​കാട്ടൂർ എസ്എൻഡിപി ക്ഷേത്രത്തിലെ കാവടി ആഘോഷത്തിനിടെ രണ്ട് യുവാക്കൾക്ക് കുത്തേറ്റ കേസിൽ രണ്ടു പ്രതികൾ പിടിയിൽ

​ഇരിങ്ങാലക്കുട : കാട്ടൂർ എസ്എൻഡിപി ക്ഷേത്രത്തിന് സമീപമുള്ള ജംഗ്ഷനിൽ വച്ച് സ്കൂട്ടറിൽ വരികയായിരുന്നു പ്രതികളെ തടഞ്ഞുനിർത്തിയതിലുള്ള വൈരാഗ്യത്താൽ കാട്ടൂർ ആശാരിക്കുന്ന് വടക്കുമുറി വീട്ടിൽ അമൽ, കാട്ടൂർ കുന്നത്ത്പീടിക പട്ടാലി വീട്ടിൽ സൂരജ് എന്നിവരെ കത്തികൊണ്ട് കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ രണ്ട് പ്രതികൾ പിടിയിൽ.

എടത്തിരുത്തി ചെന്ത്രാപ്പിന്നി ഈസ്റ്റ് സ്വദേശി മുരുക്കുംതറ വീട്ടിൽ അനു (36), ഇയാളെ രക്ഷപ്പെടാൻ സഹായിച്ച കുറ്റത്തിന് ബന്ധുവായ കിഴുപ്പുള്ളിക്കര അഴിമാവ് സ്വദേശി ഒറ്റാലി വീട്ടിൽ ജിഷ്ണു (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

അമലിന് വയറിനും സൂരജിന് നെഞ്ചിലുമാണ് കുത്തേറ്റത്.

ഇരിങ്ങാലക്കുട ഡിവൈഎസ്പി സന്തോഷ്, കാട്ടൂർ സ്റ്റേഷൻ എസ്എച്ച്ഒ, ബൈജു, എസ്ഐ ബാബു ജോർജ്ജ്, ജിഎഎസ്ഐ-മാരായ സി.ജി. ധനേഷ്, ഇ.എസ്. ജീവൻ, ജിഎസ്‌സിപിഒ-മാരായ വി.എസ്. ശ്യാം, കെ.വി. വിപിൻ, സിപിഒ അഭിലാഷ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

ആറാട്ടുപുഴ പൂരം പ്രശ്നോത്തരി : ശ്രീഹരി ഒന്നാം സ്ഥാനത്ത്

ഇരിങ്ങാലക്കുട : ആറാട്ടുപുഴ പൂരത്തിൻ്റെ ഭാഗമായി ഒറ്റഘട്ടമായി നടത്തിയ ആറാട്ടുപുഴ പൂരം പ്രശ്നോത്തരിയിൽ ഊരകം ചേന്ദനാത്ത് വീട്ടിൽ രാജേഷിൻ്റെയും ശരണ്യയുടെയും മകൻ ശ്രീഹരി മികച്ച പ്രകടനം കാഴ്ച വെച്ച് ഒന്നാം സ്ഥാനത്തിനർഹനായി.

വരവൂർ കോർമത്ത് വീട്ടിൽ മണികണ്ഠൻ്റെയും അജിതയുടെയും മകൾ നിധുല രണ്ടാം സ്ഥാനവും ചെങ്ങാലൂർ പാറക്കര മനയിൽ ശങ്കരനാരായണൻ്റെയും ദേവിയുടെയും മകൻ ആദിദേവ് ശങ്കർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മികച്ച പ്രകടനം കാഴ്ചവെച്ച ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് പ്രശസ്തിപത്രവും ഉപഹാരവും ക്യാഷ് അവാർഡും ആറാട്ടുപുഴ പൂരം കൊടിയേറ്റം ദിവസമായ മാർച്ച് 24ന് വൈകുന്നേരം ആറാട്ടുപുഴ ക്ഷേത്രാങ്കണത്തിൽ വെച്ച് സമ്മാനിക്കും.

ഇന്റർനാഷണൽ ക്വിസർ ആന്റ് ക്വിസ് മാസ്റ്റർ എ.ആർ. രഞ്ജിത്ത് ആണ് പ്രശ്നോത്തരി നയിച്ചത്.

