വത്സൻ
ഇരിങ്ങാലക്കുട : വള്ളിവട്ടം തൈവളപ്പ് പൂവ്വത്തുംകടവില്‍ വത്സന്‍ (78) നിര്യാതനായി.
സംസ്കാരം നടത്തി.
ഭാര്യ : സുഷമ
മക്കള്‍ : കൃഷ്ണജിത്ത്, കൃഷ്ണരാജ്
മരുമക്കള്‍ : സവിത, ജില്‍ഷ

വത്സൻ
ഇരിങ്ങാലക്കുട : വള്ളിവട്ടം തൈവളപ്പ് പൂവ്വത്തുംകടവില്‍ വത്സന്‍ (78) നിര്യാതനായി.
സംസ്കാരം നടത്തി.
ഭാര്യ : സുഷമ
മക്കള്‍ : കൃഷ്ണജിത്ത്, കൃഷ്ണരാജ്
മരുമക്കള്‍ : സവിത, ജില്‍ഷ

ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയായ എസ്.എൻ. പുരം ചെന്തെങ്ങ് ബസാർ പൈനാട്ട്പടി വീട്ടിൽ ഇബ്രാഹിമിന്(64) 78 വർഷം കഠിന തടവും 1,15,000 രൂപ പിഴയും ശിക്ഷ വിധിച്ച് വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ (പോക്സോ) കോടതി ജഡ്ജ് ആർ. മിനി.
പിഴത്തുക അതിജീവിതയ്ക്ക് നൽകുന്നതിനും കൂടാതെ കേസിന്റെ സ്വഭാവം പരിഗണിച്ച് ഈ സംഭവം മൂലം അതിജീവിതയ്ക്ക് സംഭവിച്ച മാനസിക ശാരീരികാഘാതങ്ങൾക്കും പുനരധിവാസത്തിനുമായി കേരള വിക്ടിം കംപൻസേഷൻ സ്കീം പ്രകാരം നഷ്ടപരിഹാരം നൽകുന്നതിനും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
2023 ജൂൺ മാസം മുതൽ ജൂലൈ മാസം വരെയുള്ള കാലയളവിൽ പ്രതി പലതവണകളിലായി അതിജീവിതയെ
ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ അന്നത്തെ എസ്.എച്ച്.ഒ. ആയിരുന്ന അനീഷ് കരീം, സബ് ഇൻസ്പെക്ടർ ആയിരുന്ന എം.എസ്. ഷാജൻ, ജി.എസ്.ഐ. സുധാകരൻ, വനിതാ സ്റ്റേഷൻ എസ്.ഐ. കൃഷ്ണ പ്രസാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
എസ്.എച്ച്.ഒ. അനീഷ് കരീം ആണ് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഇ.എ. സീനത്ത് ഹാജരായി.
ജി.എ.എസ്.ഐ. ഗീത, ഇരിങ്ങാലക്കുട സി.പി.ഒ. കൃഷ്ണദാസ് എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ നിരീക്ഷണ വാർഡിൽ ഉറക്കെ ബഹളം വയ്ക്കുകയും നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറായ ഡോക്ടറുടെയും മറ്റ് ജീവനക്കാരുടെയും ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് തടസ്സം സൃഷ്ടിക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും പിടിച്ചു മാറ്റാൻ ചെന്ന സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേർ പിടിയിൽ.
പുല്ലൂർ സ്വദേശികളും സഹോദരങ്ങളുമായ നെല്ലിശ്ശേരി വീട്ടിൽ റിറ്റ് ജോബ് (26), ജിറ്റ് ജോബ് (27), പുല്ലൂർ ചേർപ്പുംകുന്ന് സ്വദേശി മഠത്തിപറമ്പിൽ വീട്ടിൽ രാഹുൽ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്.
റിറ്റ് ജോബ് അടിപിടിയിൽ പരിക്കേറ്റെന്ന് പറഞ്ഞ് ചികിത്സയ്ക്കായി ജിറ്റ് ജോബിനെയും രാഹുലിനെയും കൊണ്ട് ആശുപത്രിയിലേക്ക് വന്നതാണ്.
ജിറ്റിന് ഹെഡ് ഇൻജുറി ഉള്ളതായി സംശയം തോന്നിയതിനാൽ ഡോക്ടർ സി.ടി. സ്കാൻ എടുക്കണമെന്ന് പറഞ്ഞു. ഇതുകേട്ട ഉടൻ റിറ്റ് ജോബ് ‘നിങ്ങൾ എന്തേ ഇവിടെ സി.ടി. സ്കാൻ വയ്ക്കാത്തത്’ എന്ന് പറഞ്ഞ് ഉച്ചത്തിൽ ബഹളം വെച്ച് ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
തുടർന്ന് പൊലീസ് സ്ഥലത്തെത്തിയാണ് റിറ്റ് ജോബിനെ അറസ്റ്റ് ചെയ്തു മാറ്റിയത്.
