കേരള കോൺഗ്രസ്സിന്റെ 100 കുടുംബ സംഗമങ്ങൾക്ക് ആളൂരിൽ തുടക്കമായി

ഇരിങ്ങാലക്കുട : കേരള കോൺഗ്രസ്‌ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നടത്തുന്ന 100 കുടുംബസംഗമങ്ങൾ ക്ക് തുടക്കം കുറിച്ച് ഒന്നാമത്തെ സംഗമം ആളൂരിൽ നടത്തി.

കുടുംബസംഗമങ്ങളുടെ നിയോജകമണ്ഡലംതല ഉദ്ഘാടനമാണ് ആളൂരിൽ ജോബി കുറ്റിക്കാടന്റെ വസതിയിൽ നടന്നത്.

ഒക്ടോബർ 12നാണ് കുടുംബസംഗമങ്ങൾ അവസാനിക്കുന്നത്.

സമാപന കുടുംബസംഗമം കാട്ടൂരിൽ അഷ്റഫ് പാലിയത്താഴത്തിന്റെ വസതിയിൽ നടക്കും.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്, നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയ്ക്ക് പാർട്ടി പ്രവർത്തകരെ സജ്ജമാക്കുക എന്നിവയാണ് കുടുംബ സംഗമങ്ങളുടെ ഉദ്ദേശമെന്ന് പാർട്ടി ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ പറഞ്ഞു.

കുടുംബ സംഗമങ്ങളുടെ നിയോജക മണ്ഡലംതല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആളൂർ മണ്ഡലം പ്രസിഡന്റ് നൈജു ജോസഫ് ഊക്കൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് ആമുഖപ്രഭാഷണം നടത്തി.

നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ, ഭാരവാഹികളായ സേതുമാധവൻ പറയംവളപ്പിൽ, ജോബി മംഗലൻ, ജോസ് അരിക്കാട്ട്, ജോർജ്ജ് കുറ്റിക്കാടൻ, തോമസ് തോട്ട്യാൻ, ജിബിൻ തോട്ട്യാൻ, ജോഷി ചക്കാലയ്ക്കൽ, ജേക്കബ്ബ് ചാവേരി, ജോർജ്ജ് മംഗലൻ, പോളി കുറ്റിക്കാടൻ, ജോഷി തോമസ്, ജോണി കുറ്റിക്കാടൻ, ജോബി കുറ്റിക്കാടൻ എന്നിവർ പ്രസംഗിച്ചു.

ടാർ വീപ്പയിൽ വീണ നായ്ക്കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാസേന

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി ചാക്കാലക്കൽ ബെന്നിയുടെ പറമ്പിൽ സൂക്ഷിച്ചിരുന്ന തുറന്നു കിടന്ന ടാർ വീപ്പയിൽ അകപ്പെട്ട നായ്ക്കുട്ടിക്ക് രക്ഷകരായി ഇരിങ്ങാലക്കുട അഗ്നിരക്ഷാസേന.

അബദ്ധവശാൽ തുറന്നു കിടന്ന ടാർ വിപ്പക്കുള്ളിൽ വീണ 3 മാസം പ്രായമുള്ള നായ്ക്കുട്ടി രണ്ടു ദിവസമായി പുറത്തു കടക്കാനാകാതെ പെട്ടു കിടക്കുകയായിരുന്നു.

നായ്ക്കുട്ടിയുടെ കരച്ചിൽ കേട്ട് ചെന്നുനോക്കിയ ബെന്നി ഉടൻ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.

ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ കെ.സി. സജീവിൻ്റെ നേതൃത്വത്തിൽ ടി.ടി. പ്രദീപ്, ടി.ബി. സതീഷ്, രാജിത്ത്, വി.ആർ. മഹേഷ്, സജിത്ത് എന്നിവർ സ്ഥലത്തെത്തി നായ്ക്കുട്ടിയെ ടാറിൽ നിന്നും വേർപ്പെടുത്തി ഡീസൽ ഉപയോഗിച്ച് കഴുകി മുറിവേറ്റ ഭാഗത്ത് മരുന്നു പുരട്ടി സുരക്ഷിതമാക്കി.

മെഡിക്കൽ ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബി.ആർ.സി.യുടെ നേതൃത്വത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് മെഡിക്കൽ ക്യാമ്പ് നടത്തി.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

എഇഒ എം.എസ്. രാജീവ്, ഡയറ്റ് അധ്യാപകൻ എം.ആർ. സനോജ് എന്നിവർ ആശംസകൾ നേർന്നു.

