സെറാജം ലൈഫ് ടെക് ഹെൽത്ത്‌ കെയറിൽ തീപിടുത്തം : ഒന്നര ലക്ഷം രൂപയുടെ നഷ്ടം

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി സിവിൽ സ്റ്റേഷനടുത്ത് പ്രവർത്തിക്കുന്ന സെറാജം ലൈഫ് ടെക് ഹെൽത്ത്‌ കെയർ എന്ന സ്ഥാപനത്തിൽ തീപിടുത്തം. അഗ്നിരക്ഷാ സേനാംഗങ്ങളെത്തി തീ പൂർണ്ണമായും അണച്ചു.

രാവിലെ 6.30ഓടെ പുക ഉയരുന്നതായി കണ്ട നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് ഇരിങ്ങാലക്കുട അഗ്നി രക്ഷാസേനാംഗങ്ങൾ സംഭവസ്ഥലത്ത് എത്തിയത്.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം.എൻ. സുധന്റെ നേതൃത്വത്തിൽ സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ എം.ആർ. അരുൺ മോഹൻ, ഡ്രൈവർ കെ.കെ. രാധാകൃഷ്ണൻ, ഓഫീസർമാരായ കെ.സി. ദിലീപ്, എ.വി. കൃഷ്ണരാജ്, ഉല്ലാസ് എം. ഉണ്ണികൃഷ്ണൻ, കെ.എസ്. സജിത്ത് എന്നിവർ ചേർന്നാണ് തീ അണച്ചത്.

കാട്ടുങ്ങച്ചിറ സ്വദേശി സാജിതയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.

കെട്ടിടത്തിലെ ഒന്നാം നിലയിലാണ് സെറാജം ലൈഫ് ടെക് ഹെൽത്ത്‌ കെയർ സ്ഥാപനം പ്രവർത്തിക്കുന്നത്.

സാധനങ്ങൾ സ്റ്റോക്ക് ചെയ്തിരുന്ന മുറിയിൽ ഷോർട്ട് സർക്യൂട്ട് മൂലം തീ പിടിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.

ഉദ്ദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കപ്പെടുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.

ഐ ബെൽറ്റ് കോയിൽ, ഫാൻ, ടിവി, പ്യൂരിഫയർ ഫിൽട്ടറുകൾ, മെഷീൻ പാർട്സ്, അക്കൗണ്ട് ഡോക്യുമെൻ്റ്സ്, വയറിങ്, ടൈൽസ്, ഭിത്തി എന്നിവ മൊത്തം കത്തി നശിച്ചു.

കെ.വി. ചന്ദ്രൻ സ്മാരക പ്രഥമ “ചന്ദ്രപ്രഭ” പുരസ്കാരം പള്ളം ചന്ദ്രന്

ഇരിങ്ങാലക്കുട : കഥകളി രംഗത്തെ നിസ്തുലമായ പ്രവർത്തനങ്ങൾ, കൂത്ത്, കൂടിയാട്ടം തുടങ്ങിയ മറ്റ് രംഗകലകളുടെ പ്രചാരത്തിന് നടത്തിയ പ്രയത്നങ്ങൾ, കഥകളിയെ കുറിച്ച് വിജ്ഞാന പ്രദമായ ഗ്രന്ഥങ്ങളുടെ രചന തുടങ്ങി കലകളേയും, കലാകാരന്മാരേയും സമൂഹവുമായി ബന്ധിപ്പിക്കുന്നതിനുതകുന്ന അശ്രാന്ത പരിശ്രമങ്ങൾ പരിഗണിച്ച് “ചന്ദ്രപ്രഭ” പുരസ്കാരം പള്ളം ചന്ദ്രനെന്ന ടി എസ് ചന്ദ്രശേഖരൻ പിള്ളക്ക് നൽകുമെന്ന് ഡോ
കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് പ്രസിഡണ്ട് രമേശൻ നമ്പീശൻ, സെക്രട്ടറി രാജേഷ് തമ്പാൻ എന്നിവർ അറിയിച്ചു.

കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ ടി കെ നാരായണൻ (ചെയർമാൻ), പദ്മശ്രീ പെരുവനം കുട്ടൻമാരാർ (മുഖ്യ ഉപദേഷ്ടാവ്), ഡോ നാരായണൻ പിഷാരടി, അനിയൻ മംഗലശ്ശേരി, രമേശൻ നമ്പീശൻ, അഡ്വ രാജേഷ് തമ്പാൻ, ടി നന്ദകുമാർ എന്നിവരടങ്ങുന്ന പുരസ്കാര നിർണ്ണയ സമിതിയാണ് ഏകകണ്ഠമായി പള്ളം ചന്ദ്രൻ്റെ പേര് നിർദ്ദേശിച്ചത്.

