സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മൂർക്കനാട് സെന്റ് ആന്റണീസ് എൽ.പി. സ്കൂളിലെ വിദ്യാർഥികൾക്കായി ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ നേത്ര ഐ കെയർ സെന്ററുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

ലയൺ ക്ലബ്ബ് പ്രസിഡന്റ് അഡ്വ. മനോജ് ഐബൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ ഫാ. സിന്റോ മാടവന അധ്യക്ഷത വഹിച്ചു.

ലയൺസ് ക്ലബ്ബ് സെക്രട്ടറി ഗോപിനാഥ് മേനോൻ മുഖ്യപ്രഭാഷണം നടത്തി.

ഹെഡ്മിസ്ട്രസ് കെ.ഐ. റീന സ്വാഗതവും പ്രിൻസിപ്പൽ കെ.എ. വർഗ്ഗീസ് നന്ദിയും പറഞ്ഞു.

ഹയർ സെക്കൻഡറി സ്കൂളിലെ റോവർ സ്കൗട്ട്സ് ആൻഡ് റെയ്ഞ്ചേഴ്സ് യൂണിറ്റ്, ലയൺസ് ക്ലബ്ബ് ഭാരവാഹികളായ സുധീർ ബാബു, തോമസ് കാളിയങ്കര, അധ്യാപകരായ ജിജി വർഗ്ഗീസ്, രമാദേവി എന്നിവർ നേതൃത്വം നൽകി.

മാള ജ്വല്ലറി മോഷണ കേസിലെ പ്രതിയായ വെസ്റ്റ് ബംഗാൾ സ്വദേശിയെ 36 മണിക്കൂറിനുള്ളിൽ പിടികൂടി

ഇരിങ്ങാലക്കുട : മാളയിലെ “നവരത്നം ജ്വല്ലറി വർക്സ്” ജ്വല്ലറിയിൽ മോഷണം നടത്തിയ പ്രതിയെ 36 മണിക്കൂറിനുള്ളിൽ പിടികൂടി പ്രത്യേക അന്വേഷണ സംഘം മികവു തെളിയിച്ചു.

വെസ്റ്റ് ബംഗാൾ മൂർഷിദബാദ് സ്വദേശിയായ ജിബു സർക്കറിനെ (26) മാള അന്നമനടയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച പുലർച്ചെ 2 മണിയോടെ ആലത്തൂർ പഷ്ണത്ത് വീട്ടിൽ രവീന്ദ്രൻ്റെ ഉടമസ്ഥതയിൽ മാള വലിയപറമ്പിലുള്ള ജ്വല്ലറിയുടെ ലോക്ക് പൊളിച്ച് അകത്ത് കയറിയ പ്രതി ഷോ കേയ്‌സിൽ സൂക്ഷിച്ചിരുന്ന 1,58,000 രൂപ വില വരുന്ന പതിമൂന്ന് ഗ്രാം സ്വർണ്ണാഭരണവും, മേശയിൽ സൂക്ഷിച്ചിരുന്ന 21000 രൂപ വിലവരുന്ന 100 ഗ്രാം വെള്ളിയാഭരണവും മോഷ്ടിക്കുകയായിരുന്നു.

പുലർച്ചെ സൈക്കിളിൽ ജ്വല്ലറിയിലേക്ക് എത്തിയ പ്രതി, ജ്വല്ലറിയുടെ മുൻവശത്തേക്ക് തിരിച്ച് വച്ചിരിക്കുന്ന സി.സി.ടി.വി. ക്യാമറ ഫ്ലക്സ് ബോർഡ് വെച്ച് മറച്ച് വെച്ചതിന് ശേഷമാണ് മുൻവശത്തെ ലോക്ക് തകർത്ത് അകത്ത് കടന്നത്.

സംഭവസ്ഥലത്തെത്തിയ ഫോറൻസിക് വിദഗ്ധർ, ഫിംഗർ പ്രിന്റ് എക്സ്പേർട്ട്, ഡോഗ് സ്ക്വാഡ്, സൈബർ വിദഗ്ധർ എന്നിവർ തെളിവുകൾ ശേഖരിച്ചും മറ്റും നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്.

