കൊരട്ടി പള്ളി തിരുനാൾ : ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം

ഇരിങ്ങാലക്കുട : ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്ന കൊരട്ടി മുത്തിയുടെ തിരുനാളിനോടനുബന്ധിച്ച് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

അങ്കമാലി – തൃശൂർ റൂട്ടിൽ ദേശീയപാത 544ൽ അടിപ്പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കൊരട്ടി മുതൽ മുരിങ്ങൂർ വരെയുള്ള ഭാഗങ്ങളിൽ ഗതാഗത തടസ്സവുമുണ്ട്.

അങ്കമാലി ഭാഗത്തു നിന്നും വരുന്ന ചെറുവാഹനങ്ങൾക്ക് പൊങ്ങം, മംഗലശ്ശേരി, തത്തമത്ത് കവല, മാമ്പ്ര, വാളൂർ പാടം, തീരദേശ റോഡ്, കാടുകുറ്റി, മുരിങ്ങൂർ വഴി ചാലക്കുടി ദേശീയപാത 544 ലേക്ക് പ്രവേശിക്കാവുന്നതാണ്.

എറണാകുളം ഭാഗത്തു നിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് അത്താണിയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ചെങ്ങമനാട്, കുറുമശ്ശേരി, പൂവ്വത്തുശ്ശേരി, അന്നമനട, അഷ്ടമിച്ചിറ, ആളൂർ വഴി കൊടകരയിൽ എത്തി ദേശീയപാത 544 ലേക്ക് പ്രവേശിക്കാവുന്നതാണ്.

തൃശൂർ ഭാഗത്തു നിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്ന പാസഞ്ചർ ബസുകൾ, ട്രാവലറുകൾ, ഫോർവീലർ വാഹനങ്ങൾക്ക് കൊടകര ഫ്ലൈ ഓവറിനു വടക്കു വശത്ത് നിന്നും സർവീസ് റോഡിലൂടെ കൊടകര ഫ്ലൈ ഓവറിനു അടിയിലൂടെ ആളൂർ ജംഗ്ഷനിലേക്കും, ആളൂർ ജംഗ്ഷനിൽ നിന്നും മാള വഴിയും, അല്ലെങ്കിൽ പോട്ടയിൽ നിന്നും തിരിഞ്ഞ് ആളൂർ എത്തി മാള വഴിയിലൂടെ അഷ്ടമിച്ചിറ, മാള, അന്നമനട, കുറുമശ്ശേരി വഴി അത്താണിയിൽ എത്തി ദേശീയപാത 544ലേക്കും പ്രവേശിക്കാവുന്നതാണ്.

തൃശൂർ ഭാഗത്തു നിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മുരിങ്ങൂർ ഡിവൈൻ ഫ്ലൈ ഓവർ കഴിഞ്ഞ ഉടൻ ഇടതു വശത്തേക്ക് തിരിഞ്ഞ് മേലൂർ, പാലിശ്ശേരി, മുന്നൂർപ്പള്ളി വഴി കറുകുറ്റിയിൽ എത്തി ദേശീയപാത 544ലേക്ക് പ്രവേശിക്കാവുന്നതാണ്.

ഈ ദിവസങ്ങളിൽ ​ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതിനാൽ എയർപോർട്ട് ഉൾപ്പെടെയുള്ള അത്യാവശ്യ സ്ഥലങ്ങളിലേക്ക് പോകേണ്ടവർ മതിയായ സമയത്തിനു മുൻപേ തന്നെ ഡൈവേർഷൻ റൂട്ടുകൾ ഉപയോഗപ്പെടുത്തി യാത്ര ചെയ്യേണ്ടതാണ്.

കൊരട്ടിപള്ളിപെരുന്നാളിനോടനുബന്ധിച്ച്വരുന്നവാഹനങ്ങൾക്ക്താഴെപറയുംപ്രകാരംഗതാഗതനിയന്ത്രണങ്ങൾഏർപ്പെടുത്തിയിട്ടുള്ളതാണ്

ചാലക്കുടി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കൊരട്ടി ജംഗ്ഷനിലെത്തി എം.എ.എം.എച്ച്.എസ്. സ്കൂൾ ഗ്രൗണ്ടിലോ മധുര കോട്‌സ് ഗ്രൗണ്ടിലോ പാർക്ക് ചെയ്ത ശേഷം കാൽനടയായി പള്ളിയിലേക്ക് പോകേണ്ടതാണ്.

