നിര്യാതയായി

ആമിന

ഇരിങ്ങാലക്കുട : കോണത്തുകുന്ന് മുടവൻകാട്ടിൽ പരേതനായ കോയ ഭാര്യ ആമിന നിര്യാതയായി.

ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8 മണിക്ക് കരൂപ്പടന്ന മഹല്ല് ഖബറിസ്ഥാനിൽ.

മക്കൾ : സലീം, അബ്ദുൽ അസീസ്, ബഷീർ, ഷൈലാബി, നൗഷാദ്, സിയാദ്, ഷമീർ, ഫൈസൽ

മരുമക്കൾ : റഫീഖ, റംല, മിസ്‌രിയ, ഷാജഹാൻ, ബുഷ്റ, ഷക്കീല, അനീറ, ജാസ്മിൻ

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്കെതിരെ ഉണ്ടായ ആക്രമണം : മെട്രോ ആശുപത്രിയിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോ. വിപിൻ ആക്രമണത്തിന് ഇരയായതിനെതിരെ ഐ.എം.എ.യുടെ ആഹ്വാനപ്രകാരം മെട്രൊ ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും പ്രതിഷേധയോഗം സംഘടിപ്പിച്ചു.

ഐഎംഎ ഇമേജ് ജില്ലാ കോർഡിനേറ്റർ ഡോ. ഹരീന്ദ്രനാഥ്, ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ. എം.ആർ. രാജീവ്, ഡോ. ഉഷാകുമാരി, മാനേജർ മുരളിദത്തൻ, പ്രേമ അജിത്കുമാർ, അൽഫോൺസ ഷാജൻ എന്നിവർ പ്രസംഗിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം : ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി പിടിയിൽ

ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി കണ്ടംകുളത്തി വീട്ടിൽ അലൻ കെ. ലാൽസൺ (18) എന്ന യുവാവിനെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.

ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ കെ.ജെ. ജിനേഷ്, എസ്ഐ എം.ആർ. കൃഷ്ണപ്രസാദ്, ഗ്രേഡ് എഎസ്ഐ എൻ.സി. സ്വപ്ന, ഗ്രേഡ് സീനിയർ സിപി ഓമാരായ എം.ആർ. രഞ്ജിത്ത്, എം.ആർ. കൃഷ്ണദാസ്, ദേവേഷ്, ഡ്രൈവർ സിപിഒ എം.ആർ. അഖിൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

അധ്യാപകരുടെ ജോലി സുരക്ഷയും ആനുകൂല്യങ്ങളും തടസപ്പെടുത്തുന്ന നിലപാടിൽ നിന്ന് സർക്കാർ പിന്മാറണം : എൻ.ടി.യു.

ഇരിങ്ങാലക്കുട : അധ്യാപകരുടെ ജോലി സുരക്ഷയും ആനുകൂല്യങ്ങളും തടസപ്പെടുത്തുന്ന നിലപാടിൽ നിന്ന് സർക്കാർ പിന്മാറണം എന്ന മുദ്രാവാക്യവുമായി ദേശീയ അധ്യാപക പരിഷത്ത് ഇരിങ്ങാലക്കുട ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ എൻ.ടി.യു. ജില്ലാ പ്രസിഡന്റ് എം.കെ. പ്രസാദ് ഉദ്ഘാടനം ചെയ്തു.

അധ്യാപകരെ ശത്രുതാ മനോഭാവത്തോടെ കാണുകയും ദീർഘകാലമായി ലഭിച്ചു കൊണ്ടിരുന്ന സർവീസ് ആനുകൂല്യങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളിൽ നിന്നും വിദ്യാഭ്യാസ വകുപ്പ് പിന്മാറുക, കെ-ടെറ്റ് വിധിക്കെതിരെ കേരള സർക്കാർ റിവ്യൂ ഹർജി നൽകുക, ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് എൻ.എസ്.എസ്. നേടിയ സുപ്രീംകോടതി വിധി എല്ലാവർക്കും ബാധകമാക്കുക, 2015ന് ശേഷമുള്ള അധ്യാപകർക്ക് ജോലി സംരക്ഷണം നൽകുക എന്നീ ആവശ്യങ്ങളാണ് ധർണ്ണയിൽ ഉന്നയിച്ചത്.

ഇരിങ്ങാലക്കുട ഉപജില്ല പ്രഭാരി ശ്യാം പ്രസാദ് അധ്യക്ഷത വഹിച്ചു.

ജില്ലാസമിതിയംഗം ജി. സതീഷ്, ചാലക്കുടി ഉപജില്ലാ സെക്രട്ടറി രേവതി എന്നിവർ ആശംസകൾ നേർന്നു.

