ഇരിങ്ങാലക്കുട നഗരസഭ വീണ്ടുംയു ഡി എഫ് ഭരണത്തിലേയ്ക്ക്

ഇരിങ്ങാലക്കുട : ആകെയുള്ള 43 സീറ്റുകളിൽ 22 സീറ്റുകൾ കരസ്ഥമാക്കിയ യു ഡി എഫ് വീണ്ടും ഇരിങ്ങാലക്കുട നഗരസഭയുടെ ഭരണ സാരഥ്യം ഏറ്റെടുക്കും.

കഴിഞ്ഞ 25 വർഷമായി യു ഡി എഫാണ് നഗരസഭ ഭരിക്കുന്നത്.

മുൻ നഗരസഭാ ചെയർമാനും, മുൻ കെ പി സി സി ജനറൽ സെക്രട്ടറിയുമായ എം പി ജാക്സൻ നഗരസഭാ ചെയർമാനാവാനാണ് സാധ്യത.

ഇരിങ്ങാലക്കുട നഗരസഭയിലെ അവസാന കക്ഷിനില ഇപ്രകാരമാണ്.

മൊത്തം സീറ്റ് – 43

യു ഡി എഫ് – 22
എൽ ഡി എഫ് – 12
എൻ ഡി എ – 06
സ്വതന്ത്രന്മാർ – 03

സ്വതന്ത്രന്മാരിൽ ഒരാൾ എൽ ഡി എഫ് സ്വതന്ത്രനാണ്. മറ്റു രണ്ടു സ്വതന്ത്രന്മാരും യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കാനാണ് സാധ്യത.

നിര്യാതയായി

കാഞ്ചന

ഇരിങ്ങാലക്കുട : പുല്ലൂർ ഗൾഫ് മൂലയിൽ ചേലകുളത്ത് കളരിക്കൽ വീട്ടിൽ സുരേന്ദ്രൻ ഭാര്യ കാഞ്ചന (65) കുഴഞ്ഞു വീണു മരിച്ചു.

സിപിഎം പുല്ലൂർ മിഷ്യൻ ബ്രാഞ്ച് അംഗമാണ്.

സംസ്കാരം നടത്തി.

മക്കൾ : സുനീഷ്, പരേതനായ സുമേഷ്

ഇരിങ്ങാലക്കുട നഗരസഭയിൽ പോളിംഗ് 71.69% – വാർഡ് തിരിച്ചുള്ള കണക്കുകൾ കാണാം

ഇരിങ്ങാലക്കുട : മൊത്തം 55,117 വോട്ടർമാരുള്ള ഇരിങ്ങാലക്കുട നഗരസഭയിൽ 39,513 പേർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. 71.69 ആണ് പോളിംഗ് ശതമാനം.

ആകെയുള്ള 25,527 പുരുഷ വോട്ടർമാരിൽ 17,987 പേരും വോട്ട് രേഖപ്പെടുത്തി. ആകെയുള്ള 29,590 സ്ത്രീ വോട്ടർമാരിൽ 21,526 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

വാർഡുകൾ തിരിച്ചുള്ള കണക്കുകൾ നോക്കാം.