ബി.പി.സി. കെ.ആർ. സത്യപാലൻ സ്വാഗതവും സ്പെഷ്യൽ എഡ്യൂക്കേറ്റർ ആർ. സുജാത നന്ദിയും പറഞ്ഞു.

ജനറൽ ആശുപത്രിയിലെ ഡോക്ടർമാരായ ജിത, എ. ആശിഷ് എന്നിവർ ക്യാമ്പ് നയിച്ചു.

ഓണാഘോഷം : ശക്തമായ സുരക്ഷ ഒരുക്കി തൃശൂർ റൂറൽ പൊലീസ്

ഇരിങ്ങാലക്കുട : ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് ആഘോഷ പരിപാടികൾ നടക്കുന്ന എല്ലാ സ്ഥലങ്ങളിലും ക്രമസമാധാനവും നിയമപരിപാലനവും ഉറപ്പാക്കുന്നതിനായി റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കും.

അനധികൃത സ്പരിറ്റ്, മദ്യം, രാസ ലഹരി, മറ്റു ലഹരി വസ്തുക്കൾ എന്നിവയുടെ വ്യാപനവും വിൽപ്പനയും തടയുന്നതിനും മറ്റുമായി ജില്ലാ അതിർത്തികളിലും മറ്റ് പ്രധാനപ്പെട്ട സ്ഥലങ്ങളിലും ശക്തമായ വാഹന പരിശോധന ഉണ്ടായിരിക്കും.

കൂടാതെ മൊബൈൽ, ബൈക്ക് പട്രോളിംഗുകൾ, മഫ്തി പോലീസിന്റെ രഹസ്യ നീരിക്ഷണം, പിങ്ക് പോലീസ് സേവനം, ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഡാൻസാഫ്, പ്രധാന ആഘോഷ പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിൽ ബോംബ് സ്‌ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയുടെ പരിശോധന, സ്ഥിരം കുറ്റവാളികൾ, സ്റ്റേഷൻ റൗഡി ലിസ്റ്റ് ഉൾപ്പെട്ടവർക്കെതിരെ കരുതൽ അറസ്റ്റ് നടപടികൾ, സെൻസിറ്റീവ് മേഖലകളിൽ ശക്തമായ പ്രത്യേക പട്രോളിഗ് എന്നീ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കും.

എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളെയും രണ്ട് സെക്ടറുകളിലായി തിരിച്ച് സ്റ്റേഷൻ പരിധികളിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ കവർ ചെയ്യുന്ന രീതിയിൽ ജീപ്പ്, ബൈക്ക്, കാൽനട പട്രോളിംഗ് എന്നിവ ഏർപ്പെടുത്തും.

ഓരോ സെക്ടറിലും 24 മണിക്കൂറും മൊബൈൽ പട്രോളിംഗ് ഉറപ്പാക്കും.

കൂടാതെ സ്റ്റേഷൻ എസ്.ഐ. ഓഫീസറായുള്ള മൊബൈൽ പട്രോളിഗ് പാർട്ടി സ്റ്റേഷൻ പരിധിയികളിലെ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുള്ള സ്ഥലങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് പട്രോളിങ്ങ് നടത്തും.

സാമൂഹ്യവിരുദ്ധരെ കസ്റ്റഡിയിലെടുക്കുകയും, സംശയാസ്പദമായ ക്രിമിനൽ ഒളിത്താവളങ്ങൾ നിരന്തരം പരിശോധനക്ക് വിധേയമാക്കുകയും ചെയ്യും.

അതിരപ്പിള്ളി, ചിമ്മിനി ഡാം, വാടനപ്പിള്ളി സ്നേഹതീരം ബീച്ച്, വലപ്പാട് ബീച്ച്, കഴിമ്പ്രം ബീച്ച്, അഴീക്കോട് ബീച്ച് എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഓണാവധിയോടനുബന്ധിച്ച് അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്ത് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും ട്രാഫിക് ക്രമീകരണങ്ങളും ഏർപ്പെടുത്തും.

കൂടാതെ അപകട സാധ്യത കൂടുതലുള്ള പ്രദേശങ്ങൾ, റിസോർട്ടുകൾ, ഹോട്ടലുകൾ, ലോഡ്ജുകൾ, പ്രത്യേക ആഘോഷ പരിപാടികൾക്ക് സാധ്യതയുള്ള സ്ഥലങ്ങൾ, കൂടാതെ പൊതുജനങ്ങൾ കൂടുതൽ ഒത്തുചേരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങൾ ബീച്ചുകൾ എന്നീ സ്ഥലങ്ങളിൽ അപകടങ്ങളും അനിഷ്ട സംഭവങ്ങളും ഒഴിവാക്കി ക്രമസമാധാനം നിലനിർത്തുന്നതിനായി സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ ഏർപ്പെടുത്തണം.

