സുബ്രതോ കപ്പ് ഇൻ്റർനാഷണൽ ടൂർണമെന്റ് : ക്വാർട്ടർ ഫൈനലിലേക്ക് ജയിച്ചു കയറി എൽ.ബി.എസ്.എം. സ്കൂൾ ടീം

ഇരിങ്ങാലക്കുട : ഡല്‍ഹിയില്‍ വച്ച് നടക്കുന്ന സുബ്രതോ കപ്പ് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റിൽ കേരള ടീമിനെ പ്രതിനിധീകരിച്ച് കളിക്കുന്ന അവിട്ടത്തൂർ എൽ.ബി.എസ്.എം. സ്കൂളിലെ പെൺപട ഉത്തരാഖണ്ഡിനെതിരെ 2 ഗോളുകള്‍ക്ക് വിജയിച്ചുകൊണ്ട് പൂൾ ചാമ്പ്യന്മാരായി ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചു.

സെന്റ് ജോസഫ്സ് കോളെജിൽ എസ്‌.ജെ.സി. സ്കിൽ സെന്റർ

ഇരിങ്ങാലക്കുട : നൈപുണ്യ വികസനം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കരിക്കുലത്തിന്റെ ഭാഗമാക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളെജിൽ എസ്‌.ജെ.സി. സ്കിൽ സെന്റർ പ്രവർത്തനം ആരംഭിച്ചു.

കെ.പി.എൽ. നിർമൽ കോക്കനട്ട് ഓയിൽ ഉടമയും ഇരിങ്ങാലക്കുടയിലെ പ്രമുഖ വ്യവസായിയുമായ പോൾ ജെ. കണ്ടംകുളത്തി ഉദ്ഘാടനം നിർവഹിച്ചു.

പഠനത്തോടൊപ്പം വിദ്യാർഥികൾ തൊഴിൽ നൈപുണി ആർജ്ജിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇരിങ്ങാലക്കുടയിലെ പൗരപ്രമുഖനും പ്രവാസി വ്യവസായിയുമായ നിസാർ അഷ്‌റഫ്‌, ക്വാളിറ്റി നെസ്റ്റ് ഡിജിറ്റൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറായ എൽ. ബാലമുരളി, പി.ടി.എ. പ്രസിഡൻ്റ് ഗോപകുമാർ, അലുമിനി, ഐ.ക്യു.എ.സി., ഐ.ഇ.ഡി.സി., ഐ.ഐ.സി., എൻ.എസ്‌.എസ്‌., എൻ.സി.സി., എച്ച്.ആർ.ഡി. കോർഡിനേറ്റർമാർ, അധ്യാപക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സി അധ്യക്ഷത വഹിച്ചു.

ഐ.ഇ.ഡി.സി. കോർഡിനേറ്റർ ഡെയ്സി വിഷയാവതരണം നടത്തി.

ഐ.ക്യു.എ.സി. കോർഡിനേറ്റർ ഡോ. ടി.വി. ബിനു സ്വാഗതവും എസ്‌.ജെ.സി. സ്കിൽ സെൻ്റർ ക്യാമ്പസ് ഡയറക്ടറും മാനേജ്മെൻ്റ് വിഭാഗം അധ്യാപികയുമായ ടി.ജെ. റീജോ നന്ദിയും പറഞ്ഞു.

ആക്രിയും പണമാക്കി വിയ്യൂർ സെൻട്രൽ ജയിൽ

ഇരിങ്ങാലക്കുട : ഹരിത കർമ്മസേനയ്ക്ക് പ്ലാസ്റ്റിക് വേസ്റ്റ് കൊണ്ടുപോകാനായി പ്രതിമാസം 1500 രൂപ യൂസർ ഫീ നൽകിയിരുന്ന വിയ്യൂർ സെൻട്രൽ ജയിലിൽ അതേ വേസ്റ്റ് ശാസ്ത്രീയമായി വേർതിരിച്ച്, പേരെഴുതി ടാഗ് ചെയ്ത് ചാക്കിലാക്കി ക്ലീൻ കേരള കമ്പനിക്കു വിൽപ്പന നടത്തിയപ്പോൾ സർക്കാരിന് മറ്റൊരു വരുമാന മാർഗ്ഗം കൂടിയായി.

ജൂൺ 5ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഫ്ലാഗ് ഓഫ് ചെയ്ത് നടത്തിയ ആദ്യ വില്പനയിൽ 800 കിലോഗ്രാമിന് 3800 രൂപയാണ് വിലയായി ലഭിച്ചെതെങ്കിൽ ഈ മാസം വേർതിരിച്ച പ്ലാസ്റ്റിക് വേസ്റ്റിനു ലഭിച്ചത് 14,500 രൂപയാണ്.

