ഭവന നിർമ്മാണത്തിനും ഉൽപാദനത്തിനും മാലിന്യ സംസ്കരണത്തിനും പ്രാധാന്യം നൽകി പടിയൂർ പഞ്ചായത്ത് ബഡ്ജറ്റ്

ഇരിങ്ങാലക്കുട : ഭവന നിർമ്മാണ മേഖലയ്ക്കും ഉത്പാദന മേഖലയ്ക്കും മാലിന്യ സംസ്കരണത്തിനും പ്രാധാന്യം നൽകി പടിയൂർ പഞ്ചായത്തിൻ്റെ 2026- 27 വാർഷിക ബഡ്ജറ്റ്.

പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. കണ്ണൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡൻ്റ് ഷീജ ജോയ് ബഡ്ജറ്റ് അവതരിപ്പിച്ചു.

പാർപ്പിട മേഖലയ്ക്ക് 2.58 കോടി രൂപയും, ഉൽപാദന മേഖലയ്ക്ക് 1 കോടി രൂപയും, മാലിന്യ സംസ്കരണത്തിന് 60 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 34.68 കോടി രൂപ വരവും, 34 കോടി രൂപ ചെലവും, 67 ലക്ഷം രൂപ മിച്ചവും വരുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്.

പഞ്ചായത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ട് ദീർഘകാല ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സാധ്യമാകുന്ന തരത്തിൽ സമഗ്ര മേഖലകളെയും പരിഗണിച്ചുകൊണ്ടുള്ള ബഡ്ജറ്റ് ആണ് അവതരിപ്പിച്ചതെന്ന് പ്രസിഡൻ്റ് കെ.പി. കണ്ണൻ പറഞ്ഞു.

പുതിയ പഞ്ചായത്ത് കെട്ടിട നിർമ്മാണം അടക്കമുള്ള പഞ്ചായത്തിന്റെ ദീർഘകാല ആവശ്യങ്ങൾ പൂർത്തീകരിക്കാൻ ആവശ്യമായ തുക ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും പ്രസിഡൻ്റ് അറിയിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സുധ ദിലീപ്, കെ.വി. ഹജീഷ്, ഈശ്വരി ജയൻ, ജനപ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറി എം.കെ. രജനി, വിവിധ നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

കുംഭവിളകളുടെ നടീൽ വസ്തുക്കളുടെ പ്രദർശന വിപണനം നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ കൃഷിഭവൻ ഹരിത അർബൻ മാർക്കറ്റിന്റെ ആഭിമുഖ്യത്തിൽ കൃഷിഭവനിൽ സംഘടിപ്പിച്ച കുംഭവിളകളുടെ നടീൽ വസ്തുക്കളുടെ പ്രദർശന- വിപണനം കൗൺസിലർ പി.വി. ശിവകുമാർ ഉദ്ഘാടനം ചെയ്തു.

കൃഷി ഫീൽഡ് ഓഫീസർ എം.ആർ. അജിത്കുമാർ, അർബൻ മാർക്കറ്റ് പ്രസിഡന്റ്‌ ഷിൻസി ഇക്ബാൽ, കർഷകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ഓപ്പറേഷൻ ‘സൈ ഹണ്ട്’ ; തൃശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചെയ്തു ; 22 പ്രതികൾ അറസ്റ്റിൽ ; 9 പ്രതികൾ നിരീക്ഷണത്തിൽ

ഇരിങ്ങാലക്കുട : സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനും, സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളായി രാജ്യവ്യാപകമായി തട്ടിപ്പ് നടത്തിയവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനുമായി വ്യാഴാഴ്ച തൃശൂർ റൂറൽ പൊലീസ് ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധികളിൽ നടത്തിയ റെയ്ഡിൽ 22 പ്രതികളെ അറസ്റ്റു ചെയ്തു. 26 കേസുകൾ രജിസ്റ്റർ ചെയ്തു. 9 പ്രതികൾക്ക് നോട്ടീസ് നൽകി നിരീക്ഷണത്തിൽ വിട്ടയക്കുകയും ചെയ്തു.

പ്രതികൾ സൈബർ തട്ടിപ്പിനായി ഉപയോഗിച്ച 121 ഉപകരണങ്ങളും പണവും പിടിച്ചെടുത്തു.

പണം എണ്ണുന്ന മെഷീൻ, സൈബർ തട്ടിപ്പിലൂടെ സമ്പാദിച്ച 35100 രൂപ, 30 മൊബൈൽ ഫോണുകൾ, 34 ബാങ്ക് പാസ് ബുക്കുകൾ, 20 ചെക്ക് ബുക്കുകൾ, ഐപോഡ്, ഐവാച്ച്, സിം കാർഡ് തുടങ്ങിയവയാണ് പിടിച്ചെടുത്തത്.

