ഓൺലൈൻ ഷെയർ ട്രേഡിംഗ് : കല്ലേറ്റുംകര സ്വദേശിയിൽ നിന്ന് ഒരു കോടിയിലധികം രൂപ തട്ടിയ പ്രതിയെ കോയമ്പത്തൂരിൽ നിന്നും പിടികൂടി

ഇരിങ്ങാലക്കുട : ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പിലൂടെ കല്ലേറ്റുംകര സ്വദേശിയിൽ നിന്ന് ഒരു കോടിയിലധികം രൂപ തട്ടിയ സംഘത്തിലെ കോയമ്പത്തൂർ മരുതം നഗർ സ്വദേശി എസ്. സഞ്ജയ് (26) എന്നയാളെ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള റൂറൽ സൈബർ പൊലീസ് സംഘം കോയമ്പത്തൂരിൽ നിന്നും പിടികൂടി.

കല്ലേറ്റുംകര സ്വദേശിയായ പരാതിക്കാരൻ ട്രേഡിങ്ങിനെ സംബന്ധിച്ച് ഗൂഗിളിൽ സർച്ച് ചെയ്തപ്പോൾ കണ്ട ഉയർന്ന ലാഭവിഹിതം തരുന്ന ഒരു പരസ്യത്തിൽ ഉണ്ടായിരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്നാണ് തട്ടിപ്പിൻ്റെ തുടക്കം.

ലിങ്കിൽ ക്ലിക്ക് ചെയ്ത ഉടൻ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയും ഈ ഗ്രൂപ്പിലൂടെയും വിവിധ മൊബൈൽ നമ്പറുകളിലൂടെയും വിളിച്ച് ഐപിഒ സ്റ്റോക്ക് ട്രേഡിങ്ങിലൂടെ വൻ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് ട്രേഡിങ് നടത്തുന്നതിന് വേണ്ടി ഫൈവ് പിസിഎൽ03 എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിച്ച് ട്രേഡിങ് നടത്തിച്ച് ജനുവരി 8 മുതൽ ഫെബ്രുവരി 14 വരെയുള്ള കാലയളവിൽ കല്ലേറ്റുംകര സ്വദേശിയുടെ ചാലക്കുടിയിലുള്ള ബാങ്ക് അക്കൗണ്ടിൽ നിന്നും പല തവണകളായി 1,06,75,000 രൂപ ഇൻവെസ്റ്റ് ചെയ്യിപ്പിക്കുകയായിരുന്നു.

ഇൻവെസ്റ്റ് ചെയ്ത പണത്തിൻ്റെ ലാഭവിഹിതം പിൻവലിക്കാനായി ശ്രമിച്ചപ്പോൾ സർവീസ് ചാർജ് ഇനത്തിൽ വീണ്ടും പണം ആവശ്യപ്പെട്ടു.

നിക്ഷേപിച്ച പണം തിരികെ ലഭിക്കാതായപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലാക്കി പരാതി നൽകിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പരാതിക്കാരനിൽ നിന്നും തട്ടിയെടുത്ത പണത്തിൽ നിന്നും 21,52,000 രൂപ സ്വന്തം അക്കൗണ്ടിലേക്ക് അയച്ച് വാങ്ങി പ്രതികൾക്ക് എടുത്തുനൽകി കമ്മീഷൻ കൈപ്പറ്റിയതിനാണ് സഞ്ജയിനെ അറസ്റ്റ് ചെയ്തത്.

സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.എസ്. സുജിത്ത്, സബ്ബ് ഇൻസ്പെക്ടർ ജെസ്റ്റിൻ വർഗ്ഗീസ്, സിവിൽ പൊലീസ് ഓഫീസർ ശ്രീയേഷ്, ടെലി കമ്മ്യൂണിക്കേഷൻ സിവിൽ പൊലീസ് ഓഫീസർ ടി.പി. ശ്രീനാഥ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

എം.ഇ.എസ്. ഓണം സൗഹൃദ സദസ്സ് നടത്തി

ഇരിങ്ങാലക്കുട : എം.ഇ.എസ്. മുകുന്ദപുരം താലൂക്ക് കമ്മിറ്റി വെളിച്ചം അഗതി മന്ദിരത്തിൽ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു.

സദസ്സ് ടി.കെ. ഗീത ഉദ്ഘാടനം നിർവഹിച്ചു.

