ഇരിങ്ങാലക്കുട ഗവ. എൽ. പി. സ്കൂൾ വാർഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഗവ. എൽ. പി. സ്കൂൾ വാർഷികവും അദ്ധ്യാപക രക്ഷാകർത്തൃദിനവും നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു.

സിനിമാതാരം ഇടവേള ബാബു വിശിഷ്ടാതിഥിയായിരുന്നു.

നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ ഫെനി എബിൻ വെള്ളാനിക്കാരൻ, ജെയ്സൺ പാറേക്കാടൻ, അഡ്വ. ജിഷ ജോബി, ഒ. എസ്. അവിനാഷ് , ഡോ. എം.സി. നിഷ, ബിന്ദു പി. ജോൺ, കെ. ആർ. ഹേന, കെ. എസ്. സുഷ, ലാജി വർക്കി, വി. എസ്. സുധീഷ്, പങ്കജവല്ലി, അയാൻ കൃഷ്ണ ജി. വിപിൻ, ടി. എൻ. നിത്യ, എസ്. ആർ. വിനിത തുടങ്ങിയവർ പ്രസംഗിച്ചു.

ചടങ്ങിൽ കെ. ജി. വിദ്യാർഥികളുടെ കോൺവൊക്കേഷൻ, പുരസ്കാര വിതരണങ്ങൾ എന്നിവയും നടന്നു.

ഹെഡ്മിസ്ട്രസ് പി. ബി. അസീന സ്വാഗതവും പി. ടി. എ. പ്രസിഡന്റ് അംഗന അർജുനൻ നന്ദിയും പറഞ്ഞു.

തുടർന്ന് കുട്ടികളുടെ വർണ്ണാഭമായ കലാപരിപാടികൾ അരങ്ങേറി.

കേന്ദ്ര അവഗണനയ്ക്കെതിരെ നടത്തിയ സി.പി.എം. കാൽനട പ്രചാരണ ജാഥ സമാപിച്ചു

ഇരിങ്ങാലക്കുട : കേന്ദ്ര അവഗണനക്കെതിരെ സി.പി.എം. ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കാൽനട പ്രചാരണ ജാഥ സമാപിച്ചു.

വെള്ളിയാഴ്ച കാട്ടൂരിൽ നിന്ന് തുടങ്ങിയ ജാഥ കിഴുത്താണി സെൻ്ററിലാണ് സമാപിച്ചത്.

സ്വീകരണ കേന്ദ്രങ്ങളിൽ ക്യാപ്റ്റൻ വി. എ. മനോജ് കുമാർ, വൈസ് ക്യാപ്റ്റൻ ആർ. എൽ. ശ്രീലാൽ, മാനേജർ കെ. സി. പ്രേമരാജൻ, ടി. ജി. ശങ്കരനാരായണൻ, സി. ഡി. സിജിത്ത്, ടി. വി. വിജീഷ്, ലത ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

സമാപന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു.

കെ. കെ. സുരേഷ് ബാബു അധ്യക്ഷനായി.

അഡ്വ. കെ. ആർ. വിജയ, വി. എ. മനോജ്കുമാർ, ആർ. എൽ. ശ്രീലാൽ എന്നിവർ പ്രസംഗിച്ചു.

കെ. വി. ധനേഷ് ബാബു സ്വാഗതവും മല്ലിക ചാത്തുക്കുട്ടി നന്ദിയും പറഞ്ഞു.

ഡോ. സെബാസ്റ്റ്യൻ ജോസഫ് രചനാനൈപുണി പുരസ്കാരം ദേവമാതാ കോളെജിലെ റോസ്മെറിൻ ജോജോയ്ക്ക്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് മലയാള വിഭാഗം അധ്യക്ഷനായി 2020ല്‍ വിരമിച്ച ഡോ. സെബാസ്റ്റ്യന്‍ ജോസഫിന്‍റെ പേരിൽ ഏര്‍പ്പെടുത്തിയ സംസ്ഥാനതല ഡോ. സെബാസ്റ്റ്യന്‍ ജോസഫ് രചനാനൈപുണി പുരസ്കാരത്തിന് കുറവിലങ്ങാട് ദേവമാതാ കോളെജ് മലയാളവിഭാഗം വിദ്യാര്‍ഥിനി റോസ്മെറിൻ ജോജോ അര്‍ഹയായതായി പുരസ്കാര സമിതി ചെയർമാനും പ്രിൻസിപ്പലുമായ ഫാ. ഡോ. ജോളി ആൻഡ്രൂസ്, കൺവീനർ ഡോ. സി.വി. സുധീർ എന്നിവർ അറിയിച്ചു.

