ആരോഗ്യമുള്ള ജനതയാണ് നാടിൻ്റെ സമ്പത്ത് : അഡ്വ. തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട : ഭൗതികമായി എത്ര നേട്ടം കൈവരിച്ചാലും ആരോഗ്യമുള്ള ജനതയാണ് ഒരു നാടിൻ്റെ സമ്പത്ത് എന്ന് മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ അഭിപ്രായപ്പെട്ടു. 

കരുവന്നൂർ സെൻ്റ് മേരീസ് പള്ളിയിൽ കത്തോലിക്ക കോൺഗ്രസ്സും അമല ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ അത് വരാതിരിക്കാനുള്ള മുൻകരുതലുകളാണ് സ്വീകരിക്കേണ്ടതെന്നും അതിനായി ഇത്തരം മെഡിക്കൽ ക്യാമ്പുകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

ചടങ്ങിൽ കത്തോലിക്ക കോൺഗ്രസ് പ്രസിഡൻ്റ് ജോസഫ് തെക്കൂടൻ അധ്യക്ഷത വഹിച്ചു. 

ഡയറക്ടർ ഫാ. ഡേവിസ് കല്ലിങ്ങൽ മുഖ്യപ്രഭാഷണം നടത്തി. 

ആ ബാ ചാരിറ്റബിൾ സൊസൈറ്റി കൺവീനർ ജിജോ ജോസ് ക്യാമ്പിനെക്കുറിച്ച് വിശദീകരിച്ചു. 

കൈക്കാരൻ ലൂയീസ് തരകൻ ആശംസകൾ നേർന്നു. 

വൈസ് പ്രസിഡൻ്റ് ഷാബു വിതയത്തിൽ സ്വാഗതവും പ്രോഗ്രാം കൺവീനർ ടോബി തെക്കൂടൻ നന്ദിയും പറഞ്ഞു. 

ജനറൽ മെഡിസിൻ, ഗൈനക്കോളജി, സർജറി, കാർഡിയോളജി, ഇ.എൻ.ടി., ഓർത്തോ, കിഡ്നി എന്നീ ഏഴ് ചികിത്സാ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടർമാരും അമല മെഡിക്കൽ ടീമും മെഗാ ക്യാമ്പിന് നേതൃത്വം നൽകി. 

പാപ്പ് സ്മിയർ ടെസ്റ്റ്, ഓഡിയോമെട്രി, ഇ.സി.ജി., ബി.പി., ഷുഗർ തുടങ്ങിയ ടെസ്റ്റുകളും പ്രത്യേകമായി കിഡ്നി സ്ക്രീനിംഗ് ടെസ്റ്റും ഉണ്ടായിരുന്നു.

300 ഓളം പേർ പങ്കെടുത്ത ക്യാമ്പിൽ മുഴുവൻ പരിശോധനകളും തുടർന്നുള്ള മരുന്ന് വിതരണവും സൗജന്യമായിരുന്നു. 

ക്യാമ്പിൽ പങ്കെടുത്ത രോഗികൾക്ക് അമലയിലെ തുടർചികിത്സകൾക്ക് 40 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.

സ്ത്രീ സുരക്ഷാ പദ്ധതികൾ അട്ടിമറിച്ചു : നഗരസഭയിലെ യുഡിഎഫ് ഭരണസമിതിക്കെതിരെ മഹിളാ അസോസിയേഷന്റെ പ്രതിഷേധം

ഇരിങ്ങാലക്കുട : കേരള സർക്കാർ നടപ്പിലാക്കുന്ന സ്ത്രീ സുരക്ഷാ പദ്ധതികൾ അട്ടിമറിക്കുകയും, കുടുംബശ്രീ സംവിധാനത്തെ വെല്ലുവിളിക്കുകയും, സ്ത്രീകൾക്കെതിരായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന ഇരിങ്ങാലക്കുട നഗരസഭയിലെ യുഡിഎഫ് ഭരണസമിതിക്കെതിരെ മഹിളാ അസോസിയേഷൻ ഇരിങ്ങാലക്കുട മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും ധർണയും സംഘടിപ്പിച്ചു. 

