ഗുണ്ടകൾക്കെതിരെ പിടിമുറുക്കി തൃശൂർ റൂറൽ ജില്ലാ പൊലീസ് : 8 ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തി

ഇരിങ്ങാലക്കുട : ഗുണ്ടകൾക്കെതിരെ പിടിമുറുക്കി തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ്. 8 ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തി. 3 പേരെ പോലീസ് സ്റ്റേഷനിൽ ഹാജരാകുന്നതിന് നിർദ്ദേശിച്ചു. 3 പേരെ ജില്ലയിൽ നിന്നും നാടുകടത്തി. 3 പേരെ ജയിലിലടച്ചു.

അന്തിക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട കിഴുപ്പിളളിക്കര സ്വദേശി ബ്രാവോ എന്നറിയപ്പെടുന്ന ഏങ്ങാണ്ടി വീട്ടിൽ അനന്തകൃഷ്ണൻ (22), കൈപ്പമംഗലം സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട എടത്തിരുത്തി പുളിഞ്ചോട് സ്വദേശി കൊണ്ട്രപ്പശ്ശേരി വീട്ടിൽ റോഹൻ (38), കൈപ്പമംഗലം സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട കൈപ്പമംഗലം ചളിങ്ങാട് സ്വദേശി വൈപ്പിക്കാട്ടിൽ അജ്മൽ (38) എന്നിവരെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്.

അനന്തകൃഷ്ണൻ, റോഹൻ എന്നിവർ പഴുവിൽ ഷഷ്ഠിയോടനുബന്ധിച്ച് നടന്ന ആക്രമണത്തിൽ പ്രധാന പ്രതികളായിരുന്നു.

അനന്തകൃഷ്ണൻ 2020, 2023, 2024 എന്നീ വർഷങ്ങളിൽ അന്തിക്കാട് സ്റ്റേഷൻ പരിധിയിൽ 3 അടിപിടിക്കേസുകളും, 2024 ൽ ഒരു വധശ്രമക്കേസും, 2024 ൽ ഒരു കഞ്ചാവ് വിൽപ്പന കേസ്സും, 2024ൽ കാട്ടൂർ സ്റ്റേഷൻ പരിധിയിൽ പൊലീസിനെ ആക്രമിച്ച കേസ്സും ഉൾപ്പടെ 14ഓളം കേസ്സുകളിൽ പ്രതിയാണ്.

റോഹൻ മതിലകം സ്റ്റേഷൻ ലിമിറ്റിൽ 2011, 2012, 2014 എന്നീ വർഷങ്ങളിൽ 3 അടിപിടിക്കേസ്സുകളും, 2018ൽ ഒരു ആത്മഹത്യാ പ്രേരണ കേസ്സും, കൈപ്പമംഗലം സ്റ്റേഷൻ പരിധിയിൽ 2022ൽ ഒരു വധശ്രമക്കേസും, 2019ൽ ഒരു അടിപിടിക്കേസ്സും, 2023ൽ ഒരു കവർച്ചാക്കേസ്സും, പഴുവിൽ ഷഷ്ഠിയോടനുബന്ധിച്ച് നടന്ന അക്രമക്കേസ്സുകളും ഉൾപ്പെടെ 14 ഓളം കേസ്സുകളിൽ പ്രതിയാണ്.

അജ്മൽ കൈപ്പമംഗലം സ്റ്റേഷനിൽ 2019ൽ അടിപിടിക്കേസ്സും, 2021, 2024 വർഷങ്ങളിൽ 2 വധശ്രമക്കേസ്സുകളും, 2022 ൽ കാട്ടൂർ സ്റ്റേഷൻ പരിധിയിൽ ഒരു അടിപിടിക്കേസ്സും, 2018ൽ മതിലകം സ്റ്റേഷനിൽ ഒരു കളവ് കേസ്സും അടക്കം 15 കേസ്സുകളിലെ പ്രതിയാണ്.

കാട്ടൂർ പൊലീസ് സ്റ്റേഷനിലെ കുപ്രസിദ്ധ ഗുണ്ടകളായ പൂമംഗലം എടക്കുളം സ്വദേശി ഈശ്വരമംഗലത്ത് അഖിനേഷ് (24), കാറളം വെളളാനിപട്ടന്റെ കുന്ന് സ്വദേശി ചിമ്പു വെളിയത്ത് വീട്ടിൽ സനൽ (29), വലപ്പാട് കഴിമ്പ്രം സുനാമി കോളനി സ്വദേശി ചാരുച്ചെട്ടി വീട്ടിൽ ആദർശ് (20) എന്നിവരെ കാപ്പ ചുമത്തി തൃശൂർ ജില്ലയിൽ നിന്നും നാടുകടത്തി.