പതിനയ്യായിരം രൂപയും, ഫലകവും, കീർത്തി പത്രവും, അംഗവസ്ത്രവും അടങ്ങുന്നതാണ് പുരസ്കാരം.

ഏഴര പതിറ്റാണ്ടിലേറെയായി കഥകളി രംഗത്ത് കാലദേശശൈലീ ഭേദമെന്യേ സർവ്വരും ആദരിക്കുന്ന പള്ളം ചന്ദ്രൻ മദ്ധ്യ തിരുവിതാംകൂറിലെ സാംസ്കാരിക രംഗത്ത്
നവതി പിന്നിട്ട വേളയിലും സജീവ സാന്നിദ്ധ്യമായി നിറഞ്ഞു നിൽക്കുന്നു. കോട്ടയം “കളിയരങ്ങ്” എന്ന കലാസ്ഥാപനത്തിന്റെ സ്ഥാപക സെക്രട്ടറിയായി നാലര പതിറ്റാണ്ടിലേറെ കാലമായി പ്രവർത്തിക്കുന്ന അദ്ദേഹം ഇപ്പോഴും അതിൻ്റെ പ്രവർത്തക സമിതിയിൽ തുടരുന്നു.

കേരള കലാമണ്ഡലത്തിൻ്റെ എം കെ കെ നായർ സ്മാരക സമഗ്ര സംഭാവനാ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കഥകളി കലാകാരനായിരുന്ന പള്ളം മാതുപിള്ളയുടെ ചെറുമകനാണ്.

ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിൻ്റെ ആരംഭകാലം മുതൽക്കേ സർവ്വസ്വമായി വർത്തിച്ച്, സമൂഹത്തിൻ്റെ എല്ലാ തുറയിലും സമർപ്പിത ജീവിതത്തിൻ്റെ നേർ സാക്ഷ്യമായിരുന്ന കെ വി ചന്ദ്രൻ്റെ സ്മരണ നിത്യദീപ്തമായി നിലനിർത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് കഥകളി ക്ലബ്ബ് ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

2022ലെ മഹാനവമി ദിവസമാണ് കെ വി ചന്ദ്രൻ വാരിയർ ഇഹലോകവാസം വെടിഞ്ഞത്. എല്ലാ വർഷവും മഹാനവമി ദിവസം പുരസ്കാരം പ്രഖ്യാപിക്കുകയും, ക്ലബ്ബിൻ്റെ വാർഷിക ദിനത്തിൽ സമർപ്പിക്കുകയും ചെയ്യുക എന്നതാണ് ക്ലബ്ബിൻ്റെ നയം.

2026 ജനുവരി 24, 25, 26 തിയ്യതികളിലായി നടക്കുന്ന ക്ലബ്ബിൻ്റെ 51-ാമത് വാർഷികാഘോഷ ചടങ്ങിൽ വെച്ചായിരിക്കും പുരസ്കാര സമർപ്പണം.

ഭാരതീയ വിദ്യാഭവനിൽ നവരാത്രി ആഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : അറിവിന്റെയും ഹൃദയശുദ്ധിയുടെയും സ്ത്രീശക്തിയുടെയും പ്രാധാന്യം വിളിച്ചോതി ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ നവരാത്രി ആഘോഷം സംഘടിപ്പിച്ചു.

ചെയർമാൻ ടി. അപ്പുക്കുട്ടൻ നായർ ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർമാൻ സി. നന്ദകുമാർ, സെക്രട്ടറി രാജൻ മേനോൻ, മാനേജ്മെന്റ് കമ്മിറ്റി അംഗം ശോഭ ശിവാനന്ദരാജൻ, പ്രിൻസിപ്പൽ ബിജു ഗീവർഗ്ഗീസ്, വൈസ് പ്രിൻസിപ്പൽ സുജാത രാമനാഥൻ, പി.ടി.എ. ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.

തുടർന്ന് രക്ഷിതാക്കൾ, വിദ്യാർഥികൾ തുടങ്ങിയവർ അവതരിപ്പിച്ച നൃത്തപരിപാടികൾ, സംഗീതാർച്ചന, ഉപകരണസംഗീതം തുടങ്ങിയ പരിപാടികൾ അരങ്ങേറി.

ഓഡിറ്റോറിയത്തിൽ ഭക്തിസാന്ദ്രമായ ബൊമ്മക്കൊലുവും ഒരുക്കിയിരുന്നു.

നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് രംഗോലി മത്സരം, സരസ്വതി മണ്ഡപത്തിൽ കോലമെഴുതൽ, ഐതിഹ്യകഥനം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിരുന്നു.