ഹജ്ജ് യാത്ര നിരക്ക്ഏകീകരിക്കണം : എം ഇ എസ്

ഇരിങ്ങാലക്കുട : കരിപ്പൂർ എയർപോർട്ടിൽ നിന്നുള്ള ഹാജിമാരുടെ യാത്രാ നിരക്ക്, കൊച്ചി, കണ്ണൂർ എയർപോർട്ടിൽ നിന്നുള്ള നിരക്ക് പോലെ ആക്കണമെന്ന് എം ഇ എസ് മുകുന്ദപുരം താലൂക്ക് പൊതുയോഗം ആവശ്യപ്പെട്ടു.

കരിപ്പൂർ ഹജ്ജ്
എംബാർക്കേഷൻ പോയിന്റിൽ നിന്നുള്ള അമിതമായ വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിൽ എയർ ഇന്ത്യ ഉടൻ തീരുമാനം എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന സമിതി അംഗം സലിം അറക്കൽ യോഗം ഉദ്ഘാടനം ചെയ്തു.

ജില്ല എക്സിക്യൂട്ടീവ് മെമ്പർ അയൂബ് കരൂപ്പടന്ന ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

താലൂക്ക് പ്രസിഡന്റ്‌ ബഷീർ തോപ്പിൽ അധ്യക്ഷത വഹിച്ചു.

മുഹമ്മദ്‌ അലി മാതിരപ്പള്ളി, ഹുസൈൻ ഹാജി, മജീദ് ഇടപ്പുള്ളി, അബ്ദുൾ ഹാജി, അൽ അറഫ അബൂബക്കർ, സി കെ ഷംസുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

താലൂക്ക് കമ്മിറ്റി പുതിയ ഭാരവാഹികളായി
ബഷീർ തോപ്പിൽ (പ്രസിഡന്റ്‌), എ ബി സിയാവുദ്ദീൻ (വൈസ് പ്രസിഡന്റ്‌), എം എം അബ്ദുൾ നിസാർ (സെക്രട്ടറി), ബാബു സുരാജ് (ജോയിന്റ് സെക്രട്ടറി), സി കെ അബ്ദുൾ സലാം (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.

അബ്ദുൾ നിസാർ സ്വാഗതവും, സി കെ അബ്ദുൾ സലാം നന്ദിയും പറഞ്ഞു.

നിര്യാതയായി

റോസ

ഇരിങ്ങാലക്കുട : പയ്യപ്പിള്ളി തൊടുപറമ്പിൽ പരേതനായ കൊച്ചപ്പൻ ഭാര്യ റോസ (94) നിര്യാതയായി.

സംസ്കാരം വ്യാഴാഴ്ച (ജനുവരി 23) ഉച്ചതിരിഞ്ഞ് 4 മണിക്ക് വല്ലക്കുന്ന് സെന്റ് അൽഫോൻസ ദൈവാലയത്തിലെ ശുശ്രൂഷകൾക്കു ശേഷം കല്ലേറ്റുംകര ഉണ്ണിമിശിഹാ ദൈവാലയ സെമിത്തേരിയിൽ.

മക്കൾ : മേരി, ആനി, സിസിലി, വർഗീസ്, ജോണി, ഡേവീസ്, അല്ലി, ഷീല, പോളി

മരുമക്കൾ : ദേവസ്സി, പരേതനായ തോമസ്, പരേതനായ ജോസ്, ഷീല, ലാലി, ജിജി, ജോസ്, ജോസ്, സീമ

കള്ളനോട്ടുമായി എറണാകുളം സ്വദേശി കൊടുങ്ങല്ലൂർ പൊലീസിന്റെ പിടിയിൽ

ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ശ്രീകുരുംബ ഭഗവതി ക്ഷേത്ര മൈതാനിയുടെ വടക്കേ നടയിൽ താലപ്പൊലിയുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ കച്ചവട സ്റ്റാളുകൾക്കിടയിൽ കീ ചെയിനും, മോതിരവും കച്ചവടം നടത്തുന്ന തേനി സ്വദേശിയായ വിഗ്നേഷിൽ നിന്ന് 100 രൂപയ്ക്ക് രണ്ട് മോതിരം വാങ്ങി 500 രൂപയുടെ കള്ളനോട്ട് കൊടുത്ത എറണാകുളം സ്വദേശിയെ അറസ്റ്റ് ചെയ്തു.

