യുവതിയുടെ അസ്വഭാവിക മരണം : ഭർത്താവ് അറസ്റ്റിൽ

ഇരിങ്ങാലക്കുട : മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴുവിലങ്ങിൽ ഭർത്താവിൻ്റെ പീഡനത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു.

ചേനോത്തുപറമ്പിൽ വീട്ടിൽ പ്രശാന്തി(40)നെയാണ് മതിലകം പൊലീസ് ഇൻസ്പെക്ടർ എം.കെ. ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്.

ഫേസ്ബുക്ക്‌ വഴി പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിയായ 34 വയസ്സുള്ള യുവതിയെ പ്രശാന്ത് വിവാഹം കഴിക്കുകയായിരുന്നു. പ്രശാന്തിൽ നിന്നുള്ള പീഡനം സഹിക്കാനാവാതെയാണ് യുവതി തൂങ്ങി മരിച്ചതെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി.

നാട്ടുകാരുടെ ശ്രമങ്ങൾ വിഫലമായി; ഉണ്ണികൃഷ്ണൻ യാത്രയായി

ഇരിങ്ങാലക്കുട : നാട്ടുകാരുടെ ശ്രമങ്ങളെല്ലാം വിഫലമാക്കി കുഴിക്കാട്ടുശ്ശേരി മാട്ടപ്പറമ്പിൽ ചാത്തൻ മകൻ ഉണ്ണികൃഷ്ണൻ(60) യാത്രയായി.

കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ അണുബാധ മൂലം വലതുകാൽ മുട്ടിനുമുകളിൽ വച്ച് മുറിച്ചുമാറ്റേണ്ടി വന്നിരുന്നു. ഒരുമാസത്തിനുശേഷം തൊണ്ടയിൽ കാൻസർ ബാധയുമുണ്ടായി. കഴിഞ്ഞ ഏപ്രിലിൽ ഗൾഫിൽ ജോലിക്കുപോയ മൂത്തമകൻ സർജിൽകൃഷ്ണ രണ്ട് മാസം തികയുംമുമ്പ് അവിടെവച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു.

ഉണ്ണികൃഷ്ണൻ്റെ രോഗബാധയെ തുടർന്ന് രോഗികളായ ഭാര്യയും ഇളയ മകനുമടങ്ങിയ കുടുംബത്തിന്റെ ജീവിതം തന്നെ വഴിമുട്ടിയ സാഹചര്യത്തിലാണ് നാട്ടുകാർ സഹായനിധി രൂപീകരിച്ച് ധനസമാഹരണം നടത്തി ചികിത്സ നടത്തിയത്.

അടച്ചുറപ്പില്ലാത്ത കൊച്ചു വീട്ടിൽ നിന്നും വാടക വീട്ടിലേക്ക് മാറ്റി പാർപ്പിക്കുകയും ചെയ്തിരുന്നു. 6 മാസമായി കോട്ടയം, തൃശൂർ മെഡിക്കൽ കോളെജുകളിൽ ചികിത്സ നൽകിയിരുന്നു.

വത്സലയാണ് ഭാര്യ. മകൻ സിറിൽകൃഷ്ണ.

സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് ചാലക്കുടി പൊതുശ്മശാനത്തിൽ.

ഐ.എസ്.എസ്.എ.യുടെ എക്സിക്യൂട്ടിവ് ബോർഡിലെ ആദ്യ ഇന്ത്യൻ പ്രതിനിധി ഇരിങ്ങാലക്കുട സ്വദേശി അജയ് ജോസഫ്

ഇരിങ്ങാലക്കുട : ഇന്റർനാഷണൽ ഷിപ്പ് സപ്ലയേഴ്സ് അസോസിയേഷൻ്റെ (ഐ.എസ്.എസ്.എ.) ഇന്ത്യൻ പ്രതിനിധിയായി ഇരിങ്ങാലക്കുട ചെമ്മണ്ട സ്വദേശി അജയ് ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു.

