 17 മീറ്റർ വീതിയിൽ ഏറ്റെടുത്ത സ്ഥലത്ത് 12 മീറ്റർ വീതിയിൽ മധ്യത്തിൽ ഡിവൈഡർ ഉൾപ്പെടെ സജ്ജീകരിക്കും.

സംസ്ഥാനപാതയിൽ 14 മീറ്റർ വീതിയിൽ കോൺക്രീറ്റ് റോഡും നിർമ്മിക്കും. ഇതിനു പുറമേ ട്രാഫിക് സേഫ്റ്റിക്ക് വേണ്ടിയുള്ള ലൈൻ മാർക്കിംഗ്, റിഫ്ലക്ടറുകൾ, സൂചനാ ബോർഡുകൾ, ദിശാ ബോർഡുകൾ എന്നിവയും സ്ഥാപിക്കും.

രൂക്ഷമായ വിലക്കയറ്റം : പട്ടിണി സമരവുമായി മഹിളാ മോർച്ച

ഇരിങ്ങാലക്കുട : സംസ്ഥാനത്തെ രൂക്ഷമായ വിലക്കയറ്റത്തിനെതിരെ ബി.ജെ.പി. തൃശൂർ സൗത്ത് ജില്ലാ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് പരിസരത്ത് പട്ടിണി സമരം നടത്തി.

ബിജെപി ദേശീയ കൗൺസിൽ അംഗം എം.എസ്. സമ്പൂർണ്ണ അടുപ്പു കൂട്ടി കഞ്ഞി വെച്ച് സമരം ഉദ്ഘാടനം ചെയ്തു.

ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കവിത ബിജു അധ്യക്ഷത വഹിച്ചു.

ജില്ല വൈസ് പ്രസിഡന്റ് വിനീത ടിങ്കു, ജില്ല സെക്രട്ടറിമാരായ പ്രഭ ടീച്ചർ, അഡ്വ. ആശ രാമദാസ്, രശ്മി ബാബു എന്നിവർ പ്രസംഗിച്ചു.

ആർച്ച അനീഷ്, കാർത്തിക സജയ്, സജിത അമ്പാടി, രജനി രാജേഷ്, ആഷിഷ ടി. രാജ്, ധന്യ ഷൈൻ, അമ്പിളി ജയൻ, മായ അജയൻ, വിജയകുമാരി അനിലൻ, റീന സുരേഷ്, സരിത സുഭാഷ്, ശിവകന്യ, സിന്ധു സതീഷ് എന്നിവർ നേതൃത്വം നൽകി.

ഗാന്ധിദർശൻ വേദിയുടെഗാന്ധിയൻ പുരസ്കാരം കെ. വേണുഗോപാലിന്

ഇരിങ്ങാലക്കുട : ഗാന്ധിദർശൻവേദി നിയോജക മണ്ഡലം കമ്മിറ്റി പൂമംഗലം മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.പി. മാത്യു മാസ്റ്ററുടെ ഓർമ്മയ്ക്കായി വർഷംതോറും നൽകിവരുന്ന ഗാന്ധിയൻ സാമൂഹ്യ സേവന പുരസ്കാരം ഗാന്ധിയനും ഇരിങ്ങാലക്കുട മുൻ നഗരസഭ വൈസ് ചെയർമാനുമായിരുന്ന കെ. വേണുഗോപാലിന്.

10001 രൂപയും മൊമെന്റോയും അടങ്ങുന്നതാണ് പുരസ്കാരം.

ആഗസ്റ്റ് 2ന് ഇരിങ്ങാലക്കുട പ്രിയ ഹാളിൽ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും.

ചടങ്ങിൽ സമസ്ത കേരള സാഹിത്യ പരിഷത്ത് സംസ്ഥാന ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ഗാന്ധിദർശൻ വേദി സംസ്ഥാന ജനറൽ സെക്രട്ടറിയും സാഹിത്യകാരനുമായ ഡോ. അജിതൻ മേനോത്തിന് സമാദരണം, ഗുരുദേവൻ – മഹാത്മാഗാന്ധി സമാഗമത്തിൻ്റെ ശതവാർഷിക സ്മരണ സെമിനാർ എന്നീ പരിപാടികളും ഉണ്ടായിരിക്കും.

ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി.യെ സംരക്ഷിക്കാൻ ഒറ്റക്കെട്ടായി മുന്നേറുമെന്ന് നാട്ടുകാർ

ഇരിങ്ങാലക്കുട : അടച്ചു പൂട്ടൽ ഭീഷണി നേരിടുന്ന ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി. ഡിപ്പോവിനെ കൈ പിടിച്ചുയർത്താൻ ഒറ്റക്കെട്ടായി മുന്നേറുമെന്ന തീരുമാനവുമായി നാട്ടുകാർ.

കെ.എസ്.ആർ.ടി.സി. സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാരെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച വിപുലമായ യോഗത്തിലാണ് സമരാഹ്വാനവുമായി നാട്ടുകാർ ഒറ്റക്കെട്ടായി മുന്നോട്ടു വന്നത്.

ഇരിങ്ങാലക്കുടയുടെ പടിഞ്ഞാറൻ മേഖലയിൽ പെട്ട പന്ത്രണ്ടോളം റെസിഡൻ്റ്സ് അസോസിയേഷനുകളിലെ അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.

കെ.എസ്.ആർ.ടി.സി. സംരക്ഷണ സമിതി ചെയർമാൻ രാജീവ് മുല്ലപ്പിള്ളി അധ്യക്ഷത വഹിച്ചു.

മുൻ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ യോഗം ഉദ്ഘാടനം ചെയ്തു.

വളർച്ചയുടെ വിവിധ ഘട്ടങ്ങൾ താണ്ടിയ ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി. വളർച്ചയിലേക്കു പോകാതെ വീണ്ടും തകർച്ചയിലേക്ക് പോകുന്നതിനെതിരെ നാട്ടുകാർ ജാഗ്രതാപൂർവ്വം ഇടപെട്ടില്ലെങ്കിൽ പടിഞ്ഞാറൻ മേഖലയുടെ വികസനം നഷ്ടപ്പെടുമെന്നും, സാധാരണക്കാരുടെ യാത്രാസൗകര്യം ഇല്ലാതാകുമെന്നും അദ്ദേഹം ജനങ്ങളെ ഓർമ്മിപ്പിച്ചു.

നഗരസഭാ കൗൺസിലർമാരായ ടി.വി. ചാർളി, കെ.എം. സന്തോഷ്, അഡ്വ. കെ.ജി. അജയ്കുമാർ, ഭാരതീയ വിദ്യാഭവൻ ചെയർമാൻ ടി. അപ്പുക്കുട്ടൻ നായർ, ജിനൻ പണിക്കശ്ശേരി, ഹേമചന്ദ്രൻ, ലേഖ പാലയ്ക്കൽ, ബിജോയ് നെല്ലിപ്പറമ്പിൽ, രഘു, സമിതി ജനറൽ കൺവീനർ എം.കെ. സേതുമാധവൻ, എ.സി. സുരേഷ് എന്നിവർ പ്രസംഗിച്ചു.

സെൻ്റിന് കേവലം 400 രൂപ നിരക്കിൽ തളിയക്കാട്ടിൽ മുകുന്ദൻ മേനോൻ്റെ ഭാര്യയായ ഭവാനി അമ്മ കെ.എസ്.ആർ.ടി.സി.ക്ക് വിട്ടു കൊടുത്ത രണ്ടര ഏക്കർ സ്ഥലം നശിപ്പിച്ചു കളയാൻ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും, എന്തു വില കൊടുത്തും കെ.എസ്.ആർ.ടി.സി.യെ രക്ഷിക്കാൻ താൻ മുന്നിൽ തന്നെ ഉണ്ടാകുമെന്നും ഭവാനി അമ്മയുടെ മകൻ ഹരികുമാർ തളിയക്കാട്ടിൽ പ്രഖ്യാപിച്ചത് ഹർഷാരവത്തോടെയാണ് നാട്ടുകാർ സ്വീകരിച്ചത്.