1443 വർഷത്തെ പഴമയുള്ള ആറാട്ടുപുഴ പൂരത്തിന്റെ അനുഷ്ഠാനങ്ങളും ചടങ്ങുകളും ആഘോഷങ്ങളും ചരിത്രവും ക്ഷേത്രവിവരങ്ങളും ഉൾക്കൊള്ളുന്ന വിശദവിവരങ്ങൾ വളർന്നു വരുന്ന തലമുറയ്ക്ക് പകർന്ന് കൊടുക്കുകയെന്നതാണ് ആറാട്ടുപുഴ പൂരം പ്രശ്നോത്തരിയിലൂടെ ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി ലക്ഷ്യമിടുന്നത്.

തന്ത്രി മുഖ്യനും ആറാട്ടുപുഴ ക്ഷേത്രത്തിന്റെ മാർഗ്ഗദർശിയുമായിരുന്ന പരേതനായ കെ.പി.സി. നാരായണൻ ഭട്ടതിരിപ്പാടിന്റെ സ്മരണാർത്ഥം ആറാട്ടുപുഴ ക്ഷേത്രം ഉപദേശക സമിതിയുടെ നേതൃത്വത്തിലായിരുന്നു
പൂരം പ്രശ്നോത്തരി.

വിനോദ് കണ്ടെംകാവിൽ രചിച്ച ‘തൃശ്ശൂർ പൂരം’ എന്ന പുസ്തകം പ്രശ്നോത്തരിയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കും സമ്മാനിച്ചു.

എൽഡിഎഫിൻ്റെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധ ധർണ്ണ നടത്തി എൻഡിഎ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എംഎൽഎ ആർ. ബിന്ദുവിൻ്റെയും എൽഡിഎഫിൻ്റെയും വികസന വിരുദ്ധ നയങ്ങൾക്കെതിരെ എൻഡിഎ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റി ജനകീയ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് സബ് ഡിപ്പോയായി ഉയർത്തുക, സിഐ ഓഫീസ്, സബ് ജയിൽ ഭൂമി ദേവസ്വത്തിന് വിട്ടു കൊടുക്കുക, കേന്ദ്രാവിഷ്കൃത പദ്ധതികൾ പ്രോട്ടോക്കോൾ ലംഘിച്ച് ഉദ്ഘാടന മാമാങ്കം നടത്തുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇരിങ്ങാലക്കുടയിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ഭഗീഷ് പൂരാടൻ ഉദ്ഘാടനം ചെയ്തു.

സമഗ്ര വികസിത ഇരിങ്ങാലക്കുടയാണ് എൻഡിഎയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡൻ്റ് ആർച്ച അനീഷ് അധ്യക്ഷത വഹിച്ചു.

കേന്ദ്രത്തിലും കേരളത്തിലും വികസനത്തിൻ്റെ ഡബിൾ എഞ്ചിൻ സർക്കാരിനായി എൻഡിഎയെ വിജയിപ്പിക്കണമെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട ആമുഖ പ്രസംഗത്തിൽ സൂചിപ്പിച്ചു.

ബിഡിജെഎസ് നിയോജക മണ്ഡലം പ്രസിഡൻ്റ് എ.ആർ. ജയചന്ദ്രൻ, സംസ്ഥാന സമിതിയംഗം സന്തോഷ് ചെറാക്കുളം, ജില്ലാ ഭാരവാഹികളായ ലോചനൻ അമ്പാട്ട്, അഖിലാഷ് വിശ്വനാഥൻ, ആളൂർ മണ്ഡലം പ്രസിഡൻ്റ് പി.എസ്. സുബീഷ്, മണ്ഡലം വൈസ് പ്രസിഡൻ്റ് രമേഷ് അയ്യർ എന്നിവർ പ്രസംഗിച്ചു.

നേതാക്കളായ കവിത ബിജു, അജീഷ് പൈക്കാട്ട്, അഡ്വ. സുബീഷ്, ഷൈജു കുറ്റിക്കാട്ട്, വി.സി. രമേഷ്, സിന്ധു സതീഷ്, സന്തോഷ് മുരിയാട് എന്നിവർ നേതൃത്വം നൽകി.

സൗജന്യ നേത്ര- തിമിര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സേവാഭാരതിയും കൊച്ചി ഐ ഫൗണ്ടേഷനും കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബും സംയുക്തമായി സൗജന്യ നേത്ര- തിമിര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

സേവാഭാരതി പ്രസിഡൻ്റ് നളിൻ ബാബു അധ്യക്ഷത വഹിച്ചു.

