ഇരിങ്ങാലക്കുട : ഗ്രാമീണ മേഖലയിൽ തൊഴിലവസരങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കാർഷിക മേഖലയിലും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും നാടിന്റെ സാമ്പത്തിക അടിത്തറ വികസിപ്പിക്കുന്നതിനും ഗ്രാമീണ മേഖലയിലെ സ്ത്രീശാക്തീകരണം സാധ്യമാക്കുവാനും ഉതകുന്ന രീതിയിലാണ് ‘കൂൺ ഗ്രാമം’ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളതെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ സമഗ്ര കാർഷിക വികസന പദ്ധതിയായ പച്ചക്കുടയുടെ ഭാഗമായി കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ പദ്ധതിയുമായി ചേർന്ന് ഇരിങ്ങാലക്കുട നിയോജമണ്ഡലത്തിൽ നടപ്പിലാക്കുന്ന ‘കൂൺഗ്രാമം പദ്ധതി’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വരുമാനദായകമായ സ്വയം തൊഴിൽ സംരംഭം കാർഷിക മേഖലയിൽ ആവിഷ്കരിക്കുക എന്നത് സർക്കാരിന്റെ സുപ്രധാനമായ ഉത്തരവാദിത്തമാണ്. കാർഷിക പ്രാധാന്യമുള്ള മണ്ഡലമാണ് ഇരിങ്ങാലക്കുട. മണ്ഡലത്തിന്റെ കാർഷിക പ്രാധാന്യം മനസ്സിലാക്കിക്കൊണ്ടാണ് പച്ചക്കുട സമഗ്ര കാർഷിക പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. കർഷക കുടുംബങ്ങൾക്ക് അധിക വരുമാനം ഉറപ്പാക്കുകയും കുടുംബശ്രീ ഉൾപ്പെടെ ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ ജീവിത നിലവാരം വർദ്ധിപ്പിക്കുകയുമെല്ലാം ഈ പദ്ധതിയുടെ ലക്ഷ്യങ്ങളാണെന്ന് മന്ത്രി ബിന്ദു പറഞ്ഞു.
കൂൺകൃഷി വ്യാപിപ്പിക്കുന്നതിനും കർഷകർക്ക് അധിക വരുമാനം പ്രദാനം ചെയ്യുന്നതിനുമായാണ് ‘കൂൺ ഗ്രാമം പദ്ധതി’ നടപ്പിലാക്കുന്നത്.
100 ചെറുകിട കൂൺ ഉൽപാദക യൂണിറ്റുകൾ, രണ്ട് വൻകിട കൂൺ ഉൽപാദക യൂണിറ്റുകൾ, മൂന്ന് കൂൺ സംസ്കരണ യൂണിറ്റ്, ഒരു കൂൺ വിത്ത് ഉൽപാദക യൂണിറ്റ്, രണ്ട് പാക്ക് ഹൗസുകൾ, 10 കമ്പോസ്റ്റ് ഉൽപാദക യൂണിറ്റുകൾ എന്നിവ ചേർന്നതാണ് ഒരു കൂൺ ഗ്രാമം.
കൂൺ ഗ്രാമം ഒന്നിന് 30.25 ലക്ഷം രൂപയുടെ സഹായമാണ് സർക്കാർ ലഭ്യമാക്കുന്നത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇരിങ്ങാലക്കുട ടൗൺഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.
തൃശൂർ കൃഷി ഡെപ്യൂട്ടി ഡയറക്ടർ പി.കെ. മുഹമ്മദ് ഹാരിസ് പദ്ധതി വിശദീകരണം നടത്തി.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ മുഖ്യാതിഥിയായി.
‘ശാസ്ത്രീയ കൂൺ കൃഷി പരിപാലനം’ എന്ന വിഷയത്തിൽ വെള്ളാനിക്കര കാർഷിക കോളെജ് അസിസ്റ്റന്റ് പ്രൊഫ. ഡോ. വി.എം. ഹിമ സെമിനാർ അവതരിപ്പിച്ചു.
പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത, ഇരിങ്ങാലക്കുട കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം. ഫാജിത റഹ്മാൻ, മാള കൃഷി അസിസ്റ്റന്റ് ഡയറക്ടർ സി.ബി. അജിത്ത്, വെള്ളാങ്ങല്ലൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം.കെ. സ്മിത, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.