ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോത്സവത്തിന് ബുധനാഴ്ച തുടക്കമാകും

ഇരിങ്ങാലക്കുട : വിദ്യാർഥികളുടെ നവീന ആശയങ്ങളെയും കഴിവുകളെയും വരവേൽക്കുന്ന ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോത്സവത്തിന് ബുധനാഴ്ച തുടക്കമാകും.

8ന് രാവിലെ 10 മണിക്ക് മന്ത്രി ഡോ. ആർ. ബിന്ദു ശാസ്ത്രമേള ഉദ്ഘാടനം ചെയ്യും.

ഇരിങ്ങാലക്കുട എഇഒ എം.എസ്. രാജീവ് പതാക ഉയർത്തും.

പൂമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിക്കും.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുധ ദിലീപ് മുഖ്യാതിഥിയാകും.

ഒക്ടോബർ 8, 9, 10 തിയ്യതികളിലായി ബി.വി.എം.എച്ച്.എസ്.എസ്. കൽപ്പറമ്പ്, ജി.യു.പി.എസ്. വടക്കുംകര, എച്ച്.സി.സി.എൽ.പി.എസ്. കൽപ്പറമ്പ് എന്നീ സ്കൂളുകളിലായാണ് മേള നടക്കുന്നത്.

ഒന്നാം ദിനം ഗണിത- ഐ.ടി മേളകൾ ബി.വി.എം.വി.എച്ച്.എസ്. സ്കൂളിലും, സാമൂഹ്യമേള ജി.യു.പി.എസ്. വടക്കുംകര, എച്ച്.സി.സി.എൽ.പി.എസ്. കൽപ്പറമ്പ് എന്നീ സ്കൂളുകളിലുമായാണ് നടക്കുക.

രണ്ടാം ദിനം ഐ.ടി. മേള കൽപ്പറമ്പ് ബി.വി.എം.എച്ച്.എസ്. സ്കൂളിലും പ്രവൃത്തി പരിചയമേള മൂന്ന് സ്കൂളുകളിലുമായി നടക്കുന്നതായിരിക്കും.

മൂന്നാം ദിനം ശാസ്ത്രമേള ബി.വി.എം.എച്ച്.എസ് സ്കൂൾ കൽപ്പറമ്പ്, എച്ച്.സി.സി.എൽ.പി.എസ്. കൽപ്പറമ്പ് എന്നീ സ്കൂളുകളിലും, പ്രവൃത്തി പരിചയമേള ജി.യു.പി.എസ്. വടക്കുംകര എന്നീ സ്കൂളുകളിലുമായി നടക്കുന്നതാണ്.

എല്ലാ ദിവസവും രാവിലെ 9.30ന് മേളയുടെ ഇനങ്ങൾ തുടങ്ങുന്നതായിരിക്കും.

ഠാണാ പൂതംകുളം മുതൽ നടവരമ്പ് അണ്ടാണിക്കുളം വരെയുള്ള കെ.എസ്.ടി.പി. നിർമ്മാണ പ്രവൃത്തികൾ ബുധനാഴ്ച്ച ആരംഭിക്കും : പുതിയ ഗതാഗത നിയന്ത്രണം ഇങ്ങനെ

ഇരിങ്ങാലക്കുട : തൃശൂർ – കൊടുങ്ങല്ലൂർ റോഡിൽ നടന്നു വരുന്ന കെ.എസ്.ടി.പി. റോഡ് നിർമ്മാണ പ്രവൃത്തികളുടെ ഭാഗമായി കൂർക്കഞ്ചേരി മുതൽ ഇരിങ്ങാലക്കുട പൂതംകുളം വരെയുള്ള നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കി ബുധനാഴ്ച മുതൽ ഠാണാ – ചന്തക്കുന്ന് ജംഗ്ഷൻ വികസനം ഉൾപ്പെടുന്ന അണ്ടാണിക്കുളം മുതൽ പൂതംകുളം വരെയുള്ള റീച്ചിൽ നിർമ്മാണം ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.