കൗൺസിലർ ടി.കെ. ഷൈജു ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ലയൺസ് ക്ലബ് ഡിസ്ട്രിക്ട് കോർഡിനേറ്ററും സാമൂഹ്യ പ്രവർത്തകനുമായ ജോൺസൺ കോലങ്കണ്ണി, ഐ ഫൗണ്ടേഷൻ കോർഡിനേറ്റർ ശിവൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

ക്യാമ്പ് കോർഡിനേറ്റർ രാജലക്ഷ്മി സുരേഷ് ബാബു സ്വാഗതവും, മെഡിക്കൽ കൺവീനർ ജഗദീഷ് പണിക്കവീട്ടിൽ നന്ദിയും പറഞ്ഞു.

ജോയിന്റ് സെക്രട്ടറി ഗോപിനാഥ് പീടികപ്പറമ്പിൽ, ട്രഷറർ രവീന്ദ്രൻ, സാകേതം സെക്രട്ടറി മോഹനൻ പി. നായർ, വിദ്യാഭ്യാസ സമിതി കൺവീനർ ശ്രീകല കൃഷ്ണകുമാർ, മണികണ്ഠൻ ചൂണ്ടാണി, സംഗീത ബാബുരാജ്, സൗമ്യ സംഗീത്, മണിമോൾ, നിള എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി വർഷ ഗണേഷ്

ഇരിങ്ങാലക്കുട : ചെന്നൈ എസ്.ആർ.എം. യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി വർഷ ഗണേഷ്.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിൽ അസിസ്റ്റന്റ് പ്രൊഫസറായ വർഷ ഗണേഷ് ഇരിങ്ങാലക്കുട പള്ളത്ത് ലൈനിൽ നന്ദനത്തിൽ ഗണേഷ്, രേണുക ദമ്പതികളുടെ മകളും പുല്ലൂർ കാരേക്കാട്ട് ശിവശങ്കറിന്റെ ഭാര്യയുമാണ്.

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

ഇരിങ്ങാലക്കുട : കുത്തഴിഞ്ഞ ആരോഗ്യ രംഗത്തിനെതിരെ പ്രതികരിച്ചവരുടെ പേരിൽ വധശ്രമത്തിന് കേസെടുത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.

നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ നേതൃത്വം നൽകി.

ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് സോമൻ ചിറ്റേത്ത് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡൻ്റുമാരായ എം.ആർ. ഷാജു, വിബിൻ വെള്ളയത്ത്, സുബീഷ് കാക്കനാടൻ, മണ്ഡലം ഭാരവാഹികളായ എബിൻ ജോൺ, വിനു ആന്റണി, അജയ് മേനോൻ, അജീഷ്, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റുമാരായ ജസ്റ്റിൻ ജോൺ, ജോമോൻ മണാത്ത്, ശരത് ദാസ്, ഷാൽബിൻ പെരേര, എ.എസ്. സനൽ, സഞ്ജയ്‌ ബാബു, കെഎസ്‌യു നിയോജകമണ്ഡലം പ്രസിഡന്റ് ഫെസ്റ്റിൻ ഔസേഫ്, ജില്ലാ ഭാരവാഹി ഗിഫ്‌റ്റ്സൺ ബിജു എന്നിവർ പ്രസംഗിച്ചു.

രാജീവ്‌ ഗാന്ധി മന്ദിരത്തിൽ നിന്നും ആരംഭിച്ച പ്രകടനം ഠാണാവിൽ സമാപിച്ചു.

വള്ളിവട്ടത്തു നിന്ന് 14 ലിറ്റർ വിദേശമദ്യം പിടികൂടി

ഇരിങ്ങാലക്കുട : വള്ളിവട്ടം ബ്രാലം സ്വദേശിയുടെ വീട്ടിൽനിന്ന് 14 ലിറ്റർ വിദേശമദ്യം പിടികൂടി തൃശൂർ റൂറൽ പൊലീസ്.

കളത്തിപറമ്പിൽ വീട്ടിൽ ദിലീപ് കുമാർ (54) എന്നയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് വിൽപ്പനയ്ക്കായി സൂക്ഷിച്ച 14 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടിയത്.