ജിറ്റ് ജോബിനെയും, രാഹുലിനെയും തൃശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ച് മതിയായ ചികിത്സ നൽകിയതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി.
ഇവരെ മൂന്ന് പേരെയും ഞായറാഴ്ച രാത്രി 9.30ഓടെ ഇരിങ്ങാലക്കുട ചെറാക്കുളം ബാറിന് മുൻവശത്ത് വെച്ച് 14ഓളം പേർ ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ചതിന് രാഹുലിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
റിറ്റ് ജോബും ജിറ്റ് ജോബും ആളൂർ സ്റ്റേഷൻ പരിധിയിലെ ഒരു വധശ്രമക്കേസിലും, ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധിയിലെ അടിപിടിക്കേസുകളിലും പ്രതികളാണ്.
രാഹുൽ ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധിയിലെ ഒരു വധശ്രമക്കേസിലും, ഒരു അടിപിടിക്കേസിലും പ്രതിയാണ്.

ഇരിങ്ങാലക്കുട : “ഒന്നിച്ചോണം പൊന്നോണം” എന്ന പേരിൽ സെപ്തംബർ 2ന് വൻ ജനപങ്കാളിത്തത്തിൽ ഇരിങ്ങാലക്കുടയുടെ നഗരവീഥികൾക്ക് വർണ്ണപ്പകിട്ടേകുന്ന ഘോഷയാത്രയോടെ ഐസിഎൽ ഈ വർഷം സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് മാനേജിങ് ഡയറക്ടർ അഡ്വ. കെ.ജി. അനിൽകുമാർ അറിയിച്ചു.
2ന് ഉച്ചതിരിഞ്ഞ് 4 മണിക്ക് പുലിക്കളി, കുമ്മാട്ടിക്കളി തുടങ്ങി നിരവധി വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നടത്തുന്ന ഘോഷയാത്ര ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രപരിസരത്തു നിന്നും ആരംഭിച്ച് ഠാണാവ് വഴി മുനിസിപ്പൽ മൈതാനത്ത് അവസാനിക്കും. തുടർന്ന് സമാപന സമ്മേളനവും ഉണ്ടായിരിക്കും.
ഘോഷയാത്രയിൽ ഇരിങ്ങാലക്കുടയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ക്ലബ്ബുകളുടെയും റസിഡൻ്റ്സ് അസോസിയേഷനുകളുടെയും പങ്കാളിത്തം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ഫ്ലാഷ് മോബ്, തിരുവാതിരക്കളി, ഫാൻസി ഡ്രസ്സ് ഗ്രൂപ്പ് മത്സരങ്ങളും അരങ്ങേറും.
തിരുവാതിരക്കളിയിലും ഫ്ലാഷ്മോബിലും ഒന്നാം സമ്മാനമായി 25,000 രൂപയും രണ്ടാം സമ്മാനമായി 15,000 രൂപയും മൂന്നാം സമ്മാനമായി 10,000 രൂപയും എവർ റോളിംഗ് ട്രോഫിയും സമ്മാനിക്കും.
ഫാൻസി ഡ്രസ്സ് മത്സരത്തിൽ പങ്കെടുക്കുന്ന ടീമിന് ഒന്നാം സമ്മാനം 15,000 രൂപ, രണ്ടാം സമ്മാനം 10000 രൂപ, മൂന്നാം സമ്മാനം 5000 രൂപയും എവർ റോളിംഗ് ട്രോഫിയും ഉണ്ടായിരിക്കും.
ഐ.സി.എൽ. ജീവനക്കാരും മാനേജ്മെൻ്റും സംയുക്തമായി ഇരിങ്ങാലക്കുടയിലെ പൗരപ്രമുഖരെ കൂടി ഉൾപ്പെടുത്തി നടത്തുന്ന ഈ ആഘോഷ പരിപാടികൾ ഇരിങ്ങാലക്കുടക്കാർക്കായുള്ള സവിശേഷ ഓണസമ്മാനമായാണ് ഒരുക്കുന്നതെന്നും വരും വർഷങ്ങളിൽ കേരളത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നുള്ള ജനങ്ങളെയും വൈവിധ്യമാർന്ന ഒട്ടനേകം കലാരൂപങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് ഓണാഘോഷ പരിപാടികൾ വിപുലമാക്കാനാണ് ഉദ്ദേശ്യമെന്നും അഡ്വ. കെ.ജി. അനിൽകുമാർ അറിയിച്ചു.
