സെൻ്റ് മേരീസ് സ്കൂളിൽ ക്രിസ്തുമസ് ആഘോഷം

ഇരിങ്ങാലക്കുട : സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമഭാവനയുടെയും സന്ദേശം ഉണർത്തുന്ന ക്രിസ്തുമസ് ഓർമകൾക്ക് സുഗന്ധവും കാഴ്ചകൾക്ക് തിളക്കവും സമ്മാനിച്ച് ഇരിങ്ങാലക്കുട സെൻ്റ് മേരീസ് വിദ്യാലയത്തിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു.

സ്കൂൾ മാനേജർ റവ. ഫാ. ഡോ. പ്രൊഫ. ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡന്റ് അജോ ജോൺ, കത്തീഡ്രൽ ട്രസ്റ്റി ഷാബു എന്നിവർ ആശംസകൾ അർപ്പിച്ചു.

വിദ്യാർഥികൾ നിർമ്മിച്ച നക്ഷത്രങ്ങളും തോരണങ്ങളും കൊണ്ട് സ്കൂൾ അങ്കണം പൂർവ്വാധികം ശോഭിച്ചു. ക്രിസ്തുമസ് പാപ്പമാരും മാലാഖമാരും സ്വർഗീയാനുഭൂതി സമ്മാനിച്ചു.

ആഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് വേണ്ടി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.

ചടങ്ങിൽ റവന്യൂ ജില്ലാ കലോത്സവത്തിൽ ഉന്നത സ്ഥാനം കൈവരിച്ച വിദ്യാർഥികൾക്ക് സമ്മാനങ്ങൾ നൽകി.

ഹെഡ്മിസ്ട്രസ് റീജ ജോസ് സ്വാഗതവും പ്രോഗ്രാം കൺവീനർ മെൽവിൻ ഡേവിസ് നന്ദിയും പറഞ്ഞു.

പ്രേംകുമാർ മാരാത്ത് നിര്യാതനായി

ഇരിങ്ങാലക്കുട : എടമുട്ടം മാരാത്ത് വേലായുധൻ മകൻ പ്രേംകുമാർ (77) എറണാകുളം ആസ്റ്റർ ഹോസ്പിറ്റലിൽ വച്ച് നിര്യാതനായി.

സമുദായം, ഇന്ദ്രപ്രസ്ഥം തുടങ്ങിയ മലയാള സിനിമകളുടെ നിർമാതാവായിരുന്നു.

സംസ്കാര ചടങ്ങ് ഡിസംബർ 12 (വെള്ളിയാഴ്ച) രാവിലെ 10.30ന് എടമുട്ടത്തുള്ള വീട്ടുവളപ്പിൽ.

ഭാര്യ : സുധർമ്മ. (റിട്ട അധ്യാപിക, എസ് എൻ വിദ്യാഭവൻ)

മക്കൾ : ജെന്നി, ജീന

സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ “രജത നിറവ് സുകൃതം 2025”

ഇരിങ്ങാലക്കുട : സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച “രജത നിറവ് സുകൃതം 2025” രൂപതാ കോർപ്പറേറ്റ് മാനേജർ ഫാ സീജോ ഇരിമ്പൻ ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ റവ.ഫാ.ഡോ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ പ്രിൻസിപ്പൽ പി ആൻസൻ ഡൊമിനിക്, കത്തീഡ്രൽ ട്രസ്റ്റി സാബു ജോർജ്ജ്, പി.ടി.എ. പ്രസിഡന്റ് ഷാജു ജോസ് ചിറയത്ത്, പ്രോഗ്രാം കൺവീനർ ടെൽസൺ കോട്ടോളി, മുൻ പി.ടി.എ.പ്രസിഡന്റ് ഡേവിസ് കണ്ണമ്പിള്ളി, സ്റ്റാഫ് സെക്രട്ടറി എ ടി ഷാലി എന്നിവർ പ്രസംഗിച്ചു.

സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ റിട്ടയർ ചെയ്ത അധ്യാപകരേയും, മുൻ കോർപ്പറേറ്റ് മാനേജർമാരേയും മുൻ സ്കൂൾ മാനേജർമാരേയും, സ്കൂളിൽ നിന്ന് പഠിച്ച് വൈദികരാകാൻ പോകുന്ന ഡിക്കൻമാരേയും, വൈദികരായി ശുശ്രൂഷ ചെയ്യുന്നവരേയും ചടങ്ങിൽ ആദരിച്ചു.

മുൻ കോർപ്പറേറ്റ് മാനേജർമാരായ ഫാ.ജോസ് മഞ്ഞളി, ഫാ.സെബാസ്റ്റ്യൻ മാളിയേക്കൽ, ഫാ.ജോജോ തൊടു പറമ്പിൽ, ഫാ. ജോയ് പാലിയേക്കര, ഫാ.ജോസഫ് തെക്കേത്തല, മുൻ പ്രിൻസിപ്പൽമാരായ പോൾ, ഭരതൻ, ബിജു, റെക്ടി എന്നിവർ പഴയ കാല അനുഭവങ്ങൾ പങ്കുവെച്ചു.

കത്തീഡ്രൽ ദേവാലയത്തിൽ കൃതജ്ഞതാബലിയും ഉണ്ടായിരുന്നു.

അവിട്ടത്തൂർ കീഴ്തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രം – നടപ്പുര സമർപ്പണം.

ഇരിങ്ങാലക്കുട : അവിട്ടത്തൂർ കീഴ്തൃകോവിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ദുർഗ്ഗാ ഭഗവതിക്ക് പണിതീർത്ത നടപ്പുരയുടെ സമർപ്പണം മുഞ്ചിറ മഠം മൂപ്പിൽ സ്വാമിയാർ പൂജ്യ നാരായണ ബ്രഹ്മാനന്ദതീർത്ഥ നിർവ്വഹിച്ചു.

തുടർന്ന് ദീപം തെളിയിക്കൽ, ലളിതാ സഹസ്രനാമജപം, ഭജന, പ്രസാദ വിതരണം എന്നിവ നടന്നു.

ആറാട്ടുപുഴ ക്ഷേത്രത്തിൽ കളഭാഭിഷേകം 8ന്

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിൽ പ്രതിഷ്ഠാ നക്ഷത്രത്തിൽ നടത്തി വരുന്ന കളഭാഭിഷേകം ഡിസംബർ 8 തിങ്കളാഴ്ച രാവിലെ 9 മണിക്ക്‌.

ചന്ദനം, ഗോരോചനം, കുങ്കുമപ്പുവ്വ്, പച്ചകർപ്പൂരം, പനിനീർ തുടങ്ങിയ സുഗന്ധദ്രവ്യങ്ങളുടെ കൂട്ടാണ് ശാസ്താവിന്  കളഭാട്ടത്തിനായി ഉപയോഗിക്കുന്നത്. സപരിവാര പൂജയായാണ് കളഭപൂജ നടത്തുന്നത്.

ഉരുളിയിൽ തയ്യാറാക്കിവച്ചിരിക്കുന്ന കളഭം ജലദ്രോണി പൂജക്കുശേഷം താളമേളങ്ങളുടെ അകമ്പടിയോടെ ശംഖിലെടുത്ത് കലശക്കുടത്തിൽ നിറക്കും. പൂജാവിധികളാൽ ചൈതന്യപൂർണ്ണമാക്കിയ കളഭം രാവിലെ 9 മണിക്ക്  പാണികൊട്ടി ശ്രീലകത്തേക്ക് എഴുന്നെള്ളിച്ച് ശാസ്താപ്രതിഷ്ഠയിൽ അഭിഷേകം ചെയ്യും. 

തുടർന്ന് ശാസ്താവിന്  കടുംമധുരപ്പായസം നിവേദിക്കും. ഈ സമയം ദർശനത്തിന് ശ്രേഷ്ഠമാണ്.

നമസ്കാരമണ്ഡപത്തിൽ വെച്ചാണ് പൂജകൾ നടത്തുക. ഇതോടനുബന്ധിച്ച് നവകം, പഞ്ചഗവ്യം എന്നീ അഭിഷേകങ്ങളും ശാസ്താവിന് നടത്തും.

തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും.

തളിയക്കോണം പഞ്ചിക്കാട് ശാസ്താ ക്ഷേത്രത്തിലെ ഉത്രം മഹോത്സവം 10, 11, 12 തിയ്യതികളിൽ

ഇരിങ്ങാലക്കുട : തളിയക്കോണം പഞ്ചിക്കാട് ശാസ്താ ക്ഷേത്രത്തിലെ ഉത്രം മഹോത്സവം 10, 11, 12 തിയ്യതികളിൽ തന്ത്രി അണിമംഗലത്ത് രാമൻ തിരുമേനിയുടെ കാർമികത്വത്തിൽ അരങ്ങേറും.

10ന് വൈകീട്ട് 6.30ന് ശ്രീരാം ഭജൻസ് അവതരിപ്പിക്കുന്ന ഭജന, 8.30ന് തളിയക്കോണം ശിവദം അവതരിപ്പിക്കുന്ന കൈക്കൊട്ടിക്കളി, 11ന് വൈകീട്ട് 6.30ന് ചാക്യാരും ചങ്ങാതീം, 8.30ന് വിവിധ കലാപരിപാടികൾ എന്നിവ ഉണ്ടാകും.

12ന് രാവിലെ ഗണപതി കലശാഭിഷേകം, പൂജ, ശ്രീഭൂതബലി, തുടർന്ന് എഴുന്നള്ളിപ്പ്, ശീവേലി, 10 മുതൽ 12 മണി വരെ അവിട്ടത്തൂർ ശ്രീജിത്തും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം, തുടർന്ന് അന്നദാനം, വൈകീട്ട് 6 മണി മുതൽ കാഴ്ച ശീവേലി, പാണ്ടിമേളം എന്നിവയും ഉണ്ടായിരിക്കും.

ഭാരതീയ വിദ്യാഭവനിൽ ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : രാജ്യത്തിന്റെ സാംസ്കാരികത്തനിമകളെ അടുത്തറിയുക, ‘നാനാത്വത്തിൽ ഏകത്വം’ എന്ന ശക്തമായ ആശയം തലമുറകളിലേക്ക് വ്യാപിപ്പിക്കുക, സാഹോദര്യവും സഹവർത്തിത്വവും വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ചെയർമാൻ ടി. അപ്പുക്കുട്ടൻ നായർ, സെക്രട്ടറി വി. രാജൻ, ട്രഷറർ സുബ്രഹ്മണ്യൻ, പ്രിൻസിപ്പൽ ബിജു ഗീവർഗ്ഗീസ്, വൈസ് പ്രിൻസിപ്പൽ സുജാത രാമനാഥൻ, ഹൈസ്കൂൾ വിഭാഗം മേധാവി ജോസി ജോർജ്ജ് എന്നിവർ പങ്കെടുത്തു.

കേരളത്തിന്റെയും ഛത്തീസ്ഗഢിന്റെയും സാമൂഹികവും സാംസ്കാരികവും കലാപരവുമായ വിവിധ ഘടകങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പരിപാടികളും
പ്രസന്റേഷനുകളും പ്രശ്നോത്തരിയും നടത്തി. വിജയികൾക്ക് സമ്മാനം നൽകി.

കേരളത്തിലെയും ഛത്തീസ്ഗഢിലെയും വിവിധ വസ്ത്രധാരണരീതികൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അവതരണം, രണ്ട് സംസ്ഥാനങ്ങളിലെയും ഭക്ഷണവൈവിധ്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഫുഡ് ഫെസ്റ്റ്, പെയിന്റിംഗ് എക്സിബിഷൻ, സംഘഗാനം തുടങ്ങിയവയും സംഘടിപ്പിച്ചു.

ഒമ്പതാം ക്ലാസ് വിദ്യാർഥികളാണ് പരിപാടികൾ അവതരിപ്പിച്ചത്.