മലബാർ ഹൗസ്, ഹണീബി, ബിഗ് ബ്രദർ എന്നീ ബ്രാന്റുകളിലുള്ള മദ്യമാണ് പിടിച്ചെടുത്തത്.

മദ്യം പിടിച്ചെടുക്കുന്ന സമയത്ത് ദീലീപ് കുമാർ സ്ഥലത്തുണ്ടായിരുന്നില്ല. ഇയാളുടെ ഭാര്യ അമ്പിളി(45)യാണ് വീട്ടിൽ ഉണ്ടായിരുന്നത്. കേസ്സിൽ ദീലീപ് കുമാറിനെയും അമ്പിളിയെയും പ്രതി ചേർക്കും.

ഇരിങ്ങാലക്കുട പൊലീസ് തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്.

ദീലീപ്കുമാർ ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധിയിൽ പൊതുസ്ഥലത്ത് വെച്ച് പരസ്യമായി മദ്യപിച്ച രണ്ട് കേസ്സുകളിലും, മദ്യലഹരിയിൽ മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച കേസ്സിലും അടക്കം മൂന്ന് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

ഡാൻസാഫ് ടീമിലെ ഗ്രേഡ് എസ്ഐമാരായ സതീശൻ മടപ്പാട്ടിൽ, പി. ജയകൃഷ്ണൻ, സി.ആർ. പ്രദീപ്, പി.എം. മൂസ, ടി.ആർ. ഷൈൻ, ഗ്രേഡ് എഎസ്ഐമാരായ എ.യു. റെജി, ഷിജോ തോമസ്, ഇ.എസ്. ജീവൻ, സീനിയർ സിപിഒമാരായ സോണി സേവ്യർ, വി. കൃഷ്ണദാസ്, സിപിഒ ഇ.വി. ശ്രീജിത്ത്, ചേർപ്പ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ, സബ്ബ് ഇൻസ്പെക്ടർ കെ.എസ്. സുബിന്ദ്, ജൂനിയർ എസ്ഐ സഞ്ജയ്, ഗ്രേഡ് എഎസ്ഐ ആരിഫ്, സീനിയർ സിപിഒ സിന്റി ജിയോ, അന്തിക്കാട് സ്റ്റേഷൻ എസ്ഐ അനു എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

നവോത്ഥാനമൂല്യങ്ങൾ ചോർന്നു പോകാതെ സംരക്ഷിക്കാൻ ശക്തമായ സാംസ്കാരിക ഇടപെടൽ അനിവാര്യം : വി.എസ്. സുനിൽകുമാർ

ഇരിങ്ങാലക്കുട : കേരളത്തിൻ്റെ സമഗ്രവികസനത്തോടൊപ്പം നവോത്ഥാനമൂല്യങ്ങൾ ചോർന്നുപോകാതെ സംരക്ഷിക്കാൻ ശക്തമായ സാംസ്കാരിക ഇടപെടൽ അനിവാര്യമെന്ന് മുൻ മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു.

ആർട്ടിസ്റ്റ് മോഹൻദാസിൻ്റെ ചിത്രകലാലോകത്തെ സുവർണ്ണജൂബിലിയും യുവകലാസാഹിതി കെ.ഒ. വിൻസെൻ്റ് മാസ്റ്റർ പുരസ്കാരദാന ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിത്രകാരന്മാരായ രാധാകൃഷ്ണൻ കിഴുത്താണി, മഹേശ്വർ, മുൻ നഗരസഭ കൗൺസിലർ എം.സി. രമണൻ, സന്തോഷ് കൂനൻ ആൻ്റണി, കെ.ഒ. വിൻസെൻ്റ് മാസ്റ്റർ എന്നിവർ വരച്ച ചിത്രങ്ങളുടെ പ്രദർശനം നടന്നു.

വിവിധ ഗായകർ പങ്കെടുത്ത ഗാനമേളയും പി.എൻ. സുനിലിൻ്റെ കവിതയും അരങ്ങേറി.

തുടർന്ന് യുവകലാസാഹിതി മണ്ഡലം ജോയിൻ്റ് സെക്രട്ടറി റഷീദ് കാറളം, ടി.എസ്. സജീവ്, സിൽവി രാധാകൃഷ്ണൻ എന്നവരുടെ കഥകളി അരങ്ങേറ്റവും നടന്നു.