എറണാകുളം തിരുത്തിപ്പുറം ചിറയത്ത് വീട്ടിൽ സുനിൽ മകൻ ആൽഫ്രഡിനെയാണ് കൊടുങ്ങല്ലൂർ പൊലീസ് ഇൻസ്പെക്ടർ ബി കെ അരുൺ, സബ്ബ് ഇൻസ്പെക്ടർ സാലിം, എസ് ഐ രാജേഷ് കുമാർ, പൊലീസ് ഉദ്യോഗസ്ഥരായ അബീഷ് അബ്രഹാം, സജിത്ത് എന്നീ ഉദ്യോഗസ്ഥർ ചേർന്ന് അറസ്റ്റ് ചെയ്തത്.

ഇയാളുടെ കൈവശം ഉണ്ടായിരുന്ന ബാഗിൽ ഒമ്പത് 500 രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തി.

മൊത്തം പത്ത് 500 രൂപയുടെ കള്ളനോട്ടുകളും, പ്രതിയുടെ വീട്ടിൽ നിന്ന് കള്ളനോട്ട് നിർമ്മിക്കാൻ ഉപയോഗിച്ച പ്രിൻ്റർ, പേപ്പറുകൾ എന്നിവയും കണ്ടെടുത്തു.

പ്രതി മുൻപും ഇത്തരത്തിൽ കള്ളനോട്ടുകളുടെ വിപണനം നടത്തിയട്ടുണ്ടോയെന്ന വിവരത്തെ സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണ്.

തൃശൂർ – കൊടുങ്ങല്ലൂർ സംസ്ഥാനപാത സഞ്ചാരയോഗ്യമാക്കണം : സി പി ഐ

ഇരിങ്ങാലക്കുട : പുനർനിർമ്മാണ പ്രവർത്തി ആരംഭിച്ച് രണ്ട് വർഷത്തോളമായിട്ടും താളംതെറ്റി തുടരുന്ന കൊടുങ്ങല്ലൂർ – തൃശൂർ സംസ്ഥാന പാതയുടെ നിർമ്മാണ പ്രവർത്തികൾ ഉടൻ പൂർത്തീകരിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് സിപിഐ ഇരിങ്ങാലക്കുട ടൗൺ സെന്റർ ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ കേരള പൊതുമരാമത്ത് വകുപ്പിനോടാവശ്യപ്പെട്ടു.

ബ്രാഞ്ച് സമ്മേളനം ദേശീയ കൗൺസിൽ അംഗം സി എൻ ജയദേവൻ ഉദ്ഘാടനം ചെയ്തു.

അഡ്വ കെ ജി അജയ്കുമാർ അധ്യക്ഷത വഹിച്ചു.

എൻ കെ ഉദയപ്രകാശ്, കെ എസ് പ്രസാദ്, അഡ്വ രാജേഷ് തമ്പാൻ, വർദ്ധനൻ പുളിക്കൽ, വി എസ് വസന്തൻ, കെ ഗോപാലകൃഷ്‌ണൻ, പി കെ സദാനന്ദൻ എന്നിവർ പ്രസംഗിച്ചു.

ഓൾ കേരള ഇന്റർ കോളേജിയേറ്റ് സ്റ്റാഫ്‌ ക്രിക്കറ്റ്‌ ടൂർണമെന്റ് സമാപിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഓൾ കേരള ഇന്റർ കോളേജിയേറ്റ് സ്റ്റാഫ്‌ ക്രിക്കറ്റ്‌ ടൂർണമെന്റ് സമാപിച്ചു. ഇരുപതു ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ കാലടി ശ്രീശങ്കര കോളെജ് കിരീടം നേടി.

ക്രൈസ്റ്റ് കോളെജ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.