അങ്കമാലി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കൊരട്ടി ജംഗ്ഷനിലെത്തി എം.എ.എം.എച്ച്.എസ്. സ്കൂൾ ഗ്രൗണ്ടിലോ മധുര കോട്‌സ് ഗ്രൗണ്ടിലോ പാർക്ക് ചെയ്ത ശേഷം കാൽനടയായി പള്ളിയിലേക്ക് പോകേണ്ടതാണ്.

ഹൈവേയിൽ ബ്ലോക്ക് ഉണ്ടാകുന്ന പക്ഷം ജെ.ടി.എസ്. ജംഗ്ഷനിൽ നിന്നും കോനൂർ വഴി എം.എ.എം.എച്ച്.എസ്. സ്കൂൾ ഗ്രൗണ്ടിലോ മധുര കോട്‌സ് ഗ്രൗണ്ടിലോ പാർക്ക് ചെയ്യാവുന്നതാണ്. കൂടാതെ അങ്കമാലി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പൊങ്ങം ചെറ്റാരിക്കൽ – വഴിച്ചാൽ വഴി വന്ന് ദേവമാത ആശുപത്രി പരിസരത്ത് വന്ന് പാർക്ക് ചെയ്യാവുന്നതാണ്.

അന്നമനട, കാടുകുറ്റി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കുലയിടം പത്തേക്കർ ഭാഗത്ത് പാർക്ക് ചെയ്ത ശേഷം കാൽനടയായി പള്ളിയിലേക്ക് പോകേണ്ടതാണ്.

ആറാംതുരുത്ത്, കുലയിടം ഭാഗം കൂടി കയറി വരുന്ന വാഹനങ്ങളും കുലയിടം മോട്ടോർ ഷെഡ് വഴി വരുന്ന വാഹനങ്ങളും കൊരട്ടി പള്ളിയുടെ തെക്കുഭാഗത്തുള്ള പുളിഞ്ചോട് ജംഗ്ഷൻ വരെ മാത്രമേ വാഹനഗതാഗതം അനുവദിക്കുകയുള്ളു.

മാമ്പ്ര, വെസ്റ്റ് കൊരട്ടി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ചെറ്റാരിക്കൽ- വഴിച്ചാൽ വഴി വന്ന് ദേവമാത ആശുപത്രി പരിസരത്ത് വന്ന് പാർക്ക് ചെയ്ത ശേഷം കാൽനടയായി പള്ളിയിലേക്ക് പോകേണ്ടതാണ്.

നാലുകെട്ട്, കോനൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ എം.എ.എം.എച്ച്.എസ്. സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്ത ശേഷം കാൽനടയായി പള്ളിയിലേക്ക് പോകേണ്ടതാണ്.

ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോത്സവം : ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാർ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോത്സവത്തിന് തിരശ്ശീല വീണപ്പോൾ 722 പോയിൻ്റോടുകൂടി ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

608 പോയിൻ്റോടു കൂടി ഇരിങ്ങാലക്കുട സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും 543 പോയിൻ്റോടു കൂടി ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

87 സ്കൂളുകൾ മാറ്റുരച്ച ശാസ്ത്രോത്സവത്തിൽ ഏകദേശം 3500ഓളം വിദ്യാർഥികൾ പങ്കെടുത്തു.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന ശാസ്ത്രോത്സവത്തിൻ്റെ സമാപന സമ്മേളനം കൽപ്പറമ്പ് ബി.വി.എം.എച്ച്.എസ്.എസിൽ വെച്ച് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

പൂമംഗലം പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.എ. സന്തോഷ് അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയഘോഷ് സമ്മാനദാനം നിർവഹിച്ചു.

കൽപ്പറമ്പ് ബി.വി.എം.എച്ച്.എസ്.എസ്. മാനേജർ ഫാ. പോളി കണ്ണൂക്കാടൻ, ഹെഡ്മിസ്ട്രസ് എ.ജെ. ജെൻസി, പിടിഎ പ്രസിഡൻ്റ് മേരി കവിത, പി.ടി.എ. വൈസ് പ്രസിഡൻ്റ് കെ.കെ. ഡേവിസ്, വടക്കുംകര ജി.യു.പി.എസ്. ഹെഡ്മിസ്ട്രസ്സ് പി.എസ്. ഷിനി, കൽപ്പറമ്പ് എച്ച്.സി.സി.എൽ.പി. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ പി.ഒ. സിൻസി എന്നിവർ ആശംസകൾ അർപ്പിച്ചു.

ജനറൽ കൺവീനർ ബിജു ആന്റണി സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ ആർ.വി. വർഷ നന്ദിയും പറഞ്ഞു.

പ്രസംഗ പ്രബന്ധ മത്സരങ്ങൾ നടത്തി

ഇരിങ്ങാലക്കുട : അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ പ്രസംഗ പ്രബന്ധ മത്സരങ്ങൾ സംഘടിപ്പിച്ചു.

