പുസ്തകചർച്ചയും കവിയരങ്ങും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സംഗമസാഹിതിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ പ്രവാസി എഴുത്തുകാരൻ കാവല്ലൂർ മുരളീധരൻ രചിച്ച “തുന്നിച്ചേർക്കാത്ത വിരൽ”എന്ന ആത്മകഥാപരമായ നോവലിന്റെ ചർച്ചയും കവിയരങ്ങും സംഘടിപ്പിച്ചു.

കാവല്ലൂർ മുരളീധരൻ എഴുത്ത് അനുഭവവും, സംഗമസാഹിതി സെക്രട്ടറി അരുൺ ഗാന്ധിഗ്രാം, പ്രസിഡന്റ് റഷീദ് കാറളം, എഴുത്തുകാരായ സനോജ് രാഘവൻ, വേണുഗോപാൽ എടതിരിഞ്ഞി, ഇരിങ്ങാലക്കുട ബാബുരാജ്, ജോസ് മഞ്ഞില, ഷാജി മാസ്റ്റർ എന്നിവർ വായനാനുഭവങ്ങളും പങ്കുവെച്ചു.

പുസ്തകചർച്ചയ്ക്ക് മുൻപായി നടന്ന കവിയരങ്ങ് പി.എൻ. സുനിൽ ഉദ്ഘാടനം ചെയ്തു.

കൃഷ്ണകുമാർ മാപ്രാണം,
കെ. ദിനേശ് രാജ, ഹവ്വ ടീച്ചർ, വിജയൻ ചിറ്റേക്കാട്ടിൽ, സിന്റി സ്റ്റാൻലി, സി.ജി. രേഖ, കെ.എൻ. സുരേഷ്കുമാർ, വിനോദ് വാക്കയിൽ, സുവിൻ കൈപ്പമംഗലം, നോമി കൃഷ്ണ, ഗീത എസ്. പടിയത്ത്, ശ്രീലത രാജീവ്, ആശ യതീന്ദ്രദാസ്, എ.വി. കൃഷ്ണകുമാർ, മനോജ് വള്ളിവട്ടം, ഷൈജൻ കൊമ്പരുപറമ്പിൽ, സുമിഷ മുരിയാട്, രതി കല്ലട തുടങ്ങിയവർ പങ്കെടുത്തു.

അമ്മന്നൂർ ഗുരുകുലത്തിന്റെ 39-ാമത് കൂടിയാട്ട മഹോത്സവത്തിന് തുടക്കമായി

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിൻ്റെ 39-ാമത് കൂടിയാട്ടമഹോത്സവത്തിന് ഇരിങ്ങാലക്കുടയിലെ മാധവനാട്യഭൂമിയിൽ തുടക്കമായി.

ഇരിങ്ങാലക്കുട പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോജി ജോർജ്ജ് ഉദ്ഘാടനം ചെയ്തു.

വേണുജി അധ്യക്ഷത വഹിച്ചു.

പി. നന്ദകുമാർ ‘പരമേശ്വരചാക്യാർ അനുസ്മരണവും’ കേളിരാമ ചന്ദ്രൻ ‘എടനാട് സരോജിനി നങ്ങ്യാരമ്മ’ അനുസ്മരണവും നടത്തി.

അമ്മന്നൂർ കുട്ടൻ ചാക്യാരുടെ ആചാര്യ വന്ദനത്തോടെ ആരംഭിച്ച യോഗത്തിൽ ഗുരുകുലം വൈസ് പ്രസിഡൻ്റ് കലാമണ്ഡലം രാജീവ് സ്വാഗതവും ട്രഷറർ സരിത കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.

തുടർന്ന് ഡോ. അപർണ നങ്ങ്യാർ അവതരിപ്പിച്ച ‘കംസവധം’ നങ്ങ്യാർകൂത്ത് അരങ്ങേറി.

നങ്ങ്യാർകൂത്തിലെ നവരസാഭിനയവും മല്ലയുദ്ധവും കംസവധവും പ്രധാന അഭിനയ ഭാഗങ്ങളായിരുന്നു.

കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ എന്നിവർ മിഴാവിലും കലാനിലയം ഉണ്ണികൃഷ്ണൻ ഇടക്കയിലും സരിത കൃഷ്ണകുമാർ, ഗുരുകുലം അക്ഷര, മേധ നങ്ങ്യാർ എന്നിവർ താളത്തിലും നങ്ങ്യാർകൂത്തിന് പശ്ചാത്തലമൊരുക്കി.