പൂതംകുളം മൈതാനത്തുനിന്ന് ആരംഭിച്ച റാലി ഷീ ലോഡ്ജിനും, ടേക്ക് എ ബ്രേക്കിനും മുന്നിൽ റീത്തുവച്ച ശേഷം നഗരസഭ ആസ്ഥാനത്തിന് മുന്നിലെത്തി. 

മഹിളാ റാലിക്ക് സി.എം. സാനി, ലേഖ ഷാജൻ, സതി സുബ്രഹ്മണ്യൻ എന്നിവർ നേതൃത്വം നൽകി.

വനിതാ റാലിക്ക് ശേഷം നഗരസഭ ആസ്ഥാനത്തിന് മുന്നിൽ നടന്ന ധർണ്ണ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റും നഗരസഭാ പ്രതിപക്ഷ നേതാവുമായ അഡ്വ. കെ.ആർ. വിജയ ഉദ്ഘാടനം ചെയ്തു. 

ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനും മഹിളാ അസോസിയേഷൻ ഇരിങ്ങാലക്കുട ഏരിയ വൈസ് പ്രസിഡൻ്റുമായ അംബിക പള്ളിപ്പുറത്ത് അധ്യക്ഷത വഹിച്ചു. 

ജില്ലാ വൈസ് പ്രസിഡൻ്റ് വത്സല ബാബു സമരത്തെ അഭിവാദ്യം ചെയ്തു. 

നഗരസഭാ മുൻ കൗൺസിലറും അഖിലേന്ത്യ മഹിളാ അസോസിയേഷൻ ഏരിയ കമ്മിറ്റി അംഗവുമായ മീനാക്ഷി ജോഷി സ്വാഗതവും നഗരസഭാ കൗൺസിലർ നസീമ കുഞ്ഞുമോൻ നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട നമോഭവനിൽ ബിജെപി ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : തൃശൂർ സൗത്ത് ജില്ലാ ഓഫീസായ നമോ ഭവനിൽ ബിജെപി ഹെൽപ് ഡെസ്ക് തൃശൂർ സൗത്ത് ജില്ലാ പ്രഭാരി എം.എ. വിനോദ് ആയുഷ് ഭാരത് ഇൻഷുറൻസ് കാർഡ് പ്രസന്ന എന്ന അമ്മയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു.

രാവിലെ 10 മണിക്ക് നമോഭവനിൽ വച്ച് നടന്ന മഹനീയ ചടങ്ങിൽ ജില്ലാ പ്രസിഡൻ്റ് എ.ആർ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. 

ഹെൽപ്പ് ഡെസ്കിനെ സമീപിക്കുന്നവർക്കായി നമോഭവൻ്റെ പുതിയ ഗേറ്റിലൂടെ സഹായങ്ങൾക്കായി കടന്നു വരാം. 

ജില്ലാ ജനറൽ സെക്രട്ടറിമാരായ കൃപേഷ് ചെമ്മണ്ട, കെ.പി. ഉണ്ണികൃഷ്ണൻ, കെ.പി. ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ഹെൽപ് ഡെസ്ക് നമ്പർ: 

8137019922, 9037959922

ഏങ്ങണ്ടിയൂർ പ്രവാസി സിൻഡിക്കേറ്റ് ചിറ്റ്സ് കമ്പനി കുറി നടത്തി തീർക്കാതെ മുങ്ങി ;പരാതിക്കാരന് 5,95,000 രൂപയും പലിശയും നൽകണമെന്ന് തൃശൂർ ഉപഭോക്തൃ കോടതി

തൃശൂർ : കുറി നടത്തി തീർക്കാതെ മുങ്ങിയതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.

