രംഗകലാ കോൺഫറൻസ് ഇരിങ്ങാലക്കുടയിൽ ; ലോഗോ പ്രകാശിതമായി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നടക്കുന്ന രംഗകല കോൺഫറൻസിന്റെ ലോഗോ പ്രകാശനം പ്രശസ്ത കുച്ചിപ്പുടി നർത്തകി ശ്രീലക്ഷ്മി ഗോവർദ്ധനൻ നിർവഹിച്ചു.

ഇരിങ്ങാലക്കുടയിലെ പ്രമുഖ സാംസ്കാരിക സ്ഥാപനമായ ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിലാണ് രംഗകലാ കോൺഫറൻസ് സംഘടിപ്പിക്കുന്നത്.

ഭാരതീയ കലാരൂപങ്ങളെക്കുറിച്ചുള്ള പഠനത്തിനും ഗവേഷണത്തിനുമായി ഇരിങ്ങാലക്കുടയിൽ വർഷംതോറും സംഘടിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് കോൺഫറൻസ് ഒരുക്കുന്നത്.

ശാസ്ത്രീയ കലാരൂപങ്ങളിലെ അക്കാദമിക് ഗവേഷണവും പ്രകടനവും തമ്മിലുള്ള അന്തരത്തിൻ്റെ ദൂരം കുറയ്ക്കുക എന്നതാണ് ഈ വാർഷിക പരിപാടിയിലൂടെ സംഘാടകർ വിഭാവനം ചെയ്യുന്നത്.

രംഗകല കോൺഫറൻസിന്റെ പ്രഥമ പതിപ്പ് 2026 ജനുവരി 24 മുതൽ 26 വരെ ക്രൈസ്റ്റ് കോളെജ് ഓഡിറ്റോറിയത്തിൽ അരങ്ങേറും.

ഭാരതീയ നാട്യശാസ്ത്രം യുനെസ്കോയുടെ ‘മെമ്മറി ഓഫ് ദി വേൾഡ്’ പട്ടികയിൽ ഉൾപ്പെട്ടതിന്റെ ആദരസൂചകമായ ആഘോഷമാണ് ഈ വർഷത്തെ രംഗകല കോൺഫറൻസിൻ്റെ ആശയം കേന്ദ്രീകരിക്കുന്നത്.

മൂന്ന് ദിവസങ്ങളിലായി ഒരുക്കുന്ന പരിപാടിയിൽ ഭാരതത്തിൽ നിന്നുള്ള പ്രമുഖരായ കലാകാരന്മാരും ഗവേഷകരും പങ്കെടുക്കും.

കലാസ്വാദകർക്കായി ക്ലാസിക്കൽ പാരമ്പര്യങ്ങളെ ആസ്പദമാക്കി സെമിനാറുകളും ചർച്ചകളും ചൊല്ലിയാട്ടങ്ങളും രംഗകലാ അവതരണങ്ങളും സംഘാടകർ ഒരുക്കുന്നുണ്ട്.

ടി.ജി. ശങ്കരനാരായണൻ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായി ടി.ജി. ശങ്കരനാരായണൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

കാട്ടൂർ ഡിവിഷൻ മെമ്പർ എം.ബി. പവിത്രൻ പാറേക്കാട്ടുകരയാണ് ടി.ജി. ശങ്കരനാരായണൻ്റെ പേര് നിർദ്ദേശിച്ചത്. തൊട്ടിപ്പാൾ ഡിവിഷനിൽ നിന്നുള്ള നിമിഷ ശ്രീനിവാസൻ പിന്താങ്ങി.

ജെഫ്ഹർ സാദിഖ് ആയിരുന്നു വരണാധികാരി.
രണ്ടാം തവണയാണ് ടി.ജി. ശങ്കരനാരായണൻ ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെടുന്നത്.

പടിയൂരിനെ കരുത്തോടെനയിക്കാൻ കെ.പി. കണ്ണൻ

ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്ത് പ്രസിഡൻ്റായി കെ.പി. കണ്ണനെ തെരഞ്ഞെടുത്തു.

എൽഡിഎഫ് സ്ഥാനാർഥിയായി സിപിഐയെ പ്രതിനിധീകരിച്ച് 4-ാം വാർഡിലാണ് കണ്ണൻ ജനവിധി തേടിയത്.

വിദ്യാർത്ഥി യുവജനപ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. വിദ്യാർത്ഥി – യുവജന സംഘടനകളുടെ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്.

