

ഇരിങ്ങാലക്കുട : ആകെയുള്ള 43 സീറ്റുകളിൽ 22 സീറ്റുകൾ കരസ്ഥമാക്കിയ യു ഡി എഫ് വീണ്ടും ഇരിങ്ങാലക്കുട നഗരസഭയുടെ ഭരണ സാരഥ്യം ഏറ്റെടുക്കും.
കഴിഞ്ഞ 25 വർഷമായി യു ഡി എഫാണ് നഗരസഭ ഭരിക്കുന്നത്.
മുൻ നഗരസഭാ ചെയർമാനും, മുൻ കെ പി സി സി ജനറൽ സെക്രട്ടറിയുമായ എം പി ജാക്സൻ നഗരസഭാ ചെയർമാനാവാനാണ് സാധ്യത.
ഇരിങ്ങാലക്കുട നഗരസഭയിലെ അവസാന കക്ഷിനില ഇപ്രകാരമാണ്.
മൊത്തം സീറ്റ് – 43
യു ഡി എഫ് – 22
എൽ ഡി എഫ് – 12
എൻ ഡി എ – 06
സ്വതന്ത്രന്മാർ – 03
സ്വതന്ത്രന്മാരിൽ ഒരാൾ എൽ ഡി എഫ് സ്വതന്ത്രനാണ്. മറ്റു രണ്ടു സ്വതന്ത്രന്മാരും യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കാനാണ് സാധ്യത.

തൃശൂർ : തൃശൂർ അതിരൂപത പ്രോലൈഫ് സമിതിയുടെ സിൽവർ ജൂബിലി അവാർഡുകൾ പ്രഖ്യാപിച്ചു.
അച്ചടി മാധ്യമ അവാർഡ് സെബി മാളിയേക്കലിനും (ദീപിക, തൃശൂർ) ദൃശ്യ മാധ്യ അവാർഡ് ടി.വി. ഷെക്കെയ്‌നക്കുമാണ്.
മികച്ച ആതുര ശുശ്രൂഷ സ്ഥാപനത്തിനുള്ള അവാർഡിന് തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളെജും വിദ്യാഭ്യാസ സ്ഥാപന അവാർഡിന് തൃശൂർ നിർമലമാത സെൻട്രൽ സ്‌കൂളുമാണ് അർഹരായത്.
ജീവൻ്റെ മൂല്യവും മഹത്വവും പ്രഘോഷിക്കുന്നതിൽ മാധ്യമരംഗത്തും ആതുര ശുശ്രൂഷ, വിദ്യാഭ്യാസ രംഗങ്ങളിലും നൽകിയ സമഗ്ര സംഭാവനകളെ കണക്കിലെടുത്താണ് അവാർഡുകൾ നൽകുന്നതെന്ന് കെ.സി.ബി.സി. അതിരൂപത പ്രോലൈഫ് സമിതി ഡയറക്‌ടർ ഫാ. ഫ്രാൻസിസ് ട്വിങ്കിൾ വാഴപ്പിള്ളി, പ്രസിഡന്റ് ജെയിംസ് ആഴ്ച്ചങ്ങാടൻ എന്നിവർ അറിയിച്ചു.
ഡിസംബർ 21ന് തൃശൂർ വ്യാകുല മാതാവിൻ ബസിലിക്ക ഹാളിൽ നടക്കുന്ന അതിരൂപത പ്രോലൈഫ് സിൽവർ ജൂബിലി പൊതുസമ്മേളനത്തിൽ വച്ച് സി.ബി.സി.ഐ. പ്രസിഡന്റും ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് അവാർഡുകൾ സമ്മാനിക്കും.
ചടങ്ങിൽ പ്രോലൈഫ് സമിതി മുൻ ഡയറക്ടർമാരെയും ഭാരവാഹികളെയും വലിയ കുടുംബങ്ങളെയും ആദരിക്കും.

