വീട്ടിലേക്ക് അതിക്രമിച്ച് കയറി 17 വയസ്സുകാരനെയും അച്ഛനെയും ആക്രമിച്ച പ്രതിയെ പിടികൂടി

ഇരിങ്ങാലക്കുട : വീട്ടിൽ അതിക്രമിച്ചു കയറി 17 വയസ്സുകാരനായ മകനെയും അച്ഛനെയും ആക്രമിച്ച കാട്ടൂർ സ്റ്റേഷൻ റൗഡി ഡ്യൂക്ക് പ്രവീണിനെ (28) പോലീസ് അറസ്റ്റ് ചെയ്തു.

രാജീവ് ഗാന്ധി ഉന്നതിയിൽ കറുപ്പംവീട്ടിൽ വീട്ടിൽ നാസർ (48) താമസിക്കുന്ന വീട്ടിനകത്തേക്ക് അതിക്രമിച്ചു കയറി 17 വയസ്സുകാരനായ മകനെ മ‍ർദ്ദിക്കുകയും മരവടി കൊണ്ട് ആക്രമിക്കുകയും തടയാൻ ചെന്ന നാസറിനെയും പ്രവീൺ ആക്രമിച്ചു.

ഇരിങ്ങാലക്കുട, കാട്ടൂർ, മാള, കൊരട്ടി, വലപ്പാട്, കണ്ണൂർ ‍ടൗൺ, വിയ്യൂർ പൊലീസ് സ്റ്റേഷനുകളിലായി 4 വധശ്രമ കേസുകളിലും 3 അടിപിടി കേസിലും ഒരു കഞ്ചാവ് കേസിലും ഒരു കവ‍ർച്ച കേസിലും അടക്കം 15 ക്രിമിനൽ കേസുകളിലെ പ്രതിയാണ് പ്രവീൺ.

ഇതിനു പുറമേ 2021ലും 2023ലും കാപ്പ നിയമപ്രകാരം തടവ് ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്.

കാട്ടൂ‍ർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആർ. ബൈജു, ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ജെ. ജിനേഷ്, സബ് ഇൻസ്പെക്ടർമാരായ ബാബു ജോർജ്ജ്, സബീഷ്, തുളസീദാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ധനേഷ്, മിഥുൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

തൃശൂർ റൂറൽ പൊലീസിൻ്റെ “ഹോപ്പ്” പദ്ധതിയുടെ പുതിയ ബാച്ച് ആരംഭിച്ചു

ഇരിങ്ങാലക്കുട : തൃശൂർ റൂറൽ പൊലീസിൻ്റെ “ഹോപ്പ്” പദ്ധതിയുടെ 2025-26 അധ്യയന വർഷത്തിലെ പുതിയ ബാച്ചിൻ്റെ പ്രവർത്തനോദ്ഘാടനം റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ നിർവഹിച്ചു.

അഡീഷണൽ പൊലീസ് സൂപ്രണ്ട് ടി.എസ്. സിനോജ് അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ വർഷം പദ്ധതിയിലൂടെ പഠിച്ച് പരീക്ഷ എഴുതി വിജയിച്ച കുട്ടികളെയും, അവരെ പഠിപ്പിക്കുന്ന അധ്യാപകരെയും ജില്ലാ പൊലീസ് മേധാവി സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു.

എല്ലാ കുട്ടികൾക്കും സ്റ്റഡി മെറ്റീരിയലുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു.

വിവിധ കാരണങ്ങളാൽ പഠനം നിർത്തിയവരും എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ പരാജയപ്പെട്ടവരുമായ കുട്ടികളെ വീണ്ടും വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും അവരുടെ ആത്മവിശ്വാസം പുനഃസ്ഥാപിക്കുകയും പുതിയ ജീവിത ലക്ഷ്യങ്ങൾ നൽകുകയും ചെയ്യുകയാണ് ഹോപ്പ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ക്രമസമാധാന പാലനം, കുറ്റകൃത്യനിവാരണം തുടങ്ങിയ മേഖലകളിൽ കേരളം ഏറെകാലമായി മുന്നിലാണെന്നും, കേസുകൾ രജിസ്റ്റർ ചെയ്യുന്നതിലും ശിക്ഷ ഉറപ്പാക്കുന്നതിലും കേരളാ പൊലീസിന്റെ കാര്യക്ഷമത രാജ്യത്തിന് മാതൃകയാണെന്നും, കുറ്റവാളികൾക്കെതിരെ നടപടിയെടുക്കുന്നതിനോടൊപ്പം കുറ്റകൃത്യങ്ങൾ ഉണ്ടാകാൻ ഇടയാക്കുന്ന സാമൂഹിക സാഹചര്യങ്ങൾ കൂടി മാറ്റേണ്ടതാണെന്നും ഈ ലക്ഷ്യങ്ങളിലൂന്നി 2017ൽ കേരള പൊലീസ് നടപ്പിലാക്കിവരുന്ന ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് ഹോപ്പ് പദ്ധതി എന്നും ബി. കൃഷ്ണകുമാർ പറഞ്ഞു.

