“ജീവിതോത്സവം 21ദിന ചലഞ്ചി”ന് തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട : നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ “ജീവിതോത്സവം 21ദിന ചലഞ്ചി”ന് നടവരമ്പ് സ്കൂളിൽ തുടക്കം കുറിച്ചു.

എൻ.എസ്.എസ്. ഇരിങ്ങാലക്കുട ക്ലസ്റ്ററിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കൗമാരക്കാരായ വിദ്യാർഥികളെ മദ്യം, മയക്കുമരുന്ന്, മൊബൈൽ ഫോണിൻ്റെ അമിത ഉപയോഗം, അക്രമവാസന, ആത്മഹത്യാപ്രവണത തുടങ്ങി ദുശ്ശീലങ്ങളിൽ നിന്ന് രക്ഷിക്കാൻ 21 ദിവസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളും പ്രവർത്തനങ്ങളുമാണ് ഇതിൻ്റെ ഭാഗമായി ചെയ്യുവാൻ ഉദ്ദേശിക്കുന്നത്.

ഈ ദുശ്ശീലങ്ങൾക്കെതിരെ മനുഷ്യവലയം തീർത്തു കൊണ്ടാണ് പ്രവർത്തനം ആരംഭിച്ചത്.

വാർഡ് മെമ്പർ മാത്യു പറേക്കാടൻ അധ്യക്ഷത വഹിച്ചു.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിജയലക്ഷ്മി വിനയചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.

എൻ.എസ്.എസ്. ഇരിങ്ങാലക്കുട ക്ലസ്റ്റർ കൺവീനർ ഒ.എസ്. ശ്രീജിത്ത് പദ്ധതി വിശദീകരണം നടത്തി.

പി.ടി.എ. പ്രസിഡൻ്റ് ശ്രീഷ്മ സലീഷ്, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ അനിൽകുമാർ, ഹൈസ്കൂൾ പ്രധാന അധ്യാപിക എം.വി. ഉഷ,
എം.പി.ടി.എ. പ്രസിഡൻ്റ് സനീജ സന്തോഷ് എന്നിവർ ആശംസകൾ നേർന്നു.

പ്രിൻസിപ്പൽ ഇൻ ചാർജ്ജ് കെ.ബി. മഞ്ജു സ്വാഗതവും എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. എസ്. സുമ നന്ദിയും പറഞ്ഞു.

സെൻ്റ് ജോസഫ്സ് കോളെജിൽ “പ്രയുക്തി” തൊഴിൽമേള 27ന്

ഇരിങ്ങാലക്കുട : തൃശൂർ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് & എംപ്ലോയബിലിറ്റി സെൻ്ററിന്റെയും ഇരിങ്ങാലക്കുട സെൻ്റ് ജോസഫ് കോളെജിന്റെയും സംയുക്താഭിമുഖ്യത്തിൽ സെപ്തംബർ 27ന് സെൻ്റ് ജോസഫ് കോളെജിൽ വെച്ച് മെഗാ തൊഴിൽമേള ”പ്രയുക്തി” സംഘടിപ്പിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഐടി, ബാങ്കിങ്ങ്, ഫൈനാൻസ്, ഓട്ടോമൊബൈൽ, ഹെൽത്ത്, എഡ്യുക്കേഷൻ, ഇൻഷുറൻസ്, മാർക്കറ്റിങ്ങ് എന്നീ മേഖലകളിൽ നിന്നായി 2000ത്തിൽ അധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

45ൽ പരം ഉദ്യോഗദായകർ പങ്കെടുക്കുന്ന തൊഴിൽമേള മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.

തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അധ്യക്ഷത വഹിക്കും.

കൂടുതൽ വിവരങ്ങൾക്ക് തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായോ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ് കോളെജുമായോ 9446228282 എന്ന മൊബൈൽ നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.

മോഡൽ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വൊക്കേഷണൽ ഗൈഡൻസ് എംപ്ലോയ്മെൻ്റ് ഓഫീസർ എം. ഷാജു ലോനപ്പൻ, ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ഉദ്യോഗസ്ഥൻ ആർ. അശോകൻ, ക്ലറിക്കൽ സ്റ്റാഫ് കെ.പി. പ്രശാന്ത്, സെൻ്റ് ജോസഫ് കോളെജ് വൈസ് പ്രിൻസിപ്പൽ സി. ഡോ. എം.ഒ. വിജി, ഹിസ്റ്ററി വിഭാഗം അസി. പ്രൊഫ. ജോസ് കുര്യാക്കോസ്, അസി. പ്രൊഫ. നിഖിത സോമൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

നിര്യാതയായി

റോസി

ഇരിങ്ങാലക്കുട : ചാവറ നഗറിൽ പരേതനായ പൂമുറ്റത്ത് ചക്കാലക്കൽ ദേവസ്സി ഭാര്യ റോസി (81) നിര്യാതയായി.

