ലൈബ്രറി പുസ്തകങ്ങൾ സംഭാവന ചെയ്തു

ഇരിങ്ങാലക്കുട : മൂർക്കനാട് സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിലേക്ക് ഇരിങ്ങാലക്കുട സംസ്കാര സാഹിതിയും കേരള സാഹിത്യ അക്കാദമി മുൻ പ്രോഗ്രാം കോർഡിനേറ്റർ എം.വി. ജോസും ചേർന്ന് 150ഓളം ലൈബ്രറി പുസ്തകങ്ങൾ സംഭാവന ചെയ്തു.

സ്കൂളിൽ നടന്ന ചടങ്ങിൽ എം.വി. ജോസും സംസ്കാര സാഹിതി ഇരിങ്ങാലക്കുട നിയോജക മണ്ഡലം ചെയർമാൻ അരുൺ ഗാന്ധിഗ്രാമും ഭാരവാഹികളും ചേർന്ന് സ്കൂൾ വൈസ് ചെയർമാൻ അക്ഷയ് കൃഷ്ണയ്ക്കും മറ്റു കുട്ടികൾക്കും പുസ്തകങ്ങൾ കൈമാറി.

പ്രിൻസിപ്പൽ കെ.എ. വർഗ്ഗീസ് അധ്യക്ഷത വഹിച്ചു.

അരുൺ ഗാന്ധിഗ്രാം, എം.വി. ജോസ്, നിയോജക മണ്ഡലം കൺവീനർ എം.ജെ. ടോം, സെകട്ടറിമാരായ സദറു പട്ടേപ്പാടം, വിജയൻ ചിറ്റേക്കാട്ടിൽ, സ്റ്റാഫ് അംഗങ്ങളായ ആശ ജി. കിഴക്കേടത്ത്, ജിജി വർഗ്ഗീസ്, സിബിൻ ലാസർ, രമാദേവി, സ്കൂൾ വൈസ് ചെയർമാൻ അക്ഷയ്കൃഷ്ണ എന്നിവർ പ്രസംഗിച്ചു.

മഹാത്മാഗാന്ധി പാർക്ക് നവീകരണം നഗരസഭ തുരങ്കം വയ്ക്കുന്നതായി പരാതി ; പ്രതിഷേധവുമായി വാർഡ് കൗൺസിലറും നിവാസികളും രംഗത്ത്

ഇരിങ്ങാലക്കുട : നഗരസഭ 25-ാം വാർഡിൽ കൂടൽമാണിക്യം ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ചിരപുരാതന കളിസ്ഥലമായ മഹാത്മാഗാന്ധി പാർക്കിൻ്റെ നവീകരണത്തിനായി വാർഡ് കൗൺസിലർ സ്മിത കൃഷ്ണകുമാർ മുൻകൈയെടുത്ത് കേന്ദ്രസർക്കാർ ഫണ്ടായ 35 ലക്ഷം രൂപ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നേടിയെടുത്തിട്ടും കരാർ എടുക്കുവാൻ ആളില്ല എന്ന മുട്ടാപോക്ക് ന്യായം പറഞ്ഞ് പാർക്കിന്റെ നവീകരണത്തിനു തുരങ്കം വെയ്ക്കുന്ന നഗരസഭയുടെ നടപടിക്കെതിരെ പ്രതിഷേധവുമായി കൗൺസിലറുടെ നേതൃത്വത്തിൽ വാർഡ് നിവാസികൾ, പാർക്ക് ക്ലബ്ബംഗങ്ങൾ എന്നിവർ ചേർന്ന് നഗരസഭ ചെയർപേഴ്സണെ കണ്ട് പരാതി ബോധിപ്പിച്ചു.