മത്സരങ്ങളുടെ ഉദ്ഘാടനം മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി.കെ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സഹകരണ യൂണിയൻ ഇൻസ്ട്രക്ടർ രതി ആശംസകൾ നേർന്നു.

ഓഫീസ് ഇൻസ്പെക്ടർ ടി.ആർ. രാജേഷ് സ്വാഗതവും മുകുന്ദപുരം സർക്കിൾ സഹകരണ യുണിയൻ ഭരണസമിതി അംഗം പി.എസ്. വിശ്വംഭരൻ നന്ദിയും പറഞ്ഞു.

മുകുന്ദപുരം – ചാലക്കുടി താലൂക്കിലെ നിരവധി സ്കൂളുകളിൽ നിന്നായി 50 വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുത്തു.

വിജയികൾക്ക് നവംബറിൽ നടക്കുന്ന സഹകരണ വാരാഘോഷ വേദിയിൽ വെച്ച് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും.

38-ാമത് കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് അനുസ്മരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കഥകളി സംഗീതത്തിലാറാടിയ അന്തരീക്ഷത്തിൽ 38-ാമത് കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് അനുസ്മരണം വേറിട്ട അനുഭവമായി മാറി.

കുറുപ്പാശാന്റെ ഛായാചിത്രത്തിനുമുമ്പിൽ കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിയും പാലനാട് ദിവാകരനും ഭദ്രദീപം തെളിയിച്ച് സഭാവാസികൾ പുഷ്പാർച്ചന നടത്തി സമാരംഭം കുറിച്ച അനുസ്മരണ സംഗമത്തിൽ അനിയൻ മംഗലശ്ശേരി സ്വാഗതം പറഞ്ഞു.

കഥകളി സംഗീതത്തിന് ആദ്യമായി ചെന്നൈ മ്യൂസിക് അക്കാദമിയുടെ പുരസ്കാരം ലഭിച്ച ശതാഭിഷിക്തനായ മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിയെ അനുസ്മരണസമിതി അധ്യക്ഷൻ സി.പി. കൃഷ്ണൻ പൊന്നാട ചാർത്തി ആദരിച്ചു.

കേരളകലാമണ്ഡലം കഥകളി സംഗീത വിഭാഗത്തിൻ്റെ സഹകരണത്തോടെ കഥകളി സംഗീതാചാര്യൻ കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ആശാന്മയിൽ “നവരത്നപദമാലിക” എന്ന പേരിൽ കഥകളിയിലെ ചിട്ടപ്പെട്ട പദങ്ങളെ കോർത്തിണക്കിയ സംഗീതശില്പത്തോടെയാണ് ഉണ്ണികൃഷ്ണക്കുറുപ്പ് അനുസ്മരണത്തോടനുബന്ധിച്ചുള്ള “കഥകളി സംഗീതോത്സവം” ആരംഭിച്ചത്.

തുടർന്നു നടന്ന സംഗീതാർച്ചനയിൽ കഥകളി സംഗീതത്തിലെ മുതിർന്ന കലാകാരന്മാർ മുതൽ വിദ്യാർഥികൾ വരെയുള്ള നാല്പതിൽപരം കലാകാരന്മാർ പങ്കെടുത്തു. ഗായക സംഗമത്തിൽ കുചേലവൃത്തം കഥകളിയിലെ തെരഞ്ഞെടുത്ത പദങ്ങൾ ഗായകർ ഒത്തുചേർന്ന് ആലപിച്ചു.

“ഉണ്ണികൃഷ്ണക്കുറുപ്പും ആധുനിക സംഗീതവും” എന്ന വിഷയത്തെ അധികരിച്ച് പ്രമുഖ മാധ്യമപ്രവർത്തകൻ സി.കെ. ദിനേശ് പ്രഭാഷണം നടത്തി.

തുടർന്ന് അരങ്ങേറിയ “രുക്മിണീസ്വയംവരം” കഥകളിയിൽ കലാമണ്ഡലം സാജൻ രുക്മിണിയായും, കലാമണ്ഡലം ശ്രീകുമാർ സുന്ദരബ്രാഹ്മണനായും, കോട്ടയ്ക്കൽ സുധീർ ശ്രീകൃഷ്ണനായും വേഷമിട്ടു.