സംസ്ഥാനത്തെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജുകളില്‍ മലയാളം ബി. എ. പഠനത്തിന്‍റെ ഭാഗമായി തയ്യാറാക്കുന്ന മികച്ച പ്രബന്ധത്തിന് നൽകുന്ന പുരസ്കാരം ഡോ. മിനി സെബാസ്റ്റ്യൻ്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ റോസ്മെറിൻ ജോജോ തയ്യാറാക്കിയ ”അടിയാള പ്രേതം : മിത്ത്, ചരിത്രം, ആഖ്യാനം” എന്ന പ്രബന്ധത്തിനാണ് ലഭിച്ചത്.

5001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഫെബ്രുവരി 20ന് ഉച്ചക്ക് 1 മണിക്ക് ക്രൈസ്റ്റ് കോളെജ് സെൻ്റ് ചാവറ സെമിനാര്‍ ഹാളില്‍ ചേരുന്ന യോഗത്തില്‍ മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്ററും മുതിർന്ന മാധ്യമ പ്രവർത്തകനുമായ എം.പി. സുരേന്ദ്രൻ സമ്മാനിക്കും.

ഡോ. അജു കെ. നാരായണന്‍ (സ്കൂള്‍ ഓഫ് ലെറ്റേഴ്സ്, കോട്ടയം) ഡോ. കെ. വി. ശശി (മലയാളം സര്‍വ്വകലാശാല), ഡോ. അനു പാപ്പച്ചന്‍ (വിമല കോളെജ്), ഡോ. സി .വി. സുധീർ (ക്രൈസ്റ്റ് കോളെജ്) എന്നിവര്‍ ഉൾപ്പെട്ട പുരസ്കാരനിര്‍ണ്ണയ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

ലോകശ്രദ്ധ പിടിച്ചു പറ്റി കപില വേണു : “ഗിഗെനീസിലെ താര”മെന്നു വിശേഷിപ്പിച്ച് ന്യൂയോർക്ക് ടൈംസ്

ഇരിങ്ങാലക്കുട : ലോകശ്രദ്ധ നേടിയ വിശ്വപ്രസിദ്ധ നൃത്തസംവിധായകൻ അക്രംഖാൻ്റെ ഗിഗെനിസ് മഹാഭാരത കഥയെ ആസ്പദമാക്കി അരങ്ങേറുന്ന നൃത്തത്തിൽ പങ്കെടുത്ത് കപില വേണുവും ലോകശ്രദ്ധ നേടുന്നു.

”ഗിഗെനീസിലെ താരം” എന്നാണ് ന്യൂയോർക്ക് ടൈംസ് കപില വേണുവിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

ഗിഗെനിസ് ഇതിനകം ഇറ്റലി, ഫ്രാൻസ്, യു.കെ., സിംഗപ്പൂർ എന്നിവിടങ്ങളിൽ അവതരിപ്പിച്ചു കഴിഞ്ഞു.

ന്യൂയോർക്കിലെ ജോയ്‌സി തിയേറ്ററിലാണ് ഈ നൃത്തം ഇപ്പോൾ അരങ്ങേറുന്നത്.

അക്രംഖാനു പുറമെ പ്രശസ്ത ഭരതനാട്യം നർത്തകരായ മേവിൻ ഖൂ, രഞ്ജിത്ത് ബാബു, വിജിന വാസുദേവൻ, മൈഥിലി പ്രകാശ്, ശ്രീകല്യാണി ആഡ്കോലി, കൂടിയാട്ടം കലാകാരി കപില വേണു തുടങ്ങി ആറു നർത്തകർ ഇതിൽ പങ്കെടുക്കുന്നുണ്ട്.

പശ്ചാത്തല സംഗീതം നൽകുന്നവരിൽ മിഴാവ് വാദകൻ കലാമണ്ഡലം രാജീവും ഉൾപ്പെടുന്നു.

