ഹൃദയ പാലിയേറ്റീവിന് കട്ടിലുകൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ സെന്റ് പീറ്റർ കുടുംബയൂണിറ്റ് ഹൃദയ പാലിയേറ്റീവിന് കട്ടിലുകൾ വിതരണം ചെയ്തു.

മാർ ജെയിംസ് പഴയാറ്റിൽ ഹൃദയ പാലിയേറ്റീവിലെ രോഗികൾക്കായി ആധുനിക രീതിയിലുള്ള 5 കട്ടിലുകളാണ് വിതരണം ചെയ്തത്.

കത്തീഡ്രൽ വികാരി റവ. ഡോ. ലാസർ കുറ്റിക്കാടൻ വിതരണോദ്ഘാടനം നിർവഹിച്ചു.

പാലിയേറ്റീവ് കെയർ ഡയറക്ടർ ഫാ. ഷാജു ചിറയത്ത് അധ്യക്ഷത വഹിച്ചു.

അസി. ഡയറക്ടർ ഫാ. ജോസഫ് മാളിയേക്കൽ, കത്തീഡ്രൽ ട്രസ്റ്റിമാരായ തിമോസ് പാറേക്കാടൻ, സി.എം. പോൾ ചാമപറമ്പിൽ, ബാബു ജോസ് പുത്തനങ്ങാടി, ജോമോൻ തട്ടിൽ മണ്ടി ഡേവി, കേന്ദ്രസമിതി പ്രസിഡന്റ് ജോമി ചേറ്റുപുഴക്കാരൻ, സോഷ്യൽ ആക്ഷൻ പ്രസിഡന്റ് ടോണി ചെറിയാടൻ, കുടുംബയൂണിറ്റ് പ്രസിഡന്റ് ബാബു ചേലക്കാട്ടുപറമ്പിൽ, സെക്രട്ടറി വർഗീസ് റപ്പായി പറമ്പി, ട്രഷറർ ടോമി പോൾ പറമ്പി, വൈസ് പ്രസിഡന്റ് രാജമ്മ ലോനപ്പൻ, ജോയിന്റ് സെക്രട്ടറി ജോയ് മുളരിക്കൽ എന്നിവർ പ്രസംഗിച്ചു.

മണ്ണിടിച്ചിൽ ഭീഷണി : മുകുന്ദപുരം താലൂക്കിൽ 66 കുടുംബങ്ങൾക്ക് മാറി താമസിക്കാനുള്ള നോട്ടീസ് നൽകി

ഇരിങ്ങാലക്കുട : കാലവർഷം ശക്തമായതോടെ മണ്ണിടിച്ചിൽ ഭീഷണിയുള്ള മുകുന്ദപുരം താലൂക്കിലെ നാലിടങ്ങളിൽ നിന്ന് 66 കുടുംബങ്ങൾക്ക് മാറി താമസിക്കാനുള്ള നോട്ടീസ് നൽകി.

വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് കരുവന്നൂർ പുഴയോരത്ത് താമസിക്കുന്ന 7 കുടുംബങ്ങളോടും മാറി താമസിക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്.

കാലവർഷം ആരംഭിക്കുന്നതിനു മുമ്പ് വെള്ളപ്പൊക്കം, കടൽക്ഷോഭം, മണ്ണിടിച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായാണ് നടപടി.

മാപ്രാണം വാതിൽമാടം ക്ഷേത്രത്തിന് സമീപമുള്ള നാലുസെന്റ് കോളനിയിലെ 7 കുടുംബങ്ങൾക്കും, വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ മുസാഫരിക്കുന്നിൽ 23 കുടുംബങ്ങൾക്കും, കാറളം കോഴിക്കുന്നിൽ 9 കുടുംബങ്ങൾക്കും, പുത്തൻചിറ കുംഭാരസമാജം റോഡിൽ 22 കുടുംബങ്ങൾക്കുമാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

2018- 19 വർഷത്തിലുണ്ടായ പ്രളയത്തിന്റെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തിൽ മണ്ണ് സംരക്ഷണ വകുപ്പ്, മൈനിംഗ് ആൻഡ് ജിയോളജി, ഗ്രൗണ്ട് വാട്ടർ, റവന്യൂ, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവർ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് അപകട ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് മാറി താമസിക്കാനുള്ള നോട്ടീസ് നൽകിയിരിക്കുന്നത്.