1955ൽ രൂപീകൃതമായ ഐ.എസ്.എസ്.എ. ഇന്റർനാഷണൽ എക്സിക്യൂട്ടിവ് ബോർഡിലേക്ക് ആദ്യമായാണ് ഒരു ഇന്ത്യൻ പ്രതിനിധി തെരഞ്ഞെടുക്കപ്പെടുന്നത്.

ലോകത്തിലെ 90 രാജ്യങ്ങളിൽ നിന്നായി രണ്ടായിരത്തിലേറെ കമ്പനികൾക്ക് അംഗത്വമുള്ള അസോസിയേറ്റ്സ് അംഗങ്ങളുടെ പ്രതിനിധിയായാണ് അജയ് ജോസഫ് തെരഞ്ഞെടുക്കപ്പെട്ടത്.

കണ്ടെയ്നർ കപ്പലുകൾ, ആഡംബര കപ്പലുകൾ എന്നിവയ്ക്ക് സ്പെയർ പാർട്ട്സുകളും, സർവീസുകളും ലഭ്യമാക്കുന്നവരുടെ അസോസിയേഷനാണിത്.

മുംബൈയിൽ ഗ്ലോബൽ മറൈൻ സപ്ലൈ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ് അജയ് ജോസഫ്.

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് എത്തുന്ന ഷിപ്പുകൾക്ക് സർവ്വീസ് നൽകി കൊണ്ടിരിക്കുന്ന കമ്പനി കൂടിയാണ് ഗ്ലോബൽ മറൈൻ സപ്ലൈ കമ്പനി.

ബില്യണ്‍ ബീസ് നിക്ഷേപത്തട്ടിപ്പ് : പരാതികളില്‍ നടപടികളുമായി പൊലീസ്

ഇരിങ്ങാലക്കുട : ഷെയർ മാർക്കറ്റിംഗിൻ്റെ മറവില്‍ വലിയ ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍നിന്ന് 150 കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പൊലീസ് പരാതിക്കാരില്‍ നിന്നും മൊഴികളെടുത്തു. മൊഴികളുടെ അടിസ്ഥാനത്തില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവരികയാണ്.

55 പേരുടെ പരാതികളില്‍ നിന്നും ആറ് കേസുകളാണ് സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഒരെണ്ണം തൃശ്ശൂര്‍ റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ചും ബാക്കി അഞ്ച് കേസുകള്‍ ഇരിങ്ങാലക്കുട സിഐയുമാണ് അന്വേഷിക്കുന്നത്.

ബില്യണ്‍ ബീസ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ഇരിങ്ങാലക്കുട നടവരമ്പ് കിഴക്കേവളപ്പില്‍ വീട്ടില്‍ ബിബിന്‍, ഭാര്യ ജൈത വിജയന്‍, സഹോദരന്‍ സുബിന്‍, ജനറല്‍ മാനേജര്‍ സജിത്ത് എന്നിവരുടെ പേരിലാണ് കേസ് എടുത്തിരിക്കുന്നത്.

കേരളത്തിനു പുറത്തും വിദേശത്തും തട്ടിപ്പ് നടന്നുവെന്ന് നിക്ഷേപകര്‍തന്നെ സാക്ഷ്യപ്പെടുത്തുമ്പോഴും നിലവില്‍ ഇരിങ്ങാലക്കുട സ്റ്റേഷനില്‍ മാത്രമാണ് ഇതു സംബന്ധിച്ച പരാതികള്‍ ലഭിച്ചിരിക്കുന്നത്.

തട്ടിപ്പ് പുറത്തുവന്ന സ്ഥിതിക്ക് പരാതികളുടെ എണ്ണം കൂടുമെന്ന പ്രതീക്ഷ പൊലീസിനുണ്ട്. കേരളത്തിനു പുറത്തും ദുബായ് കേന്ദ്രീകരിച്ചുമെല്ലാം വന്‍തോതില്‍ നിക്ഷേപ സമാഹരണം നടന്നുവെന്നും നിക്ഷേപകര്‍ പറയുന്നു. ലഭിച്ച 55 പരാതികളില്‍ പലതും കൂട്ടായി നല്‍കിയ പരാതികളാണ്.

