സുകുമാർ അഴീക്കോട് ജന്മശതാബ്ദി സ്മാരക മലയാള പ്രസംഗ മത്സരം 28ന്

തൃശൂർ : സുകുമാർ അഴീക്കോട് സ്മാരക സമിതിയുടെ നേതൃത്വത്തിൽ സുകുമാർ അഴീക്കോട് ജന്മശതാബ്ദി സ്മാരക മലയാള പ്രസംഗ മത്സരം 28ന് തൃശൂർ പ്രസ് ക്ലബ്ബ് ഹാളിൽ സംഘടിപ്പിക്കും.

“കക്ഷിരാഷ്ട്രീയ ഇടങ്ങളിലെ മാലിന്യനിർമാർജനവും അഴീക്കോട് വിചാരവും” എന്ന വിഷയത്തിലാണ് മത്സരം നടക്കുക.

മത്സരാർത്ഥികൾ 100 രൂപ സ്മാരക സമിതി ട്രഷററുടെ (9447151741) നമ്പറിൽ രജിസ്റ്റർ ഫീസ് ആയി ഏതെങ്കിലും യുപിഎ മാർഗ്ഗത്തിൽ അടച്ച രസീതും പേരും മേൽവിലാസവും വാട്സപ്പ് നമ്പറും സഹിതം സ്മാരക സമിതി സെക്രട്ടറിക്ക് 8281314141 എന്ന നമ്പറിൽ ഡിസംബർ 12ന് മുൻപായി വാട്സപ്പ് ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക് : 8075572727 (സ്മാരകസമിതി ചെയർമാൻ), 9995321010 (സംഘാടകസമിതി കൺവീനർ)

പ്രേംകുമാർ മാരാത്ത് നിര്യാതനായി

ഇരിങ്ങാലക്കുട : എടമുട്ടം മാരാത്ത് വേലായുധൻ മകൻ പ്രേംകുമാർ (77) എറണാകുളം ആസ്റ്റർ ഹോസ്പിറ്റലിൽ വച്ച് നിര്യാതനായി.

സമുദായം, ഇന്ദ്രപ്രസ്ഥം തുടങ്ങിയ മലയാള സിനിമകളുടെ നിർമാതാവായിരുന്നു.

സംസ്കാര ചടങ്ങ് ഡിസംബർ 12 (വെള്ളിയാഴ്ച) രാവിലെ 10.30ന് എടമുട്ടത്തുള്ള വീട്ടുവളപ്പിൽ.

ഭാര്യ : സുധർമ്മ. (റിട്ട അധ്യാപിക, എസ് എൻ വിദ്യാഭവൻ)

മക്കൾ : ജെന്നി, ജീന

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച ഡ്രൈ ഡേയിൽ വില്പനയ്ക്കായി മദ്യം സൂക്ഷിച്ചയാൾ പിടിയിൽ

ഇരിങ്ങാലക്കുട :
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച ഡ്രൈ ഡേയിൽ വിൽപനയ്ക്കായി പുല്ലൂരിൽ മദ്യം സൂക്ഷിച്ചയാൾ പിടിയിൽ.

10 ലിറ്റർ മദ്യം സൂക്ഷിച്ച കുറ്റത്തിന് പുത്തൻതോട് കോക്കാടൻ വീട്ടിൽ ബാലൻ മകൻ ലാലുവിനെയാണ് ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അനുകുമാറും സംഘവും പിടികൂടിയത്.

എഇഐ (ഗ്രേഡ്) സന്തോഷ്, സി.കെ. ചന്ദ്രൻ, പി.എ. ജെയ്സൻ, സിഇഒ കെ.യു. മഹേഷ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.

വീണാമോൾ ബസ് സർവ്വീസ് ഉടമ ഡോ. ഇ.പി. ജനാർദ്ദനൻ അന്തരിച്ചു

ഇരിങ്ങാലക്കുട : വീണാമോൾ ബസ് സർവ്വീസ് ഉടമയും വ്യവസായ പ്രമുഖനുമായ പെരിഞ്ഞനം “വീണ ഭവനി”ൽ ഡോ. ഇ.പി. ജനാർദ്ദനൻ (87) അന്തരിച്ചു.

