മോഹൻ രാഘവൻ ചലച്ചിത്ര പുരസ്‌കാരം ‘വിക്ടോറിയ’യുടെ സംവിധായിക ശിവരഞ്ജിനിക്ക്

ഇരിങ്ങാലക്കുട : നിരവധി പുരസ്കാരങ്ങൾ നേടിയ യുവ ചലച്ചിത്ര സംവിധായകനും നാടക പ്രവർത്തകനുമായിരുന്ന മോഹൻ രാഘവൻ്റെ സ്മരണാർത്ഥം ഓഫ് സ്റ്റേജ് അന്നമനട നൽകിവരുന്ന മികച്ച നവാഗത ചലച്ചിത്ര സംവിധായകർക്കുള്ള ഈ വർഷത്തെ പുരസ്കാരം ‘വിക്ടോറിയ’ സിനിമയുടെ സംവിധായിക ജി. ശിവരഞ്ജിനിക്ക് നൽകും.

സംവിധായകൻ ടി.വി. ചന്ദ്രൻ ചെയർമാനും ഛായാഗ്രാഹകൻ കെ.ജി. ജയൻ, ചലച്ചിത്ര നിരൂപകൻ ഡോ. സി.എസ്. വെങ്കിടേശ്വരൻ എന്നിവർ അംഗങ്ങളുമായ സമതിയാണ് പുരസ്‌കാര നിർണ്ണയം നടത്തിയത്.

ആശയം, പ്രമേയം, കഥ, അഭിനയം എന്നീ മേഖലകളിലെല്ലാം മികവും വ്യക്തിത്വവും പുലർത്തുന്ന ഒന്നാണ് ശിവരഞ്ജിനിയുടെ ആദ്യചിത്രം കൂടിയായ വിക്ടോറിയ. തന്റേതായ കാഴ്ച്ചപ്പാടുള്ള ഒരു സംവിധായികയെ ഈ ചിത്രത്തിൽ തെളിഞ്ഞുകാണാം.

സിനിമയിലെ സാമ്പ്രദായികമായ സ്ത്രീ പ്രതിനിധാനങ്ങളെ അട്ടിമറിച്ചുകൊണ്ട് ഈ ചിത്രം സമകാലിക കേരളീയ സ്ത്രീ ജീവിതങ്ങളിലേക്കും ഭാവനകളിലേക്കും കാമനകളിലേക്കും സഞ്ചരിക്കുന്നു. ഗൗരവമുള്ള ഈ പ്രമേയത്തെ മുദ്രാവാക്യങ്ങളിലേക്ക് വഴുതാതെ, മാധ്യമപരമായ മികവോടെ, ഭാവതീവ്രത വെടിയാതെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്ന്
ജൂറി വിലയിരുത്തി.

25000 രൂപയും അന്തരിച്ച പ്രശസ്ത ചിത്രകാരൻ മുഹമ്മദ് അലി ആദം രൂപകൽപന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ആഷിഖ് അബു, അൻവർ റഷീദ്, ലിജോ ജോസ്‌ പെല്ലിശ്ശേരി, സിദ്ധാർഥ് ശിവ, അൽഫോൻസ്‌ പുത്രൻ, ദിലീഷ്‌ പോത്തൻ, അനിൽ രാധാകൃഷ്ണൻ, സനൽകുമാർ ശശിധരൻ, സക്കറിയ മുഹമ്മദ്, ജൂഡ് ആന്റണി, സുദേവൻ, താര രാമാനുജൻ, ഫാസിൽ റസാഖ് എന്നിവർ മുൻ വർഷങ്ങളിലെ മോഹൻ രാഘവൻ പുരസ്‌കാരത്തിന് അർഹരായവരിൽ പ്രമുഖരാണ്.

ഡിസംബർ മാസത്തിൽ മോഹൻ രാഘവന്റെ ജന്മനാടായ അന്നമനടയിൽ അന്നമനട, കാടുകുറ്റി പഞ്ചായത്തുകളുടെ സഹകരണത്തോടെ നടക്കുന്ന മോഹൻ രാഘവൻ അനുസ്‌മരണ ചടങ്ങിൽവെച്ച് പുരസ്‌കാരം സമർപ്പിക്കും.

