ഐ.എസ്.എം. സ്ഥാപനങ്ങൾക്കുള്ള കായകല്പ് പുരസ്കാരം ഏറ്റുവാങ്ങി വെള്ളാങ്ങല്ലൂർ ഗവ. ആയുർവേദ ഡിസ്പെൻസറി

ഇരിങ്ങാലക്കുട : തൃശൂർ ജില്ലയിലെ ഐ.എസ്.എം. സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിൻ്റെ കായകല്പ് അവാർഡിൽ മൂന്നാം സ്ഥാനം നേടിയ വെള്ളാങ്ങല്ലൂർ ഗവ. ആയുർവേദ ഡിസ്പെൻസറിയിലെ ജീവനക്കാർ ആരോഗ്യമന്ത്രി വീണ ജോർജ്ജിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.

പഞ്ചായത്ത് പ്രസിഡൻ്റ് നിഷ ഷാജി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീല സജീവ്, വാർഡ് മെമ്പർമാരായ ബിജു പോൾ, കൃഷ്ണകുമാർ, സീനിയർ മെഡിക്കൽ ഓഫീസർ ഡോ. കെ.വി. ശ്രീജ, മുൻ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. മുഹസ് കരീം എന്നിവർ ചേർന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.

തദ്ദേശസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ആയുഷ് സ്ഥാപനങ്ങളെ മെച്ചപ്പെടുത്തുന്നതിനും ജനസൗഹൃദമാക്കുന്നതിനും നൽകുന്ന കായകല്പ് അവാർഡ് സംസ്ഥാനത്ത് ഏറ്റവും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച 132 സ്ഥാപനങ്ങൾക്കാണ് ലഭിച്ചിരിക്കുന്നത്.

രാസലഹരിക്കെതിരെ രജതനിറവ് വാക്കത്തോൺ

ഇരിങ്ങാലക്കുട : സെന്റ് മേരിസ് ഹയർ സെക്കണ്ടറി സ്കൂൾ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് രാസലഹരിക്കെതിരെ രജത നിറവ് വാക്കത്തോൺ സംഘടിപ്പിച്ചു.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, കത്തീഡ്രൽ വികാരി റവ. ഡോ. ലാസർ കുറ്റിക്കാടൻ എന്നിവർ അമേരിക്കൻ പൊലിസ് ഓഫീസർ തോമസ് ഫ്രാങ്ക്ളിൻ റോക്കിന് പതാക കൈമാറി വാക്കത്തോൺ ഉദ്ഘാടനം ചെയ്തു.

പ്രശസ്ത സിനിമ താരം ക്ലയർ സി. ജോൺ മുഖ്യാതിഥിയായിരുന്നു.

സ്കൂൾ പ്രിൻസിപ്പൽ പി. ആൻസൻ ഡൊമിനിക്ക് അധ്യക്ഷത വഹിച്ചു.

പി.ടി.എ. പ്രസിഡന്റ് ഷാജു ജോസ് ചിറയത്ത്, കത്തീഡ്രൽ ട്രസ്റ്റി തോമസ് തൊകലത്ത്, ഫൈനാൻസ് കമ്മറ്റി ചെയർമാൻ ആന്റണി ജോൺ കണ്ടംകുളത്തി, കൺവീനർ ലിംസൺ ഊക്കൻ, പ്രോഗ്രാം കമ്മറ്റി കൺവീനർ ടെൽസൺ കോട്ടോളി, കുടുംബ സമ്മേളന കേന്ദ്ര സമിതി പ്രസിഡന്റ് ജോബി അക്കരക്കാരൻ, ജോമി ചേറ്റുപുഴക്കാരൻ എന്നിവർ പ്രസംഗിച്ചു.

കത്തീഡ്രൽ പള്ളിയങ്കണത്തിൽ നിന്ന് സ്കേറ്റിങ്ങ് കുട്ടികളുടെയും പതാകയേന്തിയ 25 ബുള്ളറ്റുകളുടെയും അകമ്പടിയോടു കൂടി രാസലഹരിക്കെതിരെയും സെന്റ് മേരിസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ രജത ജൂബിലി വിളംബരമായും നടത്തിയ വാക്കത്തോൺ ചന്തക്കുന്ന്, ചന്ദ്രിക ജംഗ്ഷൻ, മുനിസിപ്പൽ മൈതാനം, പ്രൊവിഡൻസ് ഹൗസ്, ഠാണാ ചുറ്റി സ്കൂളിൽ തിരിച്ചെത്തി.

തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ രൂപത കോർപ്പറേറ്റ് മാനേജർ ഫാ. സിജോ ഇരിമ്പൻ, സ്കൂൾ ലീഡർ ക്രിസ്റ്റഫർ, സ്റ്റാഫ് സെക്രട്ടറി ജിംസൺ ജോർജ്ജ്, ഫസ്റ്റ് അസിസ്റ്റൻ്റ് എം.ജെ. ഷീജ, അധ്യാപകരായ പാർവതി, മായ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് നാഷണൽ സർവീസ് സ്കീം വിദ്യാർഥികളുടെ തുടി എന്ന ഫ്ലാഷ് മോബും അരങ്ങേറി.

പ്രശസ്ത ഫിസിക്കൽ എജ്യൂക്കേഷൻ ഇൻസ്ട്രക്ടർ ജെനിൽ മാസ്റ്ററുടെ നേതൃത്വത്തിൽ വാം അപ് പരിശീലനവും ഉണ്ടായിരുന്നു.

സാഫ് ഗെയിംസ് വിന്നർ ഇ.എച്ച്. അബ്ദുള്ള, കത്തീഡ്രൽ ട്രസ്റ്റിമാരായ പി.ടി. ജോർജ്ജ്, സാബു ജോർജ്ജ്, അഡ്വ. എം.എം. ഷാജൻ എന്നിവർ നേതൃത്വം നൽകി.

വിശിഷ്ടാതിഥികളും, പൗരപ്രമുഖരും, വിദ്യാർഥികളും, മാതാപിതാക്കളും, അധ്യാപകരും, നാട്ടുകാരും ഉൾപ്പെടെ ആയിരത്തോളം പേർ വാക്കത്തോണിൽ പങ്കെടുത്തു.

നിര്യാതയായി

അന്നംകുട്ടി

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി ആലപ്പാടൻ കൊച്ചാപ്പു പൗലോസ് ഭാര്യ അന്നംകുട്ടി (86) നിര്യാതയായി.

സംസ്‌കാരകർമ്മം ഇന്ന് (ആഗസ്റ്റ് 26) ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് പൊറത്തിശ്ശേരി സെൻ്റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ.

മക്കൾ : മേഴ്‌സി, ഷീല, ജോയ്, ആന്റു

മരുമക്കൾ : ഡേവീസ്, വിത്സൺ, ജോളി, വിധു

കണ്ഠേശ്വരം ക്ഷേത്രത്തിലെ ഇല്ലംനിറ 29ന്

ഇരിങ്ങാലക്കുട : കണ്ഠേശ്വരം ക്ഷേത്രത്തിലെ ഇല്ലംനിറ ആഗസ്റ്റ് 29 വെള്ളിയാഴ്ച ചോതി നാളിൽ നടത്തും.

രാവിലെ 9.35 മുതൽ 10.30 വരെയുള്ള ശുഭമുഹൂർത്തിൽ നടക്കുന്ന ചടങ്ങിന് ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.

നിര്യാതയായി

പൊന്നമ്മ ടീച്ചര്‍

ഇരിങ്ങാലക്കുട : നടവരമ്പ് കോലോത്തുംപടി കൊടകര വീട്ടില്‍ പരേതനായ സുബ്രഹ്‌മണ്യന്‍ മേനോന്‍ ഭാര്യ പൊന്നമ്മ ടീച്ചര്‍ (നിര്‍മ്മല 87) നിര്യാതയായി.

സംസ്‌കാരം നടത്തി.

ടൈപ്പ്‌റൈറ്റിംഗും ഷോര്‍ട്ട് ഹാന്‍ഡും പഠിപ്പിച്ചിരുന്ന പിറ്റ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമയായിരുന്നു.

എടതിരിഞ്ഞി വില്ലേജിലെ ഫെയർ വാല്യൂ പുനർനിർണയിക്കാൻ ഉത്തരവിട്ട് കളക്ടർ

ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ഫെയർ വാല്യൂ റവന്യൂ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം പുനർനിർണയിക്കുന്നതിന് ഉത്തരവിട്ട് തൃശൂർ ജില്ലാ കളക്ടർ.

പുനർനിർണയത്തിൻ്റെ ഔദ്യോഗിക ജോലികൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ഫീൽഡ് പരിശോധനാ നടപടികളും നടന്നുവരുന്നുണ്ട്.