32 പേര്‍ ഒരുമിച്ചു നല്‍കിയ പരാതി ഇതില്‍പ്പെടുന്നു. ബാക്കിയുള്ളവ വ്യക്തിപരമായ പരാതികളാണ്. കൂട്ടായി നല്‍കിയ പരാതികളില്‍ ഉള്‍പ്പെട്ടവരില്‍ ചിലരും വ്യക്തിപരമായ പരാതി നല്‍കിയിട്ടുണ്ട്. ഒരു കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷം രൂപ നഷ്ടമായ എങ്ങണ്ടിയൂര്‍ ചിറയത്ത് വീട്ടില്‍ ബിന്ദു, പത്ത് ലക്ഷം വീതം നഷ്ടമായ ഇരിങ്ങാലക്കുട സോള്‍വെന്റ് വെസ്റ്റ് റോഡില്‍ കല്ലുമാന്‍ പറമ്പില്‍ രവികൃഷ്ണദാസ്, കാരുമാത്ര സ്വദേശി രഞ്ജിത്ത്, പാലക്കാട് ശ്രീകൃഷ്ണപുരം മണ്ണംപേട്ട വടക്കേടത്ത് മന രമേഷ്, രണ്ട് കോടി അറുപത്തിഅഞ്ച് ലക്ഷത്തി മുപ്പത്തിമൂവായിരം രൂപ നഷ്ടപ്പെട്ട എടക്കുളം കരുമാന്ത്ര വീട്ടില്‍ സേതുരാമന്‍, ചേലൂര്‍ സ്വദേശി കരുമാന്ത്ര വീട്ടില്‍ രഘുരാമന്‍ എന്നിവരുടെ പരാതികളിലാണ് കേസ്സ് എടുത്തിരിക്കുന്നത്.

രഘുരാമനും ഭാര്യയും മകന്‍ കൃഷ്ണജിത്തും ചേര്‍ന്ന് 40 ലക്ഷം രൂപയാണ് 2021, 2023 വര്‍ഷങ്ങളിലായി നിക്ഷേപിച്ചത്. 2021ല്‍ നിക്ഷേപിച്ച ഘട്ടത്തില്‍ വാഗ്ദാനം ചെയ്ത ലാഭവിഹിതം ആദ്യ മാസങ്ങളില്‍ ലഭിച്ചിരുന്നതായി രഘുരാമന്‍ പറഞ്ഞു. രഘുരാമന്റെയും ഭാര്യയുടെയും പേരില്‍ അഞ്ച് ലക്ഷം വീതവും മകന്റെ പേരില്‍ 30 ലക്ഷവുമാണ് നിക്ഷേപിച്ചത്.

2024 തുടക്കത്തോടെ ബില്യണ്‍ ബീസ് തകര്‍ച്ചയുടെ പാതയില്‍ ആയെങ്കിലും പണം നഷ്ടപ്പെട്ടവര്‍ ആരും പരാതി നല്‍കിയിരുന്നില്ല. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ആദ്യമായി ബില്യൺ ബിസിനെതിരെ പരാതി വരുന്നത്. സ്ഥാപനത്തിലെ 5 ജീവനക്കാര്‍ ചേര്‍ന്ന് തൃശൂര്‍ എസ്.പി.ക്ക് പരാതി നൽകുകയായിരുന്നു.

ഡിസംബര്‍ 14 നാണ് 32 പേര്‍ എസ്.പി. ഓഫീസില്‍ എത്തി പരാതി നല്‍കിയത്. പലരും ഇപ്പോഴും പണം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്‍ പരാതി നല്‍കാതിരിക്കുകയാണ്. ഇതു കൂടാതെ വന്‍തുക നിക്ഷേപമായി നല്‍കിയവരും പരാതി നല്‍കാന്‍ മടിക്കുന്നുണ്ട്.