സംസ്കാരം വ്യാഴാഴ്ച (സെപ്തംബർ 25) ഉച്ചതിരിഞ്ഞ് 3.30ന് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.

മക്കൾ: ബേബി, അല്ലി, പരേതനായ ജോസഫ്, ഷീല, ലാലി, മിനി, ജോയ്, പരേതനായ ജോജു

മരുമക്കൾ: ജോസ്, ജോയ്, ഷീല, ജോൺസൺ, സ്റ്റാലിൻ, ആൻ്റു, ഷീജ, ബിന്ദു

നിര്യാതയായി

കാളിക്കുട്ടി

ഇരിങ്ങാലക്കുട : കൊരുമ്പിശ്ശേരി വട്ടപറമ്പിൽ വേലായുധൻ ഭാര്യ കാളിക്കുട്ടി (80) നിര്യാതയായി.

സംസ്കാരം വ്യാഴാഴ്ച (സെപ്തംബർ 25) രാവിലെ 10 മണിക്ക് മുക്തിസ്ഥാനിൽ.

കുസൃതിക്കൂട്ടത്തോടൊപ്പം എൻ.എസ്.എസ്. ദിനാഘോഷം

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളെജിൽ എൻ.എസ്.എസ്. ദിനം കുസൃതിക്കൂട്ടത്തോടൊപ്പം ആഘോഷിച്ചു.

ഇരിങ്ങാലക്കുട ഐറ ഫൗണ്ടേഷൻ പ്രത്യേക പരിഗണന അർഹിക്കുന്നവരും അല്ലാത്തവരുമായ കുട്ടികൾക്കായി ഞായറാഴ്ച്ച തോറും കോളെജിൽ വെച്ച് നടത്തുന്ന സഹാന പദ്ധതിയിലെ കുട്ടികളുമായാണ്
‘കുസൃതിക്കൂട്ടം’ എന്ന് പേരിട്ട പരിപാടി നടത്തിയത്.

ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബുമായി സഹകരിച്ചുകൊണ്ട് കോളെജിലെ പത്മഭൂഷൺ ഫാ. ഗബ്രിയേൽ സെമിനാർ ഹാളിൽ നടന്ന പരിപാടി വാർഡ് കാൺസിലർ ഫെനി എബിൻ വെള്ളാനിക്കാരൻ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഫ്ലവററ്റ് അധ്യക്ഷത വഹിച്ചു.

ഐറ ഫൗണ്ടേഷൻ സ്ഥാപകയായ റൈമ, ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് മനോജ് ഐബൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ വീണ സാനി സ്വാഗതവും വൊളന്റിയർ എൽബ നന്ദിയും പറഞ്ഞു.

തുടർന്ന് കുസൃതിക്കൂട്ടം അവതരിപ്പിച്ച വിവിധ കലാപരിപാടികളും എൻ.എസ്.എസ്. വൊളന്റിയർമാർ ഒരുക്കിയ കളികളും സ്നേഹവിരുന്നും സമ്മാനദാനവും അരങ്ങേറി.

എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ വീണ സാനി, ഡോ. എൻ. ഉർസുല, അധ്യാപകരായ ഡി. മഞ്ജു, കെ.ഡി. ധന്യ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

അഡ്വ. എ.ഡി. ബെന്നിക്ക്‌ കർമ്മശ്രേഷ്ഠ പുരസ്കാരം സമർപ്പിച്ചു

എറണാകുളം : വ്യത്യസ്ത മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ. എ.ഡി. ബെന്നിക്ക് കർമ്മശ്രേഷ്ഠ പുരസ്കാരം സമർപ്പിച്ചു.

കോൺഫെഡറേഷൻ ഓഫ് കൺസ്യൂമർ പ്രൊട്ടക്ഷൻ വെൽഫെയർ അസോസിയേഷൻ എറണാകുളം അധ്യാപകഭവനിൽ സംഘടിപിച്ച ഉപഭോക്തൃ കുടുംബ സംഗമത്തിൽ വെച്ചാണ് ടി.ജെ. വിനോദ് എംഎൽഎ അഡ്വ. എ.ഡി. ബെന്നിക്ക് പുരസ്കാരം സമർപ്പിച്ചത്.