തൃശൂർ റൂറൽ ജില്ലയിലെ ക്രമസമാധാനം ഉറപ്പാക്കുന്നതിനായുള്ള പൊലീസ് പട്രോളിംഗ് ഉൾപ്പെടെയുള്ള എല്ലാ സുരക്ഷാ നടപടികളും ജില്ലാ കൺട്രോൾ റൂം, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് നിരീക്ഷിക്കും.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിൽ 400 വിഭവങ്ങളുമായി മെഗാ ഓണസദ്യ 25ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിൽ ബികോം ഫിനാൻസ് സ്വാശ്രയ വിഭാഗം ആഗസ്റ്റ് 25ന് ഉച്ചയ്ക്ക് 12 മണിക്ക് കോളെജ് ഓഡിറ്റോറിയത്തിൽ ഗിന്നസ് ലക്ഷ്യവുമായി 400 വിഭവങ്ങളുടെ മെഗാ സദ്യയൊരുക്കുമെന്ന് മാനേജർ റവ. ഫാ. ജോയ് പീണിക്കപറമ്പിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.

അവരവരുടെ വീടുകളിൽ നിന്ന് വിദ്യാർഥികളും അധ്യാപകരും അവരുടെ കുടുംബാംഗങ്ങളും തയ്യാറാക്കി കൊണ്ടുവരുന്ന വിഭവങ്ങളാണ് മെഗാ സദ്യയിൽ വിളമ്പുന്നത്.

2016, 2017, 2022, 2023 എന്നീ വർഷങ്ങളിലും മെഗാസദ്യ ഒരുക്കിയിരുന്നു. ഇതിൽ 2022ൽ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടവും നേടിയിരുന്നു.

മെഗാ ഓണസദ്യ പൊതുജന ശ്രദ്ധ ആകർഷിക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കുമായി 1000 പേർക്കുള്ള സദ്യയും ഒരുക്കിയിട്ടുണ്ട്.

ക്രൈസ്റ്റ് കോളെജ് കൊമേഴ്സ് ഫിനാൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അഖിലേന്ത്യ അന്തർ സർവകലാശാല തലത്തിൽ കോമേഴ്സ് ബിസിനസ് വിഷയത്തെ ആസ്പദമാക്കി നടത്തുന്ന ക്രൈസ്റ്റ് കോം ക്വിസ് മത്സരത്തിന്റെ ഗ്രാൻഡ്ഫിനാലെ സെപ്റ്റംബർ 10ന് രാവിലെ 9 മണിക്ക് കോളെജ് ഓഡിറ്റോറിയത്തിൽ അരങ്ങേറും.

65 ടീമുകൾ മത്സരിച്ച റൗണ്ടിൽ നിന്നും 12 ടീമുകളാണ് ഗ്രാൻഡ്ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

വിജയികൾക്ക് ഒന്നാം സമ്മാനമായി 60,000 രൂപയും രണ്ടാം സമ്മാനമായി 30,000 രൂപയും മൂന്നാം സമ്മാനമായി 15,000 രൂപയും സർട്ടിഫിക്കറ്റും ട്രോഫിയും നൽകും.

പ്രാഥമിക റൗണ്ടിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ടീമുകളുടെ യാത്രാചെലവും ഭക്ഷണവും താമസവും വഹിക്കുന്നതോടൊപ്പം പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും ക്യാഷ് പ്രൈസും ഉണ്ടായിരിക്കും.

പ്രിൻസിപ്പൽ റവ. ഡോ. ജോളി ആൻഡ്രൂസ്, അസോസിയേറ്റ് പ്രൊഫസർ കെ.ജെ. ജോസഫ്, അധ്യാപകരായ സി.എൽ. സിജി, ഡോ. ലിൻഡ മേരി സൈമൺ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

മണ്ണൂർക്കാവ് വനദുർഗ്ഗ പുരസ്കാരം സദനം കൃഷ്ണൻകുട്ടിക്ക്

ഇരിങ്ങാലക്കുട : കൊല്ലം മണ്ണൂർക്കാവ് ഭഗവതി ക്ഷേത്രത്തിൻ്റെ വനദുർഗ്ഗ പുരസ്കാരം കഥകളിയാചാര്യൻ സദനം കൃഷ്ണൻകുട്ടിക്ക്.

മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവലിനോടനുബന്ധിച്ച് ഏർപ്പെടുത്തിയതാണ് പുരസ്കാരം.

ഞായറാഴ്ച (ആഗസ്റ്റ് 24) വൈകീട്ട് 4 മണിക്ക് മണ്ണൂർക്കാവ് ക്ഷേത്രത്തിൽ നടക്കുന്ന സമ്മേളനത്തിൽ വച്ച് പുരസ്കാരം സമ്മാനിക്കും.

സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. ആയ്യർ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ബി. അജയകുമാർ പുരസ്കാര സമർപ്പണം നടത്തും.

തുടർന്ന് നടക്കുന്ന ഉത്തരാസ്വയംവരം കഥകളിയിൽ സദനം കൃഷ്ണൻകുട്ടി ദുര്യോധനനായി രംഗത്തെത്തും.

യുവാവിനെ ഹെൽമറ്റ് കൊണ്ടടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ

ഇരിങ്ങാലക്കുട : യുവാവിനെ ഹെൽമറ്റ് കൊണ്ടടിച്ച് പരിക്കേൽപ്പിച്ച കേസിൽ കൊടുങ്ങല്ലൂർ എറിയാട് സ്വദേശി കൈമപറമ്പിൽ വീട്ടിൽ വിഷ്ണു (33) എന്നയാളെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3.30 ഓടെ കരൂപ്പടന്ന സ്കൂളിന് മുന്നിലാണ് സംഭവം നടന്നത്.

കരൂപ്പടന്ന സ്വദേശി വാക്കാട്ട് വീട്ടിൽ വിനീഷ് കരൂപ്പടന്ന സ്കൂളിൽ നിന്ന് 7 വയസ്സുള്ള കുട്ടിയെ കൊണ്ട് പോകുന്നതിനായി വന്ന സമയം സ്കൂളിന് മുന്നിലെ റോഡിലൂടെ അതിവേഗത്തിൽ ബുള്ളറ്റ് ഓടിച്ച് വന്നിരുന്ന വിഷ്ണുവിനെ കണ്ട് പതുക്കെ പോകാൻ പറഞ്ഞതിലുള്ള വൈരാഗ്യത്തിൽ വിഷ്ണു വിനീഷിനെ ഹെൽമെറ്റ് കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.

തൊഴിലന്വേഷകർക്ക് ആശ്വാസമായി നഗരസഭയുടെ പ്രാദേശിക തൊഴിൽമേള

ഇരിങ്ങാലക്കുട : പ്രാദേശിക തൊഴിലവസരങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഇരിങ്ങാലക്കുട നഗരസഭയും കുടുംബശ്രീയും “വിജ്ഞാനകേരളം” പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച “കർമ്മ 2025” തൊഴിൽമേള ശ്രദ്ധേയമായി.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് മേള ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുടയിലെ 32ഓളം പ്രാദേശിക സ്ഥാപനങ്ങളാണ് തൊഴിൽ അന്വേഷകർക്കായി മേളയിൽ പങ്കെടുത്തത്.

250ഓളം പ്രാദേശിക ജോലി ഒഴിവുകൾ മേളയിലേക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 400ഓളം പേർ തൊഴിൽമേളയിൽ പങ്കെടുക്കാനായി പേർ രജിസ്റ്റർ ചെയ്തിരുന്നു. ഇവരിൽ 300 ൽ അധികം പേർ മേളയിൽ പങ്കെടുത്തതായി സീനിയർ ഹെൽത്ത് ഇൻസ്പെക്ടറും ജോബ് സ്റ്റേഷൻ കൺവീനറുമായ കെ.ജി. അനിൽ പറഞ്ഞു.

പരമാവധി തൊഴിൽ അന്വേഷകരെ തൊഴിൽമേളയിൽ പങ്കെടുപ്പിക്കാൻ ഫീൽഡിൽ ഇറങ്ങി പ്രചരണം നടത്തിയതായും ഇനിയും ഈ പ്രവർത്തനം ശക്തമായി മുന്നോട്ട് കൊണ്ടു പോകുമെന്നും എല്ലാവർക്കും തൊഴിൽ എന്ന സ്വപ്നത്തിലേക്ക് എത്താൻ പ്രയത്നിക്കുമെന്നും ഡി.ഡബ്ല്യു.എം.എസ്. കമ്മ്യൂണിറ്റി അംബാസിഡർമാരായ സരിത, വിജിത എന്നിവർ പറഞ്ഞു.