ചാവക്കാട് പാലയൂർ സ്വദേശി കറുപ്പം വീട്ടിൽ കെ വി ഷംസുദ്ദീൻ ഫയൽ ചെയ്ത ഹർജിയിലാണ് ഏങ്ങണ്ടിയൂർ പ്രവാസി സിൻഡിക്കേറ്റ് ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ തൃശൂർ ഉപഭോക്തൃ കോടതി ഇപ്രകാരം വിധിയായത്.

10,000 രൂപ തവണ സംഖ്യ വരുന്ന 60 തവണകളുള്ള കുറിയിൽ 57 തവണകൾ ഷംസുദ്ദീൻ വെച്ചിരുന്നു. തുടർന്ന് കുറി വെക്കുവാൻ ചെന്നപ്പോൾ സ്ഥാപനം അടച്ചിട്ട നിലയിലായിരുന്നു. ഫോണിൽ ബന്ധപ്പെട്ടപ്പോൾ കുറി കഴിഞ്ഞാൽ സംഖ്യ നൽകാമെന്ന് അറിയിക്കുകയാണുണ്ടായത്.

എന്നാൽ കമ്പനി അപ്രകാരം സംഖ്യ നൽകാതിരുന്നതിനെ തുടർന്നാണ് ഷംസുദ്ദീൻ ഉപഭോക്തൃ കോടതിയിൽ ഹർജി ഫയൽ ചെയ്തത്.

എതിർകക്ഷിയുടെ പ്രവൃത്തി സേവനത്തിലെ വീഴ്ച്ചയും അനുചിത ഇടപാടുമാണെന്ന് കോടതി വിലയിരുത്തി.

ഹർജി പരിഗണിച്ച പ്രസിഡണ്ട് സി ടി സാബു, മെമ്പർമാരായ എസ് ശ്രീജ, ആർ റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് 5,70,000 രൂപയും, 2022 ഫെബ്രുവരി 9 മുതൽ 9% പലിശയും, നഷ്ടവും ചിലവുമായി 25,000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു.

ഹർജിക്കാരനു വേണ്ടി അഡ്വ എ ഡി ബെന്നി ഹാജരായി.

പണം വാങ്ങിയിട്ടും സോളാർ സിസ്റ്റം സ്ഥാപിച്ചുനൽകിയില്ല ; നഷ്ടമടക്കം 1,60,000 രൂപയുംപലിശയും നൽകണമെന്ന് ഉപഭോക്തൃ കോടതി

തൃശൂർ : പണം കൈപ്പറ്റിയിട്ടും സോളാർ സിസ്റ്റം സ്ഥാപിച്ചു നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.

തൃശൂർ മറ്റത്തൂർകുന്ന് നെടുമ്പാക്കാരൻ വീട്ടിൽ എൻ എ ലോനപ്പൻകുട്ടി ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കൊരട്ടിയിലെ സൗര നാച്വറൽ എനർജി സൊലൂഷൻസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ തൃശൂർ ഉപഭോക്തൃ കോടതി ഇപ്രകാരം വിധിയായത്.

സോളാർ സിസ്റ്റം സ്ഥാപിച്ചു നൽകാമെന്നേറ്റ് 1,30,000 രൂപയാണ് ലോനപ്പൻകുട്ടിയിൽ നിന്ന് എതിർകക്ഷി കൈപ്പറ്റിയത്. 45 ദിവസത്തിനുള്ളിൽ പണി തീർക്കാമെന്നാണ് ഏറ്റിരുന്നത്. 2,55,000 രൂപയായിരുന്നു മൊത്തം ഇതിന് പ്രതിഫലമായി നിശ്ചയിച്ചിരുന്നത്. നൽകിയ തുക കഴിഞ്ഞുള്ള ബാക്കി തുക പണി കഴിഞ്ഞ് നൽകിയാൽ മതിയെന്നും വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ വാഗ്ദാന പ്രകാരം അവർ സോളാർ സിസ്റ്റം സ്ഥാപിച്ചു നൽകിയില്ല.