പരീക്ഷയിൽ തോറ്റാലും ജീവിതം തോറ്റുപോകുന്നില്ല. വിജയം ഒരിക്കലും വീഴാതിരിക്കുക എന്നതല്ല, വീഴുമ്പോഴും എഴുന്നേൽക്കാനുള്ള ധൈര്യമാണെന്നും സമൂഹത്തിൽ ഉയർന്ന നിലയിലെത്തിയ മഹാരഥന്മാരിൽ പലരുടെയും ആദ്യ ശ്രമം തോൽവിയായിരുന്നുവെന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർന്ന് എസ്.പി.സി. പദ്ധതി മാസ്റ്റർ ട്രെയിനറായ പി.എം. ഷറഫുദ്ദീൻ കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ്സ് എടുത്തു.

കുട്ടികളും രക്ഷിതാക്കളും ഉൾപ്പെടെ 150 പേർ പരിപാടിയിൽ പങ്കെടുത്തു.

ബിജെപി ഇരിങ്ങാലക്കുട നഗരസഭാ നേതൃയോഗം

ഇരിങ്ങാലക്കുട : ബിജെപി ഇരിങ്ങാലക്കുട നഗരസഭാ നേതൃയോഗം സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻ്റ് ആർച്ച അനീഷ് അധ്യക്ഷത വഹിച്ചു.

ടൗൺ പ്രസിഡൻ്റ് ലിഷോൺ ജോസ് സ്വാഗതം പറഞ്ഞു.

സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ അഡ്വ. കെ.കെ. അനീഷ്കുമാർ, വി. ഉണ്ണികൃഷ്ണൻ, മേഖലാ സംഘടനാ സെക്രട്ടറിമാരായ കെ.പി. സുരേഷ്, പത്മകുമാർ, സഹ സംഘടനാ സെക്രട്ടറി എ.ആർ. അജിഘോഷ്, ജില്ലാ പ്രഭാരി എം.എ. വിനോദ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ കൃപേഷ് ചെമ്മണ്ട, കെ.പി. ഉണ്ണികൃഷ്ണൻ, സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി. രമേഷ്, അഖിലാഷ് വിശ്വനാഥൻ, ജില്ലാ ഭാരവാഹികളായ ശ്യാംജി മാടത്തിങ്കൽ, രിമ പ്രകാശ്,
പാർലമെൻ്ററി പാർട്ടി ലീഡറും സ്റ്റേറ്റ് കൗൺസിൽ അംഗവുമായ സന്തോഷ് ബോബൻ, നഗരസഭ ക്ലസ്റ്റർ ഇൻ ചാർജ്ജുള്ള മണ്ഡലം ഭാരവാഹികളായ രമേഷ് അയ്യർ, ജോജൻ കൊല്ലാട്ടിൽ, സെബാസ്റ്റ്യൻ ചാലിശ്ശേരി, പൊറത്തിശ്ശേരി ഏരിയ പ്രസിഡൻ്റ് സൂരജ് കടുങ്ങാടൻ, ജനറൽ സെക്രട്ടറിമാരായ ബാബുരാജ്, സൂരജ് നമ്പ്യാങ്കാവ് എന്നിവർ പ്രസംഗിച്ചു.

നിര്യാതനായി

അപ്പുക്കുട്ടൻ എമ്പ്രാന്തിരി (ഉണ്ണി സ്വാമി )

ഇരിങ്ങാലക്കുട : പാചക വിദഗ്ധൻ കടുപ്പശ്ശേരി കച്ചേരിപ്പടി ആചാര്യ മഠം അപ്പുക്കുട്ടൻ എമ്പ്രാന്തിരി (കടുപ്പശ്ശേരി ഉണ്ണി സ്വാമി – 78) നിര്യാതനായി.

സംസ്കാരം ഞായറാഴ്‌ച്ച ഉച്ചക്ക് 12 മണിക്ക്.