ഓണത്തിന് മുൻപായി 250ഓളം തൊഴിൽരഹിതർക്ക് തൊഴിൽ നേടിക്കൊടുക്കുക എന്ന ലക്ഷ്യമാണ് ഈ മേളയ്ക്ക് ഉള്ളതെന്ന് സി.ഡി.എസ്. 1 മെമ്പർ സെക്രട്ടറി സജിത പറഞ്ഞു.

അന്താരാഷ്ട്ര ഫോക്‌ലോർ ദിനാചരണം

ഇരിങ്ങാലക്കുട : അന്താരാഷ്ട്ര ഫോക്‌ലോർ ദിനാചരണത്തിന്റെ ഭാഗമായി കെ.കെ.ടി.എം. ഗവ. കോളെജിൽ മലയാളം വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നാടൻ ഭക്ഷ്യമേളയും വില്പനയും സംഘടിപ്പിച്ചു.

ഭക്ഷ്യമേള പ്രിൻസിപ്പൽ പ്രൊഫ. ഡോ. ടി.കെ. ബിന്ദു ശർമിള ഉദ്ഘാടനം ചെയ്തു.

എംഎ വിദ്യാർഥികളുടെ ഫോക് ക്വിസ് മത്സരവും തദവസരത്തിൽ നടന്നു.

വിദ്യാർഥികൾ പാകം ചെയ്ത നാടൻ പലഹാരങ്ങളും ഭക്ഷ്യവസ്തുക്കളും മേളയിൽ വിതരണം ചെയ്തു.

കോമൺവെൽത്ത് ഗെയിംസിൽ സെന്റ് ജോസഫ്സ് കോളെജിൻ്റെ തിലകക്കുറിയാകാൻ അമൃത പി. സുനി

ഇരിങ്ങാലക്കുട : കോമൺവെൽത്ത് ജൂനിയര്‍ ഗെയിംസിനുള്ള ഇന്ത്യൻ വെയ്റ്റ് ലിഫ്റ്റിംഗ് ടീമിലേക്ക് കേരളത്തിൽ നിന്നുള്ള ഏക താരമായി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജ് ഒന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർഥിനി അമൃത പി. സുനി ഇടംനേടി.

കഴിഞ്ഞ വർഷം ഉസ്ബക്കിസ്ഥാനില്‍ നടന്ന ഏഷ്യൻ യൂത്ത്- ജൂനിയർ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ അമൃത വെങ്കലമെഡൽ നേടിയിരുന്നു. ഈ മത്സരത്തില്‍ കേരളത്തിൽ നിന്ന് അന്തർദേശീയ തലത്തിൽ മെഡൽ നേട്ടം കൈവരിച്ച ഏക വനിതാ താരമാണ് അമൃത.

ഇതിനോടൊപ്പം ആറ് ദേശീയ മത്സരങ്ങളിൽ സ്വർണം നേടിയാണ് അമൃത കോമൺ വെൽത്ത് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയത്.

തൃശൂർ സ്വദേശികളായ പള്ളിമാക്കൽ സുനി, രജിത ദമ്പതികളുടെ മകളാണ് അമൃത.

അച്ഛൻ്റെ ശിക്ഷണത്തിലൂടെ വളർന്ന അമൃത തൃശൂര്‍ സായ് സെന്‍ററിലാണ് പഠിച്ചത്.

സ്കോളർഷിപ്പോടെ ലഖ്നൗവിലെ നാഷണൽ സെൻ്റർ ഓഫ് എക്സലൻസില്‍ അമൃത പരിശീലനം നേടുകയും അവിടെ നിന്നും പട്യാലയിലെ ഇന്ത്യന്‍ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

നിരവധി അന്തർദേശീയ താരങ്ങളെ കേരളത്തിന്‌ സംഭാവന ചെയ്തിട്ടുള്ള സെന്റ് ജോസഫ്സ് കോളെജിന് അമൃതയുടെ ഈ നേട്ടം മറ്റൊരു ചരിത്രം കൂടിയാണ്.

വ്യക്തിഗത ഇനത്തിൽ കേരളത്തിൽ നിന്നും ഒളിമ്പിക് മെഡൽ നേടുക എന്നതാണ് അമൃതയുടെ ഏറ്റവും വലിയ ലക്ഷ്യം.

അഹമ്മദബാദിൽ ഈ മാസം 24നാണ് കോമൺവെൽത്ത് ഗെയിംസ് ആരംഭിക്കുന്നത്.

മത്സരത്തിൽ അമൃതയുടെ മെഡൽ നേട്ടത്തിനായി സെൻ്റ് ജോസഫ്സ് കോളെജും കുടുംബവും നിറപ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.