നിലവിൽ സിപിഐ പടിയൂർ നോർത്ത് ലോക്കൽ അസിസ്റ്റൻ്റ് സെക്രട്ടറിയാണ്. 2015ൽ നാലാം വാർഡിനെ പ്രതിനിധീകരിച്ച് വിജയിച്ച് ആരോഗ്യ വിദ്യഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി ചുമതല വഹിച്ചിട്ടുണ്ട്.

കാർഷിക- കാർഷികേതര രംഗത്തെ നിറസാന്നിധ്യമാണ് കണ്ണൻ.

നിര്യാതനായി

ഹർഷൻ

ഇരിങ്ങാലക്കുട : പഴയ പൂമംഗലം പഞ്ചായത്ത് ഓഫീസിന് സമീപം അണ്ടിക്കോട്ട് ദാമോദരൻ മകൻ ഹർഷൻ (69) നിര്യാതനായി.

സംസ്കാരം ശനിയാഴ്ച (ഡിസംബർ 27) വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ : സുനിത

മക്കൾ : ശരത്, ശിതിൻ

ഗോൾകീപ്പർ അൽക്കേഷ് രാജിന് എഐവൈഎഫിൻ്റെ ആദരം

ഇരിങ്ങാലക്കുട : കായിക ഭൂപടത്തിൽ എടതിരിഞ്ഞിയുടെ പേര് വജ്രശോഭയോടെ എഴുതി ചേർത്ത അൽക്കേഷ് രാജിനെ ആദരിച്ച് എഐവൈഎഫ്.

കഴിഞ്ഞ സന്തോഷ് ട്രോഫിയിൽ കേരളത്തിൻ്റെ ഗോൾ വല കാത്ത് കേരളത്തിന് കിരീടം നേടിയെടുക്കാനും കഴിഞ്ഞ ദിവസം അവസാനിച്ച സുപ്പർ ലീഗ് കേരളയിൽ താൻ പ്രതിനിധീകരിക്കുന്ന കണ്ണൂർ ടീമിന് കിരീടം നേടി കൊടുക്കാനും സാധിച്ചത് അൽക്കേഷിൻ്റെ കരിയറിലെ സുവർണനിമിഷങ്ങളാണ്.

എടതിരിഞ്ഞി കാക്കാത്തിരുത്തി സ്വദേശി വിജയരാജൻ്റെയും ഓമനയുടെയും മകനായ അൽക്കേഷ് രാജ് സാധാരണ കുടുംബ സാഹചര്യങ്ങളിൽ നിന്ന് കളിച്ചു വളർന്ന് നിരന്തര പരിശ്രമവും കഠിനാദ്ധ്വാനവും കൊണ്ടാണ് ഫുട്ബോളിലെ തൻ്റെ ഇഷ്‌ട മേഖലയിൽ വിജയം കൈവരിച്ചത്.

തൻ്റെ നാട്ടിലെ വളർന്ന് വരുന്ന കായിക പ്രതിഭകളെ പിന്തുണ കൊടുത്ത് പ്രോത്സാഹിപ്പിക്കാനും അൽക്കേഷ് മനസ് കാണിക്കാറുള്ളത് കായികതാരമെന്ന നിലയിൽ അൽക്കേഷിൻ്റെ ആത്മാർഥതയുടെ പ്രതികമായാണ് നോക്കിക്കാണുന്നത് എന്നും കൂടുതൽ ഉയരങ്ങളിലേക്ക് വിജയ പതാക പാറിച്ച് അൽക്കേഷിൻ്റെ കായിക ജീവിതം മഹനീയമാകട്ടെ എന്നും എഐവൈഎഫ് എടതിരിഞ്ഞി മേഖല ഭാരവാഹികൾ പറഞ്ഞു.

മേഖല കമ്മിറ്റിയുടെ ഉപഹാരം പാർട്ടി ലോക്കൽ സെക്രട്ടറി ഇൻ ചാർജ്ജ് മുരളി മണക്കാട്ടുംപടി അൽക്കേഷിന് സമ്മാനിച്ചു.

15-ാം വാർഡ് മെമ്പർ സംഗീത സുരേഷ് പൊന്നാട അണിയിച്ചു.

വി.ആർ. രമേഷ്, കെ.പി. കണ്ണൻ, വി.ആർ. അഭിജിത്ത്, പി.എസ്. കൃഷ്ണദാസ്, വിഷ്ണു ശങ്കർ, ഇ.എസ്. അഭിമന്യു, വി.പി. ബിനേഷ്, ഗിൽഡ, സുധാകരൻ കൈമപറമ്പിൽ, പി.സി. സുരേഷ്, വി.ഡി. യാദവ്, അൻഷാദ്, അൽക്കേഷിൻ്റെ സഹോദരൻ അമൽരാജ് എന്നിവർ നേതൃത്വം നൽകി.