ഇരിങ്ങാലക്കുട നൂറ്റൊന്നംഗ സഭയുടെ മുൻ ചെയർമാൻ, പഴനി സുബ്രഹ്മണ്യം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് കോളെജ് മുൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

സംസ്കാരം ബുധനാഴ്ച (ഡിസംബർ 10) വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ : യശോദ

മകൾ : പ്രവീണ (വീണാസ് കറി വേൾഡ് യൂട്യൂബ് ചാനൽ ഉടമ)

മരുമകൻ : ജാൻജോഷി

കുട്ടംകുളം നവീകരണം പുരോഗമിക്കുന്നു : ചുറ്റുമതിൽ പൊളിച്ചു നീക്കുന്ന പ്രവർത്തിക്ക് തുടക്കമായി

ഇരിങ്ങാലക്കുട : സംസ്ഥാന ബജറ്റിൽ തുക വകയിരുത്തി നിർമ്മാണം ആരംഭിച്ച കുട്ടംകുളം നവീകരണ പ്രവർത്തികൾ പുരോഗമിക്കുന്നു.

കുളത്തിന്റെ വടക്കേ ഭാഗത്തെ മതിലിനോട് ചേർന്ന് മരങ്ങളും കുറ്റിക്കാടുകളും വൃത്തിയാക്കി പഴയ ബലക്ഷയം സംഭവിച്ച മതിൽക്കെട്ട് പൊളിച്ചു മാറ്റുന്ന പ്രവർത്തികൾ പുരോഗമിക്കുകയാണ്.

തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കുളത്തിന്റെ തെക്ക് വടക്കുഭാഗങ്ങളിലെ മതിലുകൾ പൊളിച്ചു മാറ്റുന്ന പ്രവർത്തികൾ ആരംഭിക്കും. ഇതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണവും ഉണ്ടാകും.

ഊരാളുങ്കൽ ലേബർ കോ- ഓപ്പറേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന നിർമ്മാണ പ്രവർത്തികൾ വരുന്ന മാർച്ച്‌ മാസത്തിന് മുൻപായി തീർക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.

ദേവിക പ്രതാപന്റെ കവിതാസമാഹാരം “ഇവിടം” പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ ഒന്നാംവർഷ എംകോം വിദ്യാർഥിനി ദേവിക പ്രതാപൻ രചിച്ച രണ്ടാമത് കവിതാസമാഹാരം “ഇവിടം” പ്രകാശനം ചെയ്തു.

ചാവറ ഹാളിൽ നടന്ന പരിപാടിയിൽ കഥാകൃത്തും നോവലിസ്റ്റും തൃശൂർ ലിറ്റററി ഫോറം പ്രസിഡൻ്റുമായ കെ. ഉണ്ണികൃഷ്ണൻ പുസ്തകം പ്രകാശനം ചെയ്തു.

കൊമേഴ്സ് വിഭാഗം മേധാവി പ്രൊഫ. ഷൈൻ പോൾ പുസ്തകം ഏറ്റുവാങ്ങി.

വൈസ് പ്രിൻസിപ്പൽ ഡോ. കെ.ജെ. വർഗ്ഗീസ് അധ്യക്ഷത വഹിച്ചു.

സംസ്കൃത വിഭാഗം മേധാവി ഡോ. വിനീത ജയകൃഷ്ണൻ പുസ്തകപരിചയം നടത്തി.

റീഡേഴ്സ് ക്ലബ്ബ് കോർഡിനേറ്റർ എ.എസ്. വിഷ്ണു കുമാർ സ്വാഗതം പറഞ്ഞു.

ഇരിങ്ങാലക്കുട സംഗമസാഹിതി സെക്രട്ടറിയും കവിയും സാഹിത്യകാരനുമായ അരുൺ ഗാന്ധിഗ്രാം, എഴുത്തുകാരനും ശാസ്ത്രപ്രചാരകനുമായ റഷീദ് കാറളം, കൊമേഴ്സ് വിഭാഗം പ്രൊഫ. മൂവീഷ് മുരളി എന്നിവർ ആശംസകൾ അർപ്പിച്ചു.

“അമ്മ” ആയിരുന്നു ദേവിക പ്രതാപന്റെ ആദ്യത്തെ കവിതാ സമാഹാരം.

ഒല്ലൂപറമ്പിൽ പ്രതാപന്റെയും സീമയുടെയും മകളായി പൊറത്തിശ്ശേരിയിലാണ് ദേവികയുടെ ജനനം.