പാർക്ക് നവീകരണത്തിനായുള്ള അഡ്മിനിസ്ട്രേറ്റീവ് അനുമതി, ടെക്നിക്കൽ അനുമതി മുതലായവ ലഭിച്ചിട്ടും തുടർനടപടികൾ കൃത്യമായി നടക്കാത്തതിനെ തുടർന്നാണ് കൗൺസിലറും സംഘവും പരാതിയുമായി നഗരസഭ കാര്യാലയത്തിലെത്തിയത്.

ഉടനടി ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പണി ആരംഭിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും, കേന്ദ്രവിഹിതം ലാപ്സാക്കാൻ ഇട വരരുതെന്നും കൗൺസിലർ ആവശ്യപ്പെട്ടു.

നഗരസഭ കരാറുകാർക്ക് തക്ക സമയത്ത് പ്രതിഫലം നൽകാത്തതിനാൽ കരാറുകാർ പുതിയ കരാർ ഏറ്റെടുക്കാൻ തയ്യാറാകുന്നില്ല എന്നത് നിരന്തരമായി കൗൺസിലിൽ ഉയരുന്ന വിമർശനമാണ്.

എന്നാൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രവർത്തികൾക്ക് യഥാസമയം പണം കിട്ടുമെന്നിരിക്കലും കരാറുകാരെ കണ്ടെത്തി നടപടികളുമായി നഗരസഭ മുന്നോട്ടു പോകാത്തതിന് പിന്നിൽ നിക്ഷിപ്ത താല്പര്യങ്ങളാണെന്ന് കൗൺസിലർ സ്മിത കൃഷ്ണകുമാർ ആരോപിച്ചു.

കൗൺസിലർ സ്മിത കൃഷ്ണകുമാറിനോടൊപ്പം പാർക്ക് ക്ലബ് അംഗങ്ങളായ ബിമൽ, ശ്രീരാം എന്നിവരും, വാർഡ് നിവാസികളും റെസിഡൻ്റ്സ് അസോസിയേഷൻ അംഗങ്ങളുമായ ശശി മേനോൻ, മുരളി, രാധാകൃഷ്ണൻ, രമേശ് അയ്യർ എന്നിവരും പരാതി ബോധിപ്പിക്കാൻ എത്തിയിരുന്നു.

നാട്ടുത്സവം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്ത് 6-ാം വാർഡിൽ ഗ്രാമോത്സവമായ “നാട്ടുത്സവം” ആഘോഷിച്ചു.

മന്ത്രി ഡോ. ആർ. ബിന്ദു ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.

പടിയൂർ സെന്റ് മേരീസ് ചർച്ച് അങ്കണത്തിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡൻ്റ് ലിജി രതീഷ് അധ്യക്ഷത വഹിച്ചു.

ഫ്ലവേഴ്സ് ടോപ്പ് സിംഗർ മത്സരത്തിൽ സെക്കന്റ് റണ്ണറപ്പായി വിജയിച്ച സെബാമൂണും, വിയറ്റ്നാമിൽ നടന്ന ജൂനിയർ മോഡൽ 2025ലെ വിജയിയായ കെ.എ. ലക്ഷ്മിയും വിശിഷ്ടാതിഥികളായി പങ്കെടുത്തു.

ചടങ്ങിൽ വാർഡിലെ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികളെയും, കർഷക അവാർഡ് നേടിയവരെയും, എൽ.എസ്.എസ്. പരീക്ഷയിൽ വിജയം നേടിയവരെയും അനുമോദിച്ചു.

സംഘാടക സമിതി ചെയർമാനും വാർഡ് മെമ്പറുമായ ടി.വി. വിബിൻ സ്വാഗതവും, കൺവീനർ ശോഭന സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.

രാവിലെ മുതൽ ആരംഭിച്ച ആഘോഷപരിപാടിയിൽ പൂക്കള മത്സരം, സദ്യ, ഘോഷയാത്ര, വാർഡ് നിവാസികളുടെ കായിക മത്സരങ്ങൾ, കലാപരിപാടികൾ തുടങ്ങിയവ അരങ്ങേറി.

