72-ാം അഖിലേന്ത്യാ സഹകരണ വാരാഘോഷം : സഹകരണ സെമിനാർ ജനുവരി 1ന്

ഇരിങ്ങാലക്കുട : 72-ാം അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ്റെ ആഭിമുഖ്യത്തിൽ മുകുന്ദപുരം, ചാലക്കുടി താലൂക്ക്തല സഹകരണ സെമിനാറും സഹകാരികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും ജനുവരി 1ന് ഇരിങ്ങാലക്കുട എസ്.എൻ. ഹാളിൽ നടക്കും.

മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവഹിക്കും.

മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി.കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിക്കും.

സംസ്ഥാന സഹകരണ യൂണിയൻ കമ്മിറ്റിയംഗം ലളിത ചന്ദ്രശേഖരൻ ക്യാഷ് അവാർഡ് വിതരണം നിർവഹിക്കും.

നഗരസഭ ചെയർമാൻ എം.പി. ജാക്സൺ മുഖ്യാതിഥിയാകും.

നഗരസഭ ചെയർമാനായി എം.പി. ജാക്സൺ ഡിസംബർ 26ന് സത്യപ്രതിജ്ഞ ചെയ്തത് അധികാരമേറ്റെങ്കിലും മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ്റെ നോട്ടീസിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സണ് പേർ ചേർക്കാതെ വിട്ടത് ശരിയായില്ലെന്ന് നാട്ടുകാർക്ക് അഭിപ്രായമുണ്ട്.

പെൺകുട്ടികൾക്കായി കിഷോരി വികാസ് പഠനശിബിരം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സേവാഭാരതി വിദ്യാഭ്യാസ ആയാമിൻ്റെ നേതൃത്വത്തിൽ കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾക്കു വേണ്ടി കിഷോരി വികാസ് പഠനശിബിരം സംഘടിപ്പിച്ചു. 

ഇരിങ്ങാലക്കുട സേവാഭാരതി സംഗമേശ്വര വാനപ്രസ്ഥാശ്രമത്തിൽ വച്ചു നടന്ന ചടങ്ങിൽ സേവാഭാരതി പ്രസിഡൻ്റ് നളിൻ ബാബു അധ്യക്ഷത വഹിച്ചു. 

കൗൺസിലർ ആര്യ സുമേഷ് ശിബിരം ഉദ്ഘാടനം ചെയ്തു. 

പ്രശസ്ത ഗൈനക്കോളജിസ്റ്റും റിട്ട. സിവിൽ സർജനുമായ

ഡോ. പത്മ വാര്യർ കുട്ടികൾക്ക് ക്ലാസ്സ് എടുത്തു. 

ഇരിങ്ങാലക്കുട നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 13നും 23നും വയസ്സിനിടയിലുള്ള അമ്പതിൽപരം കുട്ടികളാണ് ക്ലാസ്സിൽ പങ്കെടുത്തത്. 

സേവാഭാരതി എക്സിക്യൂട്ടീവ് സമിതി അംഗമായ രാജിലക്ഷ്മി സുരേഷ്ബാബു സ്വാഗതവും ട്രഷറർ ഐ രവീന്ദ്രൻ നന്ദിയും പറഞ്ഞു. 

സേവാഭാരതി വൈസ് പ്രസിഡൻ്റ് പ്രകാശൻ കൈമാപ്പറമ്പിൽ, വിദ്യാഭ്യാസ ആയാമിൻ്റെ കൺവീനർ ശ്രീകല കൃഷ്ണകുമാർ, എക്സിക്യൂട്ടീവ് സമിതി അംഗങ്ങളായ പി. മോഹനൻ, ജഗദീശ് പണിക്കവീട്ടിൽ, ഒ.എൻ. സുരേഷ്, മെഡിസെൽ പ്രസിഡൻ്റ് മിനി സുരേഷ്, ടിൻ്റു സുഭാഷ്, റിട്ട. ഗൈനക്കോളജിസ്റ്റ് ഡോ. ഷീല, കൗൺസിലർ സ്മിത കൃഷ്ണകുമാർ എന്നിവർ സന്നിഹിതരായിരുന്നു.

