ഇരിങ്ങാലക്കുട – ബാംഗ്ലൂർ റൂട്ടിൽ ഇനി എ സി ബസ്സ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി. ഡിപ്പോക്ക് എ.സി. ബസ് അനുവദിച്ചതായി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.

സ്ഥലം എംഎൽഎ എന്ന നിലയിൽ ഡോ. ആർ. ബിന്ദു ആവശ്യപ്പെട്ടതു പ്രകാരം ഒക്ടോബർ 9ന് തിരുവനന്തപുരത്തു വെച്ച് ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത യോഗത്തിൽ ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇരിങ്ങാലക്കുട ഡിപ്പോക്ക് എ.സി. ബാംഗ്ലൂർ ബസ്സ് അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു.

നിലവിൽ ഓടി കൊണ്ടിരിക്കുന്ന ബാംഗ്ലൂർ സർവ്വീസിനായാണ് പുതുതായി അനുവദിച്ച എ.സി. ബസ് ഉപയോഗിക്കുക.

ഇരിങ്ങാലക്കുടയിൽ ബസ് ബേ – കം ഓഡിറ്റോറിയത്തിന്റെ നിർമ്മാണം, കെ.എസ്.ആർ.ടി.സി. ഡ്രൈവിംഗ് സ്കൂളിന്റെ ആരംഭം, ഇരിങ്ങാലക്കുട ഡിപ്പോയിലേക്ക് അനുവദിച്ച പുതിയ ബസ് സർവ്വീലേക്കുള്ള ഡ്രൈവർമാരുടെ നിയമനം തുടങ്ങി വിവിധ വിഷയങ്ങളിൽ അനുകൂല തീരുമാനങ്ങളായതായും, ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ സമഗ്ര വികസനത്തിനായി കൃത്യമായ ഇടപെടൽ തുടരുമെന്നും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിൽ കെ.എസ്.ആർ.ടി.സി.ക്ക് മുഖ്യപരിഗണനയാണ് സർക്കാർ നൽകി വരുന്നതെന്നും മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു.

“ചാഞ്ചക്കം ചിഞ്ചക്കം മേളം വന്നേ” : ആഘോഷമാക്കി വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം

ഇരിങ്ങാലക്കുട : “ചാഞ്ചക്കം ചിഞ്ചക്കം മേളം വന്നേ” എന്ന പേരിൽ സംഘടിപ്പിച്ച വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുധ ദിലീപ് അധ്യക്ഷത വഹിച്ചു.

പ്രശസ്ത ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം മുഖ്യാതിഥിയായിരുന്നു.

വൈസ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, സ്ഥിരം സമിതി അധ്യക്ഷന്മാരായ സുരേഷ് അമ്മനത്ത്, പ്രസന്ന അനിൽകുമാർ, അസ്മാബി ലത്തീഫ്, മുൻ പ്രസിഡൻ്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഖാദർ പട്ടേപ്പാടം, വനിത – ശിശു വികസന ഓഫീസർ കെ. ബബിത എന്നിവർ പ്രസംഗിച്ചു.

തുടർന്ന് ഭിന്നശേഷിക്കാർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.

അമ്മമാർ സമൂഹത്തിൽ പ്രത്യാശ കൊടുക്കുന്നവരായിരിക്കണം : ഫാ. ജോളി വടക്കൻ

ഇരിങ്ങാലക്കുട : അമ്മമാർ സമൂഹത്തിൽ പ്രത്യാശ കൊടുക്കുന്നവരായിരിക്കണമെന്ന് ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ ഫാ. ജോളി വടക്കൻ ആഹ്വാനം ചെയ്തു.

രണ്ടു ദിവസങ്ങളിലായി കല്ലേറ്റുംകര പാക്‌സ് സെന്ററിൽ സംഘടിപ്പിക്കുന്ന സീറോ മലബാർ ഗ്ലോബൽ മാതൃവേദിയുടെ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്ലോബൽ മാതൃവേദി പ്രസിഡന്റ് ബീന ജോഷി അധ്യക്ഷത വഹിച്ചു.

ഗ്ലോബൽ ഡയറക്ടർ ഫാ. ഡെന്നി താണിക്കൽ സ്വാഗതം പറഞ്ഞു.