വിവാഹസദ്യകളടക്കം നാട്ടിലും പരിസര പ്രദേശങ്ങളിലും പാചകത്തിൽ നിറ സാന്നിധ്യമായിരുന്ന ഉണ്ണി സ്വാമി കടുപ്പശ്ശേരി ദുർഗ്ഗാ ക്ഷേത്രത്തിലേയും, കള്ളിശ്ശേരി ക്ഷേത്രത്തിലെയും മേൽശാന്തിയും ആയിരുന്നു.

ഭാര്യ : രാജലക്ഷ്‌മി

മക്കൾ : സത്യൻ, ഗിരീഷ്, കണ്ണൻ

മരുമക്കൾ : ശ്രീജ, ഹരിത, സരിത

കത്തോലിക്ക കോൺഗ്രസിന്റെ അവകാശ സംരക്ഷണ യാത്രയ്ക്ക് കരുവന്നൂരിൽ സ്വീകരണം

ഇരിങ്ങാലക്കുട : കത്തോലിക്ക കോൺഗ്രസിൻ്റെ അവകാശ സംരക്ഷണ യാത്രയ്ക്ക് ഇരിങ്ങാലക്കുട രൂപത അതിർത്തിയായ കരുവന്നൂർ വലിയപാലം പരിസരത്ത് സ്വീകരണം നൽകി.

രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന നൽകുന്ന മൗലിക അവകാശങ്ങൾ അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളുടെ ഔദാര്യമല്ലെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റും ജാഥ ക്യാപ്റ്റനുമായ പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ പറഞ്ഞു.

ചടങ്ങിൽ പ്രസിഡൻ്റ് ജോസഫ് തെക്കൂടൻ അധ്യക്ഷത വഹിച്ചു.

വികാരി ഫാ. ഡേവിസ് കല്ലിങ്ങൽ അനുഗ്രഹ പ്രഭാഷണം നടത്തി.

പള്ളി ട്രസ്റ്റി ലൂയീസ് തരകൻ നന്ദി പറഞ്ഞു.

മതപരിവർത്തന നിരോധന നിയമം പിൻവലിക്കണം : മാർ പോളി കണ്ണൂക്കാടൻ

ഇരിങ്ങാലക്കുട : രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന മതപരിവർത്തന നിരോധന നിയമം പിൻവലിക്കണമെന്നും ഭരണഘടന ഉറപ്പ് നൽകുന്ന മതേതരത്വം സംരക്ഷിക്കാൻ ഭരണാധികാരികൾ തയ്യാറാവണമെന്നും ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അഭിപ്രായപ്പെട്ടു.

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ കാസർകോഡ് നിന്നാരംഭിച്ച അവകാശ സംരക്ഷണയാത്രയ്ക്ക് ഇരിങ്ങാലക്കുട രൂപത കത്തോലിക്ക കോൺഗ്രസ് ഇരിങ്ങാലക്കുട ആൽത്തറയ്ക്കൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നും ശുപാർശകൾ നടപ്പിലാക്കും വരെയും കത്തോലിക്ക സമൂഹം സമര രംഗത്തായിരിക്കുമെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.

കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ് ഡേവിസ് ഊക്കൻ അധ്യക്ഷത വഹിച്ചു.

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റും ജാഥ ക്യാപ്റ്റനുമായ പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ, ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ ജോളി വടക്കൻ, കത്തീഡ്രൽ വികാരി റവ. ഡോ. ലാസർ കുറ്റിക്കാടൻ, ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ, ഇരിങ്ങാലക്കുട രൂപത ഡയറക്ടർ ഫാ. ലിജു മഞ്ഞപ്രക്കാരൻ, ഗ്ലോബൽ സെക്രട്ടറിമാരായ ഡോ. ജോസുകുട്ടി ഒഴുകയ്യിൽ, പത്രോസ് വടക്കുഞ്ചേരി, രൂപത കത്തോലിക്ക കോൺഗ്രസ് ജനറൽ സെക്രട്ടറി ഡേവിസ് തുളുവത്ത്, ട്രഷറർ ആന്റണി തൊമ്മാന, ജനറൽ കൺവീനർ ടെൽസൺ കോട്ടോളി എന്നിവർ പ്രസംഗിച്ചു.