വർണ്ണക്കാഴ്ചകളുടെ വിസ്മയമുണർത്തിയ “വർണ്ണക്കുട”യുടെ കൊടിയിറങ്ങി

ഇരിങ്ങാലക്കുട : വർണ്ണക്കാഴ്ചകളുടെ വിസ്മയമുണർത്തിയ ഇരിങ്ങാലക്കുടയുടെ സാംസ്‌കാരികോത്സവം ”വർണ്ണക്കുട”യുടെ കൊടിയിറങ്ങി.

അഞ്ച് ദിവസങ്ങളിലായി ഇരിങ്ങാലക്കുട മുൻസിപ്പൽ മൈതാനിയിൽ അരങ്ങേറിയ വർണ്ണക്കുടയുടെ സമാപന സമ്മേളനം പ്രശസ്ത എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റുമായ അശോകൻ ചരുവിൽ ഉദ്‌ഘാടനം ചെയ്തു.

സംഘാടക സമിതി ചെയർപേഴ്സനും മന്തിയുമായ ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു.

‘ഉപ്പും മുളകും’ ഫെയിം ശിവാനി, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് ടോപ്പ് സിംഗർ ബഹുമതി നേടിയ ഭാവയാമി, “പ്രാവിൻ കൂട്” സിനിമയുടെ സംവിധായകൻ ശ്രീരാജ് ശ്രീനിവാസൻ, മോഹിനിയാട്ടം കലാകാരി സാന്ദ്ര പിഷാരടി, സി.ബി.എസ്.ഇ. കലോത്സവം കലാതിലകം വൈഗ സജീവ് എന്നിവർ മുഖ്യാതിഥികളായി.

ജില്ലാ പഞ്ചായത്തംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ജി. ശങ്കരനാരായണൻ, വത്സല ബാബു, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എസ്. മനു, ശിവൻകുട്ടി, സരള വിക്രമൻ, ഷീജ ഉണ്ണികൃഷ്ണൻ, റോസ്‌ലി ഫ്രാൻസിസ്, കെ.എസ്. തമ്പി, കെ.പി. കണ്ണൻ, പ്രോഗ്രാം കൺവീനർ കെ.ആർ. വിജയ, തഹസിൽദാർ സിമീഷ് സാഹു എന്നിവർ പങ്കെടുത്തു.

വേദിയിൽ മോഹൻദാസ് പാറയിലിൻ്റെ കഥാസമാഹാരം ‘പഹൽഗാമിലെ കുതിരലാടം’ മന്ത്രി ഡോ. ആർ. ബിന്ദു പ്രകാശനം ചെയ്തു.

സമാപനദിവസം ഇരിങ്ങാലക്കുട വരവീണ സ്കൂൾ ഓഫ് മ്യൂസിക് അവതരിപ്പിച്ച നാദസംഗമം, തൊച്ചൊം ഇബിമുബി ദേവിയും സംഘവും അവതരിപ്പിച്ച മണിപ്പൂരി ഡാൻസ്, ‘താമരശ്ശേരി ചുരം’ മ്യൂസിക് ബാൻ്റ് എന്നിവ അരങ്ങേറി.

മന്ത്രിയുടെ നേതൃത്വത്തിൽ എല്ലാവരും ചേർന്ന് “മാനവമൈത്രി ജ്വാല” തെളിയിച്ചു കൊണ്ടായിരുന്നു അഞ്ച് ദിവസം നീണ്ടു നിന്ന സാംസ്‌കാരികോത്സവത്തിന് വർണ്ണാഭമായ സമാപനം കുറിച്ചത്.

അയൂബ് കരൂപ്പടന്നയ്ക്ക്‌ സ്വീകരണം നൽകി

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ പഞ്ചായത്ത് അംഗമായി വിജയിച്ച എംഇഎസ് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അയൂബ് കരൂപ്പടന്നയ്ക്ക്‌ എംഇഎസ് താലൂക്ക് വാർഷിക പൊതുയോഗത്തിൽ സ്വീകരണം നൽകി.

ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ ഷമീറും സെക്രട്ടറി അബ്ദുൽ ജമാലും ചേർന്ന് അയൂബ് കരൂപ്പടന്നയെ പൊന്നാട അണിയിച്ചു.