കാഞ്ചന
ഇരിങ്ങാലക്കുട : പുല്ലൂർ ഗൾഫ് മൂലയിൽ ചേലകുളത്ത് കളരിക്കൽ വീട്ടിൽ സുരേന്ദ്രൻ ഭാര്യ കാഞ്ചന (65) കുഴഞ്ഞു വീണു മരിച്ചു.
സിപിഎം പുല്ലൂർ മിഷ്യൻ ബ്രാഞ്ച് അംഗമാണ്.
സംസ്കാരം നടത്തി.
മക്കൾ : സുനീഷ്, പരേതനായ സുമേഷ്

ഇരിങ്ങാലക്കുട : മൊത്തം 55,117 വോട്ടർമാരുള്ള ഇരിങ്ങാലക്കുട നഗരസഭയിൽ 39,513 പേർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. 71.69 ആണ് പോളിംഗ് ശതമാനം.
ആകെയുള്ള 25,527 പുരുഷ വോട്ടർമാരിൽ 17,987 പേരും വോട്ട് രേഖപ്പെടുത്തി. ആകെയുള്ള 29,590 സ്ത്രീ വോട്ടർമാരിൽ 21,526 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
വാർഡുകൾ തിരിച്ചുള്ള കണക്കുകൾ നോക്കാം.

ഇരിങ്ങാലക്കുട : നഗരസഭയിലെ 43 വാർഡുകളിലായി സജ്ജമാക്കിയ 49 പോളിംഗ് ബൂത്തുകളിലും രാവിലെ 7 മണി മുതൽ തന്നെ വോട്ടർമാർ വോട്ടു രേഖപ്പെടുത്താന്‍ എത്തിയിരുന്നു.
49 പോളിംഗ് ബൂത്തുകളിലും പോളിംഗ് പ്രക്രിയ പൊതുവേ സമാധാനപരമായാണ് പര്യവസാനിച്ചത്.
മൊത്തം 54,905 വോട്ടർമാരുള്ളതിൽ 70.25% പേർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചതായി പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നു.
രാവിലെ മുതൽ ജനങ്ങൾ പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയെത്തിയിരുന്നെങ്കിലും പലയിടത്തും പോളിംഗ് മന്ദഗതിയിലായത് വോട്ടർമാരെ വലച്ചു. പല ബൂത്തുകളിലും മണിക്കൂറുകളോളം വോട്ട് രേഖപ്പെടുത്താൻ വരിനിൽക്കേണ്ട അവസ്ഥയിലായി വോട്ടർമാർ.
കണ്ഠേശ്വരം 25-ാം വാർഡിൽ കൊരുമ്പിശ്ശേരി ലയൺസ് ക്ലബ്ബ് ഹാളിൽ വോട്ടു ചെയ്യാൻ എത്തിയ വോട്ടർമാരിൽ പലർക്കും വോട്ടു ചെയ്യാൻ ഒന്നര മണിക്കൂർ വരെ വരി നിൽക്കേണ്ടി വന്നു.
കാട്ടൂരിൽ മഹിളാ സമാജം വാർഡിൽ 5-ാം നമ്പർ ബൂത്തിൽ പോളിംഗ് ഒരു മണിക്കൂറോളമായി മെഷീൻ കംപ്ലയിൻ്റായി വോട്ടിംഗ് തടസ്സപ്പെട്ടു. പിന്നീട് പുതിയ മെഷീൻ പുന:സ്ഥാപിച്ചിട്ടാണ് പോളിംഗ് പുനരാരംഭിച്ചത്.
നമ്പ്യാങ്കാവ് 8-ാം വാർഡിലെ ഹോളി ഫാമിലി എൽ.പി. സ്കൂളിലെ പോളിംഗ് ബൂത്തിൽ മരിച്ചുപോയ വ്യക്തിയുടെ പേരിൽ കള്ളവോട്ട് ചെയ്യാനുള്ള ശ്രമം എതിർ പാർട്ടിക്കാർ തടഞ്ഞതായി വാർത്തയുണ്ട്.
മരിച്ചുപോയ വൃദ്ധയുടെ പേരിൽ മറ്റൊരു വൃദ്ധയെ കൊണ്ടുവന്ന വോട്ട് ചെയ്യിക്കാനുള്ള ശ്രമമാണ് തടഞ്ഞത്. പരാതിയെ തുടർന്ന് പ്രിസൈഡിങ് ഓഫീസർ വൃദ്ധയെ വോട്ട് ചെയ്യാൻ അനുവദിക്കാതെ തിരിച്ചയച്ചു.
ചലച്ചിത്ര താരങ്ങളായ ടോവിനോ തോമസും ഇടവേള ബാബുവും ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും, അനുപമ പരമേശ്വരൻ ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിലും വോട്ട് രേഖപ്പെടുത്തി.
മുൻ കെപിസിസി ജനറൽ സെക്രട്ടറിയും മുൻ നഗരസഭ ചെയർമാനുമായിരുന്ന എം.പി. ജാക്സൺ എസ്.എൻ. സ്കൂളിലെ ബൂത്തിലും, സിനിമാതാരം ജൂനിയർ ഇന്നസെൻ്റ്, നഗരസഭാ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് എന്നിവർ ഡോൺബോസ്കോ സ്കൂളിലെ ബൂത്തിലും, ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് സ്കൂളിലും, മുൻ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ ടൗൺ ഹാളിലെ ബൂത്തിലും വോട്ട് രേഖപ്പെടുത്തി.
പോളിംഗ് അവസാനിച്ചതിനു ശേഷമുള്ള നടപടി ക്രമങ്ങൾക്കു ശേഷം പോളിംഗ് സാമഗ്രികൾ ഉദ്യോഗസ്ഥർ ഇരിങ്ങാലക്കുട നഗരസഭയിലെ പോളിംഗ് സാമഗ്രികളുടെ വിതരണ, സ്വീകരണ കേന്ദ്രമായ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജിലേക്ക് തിരികെ എത്തിച്ചു.
13ന് ഇവിടെ വെച്ചാണ് നഗരസഭയുടെ വോട്ടെണ്ണൽ നടക്കുക.