ഠാണാ – ചന്തക്കുന്ന് ജംഗ്ഷൻ വികസനത്തിന്റെ ഭാഗമായ കാനയുടെ നിർമ്മാണം ഈ റോഡിൽ പുരോഗമിക്കുകയാണ്.

ചന്തക്കുന്നിൽ നിന്നും അണ്ടാണിക്കുളം ഭാഗത്തേക്ക് നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ പുതിയ ഗതാഗത നിയന്ത്രണവും ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

കൊടുങ്ങല്ലൂരിൽ നിന്ന് തൃശൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ വെള്ളാങ്ങല്ലൂരിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് അരിപ്പാലം സെന്ററിൽ എത്തി അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് എടക്കുളം റോഡ് വഴി ചേലൂർ സെന്ററിൽ എത്തി വലത്തോട്ട് തിരിഞ്ഞ് ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് പരിസരത്ത് എത്തി തൃശൂർ ഭാഗത്തേക്ക് പോകേണ്ടതാണ്.

തൃശൂരിൽ നിന്നും കൊടുങ്ങല്ലൂരിലേക്ക് പോകുന്ന വാഹനങ്ങൾക്ക് നിലവിലെ ഗതാഗതം അനുസരിച്ച് റോഡിന്റെ ഇടതുവശത്ത് കൂടി കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകാവുന്നതാണ്.

സമയബന്ധിതമായി നിർമ്മാണം പൂർത്തീകരിച്ച് 2026 ഫെബ്രുവരി അവസാനത്തോടെ തൃശൂർ കൊടുങ്ങല്ലൂർ റോഡും ഠാണാ – ചന്തക്കുന്ന് ജംഗ്ഷനും പൂർണ്ണമായും സഞ്ചാര യോഗ്യമാകും എന്നും മന്ത്രി വ്യക്തമാക്കി.

പേർഷ്യൻ പൂച്ചയെ കാണ്മാനില്ല

ഇരിങ്ങാലക്കുട : അഞ്ച് മാസം പ്രായമുള്ള ആഷ് കളർ പേർഷ്യൻ പൂച്ചയെ (കല്ലു) തിങ്കളാഴ്ച്ച രാവിലെ മുതൽ പുല്ലൂർ മുല്ലക്കാട് നിന്നും കാണ്മാനില്ല.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ 8848803614 (ആശ്രിത്) എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

ഇരിങ്ങാലക്കുട നഗരത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് നാട് യു.ഡി.എഫിനോട് കടപ്പെട്ടിരിക്കുന്നു : കേരള കോൺഗ്രസ്സ്

ഇരിങ്ങാലക്കുട : നഗരത്തിലെ വികസന പ്രവർത്തനങ്ങൾക്ക് നാട് കടപ്പെട്ടിരിക്കുന്നത് യു.ഡി.എഫിനോടാണെന്നും വികസന പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിക്കണമെന്നും കേരള കോൺഗ്രസ്സിന്റെ ടൗൺ നോർത്ത് സോൺ കുടുംബ സംഗമം അഭിപ്രായപ്പെട്ടു.

നിയോജക മണ്ഡലത്തിൽ നടക്കുന്ന 100 കുടുംബ സംഗമങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ സെക്രട്ടറി പി.ടി. ജോർജ്ജിന്റെ അധ്യക്ഷതയിൽ കൂടിയ സംഗമത്തിലാണ് ഈ അഭിപ്രായം ഉണ്ടായത്.

ഠാണാ- ചന്തക്കുന്ന് വികസനം, ജനറൽ ആശുപത്രി, കോർട്ട കോംപ്ലക്സ് എന്നിവ യു.ഡി.എഫ്. ഭരണകാലത്ത് മുൻ എംഎൽഎ തോമസ് ഉണ്ണിയാടന്റെ ശ്രമഫലമായി കൊണ്ടുവന്നിട്ടുള്ളതും നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നതുമാണ്. എന്നാൽ പിന്നീട് വന്ന എൽഡിഎഫ് ജനപ്രതിനിധികൾ വേണ്ടത്ര പ്രാധാന്യം കൊടുക്കാതിരുന്നതു മൂലം ഈ പ്രവർത്തനങ്ങൾ സാവകാശമായ നിലയിലാകുകയും ചെയ്തു. എന്നാൽ ഈ വികസന പ്രവർത്തനങ്ങളിൽ ഇപ്പോൾ അവകാശവാദം അവർ ഉന്നയിച്ചിരിക്കുന്നത് അപഹാസ്യകരമാണെന്ന് കുടുംബ സംഗമം കുറ്റപ്പെടുത്തി.

ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗണിൽ തല ഉയർത്തി നിൽക്കുന്ന ഒട്ടുമിക്ക വികസന പ്രവർത്തനങ്ങളും യുഡിഎഫ് സംഭാവനകളാണെന്നത് അവിതർക്കിതമായ സത്യങ്ങളാണെന്നും സംഗമം ചൂണ്ടിക്കാട്ടി.

കുടുംബ സംഗമം കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.

ഭാരവാഹികളായ വർഗ്ഗീസ് കരിപ്പായി, പോൾ മാളിയേക്കൽ, വിൻസെന്റ് കിഴക്കേപ്പീടിക, ജോർജ്ജ് ചിരിയൻ, റപ്പായി അരിമ്പൂപറമ്പിൽ ഡേവിസ് എരിഞ്ഞേരി, ലാലു ചിറമ്മൽ, വിൽസൻ ജോസഫ്, ഡേവിസ് മാളിയേക്കൽ, മേഴ്സി റപ്പായി, വിൻസെന്റ് അരിമ്പൂപ്പറമ്പിൽ, കെ.ആർ. ജോയ്
എന്നിവർ പ്രസംഗിച്ചു.

ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ ഗുരുസ്മരണ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ സംഘടിപ്പിച്ച ഗുരുസ്മരണ ദിനം കലാനിലയം പ്രസിഡൻ്റ് എം. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡൻ്റ് കെ.കെ. കൃഷ്ണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു.

കലാനിലയം എസ്. അപ്പുമാരാർ സ്മാരക സുവർണ്ണ മുദ്ര പുരസ്കാരം വേഷം വിദ്യാർത്ഥി കലാനിലയം സൂരജിന് മുൻ പ്രിൻസിപ്പാൾ കലാമണ്ഡലം ഹരിദാസ് സമർപ്പിച്ചു.

പള്ളിപ്പുറം ഗോപാലൻ നായർ ആശാൻ അവാർഡ് ജേതാവ് പരമേശ്വരൻ ആശാനെ അഡ്വ. സതീഷ് വിമലൻ ആദരിച്ചു.

മരുത്തോർവട്ടം ധന്വന്തരി ക്ഷേത്രം പ്രസിഡൻ്റ് ജി. സജികുമാറിനെ എം. ശ്രീകുമാർ ആദരിച്ചു.

കലാനിലയം ജോയിൻ്റ് സെക്രട്ടറി തങ്കപ്പൻ പാറയിൽ, ട്രഷറർ റോയ് ജോസ് പൊറത്തൂക്കാരൻ എന്നിവർ എൻഡോമെന്റ് വിതരണം നിർവഹിച്ചു.

സെക്രട്ടറി അഡ്വ. സതീഷ് വിമലൻ സ്വാഗതവും പ്രിൻസിപ്പൽ ഇൻചാർജ് കലാനിലയം പ്രശാന്ത് നന്ദിയും പറഞ്ഞു.

തുടർന്ന് ടി. വേണുഗോപാൽ, കലാനിലയം വാസുദേവ പണിക്കർ എന്നിവർ കഥകളി ഡെമോൺസ്ട്രേഷൻ അവതരിപ്പിച്ചു.

ശേഷം പൂതനാമോക്ഷം കഥകളി അരങ്ങേറി.

മൂന്നു വർഷമായി മുരിയാടിന്റെ മുടിച്ചിറ മുടിഞ്ഞു തന്നെ ; കോൺഗ്രസ്സ് പ്രക്ഷോഭത്തിലേക്ക്

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിന്റെ അഭിമാന പദ്ധതിയെന്ന്‌ കൊട്ടിഘോഷിക്കപ്പെട്ട തുറവൻകാട് മുടിച്ചിറയുടെ സംരക്ഷണ ഭിത്തി തകർന്നിട്ട് മൂന്ന് വർഷം പിന്നിട്ടെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്.