തുടർച്ചയായ മൂന്നാം വർഷമാണ് നാട്ടുത്സവം സംഘടിപ്പിക്കുന്നത്.

“ലോക് കല്യാൺ മേള” ക്യാമ്പയിൻ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പുതുക്കിയ പി.എം. സ്വാനിധി പദ്ധതി 2035 മാർച്ച് 31 വരെ നീട്ടിയതായുള്ള കേന്ദ്ര ഭവന നഗര കാര്യമന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം പ്രസ്തുത സ്കീം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തിൽ വ്യാപാരഭവൻ ഹാളിൽ സംഘടിപ്പിച്ച “ലോക് കല്യാൺ മേള” ക്യാമ്പയിൻ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി.സി. ഷിബിൻ, ഫെനി എബിൻ വെള്ളാനിക്കാരൻ, അംബിക പള്ളിപ്പുറത്ത്, ജെയ്സൺ പാറേക്കാടൻ, അഡ്വ. ജിഷ ജോബി, കൗൺസിലർമാരായ കെ.ആർ. വിജയ, സോണിയ ഗിരി, സന്തോഷ് ബോബൻ, അൽഫോൺസ തോമസ്, പി.ടി. ജോർജ്ജ്, സി.ഡി.എസ്. ചെയർപേഴ്സൺമാരായ പുഷ്പാവതി, ശൈലജ ബാലൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക്ക് സ്വാഗതവും പി.ആർ. രാജി നന്ദിയും പറഞ്ഞു.

ക്യാമ്പിന്റെ ഭാഗമായി പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് രണ്ട് ബാച്ചുകളിലായി എഫ്.എസ്.എസ്.എ.ഐ. -യുമായി ചേർന്ന് “ശുചിത്വവും ഭക്ഷ്യസുരക്ഷയും” എന്ന വിഷയത്തിൽ ഫോസ്ടാക് സർട്ടിഫിക്കേഷന്‍ പരിശീലനവും നൽകി.

നിര്യാതയായി

ശാരദ വാരസ്യാർ

ഇരിങ്ങാലക്കുട : പരേതനായ അവിട്ടത്തൂർ വാരിയത്ത് മാധവ വാര്യരുടെ ഭാര്യ പുല്ലൂർ പടിഞ്ഞാറെ വാരിയത്ത് ശാരദ വാരസ്യർ (92) നിര്യാതയായി.

സംസ്കാരം നടത്തി.

മക്കൾ : ശ്രീദേവി, ഷൈലജ, മീര

ലോക ഹൃദയദിനാചരണം : ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : “ചെറിയ ജീവിതശൈലി മാറ്റങ്ങൾ വലിയ ആരോഗ്യ ഗുണങ്ങൾ” എന്ന പ്രമേയവുമായി ഈ വർഷത്തെ ലോക ഹൃദയ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുട ഗവ. ജനറൽ ആശുപത്രിയിൽ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവഹിച്ചു.

വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.പി. ശ്രീദേവി മുഖ്യപ്രഭാഷണം നടത്തി.

ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി. സജീവ് കുമാർ സന്ദേശം നൽകി.

എൻ.സി.ഡി. നോഡൽ ഓഫീസർ ഡോ. എൻ.എ. ഷീജ വിഷയാവതരണം നടത്തി.

നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരൻ, വാർഡ് കൗൺസിലർ പി.ടി. ജോർജ്ജ്, ജില്ലാ നഴ്സിംഗ് ഓഫീസർ എം.എസ്. ഷീജ, ടെക്നിക്കൽ അസിസ്റ്റൻ്റ് ഗ്രേഡ് വൺ ഇൻ ചാർജ് ഗോപകുമാർ, റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് എം.ജെ. ജോൺ എന്നിവർ ആശംസകൾ അർപ്പിച്ചു.

ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി. ശിവദാസ് സ്വാഗതവും ജില്ലാ എജുക്കേഷൻ & മീഡിയ ഓഫീസർ സി.എം. ശ്രീജ നന്ദിയും പറഞ്ഞു.

ഇതോടനുബന്ധിച്ച് രാവിലെ സംഘടിപ്പിച്ച വാക്കത്തോൺ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഫ്ലാഗ് ഓഫ് ചെയ്തു.

വാക്കത്തോണിൽ വിവിധ സാമൂഹിക സാംസ്കാരിക സംഘടനകൾ, സ്കൂൾ – കോളെജ് വിദ്യാർഥികൾ, സന്നദ്ധ പ്രവർത്തകർ, സ്റ്റുഡൻ്റ് പൊലീസ് കേഡറ്റുകൾ, വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ, എൻ.സി.സി. എൻ.എസ്.എസ്. വൊളൻ്റിയർമാർ തുടങ്ങിയവർ പങ്കെടുത്തു.

ഇരിങ്ങാലക്കുട ദനഹ തിരുനാൾ : കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രലിൽ 2026 ജനുവരി 10, 11, 12 തിയ്യതികളിലായി നടക്കുന്ന ദനഹ തിരുനാളിന്റെ കമ്മിറ്റി ഓഫീസ് വികാരി റവ. ഫാ. ഡോ. ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു.

അസിസ്റ്റന്റ് വികാരിമാരായ ഫാ. ഓസ്റ്റിൻ പാറക്കൽ, ഫാ. ബെൽഫിൻ കോപ്പുള്ളി, ഫാ. ആന്റണി നമ്പളം, കൈക്കാരന്മാരായ പി.ടി. ജോർജ്ജ്, സാബു ജോർജ്ജ്, തോമസ് തൊകലത്ത്, അഡ്വ. എം.എം. ഷാജൻ, തിരുനാൾ ജനറൽ കൺവീനർ ഷാജു പന്തലിപ്പാടൻ, ജോയിൻ്റ് കൺവീനർമാരായ ഷാജു കണ്ടംകുളത്തി, സൈമൺ കുറ്റിക്കാടൻ, തോമസ് കെ. ജോസ്, കേന്ദ്ര സമിതി പ്രസിഡന്റ് ജോബി അക്കരക്കാരൻ എന്നിവർ സംബന്ധിച്ചു.

ആറാട്ടുപുഴ ക്ഷേത്രത്തിൽ പൂജവെയ്‌പ്‌

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് പ്രത്യേകം സജ്ജമാക്കിയ സരസ്വതീ മണ്ഡപത്തിൽ തിങ്കളാഴ്ച വൈകുന്നേരം 5.30ന് പൂജവെയ്‌പ്‌ ആരംഭിക്കും.

ആറാട്ടുപുഴയിലെയും സമീപ ദേശങ്ങളിലെയും ഭക്തർ ശാസ്താവിന് സമർപ്പിച്ച കാഴ്ചക്കുലകൾ കൊണ്ട് സരസ്വതീ മണ്ഡപവും ക്ഷേത്ര നടപ്പുരയും അലങ്കരിക്കും.

ക്ഷേത്രം മേൽശാന്തിമാരായ കൂറ്റമ്പിള്ളി പത്മനാഭൻ നമ്പൂതിരി, മൂർക്കനാട് മന മോഹനൻ നമ്പൂതിരി എന്നിവർ പൂജകൾക്ക് നേതൃത്വം നൽകും.

വിവിധ ദേശങ്ങളിൽ നിന്നുമുള്ള കുടുംബങ്ങൾ പുരാണഗ്രന്ഥങ്ങളും വിദ്യാർഥികളുടെ പാഠ്യ പുസ്‌തകങ്ങളുമടക്കം സരസ്വതീപൂജയ്ക്കായി സരസ്വതീ മണ്ഡപത്തിൽ സമർപ്പിക്കും. പൂജവെയ്പ് മുതൽ വിജയദശമി വരെയുള്ള ദിവസങ്ങളിൽ നടക്കുന്ന എല്ലാ പൂജകളിലും ഭക്തർ ദേവീ കടാക്ഷത്തിനായി അവിൽ, മലർ, ശർക്കര, കദളിപ്പഴം തുടങ്ങിയവയും സരസ്വതീ മണ്ഡപത്തിൽ സമർപ്പിക്കും.