ഇതിനു പുറമേ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും വില്പന നടത്തി പണമായി മാറ്റിയ കണക്കുകൾ കണ്ടാലും മൂക്കത്ത് വിരൽ വെയ്ക്കുമെന്ന കാര്യത്തിൽ സംശയമില്ല.

തടവുകാരുടെ കാൻ്റീൻ വഴി വിൽക്കുന്ന ഫ്രീഡം ബിരിയാണി വാഴയില പൊതിയിലാണ് നൽകുന്നത്. ജയിൽ കൃഷിതോട്ടത്തിലെ വാഴയില 2 രൂപ നിരക്കിലാണ് ഫുഡ് യൂണിറ്റിനു നൽകുന്നത്. ഈ ഇനത്തിൽ മാത്രം 55,000 രൂപയാണ് സർക്കാരിനു വരുമാനമായി ചലാനടച്ചത്.

ബിരിയാണി യൂണിറ്റിലേക്കു മാർക്കറ്റിൽ നിന്നും വാങ്ങിയിരുന്ന കറിവേപ്പില ഇപ്പോൾ ജയിൽ കൃഷി തോട്ടത്തിൽ നിന്നും ലഭ്യമാക്കിയതിലൂടെ പ്രതിമാസം 1000 രൂപ ലാഭമായി.

ബാക്കിവരുന്ന പ്ലാസ്റ്റിക് ചാക്കുകൾ ചെറു സഞ്ചികളാക്കി 10 രൂപ നിരക്കിൽ ജയിൽ ഫുഡ് വിൽപ്പന കൗണ്ടറിലൂടെ ആവശ്യക്കാർക്ക് വിറ്റഴിച്ച ഇനത്തിൽ 10,000 രൂപയിലധികം ലഭിച്ചു.

2 രൂപ ലഭിക്കുന്ന ഒരു പ്ലാസ്റ്റിക്ക് ചാക്കിൽ നിന്നും 4 ചെറു ക്യാരി ബാഗുകൾ ഉണ്ടാക്കി 40 രൂപയുടെ വരുമാനമാക്കി.

ജയിൽ കൈത്തറി യൂണിറ്റിലെ കോട്ടൺ വേസ്റ്റ് വർക്കു ഷോപ്പുകൾ, പോളിടെക്നിക്ക് ലാബുകൾ എന്നിവിടങ്ങളിലേക്ക് വില്പന നടത്തി 18,000 രൂപ വരുമാനം നേടി.

ഫ്രീഡം പെട്രോൾ പമ്പിൽ ബൈക്കുകൾ ലൂബ്രിക്കേഷൻ ഓയിൽ ചേഞ്ച് ചെയ്യുമ്പോൾ ബാക്കിയാവുന്ന പഴയ ഓയിൽ വില്പനയിലൂടെ 42,000 രൂപ ലഭിച്ചു.

കൂടാതെ ഫ്രീഡം ഫുഡ് യൂണിറ്റിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 3 ലക്ഷം രൂപയാണ് പാക്കിങ് മെറ്റീരിയൽ ഇനത്തിൽ ലാഭിച്ചത്.

ചപ്പാത്തി 10നു പകരം 20 എണ്ണം വീതം പാക്ക് ചെയ്യാൻ തുടങ്ങിയപ്പോൾ പ്രതിദിനം 500ലധികം പാക്കറ്റുകൾ വിറ്റു പോകുമ്പോൾ 500 കവറുകൾ ലാഭിച്ചു.

ബിരിയാണി തടവുകാരുടെ കാൻ്റീനിൽ വാഴയില പൊതിയിൽ നൽകുമ്പോൾ പ്രതിമാസം 2000 അലുമിനിയം ഫോയിൽ പാക്കറ്റിൻ്റെ പണവും ലാഭിച്ചു.

ഇരിങ്ങാലക്കുടയിൽ ജനറൽ ഇൻഷുറൻസ് ഏജന്റുമാരുടെ പ്രതിഷേധ സമരം

ഇരിങ്ങാലക്കുട : ആൾ ഇന്ത്യ ജനറൽ ഇൻഷുറൻസ് ഏജൻ്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പൊതുജനങ്ങളെയും ഏജന്റുമാരെയും
ഒരുപോലെ ബാധിക്കുന്ന ഇൻഷുറൻസ് ക്ലെയിം കാര്യക്ഷമതയെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താൻ പൊതുജനത്തിന് അവസരം നൽകുക, ഇരുചക്ര വാഹന ഇൻഷുറൻസ് നിരുത്സാഹപ്പെടുത്തുക വഴി പൊതുജനത്തിനും ഏജന്റുമാർക്കുമുള്ള പ്രതിസന്ധിക്ക് പരിഹാരം കാണുക, പഴയ വാഹനങ്ങളുടെ ഇൻഷുറൻസിനുണ്ടായിരുന്ന കമ്മീഷൻ പുനഃസ്ഥാപിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ഇരിങ്ങാലക്കുടയിൽ ജനറൽ ഇൻഷുറൻസ് ഏജൻ്റുമാരുടെ പ്രതിഷേധ സമരം.