കോളെജ് മാനേജർ ഫാ ജോയ് പീണിക്കപ്പറമ്പിൽ, പ്രിൻസിപ്പൽ ഫാ ഡോ ജോളി ആൻഡ്രൂസ്, ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹി ഇഗ്നി മാത്യു, ഡോ സോണി ജോൺ, പ്രൊഫ മേരി പത്രോസ് എന്നിവർ ചേർന്ന് സമ്മാനദാനം നിർവഹിച്ചു.

”പാട്ടുവഴിയിലെ ഭാവവിസ്മയം” : ഗ്രാമികയിൽ ജയചന്ദ്രൻ അനുസ്മരണം

ഇരിങ്ങാലക്കുട : കുഴിക്കാട്ടുശ്ശേരി ഗ്രാമിക അക്കാദമിയിൽ ”പാട്ടുവഴിയിലെ ഭാവവിസ്മയം” എന്ന പേരിൽ പി ജയചന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു.

പരമൻ അന്നമനട ഫൗണ്ടേഷൻ്റെ സഹകരണത്തോടെ നടന്ന പരിപാടിയിൽ ഗ്രാമിക അക്കാദമി ഡയറക്ടർ പി കെ കിട്ടൻ അധ്യക്ഷത വഹിച്ചു.

സംഗീതജ്ഞരായ അന്നമനട ബാബുരാജ്, അഷ്ടമിച്ചിറ മുരളീധരൻ എന്നിവർ സ്മൃതിപ്രഭാഷണം നടത്തി.

കലാഭവൻ ഡെൻസൻ, ആര്യ സുഭാഷ്, ജോഷി ആൻ്റണി, കെ സി സുനി, എൻ പി ഷിൻ്റോ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് നടന്ന സംഗീതസന്ധ്യയിൽ കലാഭവൻ ഡെൻസൻ, ആര്യ സുഭാഷ് എന്നിവർ ജയചന്ദ്രൻ്റെ തെരഞ്ഞെടുത്ത ഗാനങ്ങൾ ആലപിച്ചു.

ആനന്ദപുരം എൻ എസ് എസ് കരയോഗത്തിൻ്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

ഇരിങ്ങാലക്കുട : ജനുവരി മുതൽ ഡിസംബർ വരെ ഒരു വർഷം നീണ്ടു നിൽക്കുന്ന ആനന്ദപുരം എൻഎസ്എസ് കരയോഗത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം നിർവഹിച്ചു.

ചട്ടമ്പിസ്വാമി മുതൽ ഭാരത കേസരി മന്നത്തു പത്മനാഭൻ ഉൾപ്പെടെയുള്ളവർ തുടങ്ങിവച്ച നവോത്ഥാന മുന്നേറ്റങ്ങൾ ഈ വർത്തമാനകാലത്തും പ്രസക്തമാണെന്നും സമൂഹത്തിൽ അരികുവൽക്കരിക്കപ്പെടുന്നവർക്ക് ഒരു കൈത്താങ്ങ് നൽകുന്ന ഏതൊരു പ്രവർത്തനവും ശ്ലാഘനീയമാണെന്നും മന്ത്രി പറഞ്ഞു.

ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ മുഖ്യാതിഥിയായി.

ആനന്ദപുരം കരയോഗം പ്രസിഡന്റ് പി എം രമേശ് അധ്യക്ഷത വഹിച്ചു.

യൂണിയൻ പ്രതിനിധി ബിന്ദു ജി മേനോൻ, മഠത്തിൽ ശങ്കരൻകുട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു.

കരയോഗം സെക്രട്ടറി ഉണ്ണികൃഷ്ണൻ സ്വാഗതവും വനിതാ സമാജം സെക്രട്ടറി സുമ ശിവാനന്ദൻ നന്ദിയും പറഞ്ഞു.

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : സേവാഭാരതി ആരോഗ്യ വിഭാഗം ഇരിങ്ങാലക്കുട കനാൽ ബേസിൽ സംഘടിപ്പിച്ച സൗജന്യ ബ്ലഡ് ഷുഗർ, പ്രഷർ പരിശോധനാ ക്യാമ്പ് കൗൺസിലർ മിനി സണ്ണി നെടുമ്പുരക്കാരൻ ഉദ്ഘാടനം ചെയ്തു.