2022 മെയ് 14ന് ഉണ്ടായ മഴയിലാണ് മുടിച്ചിറയുടെ നിർമ്മാണത്തിലിരുന്ന സംരക്ഷണ ഭിത്തി തകർന്നത്.

പഞ്ചായത്തിലെ 13, 14, 15, 16 വാർഡുകളിലെ പ്രധാന ജലസ്രോതസ്സാണ് തുറവൻകാട് മുടിച്ചിറ. മുൻ വർഷവും ഈ ചിറയുടെ റോഡിനോട് ചേർന്നുള്ള സംരക്ഷണ ഭിത്തി ഇടിഞ്ഞതിനെ തുടർന്ന് റോഡ്‌ ഗതാഗതം തടസപ്പെട്ടിരുന്നു.

നാലു വശവും ഇടിഞ്ഞ് വർഷങ്ങളോളം ചെളി നിറഞ്ഞു കിടന്നിരുന്ന രണ്ടേക്കറോളം വരുന്ന ഈ ചിറയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് 2019- 20 കാലഘട്ടത്തിലാണ് ഫണ്ട് അനുവദിച്ചത്.

2021 ഏപ്രിൽ മാസത്തോടെ പണികൾ ആരംഭിച്ചെങ്കിലും വർഷക്കാലമായതോടെ ചിറയുടെ റോഡിനോട് ചേർന്ന ഭാഗം ഇടിയുകയായിരുന്നു.

തുറവൻകാടിനെ പുല്ലൂരിനോട് ബന്ധിപ്പിക്കുന്ന പ്രധാന റോഡിലൂടെയുള്ള ഗതാഗതം ഇതോടെ മാസങ്ങളോളം തടസ്സപ്പെട്ടു. പിന്നീട് പണികൾ പുനരാരംഭിച്ചെങ്കിലും പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല.

തകർന്ന സംരക്ഷണ ഭിത്തിയോട് ചേർന്നുള്ള ഭാഗത്ത് ആവശ്യത്തിന് മണ്ണിട്ടുയർത്തിയില്ലെന്ന പരാതി ഉയർന്നിരുന്നു. എന്നിട്ടും ചിറ ആഴം കൂട്ടുന്നതിന്റെ ഭാഗമായി ചിറയിൽ നിന്നും കോരിയെടുത്ത മണ്ണ് സ്വകാര്യ വ്യക്തിക്ക് നിലം നികത്തുന്നതിന് നൽകിയത് വീണ്ടും പരാതിക്കിടയാക്കി. തുടർന്ന് ആ പരാതി തേഞ്ഞു മാഞ്ഞു പോയതായി കോൺഗ്രസ് ആരോപിച്ചു.

മണ്ണിട്ടുയർത്താത്ത വശത്ത് വെള്ളം ഇറങ്ങിയതാണ് സംരക്ഷണ ഭിത്തി തകരുന്നതിനു കാരണമായതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. നൂറ്റമ്പതോളം മീറ്റർ നീളമുള്ള കോൺക്രീറ്റ് ഭിത്തിയാണ് തകർന്ന് ചിറയിലേക്കു മറിഞ്ഞു വീണത്. ഇത്രയും നീളവും ഉയരവുമുള്ള ഭിത്തി നിർമ്മിക്കുമ്പോൾ ഉണ്ടാകേണ്ട യാതൊരു തരത്തിലുമുള്ള ശാസ്ത്രീയ വശങ്ങളും ഇവിടെ പാലിച്ചിട്ടില്ല.
അശാസ്ത്രീയമായ നിർമ്മാണവും കെടുകാര്യസ്ഥതയുമാണ് ഇതിന്റെ തകർച്ചക്ക് കാരണമെന്ന് കോൺഗ്രസ്സ് പതിനാലാം വാർഡ് യോഗം ആരോപിച്ചു.