ഇതിൻ്റെ നടപടികൾ വിലയിരുത്തുന്നതിനായി ഇരിങ്ങാലക്കുട ആർ.ഡി.ഒ. പി. ഷിബു എടതിരിഞ്ഞി വില്ലേജിൽ തിങ്കളാഴ്ച സ്ഥലപരിശോധന നടത്തി.

മുകുന്ദപുരം താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ എ.വി. സജിത, എടതിരിഞ്ഞി വില്ലേജ് ഓഫീസർ പി.എസ്. സുജിത്ത്, വില്ലേജ് അസിസ്റ്റൻ്റ് കെ.ജെ. വിൻസൺ എന്നിവർ സ്ഥലപരിശോധനയിൽ പങ്കെടുത്തു.

പരിയാരത്ത് പ്രകൃതിയുടെ മടിത്തട്ടിൽ ഒരു ലക്ഷ്വറി റിട്ടയർമെൻ്റ് ഹോം : “പറുദീസ”യ്ക്ക് നാന്ദി കുറിച്ച് പ്രൗഢഗംഭീരമാക്കി ഓഫീസ് ഉദ്ഘാടനം

ചാലക്കുടി : തൃശൂർ ജില്ലയിലെ പരിയാരം പഞ്ചായത്തിൽ കോടശ്ശേരി മലകളുടെ മനോഹാരിത ഒപ്പിയെടുക്കുന്ന പ്രകൃതിയുടെ മടിത്തട്ടിൽ എല്ലാവിധ ആധുനിക സേവനവും ലഭ്യമാക്കുന്ന രീതിയിൽ വിഭാവനം ചെയ്ത് ആരംഭിക്കുന്ന ലക്ഷ്വറി റിട്ടയർമെന്റ് ഹോം “പറുദീസ ലിവിങ്” കമ്പനിയുടെ ഗേറ്റ് ഓഫീസ് ഉദ്ഘാടനവും ലോഗോ, ലീഫ്‌ലെറ്റ്, ബുക്ക്ലെറ്റ് എന്നിവയുടെ പ്രകാശനവും വെബ്സൈറ്റ് ലോഞ്ചും പ്രൗഢഗംഭീരമായ സദസ്സിൻ്റെ സാന്നിധ്യത്തിൽ നടന്നു.

ഹോംസ് പ്രോജക്റ്റ് ഉടമകളായ “പറുദീസ ലിവിങ്” കമ്പനിയുടെ സ്വപ്നസാക്ഷാത്കാരത്തിനാണ് ഇതോടെ പരിയാരത്ത് നാന്ദി കുറിച്ചത്.

ടി ജെ സനീഷ്കുമാർ എം എൽ എ ഗേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു.

പരിയാരം പഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസൻ ലോഗോ പ്രകാശനവും, ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാർ ബുക്ക്ലെറ്റ് പ്രകാശനവും നടത്തി.

പ്രൊജക്റ്റ് മാസ്റ്റർ പ്ലാൻ ലേഔട്ടിന്റെ പ്രകാശനം ചാലക്കുടി നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ നിർവ്വഹിച്ചു.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബെന്നി മാസ്റ്റർ വെബ്സൈറ്റ് ലോഞ്ചും, വാർഡ് മെമ്പർ വിഷ്ണു ലീഫ്‌ലെറ്റ് പ്രകാശനവും നടത്തി.

ഡാവിഞ്ചി സുരേഷ് നിർമ്മിച്ച മാസ്റ്റർ ലേഔട്ടിന്റെ മിനിയേച്ചർ ശോഭ സുബിനും ഡാവിഞ്ചി സുരേഷും ചേർന്ന് അനാച്ഛാദനം ചെയ്തു.

“പറുദീസ ലിവിങ്” ചെയർമാൻ ടെന്നിസൺ ചാക്കോ സ്വാഗതവും, മാനേജിങ് ഡയറക്ടർ ജീസ് ലാസർ നന്ദിയും പറഞ്ഞു.

അവിട്ടത്തൂർ ഫുട്ബോൾ ടീമിന് വിജയാശംസകൾ നേർന്ന് മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ ക്യാമ്പ് ഓഫീസിൽ എത്തിയ സംസ്ഥാന സുബ്രതോ മുഖർജി ഗേൾസ് ഫുട്ബോൾ മത്സരത്തിൽ ജേതാക്കളായ അവിട്ടത്തൂർ എൽ.ബി.എസ്.എം. ഹയർ സെക്കൻഡറി സ്കൂൾ ടീം അംഗങ്ങൾക്ക് മന്ത്രി വിജയാശംസകൾ നേർന്നു.