അനേകം പേർ പങ്കെടുത്ത പ്രകടനമായി ആൽത്തറയ്ക്കലെത്തിയ ജാഥയുടെ ക്യാപ്റ്റൻ രാജീവ് കൊച്ചുപറമ്പലിനെ രൂപത വൈസ് പ്രസിഡന്റുമാരായ ജോസഫ് തെക്കൂടൻ, റീന ഫ്രാൻസിസ്, സി.ആർ. പോൾ, കത്തിഡ്രൽ യൂണിറ്റ് പ്രസിഡന്റ് സാബു കൂനൻ എന്നിവർ ചേർന്ന് പുഷ്പഹാരമണിയിച്ച് സ്വീകരിച്ചു.

രൂപത അതിർത്തിയായ കരുവന്നൂരിൽ പ്രാഥമിക സമ്മേളനവും ചാലക്കുടിയിൽ സമാപന സമ്മേളനവും നടത്തി.

നീതി ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രവാക്യമുയർത്തിയ അവകാശ സംരക്ഷണയാത്ര ഒക്ടോബർ 24ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് നടത്തുന്ന പ്രകടനത്തോടെ സമാപിക്കും.

ഊരകത്തമ്മ തിരുവടി ക്ഷേത്രത്തിലെ തുലാമാസത്തിലെ വാവാറാട്ട് 21ന്

ഇരിങ്ങാലക്കുട : ഊരകത്തമ്മ തിരുവടി ക്ഷേത്രത്തിലെ തുലാമാസത്തിലെ വാവാറാട്ട് 21ന് നടക്കും.

രാവിലെ 8.30ന് ക്ഷേത്രത്തിൽ നിന്നും ഒരാനയുടെ അകമ്പടിയിൽ വാദ്യ മേളങ്ങളോടെ കിഴക്കേ ഗോപുരം വഴി പുറത്തേക്ക് എഴുന്നള്ളുമ്പോൾ ക്ഷേത്രം അടിയന്തിര മാരാർ 9 പ്രാവശ്യം ശംഖ് വിളിക്കും. തുടർന്ന് ചെറുശ്ശേരി പണ്ടാരത്തിൽ കുട്ടൻമാരാരുടെ പഞ്ചാരി മേളത്തിൻ്റെ അകമ്പടിയോടെ മൈമ്പിള്ളി ക്ഷേത്രക്കുളത്തിലേക്ക് ആറാട്ടിനായി എഴുന്നള്ളും.

കിഴക്ക് മെയിൻ റോഡിന് സമീപം മേളം അവസാനിക്കുന്നതോടെ 9 തവണ ശംഖ് വിളിച്ച്, കൊട്ടി വെച്ച്, പാണ്ടിവാദ്യത്തിൻ്റെ അകമ്പടിയോടെ ഭഗവതിയെ ക്ഷേത്രക്കുളത്തിൽ ഇറക്കി തന്ത്രി പൂജയ്ക്ക് ശേഷം ഭഗവതിയുടെ ആറാട്ട് നടക്കും.

ആറാട്ടിന് ശേഷം മൈമ്പിള്ളി ക്ഷേത്രത്തിൽ ഇറക്കി പൂജ നടത്തി തിരിച്ച് പാണ്ടി വാദ്യത്തിൻ്റെ അകമ്പടിയോടെ കിഴക്കേ ഗോപുരം വഴി ഊരകത്തമ്മ തിരുവടി ക്ഷേത്രത്തിലേക്ക് തിരിച്ച് എഴുന്നള്ളും.

എടതിരിഞ്ഞി ഫെയർ വാല്യൂ പുനർനിർണയം : ഔദ്യോഗിക ജോലികൾ അന്തിമഘട്ടത്തിലേക്ക്

ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ഫെയർ വാല്യൂ റവന്യൂ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം പുനർനിർണയിക്കുന്നതിന് തൃശൂർ ജില്ലാ കളക്ടർ ഉത്തരവിട്ടതിന്റെ ഔദ്യോഗിക ജോലികൾ അന്തിമഘട്ടത്തിലേക്ക് കടന്നു.

കരട് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിന്റെ മുന്നോടിയായി സർക്കാർ ഉത്തരവ് പ്രകാരം 5% മേൽപരിശോധന നടത്തേണ്ടതിൻ്റെ ഭാഗമായി താലൂക്ക് തല ടീം എടതിരിഞ്ഞി വില്ലേജിൽ വെള്ളിയാഴ്ച സ്ഥലപരിശോധന നടത്തി.