നേത്ര പരിശോധന – തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സേവാഭാരതി ആരോഗ്യ വിഭാഗവും കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബും കൊച്ചി ഐ ഫൗണ്ടേഷനും സംയുക്തമായി സൗജന്യ നേത്ര പരിശോധന – തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു.

സേവാഭാരതി പ്രസിഡന്റ് നളിൻ ബാബു അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജയൻ തറയിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ലയൺസ് ക്ലബ് ഡിസ്ട്രിക്ട് കോർഡിനേറ്ററും സാമൂഹ്യപ്രവർത്തകനുമായ ജോൺസൺ കോലങ്കണ്ണി, ഐ ഫൗണ്ടേഷൻ കോർഡിനേറ്റർ ശിവൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

ഇരിങ്ങാലക്കുട വാനപ്രസ്ഥാശ്രമം സെക്രട്ടറി ഹരികുമാർ തളിയക്കാട്ടിൽ സ്വാഗതവും, ക്യാമ്പ് കോർഡിനേറ്റർ രാജിലക്ഷ്മി സുരേഷ് ബാബു നന്ദിയും പറഞ്ഞു.

സേവാഭാരതി സെക്രട്ടറി സായി റാം, വാനപ്രസ്ഥാശ്രമം പ്രസിഡൻ്റ് ഗോപിനാഥ് പീടികപറമ്പിൽ, മെഡിക്കൽ കോർഡിനേറ്റർ ജഗദീഷ് പണിക്കവീട്ടിൽ, മെഡിസെല്‍ പ്രസിഡന്റ് മിനി സുരേഷ്, വിദ്യാഭ്യാസ സമിതി കൺവീനർ കല കൃഷ്ണകുമാർ, ജ്യോതി ഹരീന്ദ്രനാഥ്, കവിത ലീലാധരൻ, സൗമ്യ സംഗീത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ഭാരതീയ വിദ്യാഭവനിൽ ക്രിസ്തുമസ് ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ ക്രിസ്തുമസ് ആഘോഷം വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി.

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളെജ് ദർശന കൗൺസലിങ് സെന്റർ ഡയറക്ടർ സിസ്റ്റർ എയ്ഞ്ചലിൻ ഉദ്ഘാടനം നിർവഹിച്ചു.

മുൻ ചെയർമാൻ സി. സുരേന്ദ്രൻ മുഖ്യാതിഥിയായിരുന്നു.

ചെയർമാൻ ടി.എ. നായർ, എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സി. നന്ദകുമാർ, വൈസ് ചെയർമാൻ ടി.പി. വിവേകാനന്ദൻ, സെക്രട്ടറി വി. രാജൻ, ട്രഷറർ സുബ്രഹ്മണ്യൻ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ശോഭ ശിവാനന്ദരാജൻ, ബി. ഉണ്ണികൃഷ്ണൻ, പ്രിൻസിപ്പൽ ബിജു ഗീവർഗ്ഗീസ്, വൈസ് പ്രിൻസിപ്പൽ സുജാത രാമനാഥൻ എന്നിവർ പങ്കെടുത്തു.

തുടർന്ന് ക്രിസ്തുമസ് കരോൾ, ക്രിസ്തുമസ് നൃത്തങ്ങൾ തുടങ്ങിയ പരിപാടികൾ അരങ്ങേറി. പുൽക്കൂട് നിർമ്മാണ മത്സരവും ഉണ്ടായിരുന്നു.

ക്രിസ്തുമസ് കാർഡ് നിർമ്മാണ മത്സരം, കളറിങ് മത്സരം തുടങ്ങിയവ ക്രിസ്തുമസ് ആഘോഷത്തിന് മുന്നോടിയായി നടന്നിരുന്നു.

ഇംഗ്ലീഷ് വിഭാഗം അധ്യാപകർ പരിപാടികൾ ഏകോപിപ്പിച്ചു.

5-ാമത് മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ കരോൾ ഗാനമത്സരം സംഘടിപ്പിച്ചു

കരുവന്നൂർ സെൻ്റ് മേരീസ് പള്ളിയിലെ കത്തോലിക്ക കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിൽ അഞ്ചാമത് മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ കരോൾഗാന മത്സരം ക്ലോറിയ സംഘടിപ്പിച്ചു.