തൊഴിലാളികൾ, സർക്കാർ ജീവനക്കാർ, കലാകാരന്മാർ, സാംസ്കാരിക പ്രവർത്തകർ, അഭിഭാഷകർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, ജനപ്രതിനിധികൾ, കച്ചവടക്കാർ, പത്രപ്രവർത്തകർ തുടങ്ങി സമൂഹത്തിൻ്റെ നാനാമേഖലയിലുള്ളവർ മോഹൻദാസിനെ ഹാരമർപ്പിച്ച് ആദരിച്ചത് വ്യത്യസ്തമായ അനുഭവമായി.

യോഗത്തിൽ അഡ്വ. രാജേഷ് തമ്പാൻ അധ്യക്ഷത വഹിച്ചു.

സോമൻ താമരക്കുളം, കെ. ശ്രീകുമാർ, വി.പി. അജിത്കുമാർ, അഡ്വ. ഇ.ജെ. ബാബുരാജ്, മേരിവിജയം, ആർട്ടിസ്റ്റ് മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.

ജലക്ഷാമം മൂലം കൃഷിനാശം തുടരുന്നു : മാർച്ച് 5ന് ധർണ്ണയും മാർച്ചും നടത്താനൊരുങ്ങി കണ്ണുകെട്ടിച്ചിറ- വഴിക്കിലിച്ചിറ ഇരുപ്പൂപാടശേഖര സമിതി

ഇരിങ്ങാലക്കുട : കടുത്ത വേനലിൽ കൃഷിക്ക് വേണ്ടത്ര ജലം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ആളൂർ, പുത്തൻചിറ, വേളൂക്കര പഞ്ചായത്തുകളിലെ കർഷകർ കണ്ണുകെട്ടിച്ചിറ- വഴിക്കിലിച്ചിറ ഇരുപ്പൂപാടശേഖര സമിതിയുടെ നേതൃത്വത്തിൽ ധർണ്ണയും മാർച്ചും നടത്തുമെന്ന് ഇരുപ്പൂപാടശേഖര സമിതി ഭാരവാഹികൾ അറിയിച്ചു.

മാർച്ച് 5ന് 11 മണിക്ക് ചാലക്കുടി മേജർ ഇറിഗേഷന്റെ മുൻപിൽ നിന്ന് ആരംഭിക്കുന്ന കർഷക മാർച്ച് ചാലക്കുടി വൈദ്യുത ഭവന്റെ മുൻപിൽ എത്തിച്ചേരുമ്പോൾ പ്രതിഷേധ ധർണ്ണ നടത്തും.

കഴിഞ്ഞ കുറേ വർഷങ്ങളായി നിലനിൽക്കുന്ന ജലക്ഷാമം മൂലം നെല്ല്, വാഴ, ജാതി, തെങ്ങ്, പച്ചക്കറികൾ തുടങ്ങിയ കൃഷികൾ വ്യാപകമായി നശിച്ചുകൊണ്ടിരിക്കുകയാണെന്നും നിരവധി പരാതികൾ നൽകിയിട്ടും പ്രശ്നപരിഹാരത്തിന് അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും കർഷകർ കുറ്റപ്പെടുത്തി.

കർഷകരുടെ ഉപജീവനമാർഗ്ഗം തന്നെ ഇല്ലാതാക്കുന്ന ഈ പ്രശ്നങ്ങൾക്ക് പരിഹാരം ഇല്ലാത്ത സാഹചര്യത്തിലാണ് ശക്തമായ സമരവുമായി മുന്നോട്ടു പോകാൻ കർഷക കൂട്ടായ്മ തീരുമാനിച്ചത്.

നാഷണൽ ഗ്രീൻ സോഷ്യലിസ്റ്റ് ദേശീയ പ്രസിഡൻ്റ് വാക്സറിൻ പെരേപ്പാടൻ ധർണ്ണ ഉദ്ഘാടനം ചെയ്യും.

പ്രദേശത്തെ മുഴുവൻ കർഷകരും ജനപ്രതിനിധികളും ഈ പ്രതിഷേധത്തിൽ പങ്കുചേരണമെന്ന് കണ്ണുകെട്ടിച്ചിറ- വഴിക്കിലിച്ചിറ ഇരുപ്പൂപാടശേഖരസമിതി സെക്രട്ടറി ടോം കിരൺ ആവശ്യപ്പെട്ടു.