പ്രസിഡന്റ്‌ ബഷീർ തോപ്പിൽ അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർ ബീന ശിവദാസൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൽസി പോൾ, എം.ഇ.എസ്. ജില്ല പ്രസിഡന്റ്‌ മുഹമ്മദ്‌ ഷമീർ, സെക്രട്ടറി അബ്ദുൽ ജമാൽ, സലിം അറക്കൽ, മുഷ്ത്താക് മൊയ്‌ദീൻ, ബാബു വേടിയിൽ, അബ്ദുൽ നിസാർ, ഷാഹിം ഷാഹുൽ, ബാബു സുരാജ്, അബ്ദുൽ സലാം, അബ്ദുൽ ഹാജി, ഹുസൈൻ ഹാജി എന്നിവർ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട ഹിൽപാർക്ക് ഇനി മാലിന്യമുക്തം : ബയോമൈനിംഗ് ലഗസി ഡബ്‌സൈറ്റ് റെമഡിയേഷൻ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : നഗരസഭ 32-ാം വാർഡിലെ ബയോമൈനിങ് ലഗസി ഡബ്സൈറ്റ് റെമഡിയേഷൻ പ്രവൃത്തിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവഹിച്ചു.

ഹിൽപാർക്കിൽ വർഷങ്ങളായി നിക്ഷേപിക്കപ്പെട്ടിട്ടുള്ള പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ലെഗസി മാലിന്യങ്ങൾ സ്വച്ച് ഭാരത് മിഷൻ 2.0യിൽ ഉൾപ്പെടുത്തി 1 കോടി 8 ലക്ഷം രൂപ ഉപയോഗിച്ചാണ് ബയോമൈനിങ് എന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് വിവിധതരത്തിലുള്ള അജൈവമാലിന്യങ്ങളെ വേർതിരിച്ച് പുന:ചംക്രമണത്തിന് വിധേയമാക്കുകയും 100% മാലിന്യമുക്തമാക്കി സ്ഥലം ഉപയോഗയോഗ്യമാക്കി തിരിച്ചെടുക്കുകയും ചെയ്യുന്ന പ്രവർത്തിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

നഗരസഭ എൻജിനീയർ ആർ. സന്തോഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജെയ്സൺ പാറേക്കാടൻ, ഫെനി എബിൻ വെള്ളാനിക്കാരൻ, അംബിക പള്ളിപ്പുറത്ത്, കൗൺസിലർമാരായ സോണിയ ഗിരി, അഡ്വ. കെ.ആർ. വിജയ, നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക്, പ്രോഗ്രാം ഓഫീസർ രജനീഷ് രാജൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി സ്വാഗതവും ക്ലീൻ സിറ്റി മാനേജർ എസ്. ബേബി നന്ദിയും പറഞ്ഞു.

വല്ലച്ചിറ ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണങ്ങൾ മോഷ്ടിച്ച മുൻ പൂജാരിയെ വയനാട് നിന്നും അറസ്റ്റ് ചെയ്തു

ഇരിങ്ങാലക്കുട : വല്ലച്ചിറയിലുള്ള തെട്ടിപറമ്പിൽ ഭഗവതി കുടുംബ ക്ഷേത്രത്തിലെ ശ്രീകോവിലിലെ പ്രതിഷ്ഠയിൽ ധരിപ്പിച്ചിരുന്ന 20ഗ്രാം തൂക്കം വരുന്ന സ്വർണ്ണ തിരുവാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ക്ഷേത്രത്തിലെ മുൻ പൂജാരി വയനാട് കൃഷ്ണഗിരി സ്വദേശി പട്ടാശ്ശേരി വീട്ടിൽ ബിപിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു.

ആഗസ്റ്റ് 5ന് പുലർച്ചെ ഇപ്പോഴത്തെ പൂജാരി ക്ഷേത്രം തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്.

മോഷണ ശേഷം ശ്രീകോവിലിന്റെ വാതിലുകളിലും പടികളിലും പരിസരങ്ങളിലും മഞ്ഞൾ പൊടി വിതറിയാണ് മോഷ്ടാവ് രക്ഷപ്പെട്ടത്.

പൊലീസ് നടത്തിയ അന്വേഷണത്തിൽ ശ്രീകോവിലിന്റെ പൂട്ടു പൊളിക്കാതെ താക്കോൽ ഉപയോഗിച്ചു തുറന്നാണ് മോഷണം നടത്തിയിക്കുന്നതെന്നും ക്ഷേത്രത്തെക്കുറിച്ച് വ്യക്തമായി അറിയാവുന്നവരാണ് മോഷണം നടത്തിയതെന്നും മനസിലാക്കിയിരുന്നു.

ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം വയനാട്ടിലെത്തിയ പ്രത്യേക അന്വേഷണ സംഘം മീനങ്ങാടി പൊലീസിന്റെ കൂടി സഹായത്തോടെയാണ് മീനങ്ങാടിയിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

ഇരിങ്ങാലക്കുട ഡിവൈഎസ്പി സി.എൽ. ഷാജി, മുൻ ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷ്, ചേർപ്പ് എസ്എച്ച്ഒ എം.എസ്. ഷാജൻ, എസ്ഐ-മാരായ കെ.എസ്. സുബിന്ത്, സജിപാൽ, എഎസ്ഐ ജോയ് തോമസ്, സീനിയർ സിപിഒ-മാരായ ഇ.എസ്. ജീവൻ, സിൻ്റി, ജിയോ, ഇ.എച്ച്. ആരിഫ്, ടി.ബി. അനീഷ്, സിപിഒ കെ.എസ്. ഉമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

യുവതിയെ പിന്തുടർന്ന് ശല്യം ചെയ്ത് മാനഹാനി വരുത്തിയ പിടികിട്ടാപ്പുള്ളി പിടിയിൽ

ഇരിങ്ങാലക്കുട : യുവതിയുമായി വാട്‌സാപ്പിലൂടെ സൗഹൃദം സ്ഥാപിച്ച് യുവതി പ്രതിയുമായി നടത്തിയ ചാറ്റുകൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും നിരന്തരം പിന്തുടർന്ന് ശല്യം ചെയ്ത് മാനഹാനി വരുത്തുകയും ചെയ്ത കേസിൽ പ്രതിയായ എറണാകുളം സൗത്ത് വാഴക്കുളം സ്വദേശി മാടവന വീട്ടിൽ സിറാജിനെ (26) തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ സൈബർ സംഘം എറണാകുളത്തുനിന്നും അറസ്റ്റ് ചെയ്തു.

2022ലാണ് തൃശൂർ റൂറൽ സൈബർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുന്നത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടുന്നതിനായി കോടതി പിടികിട്ടാപ്പുള്ളി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വാറണ്ട് പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇരിങ്ങാലക്കുടയിലുള്ള റൂറൽ ജില്ലാ സൈബർ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.എസ്. സുജിത്ത്, സബ് ഇൻസ്പെക്ടർ അശോകൻ, അനീഷ്, ഷിബു വാസു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

ഠാണാ-ചന്തക്കുന്ന് ജംഗ്ഷൻ നിർമ്മാണ പ്രവൃത്തികളിൽ കെ.എസ്.ടി.പി.യുടെ നിരന്തര മേൽനോട്ടം വേണം : മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : ഠാണാ – ചന്തക്കുന്ന് ജംഗ്ഷൻ വികസനത്തിന്റെ ഭാഗമായ റോഡ് നിർമ്മാണത്തിൽ കെ.എസ്.ടി.പി.യുടെ ഭാഗത്തു നിന്ന് നിരന്തര മേൽനോട്ടം ഉറപ്പാക്കണമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു നിർദ്ദേശിച്ചു.

കെ.എസ്.ടി.പി. റോഡ് നിർമ്മാണത്തിലെ പുരോഗതി വിലയിരുത്തുന്നതിന് തൃശൂർ രാമനിലയത്തിൽ വിളിച്ചുചേർത്ത യോഗത്തിലാണ് മന്ത്രി ഉദ്യോഗസ്ഥരോട് ഇക്കാര്യം അറിയിച്ചത്.

ഠാണാ- ചന്തക്കുന്ന് റോഡ് വികസനമടക്കം തൃശൂർ – കൊടുങ്ങല്ലൂർ റോഡിൽ നടന്നുവരുന്ന മുഴുവൻ നിർമ്മാണ പ്രവൃത്തികളും ഫെബ്രുവരി 28ന് പൂർത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു.

