ഇരിങ്ങാലക്കുടയിലെ റൂറൽ ജില്ലാ പൊലീസ് കാര്യാലയത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പരാതി പരിഹാര കേന്ദ്രം

ഇരിങ്ങാലക്കുട : തൃശൂർ റൂറൽ ജില്ലാ പരിധിയിലെ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് പൊതുജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ ലഭിക്കാതെ വന്നാൽ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലുള്ള റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിൽ നിലവിൽ പ്രവർത്തിച്ച് വരുന്ന ജില്ലാതല പരാതി പരിഹാരകേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസ് അറിയിച്ചു.

രാവിലെ 9 മണി മുതൽ വൈകീട്ട് 6 മണി വരെയുള്ള സമയങ്ങളിൽ 0480 2224007, 9497941736 എന്നീ നമ്പറുകളിലും, വൈകുന്നേരം 6 മണി മുതൽ രാവിലെ 9 മണി വരെയുള്ള സമയങ്ങളിൽ 0480 2224000, 9497941736 എന്നീ നമ്പറുകളിലും പൊതുജനങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്.

ജില്ലയിലെ പൊലീസ് സേവനങ്ങൾ കൂടുതൽ സുതാര്യവും പൊതുജന സൗഹൃദപരവുമാക്കി മാറ്റുന്നതിനും പരാതികൾ വേഗത്തിൽ പരിഹരിക്കാനും ലക്ഷ്യമിട്ടാണ് ഈ സംവിധാനം പ്രവർത്തിച്ച് വരുന്നത്.

അടിയന്തരമായി പൊലീസ് സേവനം ആവശ്യമായി വന്നാൽ ഉടൻ 112 എന്ന ഹെല്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

സംസ്ഥാന അധ്യാപക അവാർഡ് നേടിയ എം. സുധീർമാസ്റ്ററെ അഡ്വ. തോമസ് ഉണ്ണിയാടൻ അഭിനന്ദിച്ചു

ഇരിങ്ങാലക്കുട : സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് എം. സുധീർ മാസ്റ്ററെ മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ അഭിനന്ദിച്ചു.

ഹയർ സെക്കന്ററി വിഭാഗത്തിൽ പ്രവർത്തിക്കുന്ന മികച്ച അധ്യാപകൻ എന്ന നിലയ്ക്കാണ് സുധീർ മാസ്റ്റർക്ക് സംസ്ഥാന സർക്കാരിന്റെ ഈ പുരസ്‌കാരം ലഭ്യമായത്. പാഠ്യപാഠ്യേതര രംഗങ്ങളിൽ മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവച്ചതിലും മാതൃകാ ക്ലാസ്സ് അവതരണം, അഭിമുഖം എന്നിവ കൂടി കണക്കിലെടുത്താണ് സുധീർ മാസ്റ്റർക്ക് അവാർഡ് ലഭിച്ചിട്ടുള്ളത്.

ഇരിങ്ങാലക്കുട മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ 20 വർഷക്കാലം ഹയർ സെക്കന്ററി അധ്യാപകനായി പ്രവർത്തിച്ച സുധീർ മാസ്റ്റർ ഇരിങ്ങാലക്കുടയിലെ താമസക്കാരനും ഇപ്പോൾ കൊടകര ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പലുമാണ്.

ഞവരിക്കുളത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

ഇരിങ്ങാലക്കുട : നഗരമധ്യത്തിലെ ഞവരിക്കുളത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.

കടുപ്പശ്ശേരി ചെതലൻ അന്തോണി മകൻ ഫ്രാൻസിസിനെ(60)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാവിലെ കുളത്തിൽ കുളിക്കാൻ വന്നവരാണ് മൃതദേഹം ആദ്യം കണ്ടത്.

ഇവർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഇരിങ്ങാലക്കുട ഫയർഫോഴ്സ് മൃതദേഹം ഇരിങ്ങാലക്കുട ഗവ. ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

ഇരിങ്ങാലക്കുട പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

ശ്രീനാരായണഗുരു ജയന്തി സാംസ്കാരിക സമ്മേളനം നടത്തി

ഇരിങ്ങാലക്കുട : ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്‌.എൻ.ബി.എസ്. സമാജം, എസ്.എൻ.വൈ.എസ്., എസ്.എൻ.ഡി.പി. യോഗം മുകുന്ദപുരം യൂണിയൻ, ടൗൺ ഒന്ന്, രണ്ട് മേഖലയിൽ ഉൾപ്പെടുന്ന ശാഖാ യോഗങ്ങൾ, ഇരിങ്ങാലക്കുടയിലെ ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ സാംസ്കാരിക സമ്മേളനം നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു.

എസ്.എൻ.ബി.എസ്. സമാജം പ്രസിഡൻ്റ് കിഷോർകുമാർ നടുവളപ്പിൽ അധ്യക്ഷത വഹിച്ചു.