യോഗത്തിൽ താലൂക്ക് പ്രസിഡന്റ്‌ ബഷീർ തോപ്പിൽ അധ്യക്ഷത വഹിച്ചു.

ജില്ല പ്രസിഡന്റ്‌ മുഹമ്മദ്‌ ഷമീർ യോഗം ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി അബ്ദുൽ ജമാൽ മുഖ്യാതിഥിയായി.

പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി അബ്ദുൽ നിസാറും, വരവു ചെലവു കണക്കുകൾ അബ്ദുൽ സലാമും അവതരിപ്പിച്ചു.

സലിം അറക്കൽ, മുഹമ്മദ്‌ അലി മാതിരാപ്പിള്ളി, ഷഹീം ഷാഹുൽ, അൽ അറഫ അബൂബക്കർ, അബ്ദുൽ ഹാജി, ഷംസുദ്ദീൻ ഹാജി, മജീദ് ഇടപ്പുള്ളി എന്നിവർ പ്രസംഗിച്ചു.

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും പിടികൂടി

ഇരിങ്ങാലക്കുട : യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ ലുക്കൗട്ട് സർക്കുലർ പ്രകാരം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും പിടികൂടി.

വള്ളിവട്ടം കരൂപ്പടന്ന സ്വദേശി കൊമ്പനേഴത്ത് വീട്ടിൽ മുഹമ്മദിനെ(29)യാണ് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കോടതിയിൽ നിന്ന് ജാമ്യമെടുത്ത് വിചാരണയ്ക്ക് ഹാജരാകാതെ ഒളിവിൽ പോയതിനെ തുടർന്ന് ഇയാളെ പിടികൂടുന്നതിനായി ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.

2015 മെയ് 31നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കരൂപ്പടന്നയിലെ പുഴവക്കിലേക്കുള്ള റോഡ് തന്റേതാണെന്ന് പറഞ്ഞ് അതുവഴി നടന്നുപോവുകയായിരുന്ന യുവാവിനെ മുഹമ്മദ് ആക്രമിക്കുകയായിരുന്നു. തടയാൻ ചെന്ന യുവാവിന്റെ അമ്മാവനായ മയ്യാക്കാരൻ വീട്ടിൽ ബഷീറിനെയും (49) പ്രതി മർദിച്ച് പരിക്കേൽപ്പിച്ചിരുന്നു.

ഈ കേസ്സിൽ അറസ്റ്റിലായി കോടതിയിൽ നിന്ന് ജാമ്യമെടുത്ത ശേഷം വിദേശത്തേക്ക് കടന്ന പ്രതി, ദുബായിൽ നിന്നും നാട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് നെടുമ്പാശ്ശേരിയിൽ വെച്ച് എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞ് വെച്ച് ഇരിങ്ങാലക്കുട പൊലീസിന് കൈമാറിയത്.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

ഇരിങ്ങാലക്കുട സ്റ്റേഷൻ എസ്എച്ച്ഒ എം.കെ. ഷാജി, ജിഎസ്ഐ കെ.പി. രാജു, ജി എസ് സി പി ഒ മാരായ കൃഷ്ണദാസ്, സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

പരസ്പരം പിടിവലികൂടുന്നത് കണ്ട് പിടിച്ച് മാറ്റാൻ ശ്രമിച്ചതിലുള്ള വൈരാഗ്യത്താൽ ആക്രമണം: 6 പേർ പിടിയിൽ

ഇരിങ്ങാലക്കുട : ആളൂർ റെയിൽവേ മേൽപ്പാലത്തിന് സമീപമുള്ള റേഷൻ കടയ്ക്ക് മുന്നിൽ പരസ്പരം പിടിവലികൂടുന്നതും തർക്കത്തിൽ ഏർപ്പെടുന്നതും കണ്ട് പിടിച്ച് മാറ്റാൻ ശ്രമിച്ചതിലുള്ള വൈരാഗ്യത്താൽ ആളൂർ സ്വദേശി കറമ്പൻ വീട്ടിൽ ജോബി ജോസഫ് (54) എന്നയാളെ തടഞ്ഞ് നിർത്തി വെട്ടുകത്തി കൊണ്ടും മറ്റും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ 6 പേർ പിടിയിൽ.