ഠാണാ-ചന്തക്കുന്ന് റോഡിൽ ചാലക്കുടി ഭാഗത്തേക്കും മൂന്നുപീടിക ഭാഗത്തേക്കുമുള്ള റോഡ് നിർമാണത്തിന്റെ പുരോഗതി യോഗത്തിൽ വിലയിരുത്തി. ഈ ഭാഗങ്ങളിലെ ഡ്രൈനേജ് വർക്കുകൾ പുരോഗമിക്കുകയാണെന്നും 10 ദിവസം കൊണ്ട് നിർമ്മാണം പൂർത്തിയാകുമെന്നും പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഠാണാ- ചന്തക്കുന്ന് യൂട്ടിലിറ്റി ഷിഫ്റ്റിംഗ് പുരോഗമിക്കുകയാണ്. ഉടനെ ഇലക്ട്രിക് പോസ്റ്റുകൾ മാറ്റുന്നതിനുള്ള നടപടികൾ ആരംഭിക്കും. കെ.എസ്.ടി.പി. നിർമ്മാണത്തിൽ ഠാണാ ജംഗ്ഷൻ മുതൽ പൂതംകുളം വരെയുള്ള കാന നിർമാണത്തിൽ അപാകതകളൊന്നും സംഭവിച്ചിട്ടില്ല എന്നും കാനനിർമ്മാണം അവസാനിച്ച ശേഷം നടപ്പാത നിർമ്മാണം ആരംഭിക്കുമെന്നും കെ.എസ്.ടി.പി. ഉദ്യോഗസ്ഥർ പറഞ്ഞു.

പുത്തൻതോട് മുതൽ ആറാട്ടുപുഴ വരെയുള്ള റോഡ് ഒക്ടോബർ 5ന് തുറന്നു നൽകും.
കരുവന്നൂർ മുതൽ പൂതംകുളം വരെയുള്ള റോഡിൽ ഇട റോഡുകളുടെ ബാക്കി നിൽക്കുന്ന നിർമ്മാണം ഉടനെ പൂർത്തീകരിക്കും.

ക്രൈസ്റ്റ് കോളെജ് ജംഗ്ഷനിൽ നിർമ്മാണം പൂർത്തീകരിക്കുന്നതിനു ള്ള ചെറിയ ഭാഗം സെപ്റ്റംബർ 30നുള്ളിൽ പൂർത്തീകരിക്കുന്നതിനും യോഗത്തിൽ തീരുമാനമായി.

സബ് കളക്ടർ അഖിൽ വി. മേനോൻ, കെ.എസ്.ടി.പി. എക്സിക്യൂട്ടീവ് എൻജിനീയർ റിജോ റിന്ന, കെ.എസ്.ടി.പി. ഉദ്യോഗസ്ഥർ, പൊലീസ്, ഗതാഗത വകുപ്പ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, നിർമ്മാണ കമ്പനി പ്രതിനിധികൾ, ബസ്സുടമകൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

സെൻ്റ് ജോസഫ്സ് കോളെജിൽ ഫിസിക്സ് വിഭാഗം ദേശീയ സെമിനാർ

ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്സ് കോളെജിലെ ഫിസിക്സ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ‘സൂപ്പർ കപ്പാസിറ്റേഴ്സ്’ എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു.

തിരുവനന്തപുരം സി.എസ്.ഐ.ആർ. – എൻ.ഐ.ഐ.എസ്.ടി.യിലെ സെൻ്റർ ഫോർ സസ്റ്റൈനബിൾ എനർജി ടെക്നോളജീസ് പ്രിൻസിപ്പൽ സയൻ്റിസ്റ്റായ ഡോ. ആർ.ബി. രാഖിയാണ് ക്ലാസ്സ് നയിച്ചത്.

കോളെജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി അധ്യക്ഷത വഹിച്ചു.

സൂപ്പർ കപ്പാസിറ്ററുകൾ എന്തെന്നും വരുംകാലത്ത് ശാസ്ത്രലോകത്തെ അവ എങ്ങനെ മാറ്റിമറിക്കുമെന്നും സെമിനാറിൽ ചർച്ച ചെയ്തു.

തുടർന്ന് ഫിസ്ക്സ് വിഭാഗം അസോസിയേഷൻ ‘സ്പെക്ട്ര’യുടെ ഉദ്ഘാടനവും ഡോ. ആർ.ബി. രാഖി നിർവഹിച്ചു.

ചടങ്ങിൽ വകുപ്പ് മേധാവി സി.എ. മധു, വിദ്യാർഥി പ്രതിനിധി ആൻമരിയ കെ. ജീൻ എന്നിവർ പ്രസംഗിച്ചു.