ഉപഭോക്തൃ കേസുകൾ നടത്തി റെക്കോർഡിട്ടിട്ടുള്ള ബെന്നി വക്കീൽ ഉപഭോക്തൃ വിദ്യാഭ്യാസരംഗത്ത് സജീവമായി ഇടപെട്ടുവരുന്നു. സാംസ്കാരിക രംഗത്തും ജീവകാരുണ്യ രംഗത്തും സജീവമാണ്. കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക സെക്രട്ടറിയും ഇപ്പോഴത്തെ ഡയറക്ടറുമാണ്.

ആയിരത്തിലധികം സ്പോർട്സ് ലേഖനങ്ങളും വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കി ആയിരത്തിലധികം വീഡിയോകളും ബെന്നി വക്കീലിൻ്റേതായി പ്രസിദ്ധീകൃതമായിട്ടുണ്ട്.

“പത്മവ്യൂഹം ഭേദിച്ച്” എന്ന പേരിൽ ജീവചരിത്രവും അഡ്വ. എ.ഡി. ബെന്നിയുടേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

യോഗത്തിൽ സംഘടനാ പ്രസിഡൻ്റ് അനു സുനിൽകുമാർ അധ്യക്ഷത വഹിച്ചു.

അഡ്വ. ഷീബ സാമുവൽ മുഖ്യപ്രഭാഷണം നടത്തി.

അഡ്വ. പി.എ. പൗരൻ, വിൽസൻ പണ്ടാരവളപ്പിൽ, കെ.സി. കാർത്തികേയൻ, എലിസബത്ത് ജോർജ്ജ്, എൻ.എസ്. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് : പത്ത് ലക്ഷം രൂപ തട്ടിയ പ്രതി എറണാകുളത്തു നിന്നും പിടിയിൽ

ഇരിങ്ങാലക്കുട : ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ എറണാകുളം കുമ്പളങ്ങിയിൽ നിന്നും അറസ്റ്റ് ചെയ്തു.

ആലപ്പുഴ മണ്ണംഞ്ചേരി സ്വദേശി പനയിൽ വീട്ടിൽ നസീബി(29)നെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

ഇരിങ്ങാലക്കുട കാരുകുളങ്ങര സ്വദേശി കൊളക്കാട്ടിൽ വീട്ടിൽ രാഗേഷ് (37) എന്നയാളാണ് തട്ടിപ്പിനിരയായത്.

വാട്‌സ്ആപ്പിൽ ലഭിച്ച സന്ദേശം വിശ്വസിച്ച് പ്രതികൾ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്ത രാഗേഷ് ഒരു ടെലിഗ്രാം ഗ്രൂപ്പിൽ അംഗമായി. ഈ ഗ്രൂപ്പിലൂടെ ലഭിച്ച നിർദേശങ്ങൾ അനുസരിച്ച് www.weex.com എന്ന വെബ്സൈറ്റിൽ ട്രേഡിംഗ് നടത്തിയ രാഗേഷിൽ നിന്ന് ജനുവരി 19നും 21നും ഇടയിൽ പല തവണകളായി 10,01780 രൂപയാണ് പ്രതികൾ കൈക്കലാക്കിയത്.

ട്രേഡിങ് സൈറ്റിൽ 15 ലക്ഷം രൂപ ബാലൻസ് ഉള്ളതായി കാണിച്ചെങ്കിലും ഈ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ കഴിഞ്ഞില്ല. ഇക്കാര്യം ടെലിഗ്രാം വഴി അറിയിച്ചപ്പോൾ പണം പിൻവലിക്കാൻ ടാക്സ് ഇനത്തിൽ 6 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പാണെന്ന് രാഗേഷിന് മനസ്സിലായത്.

തുടർന്ന് ഓൺലൈൻ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാനുള്ള ദേശീയ ഹെൽപ്‌ലൈൻ നമ്പറായ 1930ൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ കേസെടുത്താണ് അന്വേഷണം നടത്തിയത്.

തട്ടിപ്പ് പണം കൈമാറ്റം ചെയ്യുന്നതിനായി സ്വന്തം ബാങ്ക് അക്കൗണ്ട് പ്രധാന പ്രതികൾക്ക് നൽകി 10000 രൂപ കമ്മീഷൻ കൈപ്പറ്റി തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടതിനാണ് നസീബിനെ പിടികൂടിയത്.