ആളൂർ സ്വദേശികളായ വള്ളിവട്ടത്തുക്കാരൻ വീട്ടിൽ തിലകൻ (53), പൊൻമാനിശ്ശേരി വീട്ടിൽ ജിന്റോപി എന്ന് വിളിക്കുന്ന ജിന്റോ (33), കടാശ്ശേരി വീട്ടിൽ പാമ്പ് സജീവൻ എന്ന് വിളിക്കുന്ന സജീവൻ (45), വാഴപ്പള്ളി വീട്ടിൽ ജിനോ (40), കരുവാൻ വീട്ടിൽ ധനേഷ് (39), അരിക്കാടൻ വീട്ടിൽ ജോർജ്ജ് (60) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

തിലകൻ്റെ പേരിൽ ആളൂർ, ഇരിങ്ങാലക്കുട, കൊടകര സ്റ്റേഷൻ പരിധികളിലായി രണ്ട് വധശ്രമ കേസുകൾ ഉൾപ്പെടെ 7 ക്രിമിനൽ കേസുകളുണ്ട്.

ജിന്റോ ആളൂർ, മാള, കൊടകര, ചാലക്കുടി സ്റ്റേഷൻ പരിധികളിലായി മൂന്ന് വധശ്രമ കേസുകളിൽ ഉൾപ്പെടെ ഒമ്പത് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.

സജീവൻ ഇരിങ്ങാലക്കുട, കൊടകര, ചാലക്കുടി സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമ കേസിൽ ഉൾപ്പെടെ എട്ട് ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

ധനേഷ് ആളൂർ സ്റ്റേഷൻ പരിധിയിൽ ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസിലും പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ച കേസിലും പ്രതിയാണ്.

ആളൂർ സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ കെ.ടി. ബെന്നി, ജിഎസ്ഐ സി.എസ്. സുമേഷ്, ജി എസ് സി പി ഒ ജിബിൻ, സിപിഒ ഹരികൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

“അനുമോദനം, അഭിമുഖം, ആദരണം, സംഗീത സല്ലാപം” ; ശ്രദ്ധേയമായി കഥകളി ക്ലബ്ബിൻ്റെ വേറിട്ട അരങ്ങ്

ഇരിങ്ങാലക്കുട : ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യഭൂമിയിൽ 

ഒരുക്കിയ അനുമോദനം, അഭിമുഖം, ആദരണം, സംഗീതസല്ലാപം പരിപാടികൾ ഏറെ ശ്രദ്ധേയമായി.  

ക്രൈസ്റ്റ് കോളെജ് പ്രിൻസിപ്പൽ റവ. ഫാ. ഡോ. ജോളി ആൻഡ്രൂസിൻ്റെ വിശിഷ്ടസാന്നിധ്യത്തിൽ നടന്ന അനുമോദന ചടങ്ങിൽ ഡോക്ടറൽ ബിരുദം നേടിയ വി.ആർ. ദിനേശ്, പി.ആർ. ഷഹന, ഒ.എ. ഫെമി എന്നിവരെ അനുമോദിച്ചു. 

തുടർന്ന് ”മുക്കുടിപുരത്തെ വിശേഷങ്ങൾ” എന്ന പുസ്തകത്തിൻ്റെ രചയിതാവ് അഡ്വ. രാജേഷ് തമ്പാനുമായി ടി. വേണുഗോപാൽ ‘അഭിമുഖം’ നടത്തി.

ക്ലബ്ബ് രക്ഷാധികാരി തോട്ടാപ്പള്ളി വേണുഗോപാലമേനോൻ്റെ വിശിഷ്ടസാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ എക്കണോമിക്സ് ടൈമിന്റെ അവാർഡ് കരസ്ഥമാക്കിയ കോർപ്പറേറ്റ് സംരംഭകനും മാനേജ്മെൻ്റ് ചിന്തകനും ഗ്രന്ഥകർത്താവും സിനിമ നിർമ്മാതാവുമായ ഡോ. അജയകുമാറിനെ ‘ആദരണമുദ്ര’ നൽകി ആദരിച്ചു. 

