നിര്യാതനായി

രഘുനാഥൻ

ഇരിങ്ങാലക്കുട : പെരിഞ്ഞനം പരേതനായ പുത്തൻ മഠത്തിൽ കൃഷ്ണ‌ൻ എമ്പ്രാന്തിരി മകൻ രഘുനാഥൻ (73) നിര്യാതനായി.

സംസ്ക്കാരം നാളെ (വ്യാഴാഴ്ചച്ച) രാവിലെ 10 മണിക്ക് കൊറ്റംകുളം മുല്ലങ്ങത്ത് സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം വീട്ടുവളപ്പിൽ.

ഭാര്യ : അംബിക

മക്കൾ : രാധിക, മുരളികൃഷ്ണ

മരുമക്കൾ : കൃഷ്ണകുമാർ,
അമൃത

മുന്നൂറോളം വിദ്യാർഥികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്ത് പല്ല ഫ്രണ്ട്സ് ക്ലബ്ബ്

ഇരിങ്ങാലക്കുട : എടത്തിരുത്തി പല്ല ഫ്രണ്ട്സ് ആർട്ട്സ് ആൻ്റ് സ്പോർട്ട് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെന്റിൽ നിന്നും ലഭിച്ച തുക ഉപയോഗിച്ച് പൈനൂർ, പല്ല, കല്ലുംകടവ് പ്രദേശത്തെ മുന്നൂറോളം വിദ്യാർഥികൾക്ക് സൗജന്യമായി പുസ്തകങ്ങൾ വിതരണം ചെയ്തു.

ചടങ്ങിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു.

ഫ്രണ്ട്സ് ക്ലബ്ബ് ചെയർമാൻ ഷെമീർ എളേടത്ത് അധ്യക്ഷത വഹിച്ചു.

ഇന്ത്യാ ആഫ്രിക്ക ട്രേഡ്‌ കമ്മീഷണറും സി.പി. ട്രസ്റ്റ് ചെയർമാനുമായ സി.പി. സാലിഹ് ഉദ്ഘാടനം നിർവ്വഹിച്ചു.

തുടർന്ന് നാട്ടിക ഫയർ സ്റ്റേഷൻ്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തന ക്ലാസ്സ് ഫയർസ്റ്റേഷൻ ഉദ്യോഗസ്ഥരായ അൻസാർ, ഫെബിൻ എന്നിവർ നയിച്ചു.

ഫ്രണ്ട്സ് ക്ലബ്ബ് കൺവീനർ സുജിത്ത് വടശ്ശേരി, വാർഡ് അംഗം പി.എച്ച്. ബാബു, മണപ്പുറം ഗ്രൂപ്പ് സി.എസ്.ആർ. ഹെഡ്ഡ് ശില്പ ട്രീസ സെബാസ്റ്റ്യൻ, പി.എ. അസീസ്, ഉമർ കടവിൽ, സുനിൽ അരയംപറമ്പിൽ, സുദർശനൻ എന്നിവർ പ്രസംഗിച്ചു.

സി.ജെ. രജീഷ്, പി.കെ. സുരേഷ്, കെ.ആർ. ഷൈൻ, പി.എം. ഷാനവാസ് എന്നിവർ നേതൃത്വം നൽകി.

നിര്യാതനായി

രവി

ഇരിങ്ങാലക്കുട : കുഴിക്കാട്ടുകോണം താഴത്തുവീട്ടിൽ രാമൻ മകൻ രവി (62) നിര്യാതനായി.

സംസ്കാരം നടത്തി.

ഭാര്യ : പ്രേമ

മക്കൾ : വിഷ്ണു, പ്രവീണ

മരുമകൻ : നിഖിൽ

മഴ തുടങ്ങി ; വെള്ളാങ്ങല്ലൂർ വെള്ളത്തിലായി

ഇരിങ്ങാലക്കുട : മഴ ആരംഭിച്ചപ്പോഴേക്കും വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ ബ്ലോക്ക് ജംഗ്ഷൻ മുതൽ മനക്കലപ്പടി വരെ ചെറിയ റോഡുകളും വീടുകളും കടകളുമെല്ലാം വെള്ളക്കെട്ടിലായി.

പ്രദേശത്തെ മാരുതി കാർ വർക്ക്ഷോപ്പ്, ടെമ്പോ വർക്ക്ഷോപ്പ്, പറമ്പുകൾ, അറവുശാല, എൻ.സി.എഫ്. റോഡ് തുടങ്ങിയവയെല്ലാം വെള്ളം കയറിയ നിലയിലാണ്.

തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയുടെ നിർമ്മാണം ഏറ്റെടുത്തിട്ടുള്ള കെ.എസ്.ടി.പി. യുടെ ദീർഘ വീക്ഷണമില്ലായ്മയും മെല്ലെപോക്കും അവരുടെ പ്രവർത്തനങ്ങളിൽ മതിയായ ശ്രദ്ധ ചെലുത്താത്ത അധികാരികളുടെ ആത്മാർത്ഥതയില്ലായ്മയുമാണ് മഴ ആരംഭിച്ചപ്പോഴേക്കും പ്രദേശത്തെ ദുരിതത്തിലാക്കിയതെന്ന് പഞ്ചായത്ത് മെമ്പർ ഷംസു വെളുത്തേരി ആരോപിച്ചു.

ഇതിന്റെ ഇരകൾ പൊതുജനങ്ങൾ മാത്രമാണെന്നും ഏറ്റവും മലിനമായ ജലമാണ് ഇവിടേക്ക് ഒഴുകിയെത്തി കെട്ടി നിൽക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പകർച്ചവ്യാധികൾ പടരാനുള്ള സാധ്യതയും ഇവിടെ വർദ്ധിച്ചു വരികയാണെന്നും എത്രയും വേഗം ബന്ധപ്പെട്ട അധികാരികൾ പ്രശ്ന പരിഹാരത്തിന് ഉതകും വിധം നടപടി സ്വീകരിക്കണമെന്നും ഷംസു വെളുത്തേരി ആവശ്യപ്പെട്ടു.