ഒന്നാം സ്ഥാനം സെൻ്റ് പോൾ യൂണിറ്റും, രണ്ടാം സ്ഥാനം സെൻ്റ് മേരീസ്‌ യൂണിറ്റും, മൂന്നാം സ്ഥാനം സെൻ്റ് ആൻ്റണീസ് യൂണിറ്റും കരസ്ഥമാക്കി.

വിജയികൾക്ക് പ്രസിദ്ധ സംഗീത സംവിധായകനും ഗായകനുമായ ഷിബു ആൻ്റണി കാഷ് അവാർഡുകൾ വിതരണം ചെയ്തു.

മറ്റു ടീമുകൾക്കെല്ലാം പ്രോത്സാഹന സമ്മാനങ്ങളും സമ്മാനിച്ചു.

ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ വികാരി റവ. ഡോ. ലാസർ കുറ്റിക്കാടൻ ക്രിസ്തുമസ് സന്ദേശം നൽകി.

ചടങ്ങിൽ കത്തോലിക്ക കോൺഗ്രസ് പ്രസിഡൻ്റ് ജോസഫ് തെക്കൂടൻ അധ്യക്ഷത വഹിച്ചു.

യൂണിറ്റ് ഡയറക്ടർ ഫാ. ഡേവിസ് കല്ലിങ്ങൽ അനുഗ്രഹ പ്രഭാഷണം നടത്തി.

ജനറൽ സെക്രട്ടറി റാഫേൽ പെരുമ്പുള്ളി, വൈസ് പ്രസിഡൻ്റ് ഷാബു വിതയത്തിൽ, കൺവീനർ ജോയ് മാടാനി, ജോ. കൺവീനർ ജോർജ്ജ് കാഞ്ഞിരക്കാടൻ എന്നിവർ പ്രസംഗിച്ചു.

തിരുത്തിപ്പറമ്പിൽ വയോധികനെ ആക്രമിച്ച കേസിൽ സ്റ്റേഷൻ റൗഡി മധു പിടിയിൽ

ഇരിങ്ങാലക്കുട : ക്രിസ്തുമസ് രാത്രി 7.30ഓടെ തിരുത്തിപ്പറമ്പ് സ്വദേശി തച്ചനാടൻ വീട്ടിൽ ചന്ദ്രൻ (62) എന്നയാളെ മുൻ വൈരാഗ്യത്താൽ തടഞ്ഞു നിർത്തി അസഭ്യം പറഞ്ഞും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും സ്റ്റേഷൻ റൗഡിയുമായ തിരുത്തിപ്പറമ്പ് സ്വദേശി തച്ചനാടൻ വീട്ടിൽ മധു (49) എന്നയാളെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.

പരിക്കേറ്റ ചന്ദ്രന്റെ ചേട്ടന്റെ മകനാണ് മധു.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

മധു ചാലക്കുടി സ്റ്റേഷൻ പരിധിയിൽ രണ്ട് വധശ്രമക്കേസിലും, വീടു കയറി ആക്രമണം നടത്തിയ മൂന്ന് കേസുകളിലും ഉൾപ്പെടെ ആറ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

ആളൂർ സ്റ്റേഷൻ എസ്ഐ ബെന്നി, ജിഎസ്ഐ പ്രസന്നകുമാർ, ജിഎഎസ്ഐ രജീഷ്, സിപിഒമാരായ ആഷിഖ്, വൈശാഖ്, അരുൺ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

പ്രമേഹ നിർണ്ണയ – നേത്ര പരിശോധന ക്യാമ്പ് 28ന്

ഇരിങ്ങാലക്കുട : പി.എൽ. തോമൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്, കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബ് ഇൻ്റർനാഷണൽ, ഐ ഫൗണ്ടേഷൻ ആശുപത്രി എന്നിവർ സംയുക്തമായി പി.എൽ. തോമാൻ മെമ്മോറിയൽ ക്ലിനിക്കിൽ ഡിസംബർ 28ന് പ്രമേഹം നിർണയ – നേത്ര പരിശോധന – തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കും.

ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ക്യാമ്പ് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

അഡ്വ. എം.എസ്. പ്രദീപ്, ട്രഷറർ ജെയ്സൺ മൂഞ്ഞേലി, ഹോസ്പിറ്റൽ കോർഡിനേറ്റർ ശിവൻ നെന്മാറ എന്നിവർ പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9446540890, 9539343242 എന്നീ നമ്പറികളിൽ ബന്ധപ്പെടാവുന്നതാണ്.