തെളിവെടുപ്പിനും മറ്റ് നടപടിക്രമങ്ങൾക്കും ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

ഇരിങ്ങാലക്കുട ഡിവൈഎസ്പി സി.എൽ. ഷാജു, മാള ഇൻസ്പെക്ടർ സജിൻ ശശി, എസ്ഐ പി.എം. റഷീദ്, എ എസ് ഐമാരായ രാജീവ് നമ്പീശൻ, നജീബ് ബാവ, ഇ.എസ്. ജീവൻ, സീനിയർ സിപിഒ ടി.എസ്. ശ്യാം, സി പി ഓമാരായ കെ.എസ്. ഉമേഷ്, ഇ.ബി. സിജോയ്, ഹരികൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : എലിഞ്ഞിപ്ര സെൻ്റ് ഫ്രാൻസിസ് അസ്സീസി ഇടവകയിൽ സോഷ്യൽ ആക്ഷൻ സംഘടനയും കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബ് ഇന്റർനാഷണലും സംയുക്തമായി, അങ്കമാലി അഡ്ലക്സ് – അപ്പോളോ ആശുപത്രി, ഡിവൈൻ ഹിയർ & സ്പീച്ച് സെന്റർ എന്നിവരുമായി സഹകരിച്ച് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ഇടവക വികാരി ഫാ. ജെയിൻ തെക്കേക്കുന്നേൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് വർഗ്ഗീസ് മേനാച്ചേരി അധ്യക്ഷത വഹിച്ചു.

ആറായിരത്തിലധികം മെഡിക്കൽ ക്യാമ്പുകൾ നടത്തിയ ലയൺസ് ഇന്റർനാഷണൽ കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണിയെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.

കേന്ദ്രസമിതി പ്രസിഡന്റ് വർഗ്ഗീസ് പായപ്പൻ, ട്രസ്റ്റിമാരായ ഡേവിസ് കിഴക്കൂടൻ, ഡേവിസ് വെള്ളാനി എന്നിവർ ആശംസകൾ നേർന്നു.

കൺവീനർ വിൽസൻ പായപ്പൻ സ്വാഗതവും സംഘടന വൈസ് പ്രസിഡന്റ് ദേവസ്സി ചെങ്ങിനിയാടൻ നന്ദിയും പറഞ്ഞു.

കാട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിടത്തിന് 2 കോടി രൂപയുടെ ഭരണാനുമതി : മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിലെ കാട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 2 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2025 – 26 വർഷത്തെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് തുക വകയിരുത്തിയിരിക്കുന്നത്.

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ സമഗ്ര പുരോഗതിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണത്തിന് തുക അനുവദിച്ചതെന്നും ഇനിയും ഇരിങ്ങാലക്കുടയിലെ പൊതുവിദ്യാഭ്യാസരംഗത്ത് നിരവധി വികസന പ്രവർത്തികൾ കൊണ്ടുവരുമെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു.

സാങ്കേതിക അനുമതി കൂടി ലഭ്യമാക്കി ഉടൻ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ 60 ലക്ഷം രൂപയുടെ പുതിയ ഒ.പി. ബ്ലോക്ക് കെട്ടിടം : ശിലാസ്ഥാപനം 28ന്

ഇരിങ്ങാലക്കുട : പൂമംഗലം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ എംഎൽഎ ഫണ്ട് വിനിയോഗിച്ച് നിർമ്മിക്കുന്ന പുതിയ ഒ.പി. ബ്ലോക്ക് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ഒക്ടോബർ 28ന് രാവിലെ 11 മണിക്ക് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും.

മന്ത്രിയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 60 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ ഒ.പി. ബ്ലോക്ക് കെട്ടിടം നിർമ്മിക്കുന്നത്.

പുതിയതായി നിർമ്മിക്കുന്ന കെട്ടിടത്തിൽ 3 ഒ.പി. റൂം, റിസപ്ഷൻ ഏരിയ, വെയ്റ്റിംഗ് ഏരിയ, നേഴ്സിംഗ് സ്റ്റേഷൻ, ഭിന്നശേഷിക്കാർക്ക് ഉൾപ്പെടെയുള്ള ടോയ്ലറ്റുകൾ എന്നിവയെല്ലാമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

നിർമ്മാണോദ്ഘാടന ചടങ്ങിൽ പൂമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിക്കും.

