ഇരിങ്ങാലക്കുട : നാദോപാസന സംഗീതസഭയുടെ 34-ാമത് വാർഷികാഘോഷവും നവരാത്രി സംഗീതോത്സവവും ഒക്ടോബർ 10 മുതൽ 12 വരെ അമ്മന്നൂർ ഗുരുകുലത്തിൽ നടക്കും.
ഒക്ടോബർ 10ന് വൈകീട്ട് 5 മണിക്ക് സംഗീത സംവിധായകൻ പാലക്കാട് കെ.എൽ. ശ്രീറാം, സംഗീതജ്ഞ ഡോ. ജി. ബേബി ശ്രീറാം എന്നിവർ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും.
നാദോപാസന രക്ഷാധികാരി ഡോ. സി.കെ. രവി അധ്യക്ഷത വഹിക്കും.
കോട്ടക്കൽ പി.എസ്.വി. നാട്യസംഘം മുൻ സെക്രട്ടറി ഡോ. സന്തോഷ് അകവൂർ മുഖ്യാതിഥിയായിരിക്കും.
നാദോപാസനയുടെ അധ്യക്ഷ സോണിയ ഗിരി ആമുഖപ്രഭാഷണം നടത്തും.
തുടർന്ന് ഭരത് നാരായൺ (ചെന്നൈ) അവതരിപ്പിക്കുന്ന കർണാടക സംഗീത കച്ചേരി അരങ്ങേറും.
ഒക്ടോബർ 11ന് വൈകീട്ട് 5 മണിക്ക് ഭദ്ര വാര്യർ, ലക്ഷ്മി വാര്യർ എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന സംഗീതാർച്ചനയും, തുടർന്ന് 6.30ന് ആദിത്യദേവ് വി. പുന്നയൂർക്കുളവും സംഘവും അവതരിപ്പിക്കുന്ന സംഗീത കച്ചേരിയും അരങ്ങേറും.
ഒക്ടോബർ 12ന് വൈകീട്ട് 5 മണിക്ക് ഗായത്രി പി. പ്രസാദ് വായ്പാട്ട്, കീബോർഡ്, കൊന്നക്കോൽ, ഇടയ്ക്ക, മൃദംഗം, ഘടം എന്നിവയുമായി “സ്പെഷ്യൽ കർണാടക സംഗീത കച്ചേരി” അവതരിപ്പിക്കും.
തുടർന്ന് 6.30ന് ശ്രീജിത്ത് ജി. കമ്മത്ത് (പുല്ലാങ്കുഴൽ), സായ് പ്രസാദ് പാലക്കാട്, മാധവ് ഗോപി ആലുവ (വയലിൻ), വൈക്കം പ്രസാദ്, തുറവൂർ സുശീൽ (മൃദംഗം) എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന “നാദലയ സംഗമ”വും അരങ്ങേറും.
സ്വാതി തിരുനാൾ സംഗീത സഭ(ഷാർലറ്റ്, യുഎസ്.എ)യുമായി ചേർന്ന് സംഘടിപ്പിക്കുന്ന “ശ്രീ സ്വാതിതിരുനാൾ അഖിലേന്ത്യാ സംഗീത മത്സരം” നാദോപാസന പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരത്തിന്റെ തിയ്യതി പിന്നീട് അറിയിക്കും.