അതോടനുബന്ധിച്ച് സാഹിത്യകാരൻ പി.കെ. ശിവദാസ്, ചിത്രകാരൻ മുഹമ്മദ് അലി ആദം അനുസ്‌മരണങ്ങളും നടക്കും.

നിപ്മറിന് സെന്റര്‍ ഓഫ് എക്സലന്‍സ് അംഗീകാരം

ഇരിങ്ങാലക്കുട : കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സ്റ്റാറ്റ്യൂട്ടറി ബോഡിയായ റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിപ്മറിന് സെൻ്റർ ഓഫ് എക്സലൻസ് അംഗീകാരം ലഭിച്ചതായി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.

1992ലെ പാര്‍ലമെന്റ് പാസാക്കിയ ആർ.സി.ഐ. ആക്റ്റ് പ്രകാരം നിലവില്‍ വന്ന സംവിധാനമാണ് റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ.

പുനരധിവാസ ചികിത്സാ മേഖലയിലെ കോഴ്സുകളുടെ സിലബസ്, കാലാവധി, അംഗീകാരം എന്നിവ നല്‍കുന്നതിനുള്ള അധികാരവും റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കാണ്.

സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന, പുനരധിവാസ ചികിത്സാ മേഖലയില്‍ മികവ് തെളിയിച്ച സ്വയംഭരണ സ്ഥാപനമാണ് ഇരിങ്ങാലക്കുട മണ്ഡലത്തിലെ കല്ലേറ്റുംകരയിൽ സ്ഥിതി ചെയ്യുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്‍.

ഈ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് 2024ലെ ഐക്യരാഷ്ട്ര സംഘടനയുടെ ടാസ്ക് ഫോഴ്സ് അവാര്‍ഡും നിപ്മറിന് ലഭിച്ചിരുന്നു.

കൂടാതെ 2021, 2022, 2023 വര്‍ഷങ്ങളില്‍ ഭിന്നശേഷി മേഖയിലെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡുകളും നിപ്മറിനെ തേടിയെത്തിയിരുന്നതായി മന്ത്രി ആർ. ബിന്ദു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ കേരളത്തില്‍ ആദ്യമായി പ്രോസ്തറ്റിക്സ് ആന്റ് ഓര്‍ത്തോറ്റിക്സില്‍ കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാല അഫിലിയേഷനോടെ ബിരുദ കോഴ്സ് ആരംഭിച്ച സ്ഥാപനമാണ്‌ നിപ്മർ. കൂടാതെ ആർ.സി.ഐ. അംഗീകാരത്തോടെ രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ സ്പെഷ്യല്‍ എഡ്യുക്കേഷന്‍, ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കെയര്‍ ഗിവിംഗ്, കമ്മ്യൂണിറ്റി ബെയ്സ്ഡ് ഇന്‍ക്ലൂസീവ് ഡെവലപ്പ്മെന്റ് എന്നീ കോഴ്സുകളും നിപ്മറിൽ നടത്തി വരുന്നുണ്ട്.

പുനരധിവാസ ചികിത്സാ മേഖലയിലെ മറ്റൊരു പ്രൊഫഷണല്‍ ബിരുദ കോഴ്സായ ബാച്ചിലര്‍ ഓഫ് ഒക്യുപ്പേഷണല്‍ തെറാപ്പി കേരളത്തില്‍ ആദ്യമായി ആരംഭിച്ച സ്ഥാപനവും നിപ്മറാണ്.

കഴിഞ്ഞ നാലു വര്‍ഷ കാലയളവില്‍ അക്കാദമിക് കോഴ്സുകള്‍ക്ക് പുറമേ നൂതനമായ നിരവധി പദ്ധതികള്‍ നിപ്മർ നടപ്പിലാക്കിയിട്ടുണ്ട്. എ.ഡി.എച്ച്.ഡി. ക്ലിനിക്ക്, ഫീഡിംഗ് ഡിസോര്‍ഡര്‍ ക്ലിനിക്ക്, സ്കൂള്‍ റെഡ്നസ് പ്രോഗ്രാം, ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് ആന്‍റ് ഗെയിംസ്, സിമുലേഷന്‍ സൂപ്പര്‍ മാര്‍ക്കറ്റ്, ദന്തപരിചരണ യൂണിറ്റ്, നേത്ര പരിചരണ യൂണിറ്റ്, അനിമല്‍ അസിസ്റ്റഡ് തെറാപ്പി, അഡാപ്റ്റീവ് ഫാഷന്‍ ഡിസൈനിംഗ്, ഇന്‍ക്ലൂസീവ് നൂണ്‍ മീല്‍ പ്രോഗ്രാം, സ്കേറ്റിംഗ് പരിശീലനം എന്നിവ നിപ്മറിൽ ആരംഭിച്ചിട്ടുണ്ട്.