കോട്ടയ്ക്കൽ നാരായണൻ, അഭിജിത് വാര്യർ എന്നിവർ സംഗീതത്തിലും കോട്ടയ്ക്കൽ പ്രസാദ് ചെണ്ടയിലും കലാമണ്ഡലം വരവൂർ ഹരിദാസൻ മദ്ദളത്തിലും പശ്ചാത്തലമൊരുക്കി. കലാനിലയം ദേവദാസ് ചുട്ടികുത്തി. കലാമണ്ഡലം മനേഷ്, ഇരിങ്ങാലക്കുട നാരായണൻകുട്ടി എന്നിവരുടെ അണിയറ സഹായത്തോടെ ശ്രീ പാർവതി കലാകേന്ദ്രം, ഇരിങ്ങാലക്കുട ചമയമൊരുക്കി.

ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെപ്രദർശനങ്ങൾ മുന്നൂറിൽ എത്തുമ്പോൾ…..

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ വെള്ളിയാഴ്ച തോറുമുള്ള പ്രദർശനങ്ങൾ മൂന്നൂറിലേക്ക്

അടിയന്തരാവസ്ഥക്ക് ശേഷം 1976ൽ ആരംഭിച്ച് 1990 വരെ നീളുന്നതാണ് ഇരിങ്ങാലക്കുടയിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിൻ്റെ ആദ്യഘട്ടം. വിട പറഞ്ഞ ക്രൈസ്റ്റ് കോളേജ് അധ്യാപകൻ പ്രൊഫ എം കെ ചന്ദ്രൻ്റെ നേതൃത്വത്തിൽ പ്രഭാത് തീയേറ്റർ, ക്രൈസ്റ്റ് കോളേജ്, ബോയ്സ് ഹൈസ്കൂൾ തുടങ്ങി വിവിധ വേദികളിലായി ക്ലാസ്സിക്കുകൾ ഉൾപ്പെടെ 200 ഓളം ചലച്ചിത്രങ്ങൾ പ്രദർശിപ്പിച്ചതായിട്ടാണ് അന്നത്തെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിന്നവർ തരുന്ന സൂചനകൾ.

2017 ജൂൺ ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ ചേർന്ന മാധ്യമ പ്രവർത്തകരുടെയും ചലച്ചിത്ര ആസ്വാദകരുടെയും യോഗമാണ് ഇരിങ്ങാലക്കുടയിൽ ഫിലിം സൊസൈറ്റി പ്രസ്ഥാനം വീണ്ടും സജീവമാക്കാനുള്ള തീരുമാനമെടുത്തത്. 2017 ജൂലൈ 15 ന് ചേർന്ന യോഗം പ്രൊഫ എം കെ ചന്ദ്രൻ, പി കെ ഭരതൻ മാസ്റ്റർ എന്നിവർ രക്ഷാധികാരികളായി പതിനഞ്ച് അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. 2017 ജൂലൈ 18ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ വെള്ളിയാഴ്ച തോറുമുള്ള പ്രദർശനങ്ങൾ ആരംഭിച്ചു.

വിവിധ ഭാഷകളിലായി ദേശീയ, അന്തർദേശീയ അംഗീകാരങ്ങൾ ലഭിച്ചതും അന്തർദേശീയ ചലച്ചിത്രമേളകളിൽ ഇടം പിടിച്ചതുമായ 299 ചിത്രങ്ങളാണ് കഴിഞ്ഞ ഇതിനകം പ്രദർശിപ്പിച്ചിട്ടുള്ളത്. ചലച്ചിത്ര അക്കാദമി, തൃശൂർ ചലച്ചിത്രകേന്ദ്ര എന്നിവയുടെ സഹകരണത്തോടെ 2019 മാർച്ച് 16, 17, 18 തീയതികളിൽ മാസ് മൂവീസിൽ സംഘടിപ്പിച്ച ഇരിങ്ങാലക്കുട അന്താരാഷ്ട ചലച്ചിത്ര മേളയിൽ ആറ് ചിത്രങ്ങൾ പ്രദർശിപ്പിച്ചു.

2020, 2022, 2023 വർഷങ്ങളിൽ നടന്ന ചലച്ചിത്ര മേളയുടെ അടുത്ത പതിപ്പുകളിലായി മാസ് മൂവീസിലും ഓർമ്മ ഹാളിലുമായി പതിനഞ്ച് ചിത്രങ്ങൾ വീതമാണ് പ്രദർശിപ്പിച്ചത്. 2024 മാർച്ചിൽ നടത്തിയ അഞ്ചാമത് ഇരിങ്ങാലക്കുട അന്തർദേശീയ ചലച്ചിത്രമേളയുടെ ഭാഗമായി ഇതേ വേദികളിലായി 21 ചിത്രങ്ങൾ പ്രദർശിപ്പിച്ചു. 2025 മാർച്ച് 8 മുതൽ 16 വരെയുള്ള ഒൻപത് ദിവസങ്ങളിലായി ആറാമത് ചലച്ചിത്ര മേളയിൽ 24 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.