തുടർന്ന് പ്രശസ്ത സംഗീത ദമ്പതികളായ നെടുമ്പള്ളി രാംമോഹനും മീര രാംമോഹനും വിവിധ പാട്ട് വഴക്കങ്ങളെക്കുറിച്ച് അവതരിപ്പിച്ച ‘സംഗീതസല്ലാപം’ പരിപാടി അരങ്ങേറി. ഘനരാഗങ്ങളായ ഭൈരവി, ശങ്കരാഭരണം, കാംബോജി എന്നീ രാഗങ്ങൾക്കൊപ്പം പുറനീര്, ഖണ്ഡാരം തുടങ്ങിയ ദേശീരാഗങ്ങളെക്കുറിച്ചും സംഗീത സല്ലാപത്തിൽ പരാമർശിച്ചു. 

വീണയിൽ തൃശൂർ മുരളീകൃഷ്ണനും മൃദംഗത്തിൽ ഡോ. കെ.ആർ. രാജീവും പക്കമേളമൊരുക്കി.

മാനസഗ്രാമത്തിൽ വഴിവര തീർത്ത് സെന്റ് ജോസഫ്സ് കോളെജിലെ എൻ.എസ്.എസ്. വൊളൻ്റിയർമാർ

ഇരിങ്ങാലക്കുട : എൻ.എസ്.എസിന്റെ സപ്തദിന സഹവാസക്യാമ്പ്‌ സമൂഹത്തിന് നന്മ പകരുന്ന രീതിയിൽ ഫലപ്രദമാക്കി സെന്റ് ജോസഫ്സ് കോളെജിലെ എൻ.എസ്.എസ്. വൊളൻ്റിയർമാർ മാതൃകയാകുന്നു. 

സെന്റ് മേരീസ് ഹൈസ്കൂളും യു.പി. സ്കൂളും സെന്റ് തോമസ് കത്തീഡ്രലും കൂടിച്ചേരുന്ന കുരിശങ്ങാടി റോഡിൽ സീബ്ര ക്രോസ്സ് വരകൾ ഇല്ലാത്തതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയ വൊളൻ്റിയർമാർ വഴിവര എന്ന പ്രൊജക്ടിന് രൂപം നൽകുകയായിരുന്നു. 

തിരക്കുനിറഞ്ഞ റോഡ് പരിസരമായതു കൊണ്ടുതന്നെ രാത്രി 10 മണിക്ക് ശേഷമുള്ള സമയമാണ് വിദ്യാർഥികൾ വഴിവരയ്ക്കായി ഉപയോഗപ്പെടുത്തിയത്. 

മാനസഗ്രാമങ്ങളായ 18, 19 വാർഡുകളിലെ നിവാസികൾക്കായി സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്‌, സ്ത്രീകളുടെ നൈപുണി പരിശോധനയ്ക്കായി സർവ്വേ, ഗൈനക്കോളജിക്കൽ കാൻസർ പ്രതിരോധ ക്ലാസ്സ്‌, ശുചീകരണ യജ്ഞം തുടങ്ങി വ്യത്യസ്തങ്ങളായ കർമ്മപരിപാടികളാണ് ക്യാമ്പിൽ സംഘടിപ്പിച്ചത്.  

എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ വീണ സാനി, ഡോ. എൻ. ഉർസുല, അധ്യാപകരായ ഡി. മഞ്ജു, കെ.ഡി. ധന്യ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഡിസംബർ 31ന് നടക്കുന്ന ക്യാമ്പിന്റെ സമാപനസമ്മേളനത്തിൽ സബ് കളക്ടർ അഖിൽ വി. മേനോൻ മുഖ്യാതിഥിയാകും.