എസ്.എൻ.ഡി.പി. യോഗം മുകുന്ദപുരം യൂണിയൻ പ്രസിഡൻ്റ് സന്തോഷ് ചെറാക്കുളം, യൂണിയൻ സെക്രട്ടറി കെ.കെ. ചന്ദ്രൻ, വനിതാ സംഘം പ്രസിഡൻ്റ് സജിത അനിൽകുമാർ, സമാജം സെക്രട്ടറി വിശ്വംഭരൻ മുക്കുളം, ഖജാൻജി വേണു തോട്ടുങ്ങൽ, വിശ്വനാഥപുരം ക്ഷേത്രം തന്ത്രി മണി ശാന്തി, എസ്.എൻ.വൈ.എസ്. സെക്രട്ടറി അനീഷ് ശാന്തി എന്നിവർ പ്രസംഗിച്ചു.

കണ്ഠേശ്വരം ക്ഷേത്രത്തിൽ നവരാത്രി ആഘോഷം : കലാപരിപാടികൾ അവതരിപ്പിക്കാൻ അപേക്ഷ ക്ഷണിച്ചു

ഇരിങ്ങാലക്കുട : കണ്ഠേശ്വരം ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി 9 ദിവസവും വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുവാൻ ക്ഷേത്രം ഭാരവാഹികൾ തീരുമാനിച്ചു.

നവരാത്രി ആഘോഷദിനങ്ങളായ സെപ്തംബർ 22 മുതൽ ഒക്ടോബർ 2 വിജയദശമി ദിവസം വരെ ക്ഷേത്രത്തിൽ പരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

താല്പര്യമുള്ളവർ 9048472841 (വി.എൻ. മുരളി), 9744186819 (മനോജ്‌ കുമാർ), 9745780646 (രേഷ്മ ആർ. മേനോൻ)
എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ക്ഷേത്രം തുറന്നിരിക്കുന്ന സമയങ്ങളിൽ ക്ഷേത്രം ഓഫീസിൽ ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്.

പി.ടി.എ. പൊതുയോഗം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : അവിട്ടത്തൂർ എൽ.ബി.എസ്.എം. ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ. പൊതുയോഗം മാനേജർ എ. അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു.

പ്രസിഡൻ്റ് മിനി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ ഡോ. എ.വി. രാജേഷ്, ഹെഡ്മാസ്റ്റർ മെജോ പോൾ, മാനേജ്മെൻ്റ് കമ്മറ്റി അംഗങ്ങളായ എ.സി. സുരേഷ്, കെ.കെ. കൃഷ്ണൻ നമ്പൂതിരി, സ്റ്റാഫ് പ്രതിനിധികളായ വി.ജി. അംബിക, എൻ.എസ്. രജനിശ്രീ എന്നിവർ പ്രസംഗിച്ചു.

ജോസഫ് അക്കരക്കാരൻ (പ്രസിഡൻ്റ്), മിനി രാമചന്ദ്രൻ (വൈസ് പ്രസിഡൻ്റ്) എന്നിവരെ പുതിയ പി.ടി.എ. ഭാരവാഹികളായി തെരഞ്ഞെടുത്തു.

പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാൾ ആഘോഷിച്ചു

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ ഇടവകയിൽ കത്തീഡ്രൽ പ്രൊഫഷണൽ സി.എൽ.സി.യുടെ ആഭിമുഖ്യത്തിൽ സീനിയർ, ജൂനിയർ സി.എൽ.സി.യുടെ സഹകരണത്തോടെ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാൾ ആഘോഷിച്ചു.

വൈകീട്ട് നടന്ന ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് റവ. ഫാ. വിനിൽ കുരിശുതറ മുഖ്യ കാർമ്മികത്വം വഹിച്ചു.

ഫാ. ദേവസ്സി വർഗ്ഗീസ് തയ്യിൽ തിരുനാൾ സന്ദേശം നൽകി. തുടർന്ന് ജപമാല പ്രദക്ഷിണം നടത്തി.

ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ സമാപന ആശിർവാദം നൽകി.

സെന്റ് തോമസ് കത്തീഡ്രൽ ഇടവക വികാരി റവ. ഡോ. ലാസർ കുറ്റിക്കാടൻ, അസി. വികാരിമാരായ ഫാ. ഓസ്റ്റിൻ പാറയ്ക്കൽ, ഫാ. ബെൽഫിൻ കോപ്പുള്ളി, ഫാ. ആന്റണി നമ്പളം, കൈക്കാരന്മാരായ പി.ടി. ജോർജ്ജ്, അഡ്വ. എം.എം. ഷാജൻ, സാബു ചെറിയാടൻ, തോമസ് തൊകലത്ത് എന്നിവർ നേതൃത്വം നൽകി.