യുണൈറ്റഡ് ഇന്ത്യ ഇരിങ്ങാലക്കുട ബ്രാഞ്ച് ഓഫീസിന് മുൻപിൽ നടന്ന സമരം സംസ്ഥാനസംസ്ഥാന എക്സിക്യൂട്ടീവ് അംഗം
വർദ്ധനൻ പുളിക്കൽ ഉദ്ഘാടനം ചെയ്തു.

ബ്രാഞ്ച് പ്രസിഡന്റ് പ്രദീപ് ചെരുവിൽ അധ്യക്ഷത വഹിച്ചു.

കണ്ണൻ വടക്കൂട്ട്, സുപ്രഭ, ആശ, ലാജി, ജെൻസൺ, ജോയ്, രത്നാകരൻ എന്നിവർ പ്രസംഗിച്ചു.

നാഷണൽ ഇൻഷുറൻസ് ഇരിങ്ങാലക്കുട ബ്രാഞ്ച് ഓഫീസിന് മുൻപിൽ നടന്ന സമരം ജില്ലാ കമ്മിറ്റി അംഗം കെ.ഡി. ജിമ്മി ഉദ്ഘാടനം ചെയ്തു.

ബ്രാഞ്ച് എക്സിക്യൂട്ടീവ് അംഗം മോഹനൻ കടലായി അധ്യക്ഷത വഹിച്ചു.

ബ്രാഞ്ച് സെക്രട്ടറി
റാഫേൽ, റപ്പായ് അമ്പൂക്കൻ എന്നിവർ പ്രസംഗിച്ചു.

ന്യൂ ഇന്ത്യ ഇൻഷുറൻസ് ഇരിങ്ങാലക്കുട ബ്രാഞ്ച് ഓഫീസിന് മുൻപിൽ നടന്ന സമരം ജില്ലാ കമ്മിറ്റി അംഗം പി.കെ. രത്നാകരൻ ഉദ്ഘാടനം ചെയ്തു,

ജില്ലാ എക്സിക്യൂറ്റീവ് അംഗം ജി. ലാജി അധ്യക്ഷത വഹിച്ചു.

ബ്രാഞ്ച് സെക്രട്ടറി രാധാകൃഷ്ണൻ, ബ്രാഞ്ച് പ്രസിഡന്റ്
സ്റ്റീഫൻ കല്ലേറ്റുംകര എന്നിവർ പ്രസംഗിച്ചു.

126-ാമത് നവരസ സാധന ശില്പശാലയുടെ സമാപനം 23ന്

ഇരിങ്ങാലക്കുട : നടനകൈരളിയിൽ ഗുരു വേണുജിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന 126-ാമത് നവരസ സാധന ശിൽപ്പശാലയുടെ സമാപനത്തോടനുബന്ധിച്ച് ആഗസ്റ്റ് 23ന് വൈകുന്നേരം 6 മണിക്ക് നവരസോത്സവമായി ആഘോഷിക്കും.

പ്രശസ്ത ഭാരതനാട്യം നർത്തകരായ വരുൺ ശിവകുമാർ, നിത്യ റാണി, ഡോ. ഷഹന കാശി, അഷ്മിത ജയപ്രകാശ്, കഥക് നർത്തകി കനുപ്രിയ ഗുപ്ത എന്നിവരും നാടകനടന്മാരായ സതീഷ് കുമാർ, അരുൺ കൃഷ്ണൻ, ചാഹത് ചൗള എന്നിവരും അവരുടെ പരിപാടികൾ നടനകൈരളിയുടെ അരങ്ങിൽ അവതരിപ്പിക്കും.

ലഹരിക്കെതിരെ മദർ സ്കൂളുമായി മുരിയാട് പഞ്ചായത്ത്

ഇരിങ്ങാലക്കുട : ജീവധാര പദ്ധതിയുടെ ഭാഗമായി കൊച്ചിൻ ഫോർത്ത് ഫൈവ് ഫൗണ്ടേഷൻ്റെ സഹകരണത്തോടെ മുരിയാട് പഞ്ചായത്ത് സംഘടിപ്പിക്കുന്ന വേണ്ട ക്യാമ്പയിൻ 3-ാം ഘട്ടത്തിലേക്ക് പ്രവേശിച്ചു.