നിക്ഷേപത്തുകയുടെ ഉറവിടം പറയേണ്ടി വരുമെന്നതാണ് പലരേയും പിന്തിരിപ്പിക്കുന്നത്.

ഇതിനിടയിൽ പൊലീസ് രജിസ്റ്റര്‍ ചെയ്ത പ്രതി പട്ടികയില്‍ കമ്പനി ഉടമകളുടെ ഒരു സഹോദരനെയും നടത്തിപ്പുകാരിലുണ്ടായിരുന്ന ഒരു മാനേജറെയും ഒഴിവാക്കിയതായി നിക്ഷേപകര്‍ ആക്ഷേപം ഉയർത്തുന്നുണ്ട്.

കമ്പനിയുടെ രണ്ട് മാനേജര്‍മാരിൽ സജിത്ത് എന്ന മാനേജര്‍ക്കെതിരെ കേസെടുത്തുവെങ്കിലും രണ്ടുകൈ സ്വദേശിയായ റിജോയ്ക്കെതിരെ കേസെടുത്തിട്ടില്ലെന്നാണ് ആരോപണം. നിക്ഷേപകര്‍ നല്‍കിയ പരാതിയില്‍ റിജോയുടെ പേരും ഉണ്ടായിരുന്നു. റിജോയ് ഇപ്പോള്‍ ദുബായിലെ ഒരു ബാങ്കില്‍ ക്രെഡിറ്റ് വിഭാഗത്തിലാണ് ജോലി ചെയ്യുന്നതെന്ന് നിക്ഷേപകര്‍ പറയുന്നു.

കമ്പനിയുടെ നടത്തിപ്പിലുണ്ടായിരുന്ന ബിബിന്റെ സഹോദരന്‍ ലിബിനെതിരെയും കേസെടുത്തിട്ടില്ലെന്ന് നിക്ഷേപകർ ആരോപിച്ചു.

നിര്യാതനായി

പൊറിഞ്ചു

ഇരിങ്ങാലക്കുട : തുമ്പൂർ കുതിരത്തടം കാച്ചപ്പിള്ളി അന്തോണി മകൻ പൊറിഞ്ചു നിര്യാതനായി.

സംസ്കാരകർമ്മം നാളെ (ശനിയാഴ്ച) രാവിലെ 9. 30ന് കുതിരത്തടം സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ.

ഭാര്യ : പരേതയായ മേരി

മക്കൾ : ജോണി (തുമ്പൂർ ബാങ്ക് മുൻ പ്രസിഡന്റ്), റോസിലി, ഡേവിസ്, ജാൻസി, ആൻസി, ഷിജി

മരുമക്കൾ : ഓമന ചിറയത്ത്, ജോസ് കുറുവീട്ടിൽ, ഷൈനി മാളിയേക്കൽ, പോൾ കോക്കാട്ട്, ജോയ് കരിമാലിക്കൽ, ജോയ് നെല്ലിശ്ശേരി

കെ.എ.തോമസ് മാസ്റ്റർ അനുസ്മരണവും പുരസ്കാര സമർപ്പണവും മാർച്ച് 2ന്

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യസമര സേനാനിയും സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സ്ഥാപക നേതാക്കളിൽ ഒരാളും യുക്തിവാദിയും സാംസ്കാരിക പ്രവർത്തകനുമായിരുന്ന
കെ.എ.തോമസ് മാസ്റ്ററുടെ പതിനാലാം ചരമവാർഷിക ദിനമായ മാർച്ച് 2 ഞായർ 2.30ന് മാള പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.

ഈ വർഷത്തെ തോമസ് മാസ്റ്റർ ഫൗണ്ടേഷൻ പുരസ്കാര സമർപ്പണവും അദ്ദേഹം നിർവ്വഹിക്കും.

ഡബ്ലിയു സി സി ക്കു വേണ്ടി ദീദി ദാമോദരൻ, ജോളി ചിറയത്ത്, ആശ ജോസഫ് ഉൾപ്പെടെയുള്ളവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങും.