129 അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ തസ്തിക സൃഷ്ടിക്കണം : കേരള ഫയർ സർവ്വീസ് അസോസിയേഷൻ

ഇരിങ്ങാലക്കുട : 129 അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ തസ്തിക സൃഷ്ടിക്കണമെന്ന് കേരള ഫയർ സർവ്വീസ് അസോസിയേഷൻ ഇരിങ്ങാലക്കുട യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

മേഖല സെക്രട്ടറി എൻ. ഷാജി സമ്മേളനം ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കമ്മറ്റി അംഗം ഉല്ലാസ് എം. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

യൂണിറ്റ് കൺവീനർ കൃഷ്ണരാജ്, സജിത്ത് എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി സജിത്ത് (യൂണിറ്റ് കൺവീനർ), കൃഷ്ണരാജ്, സജയൻ, ഉല്ലാസ് എം. ഉണ്ണികൃഷ്ണൻ (മേഖലാ കമ്മറ്റി അംഗങ്ങൾ), ശിവപ്രസാദ് (യൂണിറ്റ് ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന് 26.58 കോടി രൂപ അനുവദിച്ചു : ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് & ആർട്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അടിസ്ഥാന വികസനത്തിന് 26,58,53,104 രൂപയുടെ പ്രൊപോസലിന് ക്യാബിനറ്റ് അംഗീകാരമായതായി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.

കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി പരിഗണിക്കാൻ തീരുമാനിച്ചിട്ടുള്ള പ്രൊപ്പോസലിൽ സ്റ്റാഫ് ക്വാർട്ടേഴ്‌സ് നിർമ്മാണം, ഷൂട്ടിങ് ആവശ്യമുള്ള തൊറാഫ ഫ്ലോർ നിർമ്മാണം, ആംഫി തിയേറ്റർ നിർമ്മാണം, നിലവിലുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ, ഭിന്നശേഷി സൗഹൃദ സംവിധാനങ്ങൾ, മഴവെള്ളകൊയ്ത്തിനുള്ള സംവിധാനം, സൗരോർജ്ജ പ്ലാന്റിന്റെയും വഴിവിളക്കുകളുടെയും സ്ഥാപനം, സെൻട്രലൈസ്ഡ് സ്റ്റോർ, ബയോഗ്യാസ് പ്ലാന്റ്, മ്യൂസിക് സ്റ്റുഡിയോ, പുതിയ ഷൂട്ടിംഗ് ഫ്ലോറിനായുള്ള സ്ഥലം വാങ്ങൽ എന്നിവ ഉൾപ്പെടുമെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു.

മധുരം ജീവിതം – ജീവധാരമനുഷ്യച്ചങ്ങല : പുല്ലൂരിൽ പ്രചരണ പദയാത്ര നടത്തി

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഡിസംബർ 25ന് വൈകീട്ട് 4 മണിക്ക് പുല്ലൂർ പൊതുമ്പുചിറക്ക് സമീപം “വേണ്ട ലഹരി, മുരിയാടിൻ്റെ യുവത ജീവിത ലഹരിയിലേക്ക്” എന്ന ആശയമുയർത്തി നടത്തുന്ന മനുഷ്യച്ചങ്ങലയുടെ പ്രചരണാർത്ഥം പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ. ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു.

പുല്ലൂർ ഐ.ടി.സി.ക്ക് സമീപത്ത് നിന്നും ആരംഭിച്ച പദയാത്ര സെൻ്റ് സേവിയേഴ്സ് ഐ.ടി.സി. മാനേജർ ഫാ. ജോയ് വട്ടോളി ഫ്ലാഗ് ഓഫ് ചെയ്തു.

വൈസ് പ്രസിഡൻ്റ്
രതി ഗോപി, ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ കെ.യു. വിജയൻ, പഞ്ചായത്തംഗങ്ങളായ സേവ്യർ ആളൂക്കാരൻ, മണി സജയൻ, നിഖിത അനൂപ്, ക്രൈസ്റ്റ് കോളെജ് എൻ.എസ്.എസ്. കോർഡിനേറ്റർ അജിത്, അസിസ്റ്റൻ്റ് സെക്രട്ടറി മനോജ് മുകുന്ദൻ എന്നിവർ നേതൃത്വം നൽകി.