സമാധാനത്തിന് രക്ഷാകർത്തൃത്വം എന്ന ആശയത്തിലൂന്നി മദർ സ്കൂളിന് തുടക്കം കുറിച്ചു. ലഹരിക്കെതിരെ രക്ഷകർത്താക്കളെ അണിനിരത്തുകയാണ് മൂന്നാം ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഭാഗമായി പഞ്ചായത്ത് തെരഞ്ഞെടുക്കപ്പെട്ട രക്ഷകർത്താക്കൾക്ക് 10 സെഷനുകളിലായി പരിശീലനം നൽകുന്ന മദർ സ്കൂളിൻ്റെ പ്രവർത്തനം ആരംഭിച്ചു.

മുരിയാട് ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ മദർ സ്കൂൾ പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. മദർ സ്കൂളിനു വേണ്ടി തയ്യാറാക്കിയ കൈപ്പുസ്തകവും ചടങ്ങിൽ വച്ച് വിതരണം ചെയ്തു.

വൈസ് പ്രസിഡൻ്റ് രതി ഗോപി അദ്ധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സമിതി ചെയർമാൻ സരിത സുരേഷ്, ഭരണസമിതി അംഗം നിജി വത്സൻ, കമ്മ്യൂണിറ്റി കൗൺസിലർ കെ ബി അഞ്ജലി, പ്രോഗ്രാം കോർഡിനറ്റർമാരായ മഞ്ജു വിൽസൻ, നിജി കുരിയച്ചൻ എന്നിവർ പങ്കെടുത്തു.

വിവിധ വിദ്യാലയങ്ങളിൽ വിദ്യാർത്ഥിനികൾക്ക് വേണ്ടിയുള്ള ബോധവൽക്കരണവും വാർഡ് തലത്തിൽ ജാഗരണസമിതി രൂപീകരണവും പൂർത്തിയായി.

രക്ഷാകർത്താക്കളുടെ പരിശീലന പരിപാടികൾ വിവിധ സ്കൂളുകളിൽ നടന്നു കൊണ്ടിരിക്കുകയാണ്.

ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചു

ഇരിങ്ങാലക്കുട : നഗര മധ്യത്തിലുള്ള പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനമാരംഭിച്ചു.

വൈകുന്നേരമായാൽ ബസ് സ്റ്റാൻഡിൽ കഞ്ചാവ് കൈമാറ്റവും സ്കൂൾ കുട്ടികൾ തമ്മിലുള്ള സംഘർഷവും പതിവായതോടെ നാട്ടുകാരുടെ സമ്മർദ്ദത്തെ തുടർന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ ഉയർന്ന നിരന്തരമായ ആവശ്യത്തെ തുടർന്നാണ് ബസ് സ്റ്റാൻഡിൽ പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനം ആരംഭിച്ചത്.

ഇതു സംബന്ധിച്ച ആവശ്യമുയർന്ന് മാസങ്ങളായിട്ടും എയ്ഡ് പോസ്റ്റ് പ്രവർത്തനം ആരംഭിക്കാൻ വൈകുന്നതിൽ സമൂഹത്തിന്റെ പല കോണുകളിൽ നിന്നും നഗരസഭയ്ക്കെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു.

ബസ് സ്റ്റാൻ്റിൽ കുടുംബശ്രീ സ്റ്റാളിന് തൊട്ടടുത്തായാണ് ഇപ്പോൾ പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് പോലീസ് എയ്ഡ് പോസ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.

വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജെയ്സൺ പാറേക്കാടൻ, ഫെനി എബിൻ വെള്ളാനിക്കാരൻ, അഡ്വ. ജിഷ ജോബി, കൗൺസിലർ സോണിയ ഗിരി, പൊലീസ് സബ് ഇൻസ്പെക്ടർ കൃഷ്ണ പ്രസാദ്, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ നിസാർ എന്നിവർ പ്രസംഗിച്ചു.

വാർഡ് കൗൺസിലർ സിജു യോഹന്നാൻ സ്വാഗതവും, നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക്ക് നന്ദിയും പറഞ്ഞു.

കണ്ഠേശ്വരം ക്ഷേത്രത്തിലെ ഇല്ലംനിറ 29ന്

ഇരിങ്ങാലക്കുട : കണ്ഠേശ്വരം ക്ഷേത്രത്തിലെ ഇല്ലംനിറ ആഗസ്റ്റ് 29 വെള്ളിയാഴ്ച ചോതി നാളിൽ നടത്തും.