സേവാഭാരതി വൈസ് പ്രസിഡന്റ് ഗോപിനാഥ് പീടികപറമ്പിൽ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ പട്ട്യാര സമുദായ സെക്രട്ടറി സുകുമാരൻ ആശംസകൾ നേർന്നു.

സേവാഭാരതി മെഡി സെൽ കോർഡിനേറ്റർ രാജിലക്ഷ്മി സുരേഷ് സ്വാഗതവും ആരോഗ്യ വിഭാഗം കൺവീനർ ജഗദീഷ് പണിക്കവീട്ടിൽ നന്ദിയും പറഞ്ഞു.

ക്യാമ്പിന് ഡോ ഉഷാകുമാരി നേതൃത്വം നൽകി.

രാഷ്ട്രീയ സ്വയംസേവ സംഘം ഇരിങ്ങാലക്കുട മണ്ഡൽ സേവാ പ്രമുഖ് ഷൈജു, സേവാഭാരതി ട്രഷറർ രവീന്ദ്രൻ, എക്സിക്യൂട്ടിവ് മെമ്പർമാരായ കവിത ലീലാധരൻ, മെഡിസെൽ പ്രസിഡന്റ് മിനി സുരേഷ്, വിദ്യ സജിത്ത്, കല കൃഷ്ണ കുമാർ, സൗമ്യ സംഗീത്, സംഗീത, ടിന്റു, ഹരികുമാർ തളിയക്കാട്ടിൽ, മണികണ്ഠൻ, ജയന്തി രാഘവൻ, ഒ എൻ സുരേഷ്, മോഹിത് എന്നിവർ സന്നിഹിതരായിരുന്നു.

പിന്നോക്ക ബസ്തി പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് പ്രവർത്തിക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പ് കനാൽ ബേസ് കോളനിയിൽ സംഘടിപ്പിച്ചത്.

ക്യാമ്പിൽ 78 ഓളം പേർക്ക് ബ്ലഡ് പ്രഷറും, ബ്ലഡ് ഷുഗറും ടെസ്റ്റ് ചെയ്യുകയും അതിനുശേഷം അവർക്ക് വേണ്ടുന്ന മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

രാവിലെ 7 മണിക്ക് ആരംഭിച്ച ക്യാമ്പ് ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് സമാപിച്ചത്.

സ്ത്രീക്ക് എഴുത്ത് ഒരായുധമാണ് : ഷീബ അമീർ

ഇരിങ്ങാലക്കുട : സ്ത്രീക്ക് എഴുത്ത് ഒരായുധമാണെന്ന് എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ ഷീബ അമീർ പറഞ്ഞു.

യുവ എഴുത്തുകാരി ശ്രീലക്ഷ്മി മനോജ് രചിച്ച് സംഗമസാഹിതി പ്രസിദ്ധീകരിച്ച “പുനർജനി” എന്ന കഥാസമാഹാരം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

ദിനംപ്രതി നിരവധി കഥാപാത്രങ്ങളെ കണ്ടുമുട്ടുന്നവരാണ് സ്ത്രീകൾ. അനുഭവങ്ങളെ ശക്തവും ആഴമുള്ളതുമായ ഭാഷയിൽ ഹൃദയസ്പർശിയായി അവതരിപ്പിക്കാനും അതുവഴി സമൂഹത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാനും സ്ത്രീകൾക്ക് കഴിയുമെന്നും ഷീബ അമീർ കൂട്ടിച്ചേർത്തു.

നോവലിസ്റ്റ് സജ്ന ഷാജഹാൻ പുസ്തകം സ്വീകരിച്ചു.

ഇരിങ്ങാലക്കുട എസ് എസ് ഹാളിൽ നടന്ന ചടങ്ങിൽ സംഗമസാഹിതി പ്രസിഡന്റ് റഷീദ് കാറളം
അധ്യക്ഷത വഹിച്ചു.

സനോജ് രാഘവൻ മുഖ്യാതിഥിയായി.

ഡോ ഷഹന ജീവൻലാൽ പുസ്തകം പരിചയപ്പെടുത്തി.