പി.എൻ.ഗോപീകൃഷ്ണൻ ജൂറി റിപ്പോർട്ട് അവതരിപ്പിക്കും.

അഡ്വ.വി.ആർ.സുനിൽകുമാർ എം.എൽ.എ അധ്യക്ഷനാകും.

‘ഇന്ത്യൻ ഭരണഘടനയും സനാതന ധർമ്മവും’ എന്ന വിഷയത്തിൽ ഡോ.ടി.എസ്.ശ്യാംകുമാർ സ്മാരക പ്രഭാഷണം നടത്തും.

ശ്യാംകുമാറിനെ ഗോപീകൃഷ്ണൻ
ആദരിക്കും.

ഫൗണ്ടേഷൻ അംഗത്വ സർട്ടിഫിക്കറ്റുകൾ ജില്ലാ പഞ്ചായത്തംഗം പി.കെ.ഡേവീസ് മാസ്റ്റർ വിതരണം ചെയ്യും.

എടത്താട്ടിൽ മാധവൻ മാസ്റ്റർക്ക് മരണാനന്തര ആദരം നൽകും.

മരണാനന്തര ശരീര, അവയവദാന സമ്മതപത്രങ്ങൾ വേദിയിൽ ഏറ്റുവാങ്ങും.

ജനപ്രതിനിധികളും സാമൂഹ്യ രാഷ്ട്രീയ സംഘടനാ പ്രതിനിധികളും അനുസ്മരണം നടത്തും.

“പുതിയ ബജറ്റും ആധുനിക ഭാരതവും” : ബജറ്റ് വിവരണ സെമിനാർ സംഘടിപ്പിച്ച് ബിജെപി

ഇരിങ്ങാലക്കുട : ഭാരതീയ ജനതാ പാർട്ടി തൃശൂർ സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ”പുതിയ ബജറ്റും ആധുനിക ഭാരതവും” എന്ന വിഷയത്തിൽ ഇരിങ്ങാലക്കുട ടൗൺ ഹാൾ അങ്കണത്തിൽ ബജറ്റ് വിവരണ സെമിനാർ സംഘടിപ്പിച്ചു.

ബിജെപി സംസ്ഥാന കമ്മറ്റിയംഗം കെ.എസ്. സുരേഷ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന സമിതിയംഗവും ചാനൽ ചർച്ചകളിലെ നിറസാന്നിധ്യവുമായ പി.ആർ. ശിവശങ്കർ ഉദ്ഘാടനം ചെയ്തു.

ഡോ. എം. മോഹൻദാസ് വിഷയാവതരണം നടത്തി.

കർഷകർ, സർക്കാർ ഉദ്യോഗസ്ഥർ, കച്ചവടക്കാർ, വിദ്യാർഥികൾ, വനിതകൾ തുടങ്ങി ബജറ്റിലൂടെ വിവിധ മേഖലകളിൽ ഗുണം ലഭിച്ച വ്യക്തികൾ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് ആർച്ച അനീഷ് സ്വാഗതം പറഞ്ഞു.

സംസ്ഥാന കൗൺസിൽ അംഗം കെ.സി. വേണു മാസ്റ്റർ, തൃശൂർ സൗത്ത് ജില്ലയിലെ മണ്ഡലം പ്രസിഡൻ്റുമാരായ പി.എസ്. സുഭീഷ്, ടി.വി. പ്രജിത്ത്, അനൂപ്, സിജു, ജിതേഷ്, പ്രിൻസ്, സുജ കാർത്തിക് എന്നിവർ പ്രസംഗിച്ചു.

ആനയ്ക്കൽ ധന്വന്തരി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം മാർച്ച് 1ന്

ഇരിങ്ങാലക്കുട : മനക്കലപ്പടി ആനയ്ക്കൽ ധന്വന്തരി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം മാർച്ച് 1ന് സംഘടിപ്പിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ രാവിലെ 5 മണിക്ക് ഗണപതി ഹോമവും വിശേഷാൽ പൂജകളും നടക്കും.