കണ്ഠേശ്വരം ക്ഷേത്രത്തിനു സമീപം കാറിന് മുകളിലേക്ക് മരം വീണു

ഇരിങ്ങാലക്കുട : ഇന്ന് രാവിലെയുണ്ടായ ശക്തമായ കാറ്റിൽ കണ്ഠേശ്വരം ക്ഷേത്രത്തിനു മുൻവശം നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് കാറ് തകർന്നു. തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്ത് എത്തിയെങ്കിലും അതിനു മുമ്പു തന്നെ നാട്ടുകാർ മരം മുറിച്ചു മാറ്റിയിരുന്നു.

പ്രദേശത്ത് പലയിടങ്ങളിലും മരങ്ങൾ വീണ് അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.

നിര്യാതനായി

വർഗീസ്

ഇരിങ്ങാലക്കുട : പുല്ലൂർ ഐനിക്കൽ കുഞ്ഞുവറീത് മകൻ വർഗീസ് (78) നിര്യാതനായി.

സംസ്കാരകർമ്മങ്ങൾ ഇന്ന് (വ്യാഴാഴ്ച) വൈകീട്ട് 4.30 ന് പുല്ലൂർ സെന്റ് സേവിയേഴ്സ് ദേവാലയ സെമിത്തേരിയിൽ.

ഭാര്യ : ആനി വർഗീസ്

മക്കൾ : നിമ്മി, സിമ്മി, ലിമ്മി, ലീന

മരുമക്കൾ : ജോസ്, ബാബു, ജോയ്, പോൾ

കേരള വുമൺസ് ബാഡ്മിന്റൺ ലീഗ് 2025

ഇരിങ്ങാലക്കുട : കേരള ബാഡ്മിന്റൺ ചരിത്രത്തിൽ ആദ്യമായി വനിതകൾ മാത്രം മത്സരിക്കുന്ന കേരള വുമൺസ് ബാഡ്മിന്റൺ ലീഗ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടിൽ അക്കാദമിയിൽ നടക്കും.

മെയ് പതിനെട്ടാം തീയതി നടക്കുന്ന ലീഗ് മത്സരങ്ങളിൽ ഇന്ത്യക്ക് വേണ്ടിയും സംസ്ഥാനത്തിന് വേണ്ടിയും കളിച്ചിട്ടുള്ള മികച്ച താരങ്ങൾ പങ്കെടുക്കും.

വിജയികൾക്ക് ട്രോഫികളും ക്യാഷ് അവാർഡുകളും സമ്മാനിക്കും.

35 വയസ്സിന് താഴെയുള്ളവരുടെ വിഭാഗം, 35 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗം, 45 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ നടക്കുക.

കൊച്ചിൻ സ്മാഷേഴ്സ്, അവനീർ ഏവിയേഷൻസ് എറണാകുളം, ലയൻസ് ഷട്ടിൽ ക്ലബ് ഇരിങ്ങാലക്കുട, ഡേവിസ് ബാഡ്മിന്റൺ അക്കാദമി തൃശൂർ എന്നീ ഫ്രാഞ്ചൈസികൾ ആണ് മത്സരങ്ങളിൽ പങ്കെടുക്കുക.

ഇവരുടെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിലായി മത്സരങ്ങളിൽ ഉള്ള ഒരുക്കങ്ങൾ നടന്നുവരുന്നു.

ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകരായ ക്രൈസ്റ്റ് അക്വാറ്റിക് അക്കാദമി
പ്രസിഡണ്ട് സ്റ്റാൻലി ലാസർ, സെക്രട്ടറി പീറ്റർ ജോസഫ്, ട്രഷറർ ടോമി മാത്യു എന്നിവർ അറിയിച്ചു.

