പാറേക്കാട്ടുകര സെൻ്റ് മേരീസ് ദേവാലയത്തിലെ ഊട്ടുതിരുനാളിന് കൊടിയേറി

ഇരിങ്ങാലക്കുട : മെയ് 31ന് നടക്കുന്ന പാറേക്കാട്ടുകര
സെൻ്റ് മേരീസ് ദേവാലയത്തിലെ
പരിശുദ്ധ കന്യകാമറിയത്തിന്റെ ഊട്ടുതിരുനാളിന് കൊടിയേറി.
മോൺ. വിൽസൻ ഈരത്തറയാണ് കൊടിയേറ്റം നിർവഹിച്ചത്.

ഞായറാഴ്ച രാവിലെ 8.30ന് പ്രസുദേന്തിയുടെ ഭവനത്തിൽ നിന്നും പള്ളിയിലേക്ക് വള എഴുന്നള്ളിപ്പ്, റവ. ഫാ. ബെനറ്റ് എടാട്ടുകാരന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി, റവ. ഫാ. റിജോയ് പഴയാറ്റിലിൻ്റെ സന്ദേശം, തുടർന്ന് തിരുനാൾ പ്രദക്ഷിണം, ഊട്ടുനേർച്ച എന്നിവ നടക്കും.

വൈകീട്ട് 6 മണിക്ക് ഇടവകയിലെ കലാപ്രതിഭകൾ അണിനിരക്കുന്ന “കലാസന്ധ്യ” അരങ്ങേറും.

സൗജന്യ കാൻസർ നിർണയ ക്യാമ്പ് ജൂൺ 3ന്

ഇരിങ്ങാലക്കുട : സേവാഭാരതി ആരോഗ്യ വിഭാഗവും കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബും, റീജണൽ കാൻസർ സെന്റർ തിരുവനന്തപുരം, ട്രിനിറ്റി ട്രാവൽസ് മുംബൈ എന്നിവരും സംയുക്തമായി നടത്തുന്ന സൗജന്യ കാൻസർ നിർണയ ക്യാമ്പ് ജൂൺ 3ന് സേവാഭാരതി ഓഫീസിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ സംഘടിപ്പിക്കും.

സേവാഭാരതി പ്രസിഡൻ്റ് നളിൻ ബാബു അധ്യക്ഷത വഹിക്കും.

ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

ഡിസ്ട്രിക്ട് മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി മുഖ്യാതിഥിയാകും.

ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9497624692 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

ഇരിങ്ങാലക്കുട നഗരസഭ കൗൺസിലറുടെ വീട്ടിൽ മോഷണം : നഷ്ടപ്പെട്ടത് 9 പവനോളം സ്വർണം

ഇരിങ്ങാലക്കുട : നഗരസഭ 41-ാം വാർഡ് കൗൺസിലർ വിമി ബിജേഷിന്റെ വീട്ടിൽ മോഷണം.

തളിയക്കോണത്തുള്ള വിമിയുടെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 9 പവൻ സ്വർണമാണ് നഷ്ടപ്പെട്ടത്.

കഴിഞ്ഞ ഞായറാഴ്ച ബന്ധുവിന്റെ വിവാഹം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ വിമി ആഭരണങ്ങൾ ഊരി അലമാരയിൽ സൂക്ഷിച്ചിരുന്നു. തിങ്കളാഴ്ച ഇവർ പുറത്തു പോയി വന്നപ്പോൾ വീടിൻ്റെ പുറകുവശത്തെ വാതിൽ തുറന്ന നിലയിൽ കിടക്കുകയായിരുന്നു. അടയ്ക്കാൻ മറന്നതാകാം എന്ന് കരുതി ശ്രദ്ധിച്ചിരുന്നില്ല.

പിന്നീട് ഭർത്താവ് ബിജേഷ് മോതിരം ഊരി വെയ്ക്കാനായി നോക്കിയപ്പോഴാണ് സ്വർണ്ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്.

തുടർന്ന് ഇരിങ്ങാലക്കുട പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പുറകുവശത്തെ ആളൊഴിഞ്ഞ പറമ്പിലൂടെയാകാം മോഷ്ടാക്കൾ എത്തിയതെന്നാണ് സംശയിക്കുന്നത്.

ബോയ്‌സ് സ്‌കൂൾ ഗ്രൗണ്ടിനു ചുറ്റും പുല്ലും കാടും : ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് കടന്നൽ കുത്തേറ്റു ; നഗരസഭയ്ക്ക് കത്ത് നൽകി യൂത്ത് ഫ്രണ്ട്

ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിനു ചുറ്റും വലിയ രീതിയിൽ പുല്ലും കാടും വളർന്ന നിലയിൽ. ഇതിനിടയിൽ കടന്നൽ കൂടുകളും ഉണ്ടെന്നത് അപകട ഭീഷണി ഉയർത്തുന്നു.

രാവിലെ സ്‌കൂൾ ഗ്രൗണ്ടിൽ കളിക്കാനെത്തുന്ന മോർണിംഗ് ക്രിക്കറ്റ് ടീമിലെ പലർക്കും കടന്നൽ കുത്തേൽക്കുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്. ഇതുവരെ അഞ്ചോളം പേർക്കാണ് കടന്നൽ കുത്തേറ്റത്.