കൂടിയാട്ടം അഭിനയ സങ്കേതങ്ങളിൽ കപില വേണുവിൻ്റെ സാന്നിധ്യം ഇതിനകം ഏറെ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്.

എൻ എസ് എസ് ജന്മനക്ഷത്ര കാണിയ്ക്ക സമാഹരണം

ഇരിങ്ങാലക്കുട : നായർ സർവീസ് സൊസൈറ്റിയുടെ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണമായ ജന്മനക്ഷത്ര കാണിക്ക സമർപ്പണത്തിൻ്റെ മുകുന്ദപുരം താലൂക്ക് തല ഉദ്ഘാടനം കൊടുങ്ങല്ലൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് സി രാജശേഖരൻ നിർവ്വഹിച്ചു.

താലൂക്കിലെ വിവിധ കരയോഗങ്ങളുടെ പ്രതിനിധികൾ ജന്മനക്ഷത്ര കാണിയ്ക്ക സമർപ്പിച്ചു.

താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ ഡി ശങ്കരൻകുട്ടി ഏറ്റുവാങ്ങി.

പ്രതിനിധി സഭാംഗം കെ ബി ശ്രീധരൻ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ ആർ ബാലകൃഷ്ണൻ, രവി കണ്ണൂർ, സി വിജയൻ, ശ്രീദേവീ മേനോൻ, മായ എന്നിവർ സംബന്ധിച്ചു.

യൂണിയൻ സെക്രട്ടറി എസ് കൃഷ്ണകുമാർ സ്വാഗതവും, മേഖലാ പ്രതിനിധി സി രാജഗോപാൽ നന്ദിയും പറഞ്ഞു.

ഓരോ സമുദായ അംഗവും തൻ്റെ കുടുബാംഗങ്ങളുടെ ജന്മദിനത്തോടനുബന്ധിച്ച് എൻ എസ് എസ്സിന് നൽകുന്ന സമർപ്പണമാണ് ജന്മനക്ഷത്ര കാണിയ്ക്ക.

നിര്യാതനായി

അന്തോണി

ഇരിങ്ങാലക്കുട : ചേലൂർ തേമാലിതറ അച്ചങ്ങാടൻ ദേവസി മകൻ അന്തോണി (അന്തപ്പൻ – 83) നിര്യാതനായി.

സംസ്കാരം ഇന്ന് (വെള്ളിയാഴ്ച) വൈകീട്ട് 4 മണിക്ക്
ചേലൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

ഭാര്യ : ത്രേസ്യ

മക്കൾ : സാജൻ (കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡന്റ്), ആന്റിസൻ (മസ്കറ്റ്), സാജി റോയ്, റോബിൻ (മസ്കറ്റ് )

മരുമക്കൾ : ബ്രിജിത്ത്, ജിസ്സി, റോയ് (മസ്കറ്റ്), മിറാന്റാ

കെ എസ് ടി എ പതാക ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ഫെബ്രുവരി 14, 15, 16 തീയ്യതികളിൽ കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി കെ എസ് ടി എ ഇരിങ്ങാലക്കുട ഉപജില്ല കമ്മിറ്റി പതാക ദിനം ആചരിച്ചു.

പൊതുയോഗം ജില്ലാ ജോയിൻറ് സെക്രട്ടറി സജി പോൾസൺ ഉദ്ഘാടനം ചെയ്തു.

ജ്യോതിഷ് അധ്യക്ഷത വഹിച്ചു.

ജില്ലാ എക്സിക്യൂട്ടിവ് മെമ്പർ കെ വി വിദ്യ, കെ കെ താജുദ്ദീൻ എന്നിവർ സംസാരിച്ചു.

കെ ഡി ബിജു സ്വാഗതവും എം എസ്
സുധിഷ് നന്ദിയും പറഞ്ഞു.

ഭിന്നശേഷിക്കാർക്കുള്ള ”മെറി ഹോം” ഭവന വായ്പയുടെ പലിശ 7% ആക്കി കുറച്ചു : മന്ത്രി ബിന്ദു

ഇരിങ്ങാലക്കുട : ഭിന്നശേഷിക്കാർക്ക് സാമൂഹ്യനീതി വകുപ്പിന് കീഴിലെ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ മുഖേന നൽകിവരുന്ന ”മെറി ഹോം” ഭവന വായ്പയുടെ പലിശ 7 ശതമാനമാക്കി കുറച്ചതായി മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു.