ചെറിയ തോടുകൾ കെട്ടുന്ന ലാഘവത്തോടെ ഇത്രയും വലിയ ചിറ കെട്ടാൻ തുനിഞ്ഞതിനു പിന്നിൽ വൻ സാമ്പത്തിക അഴിമതി നടന്നിട്ടുണ്ടെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

തുറവൻകാട് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനു രണ്ടു ദിവസം മുൻപാണ് ചിറ തകർന്നത്. അന്ന് സ്ഥലത്തെത്തിയ അധികാരികളും കളക്ടറടക്കമുള്ള ഉദ്യോഗസ്ഥരും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും നിർമ്മാണം എത്രയും വേഗം പൂർത്തീകരിക്കുമെന്നും ഉറപ്പു നൽകിയിരുന്നെങ്കിലും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനോ, നിർമ്മാണം പൂർത്തികരിക്കാനോ സാധിച്ചില്ലെന്ന് മാത്രമല്ല ഇതിനായി ചെലവഴിച്ച മുൻ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള 35 ലക്ഷം രൂപയും ജലസേചന വകുപ്പിന്റെ നഗരസഞ്ചയിക പദ്ധതിപ്രകാരമുള്ള 39 ലക്ഷം രൂപയും ഉൾപ്പെടെ 74 ലക്ഷം രൂപ തിരിച്ചു പിടിക്കാനോ സാധിച്ചില്ല.

നിർമ്മാണം തുടങ്ങിയ നാളുകളിൽ ഇത് പഞ്ചായത്തിന്റെ അഭിമാന പദ്ധതിയെന്ന്‌ മുഴുവൻ വാർഡ് സഭകളിലും അവകാശവാദമുന്നയിച്ച പഞ്ചായത്ത് പ്രസിഡന്റും കൂട്ടരും ചിറ ഇടിഞ്ഞതോടെ ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും പിന്മാറുകയും അത് മറ്റുള്ളവരുടെ തലയിൽ കെട്ടി വയ്ക്കുകയുമായിരുന്നു എന്ന് യോഗം വ്യക്തമാക്കി.

കോൺഗ്രസ്സിന്റെയും നാട്ടുകാരുടെയും നിരന്തര സമരങ്ങൾക്ക് പിന്നാലെ കഴിഞ്ഞ വർഷം ഈ പദ്ധതിക്ക് വേണ്ടി വീണ്ടും 36 ലക്ഷം രൂപ അനുവദിച്ചു എന്ന പ്രഖ്യാപനം നടത്തി. 2017 -18 വർഷത്തിലെ അന്നത്തെ എംഎൽഎയുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് നടത്തിയ പ്രവർത്തികളിൽ ടെണ്ടർ സേവിംഗ്സ് വന്ന തുകയിൽ നിന്നുമാണ് ഈ തുക അനുവദിച്ചതെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ വർഷം ഒന്നായിട്ടും ചിറ കാടുമൂടി കിടക്കുന്നതല്ലാതെ ഈ കാര്യത്തിലും ഒരു നടപടിയും ഇന്ന് വരെ നടന്നിട്ടില്ലെന്നും യോഗം കുറ്റപ്പെടുത്തി.

പഞ്ചായത്തിലെ ചില പ്രദേശങ്ങളിൽ വികസനം എന്ന പേരിൽ കാട്ടിക്കൂട്ടലുകൾ ചെയ്യുമ്പോൾ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഉപകാരപ്രദമാകുന്ന ഈ ചിറയെ അവഗണിക്കുന്നത് ഈ പ്രദേശത്തുള്ള ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.

പഞ്ചായത്ത് ഈ മേഖലയെ തുടർച്ചയായി അവഗണിക്കുന്നതിനെതിരെ പ്രക്ഷോഭം നടത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്.

മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടൻ യോഗം ഉദ്‌ഘാടനം ചെയ്തു.

പ്രസിഡന്റ് ബൈജു കൂനൻ അധ്യക്ഷത വഹിച്ചു.

മണ്ഡലം ഭാരവാഹികളായ കെ.കെ. വിശ്വനാഥൻ, പി.ആർ. ബാബു, പി.എ. യേശുദാസ് എന്നിവർ പ്രസംഗിച്ചു.

