ഇരിങ്ങാലക്കുട : രാസലഹരിക്കെതിരെ
0480 കലാസാംസ്കാരിക സംഘടന നടത്തിയ “പൂക്കാലം” ക്യാമ്പയിനിന് 24,434 പൂക്കളങ്ങൾ ഇട്ട് ഇരിങ്ങാലക്കുടയിലെ കുടുംബാംഗങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചതോടെ യു.ആർ.എഫ്. വേൾഡ് റെക്കോർഡ് കരസ്ഥമാക്കി “പൂക്കാലം”.
“രാസലഹരിക്കെതിരെ ഞങ്ങളും 0480വിനൊപ്പം” എന്ന സന്ദേശം നൽകിക്കൊണ്ടായിരുന്നു ഒരു നാടിൻ്റെ കൂട്ടായ ഒത്തൊരുമയുടെ വിജയമായി ഈ ക്യാമ്പയിൻ മാറിയത്.
ആഗസ്റ്റ് 31ന് രാവിലെ മുതൽ ഒരുങ്ങിയ ആയിരക്കണക്കിന് പൂക്കളങ്ങളിൽ 0480വിൻ്റെ സന്ദേശം വെച്ചുള്ള ഫോട്ടോകൾ ഡിജിറ്റൽ വാട്ട്സ്ആപ്പിലേക്ക് ഒഴുകിയെത്തി.
രാവിലെ ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ നടന്ന പൂക്കളമത്സരം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.
മുൻ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ, കെ.എസ്.ഇ. കമ്പനി മാനേജിങ്ങ് ഡയറക്ടർ എം.പി. ജാക്സൺ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പി.ആർ. ബിജോയ് തുടങ്ങി സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ നിരവധിപേർ പങ്കെടുത്തു.
വൈകീട്ട് നടന്ന സമാപന സമ്മേളനത്തിൽ യു.ആർ.എഫ്. ഇന്ത്യൻ പ്രതിനിധി ഡോ. സുനിൽ ജോസഫ് 0480യുടെ രാസലഹരി വിരുദ്ധ ക്യാമ്പയിന് യു.ആർ.എഫ്. വേൾഡ് റെക്കോർഡ് ലഭിച്ചതായി പ്രഖ്യാപിച്ചു.
തുടർന്ന് മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ സാന്നിധ്യത്തിൽ വേൾഡ് റെക്കോഡ് സർട്ടിഫിക്കറ്റ് 0480 പ്രസിഡൻ്റ് യു. പ്രദീപ് മേനോനും വേൾഡ് റെക്കോർഡിൻ്റെ ലോഗോ അടങ്ങുന്ന സാക്ഷ്യപത്രം സെക്രട്ടറി റഷീദ് കാറളത്തിനും കൈമാറി.
പ്രോഗ്രാം കോർഡിനേറ്ററായ സോണിയ ഗിരിക്ക് യു.ആർ.എഫ്. റെക്കോർഡ് പതക്കം കൈമാറി.
ഇരിങ്ങാലക്കുട എക്സൈസ് സർക്കിൾ ഓഫീസ് വിമുക്തി കോർഡിനേറ്റർ സി.വി. രാജേന്ദ്രനെ ചടങ്ങിൽ ആദരിച്ചു.
ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, ക്രൈസ്റ്റ് കോളെജ് മാനേജർ ഫാ. ജോയ് പീണിക്കപ്പറമ്പിൽ, കലാനിലയം രാഘവനാശാൻ, സദനം കൃഷ്ണൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.
പൂക്കള മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഉണർവ് ചെമ്മന്നൂർ കുന്നംകുളം ടീമിന് 25001 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനം നേടിയ ബട്ടർഫ്ലൈ പട്ടിക്കാട് ടീമിന് 15,001 രൂപയും ട്രോഫിയും, മൂന്നാം സ്ഥാനം കരസ്ഥമാക്കിയ സ്പാർട്ടൻസ് പൊറത്തിശ്ശേരി ടീമിന് 10,000 രൂപയും ട്രോഫിയും സമ്മാനമായി നൽകി.
തുടർന്ന് പെരിഞ്ഞനം നക്ഷത്രയുടെ വീരനാട്യം പരിപാടിയും നടന്നു.