അധ്യാപകരായ എസ്. സീമ, പ്രിയ സുധി, ഫ്ലോറി ഫ്രാൻസിസ്, രമ്യ സുധീഷ്, രജിത സജീവ്, ആൽബർട്ട് ആന്റണി എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.

എസ്.എൻ. സ്കൂളിൽ ഇന്റർ ഹൗസ് ഫുട്ബോൾ ടൂർണമെന്റ് നടത്തി

ഇരിങ്ങാലക്കുട : “കളിയാണ് ലഹരി” എന്ന ആശയം ഉൾക്കൊണ്ട് ലഹരിക്കെതിരെയുള്ള സന്ദേശം പകർന്നു നൽകുന്നതിനായി ഇരിങ്ങാലക്കുട എസ്.എൻ. ഹയർ സെക്കൻഡറി സ്കൂളിൽ ഇന്റർ ഹൗസ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു.

പഠനത്തോടൊപ്പം തന്നെ ചേർത്തുനിർത്താവുന്ന നല്ല ശീലങ്ങളാണ് കളികൾ എന്ന ആശയം പകർന്നു നൽകിയായിരുന്നു മത്സരം സംഘടിപ്പിച്ചത്.

മാനേജർ ഡോ. സി.കെ. രവിയും പ്രിൻസിപ്പൽ സി.ജി. സിൻലയും ചേർന്ന് വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.

നിര്യാതനായി

ജേക്കബ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് റോഡിൽ മാളിയേക്കൽ കുഞ്ഞു വറീത് മകൻ എം.കെ ജേക്കബ് (87) നിര്യാതനായി.

തൃശൂർ പൊങ്ങണംകാട് ശക്തി മെറ്റൽ ഇൻഡസ്ടീസ് പാർട്ടണറാണ്.

സംസ്കാരം ഡിസംബർ 5 (വെള്ളിയാഴ്ച്ച) രാവിലെ 11മണിക്ക് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.

ഭാര്യാ : ജോളി ജേക്കബ്
(കോച്ചേരി കുടുംബാംഗം)

മക്കൾ : ജിബി, ജിനി, ജിസി

മരുമക്കൾ : ജോ ദേവസ്സി, ബിന്നി മാത്യൂ, ആഷ്ലി ജോൺ

ഭാരതീയ വിദ്യാഭവനിലെ കെ.ജി. വിഭാഗം ‘ട്വിനിംഗ് ഡാൻസ് പ്രോഗ്രാം’ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിലെ കെ.ജി. വിഭാഗം ഭവൻസ് ബാലമന്ദിറിൽ അമ്മയും കുഞ്ഞും ചേർന്നുള്ള ‘ട്വിനിംഗ് ഡാൻസ് പ്രോഗ്രാം’ സംഘടിപ്പിച്ചു.

കുഞ്ഞുങ്ങളും അമ്മമാരും ആവേശത്തോടെ പങ്കെടുത്ത മത്സരം സ്നേഹനിമിഷങ്ങൾ കൊണ്ട് വേദിയെ മനോഹരമാക്കി.

ഭാരതീയ വിദ്യാഭവൻ ശിക്ഷൺ ഭാരതി ചെയർമാൻ പോളി മേനാച്ചേരി ഉദ്ഘാടനം നിർവഹിച്ചു.

ചെയർമാൻ ടി. അപ്പുക്കുട്ടൻ നായർ, എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സി. നന്ദകുമാർ, വൈസ് ചെയർമാൻ ടി.പി. വിവേകാനന്ദൻ, സെക്രട്ടറി വി. രാജൻ, വൈസ് പ്രിൻസിപ്പൽ സുജാത രാമനാഥൻ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ശോഭ ശിവാനന്ദരാജൻ, അഡ്വ. ജോർഫിൻ പേട്ട, സുബ്രഹ്മണ്യൻ, അഡ്വ. ആനന്ദവല്ലി എന്നിവർ സന്നിഹിതരായിരുന്നു.

കെ.ജി. വിഭാഗം മേധാവി മാർഗരറ്റ് വർഗ്ഗീസ് സ്വാഗതവും അധ്യാപിക ശ്വേത സദൻ നന്ദിയും പറഞ്ഞു.