പരിപാടികളുടെ നടത്തിപ്പിനായി മന്ത്രി ഡോ. ആർ. ബിന്ദുവും അഡ്വ. കെ.ജി. അനിൽകുമാറും രക്ഷാധികാരികളും നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ചെയർമാനുമായുള്ള വിപുലമായ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.
ഐ.സി.എൽ. സിഇഒ ഉമ അനിൽകുമാർ, നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, യു. പ്രദീപ് മേനോൻ, ഐ.സി.എൽ. ഫിൻകോർപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ഹരികുമാർ, രാജശ്രീ, മറ്റു പൗരപ്രമുഖർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ഇരിങ്ങാലക്കുട : സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി രാസ ലഹരിക്കെതിരെ സാമൂഹിക ബോധം വളർത്തുന്നതിനും ജൂബിലി ആഘോഷ പരിപാടികളുടെ പ്രചരണത്തിനുമായി ആഗസ്റ്റ് 28ന് രാവിലെ 7 മണിക്ക് ആയിരം പേരെ പങ്കെടുപ്പിച്ചുകൊണ്ട് വാക്കത്തോൺ സംഘടിപ്പിക്കുമെന്ന് പ്രിൻസിപ്പൽ പി. ആൻസൻ ഡൊമനിക് പത്രസമ്മേളനത്തിൽ അറിയിച്ചു.
വാക്കത്തോണിൽ പങ്കെടുക്കുന്നവർക്ക് ജേഴ്സിയും റിഫ്രഷ്‌മെന്റും നൽകും.
നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, ഇരിങ്ങാലക്കുട റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പി.ആർ. ബിജോയ്, ന്യൂയോർക്ക് എം.ടി.എ. റോഡ് കാർ ഇൻസ്പെക്ടർ തോമസ് ഫ്രാങ്ക്ലിൻ, ഏഷ്യൻ ഗെയിംസ് വിന്നർ പി.എച്ച്. അബ്ദുള്ള, പൂർവ്വ വിദ്യാർഥിയും സിനി ആർട്ടിസ്റ്റുമായ ക്ലെയർ ജോൺ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
സ്കൂൾ മാനേജർ റവ. ഫാ. ഡോ. പ്രൊഫ. ലാസർ കുറ്റിക്കാടൻ, ട്രസ്റ്റി തോമസ് തൊകലത്ത്, പി.ടി.എ. പ്രസിഡൻ്റ് ഷാജു ജോസ് ചിറയത്ത്, പ്രോഗ്രാം കൺവീനർ ടെൽസൻ കൊട്ടോളി, ഫിനാൻസ് കൺവീനർ ലിൻസൺ ഊക്കൻ, ജോബി അക്കരക്കാരൻ, എം.ജെ. ഷീജ, സ്റ്റാഫ് സെക്രട്ടറി ജിൻസൺ ജോർജ്ജ്, പി.ടി. ജോർജ്ജ് പള്ളൻ, ആൻ്റണി ജോൺ കണ്ടംകുളത്തി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ഇരിങ്ങാലക്കുട : കാട്ടൂർ പഞ്ചായത്ത് 9, 10 വാർഡുകളുടെ സംയുക്ത വാർഡ് സമ്മേളനവും ഓണക്കിറ്റ് വിതരണവും നടത്തി ബിജെപി.
തൃശൂർ സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മണ്ഡലം വൈസ് പ്രസിഡന്റ് സുജി നീരോലി അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി വിപിൻ പാറമേക്കാട്ടിൽ ഓണക്കിറ്റ് സമർപ്പണം നടത്തി.
കാട്ടൂരിൽ സാമൂഹികമായി പിന്നോക്കം നിൽകുന്ന ജനവിഭാഗങ്ങൾക്കിടയിൽ ബിജെപി നടത്തുന്ന പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി.
ജില്ലാ സെക്രട്ടറി ശ്യാംജി മാടത്തിങ്കൽ, കർഷക മോർച്ച പ്രസിഡന്റ് അഭിലാഷ് കണ്ടാരംതറ, ഒബിസി മോർച്ച ജില്ല പ്രസിഡന്റ് സെൽവൻ മണക്കാട്ടുംപടി, വിൻസെന്റ് ചിറ്റിലപ്പിള്ളി എന്നിവർ ആശംസകൾ അർപ്പിച്ചു.
പ്രവർത്തകരായ മനോജ് പൊയ്യാറ, മണിലാൽ മാടമ്പി, ദിനേശൻ തൊട്ടിപ്പുള്ളി, മേഘനാഥൻ വാത്തിയിൽ എന്നിവർ നേതൃത്വം നൽകി.