“പരിസരം നിർമ്മലം” പദ്ധതിയുമായി കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ

ഇരിങ്ങാലക്കുട : കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ട്രേഡ് യൂണിയൻ സംഘടന സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി “പരിസരം നിർമ്മലം” എന്ന നവീന ആശയത്തിന് തുടക്കം കുറിക്കുകയാണെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

കേരളത്തിലുടനീളമുള്ള ഓരോ ടാക്സ് പ്രാക്ടീഷണർമാരും അവരുടെ വീടിനോട് ചേർന്നുള്ള നടപ്പാതകളും റോഡരികും വൃത്തിയാക്കി സൂക്ഷിച്ചുകൊണ്ട് മറ്റുള്ളവർക്കും സമൂഹത്തിനും മാതൃകയാവുകയാണ് “പരിസരം നിർമ്മലം” പദ്ധതിയുടെ ലക്ഷ്യം.

വീടിനുമുന്നിൽ ചപ്പുചവറുകളോ കാടോ വളരാതെ സൂക്ഷിക്കുന്നത് കാൽനടയാത്രക്കാർക്കും റോഡിലൂടെ പോകുന്ന വാഹനങ്ങൾക്കും ഏറെ ഉപകാരപ്രദമാകും.

കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട മേഖലയുടെ നേതൃത്വത്തിൽ ജനുവരി 1ന് ക്രൈസ്റ്റ് വിദ്യാനികേതൻ പരിസരത്തുള്ള സംസ്ഥാന നിർവാഹക സമിതി അംഗം ഫ്രാൻസൺ മൈക്കിളിന്റെ വസതിയുടെ പരിസരവും റോഡും വൃത്തിയാക്കിയാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.

വൈകീട്ട് 4.30ന് നടക്കുന്ന ചടങ്ങിൽ കൗൺസിലർ വി.എസ്. അശ്വതി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.

സംസ്ഥാന സമിതി അംഗം ഫ്രാൻസൺ മൈക്കിൾ, മേഖല പ്രസിഡൻ്റ് കെ.ആർ. മുരളീധരൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

കാടുപിടിച്ച് റോഡരികുകൾ : 43 വാർഡുകൾക്കുമായി നഗരസഭയ്ക്ക് ആകെയുള്ളത് ഒരേയൊരു പുല്ലുവെട്ടി യന്ത്രം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിലെ പലഭാഗങ്ങളിലും കാടുപിടിച്ച റോഡരികുകൾ യാത്രക്കാർക്ക് ഭീഷണിയാവുകയാണ്.

പരാതിയുമായി നഗരസഭയിൽ ചെന്നാലോ അവിടെ 43 വാർഡുകൾക്കുമായി ആകെയുള്ളത് ഒരേയൊരു പുല്ലുവെട്ടി യന്ത്രമാണ്. ഇതോടെ തങ്ങളുടെ യാത്രകൾ ദുരിത പൂർണ്ണമാവുകയാണെന്ന് ഓരോ പ്രദേശത്തെയും ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

പലയിടത്തും വളവുകളിൽ എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണാൻ പോലും കഴിയാത്ത വിധം പുല്ലും കാടും വളർന്ന് റോഡിലേക്ക് ചാഞ്ഞ് നിൽക്കുകയാണ്.

കാൽനടയാത്രക്കാർക്കും നടന്നു പോകാനും വാഹനങ്ങൾ വരുമ്പോൾ ഒതുങ്ങി നിൽക്കാനും ഇടമില്ല. 

യാത്ര അപകടകരമാകുമ്പോൾ ആരോടാണ് പരാതിപ്പെടേണ്ടതെന്ന ആശങ്കയിലാണ് ജനങ്ങൾ.

പലപ്പോഴും തങ്ങൾ തന്നെ പണം നൽകി പുറത്തുനിന്ന് ആളെ വെച്ച് പുല്ലുവെട്ടിക്കുകയാണ് പതിവെന്ന് മുൻപത്തെ കൗൺസിലർമാരും ചൂണ്ടിക്കാട്ടുന്നു.

അപകടങ്ങൾക്ക് കാത്തു നിൽക്കാതെ പ്രശ്നത്തിന് എത്രയും വേഗം ശാശ്വത പരിഹാരം കണ്ടെത്തണമെന്നും അപകടകരമായ വളർന്നുനിൽക്കുന്ന റോഡരികുകളിലെ പുല്ലും കാടും വെട്ടി നീക്കി യാത്രകൾ സുഗമവും സുരക്ഷിതവുമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.