  1. 1604 വോട്ടർമാരുള്ള മൂർക്കനാട് 1-ാം വാർഡിൽ 1045 പേരാണ് വോട്ട് ചെയ്തത്. പോളിങ് ശതമാനം 65.15.
  2. 1557 വോട്ടർമാരുള്ള ബംഗ്ലാവ് 2-ാം വാർഡിൽ 1030 പേരാണ് വോട്ട് ചെയ്തത്. പോളിങ് ശതമാനം 66.15
  3. 1381 വോട്ടർമാരുള്ള കരുവന്നൂർ 3-ാം വാർഡിൽ 1040 പേരാണ് വോട്ട് ചെയ്തത്. 75.31%.
  4. 1306 വോട്ടർമാരുള്ള പീച്ചാംപിള്ളിക്കോണം 4-ാം വാർഡിൽ 933 പേരാണ് വോട്ട് ചെയ്തത്. 71.44%
  5. 1272 വോട്ടർമാരുള്ള ഹോളിക്രോസ് സ്കൂൾ 5-ാം വാർഡിൽ 952 പേരാണ് വോട്ട് ചെയ്തത്. 74.84%.
  6. 1343 വോട്ടർമാരുള്ള മാപ്രാണം 6-ാം വാർഡിൽ 1064 പേരാണ് വോട്ട് ചെയ്തത്. 79.23%.
  7. 1372 വോട്ടർമാർ ഉള്ള മാടായിക്കോണം 7-ാം വാർഡിൽ 1086 പേരാണ് വോട്ട് ചെയ്തത്. 79.15%.
  8. 1617 വോട്ടർമാരുള്ള നമ്പ്യാങ്കാവ് 8-ാം വാർഡിൽ 1293 പേരാണ് വോട്ട് ചെയ്തത്. 79.96%.
  9. 1609 വോട്ടർമാരുള്ള കുഴിക്കാട്ടുകോണം 9-ാം വാർഡിൽ 1228 പേരാണ് വോട്ട് ചെയ്തത്. 76.32%.
  10. 1156 വോട്ടർമാരുള്ള കാട്ടുങ്ങച്ചിറ 10-ാം വാർഡിൽ 923 പേരാണ് വോട്ട് ചെയ്തത്. 79.84%.
  11. 1150 വോട്ടർമാരുള്ള ആസാദ് റോഡ് 11-ാം വാർഡിൽ 834 പേരാണ് വോട്ട് ചെയ്തത്. 75.52%.
  12. 1424 വോട്ടർമാരുള്ള ഗാന്ധിഗ്രാം നോർത്ത് 12-ാം വാർഡിൽ 1034 പേരാണ് വോട്ട് ചെയ്തത്. 72.61%.
  13. 1255 വോട്ടർമാരുള്ള ഗാന്ധിഗ്രാം 13-ാം വാർഡിൽ 840 പേരാണ് വോട്ട് ചെയ്തത്. 66.93% .
  14. 1000 വോട്ടർമാർ ഉള്ള ഗാന്ധിഗ്രാം ഈസ്റ്റ് 14-ാം വാർഡിൽ 598 പേരാണ് വോട്ട് ചെയ്തത്. 59.8%.
  15. 1260 വോട്ടർമാരുള്ള മുൻസിപ്പൽ ഹോസ്പിറ്റൽ 15-ാം വാർഡിൽ 711 പേരാണ് വോട്ട് ചെയ്തത്. 56.43%.
  16. 1237 വോട്ടർമാരുള്ള മഠത്തിക്കര 16-ാം വാർഡിൽ 805 പേരാണ് വോട്ട് ചെയ്തത്. 65.08%.
  17. 1209 വോട്ടർമാരുള്ള ചാലാംപാടം 17-ാം വാർഡിൽ 800 പേരാണ് വോട്ട് ചെയ്തത്. 66.17%.
  18. 1049 വോട്ടർമാരുള്ള ചന്തക്കുന്ന് 18-ാം വാർഡിൽ 659 പേരാണ് വോട്ട് ചെയ്തത്. 62.82%.
  19. 1463 വോട്ടർമാരുള്ള സെൻ്റ് ജോസഫ്സ് കോളെജ് 19-ാം വാർഡിൽ 992 പേരാണ് വോട്ട് ചെയ്തത്. 67.81%.
  20. 1294 വോട്ടർമാരുള്ള ഷണ്മുഖം കനാൽ 20-ാം വാർഡിൽ 885 പേരാണ് വോട്ട് ചെയ്തത്. 68.39 ആണ് പോളിംഗ് ശതമാനം.
  21. 1022 വോട്ടർമാരുള്ള ചേലൂർ 21-ാം വാർഡിൽ 783 പേരാണ് വോട്ട് ചെയ്തത്. 76.61 ആണ് പോളിംഗ് ശതമാനം.
  22. 1157 വോട്ടർമാർ ഉള്ള മുൻസിപ്പൽ ഓഫീസ് 22-ാം വാർഡിൽ 755 പേരാണ് വോട്ട് ചെയ്തത്. 65.25 ആണ് പോളിംഗ് ശതമാനം.
  23. 1163 വോട്ടർമാർ ഉള്ള ഉണ്ണായിവാര്യർ കലാനിലയം 23-ാം വാർഡിൽ 777 പേരാണ് വോട്ട് ചെയ്തത്. 66.81 ആണ് പോളിംഗ് ശതമാനം.
