മലക്കപ്പാറയിൽ 4 വയസ്സുകാരനെ പുലി പിടിച്ചു : കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇരിങ്ങാലക്കുട : പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കുടിലിൽ കിടന്നുറങ്ങുകയായിരുന്ന മലക്കപ്പാറ അതിരപ്പിള്ളി പഞ്ചായത്തിലെ വീരാൻകുടി ഉന്നതിയിൽ താമസിക്കുന്ന ബേബിയുടെ മകൻ രാഹുൽ (4) എന്ന കുട്ടിയെ പുലി തലയിൽ കടിച്ച് പിടിച്ച് കൊണ്ടുപോകാൻ ശ്രമിച്ചു.

ഇന്ന് പുലർച്ചെ 2.15 മണിയോടെയാണ് സംഭവം

വീട്ടുകാർ ശബ്ദം കേട്ട് ഒച്ചവെച്ചതിനെ തുടർന്ന് പുലി കുട്ടിയെ താഴെ വച്ച് ഓടി രക്ഷപ്പെട്ടു.

ഉടൻ തന്നെ വീട്ടുകാർ മലക്കപ്പാറ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.

വിവരം അറിഞ്ഞ ഉടൻ തന്നെ സ്ഥലത്തെത്തിയ മലക്കപ്പാറ പൊലീസിന്റെ നേതൃത്വത്തിൽ പരിക്കേറ്റ കുട്ടിയെ മലക്കപ്പാറയിലെ ടാറ്റ ആശുപത്രിയിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ചാലക്കുടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം : സിപിഐ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൻ്റെ ദൈനം ദിന പ്രവർത്തനങ്ങൾ ക്രമീകരിക്കണമെന്ന് ആർബിഐ നിർദ്ദേശം നൽകിയിരിക്കുകയാണ്. ബാങ്കിംഗ് പ്രവർത്തനത്തിൽ നിരന്തരമായ ക്രമക്കേടുകൾ നടത്തിയത് ചൂണ്ടിക്കാണിച്ചാണ് ആർബിഐയുടെ നടപടി.

നിലവിലെ ഉത്തരവ് പ്രകാരം ആറുമാസ കാലയളവിനുള്ളിൽ നിക്ഷേപകന് ആകെ പിൻവലിക്കാൻ കഴിയുന്ന സംഖ്യ പതിനായിരം രൂപ മാത്രമാണ്. പുതിയ വായ്പകൾ അനുവദിക്കുന്നതിനും പുതുക്കുന്നതിനും വിലക്കുണ്ട്.

ബാങ്കിലെ നിക്ഷേപകർ ഉൾപ്പെടെയുള്ള ഇടപാടുകാർ കടുത്ത ആശങ്കയിലാണ്.

നിക്ഷേപകർക്ക് വായ്പാസംഖ്യ ആവശ്യാനുസരണം നൽകുന്നതിനുള്ള നടപടി ബാങ്ക് കൈക്കൊള്ളണമെന്നും ഇത്തരമൊരു സാഹചര്യത്തിലേക്ക് ടൗൺ ബാങ്കിനെ എത്തിച്ച യുഡിഎഫ് ഭരണസമിതിക്കെതിരെ കേരള സഹകരണ വകുപ്പ് സമഗ്ര അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്നും സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി സെക്രട്ടറി എൻ.കെ ഉദയപ്രകാശ് ആവശ്യപ്പെട്ടു.

സെൻ്റ് മേരീസിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ രജത ജൂബിലിയോടനുബന്ധിച്ച് നാഷണൽ സർവീസ് സ്കീമിന്റെയും ആര്യ ഐ കെയർ സൂപ്പർ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റലിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി.

സ്കൂൾ മാനേജർ റവ. ഡോ. പ്രൊഫ. ലാസർ കുറ്റിക്കാടൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡൻ്റ് സി.ജെ. ഷാജു ആശംസകൾ നേർന്നു.

ഫസ്റ്റ് അസിസ്റ്റൻ്റ് സി.ജെ. ഷീജ സ്വാഗതവും പ്രോഗ്രാം കൺവീനർ ടെൽസൺ കൊട്ടോളി നന്ദിയും പറഞ്ഞു.

നിര്യാതയായി

ശാന്ത

ഇരിങ്ങാലക്കുട : പുല്ലൂർ ചേർപ്പ്ക്കുന്ന് നാറാട്ടിൽ പരേതനായ കുമാരൻ ഭാര്യ ശാന്ത (73) നിര്യാതനായി.