പദയാത്രയോടനുബന്ധിച്ച് ക്രൈസ്റ്റ് എൻ.എസ്.എസ്. വൊളൻ്റിയർമാർ അവതരിപ്പിച്ച ഫ്ളാഷ് മോബും തെരുവുനാടകവും അരങ്ങേറി.

സേക്രഡ് ഹാർട്ട് ആശുപത്രി അഡ്മിനിസ്ട്രേറ്റർ സി. ഫ്ളാറൻസ് സമാപന സന്ദേശം നൽകി.

ശബരിമലയിലെ നിയുക്ത മേൽശാന്തിയെ ആദരിച്ച് എൻഎസ്എസ് നേതാക്കൾ

ഇരിങ്ങാലക്കുട : ശബരിമലയിലെ നിയുക്ത മേൽശാന്തി ഏറന്നൂർ മനയിൽ ഇ.ഡി. പ്രസാദ് തിരുമേനിയെ മുകുന്ദപുരം താലൂക്ക് എൻഎസ്എസ് ഭാരവാഹികൾ അദ്ദേഹത്തിൻ്റ വസതിയിൽ ചെന്ന് ആദരിച്ചു.

യൂണിയൻ ചെയർമാൻ അഡ്വ. ഡി. ശങ്കരൻകുട്ടി പൊന്നാട അണിയിച്ച് ആദരിക്കുകയും ഉപഹാരം സമർപ്പിക്കുകയും ചെയ്തു.

യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ, കമ്മറ്റി അംഗങ്ങളായ സുനിൽ കെ. മേനോൻ, സി. വിജയൻ, നന്ദൻ പറമ്പത്ത്, രവീന്ദ്രൻ കണ്ണൂർ, എൻ. ഗോവിന്ദൻകുട്ടി, വനിതാ യൂണിയൻ വൈസ് പ്രസിഡൻ്റ് ചന്ദ്രിക സുരേഷ്, സ്മിത ജയകുമാർ, എൻഎസ്എസ് ഇൻസ്പെക്ടർ ബി. രതീഷ് എന്നിവർ സംബന്ധിച്ചു.

ചാലക്കുടി തവളക്കുഴിപ്പാറയിലെ ആദിവാസി ഊരുകളിലെ ഭൗതികസാഹചര്യം മെച്ചപ്പെടുത്താനൊരുങ്ങി ഐസിഎൽ

ഇരിങ്ങാലക്കുട : ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ അധീനതയിലുള്ള ചാലക്കുടി ഉൾവനാന്തരങ്ങളിലെ തവളക്കുഴിപ്പാറയിലെ ആദിവാസി ഊരുകളിൽ താമസിക്കുന്ന നിർദ്ധനരായ 44 കുടുംബങ്ങളുടെ വീടുകളുടെ അറ്റകുറ്റപ്പണികൾ നടത്താനും, അവർക്ക് വേണ്ടിയുള്ള വെള്ളം, വെളിച്ചം, വഴി പോരായ്‌മകൾ പരിഹരിക്കാനും, കുട്ടികളുടെ പ്ലസ്ടു വരെയുള്ള വിദ്യാഭ്യാസം സൗജന്യമായി നൽകി ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുമുള്ള പദ്ധതി ഐസിഎൽ ഫിൻകോർപ്പ് ഏറ്റെടുക്കുന്നതായി ചെയർമാൻ അഡ്വ. കെ.ജി. അനിൽകുമാർ അറിയിച്ചു.

കാടിനുള്ളിൽ മാത്രം ജീവിച്ചു ശീലിച്ച മലയ വിഭാഗത്തിൽപ്പെട്ടവരുടെ വീടുകളുടെ ശോചനീയാവസ്ഥ നേരിൽ കണ്ടശേഷം സ്ഥലം എംഎൽഎ സനീഷ്കുമാർ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തുകയും സഹായം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

തൻ്റെ മകൻ അമൽജിത്തിൻ്റെ വിവാഹത്തോടനുബന്ധിച്ച് പാവപ്പെട്ട ഈ ആദിവാസി സമൂഹത്തിൻ്റെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള തീവ്രശ്രമം തുടരുമെന്നും അഡ്വ. കെ.ജി. അനിൽകുമാർ അറിയിച്ചു.