നസീബിന്റെ ബാങ്ക് അക്കൗണ്ട് മുഖേന രാഗേഷിൽ നിന്ന് തട്ടിയെടുത്ത പണത്തിൽ നിന്ന് അഞ്ച് ലക്ഷത്തി എണ്ണായിരത്തി അറുനൂറ് രൂപയാണ് കൈമാറ്റം ചെയ്തത്.

ഇരിങ്ങാലക്കുട സ്റ്റേഷൻ എസ്എച്ച്ഒ കെ.ജെ. ജിനേഷ്, ജിഎസ്ഐ എം.എ. മുഹമ്മദ് റാഷി, ജിഎഎസ്ഐ കെ.കെ. പ്രകാശൻ, ജിഎസ്‌സിപിഒ എം.എസ്. സുജിത്ത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഉയർന്ന ലാഭം വാഗ്ദാനം ചെയ്യുന്ന ഇത്തരം തട്ടിപ്പുകളിൽനിന്ന് പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തേണ്ടതാണെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസ് അറിയിച്ചു.

എൽ.ബി.എസ്.എം. സ്കൂളിൽ എൻ.എസ്.എസ്. ദിനാചരണം നടത്തി

അവിട്ടത്തൂർ : ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ എൻ.എസ്.എസ്. ദിനാചരണം നടത്തി.

നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “ജീവിതോത്സവം- 21 ദിന ചലഞ്ച്” വേളൂക്കര പഞ്ചായത്ത് മെമ്പർ ലീന ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡൻ്റ് ജോസഫ് അക്കരക്കാരൻ അധ്യക്ഷത വഹിച്ചു.

“നമ്മൾ നമ്മളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ…..” എന്നു തുടങ്ങുന്ന തീം സോങ്ങ് പാടി കുട്ടികളും അധ്യാപകരും സ്കൂൾ അധികൃതരും തീർത്ത മനുഷ്യവലയത്തിലായിരുന്നു ചടങ്ങ് നടന്നത്.

ലഹരിക്കെതിരെ കേരള സർക്കാരും, എൻ.എസ്.എസും ചേർന്ന് കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും എല്ലാ വിദ്യാർഥികളെയും പങ്കാളികളാക്കി 21 ദിവസങ്ങളിലായി വ്യത്യസ്ത ലഹരി വിരുദ്ധ പരിപാടികളാണ് നടത്തുന്നത്.

സ്കൂൾ മാനേജർ എ. അജിത്ത്കുമാർ വാര്യർ, എ.സി. സുരേഷ്, കെ.കെ. കൃഷ്ണൻ നമ്പൂതിരി, സുമിത ടീച്ചർ, സി. രാജലക്ഷ്മി, എസ്. സുധീർ എന്നിവർ പ്രസംഗിച്ചു.

ബസ്സിൽ യാത്ര ചെയ്തിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം : പ്രതി പിടിയിൽ

ഇരിങ്ങാലക്കുട : സ്വകാര്യ ബസ്സിൽ യാത്ര ചെയ്തുകൊണ്ടിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ എറിയാട് സ്വദേശി കാരിയക്കാട്ട് വീട്ടിൽ ജിതിൻ (26) എന്നയാളെ അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച രാത്രി 8.30 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കൊടുങ്ങല്ലൂർ സ്റ്റേഷൻ എസ്എച്ച്ഒ ബി.കെ. അരുൺ, എസ്ഐ കെ.ജി. സാലിം, ജിഎസ്‌സിപിഒ പി. ഗിൽബർട്ട് ജേക്കബ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

എൻ.എസ്.എസ്. ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കാറളം സ്കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗം എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എൻ.എസ്.എസ്. ദിനാചരണം സംഘടിപ്പിച്ചു.

പ്രിൻസിപ്പൽ ജെ.എസ്. വീണ പതാക ഉയർത്തി.

പ്രോഗ്രാം ഓഫീസർ സി.പി. മായാദേവി എൻ.എസ്.എസ്. ദിന സന്ദേശം നൽകി.

ഒന്നാം വർഷ എൻ.എസ്.എസ്. വൊളൻ്റിയർ ലീഡർമാർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ദിനാചരണത്തിന്റെ ഭാഗമായി എൻ.എസ്.എസ്. വൊളൻ്റിയർമാർ ദത്തു ഗ്രാമത്തിലെ വീടുകളിൽ കുടിവെള്ള ഗുണനിലവാര അവബോധം നൽകുകയും ലഘുലേഖ വിതരണം ചെയ്യുകയും കുടിവെള്ള ഗുണനിലവാര പരിശോധന നടത്തുകയും ചെയ്തു.