ഇരിങ്ങാലക്കുട : സാമൂഹിക സാംസ്കാരിക മേഖലകളിൽ തനത് ശൈലിയിൽ ഇടപെടുകയും സ്വമുദ്രകൾ പതിപ്പിക്കുകയും ചെയ്ത എ. അഗ്നിശർമ്മൻ്റെ സ്മരണാർത്ഥം ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബിൻ്റെ സംഘാടനത്തിൽ നടന്ന “ആഗ്നിക” അച്ഛൻ്റെ ഓർമ്മയ്ക്ക് മകൾ അർപ്പിച്ച തിലോദകമായി മാറിയത് ഏവരുടേയും ഹൃദയം കവർന്നു.
ദീർഘകാലം ക്ലബ്ബിന്റെ അധ്യക്ഷനായിരുന്ന അഗ്നിശർമ്മൻ വിടപറഞ്ഞ സെപ്തംബറിലാണ് വർഷംതോറും “ആഗ്നിക” ഒരുക്കിവരുന്നത്.
അഗ്നിശർമ്മന്റെ ജ്യേഷ്ഠസഹോദരൻ എ.സി. നമ്പൂതിരി രചിച്ച “ലക്ഷ്മണപുത്രി” കഥകളിയും, അതേ ആട്ടക്കഥയെ അവലംബമാക്കി അഗ്നിശർമ്മന്റെ മകളുടെ മകൻ ഹരി കപ്പിയൂരും, പത്നി നീരജയും ചിട്ടപ്പെടുത്തിയ ഭരതനാട്യവുമായിരുന്നു അരങ്ങിലെ മുഖ്യ ആകർഷണം.
ഒരാട്ടക്കഥയുടെ ആശയവും, സാഹിത്യവും കഥകളിക്കു പുറമേ ഭരതനാട്യത്തിൽ ഏകാഹാര്യരൂപത്തിൽ ചിട്ടപ്പെടുത്തി, സംഗീതസംവിധാനവും ആലപനവും ചെയ്ത് പുതിയ രംഗനിർമ്മിതിയായി അവതരിപ്പിച്ചത് കലാലോകത്ത് അത്യപൂർവ്വമാണെന്ന് പ്രമുഖ കലാനിരൂപകരായ വി. കലാധരൻ, കെ.ബി. രാജ് ആനന്ദ്, പ്രസിദ്ധ നർത്തകിമാരായ ശ്രീലക്ഷ്മി ഗോവർദ്ധനൻ, മീര നങ്ങ്യാർ എന്നിവർ രംഗകലാവലോകനത്തിൽ പരാമർശിച്ചു.
പാമ്പുംമേയ്ക്കാട് ജാതവേദൻ നമ്പൂതിരി അനുസ്മരണപ്രഭാഷണം നടത്തി.
‘കലാപ്രവർത്തനവും സാമൂഹ്യപ്രവർത്തനവും – വ്യക്തിജീവിതത്തിലെ പ്രധാന്യം ഇന്ന്’ എന്ന വിഷയത്തിൽ ശ്രീജിത്ത് നന്ദകുമാർ പ്രസംഗിച്ചു.
എൺപതുകളിൽ ക്ലബ്ബ് ആദ്യമായി ചിട്ടപ്പെടുത്തിയ ‘ലക്ഷ്മണപുത്രി’ ആട്ടക്കഥ 12 വർഷങ്ങൾക്കു മുമ്പ് പുതിയ കലാകാരന്മാരെ വെച്ച് വീണ്ടും സംവിധാനം ചെയ്ത് അവതരിപ്പിച്ചതിന്റെ പുനരാവിഷ്ക്കാരത്തിൽ
പ്രമുഖ കലാകാരന്മാർ പങ്കെടുത്തു.
ശ്രീരാമനായി കലാനിലയം മനോജ്, ലക്ഷ്മണനായി കലാമണ്ഡലം ഷണ്മുഖദാസ്, മേഘനാഥനായി കലാമണ്ഡലം പ്രദീപ്കുമാർ, സുലോചനയായി കലാമണ്ഡലം വിജയകുമാർ, ദൂതനായി കലാനിലയം സൂരജ് എന്നിവർ വേഷമിട്ടു.
കലാനിലയം രാജീവൻ, വേങ്ങേരി നാരായണൻ, ഹരിശങ്കർ കണ്ണമംഗലം എന്നിവർ വായ്പ്പാട്ടിലും, സദനം രാമകൃഷ്ണൻ ചെണ്ടയിലും, സദനം ദേവദാസൻ മദ്ദളത്തിലും ഗീതവാദ്യങ്ങളൊരുക്കി.
കലാമണ്ഡലം സുധീഷ് ചുട്ടി കുത്തിയ കളിക്ക് രംഗഭൂഷ ചമയമൊരുക്കി. അണിയറയിൽ ഊരകം നാരായണൻ നായർ, കലാമണ്ഡലം മനേഷ്, നാരായണൻകുട്ടി എന്നിവർ വേഷമൊരുക്കി.