തുടർന്നാണ് ലോനപ്പൻകുട്ടി തൃശൂർ ഉപഭോക്തൃ കോടതിയിൽ ഹർജി ഫയൽ ചെയ്തത്.

സോളാർ സിസ്റ്റം സ്ഥാപിച്ചു നൽകാതിരുന്നത് തെറ്റും സേവനത്തിലെ വീഴ്ച്ചയുമാണെന്ന് കോടതി വിലയിരുത്തി.

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി ടി സാബു, മെമ്പർമാരായ എസ് ശ്രീജ, ആർ റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരനിൽ നിന്ന് എതിർകക്ഷി ഈടാക്കിയ 1,30,000 രൂപയും, നഷ്ട പരിഹാരമായി 25,000 രൂപയും, ചിലവിലേക്ക് 5,000 രൂപയും, ഈ തുകകൾക്ക് 9% പലിശയും നൽകുവാൻ
കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു.

ഹർജിക്കാരനു വേണ്ടി അഡ്വ എ ഡി ബെന്നി ഹാജരായി.

കൊടുങ്ങല്ലൂർ – ഗുരുവായൂർ റൂട്ടിലെബസ് സമരം പിൻവലിച്ചു

തൃശൂർ : കൊടുങ്ങല്ലൂർ – ഗുരുവായൂർ റൂട്ടിലെ ബസ് സമരം പിൻവലിച്ചു.

തൃശൂർ എഡിഎമ്മിൻ്റെ സാന്നിദ്ധ്യത്തിൽ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.

മഴയായതിനാൽ റോഡ് ടാറിടൽ പെട്ടെന്ന് ചെയ്യാനാകില്ല. മഴ മാറിയ ശേഷം മൂന്നു മാസത്തിനുള്ളിൽ ടാറിടൽ നടത്തും. അതുവരെ താൽക്കാലികമായി കുഴിയടക്കുന്ന ജോലികൾ നടത്തുമെന്നും എഡിഎം ഉറപ്പ് നൽകിയതായും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

ഈ ഉറപ്പ് കണക്കിലെടുത്ത് തങ്ങൾ സമരം പിൻവലിക്കുകയാണെന്നും നേതാക്കൾ അറിയിച്ചു.

നെൽകർഷകരോടുള്ള അവഗണന അവസാനിപ്പിച്ചില്ലെങ്കിൽ പ്രതിഷേധ സമരം തുടരും : അഡ്വ. തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട : നെൽകർഷകരോടുള്ള സംസ്ഥാന സർക്കാരിന്റെ മനോഭാവത്തിന് യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും അവഗണന തുടരുകയാണെന്നും കേരള കോൺഗ്രസ്‌ ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ ചൂണ്ടിക്കാട്ടി.

കേരള കോൺഗ്രസ്‌ മുരിയാട് മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഭരിച്ച നെല്ലിന്റെ പണം നാളുകൾ പിന്നിട്ടിട്ടും കർഷകർക്ക് കൊടുത്തു തീർക്കാൻ സർക്കാർ ഇപ്പോഴും തയ്യാറായിട്ടില്ല. കർഷകർ ഉയർത്തിയ പ്രശ്നങ്ങൾ പരിഹാരമില്ലാതെ നീളുകയാണ്. ഈ പ്രശ്നത്തിൽ കേരള കോൺഗ്രസ്‌ നടത്തി വരുന്ന സമരം തുടരുമെന്നും തോമസ് ഉണ്ണിയാടൻ അറിയിച്ചു.

മണ്ഡലം പ്രസിഡന്റ്‌ എൻ.ഡി. പോൾ നെരേപറമ്പിൽ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, നിയോജകമണ്ഡലം പ്രസിഡന്റ്‌ റോക്കി ആളൂക്കാരൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.

