ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ ദേശീയ ടേബിൾ ടെന്നീസ് ടൂർണമെൻ്റ് 1, 2, 3 തിയ്യതികളിൽ

ഇരിങ്ങാലക്കുട : കൗൺസിൽ ഫോർ ഇന്ത്യ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ സംഘടിപ്പിക്കുന്ന ദേശീയ ടേബിൾ ടെന്നീസ് ടൂർണമെൻ്റ് 1, 2, 3 തിയ്യതികളിലായി ഡോൺബോസ്കോ സെൻട്രൽ സ്കൂളിൽ വച്ച് സംഘടിപ്പിക്കുമെന്ന് സ്കൂൾ മാനേജർ ഫാ. ഇമ്മാനുവേൽ വട്ടക്കുന്നേൽ പത്രസമ്മേളനത്തിൽ അറിയിച്ചു.

മത്സരങ്ങൾ ദിവസവും രാവിലെ 8 മണിക്ക് ആരംഭിക്കും.

തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുന്ന ഔദ്യോഗിക ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും.

ഈ വർഷത്തെ ടൂർണ്ണമെൻ്റ് നമ്മുടെ രാജ്യത്തെയും യുണൈറ്റഡ് അറബ് എമിറേറ്റ്സിൻ്റെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച പ്രതിഭകളെ ഒരുമിപ്പിക്കുന്ന കായിക മഹോത്സവമാണ്.

വിജയികൾക്ക് സി.ഐ.എസ്.സി.യെ പ്രതിനിധീകരിച്ച് എസ്.ജി.എഫ്.ഐ. ദേശീയ സ്കൂൾ ഗെയിംസിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.

സി.ഐ.എസ്.സി. കേരള റീജിണൽ സ്പോർട്സ് കോർഡിനേറ്റർ ഫാ. ഷിനോ കളപ്പുരക്കൽ, പ്രിൻസിപ്പൽ ഫാ. ജിതിൻ മൈക്കിൾ, സ്പോർട്സ് കോർഡിനേറ്റർ ബിന്ദു ബാബു, പി.ടി.എ. പ്രസിഡൻ്റ് അഡ്വ. ഹോബി ജോളി, മുൻ പി.ടി.എ. പ്രസിഡൻ്റ് ശിവപ്രസാദ് ശ്രീധരൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

മാപ്രാണം ഹോളിക്രോസ് തീർത്ഥാടന ദൈവാലയത്തിൽ കുരിശുമുത്തപ്പന്റെ തിരുനാൾ 13നും 14നും

ഇരിങ്ങാലക്കുട : മാപ്രാണം ഹോളിക്രോസ് തീർത്ഥാടന ദൈവാലയത്തിലെ കുരിശുമുത്തപ്പന്റെ തിരുനാൾ സെപ്തംബർ 13, 14 തിയ്യതികളിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

സെപ്തംബർ 4ന് രാവിലെ 6.30ന് കോട്ടപ്പുറം രൂപത മെത്രാൻ റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിൽ കൊടിയേറ്റം നിർവഹിക്കും. തുടർന്ന് ലാറ്റിൻ റീത്തിൽ കുർബാനയും ഉണ്ടാകും.

അന്നേദിവസം മുതൽ 12 വരെ തിരുനാളിന്റെ നവനാൾ ആചരിക്കും.

തിരുനാൾ ആഘോഷത്തിന്റെ ഭാഗമായുള്ള പള്ളിയുടെയും ബഹുനില പന്തലുകളുടെയും സ്വിച്ച് ഓൺ കർമ്മം 12ന് വൈകീട്ട് 7 മണിക്ക് നടക്കും.

13ന് രാവിലെ കുർബാനയ്ക്കു ശേഷം തിരുഹൃദയപ്രദക്ഷിണവും തിരുസ്വരൂപങ്ങൾ എഴുന്നള്ളിച്ചു വയ്ക്കലും ഉണ്ടായിരിക്കും.