50 ലക്ഷം രൂപ വരെയുള്ള വായ്പക്കാണ് പലിശ 7 ശതമാനമാക്കി കുറച്ചത്.

ഭിന്നശേഷിക്കാർക്ക് വീടു നിർമ്മിക്കാനും വാങ്ങുന്നതിനും സാമൂഹ്യനീതി വകുപ്പിനു കീഴിൽ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ആരംഭിച്ച വായ്പാ പദ്ധതിയാണ് ‘മെറി ഹോം’.

ഭിന്നശേഷിക്കാർക്ക് മറ്റെങ്ങും ലഭിക്കാത്ത കുറഞ്ഞ പലിശ നിരക്കിൽ ഭവന വായ്പ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

യാതൊരുവിധ പ്രോസസിങ് ചാർജ്ജും ഇല്ലാതെ ഏറ്റവും ലളിതമായ നടപടിക്രമങ്ങളിലൂടെയാണ് മെറി ഹോം പദ്ധതിയിൽ വായ്പ നൽകി വരുന്നതെന്ന് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.

വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം 695012 എന്ന വിലാസത്തിൽ ബന്ധപ്പെടാം.

www.hpwc.kerala.gov.in വെബ് വിലാസത്തിലും 0471 2347768, 9497281896 എന്നീ നമ്പറുകളിലും വിവരം ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിര്യാതനായി

ജോൺ

ഇരിങ്ങാലക്കുട : കാട്ടൂർ കോമ്പാറക്കാരൻ കുഞ്ഞുവറീത് മകൻ ജോൺ (69) നിര്യാതനായി.

സംസ്കാരം നടത്തി.

ഭാര്യ : ഉഷ

മക്കൾ : ഡിജി, ഡിനോയ്, ഡിറ്റോ

മരുമക്കൾ : വിനു, നിമ്മി, നീതു

ആഹ്ലാദപൂർണ്ണമീ സമാപനം : സിയോൺ കൂടാരതിരുനാളിന് കൊടിയിറങ്ങി

ഇരിങ്ങാലക്കുട : എംപറർ ഇമ്മാനുവൽ ചർച്ച് ആഗോള ആസ്ഥാനമായ മുരിയാട് സിയോൺ കൂടാരത്തിരുനാൾ സമാപിച്ചു.

ആഘോഷത്തിൽ പങ്കെടുക്കാൻ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നായി വിവിധ ഭാഷകൾ സംസാരിക്കുന്ന, വിവിധ സംസ്കാരങ്ങൾ ഉൾക്കൊള്ളുന്ന ആയിരങ്ങളാണ് കുടുംബസമേതം മുരിയാട് എത്തിയത്.

ചരിത്രത്തിൽ അവിഭക്ത ഇസ്രയേലിൽ ആചരിച്ചിരുന്ന കൂടാരത്തിരുനാൾ തനിമ ചോരാതെ ആഘോഷിക്കപ്പെടുന്ന ഏക സ്ഥലം സിയോൺ ആണ്. ദൈവവും ദൈവമക്കളും തമ്മിൽ സംഭവിക്കാനിരിക്കുന്ന പുനഃസംഗമത്തിന്റെ മുന്നോടിയായാണ് വിശ്വാസികൾ തിരുനാളിനെ കാണുന്നത്.

പെരുന്നാളിന്റെ ഭാഗമായി ബുധനാഴ്ച ബാൻഡ് മേളവും ബൈബിൾ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ 12 ടാബ്ലോകളും അണിനിരത്തി നടന്ന വർണ്ണാഭമായ ഘോഷയാത്രയിൽ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.

ദൈവജനം വാഗ്ദാന ദേശത്തേക്ക് നയിക്കപ്പെടുന്നതിനിടയിൽ മരുഭൂമിയിലെ കൂടാരങ്ങളിൽ വസിച്ചതിന്റെ അനുസ്മരണമായി ആചരിക്കണമെന്ന് ദൈവം കൽപ്പിച്ചതും ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ളതുമാണ് ഈ തിരുനാൾ ആഘോഷമെന്നാണ് സിയോൺ സമൂഹം വിശ്വസിക്കുന്നത്.