  24. 1140 വോട്ടർമാർ ഉള്ള പൂച്ചക്കുളം 24-ാം വാർഡിൽ 800 പേരാണ് വോട്ട് ചെയ്തത്. 70.18 ആണ് പോളിംഗ് ശതമാനം.
  25. 1342 വോട്ടർമാർ ഉള്ള കണ്ഠേശ്വരം 25-ാം വാർഡിൽ 1007 പേരാണ് വോട്ട് ചെയ്തത്. 75.04 ആണ് പോളിംഗ് ശതമാനം.
  26. 1285 വോട്ടർമാർ ഉള്ള കൊരുമ്പിശ്ശേരി 26-ാം വാർഡിൽ 921 പേരാണ് വോട്ട് ചെയ്തത്. 71.67 ആണ് പോളിംഗ് ശതമാനം.
  27. 1313 വോട്ടർമാർ ഉള്ള കാരുകുളങ്ങര 27-ാം വാർഡിൽ 995 പേരാണ് വോട്ട് ചെയ്തത്. 75.78 ആണ് പോളിംഗ് ശതമാനം.
  28. 1076 വോട്ടർമാർ ഉള്ള കൂടൽമാണിക്യം 28-ാം വാർഡിൽ 751 പേരാണ് വോട്ട് ചെയ്തത്. 69.8 ആണ് പോളിംഗ് ശതമാനം.
  29. 1059 വോട്ടർമാർ ഉള്ള ബസ്സ് സ്റ്റാൻഡ് 29-ാം വാർഡിൽ 647 പേരാണ് വോട്ട് ചെയ്തത്. 61.1 ആണ് പോളിംഗ് ശതമാനം.
  30. 1175 വോട്ടർമാരുള്ള ആയുർവേദ ഹോസ്പിറ്റൽ 30-ാം വാർഡിൽ 808 പേരാണ് വോട്ട് ചെയ്തത്. 68.77 ആണ് പോളിംഗ് ശതമാനം.
  31. 1117 വോട്ടർമാരുള്ള ക്രൈസ്റ്റ് കോളേജ് 31-ാം വാർഡിൽ 714 പേരാണ് വോട്ട് ചെയ്തത്. 63.92 ആണ് പോളിംഗ് ശതമാനം.
  32. 804 വോട്ടർമാരുള്ള എസ് എൻ നഗർ 32-ാം വാർഡിൽ 468 പേരാണ് വോട്ട് ചെയ്തത്. 58.21 ആണ് പോളിംഗ് ശതമാനം.
  33. 1244 വോട്ടർമാരുള്ള ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് 33-ാം വാർഡിൽ 906 പേരാണ് വോട്ട് ചെയ്തത്. 72.83 ആണ് പോളിംഗ് ശതമാനം.
  34. 1274 വോട്ടർമാർ ഉള്ള പള്ളിക്കാട് 34-ാം വാർഡിൽ 1012 പേരാണ് വോട്ട് ചെയ്തത്. 79.43 ആണ് പോളിംഗ് ശതമാനം.
  35. 1302 വോട്ടർമാർ ഉള്ള സിവിൽ സ്റ്റേഷൻ 35-ാം വാർഡിൽ 975 പേരാണ് വോട്ട് ചെയ്തത്. 74.88 ആണ് പോളിംഗ് ശതമാനം.
  36. 1159 വോട്ടർമാർ ഉള്ള കണ്ടാരംതറ 36-ാം വാർഡിൽ 893 പേരാണ് വോട്ട് ചെയ്തത്. 77.05 ആണ് പോളിംഗ് ശതമാനം.
  37. 1381 വോട്ടർമാർ ഉള്ള പൊറത്തിശ്ശേരി 37-ാം വാർഡിൽ 1128 പേരാണ് വോട്ട് ചെയ്തത്. 81.68 ആണ് പോളിംഗ് ശതമാനം.
  38. 1358 വോട്ടർമാർ ഉള്ള മഹാത്മാ സ്കൂൾ 38-ാം വാർഡിൽ 1048 പേരാണ് വോട്ട് ചെയ്തത്. 77.17 ആണ് പോളിംഗ് ശതമാനം.
  39. 1475 വോട്ടർമാർ ഉള്ള തളിയക്കോണം സൗത്ത് 39-ാം വാർഡിൽ 1108 പേരാണ് വോട്ട് ചെയ്തത്. 75.12 ആണ് പോളിംഗ് ശതമാനം.
  40. 1549 വോട്ടർമാർ ഉള്ള കല്ലട 40-ാം വാർഡിൽ 1216 പേരാണ് വോട്ട് ചെയ്തത്. 78.5 ആണ് പോളിംഗ് ശതമാനം.
  41. 1367 വോട്ടർമാരുള്ള തളിയക്കോണം നോർത്ത് 41-ാം വാർഡിൽ 1010 പേരാണ് വോട്ട് ചെയ്തത്. പോളിങ് ശതമാനം 73.88%
  42. 1325 വോട്ടർമാരുള്ള പുത്തൻതോട് 42-ാം വാർഡിൽ 944 പേരാണ് വോട്ട് ചെയ്തത്. പോളിങ് 71.25%
  43. 1472 വോട്ടർമാരുള്ള പുറത്താട് 43-ാം വാർഡിൽ 1095 പേരാണ് വോട്ട് ചെയ്തത്. പോളിങ് 74.39%.
ഇരിങ്ങാലക്കുട നഗരസഭയിൽ 70.25% പോളിംഗ് : തെരഞ്ഞെടുപ്പ് പൊതുവെ സമാധാനപരം