രാവിലെ 9.35 മുതൽ 10.30 വരെയുള്ള ശുഭമുഹൂർത്തിൽ നടക്കുന്ന ചടങ്ങിന് ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.

കാർ തട്ടിയതിനെ തുടർന്നുണ്ടായ തർക്കം : കാർ യാത്രക്കാരനെ ആക്രമിച്ച രണ്ട് പേർ കൂടി പിടിയിൽ

ഇരിങ്ങാലക്കുട : കാർ തട്ടിയത് ചോദ്യം ചെയ്തതിൻ്റെ വൈരാഗ്യത്തിൽ കാർ യാത്രക്കാരനെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ കൂടി പിടിയിൽ.

കൊറ്റനെല്ലൂർ കുതിരത്തടം സ്വദേശി വേലംപറമ്പിൽ വീട്ടിൽ അബ്ദുൾ ഷാഹിദ് (29), കൊറ്റനെല്ലൂർ പട്ടേപ്പാടം സ്വദേശി തൈപറമ്പിൽ വീട്ടിൽ നിഖിൽ (30) എന്നിവരെയാണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്.

ഇരുവരെയും ആനന്ദപുരത്ത് വെച്ച് യുവാവിനെ ആക്രമിച്ച് വാച്ചും മൊബൈൽഫോണും കവർന്ന കേസിൽ പിടികൂടി ജയിലിലാക്കിയിരുന്നു. തുടർന്ന് ഇരിങ്ങാലക്കുടയിലെ കേസിലേക്ക് വേണ്ടി കോടതിയുടെ അനുമതിയോടെയാണ് ഇരുവരെയും തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങി പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്.

ജൂലൈ 2ന് രാത്രി 8.30ഓടെ കോണത്തുകുന്നിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

പുത്തൻചിറ സ്വദേശി കൊട്ടിക്കൽ വീട്ടിൽ മുഹമ്മദ് സിദ്ദിഖിന്റെ ബന്ധുവിൻ്റെ കാറിൽ ഈ കേസിലെ ഒന്നാം പ്രതിയായ ആളൂർ സ്റ്റേഷൻ റൗഡി മുരിയാട് ഉള്ളാട്ടിക്കുളം വീട്ടിൽ മിൽജോയുടെ (29) കാർ തട്ടിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ സിദ്ദിഖിനെയും കൂട്ടുകാരെയും ആക്രമിക്കുകയായിരുന്നു.

ഒന്നാം പ്രതിയായ മിൽജോയെ ജൂലൈ 3ന് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരുന്നു.

നടപടിക്രമങ്ങൾക്ക് ശേഷം ഇരുവരെയും ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിലെ കേസിലേക്ക് കൂടി റിമാന്റ് ചെയ്യുന്നതിനുള്ള റിപ്പോർട്ട് സഹിതം കോടതിയിൽ ഹാജരാക്കും.

അബ്ദുൾ ഷാഹിദ് കൊടകര, ഇരിങ്ങാലക്കുട സ്റ്റേഷനുകളിലായി ആറോളം ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

നിഖിലിനെതിരെ ഇരിങ്ങാലക്കുട സ്റ്റേഷനിൽ രണ്ട് ക്രിമിനൽ കേസുകളുണ്ട്.

സുബ്രതോ കപ്പ് ഇൻ്റർനാഷണൽ ടൂർണമെന്റ് : ആദ്യ മത്സരത്തിൽ വിജയം കൈവരിച്ച് അവിട്ടത്തൂർ എൽ.ബി.എസ്.എം. സ്കൂൾ ടീം

ഇരിങ്ങാലക്കുട : ഡല്‍ഹിയില്‍ വച്ച് നടക്കുന്ന സുബ്രതോ കപ്പ് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ കേരള ടീം ഗുജറാത്തിനെതിരെ 3 ഗോളുകള്‍ക്ക് വിജയിച്ചുകൊണ്ട് തുടക്കം കുറിച്ചിരിക്കുന്നു.

അവിട്ടത്തൂർ എൽ.ബി.എസ്.എം. സ്കൂളിലെ പെൺപടയാണ് കേരളത്തെ പ്രതിനിധീകരിച്ച് ഡൽഹിയിൽ നടക്കുന്ന ടൂർണമെന്റിൽ മുന്നേറ്റം കുറിച്ചിരിക്കുന്നത്.

അടുത്ത മത്സരത്തില്‍ കേരളം ഉത്തരാഖണ്ഡിനെ നേരിടും.