കർഷക കോൺഗ്രസ്സ് ബഹുജന കർഷകമാർച്ച്

ഇരിങ്ങാലക്കുട : കേരളത്തിലെ കേരകൃഷി സംരക്ഷണത്തിന് ലോക ബാങ്ക് നൽകിയ 139 കോടി രൂപ വകമാറ്റി ചിലവഴിച്ചതിലും നെൽ കർഷകരോട് സംസ്ഥാന സർക്കാർ കാട്ടുന്ന കടുത്ത അവഗണനയിലും പ്രതിഷേധിച്ച് കർഷക കോൺഗ്രസ്സ് കൊടുങ്ങല്ലൂർ നിയോജക
മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളാങ്ങല്ലൂർ കൃഷിഭവനിലേക്ക്
ബഹുജന കർഷകമാർച്ച് നടത്തി.

യൂത്ത് കോൺഗ്രസ്സ് അഖി
ലേന്ത്യാ കോർഡിനേറ്റർ ഷോൺ പെല്ലിശ്ശേരി ഉദ്
ഘാടനം ചെയ്തു.

നിയോജക മണ്ഡലം പ്രസിഡണ്ട് സാനി ചക്കാലക്കൽ അദ്ധ്യക്ഷനായി.

കർഷക കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി കെ.എൻ. സജീവൻ മുഖ്യപ്രഭാഷണം നടത്തി.

കർഷക കോൺഗ്രസ്സ്
സംസ്ഥാനകമ്മിറ്റി അംഗം
എ.ആർ.ബൈജു, വെള്ളാങ്ങല്ലൂർബ്ലോക്ക്
പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. ശശികുമാർ ഇടപ്പുഴ, വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.എ.മുസമ്മിൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ കമാൽ കാട്ടകത്ത്, ഇ.വി. സജീവൻ, അയൂബ് കരൂപ്പടന്ന, വി.വി. ധർമ്മജൻ, എം.പി. സോണി, ഐ എൻ ടി യു സി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജോപ്പി മങ്കിടിയൻ, വി. മോഹൻ
ദാസ്‌, സലീം അറക്കൽ, വി.ജി.സുമേഷ്
കുമാർ, രാഹുൽ വിജയൻ
അനൂപ് ആനപ്പാറ, ഇ.കെ.
ജോബി തുടങ്ങിയവർ പ്രസംഗിച്ചു.

കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മാരായ രമേശ് മാടത്തിങ്കൽ സ്വാഗതവും നോബൽ കണ്ണത്ത് നന്ദിയും പറഞ്ഞു .

പത്മശ്രീ ഡോ. കലാമണ്ഡലം ഗോപിക്ക് പ്രഥമ ഉണ്ണായിവാര്യർ പുരസ്കാരം

ഇരിങ്ങാലക്കുട : സമസ്ത കേരള വാര്യർ സമാജം നൽകുന്ന പ്രഥമ ഉണ്ണായിവാര്യർ പുരസ്കാരത്തിന് പത്മശ്രീ ഡോ. കലാമണ്ഡലം ഗോപി അർഹനായി.

മെയ് 24, 25 തിയ്യതികളിൽ ഇരിങ്ങാലക്കുടയിൽ നടക്കുന്ന സമസ്ത കേരള വാര്യർ സമാജം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 24ന് ശനിയാഴ്ച്ച വൈകീട്ട് 4 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മന്ത്രി ഡോ. ആർ. ബിന്ദു പുരസ്കാരം സമർപ്പിക്കും.

25001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

വിപുലമായ സജ്ജീകരണങ്ങളും ശക്തമായ നിയന്ത്രണങ്ങളും ഏർപ്പെടുത്തി കൂടൽമാണിക്യത്തിലെ ആനയെഴുന്നള്ളിപ്പ്

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം തിരുവുത്സവത്തോടനുബന്ധിച്ചുള്ള ആനയെഴുന്നള്ളിപ്പിന് ഇപ്രാവശ്യം വിപുലമായ സജ്ജീകരണങ്ങളും ശക്തമായ നിയന്ത്രണങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.

ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ദേവസ്വം ഭരണസമിതിയംഗത്തിൻ്റെ മേൽനോട്ടത്തിൽ കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്.

നാട്ടാന പരിപാലന ചട്ടം കര്‍ശനമായി പാലിച്ചുകൊണ്ടാണ് എഴുന്നള്ളിപ്പ് നടത്തുന്നത്.

ആനയെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളും കോടതി നിര്‍ദ്ദേശങ്ങളും കമ്മിറ്റി കര്‍ശനമായി പാലിക്കുന്നുണ്ട്.

മദപ്പാടുള്ളതോ, നീരുള്ളതോ, വികൃതികളോ, മുന്‍ കാലങ്ങളില്‍ ഇടഞ്ഞ് ആളപായം വരുത്തിയിട്ടുള്ളതോ ആയ ആനകളെ ഒഴിവാക്കിയാണ് ഇപ്രാവശ്യത്തെ എഴുന്നള്ളിപ്പ്.

ഉത്സവത്തിന് മുന്നോടിയായി എഴുന്നള്ളിപ്പിന് അണിനിരക്കുന്ന ആനകളുടെ ശരീര പരിശോധനയും നടത്തിയിരുന്നു.

മൃഗഡോക്ടര്‍മാരും ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരുമാണ് പരിശോധന നടത്തിയത്.

മദപ്പാട് കാലം, ശരീരത്തിലെ ഒലിക്കുന്ന വ്രണങ്ങള്‍, മുറിവുകള്‍, പൊതു ആരോഗ്യം, അനുസരണ എന്നിവ പ്രധാനമായും ഉറപ്പുവരുത്തുന്നുണ്ട്.

പാപ്പാന്മാരുടെ ലൈസന്‍സ്, ആനയുടെ ഇന്‍ഷുറന്‍സ് എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കി.

വനം വകുപ്പ് ആനകളുടെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള ചിപ്പില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എഴുന്നളളിപ്പ് വിവരങ്ങള്‍, മദപ്പാട് കാലം, ഉടമസ്ഥത സര്‍ട്ടിഫിക്കറ്റ് എന്നിവ പരിശോധിച്ച് റിപ്പോര്‍ട്ട് മൃഗസംരക്ഷണ വകുപ്പിന് കൈമാറിയതിനെ തുടര്‍ന്ന് ആനകളുടെ ലക്ഷണങ്ങള്‍, മദ ഗ്രന്ഥി, ശരീരത്തിലെ വ്രണങ്ങള്‍, എന്നിവ വിലയിരുത്തിയാണ് മൃഗസംരക്ഷണ വകുപ്പ് ഫിറ്റ്‌നെസ് നല്‍കിയത്.

തൃശൂര്‍ പൂരം ചടങ്ങുകളില്‍ പങ്കെടുത്തവയാണ് അധികം ആനകളും.

ചാലക്കുടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എസ്.എസ്. സുനിലാല്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ.ബി. സോബിന്‍ ബാബു, സീനിയര്‍ വെറ്റിനറി സര്‍ജന്‍മാരായ എന്‍.കെ. സന്തോഷ്, ഡോ. കെ.വി. ഷിബു, ഡോ. എന്‍.ജി. സജേഷ്, ഡോ. പി.ആര്‍. പ്രശാന്ത്, ഡോ. സിജോ ജോസഫ് കൊടിയേന്‍, ഡോ. ടിക്‌സന്‍ പിന്‍ഹീറോ, ലൈവ് സ്റ്റോക് ഇന്‍സ്‌പെക്ടര്‍മാരായ മധു, കെ.കെ. വിദ്യാധരന്‍, പി.ബി. മനോജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ആനകളെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുമ്പോഴോ പോകുമ്പോഴോ ആളുകള്‍ ആനകളുടെ അടുത്തേക്ക് പോകുവാനോ, സ്പര്‍ശിക്കുവാനോ സാധിക്കാത്തവിധം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഈ സമയം പ്രകോപനം ഉണ്ടാക്കുന്ന വിധത്തിലുള്ള ശബ്ദങ്ങള്‍ക്കുപോലും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

ആനകള്‍ക്ക് കുളിക്കുന്നതിനും വേനല്‍ച്ചൂടില്‍ നിന്നും രക്ഷപ്പെടുന്നതിനുമായി ഷവര്‍ ബാത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

17 ആനകളെയാണ് എഴുന്നള്ളിക്കുന്നതെങ്കിലും 25 ആനകളെ ക്ഷേത്രപ്പറമ്പില്‍ കൊണ്ടുവന്നിട്ടുണ്ട്.