രണ്ടാം ദിവസമായ വെള്ളിയാഴ്ച സുഭദ്രാധനഞ്ജയം അഞ്ചാമങ്കത്തിലെ സുഭദ്രയുടെ നിർവ്വഹണം അരങ്ങേറും.

സുഭദ്രയായി സരിത കൃഷ്ണകുമാർ രംഗത്തെത്തും.

സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു

ഇരിങ്ങാലക്കുട : നടവരമ്പ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു.

കോണത്തുകുന്ന് ഗവ. യു.പി. സ്കൂളിൽ ”കനിവ്” എന്ന പേരിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

വിവിധ സർക്കാർ സർവീസുകളുടെ സഹകരണത്തോടെ പ്രാണവേഗം (ഫയർ ആൻ്റ് റെസ്ക്യൂ), വർജ്യം (എക്സൈസ്), സേഫ്റ്റി സ്പാർക്ക് (കെ.എസ്.ഇ.ബി.), സഹജം സുന്ദരം (ഡ്രഗ്സ് കൺട്രോൾ വിഭാഗം) തുടങ്ങിയ പ്രോജക്ടുകൾ ചെയ്തു.

വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾ, ഗൃഹസന്ദർശനങ്ങൾ, ഗ്രാമീണ മേഖലയിലെ വിവരശേഖരണം, ലഘു നാടകങ്ങൾ എന്നിവയും ക്യാമ്പിൻ്റെ ഭാഗമായി സംഘടിപ്പിച്ചു.

പ്രിൻസിപ്പൽ കെ.പി. അനിൽ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സി.ആർ. സീമ, ഹെഡ്മിസ്ട്രസ്സ് പി.എസ്. ഷക്കീന, പി.ടി.എ. പ്രസിഡൻ്റ് ടി.എ. അനസ്, ക്യാമ്പ് ലീഡർ ടി.എ. സ്വാലിഹ എന്നിവർ നേതൃത്വം നൽകി.

തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

ഇരിങ്ങാലക്കുട : തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സർക്കാരിനെതിരേ പുതുവത്സര ദിനത്തിൽ യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നരേന്ദ്രമോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരന്റെ അധ്യക്ഷതയിൽ നടന്ന പ്രകടനം മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് അബ്‌ദുൾ ഹഖ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻ്റുമാരായ ജോമോൻ മണാത്ത്, എ.എസ്. സനൽ, ജസ്റ്റിൻ ജോൺ, നിയോജക മണ്ഡലം ഭാരവാഹികളായ വിനു ആന്റണി, എബിൻ ജോൺ, അനന്തകൃഷ്ണൻ, ഡേവിസ് ഷാജു, എൻ.ഒ. ഷാർവി, ആൽബർട്ട് കാനംകുടം, കെഎസ്‌യു ജില്ലാ നിർവാഹക സമിതി അംഗം ഗിഫ്റ്റ്സൺ ബിജു, മണ്ഡലം ഭാരവാഹികളായ അഷ്‌കർ സുലൈമാൻ, ശ്രീജിത്ത്‌ എസ്. പിള്ള, എം.ജെ. ജെറോൺ തുടങ്ങിയവർ നേതൃത്വം നൽകി.

ചെന്നൈയിലെ ഡാൻസ് ഫോർ ഡാൻസ് ഫെസ്റ്റിവലിൻ്റെ മനം നിറച്ച് സൂരജ് നമ്പ്യാരുടെ ‘യയാതി’

ഇരിങ്ങാലക്കുട : കൂടിയാട്ടം കലാകാരനായ സൂരജ് നമ്പ്യാർ സംവിധാനം ചെയ്ത് അവതരിപ്പിച്ച ഏകാഹാര്യകൂടിയാട്ടാവതരണം ‘യയാതി’ ചെന്നൈയിലെ ഡാൻസ് ഫോർ ഡാൻസ് ഫെസ്റ്റിവലിൽ അരങ്ങേറി.

കലാവാഹിനി സംഘടിപ്പിക്കുന്ന ഈ ഫെസ്റ്റിവൽ ക്യൂറേറ്റ് ചെയ്തത് വിഖ്യാത നർത്തകി മാളവിക സരൂക്കായ് ആണ്.