രാവിലെ 9 മണിക്ക് ആരംഭിക്കുന്ന കാഴ്ചശീവേലിയിൽ തൃപ്രയാർ അനിയൻ മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളം അരങ്ങേറും.

ഉച്ചയ്ക്ക് 11.30 മുതൽ പ്രസാദ ഊട്ട് ഉണ്ടായിരിക്കും.

വൈകീട്ട് 5 മണിക്ക് യൂണിവേഴ്സൽ വേൾഡ് റെക്കോർഡ് ജേതാവ് സലീഷ് നനദുർഗ്ഗ അവതരിപ്പിക്കുന്ന സോപാനസംഗീതവും, 7 മണിക്ക് സദനം കൃഷ്ണപ്രസാദിന്റെ തായമ്പകയും അരങ്ങേറും.

പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണം : കെ. എസ്. എസ്. പി. യു.

ഇരിങ്ങാലക്കുട : 12-ാം പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, 11-ാം പെൻഷൻ പരിഷ്കരണ കുടിശ്ശികയും ഡിഎയും അനുവദിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിച്ച് ക്യാഷ്ലെസ് ചികിത്സ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഇരിങ്ങാലക്കുട ടൗൺ ബ്ലോക്ക് 33-ാം വാർഷിക സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

ബ്ലോക്ക് പ്രസിഡന്റ് എം.ടി. വർഗ്ഗീസ് അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈസ് പ്രസിഡന്റ് ജോയ് മണ്ഡലത്തിൽ സംഘടനാ റിപ്പോർട്ടും, ബ്ലോക്ക് സെക്രട്ടറി ഉത്തമൻ പാറയിൽ ബ്ലോക്ക് റിപ്പോർട്ടും അവതരിപ്പിച്ചു.

ബ്ലോക്ക് ഖജാൻജി കെ.ജി. സുബ്രഹ്മണ്യൻ വരവു ചെലവു കണക്കുകളും ബഡ്ജറ്റും അവതരിപ്പിച്ചു.

ജില്ലാ ജോയിന്റ് സെക്രട്ടറി എം.കെ. ഗോപിനാഥൻ, ജില്ലാ കമ്മിറ്റി അംഗം എം.കെ. കാളിക്കുട്ടി, ഇ.ജെ. ക്ലീറ്റസ്, പി.കെ. യശോധരൻ എന്നിവർ പ്രസംഗിച്ചു.

ആളൂരിൽ രാസലഹരിയുമായി 3 യുവാക്കൾ പിടിയിൽ

ഇരിങ്ങാലക്കുട : ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയാനായി സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ഐപിഎസിന്റെ നിർദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി നടത്തുന്ന “ഓപ്പറേഷൻ ഡി ഹണ്ടി”ന്റെ ഭാഗമായി ആളൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ രാസലഹരിയുമായി 3 യുവാക്കളെ പിടികൂടി.

കണ്ണിക്കര ആൽത്തറയിൽ നിന്ന് കടുപ്പശ്ശരി സ്വദേശി നെടുമ്പുരയ്ക്കൽ വീട്ടിൽ ക്രിസ്റ്റോ (21), അവിട്ടത്തൂരിൽ നിന്നും അവിട്ടത്തൂർ മനക്കലപ്പടി സ്വദേശി അലങ്കാരത്തുപറമ്പിൽ വീട്ടിൽ ജെസ്വിൻ (19), പുന്നേലിപ്പടിയിൽ നിന്ന് അവിട്ടത്തൂർ സ്വദേശി കോലങ്കണ്ണി വീട്ടിൽ ഓസ്റ്റിൻ (19) എന്നിവരെയാണ് എം.ഡി.എം.എ.യുമായി പിടികൂടിയത്.

ആളൂർ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പെട്ട ക്രിസ്റ്റോ 2024ൽ നടന്ന ഒരു അടിപിടികേസിലും ഒരു വധശ്രമ കേസിലും പ്രതിയാണ്.