വിശുദ്ധ എവുപ്രാസ്യയുടെ ജന്മദിന തിരുനാൾ 8 മുതൽ 17 വരെ

ഇരിങ്ങാലക്കുട : വിശുദ്ധ എവുപ്രാസ്യയുടെ 148-ാം ജന്മദിനതിരുനാൾ ഒക്ടോബർ 8 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ കാട്ടൂർ ജന്മഗൃഹത്തിൽ ആഘോഷിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

8ന് വൈകീട്ട് 5 മണിക്ക് റവ. ജോസ് മാളിയേക്കൽ കൊടിയേറ്റം നിർവ്വഹിക്കും.

9 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ എല്ലാ ദിവസവും 5 മണിക്ക് ലദീഞ്ഞ്, ദിവ്യബലി, നൊവേന, തിരുശേഷിപ്പ് വണക്കം എന്നിവ ഉണ്ടായിരിക്കും.

തിരുനാൾദിനമായ 17ന് 5 മണിക്ക് നടക്കുന്ന വിശുദ്ധ കുർബാന, പ്രദക്ഷിണം എന്നിവയ്ക്ക് മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമ്മികത്വം വഹിക്കും.

റവ. ഫാ. ജിൽസൺ പയ്യപ്പിള്ളി, റവ. ഫാ. ജോർജ്ജി ചെറിയാൻ തേലപ്പിള്ളി എന്നിവർ സഹകാർമ്മികത്വം വഹിക്കും.

എടത്തുരുത്തി കർമലമാത ഫൊറോന ചർച്ച് വികാരി ഫാ. ജോഷി പാല്യേക്കര, ഇരിങ്ങാലക്കുട ഉദയ പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ധന്യ, ജനറൽ കൺവീനർ ലോനച്ചൻ ഉറുവത്ത്, ജോയിൻ്റ് കൺവീനർ രാജു താടിക്കാരൻ, ഡയറക്ടർ സിസ്റ്റർ ഷീബ, പ്രൊവിൻഷ്യൽ സെക്രട്ടറി സിസ്റ്റർ അർപ്പിത എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

കൂടൽമാണിക്യത്തിൽ അഷ്ടമംഗല പ്രശ്നം 8ന്

ഇരിങ്ങാലക്കുട : ക്ഷേത്ര ചൈതന്യ വർദ്ധനവിനും ദേശാഭിവൃദ്ധിക്കും വേണ്ടി കൂടൽമാണിക്യം ക്ഷേത്രത്തിൽ ഒക്ടോബർ 8ന് രാവിലെ 8.30ന് ക്ഷേത്രത്തിനകത്ത് നടക്കുന്ന രാശിപൂജയ്ക്ക് ശേഷം ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ ഊട്ടുപുരയിൽ വെച്ച് പ്രശ്നചിന്തയോടെ അഷ്ടമംഗല പ്രശ്നം നടത്തുമെന്ന് ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി പത്രസമ്മേളനത്തിൽ അറിയിച്ചു.

17 വർഷങ്ങൾക്ക് ശേഷമാണ് ക്ഷേത്രത്തിൽ അഷ്ടമംഗല പ്രശ്നം നടക്കുന്നത്. 2008 സെപ്തംബർ 4നാണ് ഇവിടെ അവസാനമായി അഷ്ടമംഗല പ്രശ്നം നടന്നത്.

ഉപസ്ഥാനങ്ങളിലേതുൾപ്പെടെ 12ഓളം വിഷയങ്ങളുടെ പ്രശ്ന ചിന്തകളാണ് അഷ്ടമംഗല പ്രശ്നത്തിൽ വരുക.

ആമയൂർ വേണുഗോപാല പണിക്കർ, കൂറ്റനാട് രാവുണ്ണി പണിക്കർ, വെങ്ങാശ്ശേരി മോഹനൻ പണിക്കർ, പാടൂർ പ്രമോദ് പണിക്കർ, മറ്റം ജയകൃഷ്ണ പണിക്കർ എന്നീ ദൈവജ്ഞരുടെ നേതൃത്വത്തിലാണ് അഷ്ടമംഗല പ്രശ്നം നടത്തുന്നത്.