ഇരിങ്ങാലക്കുട : നഗരസഭയിലെ 43 വാർഡുകളിലായി സജ്ജമാക്കിയ 49 പോളിംഗ് ബൂത്തുകളിലും രാവിലെ 7 മണി മുതൽ തന്നെ വോട്ടർമാർ വോട്ടു രേഖപ്പെടുത്താന്‍ എത്തിയിരുന്നു.

49 പോളിംഗ് ബൂത്തുകളിലും പോളിംഗ് പ്രക്രിയ പൊതുവേ സമാധാനപരമായാണ് പര്യവസാനിച്ചത്.

മൊത്തം 54,905 വോട്ടർമാരുള്ളതിൽ 70.25% പേർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചതായി പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നു.

രാവിലെ മുതൽ ജനങ്ങൾ പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയെത്തിയിരുന്നെങ്കിലും പലയിടത്തും പോളിംഗ് മന്ദഗതിയിലായത് വോട്ടർമാരെ വലച്ചു. പല ബൂത്തുകളിലും മണിക്കൂറുകളോളം വോട്ട് രേഖപ്പെടുത്താൻ വരിനിൽക്കേണ്ട അവസ്ഥയിലായി വോട്ടർമാർ.

കണ്ഠേശ്വരം 25-ാം വാർഡിൽ കൊരുമ്പിശ്ശേരി ലയൺസ് ക്ലബ്ബ് ഹാളിൽ വോട്ടു ചെയ്യാൻ എത്തിയ വോട്ടർമാരിൽ പലർക്കും വോട്ടു ചെയ്യാൻ ഒന്നര മണിക്കൂർ വരെ വരി നിൽക്കേണ്ടി വന്നു.

കാട്ടൂരിൽ മഹിളാ സമാജം വാർഡിൽ 5-ാം നമ്പർ ബൂത്തിൽ പോളിംഗ് ഒരു മണിക്കൂറോളമായി മെഷീൻ കംപ്ലയിൻ്റായി വോട്ടിംഗ് തടസ്സപ്പെട്ടു. പിന്നീട് പുതിയ മെഷീൻ പുന:സ്ഥാപിച്ചിട്ടാണ് പോളിംഗ് പുനരാരംഭിച്ചത്.

നമ്പ്യാങ്കാവ് 8-ാം വാർഡിലെ ഹോളി ഫാമിലി എൽ.പി. സ്കൂളിലെ പോളിംഗ് ബൂത്തിൽ മരിച്ചുപോയ വ്യക്തിയുടെ പേരിൽ കള്ളവോട്ട് ചെയ്യാനുള്ള ശ്രമം എതിർ പാർട്ടിക്കാർ തടഞ്ഞതായി വാർത്തയുണ്ട്.

മരിച്ചുപോയ വൃദ്ധയുടെ പേരിൽ മറ്റൊരു വൃദ്ധയെ കൊണ്ടുവന്ന വോട്ട് ചെയ്യിക്കാനുള്ള ശ്രമമാണ് തടഞ്ഞത്. പരാതിയെ തുടർന്ന് പ്രിസൈഡിങ് ഓഫീസർ വൃദ്ധയെ വോട്ട് ചെയ്യാൻ അനുവദിക്കാതെ തിരിച്ചയച്ചു.

ചലച്ചിത്ര താരങ്ങളായ ടോവിനോ തോമസും ഇടവേള ബാബുവും ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും, അനുപമ പരമേശ്വരൻ ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിലും വോട്ട് രേഖപ്പെടുത്തി.

മുൻ കെപിസിസി ജനറൽ സെക്രട്ടറിയും മുൻ നഗരസഭ ചെയർമാനുമായിരുന്ന എം.പി. ജാക്സൺ എസ്.എൻ. സ്കൂളിലെ ബൂത്തിലും, സിനിമാതാരം ജൂനിയർ ഇന്നസെൻ്റ്, നഗരസഭാ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് എന്നിവർ ഡോൺബോസ്കോ സ്കൂളിലെ ബൂത്തിലും, ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് സ്കൂളിലും, മുൻ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ ടൗൺ ഹാളിലെ ബൂത്തിലും വോട്ട് രേഖപ്പെടുത്തി.

പോളിംഗ് അവസാനിച്ചതിനു ശേഷമുള്ള നടപടി ക്രമങ്ങൾക്കു ശേഷം പോളിംഗ് സാമഗ്രികൾ ഉദ്യോഗസ്ഥർ ഇരിങ്ങാലക്കുട നഗരസഭയിലെ പോളിംഗ് സാമഗ്രികളുടെ വിതരണ, സ്വീകരണ കേന്ദ്രമായ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജിലേക്ക് തിരികെ എത്തിച്ചു.

13ന് ഇവിടെ വെച്ചാണ് നഗരസഭയുടെ വോട്ടെണ്ണൽ നടക്കുക.

പ്രേംകുമാർ മാരാത്ത് നിര്യാതനായി

ഇരിങ്ങാലക്കുട : എടമുട്ടം മാരാത്ത് വേലായുധൻ മകൻ പ്രേംകുമാർ (77) എറണാകുളം ആസ്റ്റർ ഹോസ്പിറ്റലിൽ വച്ച് നിര്യാതനായി.