ഉപജില്ലാ സെക്രട്ടറി സി.ജി. അനൂപ് സ്വാഗതവും ഇരിങ്ങാലക്കുട മുൻ പ്രസിഡന്റ് വിനോദ് വാര്യർ നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിൽ വെള്ളിയാഴ്ച്ച ഡാക് ചൗപ്പാൽ : ആധാർ സേവനങ്ങളും ലഭ്യം

ഇരിങ്ങാലക്കുട : തപാൽ വാരാഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിനു സമീപമുള്ള ഹെഡ് പോസ്റ്റ് ഓഫീസിൽ ഒക്ടോബർ 10ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ഡാക് ചൗപ്പാൽ സംഘടിപ്പിക്കും.

ഇതിൻ്റെ ഭാഗമായി ഇവിടെ ഒക്ടോബർ 10ന് വൈകുന്നേരം വരെ ആധാർ സേവനങ്ങളും ആധാർ എൻറോൾമെന്റും അപ്ഡേഷനും നടത്താനുള്ള സൗകര്യം ഉണ്ടാകും.

എൻറോൾമെൻ്റ് സേവനം സൗജന്യമാണ്. ആധാർ അപ്ഡേഷന് ഫീസ് (ജൈവ/ ബയോമെട്രിക് – 125, ജനസംഖ്യ / ഡെമോഗ്രാഫിക് – 75) ഈടാക്കുന്നതാണ്.

ഉപഭോക്താക്കൾ നിലവിലുള്ള ആധാർ കാർഡ് / എൻറോൾമെന്റ് ഐഡി, വിലാസം, ജനന തീയ്യതി എന്നിവ തെളിയിക്കുന്ന രേഖകൾ കൊണ്ടു വരേണ്ടതാണ്.

ഈ പരിപാടിയുടെ ഭാഗമായി വിവിധ തപാൽ നിക്ഷേപ പദ്ധതികളുടെ ബോധവത്കരണ പരിപാടിയും ഉണ്ടാകും. താൽപര്യമുള്ളവർക്ക് അതേ ദിവസം തന്നെ അക്കൗണ്ടുകൾ തുറക്കാനും പോളിസികൾ വാങ്ങാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

വൻകുടലിന് ഗുരുതര രോഗം ബാധിച്ച കാട്ടൂർ സ്വദേശിയായ യുവാവ് ചികിത്സാസഹായം തേടുന്നു

ഇരിങ്ങാലക്കുട : വൻകുടലിന് ഗുരുതര അസുഖം ബാധിച്ച കാട്ടൂർ കരാഞ്ചിറ സ്വദേശിയായ യുവാവ് ചികിത്സാ സഹായം തേടുന്നു.

കരാഞ്ചിറ നന്തിലപാടം ഉന്നതിക്ക് സമീപം താമസിക്കുന്ന കര്യാടൻ വീട്ടിൽ 25 വയസ്സുള്ള അമൽ ജയപാലനാണ് ഉദാരമനസ്കരുടെ സഹായം തേടുന്നത്.

എറണാകുളത്ത് വെൽഡിങ്ങ് ജോലി ചെയ്തിരുന്ന അമൽ ഒന്നര വർഷം മുമ്പാണ് അസുഖ ബാധിതനാവുന്നത്. മെഡിക്കൽ കോളേജിലടക്കം വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും അസുഖം മാറിയിരുന്നില്ല. ഇപ്പോൾ അമല ഹോസ്പിറ്റലിൽ ചികിത്സയിലാണ്.

ഒരു വർഷത്തെ ചികിത്സയാണ് അമല ഹോസ്പിറ്റലിലെ ഡോക്ടർമാർ നിർദ്ദേശിച്ചിരുക്കുന്നത്. ഒരു വർഷത്തെ ചികിത്സയ്ക്ക് ഏകദേശം അഞ്ച് ലക്ഷം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. കൂലിപ്പണിക്ക് പോകുന്ന അമലിൻ്റെ പിതാവ് ജയപാലനാണ് കുടുംബത്തിൻ്റെ ഏക വരുമാന മാർഗം. തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന അമ്മ ശാരദയ്ക്ക് അമലിന് അസുഖം ബാധിച്ചതോടെ ജോലി ഉപേക്ഷിക്കേണ്ടി വന്നു.

നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സഹായത്തോടെ അമലിനെ സഹായിക്കുന്നതിനായി ചികിത്സാ സമിതി രൂപികരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതിനായി സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ കരാഞ്ചിറ ബ്രാഞ്ചിൽ അമലിൻ്റെയും അമ്മയുടെയും പേരിൽ ജോയിൻ്റ് അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.