അഖിനേഷിന് കാട്ടൂർ സ്റ്റേഷൻ പരിധിയിൽ 2020ൽ വിഷ്ണുവാഹിദിനെ കൊലപ്പെടുത്തിയ കേസ്സിലും, 2021ൽ ഒരു വധശ്രമക്കേസും, 2021ൽ ഒരു കഞ്ചാവ് വിൽപ്പനക്കേസും, 2024ൽ ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധിയിലെ ഒരു അടിപിടിക്കേസ്സിലും ഉൾപ്പെടെ 5 ക്രിമിനൽ കേസ്സിലെ പ്രതിയാണ്.

സനൽ കാട്ടൂർ സ്റ്റേഷൻ പരിധിയിൽ 2016, 2020, 2023 വർഷങ്ങളിൽ 3 അടിപടിക്കേസ്സും, 2024ൽ ഒരു വധശ്രമക്കേസ്സും ഉൾപ്പെട 5 ഓളം ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ്.

ആദർശ് വലപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ 2023, 2024 വർഷങ്ങളിൽ അടിപിടിക്കേസ്സ്, 2024ൽ ഒരു വധശ്രമക്കേസ്സടക്കം 4 ഓളം കേസ്സുകളിൽ പ്രതിയാണ്.

വെളളാങ്ങല്ലൂർ സ്വദേശി എണ്ണ ദിനേശൻ എന്നറിയപ്പെടുന്ന മൂത്തേരി വീട്ടിൽ ദിനേശൻ (54), മാപ്രാണം ബ്ലോക്ക് സ്വദേശി ഏറ്റത്ത് സുവർണ്ണൻ (46), അഴിക്കോട് മേനോൻ ബസാർ സ്വദേശി മായാവി എന്നറിയപ്പെടുന്ന ചൂളക്കപറമ്പിൽ നിസാഫ്
എന്നിവരെ എല്ലാ ആഴ്ചയിലും പൊലീസ് സ്റ്റേഷനിൽ ഹാജരാകുന്നതിന് കാപ്പ നിയമപ്രകാരം ഉത്തരവായി.

ദിനേശൻ ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധിയിൽ 2019, 2021, 2024 വർഷങ്ങളി‍ൽ 3 തട്ടിപ്പ് കേസ്സിലും, 2024 ൽ ഒരു
അടിപിടിക്കേസ്സിലും, കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കിഡ്നാപ്പിങ്ങ് കേസ്സടക്കം 7 കേസ്സുകളിലെ പ്രതിയാണ്.

സുവർണ്ണൻ 2005ൽ പുതുക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു കവർച്ചാക്കേസ്സിലും, 2019ൽ മാള സ്റ്റേഷൻ പരിധിയിൽ ഒരു തട്ടിപ്പ് കേസ്സിലും, 2022, 2024 വർഷങ്ങളിൽ ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധിയിൽ അടിപിടി കേസ്സിലും അടക്കം 6 കേസ്സുകളിലെ പ്രതിയാണ്.

നിസാഫ് കൊടുങ്ങല്ലൂർ സ്റ്റേഷൻ പരിധിയിൽ 2018, 2023, 2024 വർഷങ്ങളിൽ 3 അടിപിടിക്കേസ്സിലും 2024ൽ മതിലകം സ്റ്റേഷൻ പരിധിയിൽ ഒരു അടിപിടിക്കേസ്സിലും ഉൾപ്പടെ 5 കേസ്സുകളിൽ പ്രതിയാണ്.

“ഓപ്പറേഷൻ കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ട്.

കെ എസ് ടി എ പതാക ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ഫെബ്രുവരി 14, 15, 16 തീയ്യതികളിൽ കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി കെ എസ് ടി എ ഇരിങ്ങാലക്കുട ഉപജില്ല കമ്മിറ്റി പതാക ദിനം ആചരിച്ചു.

പൊതുയോഗം ജില്ലാ ജോയിൻറ് സെക്രട്ടറി സജി പോൾസൺ ഉദ്ഘാടനം ചെയ്തു.

ജ്യോതിഷ് അധ്യക്ഷത വഹിച്ചു.