അക്കാദമിക്ക് പ്രോഗ്രാമിലെ കുട്ടികള്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിനായി 3.6 കോടി രൂപ ചിലവഴിച്ച് നിര്‍മ്മിക്കുന്ന ഹോസ്റ്റലിന്റെ നിര്‍മ്മാണം പുരോഗമിച്ചു വരുന്നു.

2021-22 സാമ്പത്തിക വര്‍ഷം 8 കോടി രൂപയും, 2022-23 സാമ്പത്തിക വര്‍ഷം 10 കോടി രൂപയും, 2023-24 സാമ്പത്തിക വര്‍ഷം 12 കോടി രൂപയും, 2024-25 സാമ്പത്തിക വര്‍ഷം 12.5 കോടി രൂപയും, 2025-26 സാമ്പത്തിക വര്‍ഷം 18 കോടി രൂപയും, സംസ്ഥാന ബജറ്റില്‍ നിപ്മറിന് വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മികച്ച പുനരധിവാസ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി നിപ്മറില്‍ 250 കിടക്കകളോടു കൂടിയ റീഹാബ് ആശുപത്രി നിര്‍മ്മിക്കുന്നതിനുള്ള നിർദ്ദേശം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.

പ്രമേഹ നിർണ്ണയ – നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പി.എൽ തോമൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്‌റ്റ്‌, കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ്‌ ക്ലബ്ബ് ഇൻ്റർനാഷ്‌ണൽ, ഐ ഫൗണ്ടേഷൻ ആശുപത്രി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പി എൻ തോമൻ മെമ്മോറിയൽ ക്ലിനിക്കിൽ പ്രമേഹ നിർണ്ണയ – നേത്ര പരിശോധന – തിമിര ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിച്ചു.

ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്‌റ്റ് ക്യാമ്പ് കോർഡിനേറ്റർ ജോൺസൻ കോലംങ്കണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

അഡ്വ. എം.എസ് രാജേഷ് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി എം സി പ്രദീപ്, ട്രഷറർ ജെയ്‌സൺ മൂഞ്ഞേലി, ശിവൻ നെന്മാറ എന്നിവർ പങ്കെടുത്തു.

നിര്യാതനായി

സെബാസ്റ്റ്യൻ

ഇരിങ്ങാലക്കുട : ജ്യോതി നഗർ കൊടിയിൽ പേങ്ങിപറമ്പിൽ ലോനപ്പൻ മകൻ സെബാസ്റ്റ്യൻ (82) നിര്യാതനായി.

സംസ്കാരകർമ്മം നാളെ (ഒക്ടോബർ 28) രാവിലെ 9.30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.

ഭാര്യ : ബേബി സെബാസ്റ്റ്യൻ

മക്കൾ : സിബക്സ്, സ്വീറ്റി,
സിബിൻ

മരുമക്കൾ : ജിൽമി, ഷോണി, റൂബി

ക്ലസ്റ്റർ റിസോഴ്സ് സെൻ്റർ കോർഡിനേറ്റർ ഒഴിവ്

ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷ കേരള
വെള്ളാങ്ങല്ലൂർ ബി.ആർ.സി.യിലെ നിലവിലുള്ള ക്ലസ്റ്റർ റിസോഴ്സ് സെൻ്റർ കോർഡിനേറ്റർ (സി.ആർ.സി.സി.) ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

ഡിഎൽഡ് / ടിടിസി/ബിഎഡ്, കെടെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ വെള്ളാങ്ങല്ലൂർ ബി.ആർ.സി.യിൽ ഒക്ടോബർ 28 ചൊവാഴ്ച രാവിലെ 11.30ന് നടക്കുന്ന അഭിമുഖത്തിൽ അപേക്ഷയും അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം ഹാജരാകേണ്ടതാണ്.

ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി പുരസ്കാരം കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താന്

ഇരിങ്ങാലക്കുട : ഈ വർഷത്തെ ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി പുരസ്കാരം പ്രശസ്ത കഥകളി വേഷകലാകാരൻ കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താന്.