സമുദായം, ഇന്ദ്രപ്രസ്ഥം തുടങ്ങിയ മലയാള സിനിമകളുടെ നിർമാതാവായിരുന്നു.

സംസ്കാര ചടങ്ങ് ഡിസംബർ 12 (വെള്ളിയാഴ്ച) രാവിലെ 10.30ന് എടമുട്ടത്തുള്ള വീട്ടുവളപ്പിൽ.

ഭാര്യ : സുധർമ്മ. (റിട്ട അധ്യാപിക, എസ് എൻ വിദ്യാഭവൻ)

മക്കൾ : ജെന്നി, ജീന

സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ “രജത നിറവ് സുകൃതം 2025”

ഇരിങ്ങാലക്കുട : സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച “രജത നിറവ് സുകൃതം 2025” രൂപതാ കോർപ്പറേറ്റ് മാനേജർ ഫാ സീജോ ഇരിമ്പൻ ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ റവ.ഫാ.ഡോ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ പ്രിൻസിപ്പൽ പി ആൻസൻ ഡൊമിനിക്, കത്തീഡ്രൽ ട്രസ്റ്റി സാബു ജോർജ്ജ്, പി.ടി.എ. പ്രസിഡന്റ് ഷാജു ജോസ് ചിറയത്ത്, പ്രോഗ്രാം കൺവീനർ ടെൽസൺ കോട്ടോളി, മുൻ പി.ടി.എ.പ്രസിഡന്റ് ഡേവിസ് കണ്ണമ്പിള്ളി, സ്റ്റാഫ് സെക്രട്ടറി എ ടി ഷാലി എന്നിവർ പ്രസംഗിച്ചു.

സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ റിട്ടയർ ചെയ്ത അധ്യാപകരേയും, മുൻ കോർപ്പറേറ്റ് മാനേജർമാരേയും മുൻ സ്കൂൾ മാനേജർമാരേയും, സ്കൂളിൽ നിന്ന് പഠിച്ച് വൈദികരാകാൻ പോകുന്ന ഡിക്കൻമാരേയും, വൈദികരായി ശുശ്രൂഷ ചെയ്യുന്നവരേയും ചടങ്ങിൽ ആദരിച്ചു.

മുൻ കോർപ്പറേറ്റ് മാനേജർമാരായ ഫാ.ജോസ് മഞ്ഞളി, ഫാ.സെബാസ്റ്റ്യൻ മാളിയേക്കൽ, ഫാ.ജോജോ തൊടു പറമ്പിൽ, ഫാ. ജോയ് പാലിയേക്കര, ഫാ.ജോസഫ് തെക്കേത്തല, മുൻ പ്രിൻസിപ്പൽമാരായ പോൾ, ഭരതൻ, ബിജു, റെക്ടി എന്നിവർ പഴയ കാല അനുഭവങ്ങൾ പങ്കുവെച്ചു.

കത്തീഡ്രൽ ദേവാലയത്തിൽ കൃതജ്ഞതാബലിയും ഉണ്ടായിരുന്നു.

ഇരിങ്ങാലക്കുട നഗരസഭ : യു ഡി എഫിൻ്റെ തേരോട്ടം തുടരുമോ ? എൽ ഡി എഫോ എൻ ഡി എയോ അധികാരം പിടിച്ചെടുക്കുമോ ?

ഇരിങ്ങാലക്കുട : നാടിൻ്റെ വികസനത്തിനായി തദ്ദേശ വിഷയങ്ങളിൽ തേരോട്ടം നടത്തി വികസന കുതിപ്പിന്റെ പത്രികകളും കയ്യിലേന്തി വിജയം മാത്രം ലക്ഷ്യമാക്കി നഗരസഭയിലെ 43 വാർഡുകളിലും സ്ഥാനാർത്ഥികൾ രാപ്പകലില്ലാതെ പ്രചരണ രംഗത്ത് ശക്തരായി മാറുന്ന കാഴ്ച്ചയാണ് ഇരിങ്ങാലക്കുടയിൽ കാണാനാവുന്നത്.

ജനവിധി തേടുന്ന 141 സ്ഥാനാർത്ഥികളുടെയും ലക്ഷ്യം വിജയകിരീടം ചൂടുന്ന 43 പേരിൽ ഒരാളാവുക എന്നതു തന്നെയാണ്. മുന്നണികളാകട്ടെ ചെയർമാൻ കസേരയും സ്വപ്നം കണ്ടുള്ള പ്രചരണമാണ് അഴിച്ചു വിട്ടു കൊണ്ടിരിക്കുന്നത്.