ജില്ലാ എക്സിക്യൂട്ടിവ് മെമ്പർ കെ വി വിദ്യ, കെ കെ താജുദ്ദീൻ എന്നിവർ സംസാരിച്ചു.

കെ ഡി ബിജു സ്വാഗതവും എം എസ്
സുധിഷ് നന്ദിയും പറഞ്ഞു.

തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാത നിർമ്മാണം : ഗതാഗത ക്രമീകരണങ്ങളില്‍ മാറ്റം

ഇരിങ്ങാലക്കുട : കെ എസ് ടി പി യുടെ സംസ്ഥാനപാത നിർമ്മാണത്തിന്റെ ഭാഗമായി മാപ്രാണം മുതൽ പുത്തൻതോട് വരെയുള്ള ഗതാഗത നിയന്ത്രണങ്ങളിൽ പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

കൊടുങ്ങല്ലൂരിൽ നിന്നും തൃശ്ശൂരിലേക്കുള്ള വാഹനങ്ങൾ നിലവിലുള്ള പാതയിലൂടെ സഞ്ചരിക്കേണ്ടതാണ്.

തൃശ്ശൂരിൽ നിന്നും കൊടുങ്ങല്ലൂരിലേക്ക് പോകുന്ന വാഹനങ്ങൾ പുത്തൻതോടിൽ നിന്നും തിരിഞ്ഞ് ചെമ്മണ്ട – പൊറത്തിശ്ശേരി വഴി സിവിൽ സ്റ്റേഷൻ റോഡ് വഴി ബസ് സ്റ്റാൻ്റിലെത്തി യാത്ര തുടരേണ്ടതാണെന്ന് കെ എസ് ടി പി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

നിര്യാതനായി

ജോൺ

ഇരിങ്ങാലക്കുട : കാട്ടൂർ കോമ്പാറക്കാരൻ കുഞ്ഞുവറീത് മകൻ ജോൺ (69) നിര്യാതനായി.

സംസ്കാരം നടത്തി.

ഭാര്യ : ഉഷ

മക്കൾ : ഡിജി, ഡിനോയ്, ഡിറ്റോ

മരുമക്കൾ : വിനു, നിമ്മി, നീതു

എൽ ഇ പി പ്രൊജക്റ്റ് അവതരണം

ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബി ആർ സി യുടെ പരിധിയിലുള്ള സ്കൂളുകളിലെ അക്കാദമിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അധ്യാപകർ പ്രൊജക്റ്റ് അവതരണം നടത്തി.

ബിപിസി കെ ആർ സത്യപാലൻ അധ്യക്ഷത വഹിച്ചു.

സൈക്കോളജിസ്റ്റ് ഡോ എ വി രാജേഷ് മോഡറേറ്ററായി പ്രൊജക്റ്റിന്റെ മെച്ചപ്പെടുത്തലുകളെ കുറിച്ച് ആവശ്യമായ നിർദ്ദേശം നൽകി.

ഹയർസെക്കൻഡറി, ഹൈസ്കൂൾ, യുപി വിഭാഗത്തിൽ 40 വിദ്യാലയങ്ങളിൽ നിന്നും അവതരണം നടത്തി.

സി ആർ സി സി കോർഡിനേറ്റർ സി ഡി ഡോളി ആമുഖ പ്രഭാഷണം നടത്തി.

തെരഞ്ഞെടുക്കപ്പെട്ട പ്രൊജക്റ്റുകൾ ജില്ലയിൽ അവതരിപ്പിക്കും.

സി ആർ സി സി കോർഡിനേറ്റർമാർ പരിപാടികൾക്ക്‌ നേതൃത്വം നൽകി.

നിര്യാതനായി

പ്രദീപ് കുമാർ

ഇരിങ്ങാലക്കുട : കാക്കാത്തുരുത്തി തണ്ടാശ്ശേരി പരേതനായ സുകുമാരൻ മകൻ പ്രദീപ് കുമാർ (56) നിര്യാതനായി.

സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ.

ഭാര്യ : സിന്ധു

മക്കൾ : ഉണ്ണിമായ, ഉദയ് കുമാർ

സഹോദരങ്ങൾ : ജയകുമാർ, സുജാത, ലത, രാജി

നിര്യാതയായി

ലക്ഷ്മിക്കുട്ടി അമ്മ

കോണത്തുകുന്ന് : മനക്കലപ്പടി നാഞ്ചേരി വീട്ടിൽ മാണിക്യൻകുട്ടി നായർ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (77) നിര്യാതയായി.