ഇരിങ്ങാലക്കുട രൂപത ഡയറക്ടർ ഫാ. ആന്റോ കരിപ്പായി, ഇരിങ്ങാലക്കുട രൂപത പ്രസിഡന്റ് സിനി ഡേവിസ്, ഗ്ലോബൽ സെക്രട്ടറി സിജി ലൂക്സൺ, വൈസ് പ്രസിഡന്റ് ഐറ്റി ജോൺ, സലോമി ആന്റണി എന്നിവർ പ്രസംഗിച്ചു.

ഗ്ലോബൽ മാതൃവേദി ഭാരവാഹികളായ നിമ്മി ഷൈജു, മോളി പീറ്റർ എന്നിവരും ഇരിങ്ങാലക്കുട ഭാരവാഹികളും നേതൃത്വം നൽകി.

യോഗത്തിൽ കേരളത്തിനകത്തും പുറത്തുമുള്ള ഇരുപത് രൂപതയിലെ രൂപതാ ഭാരവാഹികൾ പങ്കെടുത്തു.

വിയ്യൂർ സെൻട്രൽ ജയിലിൽ വസ്ത്രങ്ങൾ നെയ്യാൻ ഇനി സെമി ഓട്ടോമാറ്റിക് തറികളും

തൃശൂർ : ജില്ലാ പഞ്ചായത്തിൻ്റെ സാമ്പത്തിക സഹായം മുഖേന വിയ്യൂർ സെൻട്രൽ ജയിലിൽ സ്ഥാപിച്ച സെമി ഓട്ടോമാറ്റിക് തറികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ് നിർവഹിച്ചു.

ചടങ്ങിൽ മഞ്ജുള അരുണൻ മുഖ്യാതിഥിയായി.

മദ്ധ്യകേരളത്തിലെ 4 ജില്ലകളിലെ ജയിലുകളിലേക്കാവശ്യമായ തുണിത്തരങ്ങൾ, ജുക്കാളം, കിടക്കവിരി, തടവുകാർക്കുള്ള വസ്ത്രങ്ങൾ എന്നിവ നിർമ്മിക്കുന്നതും തയ്ക്കുന്നതും വിയ്യൂർ സെൻട്രൽ ജയിലിലാണ്.

16 പവർ ലൂം, 20 ഹാൻ്റ് ലൂം എന്നിവയ്ക്ക് പുറമേയാണ് ഇപ്പോൾ സ്ഥാപിച്ചിരിക്കുന്ന സെമി ഓട്ടോമാറ്റിക് തറികൾ.

45 തടവുകാർ നെയ്ത്ത് യൂണിറ്റിൽ ജോലി ചെയ്യുന്നുണ്ട്. ഖാദി യൂണിറ്റിൽ പുതുതായി വരുന്നവർക്ക് ട്രെയിനിങ്ങും നൽകുന്നുണ്ട്.

ഖാദി ഷോറൂമുകളിൽ വില്പന നടത്തുന്ന ഷർട്ടുകളും നിർമ്മിക്കാൻ പദ്ധതിയുണ്ട്.

പരിപാടിയിൽ പങ്കെടുത്ത അതിഥികൾക്ക് ഇവിടെ തന്നെ നെയ്ത ഷാളുകളാണ് അണിയിച്ചത്.

എം എസ് സി ഫോറൻസിക് സയൻസ് ആൻഡ് ക്രിമിനോളജിയിൽ രണ്ടാം റാങ്ക് നേടി കാരുകുളങ്ങര സ്വദേശിനി

ഇരിങ്ങാലക്കുട : എം എസ് സി ഫോറൻസിക് സയൻസ് ആൻഡ് ക്രിമിനോളജി വിഭാഗത്തിൽ മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയിൽ നിന്നും രണ്ടാം റാങ്ക് കരസ്ഥമാക്കി ഇരിങ്ങാലക്കുട കാരുകുളങ്ങര സ്വദേശിനി വിസ്മയ സുനിൽ.

തേനി മേരി മാതാ കോളെജിലെ വിദ്യാർഥിനിയായ വിസ്മയ സുനിൽ കാരുകുളങ്ങര പണിക്കപറമ്പിൽ സുനിലിന്റെയും സിനിയുടെയും മകളാണ്.

