ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതാംഗമായ റവ. ഫാ. ബെന്നി ചെറുവത്തൂർ (57) അന്തരിച്ചു.
തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
ഫാ. ബെന്നി 1968 ഡിസംബർ 25ന് ചെറുവത്തൂർ ഈനാശു – മേരി ദമ്പതികളുടെ മകനായി നോർത്ത് ചാലക്കുടിയിൽ ജനിച്ചു. സണ്ണി, റവ. ഫാ. പോൾ ചെറുവത്തൂർ, ജോൺസൺ, ബീന എന്നിവർ സഹോദരങ്ങളാണ്.
ചാലക്കുടി ഗവ. ബോയ്സ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം, ഇരിങ്ങാലക്കുട, സെൻ്റ് പോൾസ് മൈനർ സെമിനാരിയിലും ആലുവ കാർമൽഗിരി സെമിനാരിയിലും കോട്ടയം, വടവാതൂർ, സെൻ്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലും വൈദിക പരിശീലനം നടത്തിയ ഫാ. ബെന്നി മാർ ജെയിംസ് പഴയാറ്റിൽ പിതാവിൽ നിന്നുമാണ് വൈദിക പട്ടം സ്വീകരിച്ചത്.
1994 ഡിസംബർ 28ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം സൗത്ത് താണിശ്ശേരി, ഇരിങ്ങാലക്കുട കത്തീഡ്രൽ, പറപ്പൂക്കര ഫൊറോന, ആളൂർ എന്നിവിടങ്ങളിൽ അസ്തേന്തിയായും പാറേക്കാട്ടുകര, അരൂർമുഴി, പിള്ളപ്പാറ, മടത്തുംപടി, തിരുമുക്കുളം, പെരുമ്പടപ്പ്, ചെന്ത്രാപ്പിന്നി ഈസ്റ്റ്, കൊടുങ്ങല്ലൂർ, അമ്പനോളി, കൊന്നക്കുഴി, പുത്തൻചിറ ഈസ്റ്റ്, മാരാങ്കോട്, ചെമ്മണ്ട, വെള്ളിക്കുളങ്ങര, പൂവത്തിങ്കൽ എന്നിവിടങ്ങളിൽ വികാരിയായും ഇരിങ്ങാലക്കുട രൂപത സാക്രിസ്റ്റൻ ഫെലോഷിപ്പിന്റെ ഡയറക്ടറായും, ഫാമിലി അപ്പോസ്തലെറ്റ്, ആളൂർ, നവചൈതന്യ എന്നിവയുടെ അസിസ്റ്റൻ്റ് ഡയറക്ടറായും വിവിധ കോൺവെന്റുകളുടെ കപ്ലോനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഫാ. ബെന്നിയുടെ മൃതദേഹം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 4 മണി മുതൽ പൂവത്തിങ്കൽ പള്ളിയിൽ
പൊതുദർശനത്തിന് വയ്ക്കും. 5 മണിക്ക് വിശുദ്ധ കുർബാന. തുടർന്ന് വൈകീട്ട് 7 മണി മുതൽ നോർത്ത് ചാലക്കുടിയിലുള്ള ഫാ. ബെന്നിയുടെ തറവാട് ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കും.
സെപ്റ്റംബർ 23 ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് മൃതസംസ്കാര കർമ്മത്തിൻ്റെ ആദ്യ ഭാഗം പ്രസ്തുത ഭവനത്തിൽ ആരംഭിക്കും.
ഉച്ചതിരിഞ്ഞ് 1 മണി മുതൽ നോർത്ത് ചാലക്കുടി, സെൻ്റ് ജോസഫ് ഇടവക ദൈവാലയത്തിൽ അന്ത്യോപചാരം അർപ്പിക്കുന്നതിന് വയ്ക്കുന്നതും തുടർന്ന് 2.30നുള്ള വിശുദ്ധ കുർബാനയ്ക്കും മറ്റ് തിരുകർമ്മങ്ങൾക്കും ശേഷം നോർത്ത് ചാലക്കുടി ഇടവക പളളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്.
ഇരിങ്ങാലക്കുട രൂപത അധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ, ഹൊസൂര്‍ രൂപത അധ്യക്ഷൻ മാർ സെബാസ്റ്റ്യൻ പൊഴോലിപറമ്പിൽ, യൂറോപ്പിന്റെ അപ്പസ്തോലിക്ക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത്, കോട്ടപ്പുറം രൂപ അധ്യക്ഷൻ റൈറ്റ് റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, ഓസ്ട്രേലിയ, മെൽബൺ രൂപത മുൻ അധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ എന്നിവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.