മുകുന്ദപുരം താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർമാരായ എ.വി. സജിത, ടി.കെ. പ്രമോദ്, ടി.വി. വേണുഗോപാൽ, കാട്ടൂർ സബ് രജിസ്ട്രാർ ഓഫീസർ എം.ആർ. സിജിൽ, എടതിരിഞ്ഞി വില്ലേജ് ഓഫീസർ പി.എസ്. സുജിത്ത്, വില്ലേജ് ഓഫീസർ സിജു ജോസഫ്, വില്ലേജ് അസിസ്റ്റൻ്റ് കെ.ജെ. വിൻസൺ, ക്ലർക്കുമാരായ വിദ്യ ചന്ദ്രൻ, സി. പ്രസീത, സാഗിയോ സിൽബി എന്നിവർ സ്ഥലപരിശോധനയിൽ പങ്കെടുത്തു.

മുരിയാട് പൊതുമ്പുചിറയോരം ടൂറിസം : മൂന്നാം ഘട്ടം നിര്‍മ്മാണം ആരംഭിച്ചു

ഇരിങ്ങാലക്കുട : മണ്ഡലത്തിലെ പ്രഥമ ടൂറിസം ഡെസ്റ്റിനേഷനായ മുരിയാട് പഞ്ചായത്തിലെ പൊതുമ്പുചിറയോരം ടൂറിസം പദ്ധതിയുടെ മൂന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു.

ചില്‍ഡ്രന്‍സ് പാര്‍ക്കും, ബോട്ടിംഗും അടങ്ങുന്ന മൂന്നാം ഘട്ടം 2026 മാര്‍ച്ച് മാസത്തില്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

മന്ത്രി ഡോ. ആര്‍. ബിന്ദുവിന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ചില്‍ഡ്രന്‍സ് പാര്‍ക്കും, വിവിധ സ്ഥാപനങ്ങളുടെ സി.എസ്.ആര്‍. ഫണ്ട് ഉപയോഗിച്ച് ബോട്ടിംഗും നടപ്പിലാക്കും.

ഉദ്ഘാടന ചടങ്ങില്‍ മുരിയാട് പഞ്ചായത്ത് പ്രസിഡന്റ്‌ ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.

വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ്‌ കെ.എസ്. ധനീഷ്, വൈസ് പ്രസിഡന്റ്‌ രതി ഗോപി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺ സരിത സുരേഷ്, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.യു. വിജയന്‍, പഞ്ചായത്ത് അംഗങ്ങളായ എ.എസ്. സുനില്‍കുമാര്‍, മണി സജയന്‍, നിജി വത്സന്‍, വേളൂക്കര പഞ്ചായത്ത് അംഗങ്ങളായ പി.എസ്. ലീന, വിബിന്‍ തുടിയത്ത്, ജില്ലാ പഞ്ചായത്ത് അസിസ്റ്റന്റ്‌ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സനൽകുമാര്‍, പഞ്ചായത്ത് സെക്രട്ടറി എം. ശാലിനി, ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ്‌ എഞ്ചിനീയര്‍ ബിന്ദു സതീശന്‍, പഞ്ചായത്ത് അസിസ്റ്റന്റ്‌ എഞ്ചിനീയര്‍ സിമി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അസാപ് കേരളയുടെ ഇന്റീരിയർ ഡിസൈനിങ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു

ഇരിങ്ങാലക്കുട : വ്യവസായ ഡയറക്ടറേറ്റും അസാപ്പ് കേരളയും ചേർന്ന് പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കളെ ലക്ഷ്യമാക്കി സംരംഭക മേഖലയുമായി ബന്ധപ്പെട്ട കോഴ്സുകളിൽ പരിശീലനം നൽകുന്നു. ഇതിന്റെ ഭാഗമായി തൃശ്ശൂർ ഇൻഡസ്ട്രി സെന്ററുമായി ചേർന്ന് അസാപ് കേരള നടത്തുന്ന ഇന്റീരിയർ ഡിസൈനിങ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു.

തൃശൂർ ജില്ലയിൽ സ്ഥിരതാമസക്കാരായ 30 യുവതീയുവാക്കൾക്ക് 100% ഫീസ് ആനുകൂല്യത്തോടെ പ്രവേശനം നേടാം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് തൊഴിൽ നേടാനും സംരംഭങ്ങൾ തുടങ്ങാനും പിന്തുണ നൽകും.

ഐടിഐ, ഡിപ്ലോമ, ബിരുദം എന്നീ യോഗ്യതകളിൽ ഏതെങ്കിലും ഉള്ളവർക്ക് ഒക്ടോബർ 30ന് മുൻപായി കോഴ്സിന് അപേക്ഷിക്കാവുന്നതാണ്.

300 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സ് തൃശൂർ ഗവ. എൻജിനീയറിങ് കോളെജിലാണ് സംഘടിപ്പിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് : 9846084133