വിജയദശമി ദിവസം രാവിലെ പൂജിച്ച പുസ്തകങ്ങൾ ഭക്തർ ഏറ്റുവാങ്ങും.

പുത്തൻചിറ പാലത്തിന് സമീപത്തു നിന്നും സ്കൂട്ടർ മോഷ്ടിച്ച രണ്ട് പ്രതികൾ പിടിയിൽ

ഇരിങ്ങാലക്കുട : പുത്തൻചിറ പള്ളിക്ക് സമീപമുള്ള പാലത്തിന് സമീപത്തു നിന്നും പുത്തൻചിറ പറയത്ത് ദേശത്ത് അഞ്ചേരി വീട്ടിൽ ജോണി (67) എന്നയാളുടെ 55,000 രൂപ വില വരുന്ന സ്കൂട്ടർ മോഷ്ടിച്ച രണ്ട് പ്രതികളെ മാള പൊലീസ് അറസ്റ്റ് ചെയ്തു.

വടമ കുന്നത്തുകാട് ദേശത്ത് അഴീക്കോട്ടുകാരൻ വീട്ടിൽ രാഹുൽ (22), പുത്തൻചിറ കോവിലത്ത്കുന്ന് ദേശത്ത് അടയാനിപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് ഫസൽ (18) എന്നിവരെയാണ് മാള പൊലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ പ്രതികളിൽ നിന്നും മോഷ്ടിച്ച സ്കൂട്ടർ കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ നടപടിക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കും.

രാഹുൽ മാള, കൊടുങ്ങല്ലൂർ സ്റ്റേഷൻ പരിധികളിലായി രണ്ട് പോക്സോ കേസുകളിൽ ഉൾപ്പെടെ ഏഴ് ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

തേക്കിൻകാട് മൈതാനിയിൽ പൊതുയോഗങ്ങൾക്ക് അനുമതി നിഷേധിക്കുന്നത് ജനാധിപത്യധ്വംസനം : കെ.പി. രാജേന്ദ്രൻ

തൃശൂർ : എണ്ണിയാലൊടുങ്ങാത്ത തൊഴിലാളി സമരങ്ങളും രാഷ്ട്രീയ പ്രക്ഷോഭങ്ങളും നടന്ന തൃശൂർ തേക്കിൻകാട് മൈതാനിയിൽ രാഷ്ട്രീയ പാർട്ടികളുടെയും ട്രേഡ് യൂണിയനുകളുടെയും പൊതുയോഗങ്ങൾക്ക് അനുമതി നിഷേധിക്കുന്ന നടപടി ജനാധിപത്യത്തിന് തീരാകളങ്കമാണ് എന്ന് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ പറഞ്ഞു.