അഞ്ചരപതിറ്റാണ്ടിലേറെ കാലമായി കഥകളി രംഗത്ത് നിറഞ്ഞുനിൽക്കുന്ന ഉണ്ണിത്താൻ ചുവന്നതാടി, കരി തുടങ്ങിയ വേഷങ്ങളിൽ തൻ്റെ പ്രാഗത്ഭ്യം തെളിയിച്ച കലാകാരനാണ്.

കല്ലുവഴിച്ചിട്ടയിൽ അഭ്യസിച്ച് താടി വേഷത്തിനെ താരപദവിയിലേക്ക് ഉയർത്തി അതിലൂടെ
ഏറ്റവും ജനപ്രീതി നേടിയ കലാകാരനാണ് രാമചന്ദ്രൻ ഉണ്ണിത്താൻ.

2026 ജനുവരി 24, 25, 26 തിയ്യതികളിലായി നടത്തുന്ന ക്ലബ്ബിൻ്റെ 51-ാം വാർഷികാഘോഷ ചടങ്ങിൽ പുരസ്കാരം നൽകും.

10000 രൂപയും, പ്രശസ്തിപത്രവും, അംഗവസ്ത്രവുമടങ്ങുന്നതാണ് ക്ലബ്ബിൻ്റെ വാർഷിക പുരസ്കാരം.

പി. ബാലകൃഷ്ണൻ സ്മാരക കഥകളി എന്റോവ്മെൻ്റ് കോട്ടയ്ക്കൽ പി.എസ്.വി. നാട്യസംഘത്തിലെ ചെണ്ട വിഭാഗത്തിൽ എട്ടാം വർഷ
വിദ്യാർഥിയായ ഗോവിന്ദ് ഗോപകുമാറിന് നൽകും.

നേരത്തേ പ്രഖ്യാപിച്ച കെ.വി. ചന്ദ്രൻ സ്മാരക പ്രഥമ ചന്ദ്രപ്രഭ പുരസ്കാരം പള്ളം ചന്ദ്രനും സമ്മാനിക്കും.

പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ 60 ലക്ഷം രൂപയുടെ പുതിയ ഒ.പി. ബ്ലോക്ക് കെട്ടിടം : ശിലാസ്ഥാപനം 28ന്

ഇരിങ്ങാലക്കുട : പൂമംഗലം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ എംഎൽഎ ഫണ്ട് വിനിയോഗിച്ച് നിർമ്മിക്കുന്ന പുതിയ ഒ.പി. ബ്ലോക്ക് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ഒക്ടോബർ 28ന് രാവിലെ 11 മണിക്ക് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും.

മന്ത്രിയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 60 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ ഒ.പി. ബ്ലോക്ക് കെട്ടിടം നിർമ്മിക്കുന്നത്.

പുതിയതായി നിർമ്മിക്കുന്ന കെട്ടിടത്തിൽ 3 ഒ.പി. റൂം, റിസപ്ഷൻ ഏരിയ, വെയ്റ്റിംഗ് ഏരിയ, നേഴ്സിംഗ് സ്റ്റേഷൻ, ഭിന്നശേഷിക്കാർക്ക് ഉൾപ്പെടെയുള്ള ടോയ്ലറ്റുകൾ എന്നിവയെല്ലാമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

നിർമ്മാണോദ്ഘാടന ചടങ്ങിൽ പൂമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിക്കും.

ചാലക്കുടി തവളക്കുഴിപ്പാറയിലെ ആദിവാസി ഊരുകളിലെ ഭൗതികസാഹചര്യം മെച്ചപ്പെടുത്താനൊരുങ്ങി ഐസിഎൽ

ഇരിങ്ങാലക്കുട : ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ അധീനതയിലുള്ള ചാലക്കുടി ഉൾവനാന്തരങ്ങളിലെ തവളക്കുഴിപ്പാറയിലെ ആദിവാസി ഊരുകളിൽ താമസിക്കുന്ന നിർദ്ധനരായ 44 കുടുംബങ്ങളുടെ വീടുകളുടെ അറ്റകുറ്റപ്പണികൾ നടത്താനും, അവർക്ക് വേണ്ടിയുള്ള വെള്ളം, വെളിച്ചം, വഴി പോരായ്‌മകൾ പരിഹരിക്കാനും, കുട്ടികളുടെ പ്ലസ്ടു വരെയുള്ള വിദ്യാഭ്യാസം സൗജന്യമായി നൽകി ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുമുള്ള പദ്ധതി ഐസിഎൽ ഫിൻകോർപ്പ് ഏറ്റെടുക്കുന്നതായി ചെയർമാൻ അഡ്വ. കെ.ജി. അനിൽകുമാർ അറിയിച്ചു.