നഗരസഭയിലെ വീഥികൾ സ്ഥാനാർത്ഥികളെയും പാർട്ടി അണികളെയും കൊണ്ട് നിറയുമ്പോൾ 34 വാർഡുകളിലും നടക്കാൻ പോകുന്നത് കടുത്ത ത്രികോണമത്സരം തന്നെ എന്നതാണ് സത്യം.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന മാടായിക്കോണം വാർഡിൽ കഴിഞ്ഞ തവണ 194 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മൊത്തം 521 വോട്ടുകൾ നേടിയാണ് എൽഡിഎഫിന്റെ അംബിക പള്ളിപ്പുറത്ത് ജയിച്ചത്. രണ്ടാം സ്ഥാനത്തായിരുന്ന എൻഡിഎയുടെ വേണുപ്രിയ അനിൽകുമാർ കരസ്ഥമാക്കിയത് 327 വോട്ടുകൾ. 93 വോട്ടുകളായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി നേടിയിരുന്നത്. ഇപ്രാവശ്യവും കടുത്ത മത്സരത്തിന് തന്നെയാണ് 15 വർഷമായി ഇടതുപക്ഷം വെന്നിക്കൊടി നാട്ടുന്ന മാടായിക്കോണം വാർഡ് സാക്ഷിയാകുന്നത്.

ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് കൂടിയായ ആർ എൽ ശ്രീലാലിനെയാണ് എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. ഇടതു മുന്നണിക്ക് ഭൂരിപക്ഷം കിട്ടിയാൽ ചെയർമാൻ സ്ഥാനത്തേക്കു വരെ പരിഗണിക്കപ്പെടാൻ ഇടയുള്ള വ്യക്തിയാണ് ശ്രീലാൽ. രണ്ടു പ്രാവശ്യം കൗൺസിലറായ എൻഡിഎയുടെ ടി.കെ. ഷാജുവും യുഡിഎഫിന്റെ വിനീത് പള്ളിപ്പുറവും ശക്തരായ പോരാളികളായി എതിർ സ്ഥാനത്തുണ്ട്. കരുവന്നൂർ ബാങ്ക് വിഷയവും കുടിവെള്ളക്ഷാമവും ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയും, ആനാട്ടുകടവിലെ ടൂറിസം പദ്ധതിയുമെല്ലാം പ്രചാരണ ആയുധമാക്കിയാണ് ഇവിടെ മൂന്നു മുന്നണികളും തെരഞ്ഞെടുപ്പ് കളത്തിൽ ചുവടുറപ്പിച്ചിരിക്കുന്നത്.

യുഡിഎഫിന് ഭരണം ലഭിക്കുകയാണെങ്കിൽ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഒരേ ഒരു പേര് എം.പി. ജാക്സൻ്റെതാണ്. ജാക്സൻ മത്സരിക്കുന്ന മുനിസിപ്പൽ ഓഫീസ് വാർഡിൽ കഴിഞ്ഞ തവണ യുഡിഎഫിന്റെ ഒ.എസ്. അവിനാഷ് വിജയിച്ചത് 222 വോട്ടിന്റെ ഭൂരിപക്ഷത്തോടെ മൊത്തം 402 വോട്ടുകൾ നേടിയാണ്. ഇപ്രാവശ്യവും ഈ ഭൂരിപക്ഷം തന്റെ വിജയത്തിന് സഹായകമാകും എന്ന ഉറപ്പിലാണ് എം.പി. ജാക്സൺ. വാർഡിൽ 180 വോട്ടുകൾ എൽഡിഎഫും 158 വോട്ടുകൾ എൻഡിഎയും സ്വതന്ത്ര സ്ഥാനാർഥി 19 വോട്ടുകളും കഴിഞ്ഞ തവണ നേടിയിരുന്നു. ഈ കണക്കുകൾ തന്നെയാണ് എം.പി. ജാക്സന്റെ ആത്മവിശ്വാസത്തിന് പിന്നിൽ. ഈ ആത്മവിശ്വാസത്തെ തകർക്കാൻ ഉറപ്പിച്ച് തന്നെയാണ് എൻഡിഎയുടെ ആർ. ബാലസൂര്യനും എൽഡിഎഫിന്റെ മാർട്ടിൻ ആലേങ്ങാടനും പ്രചരണ രംഗത്ത് ശക്തരായി തുടരുന്നത്.

മൂർക്കനാട് വാർഡിൽ വീണ്ടും അങ്കത്തട്ടിലേക്ക് ഇറങ്ങിയ നസീമ കുഞ്ഞുമോൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൊത്തം 431 വോട്ടുകൾ നേടി 55 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. തൊട്ടു പിന്നാലെ 376 വോട്ടുകൾ നേടി യുഡിഎഫും ശക്തമായി മത്സര രംഗത്ത് ഉണ്ടായിരുന്നു. ഇപ്രാവശ്യവും വോട്ടർമാർ നസീമ കുഞ്ഞുമോനെ തന്നെ തുണയ്ക്കുമോ എന്ന് കണ്ടറിയണം. കാരണം വാർഡിൽ ഇക്കുറി മത്സര രംഗത്തുള്ളത് 5 സ്ഥാനാർത്ഥികളാണ്. കോൺഗ്രസിന്റെ ചിന്ത ധർമരാജനും, എൻഡിഎയുടെ സുദീപ സന്ദീഷും ഒപ്പം കെ.ബി. ശ്രീധരനും ഷിയാസ് പാളയംകോടും സ്വതന്ത്രരായി മത്സര രംഗത്തുണ്ട്.