എഐടിയുസി തൃശൂർ ജില്ലാ ഏകദിന സംഘടനാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ആദ്യത്തെ മെയ്ദിന റാലി നടന്നത് തൃശൂർ പട്ടണത്തിലാണ്. കെ.കെ. വാര്യർ, എം.എ. കാക്കു തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ ഏഴു തൊഴിലാളികൾ ചെങ്കൊടിയേന്തി തേക്കിൻകാടിന് ചുറ്റുമുള്ള സ്വരാജ് റൗണ്ടിൽ പ്രകടനം നടത്തിയത് 1935ലാണ്. മഹാത്മാഗാന്ധിയുടെ പ്രസിദ്ധമായ മണികണ്ഠനാൽ പ്രസംഗവും പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിൻ്റെ വിദ്യാർത്ഥി കോർണറിലെ പ്രസംഗവുമെല്ലാം ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൻ്റെ ഭാഗമാണ്. അതിനെയെല്ലാം വിസ്മരിക്കാനും ചരിത്രനിരാസം നടത്താനും ആരെങ്കിലും ശ്രമിച്ചാൽ അത് വിലപ്പോവുകയില്ല. തൊഴിലാളികൾക്ക് അവകാശപ്പെട്ട തേക്കിൻകാട് മൈതാനത്തെ വീണ്ടെടുക്കാൻ ട്രേഡ് യൂണിയനുകൾ പ്രക്ഷോഭരംഗത്തിറങ്ങേണ്ട സമയമാണിത്. കോർപ്പറേറ്റ് ശക്തികൾക്കുവേണ്ടി തയ്യാറാക്കിയ കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ- കർഷകവിരുദ്ധ നയങ്ങൾക്കെതിരെ ദേശവ്യാപകമായി തൊഴിലാളി യൂണിയനുകളും കർഷക സംഘടനകളും നടത്തുന്ന പ്രക്ഷോഭങ്ങളെ പൊളിക്കാൻ തന്ത്രങ്ങൾ മെനയുകയാണ് നരേന്ദ്രമോദിയും സംഘവും. ഈ നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കാനുള്ള കഴിവും ശേഷിയും ഉള്ള ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന തൊഴിലാളി – കർഷക കൂട്ടായ്മയുടെ സമരച്ചൂടിൽ കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ഫാസിസ്റ്റ് സർക്കാർ വെന്തുരുകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഐടിയുസി ജില്ലാ പ്രസിഡൻ്റ് ടി.കെ. സുധീഷ് അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

എഐടിയുസി സംസ്ഥാന പ്രസിഡൻ്റ് ടി.ജെ. ആഞ്ചലോസ്, സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ.കെ. വത്സരാജ്, എം. രാധാകൃഷ്ണൻ, ഐ. സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

പി.പി. ഷൈലേഷ് രക്തസാക്ഷി പ്രമേയവും അഡ്വ. പി.കെ. ജോൺ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

മുതിർന്ന നേതാവ് പി.കെ. കൃഷ്ണൻ പതാക ഉയർത്തി.

ഓൺലൈൻ രംഗത്തെ തൊഴിലാളികൾക്ക് മാന്യമായ വേതനവും തൊഴിൽ സുരക്ഷയും ഉറപ്പാക്കണം, പിരിച്ചുവിട്ട സി-ഡിറ്റ് തൊഴിലാളികളെ സർവ്വീസിൽ തിരിച്ചെടുക്കണം, അങ്കണവാടി ജീവനക്കാരുടെ വേതന വർദ്ധന ഉറപ്പാക്കണം, തോട്ടം തൊഴിലാളികളുടെ വേതനം ഉറപ്പാക്കാൻ നടപടി സ്വീകരിക്കണം, ലോട്ടറിയുടെ ജി.എസ്.ടി. വർദ്ധന പിൻവലിക്കണം, ചേറ്റുവ ഹാർബറിലെ ജൂനിയർ തൊഴിലാളികളെ സ്ഥിരപ്പെടുത്തണം എന്നീ പ്രമേയങ്ങൾ ക്യാമ്പിൽ അവതരിപ്പിച്ച് പാസാക്കി.

എഐടിയുസി തൃശൂർ ജില്ലാ പ്രസിഡൻ്റായി വി.എസ്. പ്രിൻസ്, ജില്ലാ സെക്രട്ടറിയായി ടി.കെ. സുധീഷ് എന്നിവരെയും ജില്ലാ വൈസ് പ്രസിഡൻ്റുമാരിൽ ഒരാളായി രാഗേഷ് കണിയാംപറമ്പിലിനെയും തെരഞ്ഞെടുത്തു.