സ്‌കൂൾ തുറക്കാൻ ഇനി രണ്ടു ദിവസങ്ങൾ കൂടി മാത്രമേ ബാക്കിയുള്ളൂ. സ്‌കൂൾ തുറന്നാൽ കുട്ടികളും കളിക്കാൻ ഈ ഗ്രൗണ്ടിലെത്തും.

അതിനാൽ എത്രയും വേഗം ഗ്രൗണ്ടിനു ചുറ്റുമുള്ള പുല്ലും കാടും വെട്ടിത്തെളിക്കുകയും കടന്നൽ ശല്യത്തിന് ശാശ്വത പരിഹാരം കാണുകയും ചെയ്യണം എന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് പ്രവർത്തകർ നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകി.

ഭാവി കലാസമിതി വാർഷികവും നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും

ഇരിങ്ങാലക്കുട : ഭാവി കലാസമിതി ഗ്രാമീണ വായനശാലയുടെ 37-ാമത് വാർഷികവും കെഎസ്ഇ ലിമിറ്റഡിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും നഗരസഭ ചെയർമാൻ എം.പി. ജാക്സൺ നിർവഹിച്ചു.

ചടങ്ങിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.

തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.

സ്വർണ്ണപ്പണിക്കാരനെ ആക്രമിച്ചും ഭീഷണിപ്പെടുത്തിയും പണവും വാഹനവും തട്ടിയെടുത്ത യുവാവ് പിടിയിൽ

ഇരിങ്ങാലക്കുട : സ്വർണ്ണപ്പണിക്കാരനെ വീട്ടിൽ കയറി ആക്രമിച്ചും മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയും പണവും സ്കൂട്ടറും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിലെ പ്രതിയെ ചേർപ്പ് പൊലീസ് അറസ്റ്റ് ചെയ്തു.

ചേർപ്പ് അവിണിശ്ശേരി തോപ്പുവളപ്പിൽ വീട്ടിൽ സഞ്ജയ് (20) ആണ് പൊലീസിന്റെ പിടിയിലായത്.

വല്ലച്ചിറ തട്ടിൽ വീട്ടിൽ ജോണിന്റെ വീട്ടിലാണ് അതിക്രമം നടന്നത്. ജോൺ തനിക്ക് സ്വർണ്ണമാല നിർമ്മിച്ചു നൽകിയതിൽ കൃത്രിമം കാണിച്ച് സ്വർണ്ണം മോഷ്ടിച്ചെന്നാരോപിച്ച് സഞ്ജയ്ക്ക് ജോണിനോട് മുൻ വിരോധം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി മെയ് 18ന് രാത്രി 11.30ഓടെ സഞ്ജയ് ജോണിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു.

വീടിനുള്ളിൽ കടന്ന പ്രതി ജോണിനെ മർദ്ദിക്കുകയും, കത്തി ഉപയോഗിച്ച് ജോണിന്റെ ഇരുകൈകളിലും മുറിവേൽപ്പിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടർന്ന് ജോണിന്റെ ടി.വി.എസ്. എൻടോർക്ക് സ്കൂട്ടറും മൊബൈൽ ഫോണും ഇയാൾ കവർന്നു.

സംഭവത്തിന് ശേഷമുള്ള ദിവസങ്ങളിലും പ്രതി ജോണിനെ തുടർച്ചയായി ഭീഷണിപ്പെടുത്തിയിരുന്നു.

ഇതിന്റെ ഭാഗമായി ജോണിനെ നിർബന്ധിച്ച് വല്ലച്ചിറ സൊസൈറ്റിയിലെത്തിച്ച് അക്കൗണ്ടിൽ നിന്ന് 30,000 രൂപ പിൻവലിപ്പിച്ച് അതും കൈക്കലാക്കി.

സഞ്ജയ് ഒരു അടിപിടിക്കേസിൽ പ്രതിയാണ്.

ചേർപ്പ് പൊലീസ് സ്‌റ്റേഷൻ എസ്എച്ച്ഒ കെ.എൻ. മനോജ്, എസ്ഐ ഷിജു, ജിഎഎസ്ഐ ജോയ് തോമസ്, ജിഎസ്‌സിപിഒ അനീഷ്, സിപിഒ-മാരായ മുഹമ്മദ്, റിൻസൺ, സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

നടനകൈരളിയിൽ നവരസ സാധന ശില്പശാലയുടെ സമാപനം 29ന്

ഇരിങ്ങാലക്കുട : നടനകൈരളിയിൽ ഗുരു വേണുജിയുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടാഴച്ചകളിലായി നടന്നു വരുന്ന നവരസ സാധന ശില്പശാലയുടെ സമാപനം മെയ് 29ന് വൈകുന്നേരം 6 മണിക്ക് നടനകൈരളി കൊട്ടിച്ചേതം സ്റ്റുഡിയോ തിയേറ്ററിൽ സംഘടിപ്പിക്കും.