ഇരിങ്ങാലക്കുട : വിയറ്റ്നാമിൽ നടന്ന ജൂനിയർ മോഡൽ ഇന്റർനാഷണൽ – 2025ലെ വിജയിയായ പടിയൂർ സ്വദേശി കാവല്ലൂർ വീട്ടിൽ അനൂപ്-രന്യ ദമ്പതികളുടെ മകൾ ലക്ഷ്മിയയെ സിപിഐ പടിയൂർ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
മത്സരത്തിൽ സൂപ്പർ ടാലന്റ്, പ്രിൻസസ് ഓഫ് ഏഷ്യ, ബെസ്റ്റ് ഇൻട്രൊഡക്ഷൻ എന്നീ വിഭാഗങ്ങളിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച് ലക്ഷ്മിയ വിജയം കൈവരിച്ചത്.
ഇന്ത്യയിൽ നടന്ന വിവിധങ്ങളായ മോഡലിംഗ് മത്സരങ്ങളിലും ലക്ഷ്മിയ വിജയിയായിരുന്നു.
സിപിഐ ജില്ലാ കൗൺസിൽ അംഗം പി. മണി ലക്ഷ്മിയയെ പൊന്നാടയണിയിച്ച് ആദരിച്ചു.
ലോക്കൽ സെക്രട്ടറി ടി.വി. വിബിൻ, മണ്ഡലം കമ്മിറ്റി അംഗം മിഥുൻ പോട്ടക്കാരൻ, ലോക്കൽ കമ്മിറ്റി അംഗം സുഭാഷ് മാമ്പറമ്പത്ത് എന്നിവർ സന്നിഹിതരായിരുന്നു.
ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് ലക്ഷ്മിയ.

ഇരിങ്ങാലക്കുട : സിപിഐ താണിശ്ശേരി – കിഴുത്താണി മേഖല കുടുംബസംഗമം ഇ.ടി. ടൈസൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ് അധ്യക്ഷത വഹിച്ചു.
മുതിർന്ന പാർട്ടി അംഗങ്ങളെയും വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും ചടങ്ങിൽ ആദരിച്ചു.
മുൻ സംസ്ഥാന കൗൺസിൽ അംഗം കെ. ശ്രീകുമാർ, ജില്ലാ കൗൺസിൽ അംഗങ്ങളായ ടി.കെ. സുധീഷ്, എൻ.കെ. ഉദയപ്രകാശ്, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.എസ്. ബൈജു, എഐടിയുസി മണ്ഡലം പ്രസിഡന്റ് റഷീദ് കാറളം, കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് എന്നിവർ പ്രസംഗിച്ചു.
സിപിഐ കാറളം ലോക്കൽ സെക്രട്ടറി എം. സുധീർദാസ് സ്വാഗതവും വാർഡ് മെമ്പർ അംബിക സുഭാഷ് നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട : ഡല്‍ഹിയില്‍ വച്ച് നടക്കുന്ന സുബ്രതോ കപ്പ് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റിൽ കേരള ടീമിനെ പ്രതിനിധീകരിച്ച് കളിക്കുന്ന അവിട്ടത്തൂർ എൽ.ബി.എസ്.എം. സ്കൂളിലെ പെൺപട മേഘാലയക്കെതിരെ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ച് സെമി ഫൈനലിലേക്ക് പ്രവേശിച്ച് പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.
തോമസ് കാട്ടൂക്കാരനാണ് ടീമിൻ്റെ പരിശീലകൻ.

ഇരിങ്ങാലക്കുട : കുറച്ചു ദിവസങ്ങൾക്കു മുൻപ് പുല്ലൂർ പുളിഞ്ചോട് നിന്ന് കളഞ്ഞു കിട്ടിയ പണം ഉടമസ്ഥർക്ക് തിരിച്ചു നൽകി മാതൃകയായിരിക്കുകയാണ് നാഷണൽ സ്കൂൾ വിദ്യാർഥി അമ്പാടി.
പണം കളഞ്ഞു കിട്ടിയ വിവരം തൊട്ടടുത്ത കടയിൽ അറിയിക്കുകയും തുടർന്ന് വീട്ടുകാരുമൊത്ത് ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിലെത്തി പണം അവിടെ ഏൽപ്പിക്കുകയുമായിരുന്നു.
പിന്നീട് സോഷ്യൽ മീഡിയ പ്ലാറ്റഫോമിലൂടെ ഈ വിവരം പൊതുസമൂഹത്തിൽ അറിയിക്കുകയും പൊലീസിന്റെ സഹായത്താൽ തന്നെ ഉടമസ്ഥരെ കണ്ടെത്തി തെളിവുകളുടെ അടിസ്ഥാനത്തിൽ പണം യഥാർത്ഥ ഉടമസ്ഥന് കൈമാറുകയും ചെയ്തു.