ലേഖനമൽസരം, നവാഗത സംവിധായകനുള്ള സി ആർ കേശവൻ വൈദ്യർ പുരസ്കാരം എന്നിവ ആറാമത് മേളയുടെ സവിശേഷതകളാണ്. ചിത്രങ്ങളുടെ സംവിധായകർ, സാങ്കേതിക വിദഗ്ധർ, നടീനടൻമാർ, നിർമ്മാതാക്കൾ എന്നിവർ മേളകളുടെ സാന്നിധ്യങ്ങളായി. സംവാദങ്ങൾക്ക് ശേഷം നടന്ന ചടങ്ങുകളിൽ ജനപ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ, കലാനിരൂപകർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ ഇവരെ ആദരിക്കുന്ന ചടങ്ങുകളിൽ പങ്കെടുത്തു.

ഫിലിം സൊസൈറ്റി മുൻകൈ എടുത്ത് സെക്സി ദുർഗ്ഗ, രാംദാസ് കടവല്ലൂരിൻ്റെ ഡോക്യുമെൻ്ററി Beyond Hatred and Power , We keep singing , ഒരു ജാതി പിള്ളേരിഷ്ടാ എന്നിവയുടെ പ്രദർശനങ്ങളും ചെമ്പകശേരി മൂവീസിലും മാസ് മൂവീസിലുമായി സംഘടിപ്പിച്ചിരുന്നു.

വാർഷിക യോഗങ്ങൾക്ക് പുറമേ മൃണാൾ സെൻ അനുസ്മരണം, ഇന്നസെൻ്റ് അനുസ്മരണം, മോഹൻ അനുസ്മരണം എന്നിവയും സംഘടിപ്പിച്ചിരുന്നു. സെൻ്റ് ജോസഫ്സ് കോളേജിൽ ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ ഇരിങ്ങാലക്കുടയിൽ ആദ്യത്തെ അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേള (ഋതു) 2024, 2025 വർഷങ്ങളിൽ അരങ്ങേറി.

പ്രളയഘട്ടത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 10000 രൂപയും കോവിഡ്, വയനാട് ദുരന്തം എന്നീ ഘട്ടങ്ങളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 25000 രൂപ വീതവും ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പ്രവർത്തകർ കൈമാറി. മുൻ എംഎൽഎ പ്രൊഫ കെ യു അരുണൻ , ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു എന്നിവരാണ് ഫണ്ടുകൾ എറ്റു വാങ്ങിയത്.

വെള്ളിയാഴ്ച തോറുമുള്ള പ്രദർശനങ്ങൾ 300 ലേക്ക് കടക്കുമ്പോൾ ആധുനിക സാങ്കേതിക സൗകര്യങ്ങളോടെ 2025 ആഗസ്റ്റ് 15 മുതൽ റോട്ടറി മിനി എസി ഹാളിലേക്ക് മാറ്റിയിട്ടുണ്ട്. പ്രവർത്തനങ്ങൾ വിപുലപ്പെടുത്താനും വിദ്യാർഥികളെയും യുവജനങ്ങളെയും സൊസൈറ്റിയുടെ കാഴ്ചകളിലേക്ക് എത്തിക്കാനുള്ള പദ്ധതികളും ഭാവി പരിപാടികളുടെ ആലോചനകളിലുണ്ട്.

സംസ്ഥാന സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ നേത്യത്വത്തിൽ നഗരസഭയുടെയും ഫിലിം സൊസൈറ്റിയുടെയും സഹകരണത്തോടെ സ്കൂൾ വിദ്യാർഥികൾക്കായി ലിറ്റിൽ ഫ്ലവർ സ്കൂളിൽ സംഘടിപ്പിച്ച ചലച്ചിത്രാസ്വാദന ശില്പശാലയിൽ 130 ഓളം പേർ പങ്കെടുത്തു.

പി കെ ഭരതൻ മാസ്റ്റർ (രക്ഷാധികാരി) മനീഷ് അരീക്കാട്ട് (പ്രസിഡണ്ട്), ടി ജി സിബിൻ ( വൈസ് പ്രസിഡണ്ട്), നവീൻ ഭഗീരഥൻ ( സെക്രട്ടറി) , ജോസ് മാമ്പിള്ളി ( ജോയിൻ്റ് സെക്രട്ടറി) , രാജീവ് മുല്ലപ്പിള്ളി (ട്രഷറർ), ടി ജി സച്ചിത്ത്, വി എസ് വസന്തൻ, എം എസ് ദാസൻ, എം ആർ സനോജ്, രാധാകൃഷ്ണൻ വെട്ടത്ത്, വർധനൻ പുളിക്കൽ, സുരേഷ് കോവിലകം, അൻവർ അലി, കെ വേണുഗോപാൽ, ബിനു ശാർങ്ഗധരൻ (ഭരണ സമിതി അംഗങ്ങൾ) എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

മൂന്നാറാമത്തെ ചിത്രമായി അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ ജോർജിയൻ ചിത്രം “ഏപ്രിൽ” ഒക്ടോബർ 10ന് പ്രദർശിപ്പിക്കും.