മുമ്പ് അഷ്ടമംഗല പ്രശ്നത്തിൽ വരുന്ന പ്രശ്നചിന്തകൾ ശാസനങ്ങളായും ഓലകളായും മറ്റും എഴുതി സൂക്ഷിച്ചിരുന്നതിന് പകരം കാലോചിതമായ മാറ്റം എന്ന നിലയിൽ ഇപ്രാവശ്യത്തെ അഷ്ടമംഗല പ്രശ്നം വരും തലമുറയ്ക്ക് ഉപകാരപ്പെടും വിധം പൂർണമായും റെക്കോർഡ് ചെയ്തു സൂക്ഷിക്കുമെന്ന് ഭരണസമിതി അംഗങ്ങളായ ഡോ. മുരളി ഹരിതം, രാഘവൻ മുളങ്ങാടൻ, അഡ്മിനിസ്ട്രേറ്റർ രാധേഷ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

വേളൂക്കര പഞ്ചായത്ത് വികസന സന്ദേശജാഥ സമാപിച്ചു

ഇരിങ്ങാലക്കുട : സിപിഐയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വേളൂക്കര പഞ്ചായത്ത് വികസന സന്ദേശജാഥ സമാപിച്ചു.

നടവരമ്പ് കോളനിപ്പടിയിൽ നടന്ന സമാപന പൊതുയോഗം സിപിഐ ജില്ലാ കൗൺസിൽ അംഗം കെ.എസ്. ജയ ഉദ്ഘാടനം ചെയ്തു.

സുമതി തിലകൻ അധ്യക്ഷത വഹിച്ചു.

ലോക്കൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ, ഉചിത സുരേഷ്, ഗാവരോഷ്, കെ.എസ്. പ്രസാദ് എന്നിവർ പ്രസംഗിച്ചു.

മഹിളാമോർച്ച തൃശൂർ സൗത്ത് ജില്ലാ നേതൃശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മഹിളാമോർച്ച തൃശൂർ സൗത്ത് ജില്ലാ സമിതിയുടെ നേതൃശില്പശാല ഇരിങ്ങാലക്കുട നമോഭവനിൽ വച്ച് സംഘടിപ്പിച്ചു.

മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീജ സി. നായർ ഉദ്ഘാടനം ചെയ്തു.

സൗത്ത് ജില്ലാ പ്രസിഡൻ്റ് രശ്മി ബാബു അധ്യക്ഷത വഹിച്ചു.

മഹിളാമോർച്ച സംസ്ഥാന സെക്രട്ടറിയും സംസ്ഥാനപ്രഭാരിയുമായ തുഷാര ഷിബു ആശംസകൾ നേർന്നു.

ബിജെപി ജില്ലാ സെക്രട്ടറി രിമ പ്രകാശ് വിഷയാവതരണം നടത്തി.

യോഗത്തിൽ സൗത്ത് ജില്ലയിലെ 8 സംഘടനാ മണ്ഡലങ്ങളിൽ നിന്നുള്ള പാർട്ടിയുടെയും മഹിളാമോർച്ചയുടെയും മണ്ഡലം, ജില്ലാ, സംസ്ഥാന ഭാരവാഹികൾ പങ്കെടുത്തു.

സിപിഎം, കോൺഗ്രസ്സ് എന്നീ പാർട്ടികൾ വിട്ട് ബിജെപിയിലേക്ക് വന്ന മഹിളകളെ സംസ്ഥാന ജനറൽ സെക്രട്ടറി ഷാൾ അണിയിച്ച് സ്വീകരിച്ചു.

ജില്ലാതല ഔട്ട് റീച്ച് ഉദ്ഘാടനവും ശ്രീജ സി. നായർ നിർവഹിച്ചു.

മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സിന്ധു സതീഷ് സ്വാഗതവും ജനറൽ സെക്രട്ടറി സജിനി സന്തോഷ് നന്ദിയും പറഞ്ഞു.