ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : പൂമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 41-ാം രക്തസാക്ഷിത്വദിനം ആചരിച്ചു.

അരിപ്പാലം സെൻ്ററിൽ സംഘടിപ്പിച്ച ചടങ്ങ് മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ ജോസ് മൂഞ്ഞേലി ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ ശ്രീകുമാർ അധ്യക്ഷത വഹിച്ചു.

മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രഞ്ജിനി മുഖ്യ പ്രഭാഷണം നടത്തി.

കാട്ടൂർ ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ടി ആർ ഷാജു, ടി ആർ രാജേഷ്, യു ചന്ദ്രശേഖരൻ, ടി എസ് പവിത്രൻ, മണ്ഡലം വൈസ് പ്രസിഡന്റ്‌ ഇ കെ സുബ്രഹ്മണ്യൻ, ജൂലി ജോയ് എന്നിവർ പ്രസംഗിച്ചു.

ലാലി വർഗ്ഗീസ് സ്വാഗതവും, കത്രീന ജോർജ്ജ് നന്ദിയും പറഞ്ഞു.

ഓൺലൈനിൽ പാർട്ട്ടൈം ജോലി ചെയ്യിപ്പിച്ച് 11 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഓൺലൈനിൽ പാർട്ട് ടൈം ജോലി ചെയ്യിപ്പിച്ച് അവിട്ടത്തൂർ സ്വദേശിയിൽ നിന്ന് 11 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ.

കണ്ണൂർ കതിരൂർ പുളിയോട് സ്വദേശി വിദ്യ വിഹാർ വീട്ടിൽ സി. വിനീഷ് (39) എന്നയാളെയാണ് തൃശൂർ റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.

അവിട്ടത്തൂർ സ്വദേശി കുന്നത്ത് വീട്ടിൽ ആദർശ് എന്നയാളെ വാട്സാപ്പ് വഴി ബന്ധപ്പെട്ട് ഡി.ഡി.ബി. വേൾഡ് വൈഡ് മീഡിയ ഇന്ത്യ എന്ന കമ്പനിയുടെ പേരിൽ ഹോട്ടലുകൾക്കും റെസ്റ്റോറൻ്റുകൾക്കും സ്റ്റാർ റേറ്റിംഗ് കൊടുക്കുന്ന ഓൺലൈൻ ജോലി ചെയ്താൽ പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആദർശിന്റെ മൊബൈലിലേക്ക് മെസ്സേജുകൾ അയച്ച് കൊടുക്കുകയും പെയ്‌മെന്റിനായി ടെലഗ്രാം അക്കൗണ്ട് അയച്ചു കൊടുത്തും 2024 ജനുവരി 16 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ വിവിധ പ്രീപെയ്ഡ് ടാസ്ക്കുകളും റിവ്യൂ ടാസ്ക്കുകളും ചെയ്യിപ്പിച്ച് ഓരോ കാരണങ്ങൾ പറഞ്ഞ് പല തവണകളിലായി പ്രതിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 5,28,000 രൂപ അയപ്പിച്ച് വാങ്ങി തട്ടിപ്പ് നടത്തിയ സംഭവത്തിനാണ് വിനീഷ് അറസ്റ്റിലായത്.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

പരാതിക്കാരന് നഷ്ട്ടപ്പെട്ട തുകയിൽ ഉൾപ്പെട്ട 58000 രൂപ പ്രതിയായ വിനീഷിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആയിട്ടുള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാളുടെ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനായി എടുത്ത പുതിയ സിം കാർഡ്, അക്കൗണ്ടിന്റെ പാസ്ബുക്ക്, എടിഎം കാർഡ്, ചെക്ക് ബുക്ക് എന്നിവ കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനായി മറ്റൊരാൾക്ക് കൈമാറിയതായും ആയതിന് 10000 രൂപ കമ്മീഷൻ കൈപ്പറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തി.

വിനീഷിന്റെ ബാങ്ക് അക്കൗണ്ടിന്റെ സ്റ്റേറ്റ്മെന്റ് പരിശോധിച്ചതിൽ 29,20,000 രൂപ നിയമവിരുദ്ധമായി വന്നിട്ടുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് കൂടുതലായി അന്വേഷിച്ചതിൽ ഈ അക്കൗണ്ടിലൂടെ തട്ടിപ്പ് നടത്തിയ പണം കൈമാറ്റം ചെയ്തതിന് വിവിധ സംസ്ഥാനങ്ങളിലായി 14 കേസുകൾ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്.

ജിഎസ്ഐ കെ.വി. ജെസ്റ്റിൻ, സിപിഒ ശ്രീയേഷ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.

പ്രമേഹ നിർണ്ണയ – നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പി.എൽ തോമൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്‌റ്റ്‌, കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ്‌ ക്ലബ്ബ് ഇൻ്റർനാഷ്‌ണൽ, ഐ ഫൗണ്ടേഷൻ ആശുപത്രി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പി എൻ തോമൻ മെമ്മോറിയൽ ക്ലിനിക്കിൽ പ്രമേഹ നിർണ്ണയ – നേത്ര പരിശോധന – തിമിര ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിച്ചു.

ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്‌റ്റ് ക്യാമ്പ് കോർഡിനേറ്റർ ജോൺസൻ കോലംങ്കണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

അഡ്വ. എം.എസ് രാജേഷ് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി എം സി പ്രദീപ്, ട്രഷറർ ജെയ്‌സൺ മൂഞ്ഞേലി, ശിവൻ നെന്മാറ എന്നിവർ പങ്കെടുത്തു.

നിര്യാതനായി

സെബാസ്റ്റ്യൻ

ഇരിങ്ങാലക്കുട : ജ്യോതി നഗർ കൊടിയിൽ പേങ്ങിപറമ്പിൽ ലോനപ്പൻ മകൻ സെബാസ്റ്റ്യൻ (82) നിര്യാതനായി.

സംസ്കാരകർമ്മം നാളെ (ഒക്ടോബർ 28) രാവിലെ 9.30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.

ഭാര്യ : ബേബി സെബാസ്റ്റ്യൻ

മക്കൾ : സിബക്സ്, സ്വീറ്റി,
സിബിൻ

മരുമക്കൾ : ജിൽമി, ഷോണി, റൂബി

ക്ലസ്റ്റർ റിസോഴ്സ് സെൻ്റർ കോർഡിനേറ്റർ ഒഴിവ്

ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷ കേരള
വെള്ളാങ്ങല്ലൂർ ബി.ആർ.സി.യിലെ നിലവിലുള്ള ക്ലസ്റ്റർ റിസോഴ്സ് സെൻ്റർ കോർഡിനേറ്റർ (സി.ആർ.സി.സി.) ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

ഡിഎൽഡ് / ടിടിസി/ബിഎഡ്, കെടെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ വെള്ളാങ്ങല്ലൂർ ബി.ആർ.സി.യിൽ ഒക്ടോബർ 28 ചൊവാഴ്ച രാവിലെ 11.30ന് നടക്കുന്ന അഭിമുഖത്തിൽ അപേക്ഷയും അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം ഹാജരാകേണ്ടതാണ്.

ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി പുരസ്കാരം കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താന്

ഇരിങ്ങാലക്കുട : ഈ വർഷത്തെ ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി പുരസ്കാരം പ്രശസ്ത കഥകളി വേഷകലാകാരൻ കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താന്.

അഞ്ചരപതിറ്റാണ്ടിലേറെ കാലമായി കഥകളി രംഗത്ത് നിറഞ്ഞുനിൽക്കുന്ന ഉണ്ണിത്താൻ ചുവന്നതാടി, കരി തുടങ്ങിയ വേഷങ്ങളിൽ തൻ്റെ പ്രാഗത്ഭ്യം തെളിയിച്ച കലാകാരനാണ്.

കല്ലുവഴിച്ചിട്ടയിൽ അഭ്യസിച്ച് താടി വേഷത്തിനെ താരപദവിയിലേക്ക് ഉയർത്തി അതിലൂടെ
ഏറ്റവും ജനപ്രീതി നേടിയ കലാകാരനാണ് രാമചന്ദ്രൻ ഉണ്ണിത്താൻ.

2026 ജനുവരി 24, 25, 26 തിയ്യതികളിലായി നടത്തുന്ന ക്ലബ്ബിൻ്റെ 51-ാം വാർഷികാഘോഷ ചടങ്ങിൽ പുരസ്കാരം നൽകും.

10000 രൂപയും, പ്രശസ്തിപത്രവും, അംഗവസ്ത്രവുമടങ്ങുന്നതാണ് ക്ലബ്ബിൻ്റെ വാർഷിക പുരസ്കാരം.

പി. ബാലകൃഷ്ണൻ സ്മാരക കഥകളി എന്റോവ്മെൻ്റ് കോട്ടയ്ക്കൽ പി.എസ്.വി. നാട്യസംഘത്തിലെ ചെണ്ട വിഭാഗത്തിൽ എട്ടാം വർഷ
വിദ്യാർഥിയായ ഗോവിന്ദ് ഗോപകുമാറിന് നൽകും.

നേരത്തേ പ്രഖ്യാപിച്ച കെ.വി. ചന്ദ്രൻ സ്മാരക പ്രഥമ ചന്ദ്രപ്രഭ പുരസ്കാരം പള്ളം ചന്ദ്രനും സമ്മാനിക്കും.

നിര്യാതനായി

കൊച്ചുദേവസ്സി

ഇരിങ്ങാലക്കുട : കല്ലേറ്റുംകര പ്ലാശ്ശേരി പനങ്കുടൻ ഔസേപ്പ് കൊച്ചുദേവസ്സി (80) നിര്യാതനായി.

സംസ്‌കാരകർമ്മം വെള്ളിയാഴ്ച്ച (ഒക്ടോബർ 24) രാവിലെ 9 മണിക്ക് കല്ലേറ്റുംകര പള്ളിക്ക് സമീപമുള്ള മകൻ ജോജോയുടെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ആളൂർ പ്രസാദവര നാഥാപള്ളി സെമിത്തേരിയിൽ.