കാടിനുള്ളിൽ മാത്രം ജീവിച്ചു ശീലിച്ച മലയ വിഭാഗത്തിൽപ്പെട്ടവരുടെ വീടുകളുടെ ശോചനീയാവസ്ഥ നേരിൽ കണ്ടശേഷം സ്ഥലം എംഎൽഎ സനീഷ്കുമാർ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തുകയും സഹായം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

തൻ്റെ മകൻ അമൽജിത്തിൻ്റെ വിവാഹത്തോടനുബന്ധിച്ച് പാവപ്പെട്ട ഈ ആദിവാസി സമൂഹത്തിൻ്റെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള തീവ്രശ്രമം തുടരുമെന്നും അഡ്വ. കെ.ജി. അനിൽകുമാർ അറിയിച്ചു.

നിര്യാതനായി

കൊച്ചുദേവസ്സി

ഇരിങ്ങാലക്കുട : കല്ലേറ്റുംകര പ്ലാശ്ശേരി പനങ്കുടൻ ഔസേപ്പ് കൊച്ചുദേവസ്സി (80) നിര്യാതനായി.

സംസ്‌കാരകർമ്മം വെള്ളിയാഴ്ച്ച (ഒക്ടോബർ 24) രാവിലെ 9 മണിക്ക് കല്ലേറ്റുംകര പള്ളിക്ക് സമീപമുള്ള മകൻ ജോജോയുടെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ആളൂർ പ്രസാദവര നാഥാപള്ളി സെമിത്തേരിയിൽ.

മക്കൾ : ജിജോ, ജോജോ, പരേതനായ ബൈജു

മരുമക്കൾ : സന്ധ്യ, ജിൻസി

സ്നേഹസ്പർശം പദ്ധതി : അഭയ ഭവനിലേക്ക് പലചരക്കും തുണിത്തരങ്ങളും നൽകി സെൻ്റ് മേരീസ് സ്കൂൾ വിദ്യാർഥികൾ

ഇരിങ്ങാലക്കുട : സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എൻ.എസ്.എസ്. യൂണിറ്റും, റോവർ ആൻഡ് റെയ്ഞ്ചർ യൂണിറ്റും സംയുക്തമായി അവരവരുടെ വീടുകളിൽ നിന്നും പലരിൽ നിന്നുമായി ശേഖരിച്ച അരിയും പലചരക്ക് സാമഗ്രികളും തുണിത്തരങ്ങളും അഭയ ഭവനിലേക്ക് നൽകി.

സ്കൂൾ മാനേജർ റവ. ഡോ. പ്രൊഫ. ലാസർ കുറ്റിക്കാടൻ, അഭയ ഭവൻ മദർ സുപ്പീരിയർ സിസ്റ്റർ എൽസിക്ക് സാധനങ്ങൾ കൈമാറി.

ചടങ്ങിൽ സ്നേഹസ്പർശം പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനവും നിർവ്വഹിച്ചു.

സ്കൂൾ പ്രിൻസിപ്പൽ പി. ആൻസൻ ഡൊമനിക് അധ്യക്ഷത വഹിച്ചു.

പി.ടി.എ. പ്രസിഡന്റ് ഷാജു ജോസ് ചിറയത്ത്, രജത ജൂബിലി പ്രോഗ്രാം കൺവീനർ ടെൽസൺ കോട്ടോളി, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ജൂബി, അധ്യാപകരായ ജിൻസൻ, മേരി ആന്റണി, പാർവ്വതി എന്നിവർ പ്രസംഗിച്ചു.

കുട്ടികൾ അഭയ ഭവനിലെ രോഗികളെ സന്ദർശിക്കുകയും അവർക്കു വേണ്ട ശുശ്രൂഷകളിൽ സഹായിക്കുകയും ചെയ്തു.