ആനകള്‍ക്ക് മതിയായ വിശ്രമം നല്‍കുന്നതിനായാണ് കൂടുതല്‍ ആനകളെ കൊണ്ടുവന്നിരിക്കുന്നത്.

ഒന്നിടവിട്ട ദിവസങ്ങളില്‍ ആനകളെ പരിശോധനയ്ക്ക് വിധേയമാക്കും.

ആനകളുടെ പൂര്‍വ്വ ചരിത്രവും അച്ചടക്കവും പ്രധാന മാനദണ്ഡങ്ങളാക്കിയാണ് എഴുന്നള്ളിപ്പിനായി ആനകളെ തെരഞ്ഞെടുത്തിരിക്കുന്നത്.

എഴുന്നള്ളിപ്പു സമയത്തും അല്ലാതെയും പാപ്പാന്മാരുടെ സാന്നിധ്യം എപ്പോഴും ഉണ്ടാകും.

ആനകളുടെ സമീപത്തു നിന്നും നിശ്ചിത അകലം പാലിച്ച് മാത്രമേ ഭക്തജനങ്ങളെ നിര്‍ത്തൂ.

എലിഫന്റ് സ്‌ക്വാഡ് പ്രവര്‍ത്തനം 24 മണിക്കൂറും ക്ഷേത്രത്തിനു സമീപത്തുണ്ട്.

സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച നേഴ്‌സുമാര്‍ക്കുള്ള സംസ്ഥാന സർക്കാർ അവാര്‍ഡ് പ്രഖ്യാപിച്ചു : ജില്ലാതല അവാർഡിന് അർഹയായി ഇരിങ്ങാലക്കുടക്കാരി എസ്.ജിഷ

ഇരിങ്ങാലക്കുട : സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച നേഴ്‌സുമാര്‍ക്കുള്ള സംസ്ഥാനതല അവാര്‍ഡ് (സിസ്റ്റര്‍ ലിനി പുതുശ്ശേരി അവാര്‍ഡ്) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പ്രഖ്യാപിച്ചു. ആരോഗ്യ, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുകളില്‍ നിന്നുള്ള നേഴ്‌സുമാരെയാണ് അവാര്‍ഡിനായി പരിഗണിച്ചത്.

ജനറൽ നഴ്സിംഗ് ജില്ലാതലത്തിലാണ് തൃശ്ശൂർ ജനറൽ ആശുപത്രിയിലെ ജീവനക്കാരിയായ ഇരിങ്ങാലക്കുട തളിയക്കോണം സ്വദേശി എസ്. ജിഷയ്ക്ക് അവാർഡ് ലഭിച്ചിരിക്കുന്നത്.

ജിഷ ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ തച്ചപ്പിള്ളി ടി.കെ. ഷാജുവിന്റെ ഭാര്യയാണ്.

ശ്രീവൈഗ, ശ്രീദിക, ശ്രീവിഘ്നേഷ് എന്നിവരാണ് മക്കൾ.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായ സംസ്ഥാനതല സെലക്ഷന്‍ കമ്മിറ്റിയാണ് സൂക്ഷ്മ പരിശോധന നടത്തി അവാര്‍ഡിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.