റോഡിലെ സൂചികകൾ വൃത്തിയാക്കി എൽ.ബി.എസ്.എം. സ്കൂൾ വിദ്യാർഥിനികൾ

ഇരിങ്ങാലക്കുട : പൊടിയും അഴുക്കും വള്ളിപടർപ്പുകളും പിടിച്ചു കാണാൻ പറ്റാത്ത തരത്തിൽ നിന്നിരുന്ന റോഡ് സൂചികകൾ വൃത്തിയാക്കി ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ ഗൈഡ്സ് വിദ്യാർഥിനികൾ.

ഹോളി ഫാമിലി എൽ.പി. സ്കൂളിന് മുമ്പിലെയും അവിട്ടത്തൂർ സെന്ററിലെയും സൂചികകൾ വിദ്യാർഥിനികൾ വൃത്തിയാക്കി.

പ്രിൻസിപ്പൽ ഡോ. എ.വി. രാജേഷ്, ഹെഡ്മാസ്റ്റർ മെജോ പോൾ, മാനേജർ എ. അജിത് കുമാർ, എ.സി. സുരേഷ്, കെ.കെ. കൃഷ്ണൻ നമ്പൂതിരി, ഗൈഡ്സ് ക്യാപ്റ്റൻ ടി.എൻ. പ്രസീത എന്നിവരും കുട്ടികൾക്കുള്ള നിർദ്ദേശങ്ങൾ നൽകി കുട്ടികൾക്കൊപ്പം കൂടി.

ക്രൈസ്റ്റ് കോളെജിൽ ടെക്നിക്കൽ കോൺക്ലേവ് 15 മുതൽ 17 വരെ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 15, 16, 17 തിയ്യതികളിലായി ടെക്നിക്കൽ കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് പത്രസമ്മേളനത്തിൽ അറിയിച്ചു.

തുടർച്ചയായി ഏഴാം വർഷവും കോളെജിൽ സംഘടിപ്പിക്കുന്ന ടെക്നിക്കൽ കോൺക്ലേവ് 15ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐഎഎസ് ഉദ്ഘാടനം ചെയ്യും.

കോൺക്ലേവിന്റെ ഭാഗമായി 15, 16 ദിവസങ്ങളിൽ സംഘടിപ്പിക്കുന്ന റോബോട്ടിക്സ് പ്രദർശനത്തിൽ സ്കൂൾ കോളെജ് വിദ്യാർഥികൾക്ക് പങ്കെടുക്കാം.

കോളെജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ, കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി കെ.കെ. പ്രിയങ്ക, സ്റ്റാഫ് കോർഡിനേറ്റർ തൗഫീഖ് അൻസാരി, വർഷ ഗണേഷ്, പി.എസ്. സൗമ്യ, സ്റ്റുഡൻ്റ്സ് കോർഡിനേറ്റർമാരായ നകുൽ, അലൻ, ആൻമരിയ, മേഘ, കൃഷ്ണപ്രസാദ് തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

പൊലീസ് മർദ്ദനത്തിനിരയായ സുജിത്തിന് നീതി നൽകുക : കാട്ടുങ്ങച്ചിറയിൽ കോൺഗ്രസ് പ്രതിഷേധം

ഇരിങ്ങാലക്കുട : കുന്നംകുളത്ത് പൊലീസ് സ്റ്റേഷനിൽ മൃഗീയ മർദ്ദനത്തിനിരയായി കേൾവിശക്തി നഷ്ടപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിന് നീതി ലഭ്യമാക്കുക, മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചുവിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇരിങ്ങാലക്കുട, പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ “സുജിത്തിന് നീതി ലഭ്യമാക്കി പൊലീസിലെ ക്രിമിനലുകളെ തുറങ്കിൽ അടയ്ക്കൂ” എന്ന മുദ്രാവാക്യം ഉയർത്തി കാട്ടുങ്ങച്ചിറയിൽ ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

കെപിസിസി മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു.

പൊറത്തിശ്ശേരി മണ്ഡലം പ്രസിഡന്റ് പി.കെ. ഭാസി അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് സി.എസ്. അബ്ദുൽ ഹഖ് സ്വാഗതം പറഞ്ഞു.

ഡിസിസി ജനറൽ സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സതീഷ് വിമലൻ, നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, മുൻ ബ്ലോക്ക് പ്രസിഡൻ്റ് ടി.വി. ചാർലി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ, ഐഎൻടിയുസി ബ്ലോക്ക്‌ പ്രസിഡന്റ് പി.ബി. സത്യൻ, മണ്ഡലം സെക്രട്ടറി കുര്യൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.