തുടർന്ന് പരിശുദ്ധ കന്യകാമറിയത്തിന്റെ ജന്മദിന കേക്ക് മുറിച്ചു പങ്കുവെച്ചു.

തുടർന്ന് വർണ്ണമഴയും, സ്നേഹ വിരുന്നും ഉണ്ടായിരുന്നു.

പ്രൊഫഷണൽ സി.എൽ.സി. പ്രസിഡന്റ് ഫ്രാൻസിസ് കോക്കാട്ട്, സെക്രട്ടറി ഡേവീസ് പടിഞ്ഞാറക്കാരൻ, ട്രഷറർ വിൻസൻ തെക്കേക്കര, തിരുനാൾ ജനറൽ കൺവീനർ സ്റ്റാൻലി വർഗ്ഗീസ് ചേനത്തുപറമ്പിൽ, സീനിയർ സി.എൽ.സി. പ്രസിഡന്റ് കെ.ബി. അജയ്, സെക്രട്ടറി റോഷൻ ജോഷി, ട്രഷറർ തോമസ് ജോസ്, ജൂനിയർ സി.എൽ.സി. പ്രസിഡന്റ് ബിബിൻ എന്നിവർ നേതൃത്വം നൽകി.

വാര്യർ സമാജം ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സമസ്ത കേരള വാര്യർ സമാജം ഇരിങ്ങാലക്കുട യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു.

ചടങ്ങ് പ്രശസ്ത മേളകലാകാരൻ പെരുവനം ശങ്കരനാരായണൻ മാരാർ ഉദ്ഘാടനം ചെയ്തു.

ഐ. ഈശ്വരൻ കുട്ടി അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡൻ്റ് കെ. ഉണ്ണികൃഷ്ണവാര്യർ മുഖ്യപ്രഭാഷണം നടത്തി.

ദുർഗ്ഗ ശ്രീകുമാർ, ഉഷ ദാസ്, എ. അച്യുതൻ, എ.സി. സുരേഷ്, ടി. രാമൻകുട്ടി, വി.വി. ശ്രീല, സഞ്ജയ് ഗിരീശൻ എന്നിവർ പ്രസംഗിച്ചു.

എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് ഉപഹാരം നൽകി.

തുടർന്ന് നാമജപ ഘോഷയാത്ര, മാലകെട്ട് മത്സരം, ആദരണം, വിവിധ കലാ-കായിക പരിപാടികൾ എന്നിവ അരങ്ങേറി.

ഭിന്നശേഷി കുട്ടികൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബിആർസിയുടെ നേതൃത്വത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു.

നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.സി. ഷിബിൻ ഉദ്ഘാടനം ചെയ്തു.

15 കുട്ടികൾക്കാണ് ഓർത്തോ ഉപകരണങ്ങൾ വിതരണം ചെയ്തത്.

ബിപിസി കെ.ആർ. സത്യപാലൻ സ്വാഗതവും സ്പെഷ്യൽ എഡ്യൂക്കേറ്റർ അനുപം പോൾ നന്ദിയും പറഞ്ഞു.

സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ രജത ജൂബിലി അധ്യാപക ദിനാഘോഷം

ഇരിങ്ങാലക്കുട : സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ രജത നിറവ് അധ്യാപക ദിനാഘോഷം ഇരിങ്ങാലക്കുട രൂപത കോർപ്പറേറ്റ് മാനേജർ റവ. ഫാ. സിജോ ഇരിമ്പൻ ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ റവ. ഡോ. ഫാ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ ആൻസൻ ഡൊമിനിക്കിനെ പൊന്നാടയണിച്ച് ആദരിച്ചു.

കത്തിഡ്രൽ ട്രസ്റ്റിമാരായ സാബു ചെറിയാടൻ, തോമസ് തൊകലത്ത്, പി.ടി.എ. പ്രസിഡന്റ് ഷാജു ജോസ് ചിറയത്ത്, വൈസ് പ്രസിഡന്റ് ജോജോ വെള്ളാനിക്കാരൻ, സ്കൂൾ ചെയർമാൻ ക്രിസ്റ്റഫർ, പി.ടി.എ. അംഗങ്ങളായ അരുൺ, മെഡാലിൻ, അധ്യാപകരായ എം.ജെ. ഷീജ, ജിജി ജോർജ്ജ്, രജത ജൂബിലി ആഘോഷ കമ്മറ്റി ഭാരവാഹികളായ ടെൽസൺ കോട്ടോളി, ലിംസൺ ഊക്കൻ, ജോബി അക്കരക്കാരൻ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് മുഴുവൻ അധ്യാപകർക്കും അനധ്യാപകർക്കും പി.ടി.എ.യുടെ വകയായി ഉപഹാരങ്ങളും സ്നേഹവിരുന്നും ഉണ്ടായിരുന്നു.