തുടർച്ചയായി രണ്ടു പ്രാവശ്യവും തൻ്റെ വാർഡിൽ നിന്ന് വിജയിച്ച ആത്മവിശ്വാസത്തോടെ വീണ്ടും പോരാട്ടത്തിന് ഇറങ്ങിയിരിക്കുകയാണ് കരുവന്നൂരിൽ എൽഡിഎഫിന്റെ അൽഫോൻസ തോമസ്. മൊത്തം 494 വോട്ടുകൾ നേടി 217 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അൽഫോൻസ തോമസ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൻ്റെ വിജയം ഉറപ്പിച്ചത്. 217 വോട്ടുകൾ നേടി എൻഡിഎ ആണ് വാർഡിൽ രണ്ടാം സ്ഥാനത്ത് തേരോട്ടം നടത്തിയത്. ഇപ്രാവശ്യം യുഡിഎഫിന്റെ സിജോ ആൻ്റണിയും എൻഡിഎയുടെ പി.എൻ. സന്തോഷുമാണ് എതിർ സ്ഥാനത്ത് മത്സരിക്കുന്നത്. അതിനാൽ തന്നെ ജനവിധി എന്താകുമെന്നത് കണ്ടു തന്നെ അറിയണം.

ബിജെപി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡൻ്റ് കൂടിയായ ആർച്ച അനീഷും, നിലവിലെ നഗരസഭ വൈസ് ചെയർമാനായ ബൈജു കുറ്റിക്കാടനും എൽഡിഎഫിന്റെ പി.സി. രഘുവും പോരാട്ടത്തിനിറങ്ങുന്ന മാപ്രാണം വാർഡ് ഇപ്രാവശ്യം ആരുടെ കൂടെ നിൽക്കും എന്നത് കണ്ടറിയേണ്ട വസ്തുത തന്നെയാണ്. കഴിഞ്ഞ തവണ എൻഡിഎ സ്ഥാനാർഥി ആർച്ച അനീഷ് മൊത്തം 358 വോട്ടുകൾ നേടി കേവലം 2 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയം ഉറപ്പിച്ചത്. തൊട്ടു പിന്നാലെ 356 വോട്ടുകൾ നേടി എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥി കടുത്ത പോരാട്ടം നടത്തിയപ്പോൾ 287 വോട്ടുകൾ നേടി യുഡിഎഫും മത്സരരംഗത്ത് വേരുറപ്പിച്ചിരുന്നു. അതിനാൽ തന്നെ ഇപ്രാവശ്യത്തെ മാപ്രാണം വാർഡിലെ തെരഞ്ഞെടുപ്പ് നിർണായകമാണ്. മത്സരം കടുക്കുമ്പോൾ കഴിഞ്ഞ കാലഘട്ടത്തിലെ വികസന നേട്ടങ്ങൾ ഉയർത്തി പിടിച്ചാണ് ആർച്ച അനീഷും ബൈജു കുറ്റിക്കാടനും പ്രചരണത്തിനിറങ്ങിയിരിക്കുന്നത്. കോന്തിപുലംപാടത്തെ പ്രശ്നങ്ങൾ ഉയർത്തി കാണിച്ച് എൽഡിഎഫ് സ്ഥാനാർത്ഥിയും പ്രചരണ രംഗത്തെ ചൂടുപിടിപ്പിക്കുന്നുണ്ട്.

യുഡിഎഫിന്റെ തന്നെ വിമതർ പത്രിക പിൻവലിക്കാതെ പോരാട്ടത്തിന് ഇറങ്ങുന്ന മുനിസിപ്പൽ ഹോസ്പിറ്റൽ വാർഡിലും ഇപ്രാവശ്യം മത്സരം കടുക്കും. മൊത്തം 497 വോട്ടുകൾ നേടി 320 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ യുഡിഎഫിന്റെ പി.ടി. ജോർജ്ജ് വാർഡിൽ വിജയക്കൊടി പാറിച്ചത്. എൽഡിഎഫ് 177 വോട്ടുകളും, എൻഡിഎ സ്ഥാനാർത്ഥി 29 വോട്ടുകളുമാണ് അന്ന് നേടിയത്. എന്നാൽ ഇക്കുറി യുഡിഎഫിൻ്റെ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെ എതിർക്കാൻ കോൺഗ്രസ് പാർട്ടിയിൽ നിന്നുള്ള ഒരു വിമതനും രംഗത്തുണ്ട്. ഇത് ഇവിടത്തെ വോട്ടുകളെ എങ്ങനെ ബാധിക്കും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. ജനങ്ങൾ ആർക്കൊപ്പമാണ് എന്നും മുനിസിപ്പൽ ഹോസ്പിറ്റൽ വാർഡിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിക്കുമോ എന്നതും കണ്ടറിയാം.