അമൽ ജയപാലൻ & ശാരദ ജയപാലൻ
അക്കൗണ്ട് നമ്പർ : 0102053000044304
IFSC code. SIBL0000102
GPAY : 7902263627

കത്തോലിക്ക കോൺഗ്രസ് അവകാശ സംരക്ഷണ യാത്രയ്ക്ക് 18ന് ഇരിങ്ങാലക്കുടയിൽ സ്വീകരണം : സ്വാഗതസംഘം രൂപീകരിച്ചു

ഇരിങ്ങാലക്കുട : കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. രാജിവ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തിൽ “നീതി ഔദാര്യമല്ല അവകാശമാണ്” എന്ന മുദ്രാവാക്യം ഉയർത്തി ഒക്ടോബർ 13ന് കാസർകോഡ് നിന്ന് ആരംഭിച്ച് 24ന് തിരുവനന്തപുരത്ത് സമാപിക്കുന്ന സംസ്ഥാന ജാഥക്ക് ഒക്ടോബർ 18ന് രാവിലെ 9 മണിക്ക് ആൽത്തറക്കൽ വെച്ച് ഇരിങ്ങാലക്കുട രൂപത കത്തോലിക്ക കോൺഗ്രസ് സ്വീകരണം നൽകും.

അവകാശ സംരക്ഷണ യാത്രയുടെ സ്വീകരണ പരിപാടിയുടെ ഭാഗമായി നടത്തിയ സ്വാഗതസംഘം രൂപീകരണയോഗം കത്തീഡ്രൽ വികാരി റവ. ഡോ. ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു.

രൂപത ചെയർമാൻ ഡേവിസ് ഊക്കൻ അധ്യക്ഷത വഹിച്ചു.

എ.കെ.സി.സി. രൂപത ഡയറക്ടർ ഫാ. ലിജു മഞ്ഞപ്രക്കാരൻ ആമുഖപ്രസംഗം നടത്തി.

രൂപത ജനറൽ സെക്രട്ടറി ഡേവിസ് തുളുവത്ത്, ട്രഷറർ ആന്റണി എൽ. തൊമ്മാന, ഗ്ലോബൽ സെക്രട്ടറി പത്രോസ് വടക്കുഞ്ചേരി, ജനറൽ കൺവീനർ ടെൽസൺ കോട്ടോളി, ജോ. കൺവീനർമാരായ ജോസഫ് തെക്കുടൻ, സാബു കൂനൻ, വിൽസൺ മേച്ചേരി, കത്തീഡ്രൽ ട്രസ്റ്റിമാരായ പി.ടി. ജോർജ്ജ്, തോമസ് തൊകലത്ത് എന്നിവർ പ്രസംഗിച്ചു.

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് : ഒരു കോടി എട്ട് ലക്ഷത്തിലധികം രൂപ തട്ടിയ പ്രതിയെ മുംബൈ എയർപോർട്ടിൽ നിന്നും പിടികൂടി

ഇരിങ്ങാലക്കുട : കേരളത്തിൽ നിന്നുമുള്ള നിരവധി യുവാക്കളെ സ്വാധീനിച്ച് കമ്മീഷൻ നൽകി ബാങ്ക് അക്കൗണ്ടുകൾ എടുപ്പിക്കുകയും ഈ അക്കൗണ്ടുകൾ വഴി ഇന്ത്യയിൽ ആകമാനം നടക്കുന്ന സൈബർ കുറ്റകൃത്യങ്ങളിലൂടെ തട്ടിയെടുത്ത കോടിക്കണക്കിന് പണം എടിഎം കാർഡ്, ചെക്ക് എന്നിവ ഉപയോഗിച്ച് പിൻവലിക്കുകയും ഇത് ക്രിപ്റ്റോ കറൻസിയായി ചൈന, കംബോഡിയ, ദുബായ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കൈമാറ്റം ചെയ്യുകയും ചെയ്യുന്ന കേസിലെ പ്രധാന പ്രതിയായ കോഴിക്കോട് കരുവിശേരി മാളിക്കടവ് സ്വദേശി അജ്സൽ (24) എന്നയാളെ മുംബൈ എയർപോർട്ടിൽ നിന്നും പിടികൂടി.

റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള തൃശൂർ റൂറൽ സൈബർ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഓൺലൈൻ ട്രേഡിങ് തട്ടിപ്പിലൂടെ അജ്സൽ ഒരു കോടി എട്ട് ലക്ഷത്തിലധികം രൂപ തട്ടിയതായാണ് പ്രാഥമിക വിവരം.