ആരോഗ്യ വകുപ്പില്‍ ജനറല്‍ നേഴ്‌സിംഗ് വിഭാഗത്തില്‍ സംസ്ഥാനതല പുരസ്‌കാരം ഇടുക്കി ജില്ലാ ആശുപത്രി നേഴ്‌സിംഗ് ഓഫീസര്‍ പി.എം. അരുണ്‍കുമാര്‍, ആരോഗ്യ വകുപ്പിലെ പബ്ലിക് ഹെല്‍ത്ത് നേഴ്‌സിംഗ് വിഭാഗത്തില്‍ സംസ്ഥാനതല പുരസ്‌കാരം ഇടുക്കി വാളറ ദേവിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ജി. ജോണ്‍ എന്നിവര്‍ക്കാണ് ലഭിച്ചിരിക്കുന്നത്.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ജനറല്‍ നേഴ്‌സിംഗ് വിഭാഗം സംസ്ഥാന തലത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് എസ്.എ.ടി. ആശുപത്രി സീനിയര്‍ നേഴ്‌സിംഗ് ഓഫീസര്‍ കെ. ജ്യോതി, ജില്ലാതലത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് സീനിയര്‍ നേഴ്‌സിംഗ് ഓഫീസര്‍ എച്ച്. ഷാനിഫ ബീവി എന്നിവര്‍ പുരസ്‌കാരത്തിന് അര്‍ഹരായി.

ജനറല്‍ നേഴ്‌സിംഗ് ജില്ലാ തലത്തില്‍ ജിഷയ്ക്ക് പുറമേ ചിറയിന്‍കീഴ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ എസ്. സബിത, കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെ എ.എസ്. മീനു, കോട്ടയം പാലാ ജനറല്‍ ആശുപത്രിയിലെ സിന്ധു പി. നാരായണന്‍, എറണാകുളം ജനറല്‍ ആശുപത്രിയിലെ എ.എന്‍. ശ്യാമള, കോഴിക്കോട് ചേവായൂര്‍ സര്‍ക്കാര്‍ ത്വക്ക് രോഗാശുപത്രിയിലെ ടി.കെ. ഷൈലജ, ഇടുക്കി കുമിളി കുടുംബാരോഗ്യ കേന്ദ്രത്തിലെ മേഴ്‌സി ചാക്കോ, കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലെ പി. ബിനി എന്നിവര്‍ പുരസ്‌കാരത്തിന് അര്‍ഹരായി.

പബ്ലിക് ഹെല്‍ത്ത് ജില്ലാതല വിഭാഗത്തില്‍ തിരുവനന്തപുരം പള്ളിച്ചല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫ്‌ളോറന്‍സ്, കൊല്ലം ശൂരനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സുബീന കാസിം, ഫോര്‍ട്ട് കൊച്ചി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ബിന്ദു കുമാരി, കാസര്‍ഗോഡ് ചെറുവത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ സ്മിത രാമന്‍ എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി.

ഭാരത സൈന്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി

ഇരിങ്ങാലക്കുട :
ഭാരതസൈന്യത്തിനും പ്രധാനമന്ത്രിക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇരിങ്ങാലക്കുടയിൽ ബിജെപിയുടെ നേതൃത്വത്തിൽ പ്രകടനവും ആൽത്തറയ്ക്കൽ ദേശസ്നേഹ സദസ്സും സംഘടിപ്പിച്ചു.

മണ്ഡലം പ്രസിഡന്റ് ആർച്ച അനീഷ് അധ്യക്ഷത വഹിച്ചു.

തൃശൂർ സൗത്ത് ജില്ല ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട ആശംസകൾ അർപ്പിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറി വി.സി. രമേഷ്, ജില്ലാ സെക്രട്ടറി രിമ പ്രകാശ്, മണ്ഡലം ഭാരവാഹികളായ രമേഷ് അയ്യർ, ജോജൻ കൊല്ലാട്ടിൽ, രാമചന്ദ്രൻ കോവിൽപറമ്പിൽ, നേതാക്കളായ സന്തോഷ് ബോബൻ, രാജൻ കുഴുപ്പുള്ളി, കെ.എം. ബാബുരാജ്, പ്രിയ അനിൽ, സുഭാഷ്, റീജ സന്തോഷ്, സിന്ധു സോമൻ, വാണികുമാർ, സുചി നീരോലി, സൂരജ് നമ്പ്യങ്കാവ് എന്നിവർ നേതൃത്വം നൽകി.