സംസ്കാരം വ്യാഴാഴ്ച്ച (ജനുവരി 30) ഉച്ചയ്ക്ക് 12.30ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

മക്കൾ : ഉണ്ണികൃഷ്ണൻ, രാമചന്ദ്രൻ, ആശ, സിന്ധു

മരുമക്കൾ : ഗോപാലകൃഷ്ണൻ, കൃഷ്ണകുമാർ, ശെൽവി, ലതാദേവി

നിര്യാതനായി

ഇബ്രാഹിം കുട്ടി

ഇരിങ്ങാലക്കുട : കാട്ടൂർ ഇല്ലിക്കാട് പാലക്കൽ കാദർകുഞ്ഞി മകൻ ഇബ്രാഹിംകുട്ടി (82) നിര്യാതനായി.

ഖബറടക്കം നടത്തി.

ഭാര്യ : നബീസ

മക്കൾ : ജമീല, ഷെമീറ, അബ്ദുൾ കാദർ

മരുമക്കൾ : സെയ്തു മുഹമ്മദ്‌, അബ്ദുൾ കാദർ, ഷൈല

പുല്ലൂറ്റ് ഗവ കെ കെ ടി എം കോളെജിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗവ കെ കെ ടി എം കോളെജിൽ ഭൂമിത്രസേന ക്ലബ്ബ്, ഐ ക്യു എ സി, സുവോളജി വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ “പ്ലാസ്റ്റിക്കിന്റെ പുനരുപയോഗ സാദ്ധ്യതകൾ” എന്ന വിഷയത്തെ ആസ്പദമാക്കി ശില്പശാല സംഘടിപ്പിച്ചു.

പ്രസ്തുത പരിപാടിയിൽ സുവോളജി വകുപ്പു മേധാവി പ്രൊഫ ഡോ ഇ എം ഷാജി അദ്ധ്യക്ഷത വഹിച്ചു.

മുഖ്യ പ്രഭാഷകയും കൊരട്ടി
എം എ എം ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപികയുമായ റൂത്ത് മരിയ പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രധാന പ്രഭാഷണത്തിൽ അവർ പ്ലാസ്റ്റിക്മാലിന്യങ്ങൾ ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളും, പുനരുപയോഗത്തിലൂടെ അവ പരിഹരിക്കാനാവുന്ന മാർഗ്ഗങ്ങളും വിശദീകരിച്ചു.

ഭൂമിത്രസേന ക്ലബ്ബിന്റെ കോർഡിനേറ്റർ കെ സി സൗമ്യ സ്വാഗതം പറഞ്ഞു.

സുവോളജി അധ്യാപകരായ എൻ കെ പ്രസാദ് ആശംസാപ്രസംഗവും ഡോ സീമ മേനോൻ നന്ദി പ്രകാശനവും നടത്തി.

വിവിധ വിഭാഗങ്ങളിൽ നിന്നായി നിരവധി വിദ്യാർത്ഥികളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.

ശില്പശാല, പ്ലാസ്റ്റിക്കിന്റെ പുനരുപയോഗ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനു കാരണമായി എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.

സ്പെയ്സ് ലൈബ്രറി സെമിനാർ ഹാൾ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : മുൻ എം എൽ എ പ്രൊഫ കെ യു അരുണൻ്റെ പ്രാദേശിക വികസനഫണ്ടിൽ നിന്നും സ്പെയ്സ് ലൈബ്രറിക്ക് അനുവദിച്ച സെമിനാർ ഹാളിൻ്റെ ഉദ്ഘാടനം മന്ത്രി ഡോ ആർ ബിന്ദു നിർവ്വഹിച്ചു.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധ ദിലീപ് അധ്യക്ഷത വഹിച്ചു.

മുൻ എം എൽ എ കെ യു അരുണൻ മുഖ്യാതിഥിയായിരുന്നു.

വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ധനീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ വിജയലക്ഷമി വിനയചന്ദ്രൻ, ടെസ്സി ജോയ്, പഞ്ചായത്ത് മെമ്പർ ലീന ഉണ്ണികൃഷ്ണൻ, ലൈബ്രറി പ്രസിഡണ്ട് കെ പി രാഘവപ്പൊതുവാൾ, ടി ഡി ലാസർ, ബാലൻ അമ്പാടത്ത്, ഡോ കെ രാജേന്ദ്രൻ, ടി ശിവൻ, പി സതീശൻ എന്നിവർ പ്രസംഗിച്ചു.