ആദവ് സിനോയെ അനുമോദിച്ച് ബിജെപി

ഇരിങ്ങാലക്കുട : അണ്ടർ 19 നാഷണൽ ലെവൽ ഹാൻഡ് ബോൾ ടൂർണമെന്റ് ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഡോൺബോസ്ക്കോ സ്കൂൾ വിദ്യാർഥി ആദവ് സിനോയെ ബിജെപി നേതാക്കൾ വീട്ടിലെത്തി അനുമോദിച്ചു.

സിനോ കൈമാപറമ്പിൽ- സുമിഷ സിനോ ദമ്പതികളുടെ മകനാണ് ആദവ് സിനോ.

ബിജെപി തൃശൂർ സൗത്ത് ജില്ലാ സെക്രട്ടറിമാരായ അഖിലാഷ് വിശ്വനാഥൻ, അജീഷ് പൈക്കാട്ട്, മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ. അനീഷ്, പഞ്ചായത്ത് സെക്രട്ടറി ടി.എസ്. മധു, ആർഎസ്എസ് മണ്ഡൽ കാര്യവാഹ് സജിത്ത് വട്ടപറമ്പിൽ, മനോജ് നെല്ലിപ്പറമ്പിൽ, ജിനു ഗിരിജൻ, കെ.വി. സിബി, കെ.വി. സിനോയ്, ബൂത്ത് ജനറൽ സെക്രട്ടറി രതീഷ് തച്ചിലത്ത് എന്നിവർ നേതൃത്വം നൽകി.

അഖിലേന്ത്യാ സർവ്വീസസ് മീറ്റിൽ ട്രിപ്പിൽ ജമ്പിൽ ഗോൾഡ് മെഡൽ നേടി സെബാസ്റ്റ്യൻ

ഇരിങ്ങാലക്കുട : അഖിലേന്ത്യാ സർവ്വീസസ് മീറ്റിൽ പത്തു വർഷത്തിനു ശേഷം കരസേനയ്ക്ക് ആദ്യമായി ട്രിപ്പിൽ ജമ്പിൽ ഗോൾഡ് മെഡൽ (16.37 മീറ്റർ) നേടിക്കൊടുത്ത് വെള്ളാനി സ്വദേശി സെബാസ്റ്റ്യൻ.

രണ്ടാഴ്ച മുൻപാണ് സെബാസ്റ്റ്യൻ മദ്രാസ് റെജിമെന്റിൽ ഹവിൽദാർ ആയി ചേർന്നത്.

നിലവിൽ ജെ.എസ്.ഡബ്ലിയു. സ്പോർട്ട്സ് അക്കാദമി ബെല്ലാരിയിൽ പരിശീലനം തുടരുന്ന വടക്കേത്തല ഷിബുവിന്റെ മകൻ സെബാസ്റ്റ്യൻ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിലെ എം.എ. വിദ്യാർഥി കൂടിയാണ്.

പലവട്ടം നാഷണൽ മെഡലുകൾ നേടിയ താരം വളർന്നത്, ആദ്യം പിതാവായ ഷിബുവിനു കീഴിലും പിന്നീട് ദ്രോണാചാര്യ ടി.പി. ഔസേഫിനു കീഴിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിലെ പരിശീലനത്തിലൂടെയുമാണ്.

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ

ഇരിങ്ങാലക്കുട : എടക്കുളം സ്വദേശി കുന്നപ്പിള്ളി വീട്ടിൽ വിബിനെ(26) ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികളായ പൂമംഗലം എടക്കുളം ചൂരക്കാട്ടുപടി സ്വദേശികളായ ഈശ്വരമംഗലത്ത് വീട്ടിൽ അഖിനേഷ് (27), പുത്തൻവീട്ടിൽ അസ്മിൻ (29) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

വിബിന്റെ സുഹൃത്തായ ശരവണൻ അഖിനേഷുമായി മുമ്പ് തർക്കത്തിലേർട്ടപ്പോൾ വിബിൻ ഇടപ്പെട്ടതിലുള്ള വൈരാഗ്യത്താൽ എടക്കുളത്തുള്ള വിബിന്റെ വീടിന് സമീപം റോഡിൽ വച്ച് വിബിനും സുഹൃത്തും സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു.