ഭാരവാഹികളായ സേതുമാധവൻ പറയംവളപ്പിൽ, സതീഷ് കാട്ടൂർ, തോമസ് ഇല്ലിക്കൽ, ഐ.പി. പോൾ, സുരേഷ് ബാബു, സലീഷ് കുഴിക്കാട്ടിപ്പുറത്ത്, കെ.പി. അരവിന്ദാക്ഷൻ, പ്രിൻഫിൻ പോൾ എന്നിവർ പ്രസംഗിച്ചു.

മുതിർന്ന നേതാക്കളായ കെ.കെ. അന്തോണി കിഴക്കൂടൻ, എൻ.കെ. ജോസ്, യോഹന്നാൻ നെരേപ്പറമ്പിൽ എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു.

“ഋതു” അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി

ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ് കോളെജിൽ സംഘടിപ്പിച്ച “ഋതു” അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി.

ചലച്ചിത്രമേളയിൽ ഏറെ ശ്രദ്ധ നേടി “അദ്രയി”യും “മണ്ണും”.

സ്വതന്ത്ര ഇന്ത്യയിലെ തന്നെ ആദ്യ പരിസ്ഥിതി സമരങ്ങളിലൊന്നായ ചാലിയാർ സമരത്തിൻ്റെ നായകനായ കെ.എ. റഹ്മാൻ്റെ ജീവചരിത്രം അടയാളപ്പെടുത്തുന്ന
“അദ്രയി” എഴുത്തുകാരി കൂടിയായ ഫർസാനയുടെ സൃഷ്ടിയാണ്.

മൂന്നാറിൽ ഭൂമിക്കും മണ്ണിനും അവകാശങ്ങൾക്കുമായി പെമ്പിളൈ ഒരുമൈയുടെ നേതൃത്വത്തിൽ നടന്ന പോരാട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന രാംദാസ് കടവല്ലൂരിൻ്റെ “മണ്ണും” സെൻ്റ് ജോസഫ്സ് കോളെജിൽ നടന്ന മേളയുടെ പ്രധാന ആകർഷണമായി.

പ്രദർശനാനന്തരം നടന്ന സംവാദത്തിന് ശേഷം സംവിധായകൻ രാംദാസ് കടവല്ലൂർ, ഫോട്ടോഗ്രാഫർ പ്രതാപ് ജോസഫ് എന്നിവരെ തൃശൂർ കില കോളെജ് പ്രിൻസിപ്പൽ ഡോ. എസ്. ശ്രീകുമാർ ആദരിച്ചു.

രണ്ട് ദിവസങ്ങളിലായി നടന്ന പരിസ്ഥിതി മേളയിൽ പ്രദർശിപ്പിച്ച ചിത്രങ്ങളുടെ അണിയറ പ്രവർത്തകരായ അജയ് കോവൂർ, കെ. ബിനു, അരവിന്ദ് മോഹൻരാജ്, ഇ.ജി. ശ്രീകാന്ത്, കെ.വി. ബിനോജ് എന്നിവരും മേളയുടെ സാന്നിധ്യങ്ങളായി.

വൈകീട്ട് നടന്ന സമാപന ചടങ്ങിൽ കോളെജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബെസ്സി, സംവിധായകൻ പ്രതാപ് ജോസഫ് എന്നിവർ ചേർന്ന് രണ്ടാമത് പരിസ്ഥിതി ചലച്ചിത്രമേളയുടെ കൊടിയിറക്കി.