സഹോദരൻ ധീരജ് ക്രൈസ്റ്റ് കോളേജിലെ തന്നെ ഒന്നാം വർഷ ബിസിഎ വിദ്യാർഥിയാണ്.

ഗഗൻയാൻ പ്രോജക്ടിന്റെ ഭാഗമായി ബഹിരാകാശ യാത്രയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രശാന്ത് നായർ കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി

ഇരിങ്ങാലക്കുട : ഇന്ത്യൻ ബഹിരാകാശ പര്യവേഷണ രംഗത്തെ അഭിമാന പദ്ധതിയായ ഗഗൻയാൻ പ്രോജക്ടിന്റെ ഭാഗമായി ബഹിരാകാശ യാത്രയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രശാന്ത് നായർ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി.

പാലക്കാട് ജില്ലയിലെ തിരുവഴിയാട് സ്വദേശിയായ പ്രശാന്ത് നായർ മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥനാണ്.

ഫൈറ്റർ വിമാനങ്ങൾ പറത്തുന്നതിൽ വിദഗ്ധനായ അദ്ദേഹത്തെ 2019ലാണ് ഐഎസ്ആർഒ ഗഗൻയാൻ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്നത്. അതിനായുള്ള പരിശീലനങ്ങളിലാണ് അദ്ദേഹം ഇപ്പോൾ.

തിങ്കളാഴ്ച രാവിലെയാണ് പ്രശാന്ത് നായർ കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനത്തിന് എത്തിച്ചേർന്നത്.

ദേവസ്വം മാനേജിംഗ് കമ്മിറ്റി അംഗം അഡ്വ. കെ.ജി. അജയകുമാർ പ്രശാന്ത് നായരെ സ്വീകരിച്ചു.

മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

ഇരിങ്ങാലക്കുട : മധ്യവയസ്‌കനെ വീട്ടുകിണറിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി.

കുഴിക്കാട്ടുകോണം പരേതരായ കീറ്റിക്കൽ അന്തോണി- റീത്ത ദമ്പതികളുടെ മകൻ വിൻസെൻ്റിനെയാണ് തിങ്കളാഴ്ച രാവിലെ വീട്ടുമുറ്റത്തെ കിണറിന് സമീപം മരിച്ച നിലയിൽ കണ്ടത്.

ഒരു മാസത്തോളമായി ഇയാൾ വീട്ടിൽ തനിച്ചാണ് കഴിഞ്ഞുവന്നിരുന്നത്. ഭാര്യ എടത്തിരുത്തിയിലെ വീട്ടിലായിരുന്നു. മക്കൾ ജോലിസ്ഥലത്താണ്.

രാത്രി സഹോദരി ഫോൺ ചെയ്തപ്പോൾ മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നു. സംശയം തോന്നി രാവിലെ സഹോദരിയും ഭർത്താവും വീട്ടിൽ വന്ന് അന്വേഷിച്ചപ്പോഴാണ് വിൻസെൻ്റിനെ മരിച്ച നിലയിൽ കണ്ടത്.

വീട്ടിലെ ടാങ്കിൽ വെള്ളം കഴിഞ്ഞപ്പോൾ മോട്ടോർ പ്രവർത്തിക്കുന്നില്ലെന്ന് സംശയം തോന്നി കിണറിനകത്ത് കെട്ടിയിട്ടിരുന്ന മോട്ടോർ ഉയർത്താൻ ശ്രമിച്ചതായി കാണുന്നുണ്ട്. ഹൃദ്രോഗിയായിരുന്ന വിൻസെൻ്റ് മോട്ടോർ വലിച്ച് ഉയർത്തുന്നതിനിടയിൽ ഹൃദയാഘാതം സംഭവിച്ചതാകാമെന്ന് കരുതുന്നു.

ഷീനയാണ് ഭാര്യ.

മക്കൾ : ആൻഗ്രറ്റ്, ആൻവിറ്റ്

സഹോദരി : റീന

മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനുമായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

കാനം അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അനുസ്മരണ ദിനത്തിൽ സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഓഫീസിൽ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പി. രാജേന്ദ്രൻ പുഷ്പാർച്ചന നടത്തി.

മുതിർന്ന നേതാവ് കെ. ശ്രീകുമാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.കെ. സുധീഷ്, പി. മണി, മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ കെ.എസ്. പ്രസാദ്, ബെന്നി വിൻസെന്റ് എന്നിവർ സന്നിഹിതരായിരുന്നു.