അഖിനേഷ് കാട്ടൂർ, ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധികളിലായി കൊലപാതകം, വധശ്രമം, അയുധം കൈവശം വയ്ക്കൽ, സ്ഫോടക വസ്തു കൈവശം വയ്ക്കൽ, മയക്കുമരുന്ന് കച്ചവടം, അടിപിടി എന്നിങ്ങനെയുള്ള ഏഴ് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.

അസ്മിൻ പോക്സോ, അടിപിടി, മയക്കു മരുന്ന് ഉപയോഗം എന്നിങ്ങനെയുള്ള ആറ് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.

കാട്ടൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആർ. ബൈജു, എസ്ഐ ബാബു, ജി.എസ്.ഐ.മാരായ നൗഷാദ്, ഫ്രാൻസിസ്, മിനി, ജി.എസ്.സി.പി.ഒ. മുഹമ്മദ് ഷൗക്കർ, സിജു, സിപിഒ ദീക്ഷീത് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

നിര്യാതയായി

കുറുമ്പ

ഇരിങ്ങാലക്കുട : നടവരമ്പ് അംബേദ്ക്കർ ഗ്രാമത്തിൽ പരേതനായ ചെറുപറമ്പിൽ മാണിക്യൻ ഭാര്യ കുറുമ്പ (98) നിര്യാതയായി.

സംസ്കാരം നടത്തി.

മക്കൾ : രമണി, പത്മിനി, പരേതയായ ബീന

അപകടം പതിയിരിക്കുന്ന കോമ്പാറ ജംഗ്ഷൻ

ഇരിങ്ങാലക്കുട : കാടും പടലും കാഴ്ച്ച മറയ്ക്കുന്ന കോമ്പാറ ജംഗ്ഷൻ വാഹന യാത്രക്കാരുടെ ജീവന് ഭീഷണിയായി കൊണ്ടിരിക്കുകയാണ്.

ആക്സിഡൻ്റ് സോൺ ഏരിയയായ കോമ്പാറ ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറോട്ടുള്ള റോഡാണ് അധികൃതരുടെ അശ്രദ്ധയിൽ കാടുകയറി കിടക്കുന്നത്. 

വാഹനങ്ങൾക്ക് പടിഞ്ഞാറ് ഭാഗത്തെ റോഡിൽനിന്ന് സംസ്ഥാനപാതയിലേക്ക് കയറണമെങ്കിൽ വലതുവശത്ത് നിന്ന് വരുന്ന വാഹനങ്ങൾ കാണാൻ കഴിയില്ല എന്നതാണ് 

ഏറെ അപകടകരം. 

സംസ്ഥാനപാത മുതൽ പടിഞ്ഞാറോട്ടുള്ള റോഡിൽ ഒരാളേക്കാൾ പൊക്കത്തിൽ പുല്ല് വളർന്ന് നിൽക്കുന്നതിനാൽ എതിരെ വരുന്ന വാഹനങ്ങൾ കാണാൻ പോലും കഴിയാത്ത അവസ്ഥയാണ് ഡ്രൈവർമാർക്ക്.

ഇതേ രീതിയിൽ സംസ്ഥാനപാതയുടെ പടിഞ്ഞാറ് ഭാഗവും ഉയരത്തിൽ പുല്ല് വളർന്ന് റോഡിലേക്ക് ചാഞ്ഞു നിൽക്കുകയാണ്.

ബന്ധപ്പെട്ട അധികൃതർക്ക് പലപ്രാവശ്യം പരാതി നൽകിയെങ്കിലും നടപടിയൊന്നും ആയില്ല. അപകടങ്ങൾ ഉണ്ടാകാനും നിരപരാധികളുടെ ജീവൻ പൊലിയാനും കാത്തിരിക്കുകയാണോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

ചെമ്മണ്ടയിൽ എസ്.എൻ.ഡി.പി. ശാഖയുടെ ജയന്തി ആഘോഷം

ഇരിങ്ങാലക്കുട : ചെമ്മണ്ടയിൽ എസ്.എൻ.ഡി.പി. ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുജയന്തി ആഘോഷം സംഘടിപ്പിച്ചു.