വൈകീട്ട് 7.30ന് പുഷ്പ കുരിശ് എഴുന്നള്ളിപ്പ് ആരംഭിക്കും.

തിരുനാൾ ദിനമായ 14ന് വൈകീട്ട് 3 മണിക്കുള്ള കുർബാനയെ തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം അരങ്ങേറും.

21ന് നടത്തുന്ന എട്ടാമിടത്തോടനുബന്ധിച്ച് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ സ്നേഹാഞ്ജലി ഹാളിൽ കുരിശുമുത്തപ്പന്റെ നേർച്ച ഊട്ട് ഉണ്ടായിരിക്കും.

15ന് രാത്രി 7 മണിക്ക് “എൻ്റെ പിഴ” എന്ന നാടകവും 21ന് രാത്രി 7 മണിക്ക് മെഗാഷോയും ഉണ്ടായിരിക്കും.

വികാരി റവ. ഫാ. ജോണി മേനാച്ചേരി, ജനറൽ കൺവീനർ ജോൺ പള്ളിത്തറ, പബ്ലിസിറ്റി കൺവീനർ സെബി കള്ളാപറമ്പിൽ, അസിസ്റ്റൻ്റ് വികാരി ഫാ. ഡിക്സൺ കാഞ്ഞൂക്കാരൻ, കൈക്കാരന്മാരായ ആന്റണി കള്ളാപറമ്പിൽ, പോളി പള്ളായി, ബിജു തെക്കേത്തല എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

കാലിക്കറ്റ് സർവ്വകലാശാലയുടെ കായിക കിരീടം ഒൻപതാം തവണയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിന്

ഇരിങ്ങാലക്കുട : കാലിക്കറ്റ് സർവ്വകലാശാലയുടെ കായിക കിരീടം ഈ വർഷവും സ്വന്തമാക്കി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ്.

തുടർച്ചയായി ഒൻപതാം തവണയാണ് ക്രൈസ്റ്റ് കോളെജ് കായിക മികവിൻ്റെ ഈ കിരീടം സ്വന്തമാക്കുന്നത്. 2981 പോയിൻ്റുകൾ നേടി വ്യക്തമായ അധിപത്യത്തിലൂടെയാണ് ക്രൈസ്റ്റ് കോളെജ് ഒന്നാമതെത്തിയത്.

പുരുഷ, വനിതാ വിഭാഗങ്ങളിൽ ഒന്നാമതെത്തിയതും ക്രൈസ്റ്റ് കോളെജ് തന്നെയാണ്.

ആരോഗ്യമുള്ള ഒരു യുവതയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കോളെജ് മാനേജ്മെൻ്റിൻ്റെയും പരിശീലകരുടെയും വിദ്യാർഥികളുടെയും ഒത്തൊരുമിച്ചുള്ള പരിശ്രമമാണ് ക്രൈസ്റ്റ് കോളെജിനെ കായിക രംഗത്ത് തുടർച്ചയായി ഒന്നാം സ്ഥാനത്ത് നിലനിർത്തുന്നതെന്ന് പ്രിൻസിപ്പൽ ഡോ. ജോളി ആൻഡ്രൂസ് പറഞ്ഞു.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കായികരംഗത്ത് തുല്യപ്രാധാന്യത്തോടെ നൽകുന്ന പരിശീലനമാണ് ഇരുവിഭാഗങ്ങളും മികച്ച് നിൽക്കാൻ ക്രൈസ്റ്റിനെ സഹായിക്കുന്നതെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.

കാലിക്കറ്റ് സർവ്വകലാശാല ആസ്ഥാനത്ത് നടന്ന പരിപാടിയിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാനിൽ നിന്നും കോളെജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിലും അധ്യാപകരും വിദ്യാർഥികളും ചേർന്ന് കിരീടം ഏറ്റുവാങ്ങി.