സംസ്ഥാന പൊലീസ് മേധാവി & ഡിജിപി റവാഡാ ആസാദ് ചന്ദ്രശേഖറിന്റെ നിർദ്ദേശാനുസരണം സൈബർ ഓപ്പറേഷൻസ് എസ്പി അങ്കിത് അശോകൻ്റെ മേൽനോട്ടത്തിൽ ഓപ്പറേഷൻ ‘സൈ ഹണ്ട്’ എന്ന പേരിൽ സംസ്ഥാനത്തുടനീളം റെയ്ഡുകൾ നടത്തിയതിന്റെ ഭാഗമായാണ് റൂറൽ ജില്ലയിൽ തൃശൂർ റേഞ്ച് ഡിഐജി ടി. നാരായണൻ, ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ റൂറൽ സൈബർ പൊലീസും വിവിധ സ്റ്റേഷനിലെ ഉദ്ദ്യോഗസ്ഥരും ചേർന്ന് റെയ്ഡ് നടത്തിയത്.

പ്രതികൾ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് തട്ടിയെടുക്കുന്ന പണം സ്വന്തം ബാങ്ക് അക്കൗണ്ടിലൂടെ നിയമ വിരുദ്ധമായി ട്രാൻസാക്ഷൻ നടത്തി സാമ്പത്തിക കുറ്റകൃത്യത്തിൽ ഏർപ്പെട്ട് വരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.

ഇരിങ്ങാലക്കുട (2), കൊടുങ്ങല്ലൂർ (6), സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ (1), ചാലക്കുടി (2), വെള്ളിക്കുളങ്ങര (1), കൊരട്ടി (1), കൈപ്പമംഗലം (5), ചേർപ്പ് (1), കൊടകര (1), വാടാനപ്പിള്ളി (2), മാള (1), പുതുക്കാട് (1), വലപ്പാട് (2) എന്നിങ്ങനെയാണ് 26 കേസ്സുകൾ രജിസ്റ്റർ ചെയ്തത്.

തങ്ങളുടെ അറിവില്ലാതെ സൈബർ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കപ്പെട്ടതായി കണ്ടെത്തിയ അക്കൗണ്ടുകളുടെ ഉടമകൾ, സൈബർ തട്ടിപ്പിൽ ഉൾപ്പെട്ട പണമാണെന്ന് അറിയാതെ ഇത്തരത്തിലുള്ള പണം ബാങ്ക് അക്കൗണ്ടിലേക്ക് ഓൺലൈനായി സ്വീകരിച്ചവർ, സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ നേരിട്ട് ബന്ധമില്ലാത്തതായി ബോധ്യപ്പെട്ടവർ എന്നിവരെയാണ് നോട്ടീസ് നൽകി നിരീക്ഷണത്തിൽ വിട്ടയച്ചിട്ടുള്ളത്.

രാജ്യവ്യാപകമായി സൈബർ സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളാവുകയും, എ.ടി.എം., ചെക്കുകൾ എന്നിവ ഉപയോഗിച്ച് പണമിടപാടുകൾ നടത്തി അനധികൃത സാമ്പത്തിക നേട്ടം ഉണ്ടാക്കിയവരെയും ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകി കമ്മീഷൻ കൈപ്പറ്റിയവരെയുമാണ് ഓപ്പറേഷൻ ‘സൈ ഹണ്ടി’ന്റെ ഭാഗമായി അറസ്റ്റ് ചെയ്തിട്ടുള്ളത്.

ഇവരെ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധപ്പെട്ട കോടതികളിൽ ഹാജരാക്കും.

സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളായ ഇവർ രാജ്യവ്യാപകമായി നടത്തിയിട്ടുള്ള തട്ടിപ്പുകളെപ്പറ്റി കൂടുതലായി അന്വേഷണം നടത്തി വരികയാണ്. മറ്റു സംസ്ഥാനങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളവരെ അതാത് സംസ്ഥാനങ്ങളുടെ സഹകരണത്തോടെ അറസ്റ്റ് ചെയ്യുന്ന നടപടികളുമായി മുന്നോട്ട് പോകും.