ഇരിങ്ങാലക്കുടയിൽ നെഹ്റു അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 61-ാം ചരമദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിൽ നെഹ്റു അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി സോണിയ ഗിരി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് സി.എസ്. അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു.

യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ, മണ്ഡലം പ്രസിഡന്റ് ജോമോൻ മണാത്ത്, കൗൺസിലർ ജെയ്സൺ പാറേക്കാടൻ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മിനി കാളിയങ്കര, മണ്ഡലം സെക്രട്ടറി എ.സി. സുരേഷ്, ശ്രീറാം ജയപാലൻ എന്നിവർ നേതൃത്വം നൽകി.

വേളൂക്കരയിൽ മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി

ഇരിങ്ങാലക്കുട : കോൺഗ്രസ് വേളൂക്കര 14-ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി കുടുംബ സംഗമവും എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കലും, മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിക്കലും സംഘടിപ്പിച്ചു.

വാർഡ് പ്രസിഡന്റ് ശ്രീകുമാർ ചക്കമ്പത്ത് അധ്യക്ഷത വഹിച്ചു.

കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ ഉദ്ഘാടനം നിർവ്വഹിച്ചു.

മണ്ഡലം പ്രസിഡൻ്റ് അഡ്വ. ശശികുമാർ എടപ്പുഴ, കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ആമിന അബ്ദുൾഖാദർ, സമദ് പെരുമ്പിലായി, ബിന്ദു ചെറാട്ട്, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് സനൽ, വാർഡ് മെമ്പർമാരായ യൂസഫ് കൊടകരപറമ്പിൽ, ബിബിൻ തുടിയത്ത്, തുമ്പൂർ സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റ് ജോണി കാച്ചപ്പിള്ളി, പ്രേമൻ പൂവ്വത്തുംകടവിൽ, റാഫി മൂശ്ശേരിപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

ബൂത്ത് പ്രസിഡന്റുമാരായ ഷിൻ്റോ സ്വാഗതവും ഷജീർ കൊടകരപറമ്പിൽ നന്ദിയും പറഞ്ഞു.

പിണറായി സർക്കാരിൻ്റെ ദുർഭരണത്തിനെതിരെമാപ്രാണത്ത് ബി ജെ പിയുടെ പ്രതിഷേധ ജ്വാല

ഇരിങ്ങാലക്കുട : പത്താം വർഷത്തിലേക്ക് കടക്കുന്ന പിണറായി സർക്കാരിൻ്റെ ദുർഭരണത്തിനെതിരെ ബി ജെ പി പൊറത്തിശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാപ്രാണം സെൻ്ററിൽ പ്രതിഷേധ ജ്വാല നടത്തി.

ഏരിയാ പ്രസിഡണ്ട് സൂരജ് കടുങ്ങാടൻ അദ്ധ്യക്ഷത വഹിച്ചു.

മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ് ഉദ്ഘാനം ചെയ്തു.

മണ്ഡലം സെക്രട്ടറി ടി കെ ഷാജു മുഖ്യ പ്രഭാഷണം നടത്തി.

മണ്ഡലം ജനറൽ സെക്രട്ടറി വി.സി.രമേഷ്, ലാംബി റാഫേൽ, വത്സല നന്ദൻ, ശ്രീജേഷ്, ആർട്ടിസ്റ്റ് പ്രഭ, കൗൺസിലർമാരായ മായ അജയൻ, സരിത സുഭാഷ്, ഏരിയാ വൈസ് പ്രസിഡണ്ട് സതീഷ് കെ പിള്ള, ടി വി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.

ഏരിയാ ജനറൽ സെക്രട്ടറി സൂരജ് നമ്പ്യാങ്കാവ് സ്വാഗതവും, വൈസ് പ്രസിഡണ്ട് സന്തോഷ് കാര്യാടൻ നന്ദിയും പറഞ്ഞു.

അധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട : മാടായിക്കോണം പി.കെ. ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഗവ. യു.പി. സ്കൂളിൽ എൽ.പി. സ്കൂൾ അധ്യാപിക, ജൂനിയർ ഹിന്ദി, ജൂനിയർ സംസ്കൃതം എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക ഒഴിവുണ്ട്.

യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 30 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നടത്തുന്ന കൂടിക്കാഴ്ചയിൽ ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ്സ് അറിയിച്ചു.

യു.പി.എസ്.ടി. തസ്തികയിൽ താൽക്കാലിക ഒഴിവ്

ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ യു.പി.എസ്.ടി. തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്.

നിശ്ചിത യോഗ്യതയുള്ളവർ കൂടിക്കാഴ്ചയ്ക്കായി മെയ് 30 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ നേരിട്ട് ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ്സ് അറിയിച്ചു.

കാറ്റിലും മഴയിലും വള്ളിവട്ടം കോഴിക്കാട് മേഖലയിൽ കനത്ത നാശനഷ്ടം

ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വള്ളിവട്ടം കോഴിക്കാട് മേഖലയിൽ കനത്ത നാശനഷ്ടം.

കോഴിക്കാട് കൊല്ലംപറമ്പിൽ അശോകന്റെ വീട്ടുപറമ്പിലെ അടയ്ക്കാമരങ്ങൾ വീടിനു മുകളിലേക്ക് വീണ് വീടിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു.

മേഖലയിൽ വ്യാപകമായ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.