മഞ്ഞ കാര്‍ഡുടമകള്‍ക്ക് ഓണ കിറ്റ്: നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് കുറഞ്ഞ നിരക്കില്‍ അരിയും നല്‍കും

തിരുവനന്തപുരം : ഓണത്തിന് മഞ്ഞ കാര്‍ഡുടമകള്‍ക്ക് ഓണ കിറ്റ് ലഭിക്കും. മഞ്ഞ റേഷൻ കാര്‍ഡുകളുള്ള ആറ് ലക്ഷം കുടുംബങ്ങള്‍ക്ക് 15 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സൗജന്യമായി നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ക്ഷേമസ്ഥാപനങ്ങളിലെ നാല് അംഗങ്ങള്‍ക്ക് ഒരു കിറ്റ് സൗജന്യമായി കിട്ടും. കിറ്റില്‍ അര ലിറ്റര്‍ വെളിച്ചെണ്ണ, അര കിലോ പഞ്ചസാര, ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്‌സ്, മില്‍മ നെയ്യ്, കശുവണ്ടിപ്പരിപ്പ്, സാമ്പാര്‍പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, തേയില, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടിയുപ്പ്, തുണിസഞ്ചി എന്നിവ ഉള്‍പ്പെടും. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് കുറഞ്ഞ നിരക്കില്‍ അരിയും നല്‍കും.

നീല കാര്‍ഡുകാര്‍ക്ക് 10 കിലോയും വെള്ള കാര്‍ഡുകാര്‍ക്ക് 15 കിലോയും അരി 10.90 രൂപ നിരക്കില്‍ ലഭ്യമാകും. 94 ലക്ഷം കാര്‍ഡുമകള്‍ക്ക് 10 കിലോ കെ-റൈസ് 25 രൂപ നിരക്കില്‍ കിട്ടും. ഈ അരി നിലവില്‍ 29 രൂപയ്‌ക്കാണ് നല്‍കുന്നത്.

ഡയപ്പർ മാലിന്യങ്ങൾ സംസ്കരണം : “ആക്രി ആപ്പു”മായി ഇരിങ്ങാലക്കുട നഗരസഭ

ഇരിങ്ങാലക്കുട : വർത്തമാനകാലത്ത് സാധാരണക്കാർക്ക് ഏറ്റവും വെല്ലുവിളിയായി മാറി കൊണ്ടിരിക്കുന്ന ഡയപ്പർ മാലിന്യ സംസ്കരണത്തിന് ശാശ്വത പരിഹാരവുമായി ഇരിങ്ങാലക്കുട നഗരസഭ രംഗത്ത്.

നഗരസഭയും ആക്രി ഏജൻസിയും ചേർന്നാണ് പൊതുജനങ്ങളിൽ നിന്ന് ആപ്പ് വഴി ഡയപ്പർ ശേഖരിച്ച് സംസ്കരിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

പ്ലേസ്റ്റോറിൽ നിന്ന് “ആക്രി ആപ്പ്” ഡൗൺലോഡ് ചെയ്ത് അതിൽ വാർഡ് നമ്പറും അഡ്രസ്സും നൽകിയാൽ ഏതു ദിവസമാണ് ഡയപ്പർ മാലിന്യം ശേഖരിക്കാൻ ബന്ധപ്പെട്ടവർ വീടുകളിലേക്ക് എത്തുക എന്ന വിവരം ലഭിക്കും.

ഒരു കിലോയ്ക്ക് 45 രൂപയും 12% ജി.എസ്.ടി.യും ആണ് ഇതിനായി ഉപഭോക്താക്കൾ നൽകേണ്ടത്.

ഡയപ്പർ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി ശേഖരിക്കുന്ന സേവന വണ്ടിയുടെ ഫ്ലാഗ് ഓഫ് കർമ്മം നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവഹിച്ചു.

മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് ഈ പ്രവർത്തനം ചെയ്യുന്നതെന്നും നമ്മൾ നേരിട്ടു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഡയപ്പർ സംസ്കരണം എന്നതിനാൽ എല്ലാ കൗൺസിലർമാരും അതാത് വാർഡുകളിലെ ജനങ്ങൾക്ക് ആക്രി ആപ്പ് ഉപയോഗിച്ച് ഡയപ്പർ സംസ്കരണം നടത്തുന്നതിനുള്ള കൃത്യമായ നിർദ്ദേശങ്ങൾ നൽകണമെന്നും ചെയർപേഴ്സൺ പറഞ്ഞു.