രാവിലെ പ്രത്യേക ഗുരുപൂജ, പ്രാർത്ഥന, പുഷ്പാർച്ചന, പ്രസാദവിതരണം എന്നിവ നടന്നു.

യൂണിയൻ പ്രതിനിധി കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു.

സെക്രട്ടറി രാമചന്ദ്രൻ കോവിൽപറമ്പിൽ സ്വാഗതം പറഞ്ഞു.  

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുനിൽ മാലാന്ത്ര പതാക ഉയർത്തി.

സാജൻ തച്ചറാട്ടിൽ, അരുണൻ നെല്ലിശ്ശേരി, ലത ബാബു, ഗിരിജൻ നെല്ലിശ്ശേരി, ജുബീഷ് ചുള്ളിപ്പറമ്പിൽ, അനിത, എൻ.പി. സലീഷ്, സുനിൽ പുതുശ്ശേരി എന്നിവർ പ്രസംഗിച്ചു.

കത്തിഡ്രൽ കത്തോലിക്ക കോൺഗ്രസ് ഓണാഘോഷം

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസ് നടത്തിയ ഓണാഘോഷ ഘോഷയാത്ര കത്തീഡ്രൽ വികാരി റവ. ഡോ. ഫാ. ലാസർ കുറ്റിക്കാടൻ, ഓണാഘോഷ കമ്മറ്റി ജനറൽ കൺവീനർ വർക്കി തെക്കേത്തലയ്ക്ക് ഫ്ലാഗ് കൈമാറി ഉദ്ഘാടനം ചെയ്തു.

കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് സാബു കൂനൻ അധ്യക്ഷത വഹിച്ചു.

സമ്മേളനത്തിൽ ട്രസ്റ്റി പി.ടി. ജോർജ്ജ്, കേന്ദ്രസമിതി പ്രസിഡന്റ് ജോബി അക്കരക്കാരൻ, കത്തോലിക്ക കോൺഗ്രസ് സെക്രട്ടറി റോബി കാളിയങ്കര, ട്രഷറർ ഡേവിസ് ചക്കാലക്കൽ, ജോയിൻ്റ് സെക്രട്ടറി വർഗ്ഗീസ് ജോൺ, വൈസ് പ്രസിഡന്റുമാരായ ഷാജു കണ്ടംകുളത്തി, ബീന രാജേഷ്, രൂപത കൗൺസിലർമാരായ ടെൽസൺ കോട്ടോളി, മിനി കാളിയങ്കര, ജോയിൻ്റ് കൺവീനർമാരായ ജയ ജോസഫ്, ജോഷി എടത്തിരുത്തിക്കാരൻ, മാവേലി ബാബു ആന്റണി എന്നിവർ പ്രസംഗിച്ചു.

തുടർന്ന് വിവിധ മത്സരങ്ങളും സ്നേഹവിരുന്നും ഉണ്ടായിരുന്നു.

നിര്യാതനായി

നിഖിൽ

ഇരിങ്ങാലക്കുട : പുല്ലൂർ അമ്പലനട നാരാട്ടിൽ വീട്ടിൽ രാജപ്പൻ മകൻ നിഖിൽ (35) നിര്യാതനായി.

സംസ്കാരം സെപ്റ്റംബർ 7 (ഞായറാഴ്ച) രാവിലെ 10 മണിക്ക് മുക്തിസ്ഥാനിൽ.

അമ്മ : ഷൈല

ഭാര്യ : ഗായത്രി(നഴ്സ്, മെറീന ആശുപത്രി ഇരിങ്ങാലക്കുട)

മകൻ : അനിരുദ്

മതവിജ്ഞാന സദസ്സും നബിദിനാഘോഷവും നടത്തി

ഇരിങ്ങാലക്കുട : കടലായി മഹല്ല് നബിദിനാഘോഷ സ്വാഗത സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ മതവിജ്ഞാന സദസ്സും നബിദിനാഘോഷവും നടത്തി.

ആഘോഷത്തോടനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനം മഹല്ല് ലത്തീബ് എം.എ. ഫാജിഷ് അസ്ഹരി ഉദ്ഘാടനം ചെയ്തു.

സ്വാഗതസംഘം ചെയർമാൻ സി.യു. ഇസ്മായിൽ അധ്യക്ഷത വഹിച്ചു.