അവിട്ടത്തൂർ എൽ.ബി.എസ്.എം. ഹയർ സെക്കൻഡറി സ്കൂളിൽ സ്മാർട്ട് ക്ലാസ്സ് റൂം

ഇരിങ്ങാലക്കുട : അവിട്ടത്തൂർ എൽ.ബി.എസ്.എം. ഹയർ സെക്കൻഡറി സ്കൂളിലെ സ്മാർട്ട് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു.

മന്ത്രിയുടെ സ്പെഷ്യൽ ഡെവലപ്മെന്റ് ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്മാർട്ട് ക്ലാസ്സ് റൂം നിർമ്മിച്ചു നൽകിയത്.

13 കമ്പ്യൂട്ടറുകൾ, ഒരു പ്രോജക്ടർ, സ്ക്രീൻ സംവിധാനം തുടങ്ങിയ സൗകര്യങ്ങളെല്ലാം സ്മാർട്ട് ക്ലാസ്സ് റൂമിൽ വിദ്യാർഥികൾക്കായി സജ്ജീകരിച്ചിട്ടുണ്ട്.

പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി മിക്ക വിദ്യാലയങ്ങളിലും ഇന്ന് അന്തർദേശീയ നിലവാരത്തിലുള്ള കെട്ടിടസമുച്ചയങ്ങളുണ്ട്. വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യം വികസിപ്പിച്ചെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു.

സാങ്കേതികവിദ്യയാൽ നയിക്കപ്പെടുന്ന ലോകത്താണ് നാം ഉള്ളത്. സാങ്കേതികവിദ്യയുടെ നല്ല വശങ്ങൾ ഉപയോഗിക്കാൻ കുട്ടികൾ ശ്രമിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ ലീന ഉണ്ണികൃഷ്ണൻ, സ്കൂൾ പ്രിൻസിപ്പൽ ഡോ. എ.വി. രാജേഷ്, സ്കൂൾ മാനേജർ അജിത് കുമാർ, പി.ടി.എ. പ്രസിഡൻ്റ് ജോസഫ് അക്കരക്കാരൻ, ഹെഡ്മാസ്റ്റർ മെജോ പോൾ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ എ.സി. സുരേഷ്, കെ.കെ. ഉണ്ണികൃഷ്ണൻ നമ്പൂതിരി, സീനിയേഴ്സ് സ്റ്റാഫ് വി.ജി. അംബിക, സ്കൂൾ ചെയർപേഴ്സൺ ജിയ ജിൻസൺ എന്നിവർ പങ്കെടുത്തു.

അധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട : എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ഹയർ സെക്കൻ്ററി സ്കൂളിൽ പൊളിറ്റിക്കൽ സയൻസിൽ (ഹയർ സെക്കൻ്ററി വിഭാഗം) ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപക (സീനിയർ) ഒഴിവുണ്ട്.

ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ശനിയാഴ്ച (നവംബർ 01) ഉച്ചതിരിഞ്ഞ് 2 മണിക്ക് ഹാജരാകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് : 04802641075

എൻ.എസ്.എസ്. മേഖലാ നേതൃയോഗങ്ങൾക്ക് തുടക്കമായി

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് യൂണിയൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംയുക്ത മേഖലാ നേതൃയോഗങ്ങൾക്ക് ഇരിങ്ങാലക്കുടയിൽ തുടക്കമായി.

ശ്രീ സംഗമേശ്വര എൻ.എസ്.എസ്. ഹാളിൽ ചേർന്ന യോഗം കൊടുങ്ങല്ലൂർ താലൂക്ക് യൂണിയൻ പ്രസിഡൻ്റ് സി. രാജശേഖരൻ ഉദ്ഘാടനം ചെയ്തു.

കരയോഗ പ്രവർത്തനങ്ങളുടെ വ്യത്യസ്ഥ മേഖലകളെക്കുറിച്ചുള്ള ആദ്യ ക്ലാസ് അദ്ദേഹം നയിച്ചു.

മുകുന്ദപുരം താലൂക്ക് യൂണിയൻ ചെയർമാൻ അഡ്വ. ഡി. ശങ്കരൻകുട്ടി അധ്യക്ഷത വഹിച്ചു.