സ്കൂൾ ടീം കേരളത്തെ പ്രതിനിധീകരിച്ച് നാഷണൽ ചാമ്പ്യൻഷിപ്പിൻ പങ്കെടുക്കുവാൻ വേണ്ടി ഡൽഹിയിലേക്ക് യാത്ര പുറപ്പെട്ടു.

മുൻ സന്തോഷ് ട്രോഫി കളിക്കാരനും കേരള പൊലീസ് ടീം അംഗവുമായിരുന്ന റിട്ട. ഡിവൈഎസ്പി തോമസ് കാട്ടുകാരൻ ആണ് പരിശീലകൻ.

തോമസ് കാട്ടുകാരനും സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റി അംഗമായ എ.സി സുരേഷ്, ഹെഡ്മാസ്റ്റർ മെജോ പോൾ, കുട്ടികളുടെ മാതാപിതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നു

ഇരിങ്ങാലക്കുട : ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനത്തിനായുള്ള അവസാന മിനുക്കു പണികളിലേക്ക് കടന്നു കഴിഞ്ഞു.

എല്ലാ വിധ ആധുനിക സൗകര്യങ്ങളോടും കൂടി പ്രവർത്തനമാരംഭിക്കാനിരിക്കുന്ന പുതിയ കെട്ടിടത്തിന് 6 നിലകളാണുള്ളത്.

നിലവിൽ ഒ.പി. പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതും ഈ കെട്ടിടത്തിൽ തന്നെയാണ്. 

ഒ.പി., കാഷ്വാലിറ്റി, മൂന്ന് ഓപ്പറേഷൻ തിയേറ്ററുകൾ, ഇൻ്റൻസീവ് കെയർ യൂണിറ്റ്, ഐ.പി. വാർഡുകൾ, കൂടാതെ കേന്ദ്ര ഗവൺമെൻ്റ് സ്ഥാപനമായ രാജീവ് ഗാന്ധി സെൻ്റർ ഓഫ് ബയോ ടെക്നോളജിയുടെ ഒരു ലബോറട്ടറി, റിസപ്ഷൻ, സ്റ്റോർ, ഫാർമസി, എക്സ്റേ, സ്കാൻ, ഇ.സി.ജി., മൈനർ ഒ.ടി., ഫീൽഡ് സ്റ്റാഫ് റൂം, ഡ്യൂട്ടി റൂമുകൾ, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് തുടങ്ങിയവയാണ് പുതിയ കെട്ടിടത്തിലേക്ക് മാറാൻ തയ്യാറായി കൊണ്ടിരിക്കുന്നത്.

രണ്ട് ഘട്ടങ്ങളിലായി 19 കോടി രൂപയോളം ചെലവഴിച്ച് സംസ്ഥാന സർക്കാരിന്റെ മിഷൻ 676 പദ്ധതിയിൽ ഉൾപ്പെടുത്തി ഏകദേശം 20,000ത്തോളം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 6 നിലകളിലായിട്ടാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.

മുകളിലത്തെ നില എം.പി. സുരേഷ് ഗോപിയുടെ സി.എസ്.ആർ. ഫണ്ടിൽ നിന്ന് ഒരു കോടിയിലധികം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നത്.

ഇരിങ്ങാലക്കുട – ചാലക്കുടി റോഡിലേക്കുള്ള ജനറൽ ആശുപത്രിയുടെ കവാടത്തിന്റെ പുനർ നിർമ്മാണവും ഇതോടൊപ്പം നടന്നു കൊണ്ടിരിക്കുകയാണ്.

മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 16 ലക്ഷം രൂപ വിനിയോഗിച്ചാണ്

24 മീറ്റര്‍ നീളത്തില്‍ മതിലും 6 മീറ്റര്‍ വീതിയുള്ള ഗേറ്റ് വേയും ഇവിടെ നിർമ്മിക്കുന്നത്.

തൃശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലേക്കുള്ള പ്രധാന കവാടം നിർമ്മിക്കുന്നതിനായി 50 ലക്ഷം രൂപയും മന്ത്രി ബിന്ദു പ്രഖ്യാപിച്ചിട്ടുണ്ട്.

രണ്ടു മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി കെട്ടിടം ഉദ്ഘാടനം ചെയ്യാനാണ് തീരുമാനമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.