പാചക വാതക ക്ഷാമം പരിഹരിക്കണം : ഇരിങ്ങാലക്കുടയിലെ ഗ്യാസ് ഏജൻസിക്ക് മുൻപിൽ ഒറ്റയാൾ സമരവുമായി നഗരസഭാ കൗൺസിലർ ടി.കെ. ഷാജു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ ഗ്യാസ് ക്ഷാമം പരിഹരിക്കുക, ജോ ഏജൻസി നീതി പാലിക്കുക, സെയിൽസ് ഓഫീസറുടെ ഇരട്ടത്താപ്പ് അവസാനിപ്പിക്കുക, കരിഞ്ചന്ത പൂഴ്ത്തിവെപ്പ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇരിങ്ങാലക്കുടയിലെ ജോ ഗ്യാസ് ഏജൻസിക്ക് മുൻപിൽ ഒറ്റയാൾ സമരവുമായി കൗൺസിലർ ടി.കെ. ഷാജു.

പാചക വാതക വിതരണം കാര്യക്ഷമമല്ലാതായതോടെ ഓരോ വീട്ടുകാരും പ്രതിസന്ധിയിലാണെന്നും ഷാജു ചൂണ്ടിക്കാട്ടി.

സമരത്തെ തുടർന്നുള്ള ചർച്ചയിൽ നാളെ രാവിലെ എസ്.എൻ.ഡി.പി. പരിസരത്ത് ഗ്യാസ് വിതരണം ഉണ്ടാകുമെന്ന് ഏജൻസിക്കാർ അറിയിച്ചതായി ടി.കെ. ഷാജു പറഞ്ഞു.

കഴിഞ്ഞ മാസം ബുക്ക്‌ ചെയ്ത 50 പേർക്കുള്ള ഗ്യാസ് നാളെ വിതരണം ചെയ്യും. ആവശ്യക്കാർ കസ്റ്റമർ കാർഡും 830 രൂപയും കൊണ്ടു വരേണ്ടതാണെന്നും കൗൺസിലർ അറിയിച്ചു.

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളെജിൽ പുതിയ യൂണിയൻ ഭാരവാഹികൾ

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളെജിൽ പുതിയ യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ചെയർപേഴ്സൺ ആയി മൂന്നാം വർഷ ഇംഗ്ലീഷ്‌ ബിരുദ വിദ്യാർഥിനി എ. അഫ്‌ല സിമിൻ തെരഞ്ഞെടുക്കപ്പെട്ടു.

വൈസ് ചെയർപേഴ്സണായി മൂന്നാം വർഷ മാത്‍സ് വിദ്യാർഥിനി അഞ്ജന ഷാജു, ജനറൽ സെക്രട്ടറിയായി ബി.എസ്.ഡബ്ല്യൂ വിദ്യാർഥിനി ദേവിക എൻ. നമ്പൂതിരി, ജോയിന്റ് സെക്രട്ടറിയായി ബിബിഎ വിദ്യാർഥിനി എ.ജെ. അമൃത, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരായി രണ്ടാം വർഷ ബോട്ടണി ബിരുദ വിദ്യാർഥിനി സി.യു. അരുണിമ, രണ്ടാം വർഷ ഇംഗ്ലീഷ്‌ ബിരുദ വിദ്യാർഥിനി രഞ്ജന അനിൽകുമാർ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

രണ്ടാം വർഷ ബിരുദ വിദ്യാർഥിനി റേച്ചൽ റോസ് ആണ് ഫൈൻ ആർട്സ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.

മാഗസിൻ എഡിറ്ററായി ഒന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർഥിനി സന സാബു തട്ടിലും ജനറൽ ക്യാപ്റ്റനായി മൂന്നാം വർഷ സൈക്കോളജി വിദ്യാർഥിനി അനുപം കൃഷ്ണയും വിജയിച്ചു.

വിജയികളെ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സി അഭിനന്ദിച്ചു.