കലാവാഹിനിയുടെ 2025ലെ സീനിയർ ഫെല്ലോഷിപ്പിന് അർഹനായ സൂരജ് നമ്പ്യാരുടെ ഈ വർഷത്തെ രണ്ടാമത്തെ ചിട്ടപ്പെടുത്തലാണ് യയാതി.

മഹാഭാരതത്തിൽ നിന്നും വി.എസ്. ഖാണ്ഡേക്കറുടെ നോവലിൽ നിന്നും ഗിരീഷ് കർണാടിൻ്റെ നാടകത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് യയാതി കൂടിയാട്ടത്തിൽ ചിട്ടപ്പെടുത്തിയത്.

പകർന്നാട്ടത്തിന് വളരെ സാധ്യതകളുള്ള രീതിയിലാണ് ഈ അവതരണം രൂപകല്പന ചെയ്തിട്ടുള്ളത്.

ചെന്നൈയിലെ ഭാരതീയ വിദ്യാഭവനിൽ നടന്ന അവതരണത്തിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം വിജയ്, കലാനിലയം ഉണ്ണികൃഷ്ണൻ, ആതിര ഹരിഹരൻ എന്നിവർ പശ്ചാത്തലമേളത്തിലും കലാമണ്ഡലം വൈശാഖ് ചുട്ടിയിലും അവതരണത്തിനു മിഴിവേകി.

ത്രിപുടിയാണ് ‘യയാതി’യുടെ നിർമ്മാണ നിർവഹണം ചെയ്തത്.

ക്രിസ്തുമസ് ത്രിദിന ക്യാമ്പിന് തുടക്കമായി

ഇരിങ്ങാലക്കുട : നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ക്രിസ്തുമസ് ത്രിദിന ക്യാമ്പിന് തുടക്കമായി.

ബുധനാഴ്ച രാവിലെ അസംബ്ലിയോടു കൂടിയാണ് ക്യാമ്പ് ആരംഭിച്ചത്.

ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ എം.കെ. ഷാജി പതാക ഉയർത്തി.

കൗൺസിലർ സ്മിത കൃഷ്ണകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

എസ്പിസി പദ്ധതിയുടെ അധ്യാപക – രക്ഷാകർതൃ സമിതി അധ്യക്ഷൻ ബേബി അധ്യക്ഷത വഹിച്ചു.

സ്കൂൾ മാനേജർ വി.പി.ആർ. മേനോൻ, രാമചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

ക്യാമ്പിൽ വച്ച് ജൂനിയർ കുട്ടികൾക്ക് ക്യാപ്പ് സെറിമണി നടത്തി.

ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ ഷാജി എസ്പിസി ക്യാമ്പ് നടത്തിപ്പിനെ പറ്റിയും എസ്പിസി പദ്ധതി രൂപീകരിക്കുന്നതിനുണ്ടായ സാഹചര്യങ്ങൾ, എസ്പിസി പദ്ധതിയുടെ ആവശ്യകത, എങ്ങനെയാകണം എസ്പിസി കേഡറ്റ് എന്നിങ്ങനെയുള്ള കാര്യങ്ങൾ വിശദമാക്കി.

പ്രധാന അധ്യാപിക കെ.പി. സീന സ്വാഗതവും സിപിഒ ശ്രീകൃഷ്ണൻ നന്ദിയും പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തിനുശേഷം സംസ്ഥാന കളരിപ്പയറ്റ് മത്സരത്തിൽ സുവർണ്ണമെഡൽ നേടിയ സ്കൂൾ പൂർവ വിദ്യാർഥിനി അയന സന്തോഷ് കളരിപ്പയറ്റ് പരിശീലനം നൽകി.

ക്രൈസ്റ്റ് കോളെജ് ക്ലിനിക്കൽ സൈക്കോളജി വിഭാഗത്തിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിനികളായ അതുല്യയും സാന്ദ്രയും ചേർന്ന് ‘എന്താണ് ജെൻഡർ ഇക്വാലിറ്റി’ എന്നും ‘എങ്ങനെയാണ് ജെൻഡർ ഇക്വാലിറ്റി പരിശീലിക്കേണ്ടത്’ എന്നും കുട്ടികൾക്ക് ക്ലാസ്സ് എടുത്തു.

തുടർന്ന് സീനിയർ, ജൂനിയർ കുട്ടികൾ ക്യാമ്പസ് ക്ലീനിങ് പ്രവർത്തനം നടത്തി.