മക്കൾ : ജിജോ, ജോജോ, പരേതനായ ബൈജു

മരുമക്കൾ : സന്ധ്യ, ജിൻസി

സ്നേഹസ്പർശം പദ്ധതി : അഭയ ഭവനിലേക്ക് പലചരക്കും തുണിത്തരങ്ങളും നൽകി സെൻ്റ് മേരീസ് സ്കൂൾ വിദ്യാർഥികൾ

ഇരിങ്ങാലക്കുട : സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എൻ.എസ്.എസ്. യൂണിറ്റും, റോവർ ആൻഡ് റെയ്ഞ്ചർ യൂണിറ്റും സംയുക്തമായി അവരവരുടെ വീടുകളിൽ നിന്നും പലരിൽ നിന്നുമായി ശേഖരിച്ച അരിയും പലചരക്ക് സാമഗ്രികളും തുണിത്തരങ്ങളും അഭയ ഭവനിലേക്ക് നൽകി.

സ്കൂൾ മാനേജർ റവ. ഡോ. പ്രൊഫ. ലാസർ കുറ്റിക്കാടൻ, അഭയ ഭവൻ മദർ സുപ്പീരിയർ സിസ്റ്റർ എൽസിക്ക് സാധനങ്ങൾ കൈമാറി.

ചടങ്ങിൽ സ്നേഹസ്പർശം പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനവും നിർവ്വഹിച്ചു.

സ്കൂൾ പ്രിൻസിപ്പൽ പി. ആൻസൻ ഡൊമനിക് അധ്യക്ഷത വഹിച്ചു.

പി.ടി.എ. പ്രസിഡന്റ് ഷാജു ജോസ് ചിറയത്ത്, രജത ജൂബിലി പ്രോഗ്രാം കൺവീനർ ടെൽസൺ കോട്ടോളി, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ജൂബി, അധ്യാപകരായ ജിൻസൻ, മേരി ആന്റണി, പാർവ്വതി എന്നിവർ പ്രസംഗിച്ചു.

കുട്ടികൾ അഭയ ഭവനിലെ രോഗികളെ സന്ദർശിക്കുകയും അവർക്കു വേണ്ട ശുശ്രൂഷകളിൽ സഹായിക്കുകയും ചെയ്തു.

28ന് ഇരിങ്ങാലക്കുടയിൽ ജോബ് ഡ്രൈവ്

ഇരിങ്ങാലക്കുട : മോഡൽ കരിയർ സെന്റർ – ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ഇരിങ്ങാലക്കുട ഒക്ടോബർ 28ന് ജോബ് ഡ്രൈവ് സംഘടിപ്പിക്കും.

സ്വകാര്യമേഖലയിലുള്ള സ്ഥാപനങ്ങളിലേക്കാണ് അഭിമുഖങ്ങൾ സംഘടിപ്പിക്കുന്നത്.

ബിടെക് സിവിൽ എൻജിനീയറിങ്, ഡിഗ്രി, പിജി, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് തൊഴിൽമേളയിൽ പങ്കെടുക്കാം.

തൊഴിൽമേളയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യുന്നതിനും ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകുന്നതിനുമായി 9544068001എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് ‘job drive’ എന്ന് മെസ്സേജ് അയക്കുക.

ഇരിങ്ങാലക്കുട മിനി സിവിൽസ്റ്റേഷനിലെ മൂന്നാം നിലയിലെ ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ വെച്ചാണ് അഭിമുഖം.

കൂടുതൽ വിവരങ്ങൾക്ക് :
0480-2821652, 9544068001

നിര്യാതനായി

അപ്പുക്കുട്ടൻ എമ്പ്രാന്തിരി (ഉണ്ണി സ്വാമി )

ഇരിങ്ങാലക്കുട : പാചക വിദഗ്ധൻ കടുപ്പശ്ശേരി കച്ചേരിപ്പടി ആചാര്യ മഠം അപ്പുക്കുട്ടൻ എമ്പ്രാന്തിരി (കടുപ്പശ്ശേരി ഉണ്ണി സ്വാമി – 78) നിര്യാതനായി.

സംസ്കാരം ഞായറാഴ്‌ച്ച ഉച്ചക്ക് 12 മണിക്ക്.

വിവാഹസദ്യകളടക്കം നാട്ടിലും പരിസര പ്രദേശങ്ങളിലും പാചകത്തിൽ നിറ സാന്നിധ്യമായിരുന്ന ഉണ്ണി സ്വാമി കടുപ്പശ്ശേരി ദുർഗ്ഗാ ക്ഷേത്രത്തിലേയും, കള്ളിശ്ശേരി ക്ഷേത്രത്തിലെയും മേൽശാന്തിയും ആയിരുന്നു.

ഭാര്യ : രാജലക്ഷ്‌മി

മക്കൾ : സത്യൻ, ഗിരീഷ്, കണ്ണൻ

മരുമക്കൾ : ശ്രീജ, ഹരിത, സരിത