ശക്തമായ മത്സരത്തിനൊരുങ്ങുന്ന കാരുകുളങ്ങരയിൽ മുൻ നഗരസഭാ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ വീണ്ടും അങ്കത്തട്ടിലേക്ക് ഇറങ്ങിയത് കഴിഞ്ഞ തവണ മൊത്തം 570 വോട്ടുകൾ നേടി 186 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ തവണ എൻഡിഎ ആകട്ടെ ഈ വാർഡിൽ 384 വോട്ടുകളാണ് നേടിയത്. ഇപ്രാവശ്യം സുജയുടെ എതിർ സ്ഥാനാർത്ഥി ബിജെപി പാർലമെൻ്ററി പാർട്ടി നേതാവ് സന്തോഷ് ബോബനാണ്. 10 വർഷത്തെ കൗൺസിലർ പദവിയിലെ പ്രവൃത്തി പരിചയവുമായി ഇരുവരും രംഗത്തിറങ്ങുമ്പോൾ എൽഡിഎഫിന്റെ ഡേവിഡ് ചെമ്പകശ്ശേരിയും ആം ആദ്മി പാർട്ടിയുടെ ഡിക്സൺ കൂവക്കാടനും മത്സരരംഗത്തുണ്ട്. അതിനാൽ തന്നെ വാർഡിൽ പോരാട്ടച്ചൂട് കൂടുകയാണ്.

കൂടൽമാണിക്യം വാർഡിലും കടുത്ത ത്രികോണ മത്സരമാണ് ഇക്കുറി. നിലവിലെ കൗൺസിലർ സ്മിത കൃഷ്ണകുമാറിനെ തന്നെയാണ് എൻഡിഎ രംഗത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ മൊത്തം 459 വോട്ടുകൾ നേടി 211 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സ്മിത കൃഷ്ണകുമാർ വിജയിച്ചത്. എന്നാൽ ഇപ്രാവശ്യം വാർഡ് തിരിച്ചു പിടിക്കാൻ ശക്തമായ സ്ഥാനാർത്ഥികളെ തന്നെയാണ് എൽഡിഎഫും യുഡിഎഫും രംഗത്തിറക്കിയിരിക്കുന്നത്. മുൻ കൗൺസിലർ കൂടിയായ കെ.എൻ. ഗിരീഷിനെയാണ് യു.ഡി.എഫ്. ഇക്കുറി ഇവിടെ അങ്കത്തട്ടിലിറക്കിയിരിക്കുന്നത്. എൽ.ഡി.എഫിന്റെ എം.ആർ. ശരത്തും ഒപ്പത്തിനൊപ്പം മത്സര രംഗത്തുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 17 സീറ്റുകൾ യുഡിഎഫും 16 സീറ്റുകൾ എൽഡിഎഫും 8 സീറ്റുകൾ എൻഡിഎയും തൂത്തുവാരി. നിലവിലെ കൗൺസിലിൽ ഏറ്റവും കൂടുതൽ സീറ്റു ലഭിച്ച മുന്നണി എന്ന നിലയിൽ യുഡിഎഫ് ഭരണം സ്വന്തമാക്കിയപ്പോൾ ഇപ്രാവശ്യം മൂന്നു മുന്നണികളും ഭരണം പിടിച്ചെടുക്കാനുള്ള തേരോട്ടം തന്നെയാണ് 43 വാർഡുകളിലും നടത്തിക്കൊണ്ടിരിക്കുന്നത്.
അതോ നിലവിലുള്ളതു പോലെ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത ഒരു തൂക്കു കൗൺസിലായിരിക്കുമോ ഇരിങ്ങാലക്കുടയിൽ വരിക ? ഈ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാൻ ഡിസംബർ 13 വരെ കാത്തിരിക്കേണ്ടി വരും.

അവിട്ടത്തൂർ കീഴ്തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രം – നടപ്പുര സമർപ്പണം.

ഇരിങ്ങാലക്കുട : അവിട്ടത്തൂർ കീഴ്തൃകോവിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ദുർഗ്ഗാ ഭഗവതിക്ക് പണിതീർത്ത നടപ്പുരയുടെ സമർപ്പണം മുഞ്ചിറ മഠം മൂപ്പിൽ സ്വാമിയാർ പൂജ്യ നാരായണ ബ്രഹ്മാനന്ദതീർത്ഥ നിർവ്വഹിച്ചു.

തുടർന്ന് ദീപം തെളിയിക്കൽ, ലളിതാ സഹസ്രനാമജപം, ഭജന, പ്രസാദ വിതരണം എന്നിവ നടന്നു.