സംസ്കാരം വ്യാഴാഴ്ച (ജൂലൈ 31) ഉച്ചതിരിഞ്ഞ് 2 മണിക്ക് മുക്തിസ്ഥാനിൽ.

മക്കൾ : ജയ (അക്കൗണ്ടന്റ് ഓഫീസർ, ബി.എസ്.എൻ.എൽ., തൃശൂർ), ഭാസി, ലവൻ

മരുമക്കൾ : രാജി, പരേതനായ ഉണ്ണിച്ചെക്കൻ

ഓൾ ഇന്ത്യ ക്ലാസിക്കൽ ഡാൻസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കാർത്തിക അനിൽ

ഇരിങ്ങാലക്കുട : ഓൾ ഇന്ത്യ ഡാൻസേഴ്സ് അസോസിയേഷൻ, ഓം സ്കൂൾ ഓഫ് ഡാൻസുമായി ചേർന്ന് സംഘടിപ്പിച്ച ഓൾ ഇന്ത്യ ക്ലാസിക്കൽ ഡാൻസ് മത്സരത്തിൽ ഭരതനാട്യം ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഔട്ട്സ്റ്റാൻഡിങ് ഗ്രേഡും നേടി കാർത്തിക അനിൽ.

കാർത്തിക അനിൽ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.

ഭാരതീയ വിദ്യാഭവനിൽ എൻ.എസ്.എസ്. പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ ഈ വർഷത്തെ എൻ.എസ്.എസ്. പ്രവർത്തനങ്ങൾക്ക് തുടക്കമായി.

ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് തൃശൂർ രംഗചേതന, വിമുക്തി ക്ലബ്ബ്, സ്കൂൾ സുരക്ഷാ സെൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കെ.വി. ഗണേഷ് അവതരിപ്പിച്ച ഏകപാത്ര നാടകാവതരണം ഏറെ ശ്രദ്ധേയമായി.

ലഹരി എന്ന വിപത്തിനെ കുറിച്ച് വിദ്യാർഥികളിൽ അവബോധം ജനിപ്പിക്കാൻ “ജീവിതം ലഹരി” എന്ന നാടകത്തിന് കഴിഞ്ഞു.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറും ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ എസ്.ആർ. ജിൻസി മുഖ്യാതിഥിയായിരുന്നു.

എക്സൈസ് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥനായ ജിതിൻ, ചെയർമാൻ ടി അപ്പുക്കുട്ടൻ നായർ, സെക്രട്ടറി വി. രാജൻ മേനോൻ, മാനേജ്മെന്റ് കമ്മിറ്റി അംഗം ശോഭ ശിവാനന്ദരാജൻ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, വൈസ് പ്രിൻസിപ്പൽ സുജാത രാമനാഥൻ, ചിത്രകലാ അധ്യാപകനും എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറുമായ എ.ഡി. സജു, പി.ടി.എ. പ്രസിഡന്റ് റാണി പ്രദീപ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു.

എൻ.എസ്.എസ്. കോർഡിനേറ്റർമാരായ ജിനപാൽ, സറീന, രാജി എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.

നിര്യാതനായി

ജോയ്

ഇരിങ്ങാലക്കുട : ഷണ്മുഖം കനാൽ ബേസ് കുരിശുമറ്റം വീട്ടിൽ ചാക്കോ മകൻ ജോയ് (67) നിര്യാതനായി.

സംസ്കാരം നടത്തി.

ഭാര്യ : ശോഭന

മക്കൾ : ജിനോ, ജാസ്മി.

മരുമക്കൾ : സച്ചു, റിജി

അധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളെജിലെ മൈക്രോബയോളജി വിഭാഗം അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ജൂലായ് 28 (തിങ്കളാഴ്ച)രാവിലെ 10 മണിക്ക് നടക്കും.

പി എച്ച് ഡി, നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 9495576658

നിര്യാതനായി

ചന്ദ്രൻ

ഇരിങ്ങാലക്കുട : തേലപിള്ളി ഇടക്കാട്ടിൽ ചന്ദ്രൻ (76) നിര്യാതനായി.

സംസ്ക്കാരം നാളെ (ജൂലൈ 24) വ്യാഴാഴ്ച ഉച്ചക്ക് 12.30ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

ഭാര്യ : ജാനകി

മക്കൾ : ഹരീഷ്, ശരത്ത്

മരുമകൾ : അഞ്ജലി