ഇരിങ്ങാലക്കുട നഗരസഭയിലെ ഭരണ സ്തംഭനം : ഉപവാസവുമായി ബിജെപി കൗൺസിലർമാർ

ഇരിങ്ങാലക്കുട : യുഡിഎഫ് ഭരിക്കുന്ന ഇരിങ്ങാലക്കുട നഗരസഭയിലെ ഭരണ സ്തംഭനം അവസാനിപ്പിക്കുക, നഗരസഭയിലെ മുഴുവൻ റോഡുകളും സഞ്ചാര യോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നഗരസഭയിലെ ബിജെപി കൗൺസിലർമാർ ഠാണാ സെൻ്ററിൽ ഉപവാസം അനുഷ്ഠിച്ചു.

കൗൺസിലർമാരായ ആർച്ച അനീഷ്, സന്തോഷ് ബോബൻ, ടി.കെ. ഷാജു, അമ്പിളി ജയൻ, വിജയകുമാരി അനിലൻ
സ്മിത കൃഷ്ണകുമാർ,
മായ അജയൻ, സരിത സുഭാഷ് എന്നിവരാണ് ഉപവാസമിരിക്കുന്നത്.

സംസ്ഥാന ട്രഷറർ അഡ്വ.
ഇ. കൃഷ്ണദാസ് സമരം ഉദ്ഘാടനം ചെയ്തു.

ടൗൺ ഏരിയ പ്രസിഡൻ്റ് ലിഷോൺ ജോസ് കാട്ട്ളാസ് അധ്യക്ഷത വഹിച്ചു.

ടൗൺ ജനറൽ സെക്രട്ടറി കെ.എം. ബാബുരാജ് സ്വാഗതം പറഞ്ഞു.

മണ്ഡലം പ്രസിഡൻ്റ് ആർച്ച അനീഷ്, സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ചെറാക്കുളം, ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡൻ്റ് അജയകുമാർ, അഭിലാഷ് കണ്ടാരംതറ, പടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ബിനോയ് കോലാന്ത്ര
എന്നിവർ പ്രസംഗിച്ചു.

ജില്ലാ സെക്രട്ടറിമാരായ ശ്യാംജി, അജീഷ്, പൊറത്തിശ്ശേരി ഏരിയ കമ്മറ്റി പ്രസിഡൻ്റ് സൂരജ് കടുങ്ങാടൻ, ജനറൽ സെക്രട്ടറി സൂരജ് നമ്പ്യാങ്കാവ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി. രമേഷ്, വൈസ് പ്രസിഡൻ്റുമാരായ രമേശ് അയ്യർ, അജയൻ തറയിൽ, ട്രഷറർ ജോജൻ കൊല്ലാട്ടിൽ എന്നിവർ നേതൃത്വം നൽകി.

നഗരത്തിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന : “ബോബനും മോളിയും” റെസ്റ്റോറൻ്റിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു

ഇരിങ്ങാലക്കുട : നഗരസഭ ആരോഗ്യ വിഭാഗം ഇരിങ്ങാലക്കുട നഗരത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ ബൈപ്പാസ് റോഡിൽ പ്രവർത്തിക്കുന്ന “ബോബനും മോളിയും” റെസ്റ്റോറന്റിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു.

പാചകം ചെയ്ത് ഫ്രീസറിൽ സൂക്ഷിച്ചിരുന്ന ചിക്കൻ, ബീഫ്, റൈസ്, കോളിഫ്ലവർ തുടങ്ങിയ ഭക്ഷണ സാധനങ്ങളാണ് പിടിച്ചെടുത്തത്.

നഗരത്തിൽ ഒമ്പതോളം സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ചെറിയ ന്യൂനതകൾ പരിഹരിക്കാൻ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത റസ്റ്റോറന്റിനെതിരെ പിഴ ചുമത്തുമെന്നും തുടർ നടപടികൾ സ്വീകരിച്ചു വരുന്നതേയുള്ളൂ എന്നും ആരോഗ്യവിഭാഗം അറിയിച്ചു.

സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ. നിസാർ, വി.എ. ഇമ്ന, നീതു, അനന്തുലാൽ എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.