ജോണി സെബാസ്റ്റ്യൻ
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് ചർച്ച് വ്യൂ റോഡിൽ താമസിക്കുന്ന
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് ഇക്കണോമിക്സ് വിഭാഗം റിട്ട. അധ്യാപകനും, കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന വൈസ് ചെയർമാനുമായ ഉണ്ണിപ്പിള്ളിൽ തൊമ്മൻ ദേവസ്യ മകൻ ജോണി സെബാസ്റ്റ്യൻ (66) നിര്യാതനായി.
സംസ്കാരം വെള്ളിയാഴ്ച (ഡിസംബർ 12) ഉച്ചതിരിഞ്ഞ് 3.30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.
ഭാര്യ : ബിയാട്രീസ് ജോണി (കല്ലറക്കൽ വട്ടക്കാവുങ്ങൽ കുടുംബാഗം)
മക്കൾ : സ്റ്റെഫി ജോണി (എഞ്ചിനീയർ), സ്നേഹ ജോണി (ഗവേഷക വിദ്യാർഥി)
മരുമകൻ : ജിൻസൻ ഇഗ്‌നേഷ്യസ് തൈക്കാട്ടിൽ

ഇരിങ്ങാലക്കുട : സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമഭാവനയുടെയും സന്ദേശം ഉണർത്തുന്ന ക്രിസ്തുമസ് ഓർമകൾക്ക് സുഗന്ധവും കാഴ്ചകൾക്ക് തിളക്കവും സമ്മാനിച്ച് ഇരിങ്ങാലക്കുട സെൻ്റ് മേരീസ് വിദ്യാലയത്തിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു.
സ്കൂൾ മാനേജർ റവ. ഫാ. ഡോ. പ്രൊഫ. ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡന്റ് അജോ ജോൺ, കത്തീഡ്രൽ ട്രസ്റ്റി ഷാബു എന്നിവർ ആശംസകൾ അർപ്പിച്ചു.
വിദ്യാർഥികൾ നിർമ്മിച്ച നക്ഷത്രങ്ങളും തോരണങ്ങളും കൊണ്ട് സ്കൂൾ അങ്കണം പൂർവ്വാധികം ശോഭിച്ചു. ക്രിസ്തുമസ് പാപ്പമാരും മാലാഖമാരും സ്വർഗീയാനുഭൂതി സമ്മാനിച്ചു.
ആഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് വേണ്ടി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.
ചടങ്ങിൽ റവന്യൂ ജില്ലാ കലോത്സവത്തിൽ ഉന്നത സ്ഥാനം കൈവരിച്ച വിദ്യാർഥികൾക്ക് സമ്മാനങ്ങൾ നൽകി.
ഹെഡ്മിസ്ട്രസ് റീജ ജോസ് സ്വാഗതവും പ്രോഗ്രാം കൺവീനർ മെൽവിൻ ഡേവിസ് നന്ദിയും പറഞ്ഞു.