കുടിവെള്ളക്ഷാമം ഉടൻ പരിഹരിക്കണമെന്ന് ബിജെപി

ഇരിങ്ങാലക്കുട : നഗരത്തിലെ പല പ്രദേശങ്ങളിലേക്കും ആഴ്ചകളോളം കുടിവെള്ള വിതരണം നടക്കുന്നില്ലെന്ന പരാതി ശക്തമാണെന്നും കുടിവെള്ളക്ഷാമം ഉടൻ പരിഹരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

ഷണ്മുഖം കനാൽ പരിസരത്ത് കഴിഞ്ഞ 14 ദിവസങ്ങളായി കുടിവെള്ളം ലഭിക്കാത്തതിനാൽ ബിജെപി ജില്ലാ ഓഫീസിലേക്കും എംപി ഓഫീസിലേക്കും സമീപവാസികൾ പരാതി നൽകിയിരുന്നു.

പരാതിയെ തുടർന്ന് മണ്ഡലം നേതാക്കൾ ഷണ്മുഖം കനാൽ പരിസരത്ത് എത്തുകയും കുടിവെള്ളം കിട്ടാത്ത വീടുകളിൽ സന്ദർശനം നടത്തി അവരുടെ പരാതി കേൾക്കുകയും അടിസ്ഥാന ആവശ്യങ്ങൾക്കുള്ള വെള്ളം വിതരണം ചെയ്യുകയും ചെയ്തു.

15 വർഷക്കാലമായി കുടിവെള്ളക്ഷാമം ഇവിടെ തുടരുന്നതായി സ്ഥലവാസികൾ പറയുന്നു. ഇതിന് ഒരു ശാശ്വത പരിഹാരം കണ്ടെത്താൻ ഇവിടെ ഭരിച്ചുകൊണ്ടിരിക്കുന്ന ജനപ്രതിനിധികൾക്ക് കഴിഞ്ഞിട്ടില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് പ്രദേശവാസികൾ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് പരാതി നൽകിയത്.

സമീപവാസികളെ കണ്ടതിനു ശേഷം മണ്ഡലം നേതാക്കൾ വാട്ടർ അതോറിറ്റി ഓഫീസിലെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

24 മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിക്കാമെന്ന് ബിജെപി നേതാക്കൾക്ക് ഉദ്യോഗസ്ഥർ ഉറപ്പു നൽകി.

ബിജെപി മണ്ഡലം പ്രസിഡൻ്റ് ആർച്ച അനീഷ്, ജില്ലാ സെക്രട്ടറി അഖിലാഷ് വിശ്വനാഥൻ, സംസ്ഥാന കമ്മിറ്റി അംഗം പി.എസ്. സുബീഷ്, മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, മുൻസിപ്പൽ പ്രസിഡൻ്റ് ലിഷോൺ ജോസ്, ബാബുരാജ്, റീജ, രതീഷ്, ഹരി, അജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

അംഗൻവാടികൾക്ക് മിക്സി വിതരണം ചെയ്ത് നഗരസഭ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ 2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അംഗൻവാടികൾക്ക് മിക്സി വിതരണം ചെയ്തു.

മുൻസിപ്പാലിറ്റി കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജൻ വിതരണോദ്ഘാടനം നിർവഹിച്ചു.

നഗരസഭാ പരിധിയിലെ 54 അംഗൻവാടികൾക്കാണ് മിക്സി വിതരണം ചെയ്തത്.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി ജോസ് ചാക്കോള അധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ റോണി പോൾ മാവേലി, അഡ്വ. വി.സി. വർഗ്ഗീസ്, ടി.എ. പോൾ, പ്രവീൺസ് ഞാറ്റുവെട്ടി എന്നിവർ ആശംസകൾ നേർന്നു.

ഐസിഡിഎസ് സൂപ്പർവൈസർ ഐശ്വര്യ സ്വാഗതവും അംഗൻവാടി അധ്യാപിക അശ്വതി നന്ദിയും പറഞ്ഞു.

ചടങ്ങിൽ നഗരസഭ കൗൺസിലർമാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.

കാറളം പഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിൻ്റെ 2026-27 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡൻ്റ് പ്രിയ സുനിൽ അവതരിപ്പിച്ചു.

പ്രസിഡൻ്റ് കെ.കെ. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.

പ്രാരംഭ ബാക്കി ഉൾപ്പടെ 27,91,54,123 രൂപ വരവും 16,14,00,000 രൂപ ചിലവും 11,77,54,123 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്.

ഉല്പാദന മേഖലയ്ക്ക്
144,69,904 രൂപയും സേവന മേഖലയ്ക്ക് 471,92,963 രൂപയും പശ്ചാത്തല മേഖലയ്ക്ക് 146,50,000 രൂപയും 2026- 27 ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ലൈഫ് മിഷൻ പദ്ധതിയ്ക്കായി 168,05,400 രൂപയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പഞ്ചായത്ത് അസി. സെക്രട്ടറി രാജേഷ് ചന്ദ്രൻ സ്വാഗതവും, ഹെഡ് ക്ലാർക്ക് എ.ജെ. ജോജി നന്ദിയും പറഞ്ഞു.

