ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ ഗവേഷക സംഘം നടത്തിയ പഠനത്തിൽ കേരളത്തിലെ പശ്ചിമഘട്ടത്തിലെ വനപ്രദേശങ്ങളിൽ നിന്നും രണ്ട് പുതിയ കുഴിയാന വലച്ചിറകന്മാരെ കണ്ടെത്തി.
മിർമെലിയോണ്ടിഡേ കുടുംബത്തിൽപ്പെടുന്ന ഇവ ന്യൂറോപ്ടെറ ഓർഡറിലാണ് ഉൾപ്പെടുന്നത്.
പാലക്കാട് ജില്ലയിലെ സൈരന്ധ്രി, ശിരുവാണി വനപ്രദേശങ്ങളും ഇടുക്കിയിലെ പാമ്പാടുംചോല ദേശീയോദ്യാന പ്രദേശങ്ങളിൽ നിന്നുമാണ് ഇൻഡോഫാനസ് കേരളെൻസിസ് എന്ന കുഴിയാന വലച്ചിറകനെ കണ്ടെത്തിയത്. കേരളത്തിന്റെ പേരിലാണ് ജീവജാതിക്ക് പേര് നൽകിയത്.
ശിരുവാണി (പാലക്കാട്), പക്ഷിപാതളം, തിരുനെല്ലി (വയനാട്), റാണിപുരം (കാസർഗോഡ്) എന്നീ വനപ്രദേശങ്ങളിൽ നിന്നാണ് മറ്റൊരു ജീവജാതിയെ, ഇൻഡോഫാനസ് സാഹ്യാദ്രിയെൻസിസ് കണ്ടെത്തിയത്. ‘സാഹ്യാദ്രി’ എന്നറിയപ്പെടുന്ന പശ്ചിമഘട്ടത്തിനാണ് ഈ പേരിൽ ആദരം അർപ്പിച്ചിരിക്കുന്നത്.
ഇൻഡോഫാനസ് ജനുസ്സ് ചൈന, ഇന്ത്യ, നേപ്പാൾ, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ലോകമെമ്പാടും മുമ്പ് ഒമ്പത് ജീവജാതികളാണ് ഉണ്ടായിരുന്നത്; ഈ കണ്ടെത്തലോടെ അത് പതിനൊന്നായി ഉയർന്നിരിക്കുന്നു.
ഇന്ത്യയിൽ ഇപ്പോൾ ഇൻഡോഫാനസ് ജീവജാതികളുടെ എണ്ണം അഞ്ചായി, അതിൽ മൂന്ന് ജീവജാതികൾ കേരളത്തിൽ നിന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ കണ്ടെത്തലുകൾ അന്താരാഷ്ട്ര ശാസ്ത്രീയ ജേർണലായ “സൂടാക്‌സ”യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ക്രൈസ്റ്റ് കോളെജിലെ ഷഡ്പദ എന്റമോളജി റിസർച്ച് ലാബിലെ ഗവേഷകനും എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളെജിലെ അസിസ്റ്റൻ്റ് പ്രൊഫസറുമായ ഡോ. ടി.ബി. സൂര്യനാരായണൻ, ക്രൈസ്റ്റ് കോളെജിലെ അസിസ്റ്റൻ്റ് പ്രൊഫസറും എസ്.ഇ.ആർ.എൽ. മേധാവിയുമായ ഡോ. സി. ബിജോയ്, ഹംഗേറിയൻ ശാസ്ത്രജ്ഞൻ ഡോ. ലെവിൻഡി എബ്രഹാം എന്നിവരാണ് ഈ കണ്ടെത്തലിനു പിന്നിൽ പ്രവർത്തിച്ചത്.
“അക്കാദമിക് സ്ഥാപനങ്ങളും പ്രാദേശിക ജൈവ വൈവിധ്യ സർവേകളും, ഇന്ത്യയിലെ ജീവജാല പട്ടികയിലെ വിടവുകൾ നിറയ്ക്കുന്നതിൽ നിർണായകമാണ്. പ്രത്യേകിച്ച് വളരെ കുറച്ച് പഠിക്കപ്പെട്ട പ്രാണി വിഭാഗങ്ങൾക്ക്” – എന്നാണ് ഈ കണ്ടെത്തലിനെ പറ്റി ടി.ബി. സൂര്യനാരായണൻ സൂചിപ്പിച്ചത്.
പലപ്പോഴും കുഴിയാന വലച്ചിറകന്മാരെ സാധാരണക്കാർ തുമ്പികളുമായി തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ നീളം കൂടിയ, മുന്നോട്ടു നീണ്ടു നിൽക്കുന്ന സ്‌പർശനികളാണ് ഇവ സാധാരണ കാണപ്പെടുന്ന തുമ്പികളിൽ നിന്നും വ്യത്യസ്തപ്പെടാൻ ഉള്ള പ്രധാന കാരണം. ഇവ ന്യൂറോപ്ടെറ ഓർഡറിലാണ് ഉൾപ്പെടുന്നത്. ഇവ പൂർണ്ണരൂപാന്തരത്തിലൂടെയാണു വളരുന്നത്. അതേസമയം, ഇവയുമായി സാധാരണ തെറ്റിദ്ധരിക്കപ്പെടുന്ന തുമ്പികൾ ഒഡോനാറ്റ ഓർഡറിലാണ് ഉൾപ്പെടുന്നത്. തുമ്പികൾ അപൂർണ്ണ രൂപാന്തരത്തിലൂടെയാണ് വളരുന്നത്.” പല കുഴിയാന ലാർവകളും മണലിൽ കുഴികൾ ഉണ്ടാക്കി ഇര പിടിക്കുന്നതായി അറിയപ്പെടുന്നു. പക്ഷേ ഇൻഡോഫാനസ് ജനുസ്സിലെ ലാർവകൾ കുഴി നിർമിക്കാറില്ല. പകരം, മൃദുവായ മണ്ണിനടിയിൽ സൂര്യപ്രകാശം, കാറ്റ്, മഴ എന്നിവയിൽ നിന്ന് സംരക്ഷിതമായി ജീവിക്കുന്നു. മണ്ണിൻ്റെ പ്രതലത്തിലാണ് ഇവയുടെ ലാർവ കാണപ്പെടുന്നത്.
ഇതോടെ കേരളത്തിലെ കുഴിയാന വലച്ചിറകന്മാരുടെ ജീവജാതികളുടെ എണ്ണം 12 ആയും, ഇന്ത്യയിലെ മൊത്തം എണ്ണം 110 ആയും ഉയർന്നു.
കൗൺസിൽ ഫോർ സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഗവേഷണ ഗ്രാന്റ് ഉപയോഗിച്ചാണ് ഈ പഠനം നടത്തിയത്. ക്രൈസ്റ്റ് കോളെജിലെ ഷഡ്‌പദ എൻ്റമോളജി ഗവേഷണ കേന്ദ്രത്തിൽ (എസ്.ഇ.ആർ.എൽ.) ഇത്തരം ജീവികളുടെ ഗവേഷണത്തിന് പ്രത്യേക ഊന്നൽ നൽകുന്നുണ്ട്.