ഇരിങ്ങാലക്കുട സേവാഭാരതി ഓഫീസിൽ ശനിയാഴ്ച സൗജന്യ കാൻസർ നിർണയ ക്യാമ്പ്

ഇരിങ്ങാലക്കുട : സേവാഭാരതി, റീജിയണൽ കാൻസർ സെന്റർ തിരുവനന്തപുരം, ട്രിനിറ്റി ട്രാവൽസ് മുംബൈ, കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ കാൻസർ നിർണയ ക്യാമ്പ് ശനിയാഴ്ച (ഒക്ടോബർ 11) രാവിലെ 9.30 മുതൽ ഇരിങ്ങാലക്കുട സേവാഭാരതി ഓഫീസിൽ വച്ച് സംഘടിപ്പിക്കും.

ഇരിങ്ങാലക്കുട നഗരസഭയെ കാൻസർ വിമുക്തമാക്കുക എന്ന മഹത്തായ ലക്ഷ്യവുമായി സംഘടിപ്പിക്കുന്ന ക്യാമ്പിൽ തിരുവനന്തപുരം ആർസിസിയിലെ വിദഗ്ധ ഡോക്ടർമാരും വിദഗ്ധസംഘവുമാണ് കാൻസർ നിർണയം നടത്തുന്നത്.

സേവാഭാരതി പ്രസിഡൻ്റ് നളിൻ ബാബു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കൊമ്പൊടിഞ്ഞാമക്കൽ ലയൺസ് ക്ലബ്‌ കോർഡിനേറ്റർ ജോൺസൺ കോലാങ്കണ്ണി ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കും.

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിലേക്കുള്ള പ്രവേശനം തടയൽ : ജനങ്ങളെ ബുദ്ധിമുട്ടിക്കലല്ല, സൗകര്യമൊരുക്കലാണ് വേണ്ടത് : മന്ത്രി ഡോ. ബിന്ദു

ഇരിങ്ങാലക്കുട : കല്ലേറ്റുംകരയിലുള്ള ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനം ഗേറ്റ് സ്ഥാപിച്ച് തടഞ്ഞ നടപടി അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് മന്ത്രി ഡോ ആർ ബിന്ദു റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടു.

പൊതുജനങ്ങൾക്കുള്ള സൗകര്യങ്ങൾ ആവശ്യാനുസരണം ഒരുക്കുന്നതിനു പകരം ഉപദ്രവകരമായ നടപടികളെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങൾ സ്ഥാപിക്കുക, നിർത്തിയ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കുക, ആവശ്യപ്പെട്ട പുതിയ സ്റ്റോപ്പുകൾ അനുവദിക്കുക, ഇരിങ്ങാലക്കുടയെ ജില്ലയിലെ രണ്ടാമത്തെ മുഖ്യ സ്റ്റേഷനാക്കി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയുള്ള വലിയ ജനകീയ പ്രക്ഷോഭങ്ങളാണ് റെയിൽവേയ്ക്കെതിരെ ഉയർന്നു തുടങ്ങിയിട്ടുള്ളത്. ഇവയ്ക്ക് തെല്ലും വില കൽപ്പിക്കാതെ ജനകീയ ആവശ്യങ്ങളെ അവഗണിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന സമീപനമാണ് പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനം ഗേറ്റ് സ്ഥാപിച്ച് തടഞ്ഞ നടപടിയിൽ ഉള്ളത്. ജനവിരുദ്ധ നടപടികളല്ല ജനകീയാവശ്യങ്ങൾ അംഗീകരിക്കലാണ് ഉണ്ടാവേണ്ടത്. ജനകീയ ആവശ്യങ്ങൾ നിരന്തരമായി ഉന്നയിച്ചു കൊണ്ടിരിക്കുന്ന ജനപ്രതിനിധിയെന്ന നിലയ്ക്ക് ഈ പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ എക്കാലത്തും താനുണ്ടാകുമെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

കാട്ടൂർ ലക്ഷ്മി കൊലക്കേസ് : പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും 3 ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു

ഇരിങ്ങാലക്കുട : കാട്ടൂർകടവ് നന്താനത്തുപറമ്പിൽ ഹരീഷിൻ്റെ ഭാര്യ ലക്ഷ്മി(43)യെ തോട്ടയെറിഞ്ഞു വീഴ്ത്തി വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കാട്ടൂർകടവ് നന്തിലത്തു പറമ്പിൽ വീട്ടിൽ ദർശൻ കുമാർ (35), കരാഞ്ചിറ ചെമ്പാപ്പുള്ളി വീട്ടിൽ നിഖിൽ ദാസ് (35), ഒളരി നങ്ങേലി വീട്ടിൽ ശരത്ത് (36), ചൊവ്വൂർ പാറക്കോവിൽ കള്ളിയത്ത് വീട്ടിൽ രാകേഷ് (32) എന്നിവരെ കുറ്റക്കാരെന്ന് കണ്ട് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് എൻ. വിനോദ് കുമാർ ജീവപര്യന്തം കഠിന തടവിനും 1 ലക്ഷം രൂപ വീതം പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാത്ത പക്ഷം 1 വർഷം അധിക തടവിനും ഐപിസി 308 വകുപ്പ് പ്രകാരം 3 വർഷം കഠിന തടവിനും സെക്ഷൻ 3 (എ) എക്സ്പ്ലോസീവ് ആക്ട് പ്രകാരം 10 വർഷം കഠിന തടവിനും 1 ലക്ഷം രൂപ വീതം പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാത്ത പക്ഷം 6 മാസം അധിക കഠിന തടവിനും സെക്ഷൻ 27 ഓഫ് ആംസ് ആക്ട് പ്രകാരം 5 വർഷം കഠിന തടവിനും 1 ലക്ഷം രൂപ വീതം പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാത്ത പക്ഷം 6 മാസം അധിക കഠിന തടവിനും ശിക്ഷ വിധിച്ചു.

പിഴ തുകയിൽ നിന്ന് 2 ലക്ഷം രൂപ കൊല്ലപ്പെട്ട ലക്ഷ്‌മിയുടെ ഭർത്താവിനും മക്കൾക്കും നഷ്ടപരിഹാരമായി നൽകുന്നതിനും കോടതി ഉത്തരവായി.

കാട്ടൂർ പൊലീസ് സ്റ്റേഷനിൽ ഗുണ്ടാ ലിസ്റ്റിലുള്ളയാളാണ് കൊല്ലപ്പെട്ട ലക്ഷ്മിയുടെ ഭർത്താവ് ഹരീഷ്. 2021 ഫെബ്രുവരി 14ന് രാത്രി 10.30ഓടെയാണ് ലക്ഷ്മി കൊല്ലപ്പെട്ടത്.

ദർശൻകുമാർ കാട്ടൂർ സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ പേരുള്ളയാളും കാട്ടൂർ, അന്തിക്കാട്, വലപ്പാട്, ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധികളിലായി രണ്ട് വധശ്രമക്കേസുകളിൽ ഉൾപ്പെടെ പതിനഞ്ച് ക്രമിനൽക്കേസുകളിലെ പ്രതിയുമാണ്.

രാകേഷ് ചേർപ്പ് സ്റ്റേഷൻ പരിധിയിലെ റൗഡി ലിസ്റ്റിൽ പേരുള്ളയാളും കൊലപാതകം ഉൾപ്പെടെ ഏഴ് ക്രിമിനൽക്കേസുകളിലെ പ്രതിയുമാണ്.

ഇൻസ്പെക്ടർമാരായ വി.വി. അനിൽകുമാർ, അനീഷ് കരീം, ടി.വി. ഷിബു, സി.ബി. അരുൺ, പി. ജ്യോതീന്ദ്രകുമാർ, എസ്.ഐ.മാരായ ആർ. രാജേഷ്, കെ. സുഹൈൽ, ജസ്റ്റിൻ, രഞ്ജിത്ത്, ജിനുമോൻ തച്ചേത്ത്, എ.എസ്.ഐ. പി. ജയകൃഷ്ണ‌ൻ, സീനിയർ സി.പി.ഒ.മാരായ പ്രസാദ്, ഇ.എസ്. ജീവൻ, കെ.എസ്. ഉമേഷ്, കെ.വി. ഫെബിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

ഇൻസ്പെക്ടർ വി.വി. അനിൽകുമാർ ആണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 59 സാക്ഷികളെ വിസ്തരിക്കുകയും 39 തൊണ്ടി മുതലുകളും 176 രേഖകളും മാർക്ക് ചെയ്യുകയും ചെയ്തു.

പ്രതിഭാഗത്തു നിന്നും 3 സാക്ഷികളെ വിസ്തരിക്കുകയും 5 രേഖകൾ മാർക്ക് ചെയ്യുകയും ചെയ്തു.

പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോജി ജോർജ്ജ്, മുൻ പ്രോസിക്യൂട്ടർ ആയിരുന്ന അഡ്വ. പി.ജെ. ജോബി, അഡ്വ. എബിൽ ഗോപുരൻ, അഡ്വ. പി.എസ്. സൗമ്യ എന്നിവർ ഹാജരായി.

ലെയ്‌സൺ ഓഫീസർ സിപിഒ കെ.വി. വിനീഷ് പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.