വീട്ടിലെ ലൈബ്രറി പ്രഥമ കവിതാ പുരസ്കാരം നാസർ ഇബ്രാഹിമിന്

ഇരിങ്ങാലക്കുട : വീട്ടിലെ ലൈബ്രറി ഏർപ്പെടുത്തിയ പ്രഥമ കവിതാ പുരസ്കാരം പ്രഖ്യാപിച്ചു. ആലപ്പുഴയിൽ നിന്നുള്ള നാസർ ഇബ്രാഹിമിൻ്റെ “മഴയിൽ ഉണക്കി വെയിൽ നനച്ചെടുത്ത കീറും കുട്ടിക്കുപ്പായങ്ങൾ” എന്ന കൃതിക്കാണ് അവാർഡ്.

നാല്പതോളം കൃതികൾ സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നും മത്സരത്തിനായി വന്നിരുന്നു.

സ്പെഷ്യൽ ജൂറി പുരസ്കാരത്തിന് ഒമ്പത് കൃതികൾ തെരഞ്ഞെടുത്തതിൽ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായിരുന്ന പൂയപ്പിള്ളി തങ്കപ്പൻ്റെ കൃതിയും ഉൾപ്പെടുന്നുണ്ട്.

ജി. ശോഭ (ചേലക്കര), സി.ജി. മധു കാവുങ്കൽ (ആലപ്പുഴ), ബിന്ദു പ്രതാപ് (പാലക്കാട്), അഹം അശ്വതി (എറണാംകുളം), വി.വി. ശ്രീല (ഇരിങ്ങാലക്കുട), ഗീത എസ്. പടിയത്ത് (തൃശൂർ), രജിത അജിത് (തൃശൂർ) എന്നിവരുടെ കൃതികൾ കൂടാതെ കോഴിക്കോട് മെഡിക്കൽ കോളെജിലെ 28 നേഴ്സ് സ്റ്റാഫ് കൂട്ടായ്മയുടെ “തണൽ വഴികൾ” എന്ന കവിതാ സമാഹാരവും പ്രത്യേക പുരസ്കാരങ്ങൾ കരസ്ഥമാക്കി.

വീട്ടിലെ ലൈബ്രറിയുടെ ഫലകവും പ്രശസ്തിപത്രവുമാണ് അവാർഡ്.

കേരളത്തിലെ ആദ്യത്തെ വീട്ടിലെ ലൈബ്രറി കവിതാ സാഹിത്യ പുരസ്കാരമാണിത്.

പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ രാമൻ മാസ്റ്റർ, ഡോ. പി.ആർ. ഷഹന, എം.എ. ഉല്ലാസ്, പി.എൻ. സുനിൽ, ടി.എസ്. സജീവ്, വി.ജി. നിഷ തനീഷ്, നീതു ലക്ഷ്മി എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

നവംബർ 2ന് കാറളത്തെ വീട്ടിലെ ലൈബ്രറിയിൽ വെച്ച് വിപുലമായ പരിപാടികളോടെ അവാർഡ് സമർപ്പണം നടത്തുമെന്ന്
റഷീദ് കാറളം അറിയിച്ചു.

ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോത്സവത്തിന് തിരിതെളിഞ്ഞു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവത്തിന് തിരി തെളിഞ്ഞു.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുധ ദിലീപ് ഉദ്ഘാടനം ചെയ്തു.

എഇഒ എം.എസ്. രാജീവ് പതാക ഉയർത്തി.

പൂമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, പൂമംഗലം പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കത്രീന ജോർജ്ജ്, പഞ്ചായത്ത് മെമ്പർ ജൂലി ജോയ്, പൂമംഗലം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് പി. ഗോപിനാഥൻ, എച്ച്.എം. ഫോറം കൺവീനർമാരായ ടി.കെ. ലത, സിന്ധു മേനോൻ, ബി.വി.എം.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ ബിജു ആൻ്റണി, ജി.യു.പി.എസ്. വടക്കുംകര പി.ടി.എ. പ്രസിഡൻ്റ് എം.എ. രാധാകൃഷ്ണൻ, എച്ച്.സി.സി.എൽ.പി.എസ്. കൽപ്പറമ്പ് പി.ടി.എ. പ്രസിഡൻ്റ് വിക്ടർ കല്ലറക്കൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

ഇരിങ്ങാലക്കുട എഇഒ എം.എസ്. രാജീവ് സ്വാഗതവും ഉപജില്ല വികസന സമിതി കൺവീനർ ഡോ. എ.വി. രാജേഷ് നന്ദിയും പറഞ്ഞു.

1500ഓളം വരുന്ന വിദ്യാർഥികൾ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്രോത്സവത്തിൽ പങ്കെടുക്കും.