കാട്ടൂർ രാമചന്ദ്രൻ,
കെ എൻ സുരേഷ്കുമാർ,
മനോജ് വള്ളിവട്ടം,
ജോസ് മഞ്ഞില,
ശ്രീലക്ഷ്മി മനോജ്, രാധാകൃഷ്ണൻ വെട്ടത്ത്,
പി എൻ സുനിൽ, മീനാക്ഷി മനോജ് എന്നിവർ പ്രസംഗിച്ചു.

അരുൺ ഗാന്ധിഗ്രാം സ്വാഗതവും രാധാകൃഷ്ണൻ കിഴുത്താണി നന്ദിയും പറഞ്ഞു.

തുടർന്ന് നടന്ന കവിയരങ്ങ് വി വി ശ്രീല ഉദ്ഘാടനം ചെയ്തു.

കവിയരങ്ങിൽ സിന്റി സ്റ്റാൻലി, ദിനേശ് രാജ, സി ജി രേഖ, എസ് കവിത,
ഷാജിത സലിം, വിജയൻ ചിറ്റേക്കാട്ടിൽ, സഞ്ജയ് പൂവത്തുംകടവിൽ എന്നിവർ പങ്കെടുത്തു.

ജനശ്രദ്ധയാകർഷിച്ച് ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളെജ് ഒരുക്കിയ ഇലക്ട്രിക് വാഹന പ്രദര്‍ശനം

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് ഓഫ് എഞ്ചിനീയറിംഗ് ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനത്ത് ഒരുക്കിയിരിക്കുന്ന ഇലക്ട്രിക് വാഹന പ്രദർശനം ജനശ്രദ്ധ നേടുന്നു.

ടൊയോട്ട, ഹ്യുണ്ടായി, കിയ, ടാറ്റ, ബി എം ഡബ്ലിയു, എം ജി എന്നീ കമ്പനികളുടെ ഇലക്ട്രിക് കാറുകള്‍, ഹൈകോൺ, എയ്സ് എന്നീ കമ്പനികളുടെ ഇലക്ട്രിക് ഓട്ടോ റിക്ഷകള്‍.

അള്‍ട്രാ വയലറ്റ്, റിവോള്‍ട്ട്, ഈതര്‍, ഇലക്ട്രാ ടെക് എന്നീ കമ്പനികളുടെ ഇരുചക്ര വാഹനങ്ങള്‍ എന്നിവയാണ് പ്രദര്‍ശനത്തിനുള്ളത്.

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളെജ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് രൂപകല്പന ചെയ്ത ഓഫ് റോഡ്‌ വാഹനങ്ങളും പുനരുപയോഗ ഊര്‍ജ മേഖലയിലെ വിവിധ കമ്പനികളുടെ സ്റ്റാളുകളും പ്രദര്‍ശനത്തിനുണ്ട്.

പ്രദര്‍ശനം ഞായറാഴ്ച വൈകീട്ട് ഏഴു മണിക്ക് സമാപിക്കും.

മുനിസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയി പ്രദർശനം ഉദ്ഘാടനം ചെയ്തു.

എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ ജോൺ പാലിയേക്കര സി എം ഐ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ഫെനി എബിന്‍ വെള്ളാനിക്കാരന്‍, സി സി ഷിബിന്‍, അംബിക പള്ളിപ്പുറത്ത്, ജെയ്സണ്‍ പാറെക്കാടന്‍, ജിഷ ജോബി, ജോയിന്റ് ഡയറക്ടർമാരായ ഫാ മില്‍നര്‍ പോള്‍, ഫാ ജോജോ അരീക്കാടന്‍, പ്രിൻസിപ്പൽ ഡോ സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ വി ഡി ജോൺ, ഇലക്ട്രിക്കൽ ആൻഡ് ഇലകട്രോണിക്സ് വിഭാഗം മേധാവി ഡോ എ എൻ രവിശങ്കർ, ഫാക്കൽറ്റി കോർഡിനേറ്റർ കെ എസ് നിതിൻ എന്നിവർ പ്രസംഗിച്ചു.