യൂണിയൻ ഭരണസമിതി അംഗങ്ങളായ സി. വിജയൻ, രവി കണ്ണൂർ, എ.ജി. മണികണ്ഠൻ, കെ. രാജഗോപാലൻ തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.

താലൂക്ക് യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ സ്വാഗതവും അഡീഷണൽ ഇൻസ്പെക്ടർ ബി. രതീഷ് നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട, കരുവന്നൂർ, വെള്ളാങ്ങല്ലൂർ, അഷ്ടമിച്ചിറ – പുത്തൻചിറ മേഖലകളിലെ കരയോഗം പ്രസിഡൻ്റുമാർ, വൈസ് പ്രസിഡൻ്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ഖജാൻജി, യൂണിയൻ പ്രതിനിധികൾ, ഇലക്ട്രറൽ റോൾ മെമ്പർ, വനിതാ സമാജം പ്രസിഡൻ്റ്, സെക്രട്ടറി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ഷാഫി പറമ്പിൽ എംപിക്ക് നേരെയുണ്ടായ പൊലീസ് അതിക്രമം : പ്രതിഷേധവുമായി കാട്ടൂർ കോണ്‍ഗ്രസ്

ഇരിങ്ങാലക്കുട : കോഴിക്കോട് പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്ക് നേരെ പൊലീസ് അതിക്രമം ഉണ്ടായ സംഭവത്തിൽ പ്രതിഷേധിച്ച് കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴുത്താണിയിൽ പ്രതിഷേധ പ്രകടനം നടത്തി.

പ്രകടനത്തിനു ശേഷം നടന്ന സമാപന സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി ആൻ്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡൻ്റ് ഷാറ്റോ കുര്യൻ അധ്യക്ഷത വഹിച്ചു.

മണ്ഡലം പ്രസിഡൻ്റുമാരായ ബാസ്റ്റിൻ ഫ്രാൻസിസ്, അഡ്വ. ശശികുമാർ എടപ്പുഴ, എ.ഐ. സിദ്ധാർത്ഥൻ, നേതാക്കളായ തങ്കപ്പൻ പാറയിൽ, തിലകൻ പൊയ്യാറ, ജോമോൻ വലിയവീട്ടിൽ, വി.ഡി. സൈമൺ തുടങ്ങിയവർ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിന് ഇനി പുതിയ മുഖം

ഇരിങ്ങാലക്കുട : നവീകരിച്ച ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൻ്റെ ഉദ്ഘാടനം ഐസിഎൽ ഫിൻകോർപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനിൽകുമാർ നിർവ്വഹിച്ചു.

ചടങ്ങിൽ പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് ഷോബി കെ. പോൾ അധ്യക്ഷത വഹിച്ചു.

പ്രസ് ക്ലബ്ബിൻ്റെ പുതിയ വെബ്സൈറ്റ് നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉൽഘാടനം ചെയ്തു. നാട്ടുകാർക്ക് പത്രസമ്മേളനം അടക്കം ബുക്ക് ചെയ്യാവുന്ന രീതിയിലാണ് വെബ് സൈറ്റ് ഡിസൈൻ ചെയ്തിട്ടുള്ളത്.

ഐഡി കാർഡിൻ്റെയും, മീഡിയ ലിസ്റ്റിൻ്റെയും പ്രകാശനം നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ നിർവഹിച്ചു. പ്രസ് ക്ലബ്ബ് എക്സിക്യൂട്ടീവ് അംഗം വിജയകുമാർ മൂലയിലും, ട്രഷറർ ടി സി രാകേഷും അവ ഏറ്റു വാങ്ങി.

അഡ്വ. കെ.ജി. അനിൽ കുമാറിനെയും ഇൻ്റീരിയർ ഡിസൈനർ സേവ്യർ തോമസിനെയും പ്രസ് ക്ലബ്ബ് വൈസ് പ്രസിഡൻ്റ് ടി.ജി. സിബിൻ ആദരിച്ചു.

ജനറൽ കൺവീനർ ഷാജൻ ചക്കാലക്കൽ സ്വാഗതവും, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി.ആർ. സുകുമാരൻ നന്ദിയും പറഞ്ഞു.