ചലച്ചിത്രതാരം സംയുക്ത മേനോൻ, രോഹിത് അഷ്റ, ഫാത്തിമ സന ഷെയ്ഖ്, പീയുഷ് സീത, അതിഥി സാഗർ എന്നിവരും, നർത്തകികളായ ലക്ഷ്മി ചന്ദ്രശേഖരയ്യ, ദീപിക കൃഷ്‌ണമൂർത്തി, മേഘ്ന മനോജ്, അനീഷ പരമേശ്വരൻ എന്നിവരും പരിപാടികൾ അവതരിപ്പിക്കും.

നാടിന് നന്ദി പറഞ്ഞ് എംഎൽഎ തോമസ് ഉണ്ണിയാടൻ്റെ നന്ദി പ്രകടന പര്യടനം സമാപിച്ചു

ഇരിങ്ങാലക്കുട : നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ തന്നെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച നാടിന് നന്ദി പറഞ്ഞ് ആരംഭിച്ച എംഎൽഎ തോമസ് ഉണ്ണിയാടൻ്റെ നന്ദിപ്രകടന പര്യടനം സമാപിച്ചു.

രാവിലെ കരുവന്നൂർ ബംഗ്ലാവ് പരിസരത്തു നിന്നുമാരംഭിച്ച പര്യടനം പൊറത്തിശ്ശേരി, മുരിയാട്, ടൗൺ മണ്ഡലങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ഠാണാവിലാണ് സമാപിച്ചത്.

നഗരസഭാ ചെയർമാൻ എം.പി. ജാക്സൺ, ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പുള്ളി, സതീഷ് വിമലൻ, ബ്ലോക്ക് പ്രസിഡന്റ് സോമൻ ചിറ്റേത്ത്, മണ്ഡലം പ്രസിഡന്റുമാരായ പി.കെ. ഭാസി, സാജു പാറേക്കാടൻ, സി.എസ്. അബ്ദുൾ ഹഖ്, നഗരസഭ വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജൻ, കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ സേതുമാധവൻ പറയംവളപ്പിൽ, സിജോയ് തോമസ്, പി.ടി. ജോർജ്ജ്, റോക്കി ആളൂക്കാരൻ എന്നിവർ പ്രസംഗിച്ചു.

മൂന്നു ദിവസങ്ങളിലായി നൂറോളം കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയാണ് ഉണ്ണിയാടൻ്റെ നന്ദി പ്രകടനപര്യടനം സമാപിച്ചത്.

നിര്യാതനായി

ജോസ്

ഇരിങ്ങാലക്കുട : കാഞ്ഞിരത്തോട് ലെയിനിൽ വേഴപറമ്പിൽ മാളിയേക്കൽ ഔസേപ്പ് മകൻ എം.ഒ. ജോസ് (81) നിര്യാതനായി.

സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 4.30ന് താണിശ്ശേരി ഡോളേഴ്സ് പള്ളി സെമിത്തേരിയിൽ.

ഭാര്യ : ഓമന (തൃശൂർ പുതൂർക്കര ജോൺ മകൾ)

മകൾ : പരേതയായ റോസ് മോൾ

ശ്രീനാരായണ ജയന്തി ഇരിങ്ങാലക്കുടയിൽ വിപുലമായി സംഘടിപ്പിക്കാൻ എസ്.എൻ.ഡി.പി. യോഗം

ഇരിങ്ങാലക്കുട : 172-ാമത് ശ്രീനാരായണ ജയന്തി ആഘോഷം എസ്.എൻ.ഡി.പി. യോഗം മുകുന്ദപുരം യൂണിയൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ അതിവിപുലമായി ആഘോഷിക്കുന്നതിന് ശാഖായോഗം പ്രസിഡൻ്റ് വൈസ് പ്രസിഡൻ്റ്, സെക്രട്ടറിമാരുടെ നേതൃത്വയോഗം തീരുമാനിച്ചു.

ശ്രീനാരായണജയന്തി ആഘോഷം വിപുലമായി സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി മേഖല യോഗങ്ങളും വനിതാസംഘം, യൂത്ത് മൂവ്മെൻ്റ്, വൈദിക യോഗങ്ങൾ എന്നിവയും സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു.

നേതൃത്വയോഗം യൂണിയൻ പ്രസിഡൻ്റ് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു.

യൂണിയൻ സെക്രട്ടറി കെ.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

യോഗം കൗൺസിലർ പി.കെ. പ്രസന്നൻ മുഖ്യാതിഥിയായിരുന്നു.

യോഗം ഡയറക്ടർമാരായ കെ.കെ. ബിനു, സജീവ്കുമാർ കല്ലട, വനിതാസംഘം യൂണിയൻ പ്രസിഡൻ്റ് സജിത അനിൽകുമാർ, സെക്രട്ടറി രമ പ്രദീപ്, വൈദിക യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് ശിവദാസ് ശാന്തി, യൂത്ത് മൂവ്മെൻ്റ് യൂണിയൻ പ്രസിഡൻ്റ് അഡ്വ. ജിനേഷ് ചന്ദ്രൻ, യൂണിയൻ കൗൺസിലർ ബിജോയ് നെല്ലിപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.