പുറ്റുങ്ങൽ ഗുരുനാഥസ്വാമി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠ ശനിയാഴ്ച

ഇരിങ്ങാലക്കുട : പുറ്റുങ്ങൽ ഗുരുനാഥസ്വാമി ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ കലശത്തോടനുബന്ധിച്ചുള്ള പുന:പ്രതിഷ്ഠാ ചടങ്ങുകൾ ശനിയാഴ്ച നടക്കും.

പുലർച്ചെ 5.30ന് ഗണപതിഹവനം, അഷ്ടബന്ധന്യാസം, ജീവകലശാഭിഷേകം, മറ്റു കലശാഭിഷേകങ്ങൾ, വിശേഷപൂജ എന്നിവയും വൈകീട്ട് ദീപാരാധന, അത്താഴപൂജ എന്നിവയും നടക്കും.

ഉച്ചയ്ക്ക് 12 മണി മുതൽ 2 മണി വരെ പ്രസാദ ഊട്ട് ഉണ്ടായിരിക്കും.

മാർച്ച് 13 വെള്ളിയാഴ്ചയാണ് ഈ വർഷത്തെ തിരുവുത്സവം.

സംസ്ഥാനത്ത്‌ ആഭ്യന്തര സുരക്ഷയും നീതിന്യായ നിർവ്വഹണവും ശക്തിപ്പെടുത്തി : മുഖ്യമന്ത്രി പിണറായി വിജയൻ

ഇരിങ്ങാലക്കുട : സംസ്ഥാനത്ത്‌ ആഭ്യന്തര സുരക്ഷയും നീതിന്യായ നിർവ്വഹണവും ശക്തിപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പുതിയതായി ഇരിങ്ങാലക്കുടയിൽ നിർമിക്കാൻ പോകുന്ന തൃശൂർ റൂറൽ ജില്ലാ പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നീതി നിർവ്വഹണം കൂടുതൽ കാര്യക്ഷമമാകണമെങ്കിൽ ഉദ്യോഗസ്ഥർക്ക് മെച്ചപ്പെട്ട തൊഴിൽ സൗകര്യവും ആധുനിക സജ്ജീകരണവും അനിവാര്യമാണ്. ഈ കാഴ്ചപ്പാടോടെ നിരവധി ഇടപെടലുകളാണ് സംസ്ഥാന സർക്കാർ കഴിഞ്ഞ 10 വർഷമായി നടത്തിവരുന്നത്. അതിന്റെ ഗുണഫലം പുറമേ ദൃശ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കാട്ടുങ്ങച്ചിറ പി.ടി.ആർ. മഹൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിന്റെ വികസനത്തിന് ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് കെട്ടിടം ഒരു നാഴികക്കല്ലാവുമെന്നും സംസ്ഥാനത്തെ പൊലീസ് സംവിധാനം രാജ്യത്തെ ഏറ്റവും മികച്ച ഒന്നാണെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു.

ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിൽ ജില്ലാ പൊലീസ് കാര്യാലയം സ്ഥിതിചെയ്യുന്ന കോമ്പൗണ്ടിലാണ് തൃശൂർ റൂറൽ പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് (ഡി.എച്ച്.ക്യു.) കെട്ടിടം നിർമ്മിക്കുന്നത്.

2024- 2025 സാമ്പത്തിക വർഷത്തെ സ്റ്റേറ്റ് പ്ലാൻ സ്കീമിൽ ഉൾപ്പെടുത്തി അനുവദിച്ച 6.5 കോടി രൂപ വിനിയോഗിച്ചാണ് 23,896 ചതുരശ്ര അടി വിസ്തീണ്ണത്തിൽ ബഹുനില മന്ദിരം നിർമ്മിക്കുന്നത്.

റൂറൽ പൊലീസിന്റെ ഭരണപരമായ പ്രവർത്തനങ്ങൾ ഒരു കുടക്കീഴിലാക്കുന്നതിനൊപ്പം പൊലീസ് ഉദ്ദ്യോഗസ്ഥരുടെ ക്ഷേമത്തിനും മുൻഗണന നൽകുന്ന രീതിയിലുള്ളതാണ് കെട്ടിടത്തിന്റെ പ്ലാൻ.

ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ നാല് നിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിൽ, ട്രെയിനിംഗ് സെന്റർ, വിശാലമായ കോൺഫറൻസ് ഹാൾ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസ് എന്നിവയ്ക്ക് പുറമെ മെസ്സ് ഹാളും, സീനിയർ ഓഫീസർമാർക്കും വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കും പുരുഷ പൊലീസുകാർക്കും വേണ്ടിയുള്ള പ്രത്യേകം വിശ്രമമുറികളും ഒരുക്കും.

ഡി.ജി.പി. ആൻഡ് സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ ഓൺലൈനായി പങ്കെടുത്തു.

തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ,
തൃശൂർ റേഞ്ച് ഡിഐജി ടി. നാരായണൻ, തൃശൂർ റൂറൽ അഡീഷണൽ പൊലീസ് സൂപ്രണ്ട് വി.എ. കൃഷ്‌ണദാസ്, ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ ജോഫി ബോസ്, ഇരിങ്ങാലക്കുട ഡിവൈഎസ്പി എം. സന്തോഷ് കുമാർ, കെ.പി.ഒ.എ. സെക്രട്ടറി വി.യു. സിൽജോ, കെ.പി.എ. സെക്രട്ടറി എം.എൽ. വിജേഷ് എന്നിവർ പങ്കെടുത്തു.

ഭാരതീയ വിദ്യാഭവനിൽ കരിയർ ഗൈഡൻസ് സെമിനാർ നടന്നു

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ 9, 11 ക്ലാസ്സുകളിലെ കുട്ടികൾക്കായി കരിയർ ഗൈഡൻസ് സെമിനാർ നടന്നു.

ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ്, പിലാനിയിൽ (ബിറ്റ്സ് പിലാനി) നിന്ന് എംടെക് ബിരുദവും പിഎച്ച്ഡിയും നേടിയ പ്രശസ്ത കരിയർ ഗൈഡൻസ് വിദഗ്ധൻ ഡോ. എ. സുരേന്ദ്രൻ സെമിനാർ നയിച്ചു.

ഭാവിയിലെ പഠന, തൊഴിൽ സാധ്യതകളെക്കുറിച്ച് അറിവ് നൽകാനും തീരുമാനങ്ങളെടുക്കാനുമുള്ള ഉൾക്കാഴ്ച പകരാനും സെമിനാറിന് കഴിഞ്ഞു.

സെക്രട്ടറി വി. രാജൻ, പ്രിൻസിപ്പൽ ബിജു ഗീവർഗ്ഗീസ്, വൈസ് പ്രിൻസിപ്പൽ ഗിരിജ മേനോൻ എന്നിവർ സന്നിഹിതരായിരുന്നു.

കാട്ടൂരിൽ ബേക്കറി ജീവനക്കാരിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ്സിലെ പ്രതി പിടിയിൽ

ഇരിങ്ങാലക്കുട : കാട്ടൂർ പോംപെ ജംഗ്ഷനിലുള്ള താടിതാമ ബേക്കറിയിലെ ജീവനക്കാരിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ.

കാട്ടൂർ യൂണിറ്റി ഹോസ്പിറ്റലിന് സമീപം താമസിക്കുന്ന ശാന്തി ഭവൻ വീട്ടിൽ ജിതിൻ (26) എന്നയാളെയാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച വൈകീട്ട് 3.20 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ബേക്കറിയിലേക്ക് അസ്വഭാവികമായി കയറി വന്ന പ്രതി ബേക്കറി സാധനങ്ങൾ ചോദിച്ചപ്പോൾ പൈസ തരാതെ സാധനങ്ങൾ തരില്ലെന്ന് പറഞ്ഞതിലുള്ള വൈരാഗ്യത്താൽ ബേക്കറിയിലെ നാരങ്ങ മുറിക്കുന്ന കത്തിയെടുത്ത് ജീവനക്കാരിയായ കാട്ടൂർ നെടുമ്പുര സ്വദേശി തിയ്യത്തുപറമ്പിൽ വീട്ടിൽ സിന്ധുവിനെ(43) ആക്രമിക്കുകയായിരുന്നു.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

ജിതിൻ കാട്ടൂർ സ്റ്റേഷൻ പരിധിയിൽ ഒരു വധശ്രമക്കേസിലും, പൊലീസുദ്ദ്യോഗസ്ഥരുടെ ഔദ്ദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസ്സിലും ഉൾപ്പെടെ ഒമ്പത് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

കാട്ടൂർ സ്റ്റേഷൻ എസ്എച്ച്ഒ കെ.സി. ബൈജു, ജിഎസ്ഐ സുധീർ, ജിഎഎസ്ഐ ധനേഷ്, ജിഎസ്‌സിപിഒ ഷിബു, സിപിഒ-മാരായ രഞ്ജിത്ത്, അഭിലാഷ്, നിഷാദ് എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.